This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലാചന്ദ്ര ജോഷി (1902 - 82)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇലാചന്ദ്ര ജോഷി (1902 - 82)

ഇലാചന്ദ്ര ജോഷി

ഹിന്ദി നോവലിസ്റ്റ്‌. ഹിന്ദിയിലെ ആദ്യ മാനസികാപഗ്രഥന നോവലെഴുത്തുകാരനായി വിശേഷിപ്പിക്കപ്പെടുന്നു. കവിത, കഥ, സാഹിത്യവിമര്‍ശനം, പത്രപ്രവര്‍ത്തനം തുടങ്ങിയ വിവിധ ശാഖകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്‌. 1902-ല്‍ അല്‍മോഡയിലായിരുന്നു ജനനം. പഠനകാലത്ത്‌ ഷെല്ലി, കീറ്റ്‌സ്‌, കാളിദാസന്‍, ദസ്‌തയെവ്‌സ്‌കി, ചെഖോഫ്‌ എന്നിവരുടെ കൃതികള്‍ ഇദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. പില്‌ക്കാലത്ത്‌ ഫ്രായ്‌ഡ്‌, ആഡ്‌ലര്‍, യൂഫ്‌ എന്നിവരുടെ മനശ്ശാസ്‌ത്രപരമായ ആശയങ്ങളുമായി ഇടപഴകിയ ജോഷിയുടെ പ്രചോദനകേന്ദ്രം ടാഗൂറും പ്രംചന്ദുമാണ്‌. മെട്രിക്കുലേഷന്‍ ജയിച്ചതോടെ ഔപചാരിക വിദ്യാഭ്യാസത്തോടു വിടപറഞ്ഞ ഇദ്ദേഹം പത്രപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കല്‍ക്കത്താ സമാചാര്‍, ചാന്ദ്‌, സുധ, വിശ്വവാണി, സംഗമ്‌, ധര്‍മയുഗ്‌ തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നിട്ടുണ്ട്‌.

സാഹിത്യജീവിതത്തിന്റെ തുടക്കം കവിതയിലായിരുന്നെങ്കിലും സ്ഥിരപ്രതിഷ്‌ഠ നേടിയത്‌ ആധുനിക ഹിന്ദി നോവല്‍ രംഗത്താണ്‌. പ്രംചന്ദാനന്തരയുഗത്തില്‍ കലാസാഹിത്യ മേഖലയിലെ ഉജ്ജ്വല വ്യക്തിത്വത്തിനുടമയാണ്‌ ഇലാചന്ദ്രജോഷി. മാനസികാപഗ്രഥനപരമായ ഒട്ടനേകം നോവലുകളും സാഹിത്യവിമര്‍ശനോപന്യാസങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. സന്ന്യാസി, പാര്‍ദേ കി റാണി (1942), പ്രത്‌ ഔര്‍ ഛായാ (1944), നിര്‍വാസിതാ, മുക്തിപഥ്‌, ജിപ്‌സി, ജഹാസ്‌ കാ പഞ്ചി എന്നിവയാണ്‌ ഇലാചന്ദ്രജോഷിയുടെ മനശ്ശാസ്‌ത്രപ്രധാനമായ നോവലുകള്‍. മധ്യവര്‍ഗസമൂഹത്തിലെ സ്‌ത്രീ-പുരുഷന്മാര്‍ അനുഭവിക്കുന്ന മനശ്ശാസ്‌ത്രപരവും വിചിത്രവുമായ പെരുമാറ്റങ്ങളെക്കുറിച്ചുള്ള ചിത്രീകരണമാണ്‌ ഇലാചന്ദ്രയുടെ നോവലുകള്‍. ജീവിതത്തെയും സാഹിത്യത്തെയും മനശ്ശാസ്‌ത്രകോണിലൂടെ വീക്ഷിച്ച ഇലാചന്ദ്രയുടെ രചനകളില്‍ ഏറ്റവും മികച്ചതെന്ന്‌ അവകാശപ്പെടാന്‍ കഴിയുന്ന നോവലാണ്‌ ജഹാസ്‌ കാ പഞ്ചി. ഇതില്‍ ശക്തമായ ആഖ്യാനശൈലികൊണ്ട്‌ സംഭവങ്ങള്‍ വായനക്കാരന്‌ അനുഭവവേദ്യമാകുന്നു. നൂറോളം ചെറുകഥകള്‍ രചിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചെറുകഥാസമാഹാരങ്ങളാണ്‌ ധൂപ്‌രേഖാ, ദീവാലി ഔര്‍ ഹോളി, റൊമാന്റിക്‌ ഛായ, ഡായരീ കേ നീരസ്‌ പൃഷ്‌ഠ്‌, കടിലേ ഫൂല്‍ ലാജിലേ കാണ്‍ഠേ എന്നിവ. ഇദ്ദേഹം രചിച്ച കവിതകളുടെ സമാഹാരമാണ്‌ വിജനവതി (1937). വിമര്‍ശനപഠനങ്ങള്‍ എഴുതുന്നതിലും മറ്റു ഭാഷാസാഹിത്യങ്ങള്‍ ഹിന്ദി വായനക്കാര്‍ക്കു പരിചയപ്പെടുത്തുന്നതിലും ഇലാചന്ദ്ര ദത്താവധാനനായിരുന്നു. സാഹിത്യ സര്‍ജന (1938), വിവേചന (1943), വിശ്ലേഷന്‍ (1953), സാഹിത്യചിന്തന്‍ (1954), ശരത്‌: വ്യക്തി ആര്‍ കലാകാര്‍ (1954) എന്നിവ ജോഷിയുടെ ഇത്തരത്തിലുള്ള പ്രൗഢഗ്രന്ഥങ്ങളാണ്‌. ദൈനിക്‌ ജീവന്‍ ഔര്‍ മനോവിജ്ഞാന്‍ (1938), ഐതിഹാസിക്‌ കഥായേം (1942), ഉപനിഷദോം കീ കഥായേം (1943) ഗോര്‍ക്കി കേ സംസ്‌മരണ്‍ (1943), ഇക്കിസ്‌ വിദേശി ഉപന്യാസസാര്‍ (1944), മഹാപുരുഷോം കി പ്രംകഥായേം (1954), സൂദ്‌ഖോര്‍ കി പത്‌നി (1954) തുടങ്ങി വിവിധ ശാഖകളില്‍ ഉള്‍പ്പെടുത്താവുന്ന നിരവധി കൃതികള്‍ ഇലാചന്ദ്ര ജോഷി രചിച്ചിട്ടുണ്ട്‌.

ആധുനിക ഹിന്ദി നോവലിന്‌ ഒരു പുതിയ മുഖം നല്‌കുന്നതിനും ഹിന്ദി സാഹിത്യത്തില്‍ വികാസം പ്രാപിക്കാതിരുന്ന ഫ്രായ്‌ഡിയന്‍ സാഹിത്യ സമീപനത്തെ സമ്പന്നമാക്കുന്നതിനും ഇലാചന്ദ്ര ജോഷിക്കു സാധിച്ചു. 1982-ല്‍ ഇലാചന്ദ്ര ജോഷി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍