This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്‌ട്രോണിക കോമേഴ്‌സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇലക്‌ട്രോണിക കോമേഴ്‌സ്‌

E-Commerce

ഇലക്‌ട്രോണിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ദൂരത്തിന്റെയും സമയത്തിന്റെയും പരിമിതികളെ അതിവര്‍ത്തിക്കുന്ന വിപണനസമ്പ്രദായം. അതായത്‌, ഉത്‌പന്നങ്ങളുടെയും സേവനങ്ങളുടെയും കൈമാറ്റവും അതു സംബന്ധിയായ ഇടപാടുകളും ഏറ്റവും കുറഞ്ഞ മനുഷ്യപ്രയത്‌നത്തിലൂടെയും ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടെ സഹായത്തോടെയും ഇ-കോമേഴ്‌സില്‍ നിര്‍വഹിക്കപ്പെടുന്നു. വാണിജ്യരംഗത്തെ സാമ്പത്തിക-വിപണന സാങ്കേതിക ഘടകങ്ങള്‍ കൈവരിച്ച അഭൂതപൂര്‍വമായ പുരോഗതിയാണ്‌ ഇ-കോമേഴ്‌സിന്റെ ആവിര്‍ഭാവത്തിനും വളര്‍ച്ചയ്‌ക്കും പ്രരകമായി വര്‍ത്തിച്ചത്‌. വിപണിയിലെ കടുത്ത മത്സരത്തെ അതിജീവിക്കാനാകണമെങ്കില്‍ ഉത്‌പാദനച്ചെലവ്‌ പരമാവധി കുറയ്‌ക്കണമെന്നും കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും ഇതിനായി നൂതന മാനേജ്‌മെന്റ്‌ തത്ത്വങ്ങളുടെ പ്രയോഗം ധനവിനിയോഗത്തില്‍ ഉണ്ടാവണമെന്നുമുള്ള അവബോധമാണ്‌ വാണിജ്യസ്ഥാപനങ്ങള്‍ക്കുണ്ടായത്‌. ഒപ്പം, വിപണിയിലെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്‌ ഉത്‌പന്നങ്ങളുടെ ആസൂത്രണം, വിലനിശ്ചയിക്കല്‍, വിതരണക്രമീകരണം, പരസ്യം ചെയ്യല്‍, വില്‌പനാനന്തരസേവനങ്ങള്‍ ആവിഷ്‌കരിക്കല്‍ തുടങ്ങി നിരവധിഘടകങ്ങള്‍ തന്ത്രപ്രധാനമായി മാറുകയും ചെയ്‌തു. ഇവയിലോരോന്നിലും നൂതന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന്‌ ഇലക്‌ട്രോണിക്‌ സാങ്കേതികവിദ്യ സഹായകരമാണ്‌. സംസ്‌കരണം, വിവരവിനിമയം, പ്രകാശനം, കണക്കുതിട്ടപ്പെടുത്തല്‍ തുടങ്ങിയ സാങ്കേതിക കാര്യങ്ങളില്‍ ഡിജിറ്റല്‍ ടെക്‌നോളജി നല്‍കുന്ന സേവനം മനുഷ്യപ്രയത്‌നത്തെ കുറയ്‌ക്കുവാനും ഉപകരിച്ചു. ചരിത്രം. വാണിജ്യ ഇടപാടുകള്‍ക്ക്‌ മനുഷ്യചരിത്രത്തോളംതന്നെ പഴക്കമുണ്ട്‌. ഉത്‌പന്നങ്ങളും സേവനങ്ങളും അവയുടെ ഉത്‌പാദന സ്രാതസ്സുകളില്‍ നിന്നും ഉപഭോക്താവിലേക്ക്‌ എത്തിച്ചേരുന്ന പ്രവര്‍ത്തനശൃംഖലയുടെ ആകെത്തുകയാണ്‌ വാണിജ്യം.

അവരവര്‍ക്ക്‌ ആവശ്യമുള്ളത്‌ സ്വയം ഉത്‌പാദിപ്പിച്ചുകൊണ്ടായിരുന്നു മനുഷ്യചരിത്രം ആരംഭിച്ചത്‌. തുടര്‍ന്ന്‌, തങ്ങളുടെ ഉത്‌പാദനത്തില്‍, സ്വന്തം ഉപഭോഗത്തിന്‌ ആവശ്യമായവ കഴിച്ച്‌ ബാക്കിയുള്ളവ മറ്റുള്ളവര്‍ക്ക്‌ കൈമാറിയും, തങ്ങളുടെ ഉപഭോഗത്തിന്‌ ആവശ്യമായവ മറ്റുള്ളവരില്‍നിന്നും വാങ്ങിയും ഉത്‌പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്‌പരക്കൈമാറ്റം എന്ന അവസ്ഥയിലേക്ക്‌ മനുഷ്യസമൂഹം ചെന്നെത്തി. ഒറ്റപ്പെട്ട്‌ അലഞ്ഞുതിരിഞ്ഞ്‌, കാലം കഴിച്ചുപോന്ന മനുഷ്യര്‍ സാമൂഹിക വ്യവസ്ഥയ്‌ക്ക്‌ രൂപംനല്‍കിയപ്പോഴാണ്‌ അതിന്റെ ഭാഗമായി ഉത്‌പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്‌പരക്കൈമാറ്റത്തിന്‌ നാന്ദികുറിച്ചത്‌. ആവശ്യമനുസരിച്ച്‌ സാധനങ്ങളും സേവനങ്ങളും പരസ്‌പരം കൈമാറുന്ന ബാര്‍ട്ടര്‍ സമ്പ്രദായം രൂപം കൊണ്ടത്‌ ഇണ്ണിധമാണ്‌. എന്നാല്‍, ബാര്‍ട്ടര്‍ സമ്പ്രദായത്തിന്‌ കാതലായ ചില പോരായ്‌മകളുണ്ട്‌ എന്ന്‌ കാലാന്തരത്തില്‍ മനസ്സിലായി. ഉത്‌പന്നങ്ങളും സേവനങ്ങളും കൈമാറുന്നതില്‍ ഒരാള്‍ക്ക്‌ വന്‍ ലാഭവും മറ്റൊരാള്‍ക്ക്‌ വന്‍ നഷ്‌ടവും ഉണ്ടാകുമെന്നതാണ്‌ പ്രധാന പോരായ്‌മ. ഇതിനെത്തുടര്‍ന്ന്‌ ഉത്‌പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മൂല്യവും അളവും തൂക്കവും മേന്മയുമൊക്കെ നിര്‍ണയിക്കേണ്ട ഘട്ടമെത്തി. മൂല്യനിര്‍ണയത്തിന്‌ പ്രാരംഭഘട്ടങ്ങളില്‍ വിലപിടിപ്പുള്ള കല്ലുകളാണ്‌ ആധാരദ്രവ്യമായി ഉപയോഗിച്ചത്‌. ക്രമേണ സ്വര്‍ണം, വെള്ളി എന്നിവ മാത്രം ആധാരദ്രവ്യങ്ങളായി. ഇതിന്റെ തുടര്‍ച്ചയായി സ്വര്‍ണം ഒരു പൊതു കേന്ദ്രത്തില്‍ സൂക്ഷിച്ച്‌ അവിടെനിന്നിറക്കുന്ന കറന്‍സിയും ലോഹനാണയവും പരസ്‌പരക്കൈമാറ്റത്തിനുള്ള ഉപാധിയായതോടെ ആധുനിക വ്യാപാര ഇടപാടുകള്‍ ആരംഭിച്ചു. ഈ മാറ്റം ക്രയവിക്രയത്തിന്‌ പുതിയ രൂപവും ഭാവവും പകര്‍ന്നു നല്‌കി.

അളവുതൂക്ക മാനദണ്ഡങ്ങളും ഗതാഗതസൗകര്യങ്ങളും വ്യാപാരനിയമങ്ങളും നിലവില്‍ വന്നതോടെ വ്യാപാര ഇടപാടുകള്‍ക്ക്‌ നൂതനസരണികള്‍ രൂപം കൊണ്ടു. സമുദ്രമാര്‍ഗങ്ങള്‍ വികസിച്ചുവന്നത്‌ വ്യാപാര ഇടപാടുകളെ രാജ്യാന്തരതലങ്ങളിലേക്ക്‌ കൊണ്ടെത്തിച്ചു. ക്രമേണ യന്ത്രവത്‌കൃത ഉത്‌പാദനം, ആധുനിക ഗതാഗത സൗകര്യം, ബാങ്കിങ്‌, ഇന്‍ഷ്വറന്‍സ്‌ തുടങ്ങിയ സേവന മേഖലകളുടെ പ്രവര്‍ത്തനം തുടങ്ങിയ ഘടകങ്ങള്‍ വ്യാപാരമേഖലയ്‌ക്ക്‌ ഊര്‍ജം പകരുകയും അതുവഴി വാണിജ്യമേഖലയെന്ന നിലയിലേക്ക്‌ രൂപപരിണാമം ഉണ്ടാവുകയും ചെയ്‌തു. വ്യാപാരമേഖലയ്‌ക്കു മുമ്പ്‌ അനുഭവപ്പെട്ടിരുന്ന ദൂരം, സമയം, നഷ്‌ടസംഭവ്യത തുടങ്ങിയവയുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ ലഘൂകരിച്ച്‌ ഇടപാടുകള്‍ സുഗമമായിത്തീര്‍ന്ന അവസ്ഥയെയാണ്‌ വാണിജ്യം എന്ന പ്രയോഗത്തിലൂടെ വിവക്ഷിക്കുന്നത്‌. ഘട്ടംഘട്ടമായി വന്ന വികാസങ്ങള്‍ വാണിജ്യമേഖലയെ വിവരസാങ്കേതികവിദ്യയുമായി ഇണക്കിച്ചേര്‍ക്കുകയും ഇ-കോമേഴ്‌സിലേക്ക്‌ നയിക്കുകയും ചെയ്‌തു.

ഇ-കോമേഴ്‌സ്‌ ഉത്‌പാദകരെയും ഉപഭോക്താവിനെയും എളുപ്പത്തില്‍ ബന്ധിപ്പിക്കുന്നതിനും ഉപഭോക്താവിന്‌ മൂല്യവര്‍ധിത സേവനം പ്രദാനം ചെയ്യുന്നതിനും സഹായകമായി. പഴഞ്ചന്‍ നടപടിക്രമങ്ങളും കടലാസ്‌ പണികളും ലഘൂകരിച്ച്‌, ഉപഭോക്താവിന്‌ പരമാവധി സംതൃപ്‌തി പകരാന്‍ ഇ-കോമേഴ്‌സ്‌ വഴി യൊരുക്കി. വിപണിയിലെ കടുത്ത മത്സരത്തെ അതിജീവിക്കാനുള്ള കരുത്തും ആത്മവിശ്വാസവും ഉത്‌പാദകന്‌ പകര്‍ന്നു നല്‍കാനും ഇ-കോമേഴ്‌സിന്‌ ആയിട്ടുണ്ട്‌ എന്ന്‌ ഗവേഷണഫലങ്ങള്‍ വ്യക്തമാക്കുന്നു. ഡിജിറ്റല്‍ ഇന്‍ഫ്രാസ്‌ട്രക്‌ച്ചറിനെ ആശ്രയിച്ച്‌ വിതരണശൃംഖല ശക്തിപ്പെടുത്താനും നൂതന ഉത്‌പന്നങ്ങളും സേവനങ്ങളും ഉരുത്തിരിച്ചെടുക്കാനും ഇ-കോമേഴ്‌സ്‌ പ്രയോജനപ്പെടുന്നുണ്ട്‌.

പ്രായോഗിക തലങ്ങള്‍. മൂന്നു ഘടകങ്ങളുമായി ബന്ധപ്പെട്ടാണ്‌ ഇ-കോമേഴ്‌സ്‌ പ്രായോഗികമായിരിക്കുന്നത്‌. വാണിജ്യസ്ഥാപനം, ഉപഭോക്താവ്‌, സര്‍ക്കാര്‍ എന്നിവയാണ്‌ ഈ മൂന്നു ഘടകങ്ങള്‍. ഈ മൂന്നു ഘടകങ്ങളുമായി ബന്ധപ്പെട്ട്‌ വിവിധ ഇ-കോമേഴ്‌സ്‌ മോഡലുകള്‍ വികസിച്ചുവന്നിട്ടുണ്ട്‌. ബിസിനസ്‌ ടു ബിസിനസ്‌ (B2B), ബിസിനസ്‌ ടു കണ്‍സ്യൂമര്‍ (B2C), ബിസിനസ്‌ ടു ഗവണ്‍മെന്റ്‌ (B2G), കണ്‍സ്യൂമര്‍ ടു കണ്‍സ്യൂമര്‍ (C2C), കണ്‍സ്യൂമര്‍ ടു ഗവണ്‍മെന്റ്‌ (C2G) എന്നിവയാണ്‌ ഈ മോഡലുകള്‍.

വാണിജ്യസ്ഥാപനങ്ങള്‍ തമ്മില്‍ ഇലക്‌ട്രോണിക്‌സ്‌ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ നടക്കുന്ന വാണിജ്യ ഇടപാടുകളാണ്‌ ബിസിനസ്‌ ടു ബിസിനസ്‌ (B2B). ഏറ്റവും കൂടുതല്‍ പുരോഗതി കൈവരിച്ചിട്ടുള്ള മോഡലാണിത്‌. ഉത്‌പാദകനും വ്യാപാരിയും അടങ്ങുന്ന ശൃംഖല പരസ്‌പരം നടത്തുന്ന വാണിജ്യം ഉള്‍ക്കൊണ്ട ബി.ടുബി.യില്‍ ചെലവു കുറയ്‌ക്കുന്നതിനും വിറ്റുവരവ്‌ വര്‍ധിപ്പിക്കുന്നതിനും എളുപ്പത്തില്‍ സാധനങ്ങളും സേവനങ്ങളും കൈമാറുന്നതിനും ഭരണപരമായ ചെലവുകള്‍ നിജപ്പെടുത്തുന്നതിനും ഉള്ള സാധ്യതകളുണ്ട്‌.

വാണിജ്യസ്ഥാപനങ്ങളും ഉപഭോക്താക്കളും തമ്മില്‍ നടത്തുന്ന വ്യാപാര ഇടപാടുകളാണ്‌ ബിസിനസ്‌ ടു കണ്‍സ്യൂമര്‍ (B2C). ഉപഭോക്താവിന്റെ അഭിരുചികളെ ആധാരമാക്കി സാധനങ്ങളും സേവനങ്ങളും കൈമാറുന്നതിനും അതുമായി ബന്ധപ്പെട്ട വില ഈടാക്കുന്നതും ഈ മോഡലിന്റെ പരിധിയില്‍ വന്നു.

നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുക, ലൈസന്‍സുകള്‍ പുതുക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇലക്‌ട്രോണിക്‌സ്‌ സംവിധാനത്തിലൂടെ വാണിജ്യസ്ഥാപനവും സര്‍ക്കാരും തമ്മില്‍ നിര്‍വഹിക്കുന്നതാണ്‌ ബിസിനസ്‌ ടു ഗവണ്‍മെന്റിന്റെ (B2G) മോഡലില്‍ ഉള്‍പ്പെടുന്നത്‌. ഉപഭോക്താക്കള്‍ തമ്മില്‍ സാധനങ്ങളും സേവനങ്ങളും കൈമാറ്റം ചെയ്യുന്ന പ്രക്രിയയാണ്‌ കണ്‍സ്യൂമര്‍ ടു കണ്‍സ്യൂമര്‍ (C2C) മോഡല്‍. പഴയ സാധനങ്ങള്‍, അപൂര്‍വശേഖരങ്ങള്‍ എന്നിവയാണ്‌ ഉപഭോക്താക്കള്‍ തമ്മില്‍ സാധാരണ നിലയില്‍ കൈമാറുക. നികുതിരേഖകള്‍, നഷ്‌ടപരിഹാരം, മറ്റു സേവനങ്ങള്‍ തുടങ്ങിയ ഇനങ്ങളില്‍ സര്‍ക്കാരും ഉപേഭാക്താവുമായി നടത്തുന്ന ഇടപാടുകളാണ്‌ കണ്‍സ്യൂമര്‍ ടു ഗവണ്‍മെന്റ്‌ (C2G) മോഡലില്‍ ഉണ്ടാവുക.

വിവിധകണ്ണികള്‍. കംപ്യൂട്ടറും നെറ്റ്‌വര്‍ക്കുമാണ്‌ ഇ-കോമേഴ്‌സിന്‌ അനിവാര്യമായിട്ടുള്ള കണ്ണികള്‍. ആഗോളതലത്തില്‍ നെറ്റ്‌വര്‍ക്കുകളുടെ നെറ്റ്‌വര്‍ക്കായ ഇന്റര്‍നെറ്റ്‌, കംപ്യൂട്ടറുകളെ ലോകവ്യാപകമായി ബന്ധിപ്പിക്കുന്നു. വിവരശേഖരണത്തിനും വിതരണത്തിനും കൈമാറ്റത്തിനുമായി ജനങ്ങള്‍ ഇന്റര്‍നെറ്റിനെ വ്യാപകമായി ആശ്രയിക്കുന്നുണ്ട്‌. വാണിജ്യാടിസ്ഥാനത്തില്‍ വെബ്‌സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ സൃഷ്‌ടിക്കുവാനും വിപണനത്തിനും പരസ്യത്തിനുംവേണ്ടി അവ ഉപയോഗപ്പെടുത്തുവാനും സാധിക്കുന്നു. പുസ്‌തകങ്ങള്‍, വായനശാലകള്‍, ദിനപത്രങ്ങള്‍, വാരികകള്‍, മാസികകള്‍, മറ്റു പ്രസിദ്ധീകരണങ്ങള്‍, വോയ്‌സ്‌ ഓവര്‍ ഇന്റര്‍നെറ്റ്‌ പ്രാട്ടോക്കോള്‍ (VOIP), സ്‌ട്രീമിങ്‌ വിഡിയോ തുടങ്ങിയവ ഒരുമിച്ച്‌ കാര്യക്ഷമതയോടെ ലഭിക്കുന്ന ഇന്റര്‍നെറ്റാണ്‌ ഇ-കോമേഴ്‌സിന്റെ അടിത്തറ. പേഴ്‌സണല്‍ കംപ്യൂട്ടര്‍, മോഡം, കേബിള്‍ കണക്ഷന്‍ (അല്ലെങ്കില്‍ അംഗീകൃത ഇന്റര്‍നെറ്റ്‌ സേവന ദാതാക്കളില്‍ നിന്നുള്ള ഇന്റര്‍നെറ്റ്‌ കണക്ഷനും ടെലിഫോണ്‍ കണക്ഷനും) ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ലഭിക്കാനുള്ള സോഫ്‌റ്റ്‌വെയര്‍ എന്നിവ ഇ-കോമേഴ്‌സിന്‌ ആവശ്യമാണ്‌.

ശബ്‌ദം, ചിത്രം, അക്ഷരം (ടെക്‌സ്റ്റ്‌) എന്നീ രൂപങ്ങളിലുള്ള ആശയവിനിമയം ഇന്റര്‍നെറ്റ്‌ സാധ്യമാക്കുന്നു. ഒരു കാര്‍ സ്വന്തമായി വാങ്ങി സ്വയം ഓടിക്കുന്ന ഒരാള്‍ എത്രകണ്ട്‌ മോട്ടോര്‍ മെക്കാനിസം അറിഞ്ഞിരിക്കണമോ അത്രകണ്ട്‌ സാങ്കേതിക കാര്യമേ വ്യാപാരിക്കും ഉപേഭാക്താവിനും ഇ-കോമേഴ്‌സുമായി ബന്ധപ്പെട്ട്‌ ഇന്റര്‍നെറ്റിനെക്കുറിച്ചും കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും അറിയേണ്ടതുള്ളൂ. ഇന്റര്‍നെറ്റിന്റെ വാണിജ്യപരമായ ഉപയോഗങ്ങള്‍ക്ക്‌ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ 1991-ലാണ്‌ എടുത്തുമാറ്റിയത്‌. ഇന്റര്‍നെറ്റിന്‌ വന്‍പ്രചാരം ലഭിക്കാന്‍ തുടങ്ങിയത്‌ വാണിജ്യാവശ്യങ്ങള്‍ക്കുവേണ്ടി ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതോടെയാണ്‌. സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും വില നിശ്ചയിക്കാനും ആകൃതി, വലുപ്പം, ഫാഷന്‍, മാതൃക തുടങ്ങി നിറം വരെ നിര്‍ണയിക്കാനും ഇന്റര്‍നെറ്റ്‌ വേദിയൊരുക്കി. ഇത്‌ ഒരു പുതിയ വാണിജ്യസംസ്‌കാരത്തിന്‌ തന്നെ സാഹചര്യം സൃഷ്‌ടിച്ചു.

സ്ഥാപനവിഭവ ആസൂത്രണം, ഉപഭോക്തൃവിഭവ മാനേജ്‌മെന്റ്‌, വിതരണ വിപണന ശൃംഖലാമാനേജ്‌മെന്റ്‌, പ്രവര്‍ത്തനവിഭവമാനേജ്‌മെന്റ്‌, സ്ഥാപനവിഭവസംയോജനം, വിശകലനവും തീരുമാനമെടുക്കലും എന്നിങ്ങനെ ആറുതട്ടുകളിലായാണ്‌ ഇ-കോമേഴ്‌സിന്റെ പ്രവര്‍ത്തനം പൊതുവേ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്‌. മാത്രമല്ല, ഇ-കോമേഴ്‌സുമായി ബന്ധപ്പെട്ട കുറേ ഇടനിലക്കാരുമുണ്ട്‌. സെര്‍വര്‍, നെറ്റ്‌വര്‍ക്ക്‌ കാര്‍ഡ്‌ മുതലായവ നല്‌കുന്ന ഉപകരണപ്രാക്താക്കള്‍, നെറ്റ്‌വര്‍ക്ക്‌ ബന്ധം ഒരുക്കുന്നവര്‍, വിജ്ഞാനവിതരണം നടത്തുന്നവര്‍, പണമിടപാടുകളുടെ ഇടനിലക്കാര്‍, ധനകാര്യ ഇടനിലക്കാര്‍, വെബ്‌സൈറ്റ്‌ ഹോസ്റ്റ്‌ ചെയ്യുന്നവര്‍, ഇന്‍ഫര്‍മേഷന്‍ ഡിറക്‌റ്ററി ഒരുക്കുന്നവര്‍, വിജ്ഞാനമേന്മ നിശ്ചയിക്കുന്നവര്‍ തുടങ്ങി ഇടനിലക്കാരുടെ പട്ടിക ഇനിയും നീളുന്നു.

ഇ-കോമേഴ്‌സിലേക്ക്‌ പ്രവേശിക്കാന്‍ ഒരു വാണിജ്യസ്ഥാപനം ചില നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്‌. യുക്തിഭദ്രമായ അന്വേഷണങ്ങളിലൂടെ നൂതന ഉത്‌പന്നങ്ങളും സേവനങ്ങളും കണ്ടെത്തുക, വിപണിയിലെ ആവശ്യമനുസരിച്ച്‌ അവയെ രൂപപ്പെടുത്തുക, ഇടപാടുകാരുമായി ബന്ധപ്പെടാനാവശ്യമായ ഉപകരണങ്ങള്‍ ഒരുക്കുക, ആവശ്യമായ സാങ്കേതികസഹായം തേടുക, വെബ്‌സൈറ്റ്‌ നിര്‍മിക്കുക, വില്‌പന കൈകാര്യം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുക, ഉപഭോക്താവിന്റെ സംതൃപ്‌തി മുന്‍നിര്‍ത്തി സേവനക്രമം ആവിഷ്‌കരിക്കുക, പരസ്യം നടത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കുക, വീഴ്‌ചകളെക്കുറിച്ചും കോട്ടങ്ങളെക്കുറിച്ചും വിശകലനം നടത്തുക തുടങ്ങിയ നടപടിക്രമങ്ങള്‍ അവശ്യമായി ചെയ്യേണ്ടിവരും.

ഇ-ക്യാഷ്‌, ഇ-ചെക്ക്‌, ഡെബിറ്റ്‌ കാര്‍ഡ്‌, ക്രഡിറ്റ്‌ കാര്‍ഡ്‌ തുടങ്ങിയ ഉപാധികളാണ്‌ ഇ-കോമേഴ്‌സ്‌ ഇടപാടുകളില്‍ പണം കൊടുക്കുന്നതിനുവേണ്ടി ഉപയോഗപ്പെടുത്തുന്നത്‌. സാമ്പത്തിക, സാമൂഹിക, നിയമ, സുരക്ഷിത, പരിസ്ഥിതി, സാങ്കേതിക ഘടകങ്ങള്‍ ഇ-കോമേഴ്‌സിനെ ഗണ്യമായി സ്വാധീനിക്കുന്നുണ്ട്‌.

(ഡോ. എം. ശാര്‍ങ്‌ഗധരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍