This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലവ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇലവ്‌

മാല്‍വേസീ കുടുംബത്തില്‍പ്പെട്ട വലുപ്പവും ദീര്‍ഘായുസ്സുമുള്ള ഒരു വൃക്ഷം. ശാ.നാ.: ബൊമ്പാക്‌സ്‌ സീബ്‌. ബൊമ്പാക്‌സ്‌ മലബാറിക്കം, സാല്‍മേലിയാ മലബാറിക്കാ എന്നീ പേരുകളും ഇതിനു നല്‌കിയിരിക്കുന്നു. ഇതിന്റെ വ്യാപാരനാമം സെമള്‍ എന്നാണ്‌. മലബാര്‍പ്രദേശത്ത്‌ ഇതിന്‌ പൂളമരം എന്നും പേരുണ്ട്‌.

ഇലവ്‌ പത്രപാതിമരമാണ്‌. ഇന്ത്യ, മ്യാന്മര്‍ എന്നിവിടങ്ങളില്‍ ഇത്‌ കാണപ്പെടുന്നു. സമുദ്രനിരപ്പില്‍നിന്ന്‌ 1,300 മീ. വരെ ഉയരമുള്ള എല്ലാ ഉര്‍വരഭൂമിയിലും ഈ വൃക്ഷം വളരുന്നു. എന്നാല്‍ പുഴയോരങ്ങളിലെ എക്കല്‍ മച്ചിലാണ്‌ ഇത്‌ നന്നായി വളരുന്നത്‌. ഇതിന്റെ മധ്യഭാഗത്തിനു മുകളിലാണ്‌ ശാഖകളുണ്ടാകുന്നത്‌. ശാഖകള്‍ തായ്‌ത്തടിക്കു ലംബമായിരിക്കും. ആദ്യം കാണ്ഡപാദത്തില്‍ ധാരാളം മുള്ളു കാണും. പ്രായമാകുമ്പോള്‍ അവ പൊഴിഞ്ഞുപോകുന്നു.

ഇലയ്‌ക്ക്‌ അംഗുല്യാകാരമാണ്‌. ഇലയില്‍ 5-7 പര്‍ണകങ്ങള്‍ ഉണ്ടായിരിക്കും. പര്‍ണകത്തിന്‌ 15 സെ.മീ. നീളവും 4-5 സെ.മീ. വീതിയും കാണും. ആറുവര്‍ഷത്തിനു ശേഷം മരം പൂത്തുതുടങ്ങും. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ പൂക്കാലം. ഇലകള്‍ പൊഴിഞ്ഞ നഗ്നശാഖകളിലാണ്‌ പൂക്കളുണ്ടാകുന്നത്‌. പൂവില്‍ തേനുള്ളതിനാല്‍ ചെറുപക്ഷികളും മറ്റും ആകര്‍ഷിക്കപ്പെടുന്നു. പൂവിന്‌ 10-12 സെ.മീ. വരെ വ്യാസം കാണും. ബാഹ്യദളപുടം തടിച്ചതും ചിരട്ടപോലെ കുഴിഞ്ഞതും കടും ചുവപ്പു നിറമുള്ളതുമാണ്‌. ഏപ്രിലിലാണു കായ്‌ വിളയുക. കായയുടെ നിറം പച്ചയാണ്‌. ഇതിന്‌ ഏകദേശം 15 സെ.മീ. നീളം കാണും. ഒരു കായ്‌ക്കകത്ത്‌ ഉരുണ്ട ധാരാളം വിത്തുകള്‍ കാണപ്പെടുന്നു. കായ്‌ പൊട്ടിപ്പിളരുമ്പോള്‍ പഞ്ഞിയില്‍ പൊതിഞ്ഞ വിത്ത്‌ കാറ്റിലൂടെ മറ്റു സ്ഥലങ്ങളില്‍ ചെന്നെത്താറുണ്ട്‌. എക്കല്‍ മച്ചിലും തുറസ്സായ സ്ഥലത്തും സ്വാഭാവികമായ പുനരുദ്‌ഭവനം നടക്കാറുണ്ട്‌. വിത്തുപാകിയാണ്‌ സാധാരണ ഇലവ്‌ വച്ചുപിടിപ്പിക്കുന്നത്‌. തവാരണയില്‍ പാകി മുളപ്പിച്ച്‌ ഒരു വര്‍ഷം പ്രായമായ തൈകള്‍ നട്ടാണ്‌ തോട്ടമുണ്ടാക്കുന്നത്‌.

ഇലവിന്റെ തടിക്ക്‌ കട്ടിയും ഈടും ഉറപ്പും കുറവാണ്‌. ഒരു ക്യുബിക്‌ ഡെസിമീറ്റര്‍ തടിക്ക്‌ 500 ഗ്രാം ഭാരമുണ്ടാകും. വീഞ്ഞപ്പെട്ടി, പലക, പ്ലൈവുഡ്‌, തീപ്പെട്ടി, കളിപ്പാട്ടങ്ങള്‍, വഞ്ചി മുതലായവ ഉണ്ടാക്കാനാണ്‌ തടി ഉപയോഗിക്കുന്നത്‌. തീപ്പെട്ടി നിര്‍മിക്കുവാന്‍ ഇതു വളരെ നല്ലതാണ്‌. ഇവയുടെ പഞ്ഞി മെത്ത, തലയിണ എന്നിവ നിറയ്‌ക്കുവാനും വ്രണങ്ങള്‍ കഴുകാനും ഉപയോഗിക്കാം. ഈ പഞ്ഞിക്ക്‌ മൃദുത്വം കൂടുതലായതിനാല്‍ നൂല്‍ക്കാന്‍ വിഷമമാണ്‌.


(ഡോ. പി.എന്‍. നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B2%E0%B4%B5%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍