This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലിയഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇലിയഡ്‌

Iliad

ഗ്രീക്ക്‌ ഇതിഹാസകാവ്യം. സ്‌പാര്‍ട്ടയിലെ രാജാവായ മെനിലോസിന്റെ പത്‌നിയും ലോകൈകസുന്ദരിയുമായ ഹെലനെ ട്രായിയിലെ രാജാവായ പ്രയാമിന്റെ പുത്രന്‍ പാരിസ്‌ അപഹരിച്ചതിനെത്തുടര്‍ന്നുണ്ടായ ട്രാജന്‍യുദ്ധത്തെപ്പറ്റിയുള്ള പുരാവൃത്തമാണ്‌ ഇതിന്‌ അവലംബം. ട്രായിക്ക്‌ ഇലിയോണ്‍ എന്നും പേരുണ്ട്‌. ഇലിയഡ്‌ എന്ന പദത്തിന്‌ ഇലിയോണിന്റെ അഥവാ ട്രായിയുടെ കഥ എന്നാണര്‍ഥം. ഹോമര്‍ എന്ന അന്ധകവിയാണ്‌ ഇതിന്റെ കര്‍ത്താവെന്നു വിശ്വസിച്ചുപോരുന്നു. ഹോമറില്‍ കര്‍ത്തൃത്വം ആരോപിച്ച പണ്ഡിതന്മാര്‍ അദ്ദേഹത്തിന്റെ ജീവിതകാലം ഖണ്ഡിതമായി പറഞ്ഞിട്ടില്ല. ഗ്രന്ഥത്തില്‍ അന്നത്തെ സ്ഥലങ്ങള്‍, ജനങ്ങള്‍, സ്ഥാപനങ്ങള്‍, യുദ്ധതന്ത്രങ്ങള്‍ മുതലായവയെപ്പറ്റി കാണുന്ന പരാമര്‍ശങ്ങളില്‍ നിന്ന്‌ ഗ്രന്ഥകാരന്‍ ബി.സി. 8-ാം ശതകത്തില്‍ ജീവിച്ചിരുന്നുവെന്ന്‌ ചിലര്‍ ഊഹിക്കുന്നു. ഇലിയഡിന്റെ രചയിതാവ്‌ ഒരു കവിയല്ല, പല തലമുറകളില്‍പ്പെട്ട വിവിധ കവികളാണെന്നും അവര്‍ മുമ്പുമുമ്പുണ്ടായ കവിതാഭാഗങ്ങള്‍ സമാഹരിച്ചും പരിഷ്‌കരിച്ചും പുതിയ അംശങ്ങള്‍ കൂട്ടിച്ചേര്‍ത്തും രചിച്ചതാണ്‌ ഈ കൃതിയെന്നും ചില ആധുനിക പണ്ഡിതന്മാര്‍ വാദിക്കുന്നു. എന്നാല്‍ കാവ്യത്തിന്റെ ബന്ധദാര്‍ഢ്യവും ആനുപൂര്‍വിയും മറ്റും ആലോചിച്ചാല്‍ ഇത്‌ ഒരൊറ്റ കവിയുടെ കൃതിയാണെന്നു വിചാരിക്കാനാണ്‌ കൂടുതല്‍ ന്യായം കാണുന്നത്‌.

ഇലിയഡിലെ ചില രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുള്ള ഭിത്തിശില്‌പം

ഹെലനെ അപഹരിച്ചതിനെത്തുടര്‍ന്ന്‌ മെനിലോസിന്റെ ജ്യേഷ്‌ഠസഹോദരന്‍ അഗമെമ്‌നണിന്റെ നേതൃത്വത്തില്‍ 1,000 കപ്പലുകളില്‍ 1,00,000 യോദ്ധാക്കള്‍ ട്രായിയെ ആക്രമിക്കാന്‍ പുറപ്പെട്ടു. അക്കിലീസും അജാക്‌സുമായിരുന്നു ഗ്രീക്കു സേനയിലെ ഏറ്റവും വലിയ യുദ്ധവീരന്മാര്‍. ഒമ്പതുകൊല്ലം ഉപരോധം തുടര്‍ന്നെങ്കിലും ട്രായിയെ കീഴടക്കാന്‍ ഗ്രീക്കു സേനയ്‌ക്കു കഴിഞ്ഞില്ല. ചില കൊച്ചുനഗരങ്ങള്‍ പിടിച്ചടക്കുകയും കൊള്ളയടിക്കുകയും മാത്രമാണ്‌ അവര്‍ ചെയ്‌തത്‌. പത്താമത്തെ വര്‍ഷം നടത്തിയ ഒരു കൊള്ളയില്‍ അക്കിലീസിന്‌ ബ്രീസീസ്‌ എന്നൊരു യുവതിയെ കിട്ടി. ഈ യുവതിയെ സ്വന്തമാക്കാന്‍ അക്കിലീസും അഗമെമ്‌നണും തമ്മില്‍ മത്സരം ആരംഭിച്ച ഘട്ടത്തിലാണ്‌ ഇലിയഡിന്റെ കഥ തുടങ്ങുന്നത്‌. ബ്രീസീസിനെച്ചൊല്ലിയുള്ള തര്‍ക്കം മൂര്‍ച്ഛിച്ചതോടെ യുദ്ധത്തില്‍ നിന്നു പിന്‍വാങ്ങിയ അക്കിലീസ്‌ തന്റെ മഹത്ത്വം അംഗീകരിക്കപ്പെടുന്നതുവരെ ഗ്രീക്കുസേനയ്‌ക്കു നാശനഷ്‌ടങ്ങള്‍ വരുത്തിവയ്‌ക്കാന്‍ സിയൂസ്‌ ദേവനെ പ്രരിപ്പിക്കുന്നതിന്‌ സ്വമാതാവായ തീറ്റിസിനോട്‌ അപേക്ഷിക്കുന്നു. തീറ്റിസിന്റെ അഭ്യര്‍ഥനയനുസരിച്ച്‌ സിയൂസ്‌ ട്രാജന്മാര്‍ക്കു വിജയം ഉണ്ടാക്കിക്കൊടുക്കാന്‍ തുടങ്ങി. ട്രാജന്‍ യോദ്ധാവും പാരിസിന്റെ സഹോദരനുമായ ഹെക്‌ടറുടെ നേതൃത്വത്തില്‍ അവര്‍ ഗ്രീക്കുകാരെ തുരത്തിവിട്ടു. അക്കിലീസ്‌ പിണങ്ങിമാറി നില്‌ക്കുന്നതുകൊണ്ടുള്ള നഷ്‌ടം അഗമെമ്‌നണു ബോധ്യമായി. അക്കിലീസ്‌ യുദ്ധത്തിനിറങ്ങുന്ന പക്ഷം ബ്രീസീസിനെ വിട്ടുകൊടുക്കുന്നതിനു പുറമേ വമ്പിച്ച പാരിതോഷികങ്ങള്‍ കൊടുക്കാമെന്നും അയാള്‍ ദൂതന്മാര്‍ മുഖേന അക്കിലീസിനെ അറിയിച്ചെങ്കിലും ആ ദൗത്യം നിഷ്‌ഫലമായി. ഗ്രീക്കു നിരയിലേക്ക്‌ ഹെക്‌ടറുടെ നേതൃത്വത്തില്‍ നുഴഞ്ഞുകയറിയ ട്രാജന്‍സേന ഗ്രീക്കുകാരുടെ കപ്പല്‍സമൂഹത്തിനടുത്തെത്തുകയും അവയ്‌ക്കു തീ വയ്‌ക്കുകയും ചെയ്‌തു. ഈ ദുര്‍ഘടസന്ധിയില്‍ അക്കിലീസ്‌ ശത്രുക്കളെ നേരിടാന്‍ തന്റെ ആശ്രിതനും ആപ്‌തമിത്രവുമായ പെട്രാക്ലസ്സിന്‌ അനുമതി നല്‌കി. അയാള്‍ അക്കിലീസിന്റെ പടച്ചട്ട ധരിച്ചുകൊണ്ട്‌ യുദ്ധത്തിനിറങ്ങി. ശത്രുക്കള്‍ പെട്രാക്ലസ്സിനെ അക്കിലീസെന്നു തെറ്റിദ്ധരിച്ചു സംഭ്രാന്തരായി പിന്തിരിഞ്ഞോടിയെങ്കിലും ഹെക്‌ടര്‍ തിരിഞ്ഞുനിന്നു പൊരുതി പെട്രാക്ലസ്സിനെ വധിക്കുകയും പടച്ചട്ട പിടിച്ചെടുത്തു ധരിക്കുകയും ചെയ്‌തു. ഉഗ്രമായ സമരത്തിനുശേഷം മാത്രമേ ഗ്രീക്കുകാര്‍ക്ക്‌ പെട്രാക്ലസ്സിന്റെ ശവശരീരം വീണ്ടെടുക്കാന്‍ കഴിഞ്ഞുള്ളൂ. തീറ്റിസിന്റെ അപേക്ഷപ്രകാരം ദേവശില്‌പിയായ ഹെഫ്‌സ്റ്റസ്‌ നിര്‍മിച്ച പുതിയ പടച്ചട്ടയും രത്‌നഖചിതമായ പരിചയും ധരിച്ച്‌ വീണ്ടും പടക്കളത്തിലിറങ്ങിയ അക്കിലീസ്‌ ഹെക്‌ടറെ വധിക്കുകയും അയാളുടെ ശവശരീരത്തെ അപമാനിക്കുകയും ചെയ്‌തു. ഒടുവില്‍ സിയൂസിന്റെ ആജ്ഞപ്രകാരം ഹെക്‌ടറുടെ മൃതദേഹം പ്രയാമിനു വിട്ടുകൊടുക്കാന്‍ അക്കിലീസ്‌ തയ്യാറായി. രാത്രിയില്‍ ഗ്രീക്കുതാവളത്തില്‍ എത്തിയ പ്രയാമിനെ സ്‌നേഹപൂര്‍വം സ്വീകരിച്ച അക്കിലീസ്‌ ഹെക്‌ടറിന്റെ ശവശരീരം പിതാവായ പ്രയാമിനെ ഏല്‌പിച്ചയയ്‌ക്കുകയും ശവസംസ്‌കാരം കഴിയുന്നതുവരെ യുദ്ധവിരാമം അനുവദിക്കുകയും ചെയ്‌തു. ശവസംസ്‌കാരവും ട്രാജന്മാരുടെ വിലാപവും വര്‍ണിച്ചുകൊണ്ട്‌ കാവ്യം അവസാനിക്കുന്നു.

ട്രായ്‌ നഗരത്തിന്റെ ഭഗ്നാവശിഷ്‌ടങ്ങള്‍

രചനാശൈലി. 10 കൊല്ലം നീണ്ടുനിന്ന ട്രാജന്‍ യുദ്ധത്തെപ്പറ്റിയുള്ള പുരാണകഥ ഹോമര്‍ക്ക്‌ പരിചിതമായിരുന്നു. ആദ്യകാല സംഭവങ്ങളും ട്രായിയുടെ പതനവും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്‌; എങ്കിലും ഇതിവൃത്തം 50 ദിവസത്തെ സംഭവങ്ങളില്‍ ഒതുക്കി അദ്ദേഹം കാവ്യം സുഘടിതമാക്കിയിരിക്കുന്നു. കാവ്യം ഒരാളിന്റെ കൃതിയാണെന്നും ഓരോ തലമുറയും പുതിയ പുതിയ പരിഷ്‌കാരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ സമാഹാരമല്ലെന്നുമുള്ള വിശ്വാസത്തിന്‌ ഉപോദ്‌ബലകമായ മുഖ്യസംഗതി ഇതാണ്‌. കാവ്യം 24 പുസ്‌തകങ്ങളായി വിഭജിച്ചത്‌ പിന്നീടായിരിക്കാം. യുദ്ധത്തിന്റെ വിശദാംശങ്ങളും കഥാപാത്രങ്ങളുടെ ജീവചരിത്രവും അനുക്തസിദ്ധമെന്ന മട്ടിലാണ്‌ ആഖ്യാനം. സംഭവങ്ങള്‍ ത്യാജ്യഗ്രാഹ്യവിവേകത്തോടെ സംക്ഷേപിച്ചും വിസ്‌തരിച്ചും വര്‍ണിച്ചിരിക്കുന്നതു കാണാം. ഒരിടത്ത്‌ 9 ദിവസത്തെ സംഭവങ്ങള്‍ 30 വരികളിലൊതുക്കുകയും മറ്റൊരിടത്ത്‌ ഒരു ദിവസത്തെ സംഭവം പല പുസ്‌തകങ്ങളില്‍ ദീര്‍ഘമായി പ്രതിപാദിക്കുകയും ചെയ്‌തിരിക്കുന്നു. 1-ാം പുസ്‌തകത്തില്‍ അക്കിലീസ്‌ യുദ്ധംചെയ്യാന്‍ വിസമ്മതിക്കുന്നതും ട്രാജന്മാര്‍ക്ക്‌ താത്‌കാലികമായ വിജയം ലഭിക്കുന്നതും, 2 മുതല്‍ 7 വരെ പുസ്‌തകങ്ങളില്‍ മറ്റു യുദ്ധവീരന്മാരുടെ നേതൃത്വത്തില്‍ ഗ്രീക്കുസേന പിന്നെയും ശത്രുസംഹാരം തുടരുന്നതും, 8-ാം പുസ്‌തകത്തില്‍ ട്രാജന്മാര്‍ മുന്നേറുന്നതും 9-ാം പുസ്‌തകത്തില്‍ അഗമെമ്‌നണ്‍ അക്കിലീസിനെ അനുനയിപ്പിക്കാന്‍ ദൂതന്മാര്‍ മുഖേന ചെയ്യുന്ന ശ്രമം വിഫലമാകുന്നതും 10 മുതല്‍ 14 വരെ പുസ്‌തകങ്ങളില്‍ ട്രാജന്മാര്‍ ഗ്രീക്കുകാരെ അവരുടെ പാളയത്തിലേക്കു തിരിച്ചോടിക്കുന്നതും 15-ാം പുസ്‌തകത്തില്‍ ട്രാജന്മാര്‍ ഗ്രീക്കു കപ്പലുകള്‍ ദഹിപ്പിക്കാന്‍ ശ്രമിക്കുന്നതും 16-ല്‍ യുദ്ധം ചെയ്യാല്‍ പെട്രാക്ലസ്സിനു അക്കിലീസ്‌ അനുവാദം കൊടുക്കുന്നതും പെട്രാക്ലസ്‌ പല യുദ്ധവീരന്മാരെയും സംഹരിക്കുന്നതും എന്നാല്‍ ട്രായ്‌ നഗരത്തിലേക്കു മുന്നേറരുതെന്ന ശാസന ലംഘിക്കയാല്‍ പ്രയാമിന്റെ പുത്രനായ ഹെക്‌ടറാല്‍ വധിക്കപ്പെടുന്നതും 17 മുതല്‍ 21 വരെ പുസ്‌തകങ്ങളില്‍ ട്രാജന്മാര്‍ പെട്രാക്ലസ്സിന്റെ ശവശരീരം ഗ്രീക്കുകാര്‍ക്കു വിട്ടുകൊടുക്കുന്നതും ദുഃഖനിമഗ്നനായ അക്കിലീസ്‌ യുദ്ധോദ്യുക്തനാകുന്നതും ഇരുവശത്തും ദേവന്മാര്‍ പങ്കെടുക്കുന്ന പ്രചണ്ഡസമരത്തിനുശേഷം അക്കിലീസ്‌ ഹെക്‌ടറെ വധിക്കുന്നതും 22-ാം പുസ്‌തകത്തില്‍ അക്കിലീസ്‌ ഹെക്‌ടറുടെ ശവശരീരം തേരിനു പുറകില്‍ കെട്ടി നിലത്തിഴച്ച്‌ അപമാനിക്കുന്നതും പെട്രാക്ലസ്സിന്റെ ബഹുമാനാര്‍ഥം ശവസംസ്‌കാരസംബന്ധമായ ചടങ്ങുകള്‍ നടത്തുന്നതും 23-ല്‍ അക്കിലീസ്‌ പ്രയാമിന്‌ ഹെക്‌ടറുടെ മൃതദേഹം വിട്ടുകൊടുക്കുന്നതും, 24-ല്‍ പുത്രന്റെ മരണത്തില്‍ വൃദ്ധനായ പ്രയാമിന്റെ ദുഃഖം കണ്ട്‌ അക്കിലീസിന്‌ അനുകമ്പ തോന്നുന്നതും ഹെക്‌ടറുടെ ശവം സംസ്‌കരിക്കുന്നതും ട്രാജന്‍ പൗരജനത വിലപിക്കുന്നതും പ്രതിപാദിച്ചിരിക്കുന്നു.

ട്രായ്‌ നഗരോപരോധകഥയുടെ പശ്ചാത്തലത്തില്‍ അക്കിലീസിന്റെ കോപാവേശകഥയാണ്‌ ഇലിയഡില്‍ പറഞ്ഞിരിക്കുന്നത്‌. രണ്ടു കഥകളും പരസ്‌പരപൂരകങ്ങളാണ്‌. സംഭവഘടനയിലും പാത്രസൃഷ്‌ടിയിലും ഈ കാവ്യത്തിന്റെ രസനീയതയ്‌ക്കു പ്രധാന നിദാനം അതില്‍ വര്‍ണിച്ചിരിക്കുന്ന സമരങ്ങളും വിവാദങ്ങളുമാണ്‌. യുദ്ധവര്‍ണനകള്‍, കവിയുടെ സമരതന്ത്രവിജ്ഞാനത്തിനും കാര്യാലോചനാസഭകളിലെ സംവാദങ്ങള്‍, പ്രഭാഷണ കലാവഗാഹത്തിനും നിദര്‍ശനങ്ങളാണ്‌. കാവ്യത്തിന്റെ അനേക വൈശിഷ്‌ട്യങ്ങളിലൊന്നത്ര കവി ആദ്യവസാനം പാലിക്കുന്ന നിഷ്‌പക്ഷത.

കഥാപാത്രങ്ങള്‍. അക്കിലീസ്‌ ആണ്‌ പ്രധാന കഥാപാത്രം. അക്കിലീസിന്റെ കോപമാണ്‌ കാവ്യത്തിന്റെ വിഷയമെന്ന്‌ കവി ആദ്യംതന്നെ സൂചിപ്പിച്ചിട്ടുണ്ട്‌. അയാള്‍ നിഷ്‌ഠൂരനും ഉദ്ധതനും സ്‌നേഹത്തിലും ദേഷ്യത്തിലും പ്രചണ്ഡനുമാണ്‌; എന്നാല്‍ മറ്റു കഥാപാത്രങ്ങളെക്കാള്‍ വിശാലഹൃദയനുമാണ്‌; ഒരു ഘട്ടത്തില്‍ അനുരഞ്‌ജനത്തിന്‌ വിമനസ്‌കനെങ്കിലും പെട്രാക്ലസ്സിനോടുള്ള സ്‌നേഹത്തിലൂടെ അയാള്‍ വീണ്ടും സ്വകര്‍ത്തവ്യത്തിലേക്ക്‌ ആകൃഷ്‌ടനാകുന്നു. ദേവിയായ മാതാവില്‍ മനുഷ്യനായ പിതാവിനു ജനിച്ച ഈ കഥാനായകന്റെ സ്വഭാവത്തില്‍ ദൈവികവും മാനുഷികവുമായ അംശങ്ങള്‍ കലര്‍ന്നിട്ടുണ്ട്‌. അയാളില്‍ സ്‌നേഹം, സഹതാപം, മഹാമനസ്‌കത എന്നിവയ്‌ക്കൊപ്പം വികാരാവേശവും ക്രൗര്യവും ദാക്ഷിണ്യരാഹിത്യവും അഭിമാനസംരക്ഷണവ്യഗ്രതയും കുടികൊള്ളുന്നു. എല്ലാവിധത്തിലും അക്കിലീസിന്റെ എതിര്‍ചേരിയില്‍പ്പെടുന്ന ഒരു കഥാപാത്രമാണ്‌ ഹെക്‌ടര്‍. ഇവര്‍ക്കുപുറമേ ഗ്രീക്കുപക്ഷത്ത്‌ അഭിമാനിയും ക്രൂരനുമായ അഗമെമ്‌നണ്‍, ജ്ഞാനിയും വൃദ്ധനും ശൂരനും ആയ നെസ്റ്റര്‍, അജയ്യനും ദൃഢഗാത്രനുമായ അജാക്‌സ്‌, സമര്‍ഥനും നയജ്ഞനുമായ ഒഡീസ്യൂസ്‌, സാഹസികനായ ഡയോമീഡസ്‌, സൗമ്യശീലനായ പെട്രാക്ലസ്‌ എന്നിവരും ട്രാജന്‍ പക്ഷത്ത്‌ സുന്ദരിയും പാപിനിയും ചിന്താധീനയുമായ ഹെലന്‍, തന്റെ ദുര്‍വിധിയെപ്പറ്റി അറിയുന്ന സാധ്വിയായ അന്‍ഡ്രാമാക്കസ്‌, മാതൃത്വത്തിന്റെ മാതൃകയായ ഹെക്കുബ, ക്ഷീണിതനെങ്കിലും ധീരനായ പ്രയാം എന്നിവരും ശ്രദ്ധാര്‍ഹരായ കഥാപാത്രങ്ങളാണ്‌. മനുഷ്യരെ മാത്രമല്ല, ദേവന്മാരെയും കവി കഥാപാത്രങ്ങളായി അവതരിപ്പിച്ചിട്ടുണ്ട്‌. ഈ ദേവന്മാര്‍ക്ക്‌ മനുഷ്യര്‍ക്കില്ലാത്ത ചില ശക്തികളുണ്ടെങ്കിലും അവര്‍ മനുഷ്യരില്‍ നിന്ന്‌ അത്രയധികം ഭിന്നരല്ല. അവരുടെ ഇടപെടല്‍ കഥയുടെ സ്വാരസ്യം വര്‍ധിപ്പിക്കുവാന്‍ സഹായകമായിട്ടുണ്ട്‌.

വീക്ഷണം. മനുഷ്യരെ വിധിയുടെ കൈയിലെ പാവകളായിട്ടാണ്‌ ഹോമര്‍ ചിത്രീകരിച്ചിരിക്കുന്നത്‌. 6-ാം പുസ്‌തകത്തില്‍ ഒരിടത്ത്‌ അവരെ കാറ്റില്‍ ചിന്നിച്ചിതറുകയും ഋതുഭേദത്തില്‍ അപ്രത്യക്ഷമാകുകയും ചെയ്യുന്ന ദലപരമ്പരകളോട്‌ ഉപമിച്ചിരിക്കുന്നു. യുദ്ധം ക്രൂരതയെയും സ്വാര്‍ഥതയെയും ഇളക്കിവിട്ടേക്കാമെങ്കിലും അതിനു മനുഷ്യനെ ശുദ്ധീകരിക്കാനും ഉന്നമിപ്പിക്കാനും കഴിയുമെന്നാണ്‌ കവിയുടെ മതം. കാവ്യത്തിന്റെ അവസാനത്തില്‍, അക്കിലീസും പ്രയാമും-ജേതാവും ജിതനും-ശത്രുമിത്രഭേദം വെടിഞ്ഞ്‌ സമദുഃഖിതരെയും സഹോദരരെയും പോലെ സന്ധിക്കുന്നതായി കവി കാണിച്ചിരിക്കുന്നു.

പ്രാധാന്യം. യൂറോപ്പിലെ ഏറ്റവും പ്രാചീനമായ ഈ ഇതിഹാസകാവ്യം പണ്ടുമുതല്‍ ജനങ്ങളുടെ അദ്‌ഭുതാദരങ്ങള്‍ക്ക്‌ പാത്രീഭവിച്ചിരിക്കുന്നു. പില്‌ക്കാലത്തുണ്ടായ പാശ്ചാത്യേതിഹാസകാവ്യങ്ങള്‍ക്കു മാതൃകയായിരുന്നിട്ടുള്ളത്‌ ഈ കൃതിയാണ്‌. ക്രി.മു. നാലാം ശതകത്തില്‍ പ്ലേറ്റോ തന്റെ ഡയലോഗ്‌സ്‌ എന്ന കൃതിയില്‍ ഇലിയഡിനെ പരാമര്‍ശിച്ചിട്ടുണ്ട്‌. റോമന്‍ കവിയായ വെര്‍ജില്‍ തന്റെ ഏനിഡ്‌ എന്ന ഇതിഹാസകാവ്യത്തിന്‌ പ്രചോദനമാര്‍ജിച്ചത്‌ ഈ കൃതിയില്‍ നിന്നാണെന്നു പ്രസ്‌താവിച്ചുകാണുന്നു. ഇലിയഡ്‌ ശ്രാതാക്കളെയും അനുകരണാത്മകകൃതികള്‍ അനുവാചകരെയും ഉദ്ദേശിച്ച്‌ നിര്‍മിക്കപ്പെട്ടവയാണ്‌. ഇതാണ്‌ അവ തമ്മിലുള്ള മൗലികമായ വ്യത്യാസം. ഗ്രീസില്‍ ഇലിയഡിനെ അനുകരിക്കുകയോ ആശ്രയിക്കുകയോ ചെയ്യാതെ അടുത്ത നൂറ്റാണ്ടുകളില്‍ ഒരു കൃതിയും ഉണ്ടായിട്ടില്ലെന്നു ഗ്രീക്കുഭാഷാപണ്ഡിതന്മാര്‍ പറയുന്നു. റോമന്‍ മഹാകവിയായ ഹോറസ്‌ തന്റെ നാട്ടുകാരായ കവികള്‍ക്ക്‌ അനുകരണയോഗ്യമായ മാതൃകയായി ഈ കൃതിയെ ചൂണ്ടിക്കാണിച്ചുകൊടുക്കുകയുണ്ടായി. ആദ്യമായി ഇതിനെ ക്രമീകരിച്ച്‌ പ്രസാധനം ചെയ്‌തത്‌ അലക്‌സാണ്ട്രിയയിലെ പണ്ഡിതന്മാരാണ്‌.

രാമായണത്തെ ഇലിയഡുമായി താരതമ്യപ്പെടുത്താന്‍ ചില വിമര്‍ശകന്മാര്‍ ശ്രമം നടത്താറുണ്ട്‌. നായികാപഹരണഹേതുകമായ യുദ്ധത്തിന്റെ വ്യാപ്‌തിയും സമുദ്രലംഘനവും കഥയുടെ പരപ്പും മറ്റും രണ്ടിലും ഉള്ള സവിശേഷതകളാണെന്നതില്‍ക്കവിഞ്ഞ സാദൃശ്യങ്ങള്‍ ഇല്ലെന്നുതന്നെ പറയാം.

സത്യനാദം പത്രാധിപരായിരുന്ന കെ.എ. പോള്‍ ഇലിയഡ്‌ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്‌തു. സി. മാധവന്‍ പിള്ളയുടെ മറ്റൊരു വിവര്‍ത്തനം സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. നോ. അക്കിലീസ്‌; അഗമെമ്‌നണ്‍; ട്രാജന്‍യുദ്ധം; ഹോമര്‍

(എന്‍.കെ. ദാമോദരന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%A1%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍