This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലുപ്പ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇലുപ്പ

ഇലുപ്പയുടെ പൂക്കളോടുകൂടിയ ശാഖ

സപ്പോട്ടേസീ കുടുംബത്തില്‍പ്പെട്ട മരം. ശാ.നാ.: മധുകാ ലോന്‍ജിഫോളിയ (Madhuka longifolia). ഉത്തരേന്ത്യയില്‍ കണ്ടുവരുന്ന മധുകാ ലാറ്റിഫോളിയയും ഇലു(ലി)പ്പ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. മധുകാ ലോന്‍ജിഫോളിയ ദക്ഷിണേന്ത്യ, ശ്രീലങ്ക, മ്യാന്മര്‍ എന്നിവിടങ്ങളില്‍ വളരുന്നു. പന്തലിച്ചു വളരുന്ന ഈ മരം കേരളത്തിലെ നിത്യഹരിതവനങ്ങളില്‍ ധാരാളമായി കാണപ്പെടുന്നു.

തൊലിക്ക്‌ മങ്ങിയ തവിട്ടുനിറമാണ്‌. ഇലകള്‍ ശാഖാഗ്രങ്ങളില്‍ പറ്റമായി ഉണ്ടാകുന്നു. സവൃന്ത സരളപത്രങ്ങള്‍ക്ക്‌ ഏകാന്തരവിന്യാസമാണുള്ളത്‌. പത്രസീമാന്തം അഖണ്ഡമാണ്‌. പ്രാസാകാരമുള്ള ഇലയ്‌ക്ക്‌ 9-18 സെ.മീ. നീളവും 4-5 സെ.മീ. വീതിയും 10-12 ജോടി പാര്‍ശ്വസിരകളും കാണും. മൂത്ത ഇലയുടെ അടിഭാഗം മസൃണമാണ്‌. ഇലയില്‍ വെള്ളക്കറ കാണപ്പെടുന്നു. ഫെബ്രുവരിയിലോ മാര്‍ച്ചിലോ പൂക്കും. രണ്ടു സെന്റിമീറ്ററോളം നീളം കാണുന്ന, മങ്ങിയ മഞ്ഞ നിറമുള്ള പുഷ്‌പങ്ങള്‍ ഒറ്റയായിട്ടാണ്‌ കാണപ്പെടുക. ഇവ സവൃന്തസമമിതദ്വിലിംഗപുഷ്‌പങ്ങളാണ്‌. ഇവയ്‌ക്ക്‌ സഹപത്രങ്ങളുണ്ട്‌. ബാഹ്യദളപുടത്തിനും ദളപുടത്തിനും നാലോ അഞ്ചോ കര്‍ണങ്ങള്‍ കാണും. കേസരങ്ങള്‍ ദളലഗ്നങ്ങളാണ്‌. അവയുടെ എച്ചം ദളങ്ങളുടെ രണ്ടോ മൂന്നോ ഇരട്ടിയായിരിക്കും. തന്തുക്കള്‍ തീരെ ചെറുതാണ്‌. ഉദ്‌വര്‍ത്തിയായ അണ്ഡാശയത്തിന്‌ ആറോ എട്ടോ അറകള്‍ കാണും. സെപ്‌തംബര്‍ കഴിഞ്ഞാല്‍ കായ്‌ വിളയും. ഒരു കായില്‍ നിന്ന്‌ ഒന്നോ രണ്ടോ വിത്തേ കിട്ടുകയുളളൂ.

ഇല ഒന്നിച്ചു പൊഴിയാത്ത പ്രകാശാര്‍ഥിമരമാണ്‌ ഇലുപ്പ. തീ, വരള്‍ച്ച, മഞ്ഞ്‌ എന്നിവ ഇതിന്റെ വളര്‍ച്ചയ്‌ക്കു ഹാനികരമാണ്‌. ഒരു വര്‍ഷം പ്രായമായ തൈ നട്ട്‌ തോട്ടമുണ്ടാക്കാം. ഇതിനായി വിത്ത്‌ തലേവര്‍ഷം തവാരണയിലോ നീളംകൂടിയ പോളിത്തീന്‍ സഞ്ചികളിലോ പാകണം. തവാരണയിലാണു പാകുന്നതെങ്കില്‍ ഒരു മാസം കഴിഞ്ഞ്‌ തൈകള്‍ പറിച്ച്‌ പോളിത്തീന്‍ ബാഗില്‍ നടണം.

തടിക്കു ചുവപ്പുനിറമാണ്‌. ഈടും ഉറപ്പുമുണ്ട്‌. ഒരു ക്യുബിക്‌ ഡെസി മീറ്റര്‍ തടിക്ക്‌ 900 ഗ്രാം ഭാരം കാണും. വീട്‌, വഞ്ചി മുതലായവയുടെ നിര്‍മാണത്തിന്‌ തടി ഉപയോഗപ്പെടുത്തുന്നു. പൂവില്‍ നിന്ന്‌ മദ്യവും വിത്തില്‍നിന്ന്‌ എച്ചയും പാകപ്പെടുത്തിയെടുക്കാവുന്നതാണ്‌. (ഡോ. പി.എന്‍. നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B2%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍