This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്‌ട്രോസ്‌കോപ്പ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇലക്‌ട്രോസ്‌കോപ്പ്‌

Electroscope

വൈദ്യുത ചാര്‍ജിന്റെ സാന്നിധ്യം കണ്ടുപിടിക്കുന്നതിനും അവ ഋണമോ ധനമോ എന്നു തീരുമാനിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു ഉപകരണം. അയോണിക വികിരണങ്ങള്‍ (ionizing radiations) കണ്ടുപിടിക്കുന്നതിനും ആധാനങ്ങളും പൊട്ടന്‍ഷ്യല്‍-അന്തരങ്ങളും താരതമ്യപ്പെടുത്തുന്നതിനും ചെറിയ വൈദ്യുത കറണ്ടുകള്‍ അളക്കുന്നതിനും ഇത്‌ ഉപയോഗിക്കാം.

ഗില്‍ബര്‍ട്ട്‌ ആണ്‌ ഇലക്‌ട്രോസ്‌കോപ്പിന്റെ മാതൃക ആദ്യമായി നിര്‍മിച്ചത്‌. തൂക്കിയിട്ടിട്ടുള്ള പരസ്‌പര വികര്‍ഷകങ്ങളായ രണ്ടു ലിനന്‍ നൂലുകള്‍ ഫ്രാങ്ക്‌ളിന്‍ പിന്നീട്‌ ഇലക്‌ട്രോസ്‌കോപ്പ്‌ ആയി ഉപയോഗിച്ചു. അതിനുശേഷമാണ്‌ പിഥ്‌ബോള്‍ എന്നൊരുതരം ഇലക്‌ട്രോസ്‌കോപ്പ്‌ കണ്ടുപിടിക്കപ്പെട്ടത്‌. നൂലില്‍ തൂക്കിയിട്ടിട്ടുള്ള ഒരു പിഥ്‌ബോള്‍ ആണ്‌ ഈ ലഘു ഉപകരണം. ആധാനം ചെയ്യപ്പെട്ട ഒരു വസ്‌തുകൊണ്ട്‌ പിഥ്‌ബോളിനെ സ്‌പര്‍ശിച്ച്‌ അതില്‍ ആധാനമേല്‌പിക്കുന്നു. പിന്നീട്‌ അതേ ആധാനമുള്ള ഏതു വസ്‌തുവും ആ ബോളിനടുത്തു കൊണ്ടുചെന്നാല്‍ അത്‌ വികര്‍ഷിക്കപ്പെടുന്നതായിക്കാണാം; വിപരീത ആധാനമുള്ള വസ്‌തുവാണെങ്കില്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യും.

സ്വര്‍ണപത്ര ഇലക്‌ട്രോസ്‌കോപ്പ്‌. സാധാരണയായി ഉപയോഗിക്കുന്ന സ്വര്‍ണപത്ര ഇലക്‌ട്രോസ്‌കോപ്പിന്റെ പ്രധാനഭാഗം ഒരു ലോഹദണ്ഡിന്റെ (B) അടിയില്‍ ഘടിപ്പിച്ച നേര്‍ത്ത രണ്ടു സ്വര്‍ണത്തകിടുകളാണ്‌ (GG). പത്രങ്ങള്‍ എന്നു വിളിക്കപ്പെടുന്ന ഈ തകിടുകള്‍ ഇപ്പോള്‍ അലുമിനിയവും മറ്റു ലോഹങ്ങളും ഉപയോഗിച്ചാണ്‌ നിര്‍മിക്കപ്പെടുന്നത്‌. ദണ്ഡിന്റെ മുകള്‍ഭാഗത്ത്‌ വൃത്താകാരത്തിലുള്ള ഒരു ലോഹത്തട്ട്‌ (A) ഉറപ്പിച്ചിരിക്കും. ചിത്രത്തില്‍ കാണിച്ചിട്ടുള്ളതുപോലെ ഈ സ്വര്‍ണപത്രങ്ങള്‍ ഒരു സ്‌ഫടികക്കുപ്പിക്കകത്തോ സഫ്‌ടിക ജനാലകളുള്ള ഒരു പെട്ടിക്കകത്തോ തൂക്കിയിടുന്നു. പെട്ടിയുമായി സ്‌പര്‍ശനം വരാതിരിക്കാന്‍ ഒരു എബൊണൈറ്റ്‌ പ്ലഗ്ഗില്‍ (P) കൂടിയാണ്‌ ദണ്ഡ്‌ കടന്നുപോകുന്നത്‌. പത്രങ്ങളുടെ അടുത്തായി പെട്ടിയോടുചേര്‍ത്ത്‌ എര്‍ത്തുചെയ്‌ത ലോഹത്തകിടുകള്‍ (FF) ഘടിപ്പിച്ചിട്ടുണ്ടാകും. ആധാനം ചെയ്യപ്പെട്ട ഒരു വസ്‌തുകൊണ്ട്‌ ഇലക്‌ട്രോസ്‌കോപ്പിലുള്ള തട്ടില്‍ തൊട്ടാല്‍ പത്രങ്ങള്‍ക്ക്‌ ആധാനമേല്‌ക്കുന്നു. രണ്ടു പത്രങ്ങള്‍ക്കും ഒരേ ആധാനം ലഭിക്കുന്നതിനാല്‍ അവ അന്യോന്യം വികര്‍ഷിക്കുകയും അപസരിക്കുകയും (diverge) ചെയ്യുന്നു. അങ്ങനെ ഒരു വസ്‌തു ആധാനം ചെയ്യപ്പെട്ടതാണോ അല്ലയോ എന്നു കണ്ടുപിടിക്കാം.

ആധാനം ഏതുതരത്തിലുള്ളതാണ്‌ എന്നറിയുവാന്‍ അറിയാവുന്ന ആധാനം കൊണ്ട്‌ ഇലക്‌ട്രോസ്‌കോപ്പ്‌ ആദ്യം ആധാനം ചെയ്‌തിട്ടുണ്ടായിരിക്കണം. ഇത്‌ സപ്‌ര്‍ശനംകൊണ്ടോ, സംവേശനം കൊണ്ടോ സാധിക്കാം. സംവേശനം കൊണ്ട്‌ ആധാനം ചെയ്യുവാന്‍, അറിയാവുന്ന ആധാനമുള്ള ഒരു വസ്‌തു തട്ടിനടുത്തു കൊണ്ടുവരിക. വസ്‌തുവിന്‌ ഋണാധാനമാണ്‌ ഉള്ളതെന്നിരിക്കട്ടെ. അപ്പോള്‍ സംവേശനം മൂലം തട്ടില്‍ ധനാധാനവും പത്രങ്ങളില്‍ ഋണാധാനവും ഉണ്ടാകുന്നു. പത്രങ്ങള്‍ അപസരിക്കുകയും ചെയ്യും. തട്ട്‌ എര്‍ത്തുചെയ്യുകയാണെങ്കില്‍ പത്രങ്ങള്‍ പൂര്‍വസ്ഥിതിയിലാകുന്നു. എര്‍ത്തുമായുള്ള ബന്ധം മാറ്റിയശേഷം ആധാനം ചെയ്യപ്പെട്ട വസ്‌തുവും മാറ്റുക. അപ്പോള്‍ തട്ടിലുള്ള ധനാധാനം പത്രങ്ങളിലേക്കു പ്രവഹിക്കുകയും അവ അപസരിക്കുകയും ചെയ്യുന്നു. ധനാധാനമുള്ള ഒരു ഇലക്‌ട്രോസ്‌കോപ്പിന്‌ അടുത്തേക്ക്‌ അതേ ആധാനമുള്ള ഒരു വസ്‌തു കൊണ്ടുവന്നാല്‍ പത്രങ്ങള്‍ കൂടുതല്‍ അപസരിക്കുന്നു. ഋണാധാനമുള്ള വസ്‌തുവാണ്‌ കൊണ്ടുവന്നതെങ്കില്‍ അപസരണം കുറയുകയും ചെയ്യും. അതുകൊണ്ട്‌ ഇലക്‌ട്രോസ്‌കോപ്പ്‌ ഋണാധാനം കൊണ്ട്‌ വീണ്ടും ആധാനം ചെയ്‌തശേഷം പരീക്ഷണം ആവര്‍ത്തിക്കുക. അപ്പോഴും അപസരണം കുറയുകയാണെങ്കില്‍ അത്‌ ആധാനമില്ലാത്ത വസ്‌തുവാണെന്ന്‌ മനസ്സിലാകും. അളവുകള്‍ എടുക്കത്തക്കവിധം ഒരു സ്‌കെയില്‍ ഘടിപ്പിച്ചാല്‍ ഇലക്‌ട്രോസ്‌കോപ്പ്‌ ഒരു ഇലക്‌ട്രോമീറ്റര്‍ ആയിത്തീരുന്നു.

(ഡോ. വി. ഉണ്ണിക്കൃഷ്‌ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍