This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇളങ്കോ അടികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇളങ്കോ അടികള്‍

തമിഴ്‌ഭാഷയിലെ ശ്രഷ്‌ഠകാവ്യമായ ചിലപ്പതികാരത്തിന്റെ കര്‍ത്താവ്‌. സംഘകാലത്ത്‌ തമിഴ്‌ഭാഷയില്‍ എഴുതപ്പെട്ട അഞ്ചു മഹാകാവ്യങ്ങളില്‍-ഐംപെരുംകാപ്പിയങ്കളില്‍-പ്രഥമസ്ഥാനം ചിലപ്പതികാരത്തിനാണ്‌ ലഭിച്ചിരുന്നത്‌. ഈ കാവ്യം കൊണ്ട്‌ ഇളങ്കോ അടികള്‍ അനശ്വരനായ കവീശ്വരനായിതീര്‍ന്നു. എ.ഡി. രണ്ടാം ശതകത്തില്‍ ഇദ്ദേഹം ജീവിച്ചിരുന്നതായി വിശ്വസിച്ചുവരുന്നു.

ചേരനാട്‌ ഭരിച്ചിരുന്ന ചേരലാതന്‍ എന്ന രാജാവിന്റെ ഇളയ പുത്രനായിരുന്നു ഇളങ്കോ അടികള്‍; മൂത്ത പുത്രന്‍ ചെങ്കുട്ടുവനും. ഇളങ്കോ എന്നതിന്‌ ഇളയരാജാവ്‌ എന്നും അടികള്‍ എന്നതിന്‌ സ്വാമികള്‍ എന്നുമാണ്‌ അര്‍ഥം. ബാല്യകാലത്തുതന്നെ സന്ന്യാസം സ്വീകരിച്ചതുകൊണ്ടാണ്‌ ഇളയരാജസ്വാമികള്‍ അല്ലെങ്കില്‍ ഇളങ്കോ അടികള്‍ എന്ന ബഹുമാനപ്പേരില്‍ ഇദ്ദേഹം അറിയപ്പെട്ടുവന്നത്‌. സന്ന്യാസം സ്വീകരിക്കുന്നതിനു മുമ്പ്‌ ഇദ്ദേഹത്തിന്റെ പേര്‌ എന്തായിരുന്നുവെന്നറിയാന്‍ കഴിഞ്ഞിട്ടില്ല. ഇളങ്കോ അടികള്‍ സന്ന്യാസം സ്വീകരിച്ചതിനെപ്പറ്റിയുള്ള കഥ, ചിലപ്പതികാരത്തിന്‌ പ്രാമാണികമായ വ്യാഖ്യാനം രചിച്ച അടിയാര്‍ക്കുനല്ലാര്‍ വിവരിച്ചിട്ടുള്ളത്‌ ഇങ്ങനെയാണ്‌: ചേരലാതന്റെ പാദനിഴല്‍പറ്റി ചെങ്കുട്ടുവനും ഇളങ്കോയും ഇരിക്കുന്ന സമയത്ത്‌ ഒരു ഭാവിഫലപ്രവചനക്കാരന്‍ അവരുടെ സമീപത്തുവന്നു. രാജാവിന്റെയും പുത്രന്മാരുടെയും മുഖങ്ങള്‍ ശ്രദ്ധാപൂര്‍വം നോക്കിയശേഷം ഇളങ്കോയോട്‌ രാജാവായി വാഴാനുള്ള ലക്ഷണങ്ങളെല്ലാം നിന്നില്‍ തികഞ്ഞു കാണുന്നു എന്നു പറഞ്ഞു. ഇതു കേട്ടമാത്രയില്‍ രാജ്യാവകാശം സ്വാഭാവികമായി ലഭിക്കേണ്ട മൂത്തയാളായ ചെങ്കുട്ടുവന്‌ അതിരറ്റ മനോവേദനയും നിരാശയും ഉണ്ടായി. ഉടന്‍ തന്നെ ഇളങ്കോ തന്റെ ജ്യേഷ്‌ഠനു കിട്ടേണ്ട രാജ്യാവകാശം താന്‍ ഒരിക്കലും സ്വീകരിക്കുന്നില്ലെന്നു തീരുമാനിച്ചു. മണം വീശുന്ന മാല്യവും കൊടികെട്ടിയ തേരും ചതുരംഗസേനയും മറ്റു രാജചിഹ്നങ്ങളും ജ്യേഷ്‌ഠന്‌ ലഭിക്കുമാറ്‌ കൈവിട്ട്‌ സര്‍വസംഗപരിത്യാഗിയായിത്തീര്‍ന്ന ഇളങ്കോ തൃക്കണാമതിലകത്തുണ്ടായിരുന്ന ജൈനക്ഷേത്രത്തില്‍ വച്ച്‌ സന്ന്യാസം സ്വീകരിച്ച്‌ ശിഷ്‌ടകാല ജീവിതം നയിച്ചു. ഈ കഥയാണ്‌ ചിലപ്പതികാരത്തിന്റെ ആമുഖ(പതികത്തില്‍) "കുണവായില്‍ കോട്ടത്തു അരചു തുറന്തിരുന്തകുടക്കോചേരല്‍ ഇളങ്കോ അടികള്‍' (തൃക്കണാമതിലകത്ത്‌ രാജസ്ഥാനം കൈവെടിഞ്ഞിരുന്ന ഇളങ്കോ അടികള്‍) എന്നു സൂചിപ്പിച്ചിരിക്കുന്നത്‌. രാജപദവിയെയും ലൗകികസുഖഭോഗങ്ങളെയുംകാള്‍ നിത്യാനന്ദപ്രദമായ മോക്ഷസാമ്രാജ്യപ്രാപ്‌തിയാണ്‌ ഇദ്ദേഹത്തിനു ശ്രഷ്‌ഠമായി തോന്നിയത്‌.

ഇളങ്കോ അടികളുടെ ജീവിതകാലത്തു തന്നെയാണ്‌ ചിലപ്പതികാരത്തിന്റെ കഥയും നടന്നത്‌ എന്ന്‌ "പതിക'ത്തില്‍ പറഞ്ഞിരിക്കുന്നു. മധുരയിലെ കൂലവാണിയന്‍ ചാത്തനാറും ചെങ്കുട്ടുവനും ഇളങ്കോ അടികളും ഒരിക്കല്‍ സംസാരിച്ചുകൊണ്ടിരിക്കേ, രാജാവിനു കാഴ്‌ചവസ്‌തുക്കളുമായി വന്ന മലക്കുറവന്‍ ഇപ്രകാരം പറഞ്ഞു: ഈ നാട്ടില്‍ ഒരദ്‌ഭുതം നടന്നിരിക്കുന്നു. മലമേലുള്ള വേങ്ങമരച്ചുവട്ടില്‍ ഒരു മനോഹരി വന്നു ചേര്‍ന്നു. അപ്പോള്‍ വിച്ചില്‍നിന്ന്‌ ഒരു വിമാനം അവിടെ എത്തി. ദേവതയെപ്പോലെ അവള്‍ ആ വിമാനത്തില്‍ കയറി വിച്ചുപൂകി. അവള്‍ ആരോ? ഏതുനാട്ടുകാരിയോ? അറിഞ്ഞുകൂടാ. കുറവര്‍ കണ്ടത്‌ സതീരത്‌നമായ കച്ചകിയെയാണെന്ന്‌ മനസ്സിലാക്കിയ ചാത്തനാര്‍ കച്ചകിയുടെ കഥ വിസ്‌തരിച്ചുപറഞ്ഞു. കച്ചകിയുടെ കഥ ചെങ്കുട്ടുവനെയും ഇളങ്കോ അടികളെയും ഒരുപോലെ ആകര്‍ഷിച്ചു. "ചേരനാട്ടില്‍ വന്നു വാനു പൂകിയ' സതീരത്‌നത്തിനുവേണ്ടി ഒരു കോവില്‍പണിയാന്‍ ചെങ്കുട്ടുവന്‍ തീരുമാനിച്ചു. ഹിമാലയത്തില്‍ ചെന്ന്‌ ശിലയെടുത്ത്‌ ഗംഗാജലത്തില്‍ കഴുകി പവിത്രമാക്കി, ചേരരാജധാനിയായ തിരുവഞ്ചിക്കുളത്തു കൊണ്ടുവന്ന്‌ ക്ഷേത്രം പണിത്‌, പതിവ്രതാദേവിയെ (പത്തിനി കടവുള്‍) പ്രതിഷ്‌ഠിച്ചു. കലാവല്ലഭനായിരുന്ന ഇളങ്കോ അടികളാകട്ടെ കച്ചകിയുടെ കഥ കാവ്യമായി രചിക്കുവാന്‍ തീരുമാനിച്ചു. ചാത്തന്നാര്‍ ആ തീരുമാനത്തെ അഭിനന്ദിച്ചു. കച്ചകിയുടെ ചിലമ്പു കാരണമായ കഥ ചിലപ്പതികാരമെന്ന പേരില്‍ മഹാകാവ്യമായി ഇളങ്കോ അടികള്‍ രചിച്ചു. കച്ചകിയുടെ കഥയെ തുടര്‍ന്നുള്ള കഥ മണിമേഖല എന്ന പേരില്‍ ചാത്തനാര്‍ ഒരു മഹാകാവ്യമാക്കി. ചിലപ്പതികാരവും മണിമേഖലയും യുഗ്മകാവ്യങ്ങളായി കരുതിവരുന്നു. രചനാനന്തരം ഈ കാവ്യങ്ങള്‍ കവികള്‍ പരസ്‌പരം കാണിച്ചുവെന്ന്‌ രണ്ടു കാവ്യങ്ങളിലെയും പതികങ്ങളില്‍ പറഞ്ഞിരിക്കുന്നു. ഇളങ്കോ അടികള്‍ കാവ്യ, ഗാന, നാടകങ്ങളില്‍ (ഇയല്‍, ഇശൈ, നാടകം) അസാമാന്യമായ പാണ്ഡിത്യം സമ്പാദിച്ചിരുന്നുവെന്ന്‌ ചിലപ്പതികാരത്തില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയുന്നു. ഇയല്‍, ഇശൈ, നാടകം എന്നീ മൂന്നും ഒത്തിണങ്ങിയ സമ്പൂര്‍ണലക്ഷണത്തോടുകൂടിയ ഒരു "മുത്തമിഴ്‌' കാവ്യം തമിഴ്‌ ഭാഷയില്‍ ചിലപ്പതികാരം ഒന്നു മാത്രമാണ്‌.

ചോളരാജധാനിയായിരുന്ന കാവേരിപ്പൂംപട്ടണത്തില്‍ നടന്ന കഥ ചിലപ്പതികാരത്തിലെ ഒന്നാം ഭാഗമായ "പുകാര്‍ കാണ്ഡ'ത്തിലും പാണ്ഡ്യരാജധാനിയായിരുന്ന മധുരയില്‍ നടന്ന കഥ രണ്ടാംഭാഗമായ "മധുരൈകാണ്ഡ'ത്തിലും, ചേരരാജധാനിയായിരുന്ന തിരുവഞ്ചിക്കുളത്തു നടന്ന കഥ മൂന്നാം ഭാഗമായ "വഞ്ചികാണ്ഡ'ത്തിലും വിവരിക്കുന്നകവി, പ്രാചീന തമിഴകത്തിലെ "മൂവേന്ത'രുടെ ഭരണവും ആചാരങ്ങളും സംസ്‌കാരവും കലകളും കച്ചകിയുടെ കഥയാകുന്ന കച്ചിയില്‍ അതികമനീയമായി കോര്‍ത്തിണക്കിയിരിക്കുകയാണ്‌. പ്രാചീന തമിഴകത്തിലെ (ചേര, ചോള, പാണ്ഡ്യനാടുകള്‍) കലാസംസ്‌കാരസമന്വയത്തില്‍ ഇളങ്കോ അടികളുടെ കാവ്യം ചെലുത്തിയ സ്വാധീനത വമ്പിച്ചതാണ്‌. കേരളത്തിലെ (പ്രാചീന ചേരനാട്‌) നാടന്‍കലകളിലും നാടോടിപ്പാട്ടുകളിലും ചിലപ്പതികാരത്തിനുള്ള സ്വാധീനത ഇന്നും പ്രകടമാണ്‌. ഇളങ്കോ അടികള്‍ ചിലപ്പതികാരം അല്ലാതെ മറ്റേതെങ്കിലും കൃതി രചിച്ചിട്ടുണ്ടോ എന്ന്‌ അറിയാന്‍ കഴിഞ്ഞിട്ടില്ല. ഈ കൃതിയുടെ രചനാകാലം എ.ഡി എട്ടാം നൂറ്റാണ്ടാണെന്നും ഒരു പണ്ഡിത പക്ഷമുണ്ട്‌. നോ. ചിലപ്പതികാരം

(പ്രാഫ. അമ്പലത്തറ ഉച്ചിക്കൃഷ്‌ണന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍