This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്‌ട്രോപ്ലേറ്റിങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇലക്‌ട്രോപ്ലേറ്റിങ്‌

Electroplating

വൈദ്യുതശക്തി ഉപയോഗിച്ച്‌ വസ്‌തുക്കളുടെ പുറത്ത്‌ സ്വര്‍ണം, വെള്ളി, നിക്കല്‍, ക്രാമിയം, ചെമ്പ്‌ തുടങ്ങിയ ലോഹങ്ങള്‍ പൂശുന്ന പ്രക്രിയ. വസ്‌തുക്കളുടെ ബാഹ്യശോഭ വര്‍ധിപ്പിക്കുന്നതിനും അവയില്‍ പോറല്‍ ഏല്‌ക്കാതിരിക്കുന്നതിനും കാലപ്പഴക്കത്തില്‍ തേയ്‌മാനം, തുരുമ്പുപിടിക്കല്‍ മുതലായവമൂലം കേടുപാടുകളുണ്ടാകാതിരിക്കുന്നതിനും ഇലക്‌ട്രോപ്ലേറ്റിങ്‌ (വിദ്യുത്‌ലേപനം) ഉപകരിക്കുന്നു. മോട്ടോര്‍കാറുകളുടെ പുറംഭാഗങ്ങള്‍ക്കു തിളക്കവും മിനുസവും ഉണ്ടാക്കുന്നത്‌ വിദ്യുത്‌ലേപനം കൊണ്ടാണ്‌. പ്രവര്‍ത്തനതത്ത്വങ്ങള്‍. ലോഹങ്ങളില്‍ക്കൂടിയെന്നപോലെ ചില പദാര്‍ഥങ്ങളുടെ ലായനികളില്‍ക്കൂടിയും വിദ്യുദ്‌ധാര പ്രവഹിക്കാറുണ്ട്‌. ഈ ലായനികള്‍ പൊതുവേ വിദ്യുത്‌ലായനികള്‍ (electrolytes)എന്നറിയപ്പെടുന്നു. ഇവയില്‍ക്കൂടി കറണ്ട്‌ പ്രവഹിക്കുമ്പോള്‍ പദാര്‍ഥം രാസവിഘടനത്തിനു വിധേയമായി, ഒന്നിലേറെ ഘടകങ്ങളായി വേര്‍പിരിയുന്നു. ഈ വിദ്യുത്‌ രാസപ്രക്രിയയ്‌ക്ക്‌ വൈദ്യുതവിശ്ലേഷണം എന്നാണു പേര്‌.

ഒരു വിദ്യുത്‌ലായനിയില്‍ക്കൂടി കറണ്ട്‌ പ്രവഹിക്കുന്നതിന്‌ അതില്‍ ഇലക്‌ട്രോഡുകള്‍ ഘടിപ്പിച്ച്‌ അവയില്‍ നേര്‍കറണ്ട്‌ വിതരണലൈനുകള്‍ ഘടിപ്പിക്കണം. വൈദ്യുതവിതരണത്തിന്റെ ധനാഗ്രം(positive terminal) ഘടിപ്പിക്കുന്ന ഇലക്‌ട്രോഡിനെ ആനോഡ്‌ (anode) എന്നും ഋണാഗ്രം (negative terminal) ഘടിപ്പിക്കുന്ന ഇലക്‌ട്രോഡിനെ കാഥോഡ്‌ (cathode) എന്നും പറയുന്നു. സാമാന്യമായി വൈദ്യുതവിശ്ലേഷണത്തിനു വിധേയമാകുന്ന ലായനികളിലടങ്ങിയ ലോഹം കാഥോഡിന്മേലും അലോഹാംശം ആനോഡിന്മേലും ശേഖരിക്കപ്പെടുന്നു. വൈദ്യുതവിതരണലൈനില്‍നിന്ന്‌ ആനോഡുവഴി ലായനിയില്‍ പ്രവേശിക്കുന്ന കറണ്ട്‌ കാഥോഡുവഴി ലായനിയില്‍ നിന്നും ലൈനിലേക്കു തിരിച്ചൊഴുകുന്നു.

മേല്‍ക്കാണിച്ച തത്ത്വങ്ങളെ ആസ്‌പദമാക്കിയാണ്‌ ഇലക്‌ട്രോപ്ലേറ്റിങ്‌ നടത്തുന്നത്‌. വിദ്യുത്‌ലായനിയില്‍ക്കൂടി നേര്‍കറണ്ട്‌ ഒഴുകുമ്പോഴാണ്‌ ഇലക്‌ട്രോപ്ലേറ്റിങ്‌ നടക്കുന്നത്‌. പൂശേണ്ട ലോഹത്തിനനുസരിച്ച്‌ ഭിന്നങ്ങളായ രാസവസ്‌തുക്കളുടെ ലായനികളാണ്‌ വിദ്യുത്‌ലായനികളായി ഉപയോഗിക്കുന്നത്‌. പൂശേണ്ട ലോഹം ഈ വിദ്യുത്‌ലായനികളിലടങ്ങിയിരിക്കണം എന്നാണു പൊതുനിയമം. ഉദാഹരണമായി ചെമ്പു പൂശുന്നതിന്‌ കോപ്പര്‍ സള്‍ഫേറ്റിന്റെ ജലീയലായനിയാണാവശ്യം. ലായനി ദീര്‍ഘചതുരാകൃതിയിലുള്ള ഒരു ടാങ്കില്‍ നിറയ്‌ക്കുന്നു. ഒരു ഉരുക്കുതകിടിന്മേലാണ്‌ ചെമ്പ്‌ പൂശേണ്ടതെങ്കില്‍ ചെമ്പുതകിട്‌ ആനോഡായും ഉരുക്കുതകിട്‌ കാഥോഡായും ലായനിയില്‍ ക്രമീകരിക്കണം. ഇലക്‌ട്രോഡുകളിലേക്കു നേര്‍കറണ്ട്‌ പ്രവഹിക്കുമ്പോള്‍ ലായനിയില്‍ കൂടിയും പ്രവഹിക്കുന്നു. തന്മൂലം ലായനിയില്‍ സ്ഥിതിചെയ്യുന്ന അയോണുകള്‍ അവയുടെ വൈദ്യുതചാര്‍ജിന്റെ സ്വഭാവമനുസരിച്ച്‌ ഓരോ തകിടിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നു. കോപ്പര്‍ സള്‍ഫേറ്റ്‌ ലായനിയിലെ കോപ്പര്‍ (ചെമ്പ്‌) അയോണുകള്‍ (Cu2+) ഉരുക്കുതകിടിലേക്ക്‌ ആകര്‍ഷിക്കപ്പെടുകയും സള്‍ഫേറ്റ്‌ അയോണുകള്‍ ചെമ്പുമായി പ്രതിപ്രവര്‍ത്തിച്ച്‌ കോപ്പര്‍സള്‍ഫേറ്റായിത്തീരുകയും ചെയ്യുന്നു. ഉരുക്കുതകിടിലെത്തുന്ന ചെമ്പിന്റെ അയോണുകള്‍ ഉരുക്കുതകിടില്‍ പറ്റിപ്പിടിക്കുകയും അങ്ങനെ ഉരുക്കുതകിട്‌ ചെമ്പാവരണമണിയുകയും ചെയ്യുന്നു. ഉരുക്കുതകിടില്‍ നിക്ഷേപിക്കുന്ന ചെമ്പിന്റെ അളവ്‌, ലായനിയില്‍ക്കൂടി ഒഴുകുന്ന കറണ്ടിന്‌ ആനുപാതികമായിരിക്കും. ചെമ്പുതകിടില്‍ക്കൂടി ചതുരശ്ര മീറ്ററിന്‌ 10 ആമ്പിയര്‍ കറണ്ട്‌ ഒഴുകിയാല്‍ 12 ഗ്രാം ചെമ്പ്‌ ഉരുക്കുതകിടില്‍ നിക്ഷേപിക്കും. അനുയോജ്യമായ ലായനികള്‍ ഉപയോഗിച്ച്‌ ഇരുമ്പ്‌-ഉരുക്ക്‌ ഉപകരണങ്ങളിന്മേല്‍ വെള്ളി, സ്വര്‍ണം, സിങ്ക്‌ എന്നീ ലോഹങ്ങള്‍ പൂശുവാന്‍ കഴിയും.

വൈദ്യുതചാലകങ്ങളല്ലാത്ത പദാര്‍ഥങ്ങള്‍കൊണ്ടു നിര്‍മിച്ച വസ്‌തുക്കളിലും വൈദ്യുതലേപനം നടത്താന്‍ കഴിയും. ഉദാഹരണമായി, ഒരു പ്ലാസ്റ്റിക്‌ വസ്‌തുവിന്മേല്‍ ലോഹം പൂശണമെന്നിരിക്കട്ടെ. ഇതിന്‌ പ്ലാസ്റ്റിക്കിന്മേല്‍ നേരിയ കനത്തില്‍ ഡാക്കോസിമന്റ്‌ തേച്ചുപിടിപ്പിക്കുകയാണ്‌ ആദ്യം വേണ്ടത്‌. സിമന്റ്‌ ഉണങ്ങിത്തുടങ്ങുമ്പോള്‍ പ്ലാസ്റ്റിക്‌വസ്‌തു കരിപ്പൊടി(carbon powder)യില്‍ ആഴ്‌ത്തുക. തത്സമയം പ്ലാസ്റ്റിക്കിന്മേല്‍ കരിപ്പൊടി ഏതാണ്ട്‌ ഒരേ കനത്തില്‍ പുരളും. സിമന്റ്‌ നന്നായി ഉണങ്ങിക്കഴിയുമ്പോള്‍ കരിപുരണ്ട പ്ലാസ്റ്റിക്‌, ലോഹവസ്‌തുവിന്റെ സ്ഥാനത്ത്‌ ഉപയോഗിച്ചാല്‍ വിദ്യുത്‌ലേപനം സാധ്യമാകും.

വൈദ്യുതയന്ത്രങ്ങളും വിദ്യുത്‌ലായനികളും. വിദ്യുത്‌ലേപനത്തിനുപയോഗിക്കുന്ന ലായനികള്‍ക്ക്‌ പ്രതിരോധം (resistance) താരതമ്യേന കുറവായതിനാല്‍ അവയില്‍ക്കൂടി പ്ലേറ്റിങ്‌ സമയത്ത്‌ കനത്ത കറണ്ട്‌ ഒഴുകും. ആകയാല്‍ ഇലക്‌ട്രോപ്ലേറ്റിങ്ങിന്‌ ആവശ്യമുള്ള നേര്‍കറണ്ട്‌ ലഭിക്കുന്നതിനായി താണ വോള്‍ട്ടതയും കൂടിയ കറണ്ട്‌ അളവും ഉള്ളതായ നേര്‍കറണ്ട്‌ ജനറേറ്ററുകള്‍ (D.C. generators) അത്യാവശ്യമാണ്‌. സാധാരണ 5-10 വോള്‍ട്ട്‌ ടെര്‍മിനല്‍ വോള്‍ട്ടത (voltage) ഉള്ളതും 200 ആമ്പിയര്‍ വരെ കറണ്ട്‌ നല്‌കുവാന്‍ പ്രാപ്‌തിയുള്ളതും ആയ നേര്‍കറണ്ട്‌ യന്ത്രങ്ങളാണ്‌ ഉപയോഗിക്കുന്നത്‌.

വന്‍തോതില്‍ ഇലക്‌ട്രോപ്ലേറ്റിങ്‌ നടത്തുന്നതിന്‌ സമര്‍ഥമായ രസതന്ത്രസാങ്കേതിക സംവിധാനം ആവശ്യമാണ്‌. വസ്‌തുവില്‍ മെഴുക്കോ (grease) അഴുക്കോ പുരണ്ടിട്ടുണ്ടെങ്കില്‍ അതെല്ലാം കഴുകിക്കളഞ്ഞശേഷമേ അതിന്മേല്‍ പ്ലേറ്റിങ്‌ നടത്താവൂ.

പ്രയോജനങ്ങള്‍. സ്വര്‍ണം, അലുമിനിയം, നിക്കല്‍ മുതലായ ലോഹങ്ങളുടെ ശുദ്ധീകരണം, നാകം, വെളുത്തീയം (tin) മുതലായ ലോഹങ്ങളുടെ നിഷ്‌കര്‍ഷണം; മലിനവസ്‌തുക്കളുടെ ശുദ്ധീകരണം; ചെമ്പുകുഴലുകളുടെ നിര്‍മാണം; തുകല്‍ ഊറയ്‌ക്കിടല്‍ എന്നിവയിലാണ്‌ ഇതുകൊണ്ടുള്ള പ്രധാന പ്രയോജനങ്ങള്‍.

(കെ.കെ. വാസു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍