This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്‌ട്രോണിക ഗവേർണന്‍സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇലക്‌ട്രോണിക ഗവേർണന്‍സ്‌

E-Governance

വിവര-വിനിമയ സാങ്കേതികവിദ്യയുടെ വിന്യാസത്തിലൂടെ നടത്തുന്ന തത്സമയ ഭരണനിര്‍വഹണം. വിവരസാങ്കേതികവിദ്യയും വിനിമയ സാങ്കേതികവിദ്യയുമാണ്‌ ഇ-ഗവേര്‍ണന്‍സിന്റെ അടിസ്ഥാനം. വ്യത്യസ്‌തമായ സ്രാതസ്സുകളില്‍നിന്നും വിവരങ്ങള്‍ അഥവാ അറിവുകള്‍ (information) ശേഖരിക്കുക, അവയെ സുരക്ഷിതമായി സംഭരിച്ചു സൂക്ഷിക്കുക (storage), ആവശ്യമുള്ളപ്പോള്‍ വേഗത്തില്‍ അവയെ ലഭ്യമാക്കുക (retrieval) എന്നിവയാണ്‌ വിവരസാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ ലക്ഷ്യമാക്കുന്നത്‌. ലഭ്യമായ വിവരങ്ങളെ ഏതുസമയത്തും ഏതു സ്ഥലത്തും സ്ഥലകാലഭേദത്തിനപ്പുറമായി എപ്പോഴും ലഭ്യമാക്കുക എന്നതാണ്‌ വിനിമയസാങ്കേതികവിദ്യയിലൂടെ ഉദ്ദേശിക്കുന്നത്‌. വിവരസാങ്കേതികവിദ്യയും വിനിമയസാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ട്‌, രണ്ട്‌ സാങ്കേതികവിദ്യകളുടെയും പ്രയോജനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന വിവര-വിനിമയ സാങ്കേതികവിദ്യ ജനങ്ങള്‍ക്ക്‌ പല നേട്ടങ്ങളും ലഭ്യമാക്കുന്നു. ഇ-മെയില്‍, ഇ-കോമേഴ്‌സ്‌ എന്നിവ വിവരവിനിമയ സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ക്കുള്ള ഉത്തമ ഉദാഹരണങ്ങളാണ്‌. ഇ-മെയില്‍, ഇ-കോമേഴ്‌സ്‌ എന്നിവയ്‌ക്കൊപ്പം പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന ഒരു സംവിധാനമാണ്‌ ഇ-ഗവേര്‍ണന്‍സ്‌ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇലക്‌ട്രോണിക ഗവേര്‍ണന്‍സ്‌. ഭരണപരമായ ജോലികള്‍ക്ക്‌ വ്യത്യസ്‌തങ്ങളായ ആധുനിക ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കുകയും അതോടൊപ്പം തന്നെ അവരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതില്‍നിന്നും ഉപരിയായി വളരെ വിപുലവും വ്യാപകവുമായ ഒരു സംവിധാനമാണ്‌ ഇ-ഗവേര്‍ണന്‍സിലൂടെ ലക്ഷ്യമിടുന്നത്‌. പൊതുസേവന കേന്ദ്രങ്ങളിലൂടെ ഒരു പൗരന്‌ താന്‍ അധിവസിക്കുന്ന പ്രദേശത്ത്‌ എല്ലാവിധ സര്‍ക്കാര്‍ സേവനങ്ങളും ലഭ്യമാക്കുകയും അവയുടെ ക്ഷമത, സുതാര്യത, വിശ്വാസ്യത എന്നിവ വര്‍ധിപ്പിച്ച്‌ പൗരന്റെ അടിസ്ഥാനാവശ്യങ്ങള്‍ എളുപ്പത്തില്‍ സാക്ഷാത്‌കരിക്കാന്‍ സഹായിക്കുകയും ചെയ്യുക എന്നതാണ്‌ ഇ-ഗവേര്‍ണന്‍സിന്റെ ലക്ഷ്യം. ഇത്തരം സേവനങ്ങള്‍ സാധാരണക്കാരന്‌ താങ്ങാവുന്ന ചെലവിലായിരിക്കണം ലഭ്യമാക്കേണ്ടത്‌. നിലവിലെ ഭരണരീതികളില്‍ സമൂലമായ ഒരു മാറ്റം ഇ-ഗവേര്‍ണന്‍സ്‌ വിഭാവനം ചെയ്യുന്നു.

ഇ-ഗവേര്‍ണന്‍സിന്റെ പ്രവര്‍ത്തന ഘടകങ്ങള്‍ (രേഖാചിത്രം) SWAN-സ്റ്റേറ്റ്‌ വൈഡ്‌ എരിയ നെറ്റ്‌വര്‍ക്ക്‌, SDG-സര്‍വീസ്‌ ഡെലിവറി ഗേറ്റ്‌വേ, CSC-കോമണ്‍ സര്‍വീസ്‌ സെന്റര്‍, സ്റ്റേറ്റ്‌ ഡേറ്റാ സെന്റര്‍

വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ സര്‍ക്കാരിന്റെ വിവിധ ഭരണവിഭാഗങ്ങളുമായി ബന്ധപ്പെടാറുണ്ട്‌. ഓരോ വകുപ്പും പ്രത്യേകം പ്രത്യേകമായി പരസ്‌പരം ബന്ധപ്പെടാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഓരോ ആവശ്യങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ട വകുപ്പുകളെയാണ്‌ ജനങ്ങള്‍ ആശ്രയിക്കുന്നത്‌. വിവരശേഖരണത്തിനും വിവരങ്ങള്‍ സൂക്ഷിക്കുന്നതിനും പരമ്പരാഗതമായ സംവിധാനങ്ങള്‍ ഇവിടങ്ങളില്‍ ഉപയോഗിക്കുന്നതിനാല്‍ ആവശ്യമായ കൃത്യമായ വിവരങ്ങള്‍ കണ്ടെത്തുന്നതിന്‌ ഏറെ സമയം ചെലവഴിക്കേണ്ടിവരുന്നു. ഇതുമൂലം വിവരങ്ങള്‍ യഥാസമയം ലഭ്യമാകാതെ വരികയും അതു കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക്‌ വഴിതുറക്കുകയും ചെയ്യുന്നു. വിവരങ്ങള്‍ ശേഖരിച്ച്‌ സൂക്ഷിക്കാന്‍ ആധുനിക ഇലക്‌ട്രോണിക്‌ സംവിധാനങ്ങളാണ്‌ ഇ-ഗവേര്‍ണന്‍സില്‍ ഉപയോഗിക്കുന്നത്‌. ഇലക്‌ട്രോണിക്‌ സംവിധാനങ്ങളില്‍ വിവരങ്ങള്‍ വളരെ കൃത്യതയോടെ സംഭരിക്കാനും ആവശ്യമുള്ളപ്പോള്‍ തത്സമയം ആവശ്യമായവ തെരഞ്ഞുകണ്ടെത്താനും സാധിക്കുന്നു. വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുമ്പോള്‍ ആവശ്യക്കാര്‍ക്ക്‌ സേവനം എളുപ്പത്തില്‍ ലഭ്യമാകുന്നു. സംഭരിച്ച്‌ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി പരസ്‌പരം കൈമാറാനും ഓരോരുത്തര്‍ക്കും യഥേഷ്‌ടം ഉപയോഗിക്കാനും സാധിക്കുന്നതുമൂലം ഇ-ഗവേര്‍ണന്‍സിലൂടെ വ്യത്യസ്‌ത സേവനങ്ങള്‍ ഒരു കേന്ദ്രത്തില്‍നിന്നും ആവശ്യക്കാര്‍ക്ക്‌ ലഭ്യമാകുന്നു. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ആശയവിനിമയം ജനാധിപത്യഭരണസംവിധാനങ്ങളില്‍ അത്യന്താപേക്ഷിതമാണ്‌. ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാനും അത്തരം ആവശ്യങ്ങള്‍ക്ക്‌ ഭരണതലത്തില്‍ കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചറിയാനും ഇത്തരത്തിലുള്ള ആശയവിനിമയം ഏറെ പ്രയോജനപ്പെടുന്നു. ഭരണസംവിധാനങ്ങള്‍ പ്രത്യേകിച്ച്‌ സര്‍ക്കാര്‍ ഭരണവകുപ്പുകള്‍ ജനങ്ങളുമായി മാത്രം ബന്ധപ്പെട്ടല്ല പ്രവര്‍ത്തിക്കുന്നത്‌. ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഓരോ ഭരണവകുപ്പും മറ്റു വിവിധ സേവനകേന്ദ്രങ്ങളുമായും നിരന്തരം ബന്ധപ്പെടേണ്ടതുണ്ട്‌. വിവിധഭരണവകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ്‌ വിവിധ പദ്ധതികള്‍ കൃത്യമായും സമയബന്ധിതവുമായി പൂര്‍ത്തിയാക്കാന്‍ ഭരണയന്ത്രത്തെ സഹായിക്കുന്നത്‌. യഥാര്‍ഥത്തില്‍ ഇത്തരത്തിലുള്ള എകോപിത പ്രവര്‍ത്തനങ്ങളാണ്‌, സര്‍ക്കാര്‍ ഭരണസംവിധാനങ്ങളുടെ വിജയത്തിനാധാരം. വിവരവിനിമയ സാങ്കേതികവിദ്യയിലൂടെ ഇ-ഗവേര്‍ണന്‍സ്‌ സംവിധാനം വിവിധ വകുപ്പുകളില്‍ വ്യാപകമാകുന്നതോടെ വകുപ്പുകള്‍ തമ്മിലുള്ള വിവരക്കൈമാറ്റം ഇലക്‌ട്രോണിക്‌ സംവിധാനങ്ങളിലൂടെ വേഗത്തിലാകുകയും തത്‌ഫലമായി വകുപ്പുകളുടെ പ്രവര്‍ത്തനശേഷി വര്‍ധിക്കുകയും ചെയ്യുന്നു. മാത്രമല്ല ഇ-ഗവേര്‍ണന്‍സിലൂടെ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും അഴിമതി വിമുക്തവുമായിത്തീരുന്നു. ഓരോ വ്യക്തിക്കും ഇടനിലക്കാരില്ലാതെ സര്‍ക്കാര്‍ ഭരണസംവിധാനങ്ങളുമായി നേരിട്ട്‌ ബന്ധപ്പെടാനും സേവനങ്ങള്‍ ലഭ്യമാക്കാനുമുള്ള സൗകര്യമാണ്‌ ഇ-ഗവേര്‍ണന്‍സിലൂടെ കൈവരുന്നത്‌.

പൊതുജനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ നേരിട്ടും വിവിധ സേവനദാതാക്കള്‍വഴിയും നല്‌കുന്ന സേവനങ്ങളാണ്‌ പൊതുസേവനങ്ങള്‍ എന്നറിയപ്പെടുന്നത്‌. വിവിധ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകള്‍, അനുമതിപത്രങ്ങള്‍, വിവിധതരം സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ലഭ്യമാക്കല്‍, വീട്ടുകരം, വൈദ്യുത ഉപഭോഗചാര്‍ജ്‌, വെള്ളക്കരം മുതലായവ നല്‌കുക തുടങ്ങിയവയാണ്‌ പ്രധാനമായി പൊതുസേവനങ്ങള്‍ എന്ന പദംകൊണ്ട്‌ അര്‍ഥമാക്കുന്നത്‌. ഇത്തരം പൊതുസേവനങ്ങള്‍ ഗ്രാമീണമേഖലയിലെ ജനങ്ങള്‍ക്കുപോലും അവരുടെ താമസസ്ഥലത്തിനടുത്ത്‌ ലഭ്യമാക്കുക എന്നതാണ്‌ ഇ-ഗവേര്‍ണന്‍സിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ഇതിന്റെ ഭാഗമായി 2006 മേയ്‌ 18-ന്‌ കേന്ദ്രസര്‍ക്കാര്‍ ദേശീയ ഇ-ഗവേര്‍ണന്‍സ്‌ പദ്ധതിക്ക്‌ (National E-Governance Plan) അംഗീകാരം നല്‌കി.

നാടിന്റെ പുരോഗതിയുടെ അടിസ്ഥാനം കൃത്യമായ ആസൂത്രണത്തിലൂടെ വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നുള്ളതാണ്‌. പരിമിതമായ വിഭവങ്ങളെ പ്രയോജനപ്രദമായി നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ എങ്ങനെ ഉപയോഗിക്കണം എന്നതിന്റെ കൃത്യമായ ഒരു മാര്‍ഗരേഖ നിര്‍മിക്കുക എന്നതാണ്‌ പദ്ധതികളുടെ ആസൂത്രണം എന്നതുകൊണ്ട്‌ അര്‍ഥമാക്കുന്നത്‌. ആസൂത്രണം കൃത്യമാകണമെങ്കില്‍ വ്യത്യസ്‌തങ്ങളായ നിരവധി രേഖകളും കണക്കുകളും പരിശോധിക്കുകയും അവയെ വിശകലനം ചെയ്‌ത്‌ യുക്തമായ തീരുമാനങ്ങളില്‍ എത്തിച്ചേരുകയും ചെയ്യേണ്ടതുണ്ട്‌. ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇ-ഗവേര്‍ണന്‍സ്‌ സംവിധാനങ്ങള്‍ കൃത്യത നല്‍കുകയും യുക്തമായ തീരുമാനങ്ങളിലേക്ക്‌ വേഗത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുന്നു. വിവിധ പദ്ധതികളുടെ പ്രവര്‍ത്തനപുരോഗതി കൃത്യമായി വിലയിരുത്തുന്നതിനും പാളം തെറ്റുന്ന പദ്ധതികളെ കണ്ടെത്തി അവയെ കൃത്യമായ പാതയിലേക്ക്‌ മടക്കിക്കൊണ്ടു വരുന്നതിനും ഇ-ഗവേര്‍ണന്‍സിലൂടെ എളുപ്പത്തില്‍ സാധിക്കുന്നു. മെച്ചപ്പെട്ട ആസൂത്രണം, അനാവശ്യ ചെലവുകളുടെ നിയന്ത്രണം, വേഗതയേറിയ തീരുമാനങ്ങള്‍, കൃത്യമായ വിലയിരുത്തലുകള്‍ എന്നിവയാണ്‌ ഇ-ഗവേര്‍ണന്‍സിലൂടെ ലഭ്യമാകുന്നത്‌.

പ്രായോഗികതലത്തില്‍ ഇ-ഗവേര്‍ണന്‍സ്‌ നടപ്പിലാക്കാന്‍ അടിസ്ഥാനപരമായ ചില ഘടകങ്ങള്‍ ആവശ്യമാണ്‌. സംസ്ഥാനഭരണത്തെ സംബന്ധിച്ച്‌ സംസ്ഥാനമൊട്ടാകെ വ്യാപിച്ചുകിടക്കുന്നതും എല്ലാ സര്‍ക്കാര്‍ വകുപ്പുകളെയും ബന്ധിപ്പിക്കുന്നതുമായ അതിവേഗ ബ്രാഡ്‌ബാന്‍ഡ്‌ കംപ്യൂട്ടര്‍ ശൃംഖലയാണ്‌ ഇ-ഗവേര്‍ണന്‍സിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നത്‌. ഇത്തരത്തില്‍ സംസ്ഥാനം മുഴുവന്‍ വ്യാപിച്ചിട്ടുള്ള അതിവേഗ കംപ്യൂട്ടര്‍ ശൃംഖലയാണ്‌ സ്റ്റേറ്റ്‌വൈഡ്‌ എരിയ നെറ്റ്‌വര്‍ക്ക്‌ (swan). ഓരോ സംസ്ഥാനത്തിലെയും ഇത്തരത്തിലുള്ള കംപ്യൂട്ടര്‍ ശൃംഖലകളെ പരസ്‌പരം ബന്ധിപ്പിക്കുമ്പോള്‍ ദേശീയതലത്തില്‍ത്തന്നെ ഒരു അതിവേഗ കംപ്യൂട്ടര്‍ ശൃംഖല (National network)രൂപപ്പെടുന്നു. ദേശീയതലത്തിലുള്ള ഇ-ഗവേര്‍ണന്‍സ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ദേശീയ കംപ്യൂട്ടര്‍ ശൃംഖലയെ ഉപയോഗപ്പെടുത്താം. ദേശീയ ശൃംഖലയിലൂടെ കംപ്യൂട്ടര്‍ ഫയലുകള്‍, ചിത്രങ്ങള്‍, തത്സമയ വിഡിയോ, ഒഡിയോ എന്നിവ രാജ്യത്തിന്റെ ഒരു ഭാഗത്തുനിന്നും മറ്റൊരിടത്തേക്ക്‌ കൈമാറാന്‍ സാധിക്കുന്നു. വ്യത്യസ്‌ത മാധ്യമങ്ങള്‍ ഒരുമിച്ച്‌, ഒരൊറ്റ പാതയിലൂടെ, വിവിധ സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും തത്സമയം ബന്ധിപ്പിക്കുന്ന അതിവേഗശൃംഖലയാണ്‌ ദേശീയതലത്തില്‍ ഇ-ഗവേര്‍ണന്‍സ്‌ സംവിധാനം നടപ്പിലാക്കുന്നതിനുള്ള അടിത്തറ. വ്യത്യസ്‌തമായ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ സ്ഥലങ്ങളിലുള്ളവര്‍ തമ്മില്‍ പരസ്‌പരം കണ്ടുകൊണ്ടുള്ള തത്സമയ ചര്‍ച്ചയായ വിഡിയോ കോണ്‍ഫറന്‍സിങ്ങിനും ദേശീയ കംപ്യൂട്ടര്‍ശൃംഖല ഉപകരിക്കുന്നു.

ഇ-ഗവേര്‍ണന്‍സ്‌ സംവിധാനം സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിലവിലുള്ള പ്രവര്‍ത്തനരീതികളില്‍ മാറ്റം വരുത്തുന്നു. പേപ്പര്‍ ഫയലുകളുടെ സ്ഥാനം കംപ്യൂട്ടര്‍ ശൃംഖലയിലൂടെ അതിവേഗം സഞ്ചരിക്കുന്ന ഡിജിറ്റല്‍ ഫയലുകള്‍ ഏറ്റെടുക്കും. ഓരോ ഡിജിറ്റല്‍ ഫയലും കംപ്യൂട്ടര്‍ ശൃംഖലകളിലൂടെ കടന്നുപോകുമ്പോള്‍, അവ സഞ്ചരിക്കുന്ന പാതയുടെ വിശദാംശങ്ങളും പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയവും ഫയലുകളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കും. ഫയലുകള്‍ നഷ്‌ടപ്പെടുക, ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ അനാവശ്യമായ കാലതാമസം വരുത്തുക എന്നിവ ഡിജിറ്റല്‍ ഫയല്‍രീതികള്‍ ഉപയോഗത്തിലാകുന്നതോടെ ഇല്ലാതാകുന്നു. ശൃംഖലയില്‍ ലഭ്യമായ ഏതു ഫയലും അത്‌ പരിശോധിക്കാന്‍ അര്‍ഹതപ്പെട്ടവര്‍ക്ക്‌ ഏതു സമയത്തും ഏതു സ്ഥലത്തും ഇലക്‌ട്രോണിക്‌ സംവിധാനങ്ങളിലൂടെ ലഭ്യമാകുമ്പോള്‍, ദിവസത്തില്‍ ഇരുപത്തിനാല്‌ മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായി സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ക്ക്‌ രൂപമാറ്റം സംഭവിക്കുന്നു. മെച്ചപ്പെട്ട പ്രവര്‍ത്തനവേഗത, കൃത്യമായ തീരുമാനങ്ങള്‍, സുതാര്യമായ പ്രവര്‍ത്തനരീതി, നിയമവിധേയമായ പ്രവര്‍ത്തനം എന്നിവയാണ്‌ ഇവിടെ ഇ-ഗവേര്‍ണന്‍സിലൂടെ ലഭ്യമാകുന്ന വ്യത്യസ്‌തമായ പ്രയോജനങ്ങള്‍.

ഓരോ പ്രദേശത്തെയും അവിടെയുള്ള ജനങ്ങളെയും സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍, അവയുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ എന്നിവ കൃത്യതയോടെ ശേഖരിക്കുകയും അവയെ സുരക്ഷിതമായി, അനധികൃതമായ ഉപയോഗങ്ങള്‍ തടഞ്ഞുകൊണ്ട്‌, സൂക്ഷിക്കുകയും ചെയ്യേണ്ടത്‌ ഇ-ഗവേര്‍ണന്‍സ്‌ സംവിധാനത്തില്‍ പ്രഥമമായി നടപ്പിലാക്കേണ്ട ജോലികളില്‍ ഒന്നാണ്‌. ഈ ആവശ്യത്തിനായി നമ്മുടെ രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളിലും സ്റ്റേറ്റ്‌ ഡേറ്റാ സെന്ററുകള്‍ (SDC) സ്ഥാപിച്ചിട്ടുണ്ട്‌. രാജ്യത്തെ ഓരോ വ്യക്തിയെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാകത്തില്‍ കേന്ദ്രീകൃതമായ രീതിയില്‍ ഈ ഡേറ്റാ സെന്ററുകളില്‍ സംഭരിച്ച്‌ സൂക്ഷിക്കുന്നു. കംപ്യൂട്ടറുകള്‍ പ്രചാരത്തിലാകുന്നതിനു മുമ്പുള്ള വിവരങ്ങളും കണക്കുകളും യഥാവിധി കംപ്യൂട്ടറില്‍ സൂക്ഷിക്കാന്‍ ഡിജിറ്റൈസേഷന്‍ (digitization) വിദ്യയാണ്‌ ഉപയോഗപ്പെടുത്തിയിരിക്കുന്നത്‌. പുതിയതായി രൂപപ്പെടുന്ന വിവരങ്ങള്‍ തത്സമയം തന്നെ കംപ്യൂട്ടറുകളില്‍ ശേഖരിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഏറ്റവും പുതിയ വിവരങ്ങള്‍ ഡേറ്റാ സെന്ററിലൂടെ ലഭ്യമാക്കാനും ഇ-ഗവേര്‍ണന്‍സ്‌ ലക്ഷ്യമിടുന്നു. വിവരങ്ങള്‍ സുരക്ഷിതമായി സംഭരിച്ച്‌ സൂക്ഷിക്കാന്‍ അത്യാധുനിക സുരക്ഷാക്രമീകരണങ്ങളാണ്‌ ഡേറ്റാ സെന്ററുകളില്‍ ഉപയോഗിക്കുന്നത്‌.

കോമണ്‍ സര്‍വീസ്‌ സെന്ററുകള്‍ (CSC) എന്ന പേരില്‍ അറിയപ്പെടുന്ന പൊതു സേവനകേന്ദ്രങ്ങള്‍ ഇ-ഗവേര്‍ണന്‍സ്‌ സംവിധാനത്തിന്റെ പ്രയോജനങ്ങള്‍ വ്യാപകമായി ജനങ്ങളിലെത്തിക്കാന്‍ ഉദ്ദേശിച്ച്‌ രൂപീകരിക്കപ്പെട്ടവയാണ്‌. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും പൊതുജനങ്ങള്‍ക്ക്‌ ലഭിക്കേണ്ട സേവനങ്ങളെ ഒരൊറ്റ കേന്ദ്രത്തില്‍നിന്നും ലഭ്യമാക്കുക എന്നതാണ്‌ പൊതുസേവനകേന്ദ്രങ്ങളുടെ ലക്ഷ്യം. വിവിധ ശാസ്‌ത്രമേഖലകള്‍, വിദ്യാഭ്യാസരംഗം, ആരോഗ്യരംഗം, വിനോദപരിപാടികള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള അറിവുകളും പ്രയോഗരീതികളും ഉപയോക്താക്കളുടെ അഭിരുചിക്കനുസരിച്ച്‌, ഇലക്‌ട്രോണിക്‌ സംവിധാനങ്ങളിലൂടെ ഇത്തരം കേന്ദ്രങ്ങളില്‍ നിന്നും യഥേഷ്‌ടം ലഭ്യമാകുന്നു. കംപ്യൂട്ടര്‍ സ്വന്തമായി ഇല്ലാത്തവര്‍ക്കും കംപ്യൂട്ടര്‍ സാക്ഷരതയില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ഇത്തരം സേവനകേന്ദ്രങ്ങളിലൂടെ ഇ-ഗവേര്‍ണന്‍സിന്റെ പ്രയോജനങ്ങള്‍ ഉപയോഗപ്പെടുത്താനാകും. വിവിധ ആവശ്യങ്ങള്‍ക്കായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ പൂരിപ്പിച്ച്‌ സമര്‍പ്പിക്കാനും സര്‍ക്കാരിന്‌ നല്‍കേണ്ടതായ വിവിധ നികുതികളും സേവനത്തിനുള്ള നിരക്കുകളും ഒടുക്കുന്നതിനും ഇത്തരം ജനസേവനകേന്ദ്രങ്ങള്‍ പൊതുജനങ്ങളെ സഹായിക്കുന്നു.

പൗരന്മാര്‍ക്കുള്ള സേവനങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും വിവരലഭ്യത നല്‌കി പൗരന്മാരെ ശാക്തീകരിക്കാനും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അവരെ പങ്കാളികളാക്കാനും സാമ്പത്തികവും സാമൂഹ്യവുമായ അവസരങ്ങള്‍ അവര്‍ക്ക്‌ പ്രാപ്യമാക്കാനും ഇ-ഗവേര്‍ണന്‍സിനു കഴിയും. പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഭരണനിര്‍വഹണത്തിന്‌ ഉപയോഗപ്പെടുത്തുമ്പോഴാണ്‌ ഭരണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചവും ആകര്‍ഷകവുമാകുന്നത്‌. കാലതാമസമില്ലാതെയുള്ള സേവനലഭ്യത, സുതാര്യവും നിയമവിധേയവുമായുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ രാജ്യത്തെ പൗരന്മാര്‍ക്ക്‌ ഭരണസംവിധാനങ്ങളോടുള്ള വിശ്വാസത്തിന്റെ തോത്‌ വര്‍ധിപ്പിക്കുന്നു. ഇ-ഗവേര്‍ണന്‍സ്‌ ഇതിനെല്ലാറ്റിനുമുള്ള ഉത്തമമായ മാര്‍ഗമാണ്‌.

(ഡോ. കെ.എല്‍. ജെയിംസ്‌; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍