This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇല്യൂഷിന്‍, സെർജി വ്‌ളാഡിമറോവിച്ച്‌ (1894 - 1977)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇല്യൂഷിന്‍, സെർജി വ്‌ളാഡിമറോവിച്ച്‌ (1894 - 1977)

Ilyushin, Sergei Vladimirovich

സെര്‍ജി വ്‌ളാഡിമറോവിച്ച്‌ ഇല്യൂഷിന്‍


റഷ്യന്‍ വിമാന ഡിസൈനര്‍. ഇദ്ദേഹം ഡിസൈന്‍ ചെയ്‌ത വിമാനങ്ങള്‍ "ഇല്യൂഷിന്‍' എന്ന പേരില്‍ അറിയപ്പെടുന്നു. 1894-ല്‍ യു.എസ്‌.എസ്‌.ആറിലെ വോളോഡ്‌ഗാ പ്രവിശ്യയില്‍ ജനിച്ചു. റഷ്യന്‍ വിപ്ലവത്തെത്തുടര്‍ന്ന്‌ ചുവപ്പ്‌ സേനയില്‍ അംഗമായ ഇല്യൂഷിന്‍ പിന്നീട്‌ റഷ്യന്‍ വേ്യാമസേനയില്‍ ചേര്‍ന്നു. 1917-ലാണ്‌ ഒരു പ്രാദേശിക പൈലറ്റ്‌ ട്രയിനിങ്‌ സ്‌കൂളില്‍നിന്നും വൈമാനിക സര്‍ട്ടിഫിക്കറ്റ്‌ നേടുന്നത്‌. 1921-ല്‍ മോസ്‌കോയിലെ എയര്‍ഫോഴ്‌സ്‌ എന്‍ജിനീയറിങ്‌ അക്കാദമി (സിക്കോവ്‌സ്‌ക്കി എയര്‍ഫോഴ്‌സ്‌ അക്കാദമി)യില്‍ വിദ്യാര്‍ഥിയായി ചേര്‍ന്ന ഇല്യൂഷിന്‍ ഗ്ലൈഡര്‍പ്ലെയിന്‍ ഡിസൈന്‍ ചെയ്യുന്നതിലാണ്‌ ശ്രദ്ധ കേന്ദ്രീകരിച്ചത്‌. ഇദ്ദേഹം ഡിസൈന്‍ ചെയ്‌ത "ഗ്ലൈഡര്‍ മോസ്‌കോവ', ഗ്ലൈഡിങ്ങില്‍ പുതിയ പല റിക്കാര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്‌. 1926-ല്‍ ഇല്യൂഷിന്‍ ബിരുദം നേടി. രണ്ടാം ലോകയുദ്ധകാലത്ത്‌ ജര്‍മനിക്ക്‌ പേടിസ്വപ്‌നമായി മാറിയ കഘ-2 എന്ന കവചിത ആക്രമണവിമാനം ഡിസൈന്‍ ചെയ്‌തത്‌ ഇല്യൂഷിനായിരുന്നു. ഉന്നംതെറ്റാതെ ലക്ഷ്യസ്ഥാനത്തേക്കു കൂപ്പുകുത്താനാവുന്ന ബോംബര്‍ വിമാനമായിരുന്നു ഇത്‌. കഘ-4 എന്ന ബോംബര്‍ വിമാനവും ഇദ്ദേഹമാണ്‌ ഡിസൈന്‍ ചെയ്‌തത്‌. യുദ്ധവിമാനങ്ങളില്‍ പല പരിഷ്‌കാരങ്ങളും ഇല്യൂഷിന്‍ വരുത്തി.

രണ്ടാം ലോകയുദ്ധത്തെത്തുടര്‍ന്ന്‌ ഇദ്ദേഹത്തിന്റെ ശ്രദ്ധ സിവില്‍വ്യോമവാഹനങ്ങളുടെ ഡിസൈനിങ്ങിലേക്കു കൂടി തിരിഞ്ഞു. 1946-ല്‍ നിര്‍മിച്ച രണ്ട്‌ എന്‍ജിനുള്ള കഘ-12 എന്ന ഗതാഗതവിമാനവും 1947-ല്‍ നിര്‍മിച്ച 68 പേര്‍ക്ക്‌ യാത്രചെയ്യാവുന്ന കഘ-18 എന്ന വിമാനവും, 1957-ല്‍ നിര്‍മിച്ച നാല്‌ എന്‍ജിനുള്ള ടര്‍ബോപ്രാപ്‌ കയറ്റിറക്കു വിമാനവും 1973-ല്‍ സര്‍വീസാരംഭിച്ച കഘ-62 എന്ന ഗതാഗതവിമാനവും ഇദ്ദേഹത്തിന്റെ പ്രശസ്‌ത ഡിസൈനുകള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. 150 ടണ്‍ ഭാരമുള്ള കഘ-62 200 പേര്‍ക്കു യാത്രചെയ്യാവുന്നതും മണിക്കൂറില്‍ 900 കി.മീ. വേഗതയുള്ളതുമാണ്‌. 350 പേരെ വഹിക്കാവുന്നതും മണിക്കൂറില്‍ 1,200 കി.മീ. വരെ വേഗത പ്രതീക്ഷിക്കാവുന്നതുമായ കഘ-86-ന്റെ നിര്‍മാണത്തിലാണ്‌ പിന്നീട്‌ ഇല്യൂഷിന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്‌. വിമാനയാത്ര സാധാരണക്കാരനും പ്രാപ്യമാക്കാന്‍ വേണ്ടി യത്‌നിച്ച ഇല്യൂഷിന്‌ യു.എസ്‌.എസ്‌.ആര്‍. സയന്‍സ്‌ അക്കാദമി അംഗത്വവും "ഹീറോ ഒഫ്‌ ദ്‌ സോവിയറ്റ്‌ യൂണിയന്‍' എന്ന പദവിയും ലെനിന്‍ പ്രസും ലഭിച്ചിട്ടുണ്ട്‌. സോവിയറ്റ്‌ ആര്‍മി എന്‍ജിനീയറിങ്‌ സര്‍വീസില്‍ ലെഫ്‌റ്റനന്റ്‌ ജനറല്‍ പദവി വരെ എത്തിച്ചേരാന്‍ കഴിഞ്ഞ ഇദ്ദേഹം താന്‍ ബിരുദം നേടിയ സ്ഥാപനത്തില്‍ പ്രാഫസറായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. വ്യോമയാനരംഗത്തെ അമൂല്യസേവനങ്ങള്‍ പരിഗണിച്ച്‌ 1969-ല്‍ ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ ഫെഡറേഷന്‍ ഇല്യൂഷിനു സ്വര്‍ണമെഡല്‍ സമ്മാനിക്കുകയുണ്ടായി. 1977-ല്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍