This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്‌ട്രോണികോപകരണങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഇലക്‌ട്രോണികോപകരണങ്ങള്‍

Electronic equipments

ഇലക്‌ട്രോണിന്റെ സവിശേഷതകളെ അടിസ്ഥാനമാക്കി നിര്‍മിക്കപ്പെടുന്ന ഉപകരണങ്ങള്‍. ഇലക്‌ട്രോണികം എന്ന ശാസ്‌ത്രവിഭാഗത്തിന്റെ ആവിര്‍ഭാവം അളവുപകരണങ്ങളുടെ സാങ്കേതികവിദ്യയില്‍ ഒരു പുതിയ ഉണര്‍വു സൃഷ്‌ടിച്ചു. ഒരതിര്‍ത്തിവരെ, ആധുനികകാലത്തുണ്ടായ അഭൂതപൂര്‍വമായ ശാസ്‌ത്രീയ-വ്യാവസായിക പുരോഗതിക്ക്‌ ഇതു കാരണമായും തീര്‍ന്നു. ഇലക്‌ട്രോണികോപകരണങ്ങളുടെ പ്രവര്‍ത്തനത്തിനാധാരം ഇലക്‌ട്രോണുകളുടെ വൈദ്യുത-കാന്തികമണ്ഡലങ്ങളിലൂടെയുള്ള പ്രവാഹസവിശേഷതകളാണ്‌. അവയില്‍ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്‌: നിര്‍ണേയപരിമാണത്തിന്റെ സൂക്ഷ്‌മമായ ഏറ്റക്കുറച്ചിലുകള്‍പോലും കണ്ടുപിടിക്കത്തക്ക അതിസൂക്ഷ്‌മത, നിസ്സാര സമയത്തിനുള്ളില്‍ അളവെടുക്കത്തക്ക അതിവേഗം (ശാസ്‌ത്ര-വ്യവസായ മണ്ഡലങ്ങളില്‍ നിത്യ സാധാരണമായ സ്വാത്മക നിയന്ത്രണ സംവിധാനങ്ങളില്‍-automatic control systems ഈ ഗുണത്തിന്‌ വളരെ പ്രസക്തിയുണ്ട്‌); നിര്‍ണേയപരിമാണത്തിന്റെ ദ്രുതഗതിയിലുള്ള വ്യതിയാനങ്ങള്‍ നിര്‍ണയിക്കത്തക്ക വിശാല ചലനാത്മക പരാസം (wide dynamic range), തികഞ്ഞ ആനുപാതികത, മികച്ച ആവര്‍ത്തനക്ഷമത, ഉയര്‍ന്ന കൃത്യത, ചുരുങ്ങിയ ഊര്‍ജവ്യയം.

ഈ ഗുണവിശേഷങ്ങള്‍ നിമിത്തം ആധുനികമാപനവിദ്യയുടെ അസ്‌തിവാരംതന്നെ ഇലക്‌ട്രോണികോപകരണങ്ങളില്‍ സ്ഥിതിചെയ്യുന്നു എന്നു പറയാം. ഏതൊരു ഇലക്‌ട്രോണികോപകരണത്തിന്റെയും അടിസ്ഥാനഘടകമാണ്‌ സംവേദകങ്ങള്‍ transducers).ഒരുതരത്തിലുള്ള ഊര്‍ജത്തെയും മറ്റൊരിനം ഊര്‍ജമാക്കി മാറ്റുന്നതിനുള്ള ഉപകരണമാണ്‌ സംവേദകം. ഇലക്‌ട്രോണിക എന്‍ജിനീയറിങ്ങില്‍ ഇത്‌ ഏതുതരത്തിലുള്ള ഊര്‍ജത്തെയും വൈദ്യുതോര്‍ജമാക്കി മാറ്റുന്നതിനുള്ള ഉപാധിയാണ്‌. നോ. കംപ്യൂട്ടര്‍

സംവേദകങ്ങള്‍

പ്രകൃതിയിലെ വൈദ്യുതേതര പ്രതിഭാസങ്ങളെ വൈദ്യുതസത്ത(entity)കളാക്കി (ഡേറ്റയെ സമധര്‍മ വൈദ്യുത പരിമാണങ്ങളാക്കി) മാറ്റുന്ന ഉപാധികള്‍. ഇവയുടെ അസാന്നിധ്യത്തില്‍ വൈദ്യുതേതരപ്രതിഭാസങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇലക്‌ട്രോണികോപകരണങ്ങള്‍ അശക്തങ്ങളാകുന്നു.

പ്രവര്‍ത്തനരീതിയെ ആധാരമാക്കി ഇവയെ പൊതുവേ അക്രിയാത്മകങ്ങള്‍, ക്രിയാത്മകങ്ങള്‍ എന്നിങ്ങനെ രണ്ടായി തിരിക്കാം. ഇവയില്‍ ആദ്യത്തെ വര്‍ഗത്തില്‍പ്പെടുന്നവയുടെ പ്രവര്‍ത്തനത്തിന്‌ ബാഹ്യമായ വൈദ്യുതോത്തേജനം ആവശ്യമാണ്‌. രണ്ടാമത്തെ വകുപ്പില്‍പ്പെട്ടവ വൈദ്യുതസിഗ്നലുകള്‍ സ്വയം സൃഷ്‌ടിക്കുന്നു. തെര്‍മിസ്റ്ററുകള്‍, സ്റ്റ്രയിന്‍ഗേജുകള്‍, എല്‍.വി.ഡി.ടി.കള്‍ (L.V.D,T.: Linear Variable Differential Transformers), ഫോട്ടോ കണ്ടക്‌ടറുകള്‍ മുതലായവ അക്രിയാത്മക സംവേദകങ്ങളാണ്‌. ഇവയില്‍ തെര്‍മിസ്റ്ററുകള്‍ എന്നറിയപ്പെടുന്ന അര്‍ധചാലക (Semi-conductor) നിര്‍മിതമായ വൈദ്യുതഘടകങ്ങളുടെ രോധം താപനില കൂടുന്തോറും കുറഞ്ഞുവരുന്നു. ഈ ഗുണവിശേഷത്തെ ഉപജീവിച്ച്‌ ബ്രിഡ്‌ജുകളുടെ സഹായത്താല്‍, അജ്ഞാതതാപനിലകള്‍ നിര്‍ണയിക്കാന്‍ കഴിയുന്നു. സ്റ്റ്രയിന്‍ഗേജുകള്‍, ഒരു നേരിയ കമ്പിയുടെ നീളത്തിനോ വച്ചത്തിനോ വരുന്ന വ്യതിയാനങ്ങള്‍ അതിന്റെ വൈദ്യുതരോധത്തില്‍ വരുത്തുന്ന മാറ്റങ്ങളെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്നു. മര്‍ദം, തൂക്കം, ബലം (force), ചുഴറ്റല്‍ ശക്തി (torque), യന്ത്രഭാഗങ്ങളുടെ സ്‌പന്ദനങ്ങള്‍, ഒഴുക്ക്‌ എന്നു തുടങ്ങി നിരവധി വൈദ്യുതേതര പരിമാണങ്ങള്‍ അളക്കുവാന്‍ ഇവ ഉപകരിക്കുന്നു. എല്‍.വി.ഡി.ടി.കള്‍ ട്രോന്‍സ്‌ഫോര്‍മറുകളുടെ തത്ത്വം ഉപയോഗിച്ച്‌ യന്ത്രഭാഗങ്ങളുടെ സ്ഥാനവ്യതിചലനങ്ങള്‍ നിര്‍ണയിക്കുന്നു. ട്രോന്‍സ്‌ഫോര്‍മറിന്റെ പ്രമറി, സെക്കന്‍ഡറി കമ്പിച്ചുരുളുകള്‍ വരിഞ്ഞ കാന്തികക്കാമ്പിനെ (magnetic core) യന്ത്രഭാഗത്തിന്റെ ചലനങ്ങള്‍ക്കനുസരിച്ച്‌ ചലിപ്പിക്കുമ്പോള്‍ സെക്കന്‍ഡറിയുടെ വോള്‍ട്ടേജിനു വരുന്ന മാറ്റങ്ങള്‍ വഴിയാണ്‌ ഇവ പ്രവര്‍ത്തിക്കുന്നത്‌. പ്രാകാശിക ചാലകങ്ങള്‍ പ്രകാശസംവേദകങ്ങളായ വൈദ്യുതരോധകങ്ങളാണ്‌. കാഡ്‌മിയം സള്‍ഫൈഡ്‌ എന്ന പദാര്‍ഥം കൊണ്ടു നിര്‍മിതമായ ഈ വൈദ്യുതഘടകങ്ങളുടെ രോധം, അവയില്‍ പതിക്കുന്ന പ്രകാശത്തിന്റെ തീവ്രതയ്‌ക്കനുസരിച്ച്‌ കുറയുന്നു. ഈ ഗുണവിശേഷത്തെ ഉപജീവിച്ച്‌ ബ്രിഡ്‌ജുകളുടെ സഹായത്തോടെ പ്രകാശതീവ്രത (light intensity) അളക്കാം.

ക്രിയാത്മക സംവേദകങ്ങളില്‍ താപവൈദ്യുതദ്വന്ദ്വങ്ങള്‍ (thermo electric couples), പ്രകാശ-വൈദ്യുത സംവേദകങ്ങള്‍ (Photo electric transducers), പീസോ ഇലക്‌ട്രിക്‌ ക്രിസ്റ്റലുകള്‍, "ഹാള്‍ പ്രതിഭാസ' സംവേദകങ്ങള്‍ (Hall effect transducers)എന്നിവ ഉള്‍പ്പെടുന്നു.

രണ്ടു വിഭിന്ന ലോഹക്കമ്പികളുടെ അറ്റങ്ങള്‍ സന്ധിപ്പിച്ചശേഷം, ഈ സന്ധികള്‍ രണ്ടു വ്യത്യസ്‌ത താപനിലകള്‍ക്കു വിധേയമാക്കുമ്പോള്‍ സന്ധികള്‍ക്കിടയില്‍ ഒരു വൈദ്യുത പ്രഭാവം (Potential) പ്രത്യക്ഷപ്പെടുന്നു. ഈ പ്രഭാവം സന്ധികളുടെ താപനിലകളിലുള്ള അന്തരത്തിന്‌ ആനുപാതികമായിരിക്കും. താപ-വൈദ്യുത ദ്വന്ദ്വങ്ങള്‍ ഈ പ്രതിഭാസത്തെ പ്രയോജനപ്പെടുത്തി അജ്ഞാതതാപനിലകള്‍ നിര്‍ണയിക്കുന്നു. ക്രാമല്‍, അലുമല്‍ എന്നീ ലോഹസംയുക്തങ്ങളാണ്‌ ഇതിന്‌ സാധാരണ ഉപയോഗിക്കുന്നത്‌. പ്രകാശസംവേദകങ്ങള്‍ രണ്ടുവിധത്തിലുണ്ട്‌; ഇവയില്‍ ഒരിനം പ്രകാശത്തിന്റെ തീവ്രതയ്‌ക്കാനുപാതികമായി വൈദ്യുതിപ്രവാഹം സൃഷ്‌ടിക്കുന്നു. ശൂന്യബള്‍ബിനുള്ളില്‍ സ്ഥിതിചെയ്യുന്ന, പ്രകാശം തട്ടുമ്പോള്‍ ഇലക്‌ട്രോണ്‍ വമിക്കുന്ന കാഥോഡും ഇലക്‌ട്രോണുകളെ ആകര്‍ഷിക്കുന്ന ആനോഡും അടങ്ങിയതാണിത്‌. കാഥോഡിനും ആനോഡിനും ഇടയ്‌ക്ക്‌ ഒരു വോള്‍ട്ടേജ്‌ ഏര്‍പ്പെടുത്തുമ്പോള്‍, കാഥോഡില്‍ പതിക്കുന്ന പ്രകാശത്തിന്റെ തീവ്രതയ്‌ക്ക്‌ ആനുപാതികമായ വൈദ്യുതപ്രവാഹം ബാഹ്യവൈദ്യുത വലയത്തില്‍ സൃഷ്‌ടിക്കപ്പെടുന്നു. ദ്വിതീയോത്സര്‍ജനം (secondary emission) എന്നറിയപ്പെടുന്ന പ്രതിഭാസമുപയോഗിച്ച്‌ ഇവയുടെ ശക്തി വര്‍ധിപ്പിക്കാം. ഇത്തരം ഉപകരണങ്ങളില്‍ കാഥോഡിനും ആനോഡിനും ഇടയില്‍ നിരവധി ദ്വിതീയ കാഥോഡുകള്‍ (secondary cathodes) ഉപയോഗിക്കുന്നു. ഇവയില്‍ പതിക്കുന്ന ഓരോ ഇലക്‌ട്രോണിനും പകരം നിരവധി ദ്വിതീയ ഇലക്‌ട്രോണുകള്‍ ഉതിര്‍ക്കപ്പെടുന്നു. ഇങ്ങനെയുള്ള നിരവധി ദ്വിതീയകാഥോഡുകളുടെ സഹായത്താല്‍ കാഥോഡില്‍ പതിക്കുന്ന ഏറ്റവും ചെറിയ പ്രകാശംപോലും ലക്ഷക്കണക്കിനു മടങ്ങ്‌ (സാധാരണയായി 106 വരെ) വര്‍ധിപ്പിക്കാന്‍ കഴിയുന്നു. ഇത്തരം ഉപകരണങ്ങള്‍ പ്രകാശബഹുലീകാരങ്ങള്‍ (photomultipliers)എന്നറിയപ്പെടുന്നു.

മറ്റൊരുതരം പ്രകാശസംവേദകങ്ങള്‍ പ്രകാശതീവ്രതയ്‌ക്കനുസരിച്ച വോള്‍ട്ടത നല്‌കുന്നു. സൗരോര്‍ജത്തില്‍നിന്ന്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന സൗരസെല്ലുകള്‍ (solar cells) ഇവയില്‍പ്പെടുന്നു. ഇവ സാധാരണയായി സിലിക്കണ്‍ എന്ന അര്‍ധചാലകപദാര്‍ഥത്താല്‍ നിര്‍മിക്കപ്പെടുന്നു.

ഹാള്‍ പ്രതിഭാസത്തെ അവലംബിക്കുന്ന സംവേദകങ്ങള്‍, ഒരു കാന്തികമണ്ഡലത്തിന്റെ തീവ്രതയ്‌ക്കാനുപാതികമായ വോള്‍ട്ടത നല്‌കുന്നു. പീസോ ഇലക്‌ട്രിക്‌ ക്രിസ്റ്റലുകള്‍ സ്വന്തം ആകൃതിയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസൃതമായ വോള്‍ട്ടേജുകള്‍ നല്‌കുന്നു. ഇവ യാന്ത്രിക സ്‌പന്ദനങ്ങള്‍ (mechanical vibrations), ശബ്‌ദതരംഗങ്ങള്‍ മുതലായവയെ സമധര്‍മവൈദ്യുത സിഗ്നലുകളാക്കി മാറ്റാന്‍ ഉപയോഗപ്പെടുത്തുന്നു. വിവിധയിനം സംവേദകങ്ങളില്‍ പ്രതിനിധാനസ്വഭാവമുള്ള ഏതാനും ചിലതു മാത്രമാണ്‌ ഇപ്പറഞ്ഞവ. വിവിധ ശാസ്‌ത്ര, വ്യാവസായിക മണ്ഡലങ്ങളില്‍ വേറെയും നിരവധിയിനം സംവേദകങ്ങള്‍ ഉപയോഗിക്കപ്പെടുന്നു.

മീറ്ററുകള്‍

മുന്‍കൂട്ടി അംശാങ്കനം നടത്തിയ സ്‌കെയിലില്‍ക്കൂടിയുള്ള ഒരു സൂചികയുടെ നീക്കം വഴി അളവു രേഖപ്പെടുത്തുന്ന ഉപകരണങ്ങളാണ്‌ ഇവയിലധികവും. വൈദ്യുതിയുടെ അടിസ്ഥാനപരിമാണങ്ങളായ വോള്‍ട്ടേജ്‌, വൈദ്യുത തീവ്രത, പ്രതിരോധം, പവര്‍ മുതലായവ അളക്കുവാനാണ്‌ ഇവ കൂടുതലായുപയോഗിക്കുന്നത്‌. അതനുസരിച്ച്‌ ഇവ യഥാക്രമം വോള്‍ട്ട്‌മീറ്റര്‍, അമ്മീറ്റര്‍, ഓംമീറ്റര്‍, വാട്ട്‌മീറ്റര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. അളവുകള്‍ സംഖ്യാരൂപത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മീറ്ററുകളും ഉണ്ട്‌. ഇവ സംഖ്യാമീറ്ററുകളെന്നറിയപ്പെടുന്നു. മീറ്ററുകളെ പൊതുവേ വൈദ്യുത കാന്തിക മീറ്ററുകള്‍, ഇലക്‌ട്രോണിക മീറ്ററുകള്‍ എന്നിങ്ങനെ രണ്ടായി തിരിക്കാം.

വൈദ്യുതകാന്തിക മീറ്റര്‍

ഇവ വൈദ്യുതകാന്തിക പ്രതിഭാസങ്ങളെ അവലംബിച്ചു പ്രവര്‍ത്തിക്കുന്നു. അടിസ്ഥാനപരമായി ഇവയെല്ലാംതന്നെ വൈദ്യുതിപ്രവാഹത്തെയാണ്‌ നേരിട്ട്‌ അളന്നെടുക്കുന്നത്‌. സ്വന്തം ഘടനാവിശേഷം കാരണം നിര്‍ണേയപരിമാണത്തിന്‌ ആനുപാതികമായ ഒരു വൈദ്യുതിപ്രവാഹം മീറ്ററിന്‌ അനുഭവവേദ്യമാകുന്നു. ഈ പ്രവാഹത്തിന്റെ തോത്‌ മീറ്ററിന്റെ സ്‌കെയിലില്‍ അനുയോജ്യമാത്രകളില്‍ രേഖപ്പെടുത്തിയിരിക്കും. പ്രത്യാവര്‍ത്തി-നേര്‍ധാരകള്‍ അളക്കുന്നതിന്‌ വ്യത്യസ്‌ത സംവിധാനങ്ങളോടുകൂടിയ മീറ്ററുകളാണ്‌ ഉപയോഗിക്കുന്നത്‌.

നേര്‍ധാരാ മീറ്ററുകളില്‍ പ്രചാരമുള്ളത്‌ ഡി ആര്‍സന്‍വാള്‍ (D'Arsonval) ചലനമീറ്ററുകളാണ്‌. സ്ഥിരകാന്തികമണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന കമ്പിച്ചുരുളിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ ഒരു ചുഴറ്റുബലത്തിനു വിധേയമായി കമ്പിച്ചുരുള്‍ ഘര്‍ഷണരഹിതമായ ഒരച്ചുതണ്ടില്‍ കറങ്ങാന്‍ ശ്രമിക്കുന്നു. രണ്ടു സ്‌പ്രിങ്ങുകള്‍ ഈ കറക്കം തടയുന്നു. സ്ഥിരാവസ്ഥയില്‍, അച്ചുതണ്ടിനോടു ഘടിപ്പിച്ച ഒരു സൂചിക സ്‌കെയിലില്‍ അളവു കാണിക്കുന്നു. ഇത്തരം മീറ്ററുകളില്‍ സാധാരണ രണ്ടുതരം സ്‌കെയിലുകള്‍ ഉപയോഗിക്കാറുണ്ട്‌. സ്‌കെയിലിന്റെ ഇടത്തേ അറ്റത്തോ മധ്യഭാഗത്തോ പൂജ്യം രേഖപ്പെടുത്തിയവ ക്രമത്തില്‍ ഏകദിശാവൈദ്യുതിയും ദ്വിദിശാവൈദ്യുതിയും അളക്കുന്നതിനും വൈദ്യുതിപ്രവാഹത്തിന്റെ സാന്നിധ്യാസാന്നിധ്യങ്ങള്‍ തീര്‍ച്ചവരുത്തുന്നതിനും ഉപയോഗപ്പെടുന്നു. ഗാല്‍വനോമീറ്ററുകള്‍ എന്നറിയപ്പെടുന്ന ഉപകരണങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു.

പ്രത്യാവര്‍ത്തിമീറ്ററുകളില്‍ പ്രധാനമായത്‌ വൈദ്യുതഡൈനാമോമീറ്റര്‍ ആണ്‌. ചലനസ്വാതന്ത്യ്രമില്ലാത്ത രണ്ടു കമ്പിച്ചുരുളുകളില്‍ക്കൂടി വൈദ്യുതി പ്രവഹിക്കുമ്പോള്‍ സൃഷ്‌ടിക്കപ്പെടുന്ന ഒരു കാന്തികമണ്ഡലത്തില്‍, ഘര്‍ഷണരഹിതമായ ഒരച്ചുതണ്ടില്‍ കറങ്ങാന്‍ കഴിയുന്ന വിധം മറ്റൊരു കമ്പിച്ചുരുള്‍ സ്ഥിതിചെയ്യുന്നു. അളക്കേണ്ട വൈദ്യുതി ഈ മൂന്നു കമ്പിച്ചുരുളുകളില്‍ക്കൂടിയും പ്രവഹിക്കുമ്പോള്‍ ചലനോന്മുഖമായ കമ്പിച്ചുരുള്‍ ഒരു ചുഴറ്റല്‍ ബലത്തിന്‌ വിധേയമായി കറങ്ങാന്‍ ശ്രമിക്കുന്നു. ഈ നീക്കത്തെ രണ്ടു സ്‌പ്രിങ്ങുകള്‍ തടയുന്നു. സ്ഥിരാവസ്ഥയില്‍, അച്ചുതണ്ടിനോടു ഘടിപ്പിച്ച സൂചനാസ്‌കെയിലില്‍ വൈദ്യുതിയുടെ അളവു കാണിക്കുന്നു. ഇത്തരം മീറ്ററുകള്‍ ഉയര്‍ന്ന കൃത്യത പ്രദര്‍ശിപ്പിക്കുന്നുവെങ്കിലും ഇവയുടെ സംവേദനക്ഷമത (sensitivity) തുലോം പരിമിതമാണ്‌. മേല്‌പറഞ്ഞ മീറ്ററുകള്‍ വൈദ്യുത പൊട്ടന്‍ഷ്യല്‍ (electric potential), ധാര (current), പവര്‍ (power) മുതലായ പരിമാണങ്ങളുടെ വര്‍ഗമാധ്യ-മൂല(root mean square)ത്തിന്റെ മൂല്യം (value) ആണ്‌ നിര്‍ണയിക്കുന്നത്‌. അമ്മീറ്ററായി ഉപയോഗിക്കുമ്പോള്‍ മീറ്റര്‍ പരിപഥത്തില്‍ "ശ്രണി'(in series)യായി ഘടിപ്പിക്കുന്നു. വോള്‍ട്ട്‌മീറ്ററുകള്‍ പരിപഥത്തിലെ രണ്ടു ബിന്ദുക്കള്‍ക്കിടയില്‍ "സമാന്തരം' (parallel) ആയാണ്‌ ഘടിപ്പിക്കേണ്ടത്‌. ഡൈനാമോമീറ്ററുകള്‍ പവര്‍മീറ്ററുകളായുപയോഗിക്കുമ്പോള്‍, സ്ഥിര കമ്പിച്ചുരുളുകള്‍ ഊര്‍ജവ്യയം നടക്കുന്ന "ലോഡി'(load)നോട്‌ കച്ചിയായും, ചലനോന്മുഖ കമ്പിച്ചുരുള്‍ ലോഡിനു സമാന്തരമായും ഘടിപ്പിക്കുന്നു. ഈ അവസ്ഥയില്‍ മീറ്ററിലെ സൂചികയുടെ നീക്കം പവറിന്റെ പരിമാണമാണ്‌.

ഊര്‍ജവ്യയം അളക്കാനുപകരിക്കുന്ന മീറ്ററുകള്‍ ഊര്‍ജമീറ്ററുകള്‍ (energy meters)എന്നറിയപ്പെടുന്നു. ഒരു അച്ചുതണ്ടില്‍ കറങ്ങാന്‍ കഴിവുള്ള അലുമിനിയത്തട്ട്‌ ലോഹക്കാമ്പുകള്‍ക്ക്‌ ഉപരിവരിഞ്ഞ രണ്ടു കമ്പിച്ചുരുളുകള്‍ക്കിടയിലായി സ്ഥിതിചെയ്യുന്നു. ഇവയില്‍ വോള്‍ട്ടതാ കമ്പിച്ചുരുള്‍, ലോഡിനു സമാന്തരമായും (ചിത്രം 3) പ്രവാഹ കമ്പിച്ചുരുള്‍ ലോഡിനോടു "കച്ചി'യായും ഘടിപ്പിക്കുന്നു. പ്രവാഹ കമ്പിച്ചുരുള്‍ സൃഷ്‌ടിക്കുന്ന കാന്തികമണ്ഡലത്തിന്റെ ഫലമായി അലുമിനിയത്തട്ടില്‍ "ചുഴലിപ്രവാഹം' (eddy current) എന്നറിയപ്പെടുന്ന ഒരു പ്രത്യേക വൈദ്യുതപ്രവാഹം നടക്കുന്നു. വോള്‍ട്ടേഡ്‌ കമ്പിച്ചുരുള്‍ സൃഷ്‌ടിക്കുന്ന കാന്തികമണ്ഡലവും ചുഴലിപ്രവാഹവും തമ്മില്‍ നടക്കുന്ന പ്രതിപ്രവര്‍ത്തനഫലമായി അലുമിനിയത്തട്ട്‌ കറങ്ങുന്നു. ഒരു ക്ലിപ്‌തസമയത്തിനുള്ളിലുള്ള കറക്കങ്ങളുടെ എച്ചം ആ സമയത്തിനുള്ളില്‍ സംഭവിച്ച ഊര്‍ജവ്യയത്തിന്റെ പരിമാണമാണ്‌. ഗിയറുകള്‍വഴി അച്ചുതണ്ടിനോടു ഘടിപ്പിച്ച സൂചികള്‍ ഊര്‍ജമാത്രകളില്‍ കറക്കങ്ങളുടെ എച്ചം രേഖപ്പെടുത്തുന്നു. ഗാര്‍ഹിക വൈദ്യുതോപഭോഗ നിര്‍ണയത്തിന്‌ ഉപയോഗിക്കുന്ന മീറ്ററുകള്‍ ഇത്തരത്തിലുള്ളവയാണ്‌. ഇവ ഊര്‍ജവ്യയം കിലോവാട്ട്‌ മണിക്കൂര്‍ ആയി കാണിക്കുന്നു. 1000 വാട്ടുള്ള ഒരു ഉപകരണം ഒരു മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുമ്പോള്‍ ചെലവാകുന്ന ഊര്‍ജത്തിന്റെ അളവാണിത്‌.

ഇലക്‌ട്രോണിക മീറ്റര്‍

അനലോഗ്‌ മീറ്ററുകളെന്നും ഡിജിറ്റല്‍ മീറ്ററുകളെന്നും രണ്ടുവിധം ഇലക്‌ട്രോണിക മീറ്ററുകളുണ്ട്‌. അനലോഗ്‌മീറ്ററുകള്‍ സൂചികകളുടെ നീക്കംവഴി അളവു കുറിക്കുന്നു; ഡിജിറ്റല്‍ മീറ്ററുകള്‍ അളവുകളെ സംഖ്യാരൂപത്തില്‍ പ്രദര്‍ശിപ്പിക്കുന്നു.

അനലോഗ്‌ മീറ്റര്‍

അനലോഗ്‌ നേര്‍ധാരാ മീറ്ററുകളില്‍ അളക്കേണ്ട നേര്‍ധാരാ പരിമാണം ഒരു പ്രവര്‍ധകത്തിന്റെ (Amplifier) സഹായത്താല്‍ പരിപോഷിപ്പിക്കപ്പെട്ട ശേഷം (ചിത്രം 4) ഡി ആര്‍സന്‍വാള്‍ മീറ്റര്‍ മുഖാന്തരം അളക്കപ്പെടുന്നു. സൂക്ഷ്‌മപ്രായമായ വൈദ്യുത പരിമാണങ്ങളെ വികലമാകാത്ത രീതിയില്‍ പരിപോഷിപ്പിച്ച്‌ ഉയര്‍ന്ന പരിമാണങ്ങളാക്കാനുള്ള ഇലക്‌ട്രോണിക മാധ്യമങ്ങളാണ്‌ പ്രവര്‍ധകങ്ങള്‍.

അനലോഗ്‌ പ്രത്യാവര്‍ത്തി മീറ്ററുകളില്‍, പ്രത്യാവര്‍ത്തി പരിമാണത്തെ ആദ്യം ഒരു ഋജുവത്‌കരണി(rectifier)യുടെ സഹായത്താല്‍ നേര്‍ധാരയാക്കി മാറ്റുന്നു. തദനന്തരം ഈ പരിമാണം നേര്‍ധാര മീറ്ററിലെന്നപോലെ നിര്‍ണയിക്കപ്പെടുന്നു (ചിത്രം 5). ഉപയോഗക്രമമനുസരിച്ച്‌ അനലോഗ്‌ മീറ്ററുകള്‍ പല വിധത്തിലുണ്ട്‌. വിവിധോദ്ദേശ്യ മീറ്ററുകള്‍ (multimeters) വൈദ്യുതപ്രഭാവം, പ്രവാഹം, രോധം എന്നിവ അളക്കാനുപകരിക്കുന്നു. അതുപോലെ വോള്‍ട്ടതയെ കൃത്യമായി നിര്‍ണയിക്കുന്നതിനുള്ള സൂക്ഷ്‌മ വോള്‍ട്ട്‌ മീറ്ററുകളും (micro voltmeters) ഉണ്ട്‌. ഈ മീറ്ററുകളുപയോഗിക്കുന്ന പ്രവര്‍ധകങ്ങളുടെ ഘടനയനുസരിച്ച്‌, അനലോഗ്‌ മീറ്ററുകള്‍ പൊതുവേ രണ്ടുതരമുണ്ട്‌: വാല്‍വ്‌ നിര്‍മിതമായവ (vacuum tube) വാല്‍വ്‌ മീറ്ററുകളെന്നും ട്രോന്‍സിസ്റ്റര്‍ നിര്‍മിതമായവ ട്രോന്‍സിസ്റ്റര്‍ മീറ്ററുകളെന്നും അറിയപ്പെടുന്നു. ഇവയ്‌ക്ക്‌ പരിമിതമായ കൃത്യതയേയുള്ളുവെന്നതാണ്‌ ഏറ്റവും വലിയ ന്യൂനത. മാത്രമല്ല ഇവ സൂചിപ്പിക്കുന്ന അളവുകള്‍ സ്‌കെയില്‍ വായിക്കുമ്പോള്‍ വന്നുകൂടുന്ന പിശകുകള്‍ക്കു വിധേയവുമാണ്‌. ഈ കാരണങ്ങളാല്‍ വളരെ കൃത്യമായി എടുക്കേണ്ട അളവുകള്‍ക്ക്‌ അനലോഗ്‌ മീറ്ററുകള്‍ ഉപയോഗിക്കാന്‍ നിവൃത്തിയില്ല.

ഡിജിറ്റല്‍ മീറ്റര്‍

ഏറ്റവും ലളിതമായൊരു ഡിജിറ്റല്‍ മീറ്ററിനുപോലും അനലോഗ്‌ മീറ്ററിനെക്കാള്‍ കൂടുതല്‍ കൃത്യത ഉണ്ടായിരിക്കും. 0.005 ശതമാനവും അതിലുപരിയും കൃത്യത ഇത്തരം ഉപകരണങ്ങളില്‍ സാധാരണമാണ്‌. ഇവ ഉപയോഗിക്കുമ്പോള്‍, സ്‌കെയില്‍ വായിക്കുന്നതിലുള്ള തെറ്റുകള്‍ വരുന്നില്ലെന്നു മാത്രമല്ല, അളവെടുക്കല്‍ കൂടുതല്‍ സുഗമവും ശീഘ്രതരവും ആകുന്നു. മിക്കവാറും എല്ലാ ഡിജിറ്റല്‍ മീറ്ററുകളിലും പരിമാണത്തിന്റെ ധ്രുവത്വം (polarity) നിര്‍ണയിക്കുന്നതും മാപനവ്യാപ്‌തി (measuring range) തെരഞ്ഞെടുക്കുന്നതും സ്വാത്മക(automatic)മായിരിക്കും. ഇതിനു പുറമേ, നല്‌കുന്ന അളവുകളുടെ സംഖ്യാത്മക സ്വഭാവം കാരണം ഡിജിറ്റല്‍ കംപ്യൂട്ടറുകളുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്താനും ഇവയ്‌ക്കു കഴിയുന്നു. മേല്‌പറഞ്ഞ ഗുണവിശേഷങ്ങള്‍ നിമിത്തം ഡിജിറ്റല്‍ മീറ്ററുകള്‍ അനലോഗ്‌ മീറ്ററുകളെക്കാള്‍ വിലകൂടിയവയാണ്‌. എന്നാല്‍, ഇലക്‌ട്രോണികത്തിലെ നൂതനപ്രവണതകള്‍ നിമിത്തം ഇവയുടെ വില അനുക്രമം കുറയുന്നുണ്ട്‌.

ഈ മീറ്ററുകളുടെ സംവിധാനം ഡിജിറ്റല്‍ ഇലക്‌ട്രോണികത്തിലെ (Digital electronics) പല സാങ്കേതികവിദ്യകളെയും ആശ്രയിച്ചിരിക്കുന്നു. അവയുടെ അടിസ്ഥാനതത്ത്വങ്ങള്‍ മാത്രം തുടര്‍ന്നു പരിശോധിക്കാം:

വോള്‍ട്ടത-സമയപരിവര്‍ത്തനവിദ്യ. അളക്കേണ്ട വോള്‍ട്ടത ആനുപാതികമായ ഒരു കാലയളവായി മാറ്റപ്പെടുകയാണിവിടെ (ചിത്രം 6അ). വളരെ കൃത്യതയുള്ള ഒരു ദോലകത്തില്‍ (oscillator) നിന്നുണ്ടാകുന്ന നിശ്ചിത ആവൃത്തിയിലുള്ള സിഗ്നല്‍ അതേ ആവൃത്തിയിലുള്ള വൈദ്യുതസ്‌പന്ദനങ്ങളായി മാറ്റപ്പെട്ടശേഷം ഇലക്‌ട്രോണിക കവാടം (gate) വഴി ഗണനയന്ത്രത്തിലേക്കു നയിക്കപ്പെടുന്നു. കവാടം തുറന്നിരിക്കുന്ന കാലയളവ്‌ അളക്കേണ്ട വോള്‍ട്ടതയ്‌ക്ക്‌ ആനുപാതികമാക്കി നിയന്ത്രിക്കുന്നു. കവാടം വഴി എത്തിച്ചേരുന്ന സ്‌പന്ദനങ്ങളുടെ എച്ചം ഗണനയന്ത്രം തിട്ടപ്പെടുത്തുന്നു. അളക്കപ്പെടുന്ന വോള്‍ട്ടേജിന്റെ സംഖ്യാത്മകപരിമാണമാണ്‌ ഈ എണ്ണം.

വോള്‍ട്ടത-ആവൃത്തി പരിവര്‍ത്തനവിദ്യ. ഈ മാര്‍ഗത്തില്‍, അളക്കേണ്ട വോള്‍ട്ടത, അതിന്റെ പരിമാണത്തിന്‌ ആനുപാതികമായ ആവൃത്തിയിലുള്ള വൈദ്യുതസ്‌പന്ദനങ്ങളാക്കി മാറ്റിയശേഷം ഒരു ഗണനയന്ത്രത്തിലേക്കു നയിക്കപ്പെടുന്നു. ഇതിലാകട്ടെ ഒരു ക്ലിപ്‌ത കാലയളവിനുള്ളില്‍ ലഭിക്കുന്ന മൊത്തം സ്‌പന്ദനങ്ങളുടെ എച്ചം തിട്ടപ്പെടുത്തുന്നു. ഈ എച്ചം അളക്കപ്പെടുന്ന വോള്‍ട്ടതയുടെ ഡിജിറ്റല്‍ പരിമാണമാണ്‌. (ചിത്രം 6B).

മേല്‌പറഞ്ഞ മീറ്ററുകളില്‍ മിക്കവയും ഇലക്‌ട്രോണിക പരീക്ഷണശാലകളില്‍ നിത്യേന ഉപയോഗിക്കുന്നവയാണ്‌. ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഇത്തരം ഉപകരണങ്ങള്‍ നിര്‍മിക്കപ്പെടുന്നുണ്ട്‌.

ബ്രിഡ്‌ജ്‌ ഉപകരണങ്ങള്‍

ഇലക്‌ട്രോണിക പ്രവാഹവലയങ്ങളുടെ നിര്‍മാണഘടകങ്ങളായ റെസിസ്റ്റര്‍, കപ്പാസിറ്റര്‍, ഇന്‍ഡക്‌ടര്‍ എന്നിവയുടെ മൂല്യങ്ങള്‍ കൃത്യമായി അളക്കുവാനുപയോഗിക്കുന്ന ഉപകരണങ്ങളാണിവ. ബ്രിഡ്‌ജുകള്‍ എന്നറിയപ്പെടുന്ന ഒരു പ്രത്യേകതരം പ്രവാഹവലയങ്ങളെ ആധാരമാക്കി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്‌ ഇവയ്‌ക്ക്‌ ഈ പേരുണ്ടായത്‌. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെടുന്ന ഇത്തരം ബ്രിഡ്‌ജുകള്‍ക്ക്‌ സാധാരണ 0.1 ശതമാനം വരെ കൃത്യത ഉണ്ടായിരിക്കും.

വീറ്റ്‌സ്റ്റണ്‍ ബ്രിഡ്‌ജ്‌

റെസിസ്റ്ററുകളുടെ രോധം കൃത്യമായി അളക്കുവാനുള്ള ഉപകരണമാണിത്‌. ആ,ഇ എന്നീ ബിന്ദുക്കള്‍ക്കിടയില്‍ സൂക്ഷ്‌മതയേറിയ ഒരു ഡി ആര്‍സന്‍വാള്‍ ഗാല്‍വനോമീറ്റര്‍ ഘടിപ്പിച്ചിരിക്കും. ഇവയ്‌ക്കിടയില്‍ പൊട്ടന്‍ഷ്യല്‍ വ്യത്യാസം ഇല്ലാതാവുമ്പോള്‍ ഗാല്‍വനോമീറ്ററിലെ പ്രവാഹം നില്‌ക്കുന്നു. ഇത്‌ ബ്രിഡ്‌ജിന്റെ സമനിലയായി നിര്‍വചിച്ചിരിക്കുന്നു. ഈ നിലയില്‍ അജ്ഞാത റെസിസ്റ്ററായ R (x)ന്‌ R(3)-ഓടുള്ള അനുപാതം, R(2)-ന്‌ R(1)-ഓടുള്ള അനുപാതത്തിനു തുല്യമായിരിക്കും. R(x) ഒഴികെ മറ്റുള്ള റെസിസ്റ്ററുകളുടെ മൂല്യം അറിവുള്ളതിനാല്‍ ഈ ബന്ധം ഉപയോഗിച്ച്‌, അജ്ഞാത റെസിസ്റ്ററിന്റെ മൂല്യം നിര്‍ണയിക്കാം. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെടുന്ന ഇത്തരം ബ്രിഡ്‌ജുകളില്‍ R(2)-ഉം R(1)-ഉം തമ്മിലുള്ള അനുപാതം പത്തിന്റെ വര്‍ഗപ്പെരുക്കങ്ങളായി (ഉദാ. 10-2, 10-1, 102 മുതലായവ) നിര്‍ത്തുവാനുള്ള സൗകര്യമുണ്ടായിരിക്കും. ഉപകരണത്തിന്റെ മുന്‍വശത്തുള്ള ഒരു കൈപ്പിടി തിരിച്ച്‌ R(3)-ന്റെ പരിമാണത്തില്‍ തുടര്‍ച്ചയായ മാറ്റം വരുത്താം. സമനിലയില്‍ കൈപ്പിടിയുടെ നില, അജ്ഞാതറെസിസ്റ്ററിന്റെ പരിമാണത്തെ പ്രതിനിധീകരിക്കുന്നതിനാല്‍ ഇത്‌ ഓം ആയോ കിലോ ഓം ആയോ അടയാളപ്പെടുത്തിയിരിക്കും.

കപ്പാസിറ്റര്‍ ബ്രിഡ്‌ജ്‌

വീറ്റ്‌സ്റ്റണ്‍ ബ്രിഡ്‌ജിന്റെ തത്ത്വംതന്നെയാണ്‌ ഇവിടെയും ഉപയോഗപ്പെടുത്തുന്നത്‌. പക്ഷേ, ബ്രിഡ്‌ജിന്റെ ശാഖകളില്‍ റെസിസ്റ്ററുകളും കപ്പാസിറ്ററുകളും ഇടകലര്‍ത്തി ഉപയോഗിക്കുന്നു. മാത്രമല്ല ബ്രിഡ്‌ജിന്റെ ഉത്തേജനത്തിന്‌ ക്ലിപ്‌ത-ആവൃത്തിയിലുള്ള ഒരു പ്രത്യാവൃത്തിവോള്‍ട്ടേജ്‌ ഉപയോഗിക്കുന്നു. എല്ലാ കപ്പാസിറ്ററുകള്‍ക്കും അന്തര്‍ലീനമായി ഒരു വൈദ്യുതരോധം ഉണ്ടായിരിക്കും. ചിത്രത്തില്‍ R(x) അജ്ഞാത കപ്പാസിറ്ററിന്റെ അന്തര്‍ലീനരോധവും C(x) അതിന്റെ പരിമാണവുമാണ്‌. ബ്രിഡ്‌ജിന്റെ സമനിലയില്‍ R(x)ഉം R(2)ഉം തമ്മിലുള്ള അനുപാതം R(3)-ഉം R(1)-ഉം തമ്മിലുള്ള അനുപാതത്തിനു തുല്യമായിരിക്കും. അതുപോലെ C(x)-ഉം C(3)-ഉം തമ്മിലുള്ള അനുപാതം R(1)-ഉം R(2)-ഉം തമ്മിലുള്ള അനുപാതത്തിനു തുല്യമായിരിക്കും. ഈ ബന്ധം ഉപയോഗിച്ച്‌ അജ്ഞാതകപ്പാസിറ്ററിന്റെ മൂല്യവും അന്തര്‍ലീനരോധവും നിര്‍ണയിക്കുന്നു. വീറ്റ്‌സ്റ്റണ്‍ ബ്രിഡ്‌ജിലെന്നപോലെ, ബ്രിഡ്‌ജ്‌ സമനിലയിലെത്തിക്കാനുപയോഗിക്കുന്ന കറങ്ങുന്ന കൈപ്പിടികളുടെ നില ബന്ധപ്പെട്ട മാത്രകളില്‍ അടയാളപ്പെടുത്തിയിരിക്കും. ഇത്തരം ബ്രിഡ്‌ജുകള്‍ ചെറിയ മാത്രയിലുള്ള അന്തര്‍ലീനരോധങ്ങളോടുകൂടിയ കപ്പാസിറ്ററുകളുടെ മൂല്യം (ചിത്രം 8) നിര്‍ണയിക്കാന്‍ ഉപയോഗപ്പെടുന്നു. ഉയര്‍ന്ന അന്തര്‍രോധമുള്ള കപ്പാസിറ്ററുകള്‍ അളക്കുവാന്‍ ഈ ബ്രിഡ്‌ജ്‌ ചെറിയൊരു മാറ്റത്തോടെ ഉപയോഗിക്കുന്നു. ഇത്തരം ബ്രിഡ്‌ജില്‍ R(3)-ഉം C(3)-ഉം കച്ചിയായി ഘടിപ്പിക്കുന്നതിനുപകരം സമാന്തരമായി ഘടിപ്പിക്കുന്നു.

ഇന്‍ഡക്‌ടര്‍ ബ്രിഡ്‌ജ്‌

സാധാരണ രണ്ടുതരം ഇന്‍ഡക്‌ടറുകള്‍ ഉപയോഗിക്കുന്നു. ഗുണനിലവാരം കൂടിയവയും കുറഞ്ഞവയും. ഈ നിലവാരം "ക്യൂ' ഘടകം (Q-factor) എന്നറിയപ്പെടുന്നു. "ക്യൂ' കുറവായ ഇന്‍ഡക്‌ടറുകളുടെ അളവെടുക്കുവാന്‍ മാക്‌സ്‌വെല്‍ ബ്രിഡ്‌ജ്‌ ആണ്‌ ഉപയോഗിക്കുന്നത്‌. ബ്രിഡ്‌ജിന്റെ സമനിലയില്‍ താഴെക്കൊടുക്കുന്ന സമവാക്യങ്ങളുപയോഗിച്ച്‌ അജ്ഞാതമായ ഇന്‍ഡക്‌ടറിന്റെ മൂല്യം നിര്‍ണയിക്കാം.

L(x) = R(1) x R(3) x C(2)

R(x) = R(1) x R(3) x R(2)

ഗുണനിലവാരം കൂടിയ ഇന്‍ഡക്‌ടറുകള്‍ അളക്കുവാന്‍ "ഹേ' ബ്രിഡ്‌ജ്‌ ഉപയോഗിക്കുന്നു. (ചിത്രം 19)-ല്‍ R (2), C (2) എന്നിവ സമാന്തരമായി ഘടിപ്പിക്കുന്നതിനു പകരം "കച്ചി'യായി ഘടിപ്പിച്ചാല്‍ "ഹേ' ബ്രിഡ്‌ജായി. "ക്യൂ' പത്തില്‍ കൂടുതലുള്ളപ്പോള്‍ താഴെപ്പറയുന്ന സമവാക്യം വഴി ഇന്‍ഡക്‌ടറിന്റെ പരിമാണം നിര്‍ണയിക്കാം.

L(x) = R(2) x R(3) x D(1)

സാധാരണയായി വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെടുന്ന ബ്രിഡ്‌ജുപകരണങ്ങളില്‍ റെസിസ്റ്ററുകള്‍, കപ്പാസിറ്ററുകള്‍, ഇന്‍ഡക്‌ടറുകള്‍ എന്നിവ അളക്കുന്നതിനു സൗകര്യം ഉണ്ടായിരിക്കും. സര്‍വാവശ്യബ്രിഡ്‌ജുപകരണങ്ങള്‍ (Universal bridges) എന്നറിയപ്പെടുന്ന ഇവ ഇലക്‌ട്രോണിക പരീക്ഷണശാലകളില്‍ സ്ഥിരം ആവശ്യമാണ്‌. ഇന്ത്യയില്‍ പൊതു-സ്വകാര്യമേഖലകളിലുള്ള പല വ്യവസായ സ്ഥാപനങ്ങളും ഇത്തരം ബ്രിഡ്‌ജുകള്‍ നിര്‍മിക്കുന്നുണ്ട്‌. മേല്‌പറഞ്ഞവ കൂടാതെ ബ്രിഡ്‌ജ്‌ തത്ത്വം പരമാവധി ഇലക്‌ട്രോണികോപകരണങ്ങളിലെ സംവേദകപരിപഥത്തില്‍ ഉപയോഗപ്പെടുത്തുന്നു. സ്റ്റ്രയിന്‍ഗേജ്‌ (straingauge) ഉപകരണങ്ങള്‍, തെര്‍മോകപ്പിളുകള്‍ (thermocouples) തുടങ്ങിയവ ഇവയില്‍പ്പെടുന്നു.

പ്രദര്‍ശനോപകരണങ്ങള്‍

അളന്നെടുക്കുന്ന പരിമാണങ്ങള്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഉപകരണങ്ങള്‍ക്ക്‌ ഒരു ഉപാധി ആവശ്യമാണ്‌. മീറ്ററുകളില്‍ ഇതു സാധിക്കുന്നത്‌ ഒരു സ്‌കെയിലില്‍ക്കൂടിയുള്ള സൂചികയുടെ നീക്കം മുഖേനയാണ്‌. പക്ഷേ ചലനാത്മകതയേറിയ വൈദ്യുതചരമിതികളില്‍ (parameters) പരിമാണം പ്രദര്‍ശിപ്പിക്കുവാന്‍ മീറ്ററുകള്‍ക്കു കഴിവില്ല. ഇത്തരം ആവശ്യങ്ങള്‍ക്ക്‌ പ്രത്യേകം പ്രദര്‍ശനോപാധികള്‍ ഉപയോഗിക്കേണ്ടിയിരിക്കുന്നു. ഇവയില്‍ മുഖ്യം ദോലനദര്‍ശിനികള്‍, ദോലനഗ്രാഹികള്‍, എക്‌സ്‌-വൈ ആലേഖിനികള്‍ (X-Y plotters)എന്നിവയാണ്‌.

ദോലനദര്‍ശിനി

ഇലക്‌ട്രോണിക പ്രദര്‍ശനോപകരണങ്ങളില്‍ സുപ്രധാനമായ ഒന്നാണിത്‌. നേര്‍ധാരയുടെയും വളരെ ഉയര്‍ന്ന ആവൃത്തികളിലുള്ള പ്രത്യാവര്‍ത്തിവൈദ്യുതിയുടെയും പരിമാണങ്ങള്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഇവയ്‌ക്കു കഴിയുന്നു.

ഒരു കാഥോഡ്‌രശ്‌മിക്കുഴലില്‍ ഇലക്‌ട്രോണ്‍ ഗണ്‍ (electron gun) എന്നു വിളിക്കപ്പെടുന്ന ഭാഗത്തുനിന്നും (ചിത്രം 10) പുറപ്പെടുന്ന ഇലക്‌ട്രോണ്‍രശ്‌മി പ്രതിദീപ്‌ത(fluorescent) പേദാര്‍ഥങ്ങള്‍ പൂശിയിട്ടുള്ള ഒരു ഗ്ലാസ്‌ പ്രതലത്തില്‍ പതിക്കുവാന്‍ അനുവദിക്കപ്പെടുന്നു. ഇപ്രകാരം രശ്‌മി പ്രതലത്തില്‍ പതിക്കുമ്പോള്‍, അതില്‍ ഒരു പ്രകാശബിന്ദു പ്രത്യക്ഷപ്പെടുന്നു. രശ്‌മി, നീങ്ങുന്ന ദിശയിലേക്കുതന്നെ പ്രകാശബിന്ദുവും നീങ്ങുന്നു. രശ്‌മി പിന്‍വലിക്കപ്പെട്ടാലും പ്രകാശബിന്ദു, പ്രതലത്തിലെ രാസപദാര്‍ഥങ്ങളുടെ പ്രത്യേകതകൊണ്ട്‌ അല്‌പസമയംകൂടി ദൃശ്യമായിരിക്കും. ഇങ്ങനെ സംഭവിക്കുന്നതുകൊണ്ട്‌ കച്ചിന്റെ പ്രകാശബിന്ദുവിന്റെ ചലനം പ്രതലത്തില്‍ തുടര്‍ച്ചയായി തോന്നുകയും രൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്‌ ദൃഷ്‌ടാവിന്‌ അനുഭവപ്പെടുകയും ചെയ്യുന്നു. ഇലക്‌ട്രോണ്‍ രശ്‌മിയെ വൈദ്യുതമോ കാന്തികമോ ആയ മണ്ഡലങ്ങളില്‍ വ്യതിചലിപ്പിക്കുവാന്‍ സാധിക്കുന്നു. ഇപ്രകാരം വ്യതിചലിപ്പിക്കുന്നതിന്‌ ചിലയിനം കാഥോഡ്‌രശ്‌മിക്കുഴലില്‍ വൈദ്യുതമണ്ഡലവും മറ്റു ചിലതില്‍ കാന്തികമണ്ഡലവും ഉപയോഗപ്പെടുത്തുന്നു. ഇങ്ങനെ രണ്ടു പ്രധാനതരം ദര്‍ശിനികള്‍ ലഭ്യമാണ്‌ (കാന്തികമണ്ഡലം കൂടുതലും ടെലിവിഷനിലാണ്‌ ഉപയോഗിക്കുന്നത്‌). വൈദ്യുതമണ്ഡലം ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ പരസ്‌പരലംബങ്ങളായ രണ്ടുസെറ്റ്‌ വ്യതിചലന തകിടുകള്‍ (deflection plates) ഉപയോഗിക്കുന്നു (ചിത്രം). ഈ പ്ലേറ്റുകളില്‍ രണ്ടു വ്യത്യസ്‌ത വോള്‍ട്ടത കൊടുക്കുന്നു. ഇവയില്‍ തിരശ്ചീനമായ പ്ലേറ്റില്‍ കൊടുക്കുന്ന വോള്‍ട്ടത അനുസരിച്ച്‌ രശ്‌മി ഇടം-വലം (തിരശ്ചീനമായി) നീങ്ങുമ്പോള്‍ ലംബദിശയിലുള്ള വോള്‍ട്ടതയ്‌ക്കനുസരിച്ച്‌ രശ്‌മി മേല്‍-കീഴ്‌ നീങ്ങുന്നു. ഇങ്ങനെ രണ്ടു സെറ്റു വോള്‍ട്ടതയും ഒരുമിച്ചു കൊടുക്കുമ്പോള്‍ ഈ രണ്ടിന്റെയും പരിണതഫലത്തിനു തുല്യമായരീതിയില്‍ രശ്‌മി പ്രതലത്തില്‍ നീങ്ങുകയും രൂപം ദൃശ്യമാവുകയും ചെയ്യുന്നു. ഇപ്രകാരമുള്ള രൂപങ്ങളെ ലിസാജെ ചിത്രങ്ങള്‍ (Lissajous figures)എന്നു വിളിക്കുന്നു.

മേല്‌പറഞ്ഞ പ്രകാരമല്ലാതെ, തന്നിരിക്കുന്ന ഒരു സിഗ്നലിന്റെ രൂപംമാത്രം ലഭ്യമാകണമെങ്കില്‍, അത്‌ ലംബദിശാതകിടില്‍ കൊടുത്തിട്ട്‌ സമയത്തെ ആധാരമാക്കി നീങ്ങുന്ന വോള്‍ട്ടതയെ (time-base voltage) തിരശ്ചീനതകിടില്‍ കൊടുക്കേണ്ടതാണ്‌.

പ്രവര്‍ധകം

നിരീക്ഷണവിധേയമായ സിഗ്നലുകള്‍ പലപ്പോഴും സൂക്ഷ്‌മപ്രായത്തിലുള്ളവയായിരിക്കും. അതുകാരണം, വ്യതിചലനത്തിനുമുമ്പ്‌ ഇവയെ പ്രവര്‍ധകങ്ങളുടെ സഹായത്താല്‍ പരിപോഷിപ്പിക്കുന്നു. പ്രവര്‍ധകങ്ങള്‍ രണ്ടുതരത്തിലുണ്ട്‌. നേര്‍ധാരാ സംയോജനം ചെയ്‌തവയും (D.C. coupled) പ്രത്യാവര്‍ത്തി ധാര സംയോജനം ചെയ്‌തവയും (A.C. coupled). ഇവയില്‍ ആദ്യത്തേത്‌ നേര്‍ധാരയും ഉയര്‍ന്ന ആവൃത്തികളിലുള്ള സിഗ്നലുകളും സ്വീകരിക്കും. എന്നാല്‍ രണ്ടാമത്തേത്‌ നേര്‍സിഗ്നലുകള്‍ തിരസ്‌കരിക്കും. സാധാരണയായി പ്രത്യാവര്‍ത്തി സംയോജനമാണ്‌ ദോലനദര്‍ശിനികളില്‍ ഉപയോഗിക്കുന്നത്‌. നേര്‍ധാരാ സംയോജനം ചെലവേറിയതാകയാല്‍ പ്രത്യേക ഉപയോഗങ്ങള്‍ക്കു മാത്രമേ പ്രയോജനപ്പെടുത്താറുള്ളൂ.

സമയാധാരം

ഒരു സിഗ്നലിന്റെ ദൃശ്യപ്രതിരൂപം സൃഷ്‌ടിക്കുവാന്‍, സമയത്തിനാനുപാതികമായ ഒരു വോള്‍ട്ടത ഇടതു-വലതു വ്യതിചലനത്തിന്‌ ഉപയോഗിക്കേണ്ടതാണ്‌. സമയാധാര(time-base) സിഗ്നല്‍, ദര്‍ശിനിക്കുള്ളില്‍ത്തന്നെ സൃഷ്‌ടിക്കപ്പെടുന്നു. ഈര്‍ച്ചവാളിന്റെ പല്ലുകളെ (sawteeth) അനുസ്‌മരിപ്പിക്കുന്ന ഈ സിഗ്നല്‍, ഒരു ക്ലിപ്‌തനിമിഷം മുതല്‍ സമയാനുസൃതമായി പൂജ്യത്തില്‍നിന്ന്‌ അനുക്രമം ഉയരുന്നു. ഒരു പരിധിയിലെത്തുമ്പോള്‍ പൂജ്യത്തിലേക്കുതന്നെ പെട്ടെന്നു താഴുന്നു. ഉടനെ വീണ്ടും ഉയരാന്‍ തുടങ്ങുന്നു. ഈ പ്രവര്‍ത്തനചക്രം അനവരതം തുടര്‍ന്നുകൊണ്ടിരിക്കും. സിഗ്നല്‍ പൂജ്യത്തിലെത്തുന്നതും പ്രകാശബിന്ദു പ്രതലത്തിന്റെ ഇടത്തേ അറ്റത്തെത്തുന്നതും ഒരേ നിമിഷത്തിലാക്കി ഏകോപിപ്പിക്കുന്നു. ഈ നിമിഷം മുതല്‍ ബിന്ദു വലത്തോട്ടു നീങ്ങി, സിഗ്നലിന്റെ പാരമ്യാവസ്ഥയോടെ വലത്തേഅറ്റത്തെത്തുന്നു, സിഗ്നല്‍ വീണ്ടും ഉയരുന്നതിനു മുമ്പായി ചില നിയന്ത്രണസങ്കേതങ്ങള്‍ വഴി, പ്രകാശബിന്ദുവിനെ ഇടത്തേ അറ്റത്തേക്ക്‌ ആനയിക്കുന്നു. നിരീക്ഷണവിധേയമായ സിഗ്നല്‍ മേല്‍-കീഴ്‌ വ്യതിചലനത്തിനുപയോഗിക്കുമ്പോള്‍ പ്രകാശബിന്ദു ഒരേസമയം ഇടതു-വലതു, മേല്‍-കീഴ്‌ വ്യതിചലനങ്ങള്‍ക്കു വിധേയമാകുന്നതിനാല്‍ സിഗ്നലിന്റെ ദൃശ്യരൂപം പ്രതലത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഉയര്‍ന്ന ആവൃത്തിയിലുള്ള സിഗ്നലുകളാവുമ്പോള്‍ പ്രതിരൂപം സ്ഥിരമായിരിക്കും. എന്നാല്‍ ക്ഷണികങ്ങളായ സിഗ്നലുകളാവുമ്പോള്‍ പ്രതിരൂപവും ക്ഷണികമായിരിക്കും. എങ്കിലും പ്രതലത്തില്‍ പൂശുന്ന രാസപദാര്‍ഥങ്ങളുടെ (ഉദാ. ഫോസ്‌ഫര്‍) ഗുണവിശേഷത്താല്‍ അല്‌പനേരത്തേക്ക്‌ ഈ പ്രതിരൂപം പ്രതലത്തില്‍ നിലനില്‌ക്കുന്നു. "ഓര്‍മശക്തി'യുള്ള പ്രത്യേകതരം ദര്‍ശിനികളും (storage scopes) നിലവിലുണ്ട്‌. ഇവയില്‍ ചില പ്രത്യേക സങ്കേതങ്ങള്‍ വഴി ഇലക്‌ട്രാണ്‍ രശ്‌മിയുടെ ശക്തി കൂട്ടുക നിമിത്തം, ക്ഷണികസിഗ്നലുകളുടെ ദൃശ്യരൂപങ്ങള്‍, സിഗ്നലുകള്‍ പിന്‍വലിക്കപ്പെട്ടു കഴിഞ്ഞ്‌ നിരവധി മണിക്കൂറുകളോളം പ്രതലത്തില്‍ നിലനില്‌ക്കുന്നു (ചിത്രം 11).

മേല്‍നല്‌കിയ വിവരണം വിവിധോപയോഗദര്‍ശിനികള്‍ക്കു ചേര്‍ന്നതാണ്‌. എന്നാല്‍ ഇവയ്‌ക്കു പുറമേ പ്രത്യേകാവശ്യങ്ങള്‍ നിര്‍വഹിക്കുന്ന ദര്‍ശിനികള്‍ പലതുണ്ട്‌. രണ്ടു സിഗ്നലുകള്‍ ഒരേ സമയം പ്രദര്‍ശിപ്പിക്കാവുന്ന രശ്‌മിദ്വന്ദ്വ(dual beam)ങ്ങളോടു കൂടിയവ, ഉയര്‍ന്ന ആവൃത്തികള്‍ക്കനുയോജ്യമായവ (500 മെഗാ ഹെര്‍ട്‌സ്‌ വരെ), സിഗ്നലിന്റെ സാമ്പിളെടുക്കുന്നവ, ദൃശ്യപ്രതിരൂപത്തോടൊപ്പം സിഗ്നലിന്റെ പരിമാണം സംഖ്യാരൂപത്തില്‍ പ്രദര്‍ശിപ്പിക്കുന്നവ, സിഗ്നലിന്റെ മുന്‍കൂട്ടി തെരഞ്ഞെടുക്കാവുന്ന ഒരു ഭാഗം മാത്രം പ്രദര്‍ശിപ്പിക്കുന്നവ, സിഗ്നലിന്റെ പരിമാണത്തെ കണക്കുകൂട്ടലുകള്‍ക്കു വിധേയമാക്കി ഫലംമാത്രം പ്രദര്‍ശിപ്പിക്കുന്നവ (computing scopes), ക്യാമറകള്‍ ഘടിപ്പിച്ചവ എന്നു തുടങ്ങി ഇവയുടെ പട്ടിക നീണ്ടുപോകുന്നു. ഇന്ത്യയില്‍ അടുത്തകാലത്തു മാത്രമാണ്‌ ദര്‍ശിനികളുടെ നിര്‍മാണം ആരംഭിച്ചത്‌. ഫിലിപ്‌സ്‌ (ഇന്ത്യ), ഇലക്‌ട്രാണിക്‌സ്‌ കോര്‍പ്പറേഷന്‍ ഒഫ്‌ ഇന്ത്യ തുടങ്ങി പല സ്ഥാപനങ്ങളും പൊതു ഉപയോഗദര്‍ശിനികള്‍ നിര്‍മിക്കുന്നുണ്ട്‌. എങ്കിലും മുന്‍പറഞ്ഞ പ്രത്യേകാവശ്യങ്ങള്‍ക്കുള്ള ദര്‍ശിനികള്‍ ഇപ്പോഴും ഇറക്കുമതി ചെയ്‌തുവരുന്നു.

ദോലനഗ്രാഹി

സിഗ്നലിന്റെ ഒരു സ്ഥിരം ആലേഖിതരൂപം ആവശ്യമാകുമ്പോള്‍ ഇത്‌ ഉപയോഗപ്പെടുന്നു. ഇത്തരം ഉപകരണങ്ങളില്‍ നിര്‍ണേയപരിമാണത്തിനനുസരിച്ചു നീങ്ങുന്ന ഒരു തൂലിക, അതിന്റെ നീക്കത്തിനു ലംബമായ ദിശയില്‍ ക്ലിപ്‌തവേഗത്തോടെ നീങ്ങുന്ന കടലാസില്‍ സിഗ്നലിന്റെ രൂപം വരയ്‌ക്കുന്നു. ഇത്തരം ഉപകരണങ്ങള്‍ രണ്ടു വിധമുണ്ട്‌: വൃത്താകാരത്തിലും ദീര്‍ഘചതുരാകൃതിയിലുമുള്ള കടലാസുപയോഗിക്കുന്നവ. ആദ്യത്തേതില്‍, തൂലിക കടലാസിന്റെ കേന്ദ്രബിന്ദുവില്‍നിന്ന്‌ പുറത്തോട്ടുനീങ്ങുന്നു. അതേസമയം കടലാസ്‌ മധ്യബിന്ദു കേന്ദ്രമായി കൃത്യവേഗത്തില്‍ കറങ്ങുന്നു. കടലാസില്‍ മധ്യബിന്ദു കേന്ദ്രമായി സമദൂരം ഇടവിട്ട്‌ വൃത്തങ്ങളും തുല്യകോണങ്ങള്‍ ഇടവിട്ട്‌ വ്യാസാര്‍ധങ്ങളും രേഖപ്പെടുത്തിയിരിക്കും. ഇതില്‍ ഓരോ വൃത്തവും സിഗ്നലിന്റെ പ്രത്യേക പരിമാണവും, വ്യാസാര്‍ധം പ്രത്യേക സമയവും സൂചിപ്പിക്കുന്നു. ദീര്‍ഘചതുരാകൃതിയിലുള്ള കടലാസോടുകൂടിയ ഉപകരണങ്ങളില്‍ ഉരുളില്‍ ചുറ്റിവച്ച കടലാസ്‌ കൃത്യവേഗത്തില്‍ ചുരുളഴിഞ്ഞ്‌ തൂലികയ്‌ക്കു കീഴിലൂടെയും തൂലിക കടലാസിന്റെ നീക്കത്തിന്‌ ലംബമായ ദിശയില്‍ സിഗ്നലിനനുസരിച്ചും നീങ്ങുന്നു. കടലാസില്‍ അതിന്റെ നീക്കത്തിനു സമാന്തരമായും ലംബമായും കൃത്യദൂരം ഇടവിട്ട്‌ നേര്‍രേഖകള്‍ ഉണ്ടായിരിക്കും. ഇവയില്‍ സമാന്തരരേഖകള്‍ സമയത്തിന്റെ അളവും ലംബരേഖകള്‍ സിഗ്നലിന്റെ അളവും കാണിക്കുന്നു. തൂലികകള്‍ പല വിധത്തിലുണ്ട്‌. ഏറ്റവും സാധാരണമായി മഷിയും കൂര്‍ത്തമുനയുള്ള പേനയും, വേറെ ചിലതില്‍ താപസംവേദനയോഗ്യമായ കടലാസും വൈദ്യുതപ്രവാഹം വഴി ചൂടാക്കപ്പെടുന്ന മുനയും, മറ്റു ചിലതില്‍ പ്രകാശസംവേദനക്ഷമവും മര്‍ദസംവേദനക്ഷമവുമായ കടലാസുകളും അനുയോജ്യമായ തൂലികകളും ഉപയോഗിക്കുന്നു. ഇത്തരം ഉപകരണങ്ങള്‍ തൂലികാനിയന്ത്രണത്തിന്‌ സാധാരണ ഡി ആര്‍സന്‍വാള്‍ മീറ്ററിന്റെ ചലനത്തെയാണ്‌ ആശ്രയിക്കുന്നത്‌. ഈ ഉപകരണങ്ങളുടെ ദോലനആവൃത്തി 100 ഹെര്‍ട്‌സില്‍ ഒതുങ്ങി നില്‌ക്കുന്നു. എന്നാല്‍ യാന്ത്രികതൂലികകള്‍ക്കു പകരം, ഒരു പ്രകാശരശ്‌മിയുടെ വ്യതിചലനംവഴി പ്രകാശസംവേദനക്ഷമമായ കടലാസില്‍ സിഗ്നലിന്റെ രൂപം വരയ്‌ക്കുന്ന പ്രത്യേകയിനം ഉപകരണങ്ങള്‍ 10 മുതല്‍ 15 വരെ കിലോ ഹെര്‍ട്‌സ്‌ ദോലനക്ഷമത പ്രകടിപ്പിക്കുന്നു.

ഇന്ത്യയില്‍ സ്വകാര്യമേഖലയിലെ ചില ചെറുകിട സ്ഥാപനങ്ങള്‍ യാന്ത്രികതൂലികകളോടു കൂടിയ ഇത്തരം ഉപകരണങ്ങള്‍ നിര്‍മിക്കുന്നുണ്ട്‌.

എക്‌സ്‌-വൈ ആലേഖനി

സമയാശ്രിതമായ (time dependent) രണ്ടു സിഗ്നലുകള്‍ തമ്മിലുള്ള ബന്ധം രേഖപ്പെടുത്താനാണ്‌ ഇവ പ്രയോജനപ്പെടുന്നത്‌. ദീര്‍ഘചതുരാകൃതിയിലുള്ള സ്ഥായിയായ കടലാസില്‍ തൂലിക ഒരേസമയം ഇടത്തുനിന്ന്‌ വലത്തോട്ടും (എക്‌സ്‌ അക്ഷത്തിനു സമാന്തരമായി), താഴെ നിന്ന്‌ മേലോട്ടും (വൈ-അക്ഷത്തിനു സമാന്തരമായി) നീങ്ങുന്നു. ഇതില്‍ എക്‌സ്‌-വൈ അക്ഷങ്ങള്‍ക്കു സമാന്തരമായ നീക്കം ഓരോ സിഗ്നല്‍വഴി നിയന്ത്രിക്കുന്നു. ഈ അവസ്ഥയില്‍ തൂലിക കടലാസില്‍ രണ്ടു സിഗ്നലുകള്‍ തമ്മിലുള്ള ബന്ധം രേഖപ്പെടുത്തുന്നു. തൂലികയുടെ ചലനത്തിന്‌ സാധാരണയായി, "പൂര്‍ണ വലയ സെര്‍വോ-സംവിധാനങ്ങള്‍' (closed loop servo systems) ഉപയോഗിക്കുന്നു. ഇവ നല്‌കുന്ന "ആജ്ഞ'കള്‍ക്കനുസൃതമായി വൈദ്യുതമോട്ടോറുകള്‍ തൂലികയുടെ നീക്കം നിയന്ത്രിക്കുന്നു. ദോലനക്ഷമത തുലോം പരിമിതമാണ്‌ (5 മുതല്‍ 10 വരെ ഹെര്‍ട്‌സ്‌). അതുപോലെ തൂലികയുടെ ഏറ്റവും വലിയ വേഗവും (slewing rate) പരിമിതമാണ്‌ (സാധാരണ ഇത്‌ ഒരു സെക്കന്‍ഡില്‍ 50 സെ.മീറ്ററില്‍ കവിയില്ല). അതുകാരണം ഇവ നേര്‍കറണ്ട്‌ പരിമാണങ്ങളും ചെറിയ ആവൃത്തിയിലുള്ള പ്രത്യാവൃത്തി സിഗ്നലുകളും മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. ഇവ കൂടുതലായും അനലോഗ്‌ കംപ്യൂട്ടറുകള്‍ (analog computers) നല്‌കുന്ന വിവരങ്ങള്‍ രേഖപ്പെടുത്താനാണ്‌ ഉപയോഗിക്കുന്നത്‌. ഇവയുടെ കൃത്യത 0.1 ശതമാനത്തിലൊതുങ്ങുന്നു. തുമ്പയിലെ വിക്രം സാരാഭായ്‌ ബഹിരാകാശഗവേഷണ കേന്ദ്രം (വി.എസ്‌.എസ്‌.സി.) ആണ്‌ ഇന്ത്യയില്‍ ആദ്യമായി ഇത്തരം ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്തത്‌. പൊതുമേഖലാസ്ഥാപനമായ കേരള ഇലക്‌ട്രാണിക്‌സ്‌ കോര്‍പ്പറേഷന്‍, വി.എസ്‌.എസ്‌.സി.യുമായി സഹകരിച്ച്‌ ഈ ഉപകരണം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നുണ്ട്‌.

സമയ-ആവൃത്തി മാപിനി

പ്രാചീനകാലത്തുതന്നെ സമയനിര്‍ണയത്തിനുള്ള വിവിധോപകരണങ്ങള്‍ മനുഷ്യര്‍ നിര്‍മിച്ചുവെങ്കിലും ആധുനികകാലത്തുണ്ടായ ശാസ്‌ത്രപുരോഗതിക്കനുസരിച്ച്‌ അതിസൂക്ഷ്‌മമായ സമയനിര്‍ണയം ആവശ്യമായിത്തീര്‍ന്നു. ഈ ആവശ്യം നിറവേറ്റുന്നതിന്‌ പ്രത്യേക ഇലക്‌ട്രാണികോപകരണങ്ങള്‍ സംവിധാനം ചെയ്യേണ്ടിവന്നു. സമയവും ആവൃത്തിയും അടുത്ത ബന്ധമുള്ള പരിമാണങ്ങളാകയാല്‍ ഇവ അളക്കുവാനുള്ള ഇലക്‌ട്രാണികോപകരണങ്ങള്‍ക്കു വളരെ സാദൃശ്യമുണ്ട്‌.

വൈദ്യുത ഘടികാരം

(Electric clock). ഇത്‌ ക്ലിപ്‌തവേഗമുള്ള വൈദ്യുതമോട്ടോറിനെ (synchronous motor) ഉപജീവിച്ചു പ്രവര്‍ത്തിക്കുന്നു. ഇവ സാധാരണ ഗൃഹാവശ്യങ്ങള്‍ക്കു ലഭിക്കുന്ന 50 ഹെര്‍ട്‌സ്‌ ആവൃത്തിയിലുള്ള പ്രത്യാവര്‍ത്തി വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്‌. മോട്ടോര്‍ കൃത്യവേഗത്തില്‍ കറങ്ങുന്നതിനാല്‍ ക്ലിപ്‌തകാലയളവിലെ മൊത്തം കറക്കങ്ങളുടെ എച്ചം ഈ സമയത്തിന്റെ അളവാണ്‌. അതുകാരണം അനുയോജ്യമായ യാന്ത്രികോപസംവിധാനങ്ങള്‍ മോട്ടോറിനോടു ഘടിപ്പിച്ച്‌ സൂചികള്‍ മുഖേന ഒരു സാധാരണ ഘടികാരത്തിലെപ്പോലെ സമയം കാണിക്കുന്നു. മറ്റു ചില മാതൃകകളില്‍ മോട്ടോറിന്റെ ഗതിവേഗത്തിനനുസരിച്ച്‌ സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിച്ച്‌ വൈദ്യുതസ്‌പന്ദനപരമ്പര സൃഷ്‌ടിക്കുന്നു. ഈ സ്‌പന്ദനങ്ങളുടെ എച്ചം സമയത്തിന്‌ ആനുപാതികമായതിനാല്‍ ഒരു ഗണിത്രം വഴി നിര്‍ണയിച്ച്‌ സമയം പ്രദര്‍ശിപ്പിക്കാം.

അനലോഗ്‌ ഇലക്‌ട്രാണിക സമയമാപിനി

കപ്പാസിറ്ററിന്റെ വൈദ്യുതാവേശസ്വഭാവത്തെ ആശ്രയിച്ചാണ്‌ ഇവ പ്രവര്‍ത്തിക്കുന്നത്‌. റെസിസ്റ്ററും കപ്പാസിറ്ററും കച്ചിയായി ചേര്‍ത്ത്‌ അവയ്‌ക്കിടയില്‍ ഒരു ക്ലിപ്‌തവോള്‍ട്ടത നല്‌കുമ്പോള്‍, കപ്പാസിറ്ററിന്റെ അഗ്രങ്ങള്‍ക്കിടയിലുള്ള വോള്‍ട്ടത പ്രത്യേക വേഗത്തില്‍ ഉയരുന്നു. ഈ വോള്‍ട്ടതയുടെ പരിമാണം, ഘടിപ്പിച്ച വോള്‍ട്ടത 63 ശതമാനം എത്തുവാന്‍ ക്ലിപ്‌തസമയം ആവശ്യമാണ്‌. ഈ സമയം കപ്പാസിറ്ററിന്റെയും റെസിസ്റ്ററിന്റെയും പരിമാണങ്ങളുടെ പെരുക്കത്തിനു തുല്യമായിരിക്കും. ഈ കാലയളവ്‌ പ്രസ്‌തുത പ്രവാഹവലയത്തിന്റെ "സമയ സ്ഥിരപരിമാണം' (time constant)എന്നറിയപ്പെടുന്നു. ഈ ഗുണവിശേഷം കാരണം, കപ്പാസിറ്ററിനെതിരെയുള്ള വോള്‍ട്ടേജ്‌, പ്രവാഹവലയത്തില്‍ വോള്‍ട്ടത ഘടിപ്പിച്ച നിമിഷം മുതല്‍ പിന്നിട്ട സമയത്തിന്റെ പരിമാണമാണ്‌. ഇത്തരം ഉപകരണങ്ങളുടെ കൃത്യത വളരെ പരിമിതമാണ്‌.

ആവൃത്തി അളവുപകരണങ്ങള്‍

ആവൃത്തി എന്ന പദംകൊണ്ട്‌ വിവക്ഷിക്കുന്നത്‌ ആവര്‍ത്തനസ്വഭാവമുള്ള സംഭവപരമ്പരയുടെ ആവര്‍ത്തനവേഗമാണ്‌. വൈദ്യുതസിഗ്നലുകളുടെ (periodic signals) കാര്യത്തില്‍ ഇത്‌ സിഗ്നലിന്റെ ഒരു സെക്കന്‍ഡ്‌ സമയത്തെ ആവര്‍ത്തനങ്ങളുടെ എച്ചമാണ്‌. കൃത്യ-ആവൃത്തിയിലുള്ള വൈദ്യുതസിഗ്നലിനെ സംബന്ധിച്ചിടത്തോളം, ഒരു ക്ലിപ്‌തസമയത്തിനുള്ളിലുള്ള സിഗ്നലിന്റെ ആവര്‍ത്തനങ്ങളുടെ എച്ചം ഈ സമയത്തിന്റെ പരിമാണമാണ്‌. അതിസൂക്ഷ്‌മമായ സമയനിര്‍ണയത്തിനുപകരിക്കുന്ന ഇലക്‌ട്രോണിക സമയമാപിനികളില്‍ ഈ തത്ത്വം ഉപയോഗിക്കുന്നു.

അനലോഗ്‌-ആവൃത്തി മീറ്റര്‍

വൈദ്യുത ഡൈനോമീറ്റര്‍ ചില വ്യതിയാനങ്ങളോടെ ആവൃത്തി മീറ്ററുകളായി ഉപയോഗിക്കാം. അളക്കപ്പെടുന്ന ആവൃത്തിക്കുപരിയും താഴെയും രണ്ട്‌ ആവൃത്തികളില്‍ "ട്യൂണ്‍' ചെയ്‌ത്‌ പ്രവാഹവലയങ്ങള്‍ സ്ഥിരകമ്പിച്ചുരുളുകളോടു കൂട്ടിയിണക്കിയാണ്‌ ഇതു സാധിക്കുന്നത്‌. ഇതിലൂടെ സൂചികയുടെ നീക്കം അളക്കപ്പെടുന്ന ആവൃത്തിക്ക്‌ ആനുപാതികമാക്കുന്നു.

ഹെറ്ററോഡൈന്‍ മീറ്റര്‍

റേഡിയോതരംഗങ്ങളുടെ ആവൃത്തി കൃത്യമായി നിര്‍ണയിക്കാനുതകുന്ന ഉപകരണമാണ്‌ ഇത്‌. റേഡിയോ സെറ്റുകളില്‍ ഉപയോഗിക്കുന്ന "ഹെറ്ററോഡൈന്‍' തത്ത്വമാണ്‌ ഇവിടെ ഉപയോഗിക്കുന്നത്‌. അജ്ഞാത ആവൃത്തിയിലുള്ള ഒരു സിഗ്നല്‍ കൃത്യആവൃത്തിയിലുള്ള മറ്റൊരു സിഗ്നലുമായി "മിശ്രണം' (mixing) ചെയ്യുന്നു. ഇങ്ങനെ കിട്ടുന്ന സിഗ്നലിന്റെ ആവൃത്തി, മിശ്രിത സിഗ്നലുകളുടെ ആവൃത്തികള്‍ക്കിടയിലുള്ള അന്തരത്തിനു തുല്യമായിരിക്കും. സാധാരണ ഇത്തരം ഉപകരണങ്ങളില്‍, ഉയര്‍ന്ന കൃത്യതയും സ്ഥിരതയും (stability) പ്രദര്‍ശിപ്പിക്കുന്ന, ക്രിസ്റ്റല്‍ ദോലകങ്ങള്‍ (crystal oscillators) നല്‌കുന്ന, ആവൃത്തിയില്‍ തുടര്‍ച്ചയായി മാറ്റം വരുത്താവുന്ന ഒരു സിഗ്നല്‍, അജ്ഞാതആവൃത്തിയുമായി മിശ്രണം ചെയ്യുകയാണ്‌ പതിവ്‌. മിശ്രിതസിഗ്നലിന്റെ ആവൃത്തി പൂജ്യത്തിലെത്തുന്നതുവരെ ദോലകത്തിന്റെ ആവൃത്തിയില്‍ മാറ്റം വരുത്തുന്നു. ഈ നിലയില്‍ ദോലകത്തിന്റെ ആവൃത്തി അജ്ഞാത ആവൃത്തിക്കു തുല്യമായിരിക്കും. ഇയര്‍ഫോണുകളുടെ സഹായത്തോടെ സമനില കണ്ടുപിടിക്കാം. ഇത്തരം ഉപകരണങ്ങള്‍ 0.01 ശതമാനം വരെ കൃത്യത പ്രദര്‍ശിപ്പിക്കുന്നു.

ഡിജിറ്റല്‍-ആവൃത്തി മീറ്റര്‍

അതിസൂക്ഷ്‌മമായ ആവൃത്തി നിര്‍ണയത്തിന്‌ ഡിജിറ്റല്‍-ഇലക്‌ട്രോണിക സങ്കേതങ്ങള്‍ അവലംബിക്കേണ്ടിവരുന്നു. ഒരു ഡിജിറ്റല്‍-ആവൃത്തിമീറ്ററിന്റെ സംവിധാനം (ചിത്രം 12) കാണിച്ചിരിക്കുന്നു. ആദ്യമായി മാപന ആവൃത്തിയിലുള്ള സിഗ്നലിനെ തുടര്‍ച്ചയായ വൈദ്യുതസ്‌പന്ദനങ്ങളാക്കി മാറ്റുന്നു. സിഗ്നലിന്റെ ഓരോ ആവര്‍ത്തനചക്രത്തിനും ഒരു സ്‌പന്ദനം വീതം സൃഷ്‌ടിക്കപ്പെടുന്നു. ഈ സ്‌പന്ദനങ്ങള്‍ ഒരു ഇലക്‌ട്രോണികകവാടംവഴി ഗണനത്തിലേക്കു കടത്തിവിടുന്നു. സമയാധാരസങ്കേതമുപയോഗിച്ച്‌ ക്ലിപ്‌തസമയത്തേക്കു മാത്രമായി കവാടം തുറന്നുവയ്‌ക്കുന്നു. ഈ സമയത്തിനുള്ളില്‍ ഗണനയന്ത്രത്തിനു ലഭിക്കുന്ന വൈദ്യുതസ്‌പന്ദനങ്ങളുടെ എച്ചം മാപന ആവൃത്തിയുടെ പരിമാണമാണ്‌. സമയാധാരം മുഖേനയുള്ള കവാടത്തിന്റെ നിയന്ത്രണം (ചിത്രം 13) കൊടുത്തിരിക്കുന്നു. ക്രിസ്റ്റല്‍ ദോലകം നല്‌കുന്ന നിശ്ചിത ആവൃത്തിയിലുള്ള സിഗ്നല്‍ അതേ ആവൃത്തിയിലുള്ള സ്‌പന്ദനപരമ്പരയായി (pulse train) മാറ്റപ്പെടുന്നു. സാധാരണ ഒരു മെഗാഹെര്‍ട്‌സ്‌ (106 ഹെര്‍ട്‌സ്‌) ആവൃത്തിയാണ്‌ ഇതിനുപയോഗിക്കുന്നത്‌. ആവൃത്തിസ്ഥിരത ഉറപ്പുവരുത്താന്‍ ക്രിസ്റ്റലിന്റെ താപനില സൂക്ഷ്‌മമായി നിയന്ത്രിക്കുന്നു. സ്‌പന്ദനപരമ്പരയുടെ ആവൃത്തി "ദശഭാജികള്‍' (decade dividers) വഴി പത്തിന്റെ ഹരിതങ്ങളാക്കി മാറ്റുന്നു. ഇങ്ങനെ ലഭിക്കുന്ന വിവിധ സ്‌പന്ദനപരമ്പരയില്‍ ഏതെങ്കിലും ഒന്നിന്റെ സഹായത്തോടെ കവാടത്തിന്റെ നിയന്ത്രണം സാധിക്കുന്നു.

ഗണനയന്ത്രത്തില്‍ സംഖ്യകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ സാധാരണ പല ഉപാധികള്‍ ഉപയോഗിക്കപ്പെടുന്നു. ഇവയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ളത്‌ പ്രദര്‍ശന ബള്‍ബുകളും എല്‍.ഇ.ഡികളും ആണ്‌. ഇതില്‍ ആദ്യത്തേത്‌ പൂജ്യം മുതല്‍ ഒമ്പതു വരെയുള്ള സംഖ്യകളുടെ ആകൃതിയിലുള്ള ഫിലമെന്റുകളോടുകൂടിയ ബള്‍ബാണ്‌. പ്രദര്‍ശിപ്പിക്കേണ്ട സംഖ്യയ്‌ക്കനുസൃതമായി അതതു ബള്‍ബുകള്‍ ജ്വലിക്കുന്നു. എല്‍.ഇ.ഡി.കള്‍ വൈദ്യുതപ്രവാഹമുള്ളപ്പോള്‍ പ്രകാശം വമിക്കുന്ന, അര്‍ധചാലകവസ്‌തുക്കളാല്‍ നിര്‍മിതമായ ഡയോഡുകളാണ്‌. ദീര്‍ഘചതുരാകൃതിയിലുള്ള ഇത്തരം ഏഴു ഡയോഡുകള്‍ ചേര്‍ത്ത്‌ പൂജ്യം മുതല്‍ ഒമ്പതുവരെയുള്ള സംഖ്യകള്‍ പ്രദര്‍ശിപ്പിക്കാം. ഇവയ്‌ക്കു പുറമേ നിക്‌സിട്യൂബുകള്‍, ല്വിക്വിഡ്‌ ക്രിസ്റ്റല്‍ ഡിസ്‌പ്ലേ (liquid crystal display) തുടങ്ങി പല സങ്കേതങ്ങളും ഉണ്ട്‌.

ഡിജിറ്റല്‍ സമയമീറ്റര്‍

പിന്നിട്ട സമയ (elapsed time)ത്തിന്റെ സംഖ്യാരൂപത്തിലുള്ള അളവു കാണിക്കാന്‍, സംവിധാനത്തില്‍ ചെറിയ മാറ്റം വരുത്തിയാല്‍ മതി. മാപന ആവൃത്തിയിലുള്ള സിഗ്നലിന്റെ സ്ഥാനത്ത്‌ ഒരു ക്രിസ്റ്റല്‍ ദോലകത്തില്‍ നിന്നുള്ള ക്ലിപ്‌ത ആവൃത്തിയിലുള്ള സിഗ്നല്‍ നല്‌കിയശേഷം, കവാടം സമയമളക്കേണ്ട നിമിഷങ്ങള്‍ക്കിടയ്‌ക്കു മാത്രം തുറന്നുവയ്‌ക്കുന്നു. ഈ അവസ്ഥയില്‍ ഗണിത്രത്തിനു ലഭിക്കുന്ന സ്‌പന്ദനങ്ങളുടെ എച്ചം, അളക്കേണ്ട സമയത്തിന്റെ പരിമാണമാണ്‌.

ആവൃത്തി-വര്‍ണരാജി വിശ്ലേഷിണി

ഇത്തരം ഉപകരണങ്ങള്‍ അനേകം ആവൃത്തികള്‍ കൂടിക്കലര്‍ന്ന ഒരു സങ്കരസിഗ്നലിന്റെ ആവൃത്തിഘടകങ്ങള്‍ വേര്‍തിരിക്കാനുപയോഗിക്കുന്നു. ചില പ്രത്യേക ആവൃത്തികള്‍ മാത്രം കടത്തിവിടുന്ന ആവൃത്തി-"അരിപ്പകളുടെ' (filters) സഹായത്താല്‍ ഇത്‌ സാധിക്കുന്നു.

വൈകല്യവിശ്ലേഷിണി

ഒരു സങ്കരസിഗ്നലിനെ (composite signal), അതിന്റെ മൗലിക ആവൃത്തിയും (fundamental frequency), ഈ ആവൃത്തിയുടെ അവിച്ഛിന്നഗുണിതങ്ങളിലുള്ള ആവൃത്തികളും (harmonics) ആയി വേര്‍തിരിക്കാവുന്നതാണ്‌. മൗലികേതര ഘടകങ്ങളുടെ മൊത്തം പരിമാണം സിഗ്നലിന്റെ വൈകല്യമായി നിര്‍വചിച്ചിരിക്കുന്നു. വൈകല്യവിശ്ലേഷിണികള്‍ ആവൃത്തി അരിപ്പകളുടെ സഹായത്തോടെ, മൗലിക ആവൃത്തി വേര്‍തിരിച്ച്‌, ശേഷമുള്ള സിഗ്നലിന്റെ പരിമാണം വോള്‍ട്ടുമീറ്ററുകള്‍ കൊണ്ട്‌ നിര്‍ണയിക്കുന്നു.

സിഗ്നല്‍ ഉറവിടങ്ങള്‍

ഇലക്‌ട്രോണികോപകരണങ്ങളുടെ നിര്‍മാണത്തിനും പ്രവര്‍ത്തന പരിശോധനയ്‌ക്കും ആവശ്യമായ സിഗ്നലുകള്‍ സൃഷ്‌ടിക്കുന്ന ഉപകരണങ്ങളാണ്‌ ഇവ. ഇവയില്‍ മുഖ്യം ദോലകങ്ങള്‍ (oscillators), സ്പന്ദോത്‌പാദിനികള്‍ (pulse generators), സമയാശ്രിത സിഗ്നല്‍ദായിനികള്‍ (function generators)എന്നിവയാണ്‌.

ദോലകം. ഇവ ക്ലിപ്‌ത ആവൃത്തികളില്‍ സൈന്‍ തരംഗാകൃതിയിലുള്ള സിഗ്നലുകള്‍ സൃഷ്‌ടിക്കുന്ന ഉപകരണങ്ങളാണ്‌. ഇവയുടെ അടിസ്ഥാനഘടന (ചിത്രം 14) കാണിച്ചിരിക്കുന്നു. ദോലനസ്വഭാവമുള്ള ഒരു പ്രവാഹവലയവും ഒരു പ്രവര്‍ധകവും ചേര്‍ന്നതാണിത്‌. പ്രവാഹവലയത്തിലുറവിടുന്ന ദോലനങ്ങളെ ഒരു പ്രവര്‍ധകത്തിന്റെ സഹായത്താല്‍ പരിപോഷിപ്പിക്കുന്നു. ഈ സിഗ്നലിന്റെ ഒരു ഭാഗം പ്രവാഹവലയത്തിലേക്കുതന്നെ, അതിലെ ദോലനങ്ങളെ സഹായിക്കുംവിധം തിരിച്ചുവിടുന്നു. ഈ പ്രക്രിയ ഉദ്ധാരണാത്മക പശ്ചാദ്ദാനം (regenerative feedback) എന്നറിയപ്പെടുന്നു. പ്രവാഹവലയത്തിലുപയോഗിക്കുന്ന ഘടകങ്ങളുടെ മൂല്യങ്ങള്‍ക്കു മാറ്റം വരുത്തി, ദോലനത്തിന്റെ ആവൃത്തി വ്യത്യാസപ്പെടുത്താം. ഉപയോഗിക്കുന്ന ഘടകങ്ങള്‍ക്കനുസരിച്ച്‌ ഇതില്‍ റെസിസ്റ്റര്‍-കപ്പാസിറ്റര്‍, ഇന്‍ഡക്‌ടര്‍-കപ്പാസിറ്റര്‍, ക്രിസ്റ്റല്‍-ഋണരോധ (crystal negative resistance) ദോലകങ്ങള്‍ എന്നിങ്ങനെ വിവിധയിനമുണ്ട്‌. ക്രിസ്റ്റല്‍ ദോലകങ്ങളില്‍ പീസോ ഇലക്‌ട്രിക്‌ ഗുണമുള്ള ക്വാര്‍ട്ട്‌സ്‌ ക്രിസ്റ്റലുകള്‍ ഉപയോഗിക്കുന്നു. ഇവ വളരെ കൃത്യതയുള്ള ആവൃത്തികള്‍ നല്‌കുന്നു. ഋണരോധ ദോലകങ്ങള്‍ വളരെ ഉയര്‍ന്ന (100 മെഗാഹെര്‍ട്‌സും കൂടുതലും) ആവൃത്തി നല്‌കുന്നു.

സ്‌പന്ദോത്‌പാദിനി. ഈ ഉപകരണങ്ങള്‍ ക്ലിപ്‌ത ആവൃത്തിയിലുള്ള ഒരു സ്‌പന്ദപരമ്പര (pulse train) സൃഷ്‌ടിക്കുന്നു. സാധാരണ ദീര്‍ഘചതുരാകൃതിയിലുള്ള സ്‌പന്ദങ്ങളാണ്‌ സൃഷ്‌ടിക്കുന്നത്‌. സ്‌പന്ദങ്ങളുടെ ഉയരം, വീതി, ഇടയ്‌ക്കുള്ള വിടവ്‌ മുതലായവ ഇഷ്‌ടാനുസരണം തെരഞ്ഞെടുക്കുവാനുള്ള സൗകര്യം ഈ ഉപകരണങ്ങളിലുണ്ടായിരിക്കും. ദോലനദര്‍ശിനികള്‍, പ്രവര്‍ധകങ്ങള്‍, വൈദ്യുതഘടകങ്ങള്‍ മുതലായവയുടെ പ്രതികരണസമയം (response time) നിര്‍ണയിക്കുന്നതിനും ഡിജിറ്റല്‍-ഇലക്‌ട്രോണികോപകരണങ്ങളുടെ നിര്‍മാണ-പരിശോധനാപ്രവര്‍ത്തനങ്ങള്‍ക്കും ഇവ ഉപകരിക്കുന്നു.

സമയാശ്രിത സിഗ്നല്‍ദായിനി. ഇവ വിവിധ രൂപത്തിലുള്ള സമയാശ്രിത സിഗ്നലുകള്‍ നിര്‍മിക്കാനുതകുന്നു. ഇത്തരം സിഗ്നലുകളില്‍ ഏറ്റവും സാധാരണമായവ തരംഗാകൃതിയിലും ത്രികോണാകൃതിയിലും ഈര്‍ച്ചവാളിന്റെ പല്ലുപോലെയും ദീര്‍ഘചതുരാകൃതിയിലും ഉള്ളവയാണ്‌. ഇത്തരം സിഗ്നലുകള്‍ വിവിധ ഇലക്‌ട്രോണിക പ്രവാഹവലയങ്ങളുടെ സംവിധാനത്തിനും പ്രവര്‍ത്തന പരിശോധനയ്‌ക്കും ഉപയോഗപ്പെടുന്നു.

ഇവിടെ വിവരിക്കപ്പെട്ട ഉപകരണങ്ങള്‍ക്കു പുറമേ പ്രത്യേകാവശ്യങ്ങള്‍ക്കായി നിര്‍മിക്കുന്ന നിരവധിയിനം ഉപകരണങ്ങള്‍ വേറെയും ഉണ്ട്‌; ഉദാ. വാല്‍വ്‌ ടെസ്റ്ററുകള്‍, ട്രോന്‍സിസ്റ്റര്‍ ടെസ്റ്ററുകള്‍, ഐ.സി. ടെസ്റ്ററുകള്‍. അന്തിമ ഉപയോഗമെന്തായിരുന്നാലും, ഇത്തരം പ്രത്യേക ഉപകരണങ്ങളെല്ലാംതന്നെ ഏറെക്കുറെ ഇവിടെ വിവരിക്കപ്പെട്ട ഉപകരണങ്ങളുടെ രൂപാന്തരങ്ങളോ മിശ്രിതങ്ങളോ ആയിരിക്കും. അതുകൊണ്ട്‌ അണുഗവേഷണം, വൈദ്യശാസ്‌ത്രത്തിലെ നൂതനരോഗനിര്‍ണയരീതികള്‍, ബാഹ്യാകാശഗവേഷണം എന്നിങ്ങനെ ഏറെ മണ്ഡലങ്ങളിലുപയോഗിക്കപ്പെടുന്ന ഉപകരണസാങ്കേതികവിദ്യയുടെ അടിത്തറ മേല്‍ വിവരിച്ച ഉപകരണങ്ങളാണ്‌. നോ. ഇലക്‌ട്രോണികം; കംപ്യൂട്ടര്‍

(പി.വി. ഈശ്വരന്‍; പ്രാഫ. കെ. പാപ്പൂട്ടി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍