This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇല്ലിനോയ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇല്ലിനോയ്‌

Illinois

യു.എസ്സിലെ ഒരു ഘടകസംസ്ഥാനം. 1818-ലാണ്‌ ഇല്ലിനോയിക്ക്‌ സ്റ്റേറ്റു പദവി ലഭിച്ചത്‌. ജനസംഖ്യാടിസ്ഥാനത്തില്‍ യു.എസ്സിലെ സംസ്ഥാനങ്ങള്‍ക്കിടയില്‍ അഞ്ചാംസ്ഥാനത്തു നില്‌ക്കുന്നു. വടക്കേ അമേരിക്കയിലെ "മധ്യ മഹാസമതല'ത്തിന്റെ ഭാഗമായ ഇല്ലിനോയ്‌ യു.എസ്സിലെ കാര്‍ഷികപ്രധാനമായ സംസ്ഥാനങ്ങളില്‍ ഒന്നാണ്‌. ഇതിന്റെ വടക്ക്‌ വിസ്‌കോണ്‍സിന്‍ സംസ്ഥാനവും കിഴക്ക്‌ മിഷിഗണ്‍ തടാകം, ഇന്ത്യാനാ സംസ്ഥാനം എന്നിവയും സ്ഥിതിചെയ്യുന്നു. ഇന്ത്യാനയുമായുള്ള അതിര്‍ത്തിയിലെ നല്ലൊരുഭാഗം വാബാഷ്‌ നദി ആണ്‌. ഇല്ലിനോയിയെയും തെക്കുകിഴക്ക്‌ കിടക്കുന്ന കെന്റക്കി സംസ്ഥാനത്തെയും ഒഹായോ നദി വേര്‍തിരിക്കുന്നു. പടിഞ്ഞാറും തെക്കുപടിഞ്ഞാറും അതിരുകള്‍ മിസ്സിസ്സിപ്പി നദിയാണ്‌. ഈ ഭാഗത്ത്‌ അയോവ, മിസൗറി എന്നിവയാണ്‌ അയല്‍സംസ്ഥാനങ്ങള്‍. ഷിക്കാഗോ, ജൂലിയറ്റ്‌, പിയോറിയ, റോക്ക്‌ഫോഡ്‌, ഡിക്കേറ്റര്‍ അറോറ, സ്‌പ്രിങ്‌ഫീല്‍ഡ്‌ എന്നിവയാണ്‌ പ്രമുഖനഗരങ്ങള്‍. യു.എസ്സിലെ 21-ാമത്തെ സ്റ്റേറ്റ്‌ ആയ ഇല്ലിനോയ്‌ വലുപ്പംകൊണ്ട്‌ 24-ാമത്തെ സ്ഥാനത്താണ്‌ നില്‌ക്കുന്നത്‌. വിസ്‌തീര്‍ണം: 1,46,076 ച.കി.മീ. തലസ്ഥാനം സ്‌പ്രിങ്‌ഫീല്‍ഡ്‌. ജനസംഖ്യ: 12,875,255 (2012)

ദക്ഷിണ ഷിക്കാഗോയിലെ ഒരു കപ്പല്‍ത്തോട്

ഭൂപ്രകൃതി. ഇല്ലിനോയിയുടെ തെക്കരിക്‌ ഒഴിച്ചുള്ള ഭാഗങ്ങളെല്ലാം തന്നെ പ്രയറിസമതലത്തില്‍പ്പെടുന്നു. ശരാശരി ഉയരം 180 മീ. വരും. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്നഭാഗം വടക്കുപടിഞ്ഞാറ്‌ അതിര്‍ത്തിയിലുള്ള ചാള്‍സ്‌ മൗണ്ട്‌ (378 മീ.) ആണ്‌. തെക്കരികിലെ കുന്നിന്‍നിരകളും അവയ്‌ക്കിടയിലെ താഴ്‌വാരങ്ങളും ചേര്‍ന്ന നിമ്‌നോന്നതപ്രദേശത്തെ ഏറ്റവും ഉയര്‍ന്ന സ്ഥാനം വില്യംസ്‌ഹില്‍ (315 മീ.) ആണ്‌.

ഇല്ലിനോയിയില്‍ രണ്ടു നദീവ്യൂഹങ്ങളില്‍പ്പെട്ട അഞ്ഞൂറോളം നീര്‍ച്ചാലുകള്‍ കാണാം. ഇവയില്‍ മിക്കതും മിസ്സിസ്സിപ്പിയുടെ പോഷകനദികളാണ്‌; ശേഷിക്കുന്നവ ഒഹോയ്‌, വാബാഷ്‌ നദികളുമായി ചേരുന്നു. സംസ്ഥാനത്തെ നദികളില്‍ മുഖ്യസ്ഥാനം ഇല്ലിനോയിനദിക്കാണ്‌. 69,750 ച.കി.മീ. പ്രദേശം ജലസിക്തമാക്കുന്ന ഈ നദിയുടെ നീളം 874 കി.മീ. ആണ്‌. വളരെ പരന്നൊഴുകുന്നതു നിമിത്തം ഈ നദി മാര്‍ഗമധ്യേ പിയോറിയ പോലുള്ള വിസ്‌തൃതങ്ങളായ തടാകങ്ങള്‍ സൃഷ്‌ടിക്കുന്നു. മിസ്സിസ്സിപ്പിയിലേക്കൊഴുകുന്ന മറ്റു പ്രധാന നദികള്‍ കസ്‌കാസ്‌കിയ, റോക്ക്‌ എന്നിവയാണ്‌. എംബരാസ്‌, ലിറ്റില്‍ വാബാഷ്‌, സലൈന്‍, കാഷെ എന്നിവയാണ്‌ ഒഹായോ-വാബാഷ്‌ വ്യൂഹത്തില്‍പ്പെടുന്ന പ്രധാന നദികള്‍. വടക്കുഭാഗത്തുള്ള ഷിക്കാഗോ നദി മുന്‍കാലത്ത്‌ മിഷിഗണ്‍ തടാകത്തില്‍ പതിച്ചിരുന്നതാണ്‌; ഇപ്പോള്‍ ഈ നദിയുടെ ഗതിമാറ്റി, മനുഷ്യനിര്‍മിതമായ കനാലിലൂടെ ഒഴുക്കി, മിസ്സിസ്സിപ്പിയുടെ പോഷകനദിയാക്കിത്തീര്‍ത്തിരിക്കുന്നു.

സംസ്ഥാനത്തെമ്പാടുമായി നിരവധി ഹിമാനീഭവതടാകങ്ങള്‍ ഉണ്ട്‌. ഹിമാനികളാല്‍ നിക്ഷിപ്‌തമായ ഉപരിപടലങ്ങള്‍ പൊടിഞ്ഞുണ്ടായ മച്ച്‌ പൊതുവേ ഫലഭൂയിഷ്‌ഠമാണ്‌. വെള്ളം വാര്‍ന്നുപോകുന്നതിന്‌ തികച്ചും പര്യാപ്‌തമായ അപവാഹക്രമം ഇല്ലിനോയിയുടെ കാര്‍ഷികപ്രാധാന്യത്തിനു നിദാനമായ പ്രധാന ഘടകമാണ്‌. നദീമാര്‍ഗങ്ങളുടെ ഇരുപുറവുമായി കാണപ്പെടുന്ന ലോയസ്‌ തിട്ടുകള്‍ ഫലവര്‍ഗങ്ങള്‍ വിളയിക്കുന്നതിന്‌ അത്യുത്തമമാണ്‌. മച്ചൊലിപ്പു തടയുന്നതിനും ഭൂവുപയോഗം ചിട്ടപ്പെടുത്തുന്നതിനും ശാസ്‌ത്രീയമായ സംവിധാനങ്ങള്‍ സംസ്ഥാനമൊട്ടാകെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

എബ്രഹാം ലിങ്കന്റെ സ്മാരകം: സ്പ്രീങ് ഫീല്‍ഡ്

കാലാവസ്ഥ. ഇല്ലിനോയിയില്‍ വന്‍കരാ(continental) കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. താപനില, ഈര്‍പ്പനില, മേഘാച്ഛാദനം, കാറ്റിന്റെ ഗതി എന്നിവയില്‍ ഇടയ്‌ക്കിടെയുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും ശരാശരി താപനിലയില്‍ ഋതുഭേദങ്ങള്‍ക്കനുസരിച്ചുണ്ടാകുന്ന വലുതായ അന്തരവും ഇല്ലിനോയിയിലെ കാലാവസ്ഥയുടെ സവിശേഷതകളായി ഗണിക്കാം. സാമാന്യമായ തോതില്‍ മഴ ലഭിക്കുന്നു. സംസ്ഥാനത്തിന്റെ വടക്കരികില്‍ ശൈത്യകാലത്ത്‌ മഞ്ഞു പെയ്യാറുണ്ട്‌. ഉഷ്‌ണകാലത്ത്‌ ഇടിമഴയും അത്യന്തം രൂക്ഷവും വിനാശകരവുമായ ചുഴലിക്കാറ്റുകളും (ടൊര്‍ണാഡോ) സാധാരണമാണ്‌.

സസ്യങ്ങളും ജന്തുക്കളും. പ്രയറി മാതൃകയിലുള്ള പുല്‍വര്‍ഗങ്ങളും ശുഷ്‌കപത്രപാതിവനങ്ങളും ഇടകലര്‍ന്നതായിരുന്നു ഇല്ലിനോയിയിലെ ആദ്യകാലസസ്യജാലം; മനുഷ്യോപഭോഗംമൂലം നൈസര്‍ഗികപ്രകൃതി പാടേ തുടച്ചുമാറ്റപ്പെട്ട സ്ഥിതിയാണ്‌ ഇന്നുള്ളത്‌. സംരക്ഷിതവനങ്ങള്‍ മൊത്തം വിസ്‌തീര്‍ണത്തിന്റെ 10 ശതമാനം മാത്രമേ ഉള്ളൂ. സംരക്ഷിതവനങ്ങളില്‍ മുയല്‍, മാന്‍, അച്ചാന്‍, മിങ്ക്‌, മസ്‌ക്‌, കുറുനരി, ബീവര്‍ എന്നീ വര്‍ഗങ്ങളില്‍പ്പെട്ട സവിശേഷയിനങ്ങളെ കാണാവുന്നതാണ്‌. നിരവധിയിനം പക്ഷിമൃഗാദികള്‍ ഈ സംസ്ഥാനത്തുണ്ട്‌. ഇല്ലിനോയിയിലെ നദികളും തടാകങ്ങളും സമൃദ്ധമായ മത്സ്യശേഖരത്തെ ഉള്‍ക്കൊള്ളുന്നു. മത്സ്യബന്ധനം സാമാന്യമായ തോതില്‍ നടന്നുവരുന്നു.

ചരിത്രം. യൂറോപ്യരുടെ ആഗമനത്തിന്‌ മുമ്പ്‌ ഇല്ലിനോയ്‌ പ്രദേശത്തെ അധിവസിച്ചിരുന്നത്‌ മൗണ്ട്‌ ബിന്‍ഡേര്‍ഡ്‌ എന്ന പേരില്‍ അറിയപ്പെട്ട അമേരിന്ത്യരായിരുന്നു. ഫ്രഞ്ച്‌ പര്യവേക്ഷകനായ ലൂയി ജോലിയറ്റ്‌ ആയിരുന്നു ഇവിടെയെത്തിയ ആദ്യത്തെ യൂറോപ്യന്‍ (1673). 1717-ലാണ്‌, ഇല്ലിനോയ്‌ ഫ്രഞ്ച്‌ കോളനിയായ ലൂസിയാനയുടെ ഭാഗമാകുന്നത്‌. വടക്കേ അമേരിക്കയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനായി ബ്രിട്ടനും ഫ്രാന്‍സും തമ്മില്‍ നടന്ന ഫ്രഞ്ച്‌ ആന്‍ഡ്‌ ഇന്ത്യന്‍ യുദ്ധം അവസാനിപ്പിച്ച പാരിസ്‌ ഉടമ്പടി പ്രകാരം 1763-ല്‍ ഇല്ലിനോയ്‌ ബ്രിട്ടന്റെ കൈവശം വന്നു. അമേരിക്കന്‍ സ്വാതന്ത്യ്രസമരത്തിനുശേഷം യു.എസ്‌. നിലവില്‍ വന്നപ്പോള്‍ ഇല്ലിനോയ്‌ പ്രദേശം യു.എസ്സിന്റെ ഭാഗമായി. 1818-ല്‍ ഇല്ലിനോയ്‌ യു.എസ്സിലെ 21-ാം സ്റ്റേറ്റായി നിലവില്‍വന്നു. സമ്പദ്‌വ്യവസ്ഥ. കാര്‍ഷികമേഖലയായ ഇല്ലിനോയിയില്‍ ഭക്ഷ്യധാന്യങ്ങള്‍ ധാരാളമായി കൃഷിചെയ്യുന്നു. ശീമച്ചോളമാണ്‌ പ്രധാനവിള. ഗോതമ്പ്‌, ഓട്‌സ്‌, റൈ, ബാര്‍ലി, സോയാതുവര, ഫലവര്‍ഗങ്ങള്‍, ഉളളി, മുള്ളങ്കി തുടങ്ങിയവയാണ്‌ മറ്റു വിളകള്‍. ആടുമാടുകള്‍, പന്നി, കോഴി, കുതിര എന്നീ വളര്‍ത്തുമൃഗങ്ങളും വന്‍തോതിലുണ്ട്‌. ക്ഷീരവ്യവസായം വളരെ അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. വിസ്‌തൃതമായ കൃഷിത്തോട്ടങ്ങള്‍ ഇല്ലിനോയിയിലെ സാധാരണ കാഴ്‌ചയാണ്‌. കല്‍ക്കരിയുടെ സമ്പന്ന നിക്ഷേപങ്ങള്‍ ഇല്ലിനോയിയില്‍ അവസ്ഥിതമാണ്‌. പെട്രാളിയം, ചുച്ചാമ്പുകല്ല്‌, ഡോളമൈറ്റ്‌, കളിമച്ച്‌, വാസ്‌തുശിലകള്‍, കറുത്തീയം, നാകം എന്നീ ധാതുക്കളും സാമാന്യമായ തോതില്‍ ലഭിച്ചുവരുന്നു. ഈ സംസ്ഥാനത്തെ മുന്തിയ വ്യവസായങ്ങളിലൊന്നാണ്‌ ഖനനം; ഇതര സംസ്ഥാനങ്ങളില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌ത അയിരുകളെ നിഷ്‌കര്‍ഷിക്കുകയും തുടര്‍ന്ന്‌ വ്യാവസായിക ഉപഭോഗത്തിനു വിധേയമാക്കുകയും ചെയ്‌തുപോരുന്നു. ഫ്‌ളൂറൈറ്റ്‌ ഉത്‌പാദനത്തില്‍ യു.എസ്‌. സംസ്ഥാനങ്ങള്‍ക്കിടയില്‍ ഒന്നാംസ്ഥാനം ഇല്ലിനോയിക്കാണ്‌.

ഇല്ലിനോയ്‌ പൊതുവേ കാര്‍ഷികമേഖലയിലാണെങ്കിലും വ്യാവസായികമായും വമ്പിച്ച പുരോഗതിയാര്‍ജിച്ചിരിക്കുന്നു. ഇരുമ്പുരുക്കും അവയെ ഉപയോഗിച്ചുള്ള യന്ത്രനിര്‍മാണവുമാണ്‌ ഇല്ലിനോയിയിലെ മുഖ്യവ്യവസായം. കാര്‍ഷികയന്ത്രങ്ങളാണ്‌ കൂടുതലായി നിര്‍മിച്ചുവരുന്നത്‌. കാനിങ്‌ വ്യവസായം ഈ സംസ്ഥാനത്ത്‌ അഭൂതപൂര്‍വമായ പുരോഗതി നേടിയിട്ടുണ്ട്‌. ഷിക്കാഗോ നഗരം "ലോകത്തിലെ കശാപ്പുശാല' എന്ന പേരില്‍ അറിയപ്പെടുന്നു. ഭക്ഷ്യപദാര്‍ഥങ്ങള്‍, വൈദ്യുതോപകരണങ്ങള്‍, അച്ചടിയന്ത്രങ്ങള്‍, ലോഹസാമഗ്രികള്‍, രാസദ്രവ്യങ്ങള്‍, വാഹനങ്ങള്‍, കച്ചാടിസാധനങ്ങള്‍ എന്നിവയും ഇലക്‌ട്രിക്‌, ഇലക്‌ട്രാണിക ഉപകരണങ്ങളും വന്‍തോതില്‍ നിര്‍മിക്കപ്പെട്ടുവരുന്നു. തികച്ചും പര്യാപ്‌തമായ ഗതാഗതസംവിധാനം ഇല്ലിനോയിയുടെ അഭിവൃദ്ധിയില്‍ സാരമായ പങ്കുവഹിക്കുന്നു. കനാലുകള്‍ നിര്‍മിച്ചും നദീമാര്‍ഗങ്ങള്‍ വെട്ടിത്തിരിച്ചുമാണ്‌ പ്രധാന കേന്ദ്രങ്ങള്‍ക്കിടയില്‍ ജലമാര്‍ഗമുള്ള സമ്പര്‍ക്കം സ്ഥാപിച്ചിരിക്കുന്നത്‌. ഷിക്കാഗോയിലേക്ക്‌ ഗ്രറ്റ്‌ ലേക്‌സ്‌ വഴി വന്‍കിട കപ്പലുകള്‍ക്കു യാത്രചെയ്യാവുന്നതാണ്‌. യു.എസ്സിന്റെ മധ്യസ്ഥാനത്ത്‌ സ്ഥിതിചെയ്യുന്നു എന്നതിനാല്‍ ഇല്ലിനോയിലൂടെ കടന്നു പോകുന്ന വ്യോമ, റെയില്‍, ചരക്ക്‌ ഗതാഗത പാതകള്‍ക്ക്‌ ദേശീയ പ്രാധാന്യമുണ്ട്‌. ഇല്ലിനോയിയില്‍ 218,781 കി.മീ. ഒന്നാംതരം റോഡുകളുണ്ട്‌. വികസിതമായ ഒരു റെയില്‍ശൃംഖലയും സംസ്ഥാനത്തുണ്ട്‌. ചിക്കാഗോ-ദ-ഹാരേ യു.എസ്സിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ്‌. എബ്രഹാം ലിങ്കനുമായി ബന്ധപ്പെട്ട നിരവധി ചരിത്രസ്‌മാരകങ്ങള്‍ സ്ഥിതിചെയ്യുന്ന ഈ സംസ്ഥാനം യു.എസ്സിലെ ഒരു പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രവുമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍