This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്‌ട്രോക്യൂഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇലക്‌ട്രോക്യൂഷന്‍

Electrocution

മനുഷ്യന്റെ ശരീരത്തില്‍ക്കൂടി ഉന്നത വോള്‍ട്ടതയിലുള്ള വൈദ്യുതി പ്രവഹിപ്പിച്ച്‌ കൊല്ലുന്ന സമ്പ്രദായം. സാധാരണയായി കുറ്റവാളികള്‍ക്കു വധശിക്ഷ നല്‌കുന്നതിനാണ്‌ ഈ സമ്പ്രദായം ഉപയോഗിച്ചുവരുന്നത്‌. ഇതാദ്യമായി നടപ്പാക്കിയത്‌ യു.എസ്സിലാണ്‌. 1896 ആഗ. 6-ന്‌ ആബേണ്‍ ജയിലില്‍വച്ച്‌ വില്യം കെമ്‌ലര്‍ ആണ്‌ ആദ്യമായി ഇലക്‌ട്രോക്യൂഷന്‌ വിധേയനായത്‌.

60 ഹെര്‍ട്‌സ്‌ ആവൃത്തി(frequency)യും 2,300 വോള്‍ട്ട്‌ വോള്‍ട്ടതയും ഉള്ള പ്രത്യാവര്‍ത്തി കറണ്ട്‌ (AC) ആണ്‌ ഇലക്‌ട്രോക്യൂഷന്‌ ഉപയോഗിക്കുന്നത്‌. സ്വിച്ചുകളും മീറ്ററുകളും ഉറപ്പിച്ച ഒരു പാനല്‍ ബോര്‍ഡ്‌, ഓട്ടോട്രാന്‍സ്‌ഫോര്‍മര്‍, വോള്‍ട്ടതാക്രമകം (voltage regulator) എന്നിവയാണ്‌ ഇലക്‌ട്രോക്യൂഷന്‍ പ്ലാന്റിന്റെ പ്രധാനഭാഗങ്ങള്‍.

വധശിക്ഷയ്‌ക്ക്‌ വിധേയനായ ആളിനെ ഒരു കസേരയിലിരുത്തി അയാളുടെ നെഞ്ച്‌, ഊരുസന്ധി, കൈത്തണ്ട, കണങ്കാല്‍ മുതലായ ശരീരഭാഗങ്ങള്‍ കസേരയോടു ചേര്‍ത്ത്‌ തോല്‍പ്പട്ടകൊണ്ടു ചുറ്റിക്കെട്ടുന്നു. മുഖം ഒരു മൂടികൊണ്ടു മറയ്‌ക്കുന്നു. അതിനുശേഷം നനഞ്ഞ ഓരോ ലോഹപ്പലക ആളുടെ തലയിലും കാല്‍വണ്ണയിലും തോല്‍വാറിട്ടു കെട്ടി ഉറപ്പിക്കുന്നു. ഈ ലോഹപ്പലകകളാണ്‌ ഇലക്‌ട്രോഡുകളായി പ്രവര്‍ത്തിക്കുന്നത്‌.

ഇലക്‌ട്രോഡുകളുടെ അഗ്രങ്ങളിലേക്ക്‌ വൈദ്യുതപ്രവാഹം കടത്തിവിടുമ്പോള്‍ ആളുടെ ശരീരത്തില്‍ക്കൂടി 2000 വോള്‍ട്ട്‌ വോള്‍ട്ടതയുള്ള വൈദ്യുതി പ്രവഹിക്കുവാന്‍ തുടങ്ങും. വൈദ്യുത പ്രവാഹം ആരംഭിച്ച്‌ 30 സെക്കന്‍ഡുകഴിഞ്ഞ്‌ സപ്ലൈയുടെ വോള്‍ട്ടത 500 വോള്‍ട്ട്‌ ആക്കി കുറയ്‌ക്കുന്നു. പിന്നെയും 30 സെക്കന്‍ഡ്‌ കഴിഞ്ഞ്‌ വോള്‍ട്ടത 2000 വോള്‍ട്ട്‌ ആയി വര്‍ധിപ്പിക്കുന്നു. ഈ വിധം സപ്ലൈവോള്‍ട്ടത കൂട്ടിയും കുറച്ചും രണ്ടുമിനിട്ടു നേരം വധശിക്ഷയ്‌ക്കു വിധിച്ചിട്ടുള്ള ആളിന്റെ ശരീരത്തില്‍ക്കൂടി കറണ്ട്‌ പ്രവഹിപ്പിക്കുന്നു. ഇതിനിടയ്‌ക്ക്‌ ശരീരത്തില്‍ക്കൂടി പ്രവഹിക്കുന്ന കറണ്ട്‌ 4 മുതല്‍ 8 വരെ ആമ്പിയര്‍ വ്യത്യാസപ്പെടുന്നു. വൈദ്യുതാഘാതമേല്‍ക്കുന്ന നിമിഷം തന്നെ ആള്‍ മരിക്കുന്നു. 2 മിനിട്ട്‌ കറണ്ട്‌ പ്രവഹിപ്പിച്ചശേഷം സപ്ലൈ നിര്‍ത്തി ഡോക്‌ടര്‍ മൃതദേഹം പരിശോധിച്ച്‌ ആള്‍ മരിച്ചുവെന്ന്‌ ഉറപ്പുവരുത്തുന്നു.

ഇലക്‌ട്രോക്യൂഷന്‌ വിധേയനാകുന്ന ആളുടെ ശരീരതാപനില ആദ്യം പെട്ടെന്ന്‌ വര്‍ധിക്കുന്നതായി കാണുന്നു. ശരീരത്തില്‍ക്കൂടി വൈദ്യുതി കടത്തിവിടുമ്പോള്‍ ഹൃദയം ചുരുങ്ങിച്ചുളുങ്ങുകയും തലച്ചോറിന്റെ താപനില വര്‍ധിക്കുകയും ചെയ്യുന്നു. രക്തത്തിന്റെ ഘടനയും മാറുന്നു.

(കെ.കെ. വാസു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍