This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്‌ട്രോകെമിക്കൽ ശ്രേണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇലക്‌ട്രോകെമിക്കല്‍ ശ്രേണി

Electrochemical Series

രാസപ്രതിപ്രര്‍ത്തനശേഷിയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ മൂലകങ്ങളുടെ ക്രമം. ശ്രേണിയുടെ ഏറ്റവും മുകളില്‍ വരുന്ന മൂലകമാണ്‌ പ്രതിപ്രവര്‍ത്തനശേഷി ഏറ്റവും കൂടിയ മൂലകം. താഴേക്കു വരുന്തോറും പ്രതിപ്രവര്‍ത്തനശേഷി കുറഞ്ഞുവരുന്നു. ഒരു ലോഹമൂലകത്തിന്‌ മറ്റൊരു ലോഹമൂലകത്തെ അതിന്റെ ലായനിയില്‍നിന്നു ആദേശം ചെയ്യുവാനുള്ള കഴിവിനെ ആധാരമാക്കിയാണ്‌ ഇത്തരമൊരു ശ്രേണി ആദ്യമായി നിര്‍മിക്കപ്പെട്ടത്‌. ക്രിയാശീല ശ്രേണി, ഇലക്‌ട്രോമോട്ടീവ്‌ ശ്രേണി, ഇലക്‌ട്രോ പൊട്ടന്‍ഷ്യല്‍ ശ്രേണി, ആക്‌ടിവിറ്റി ശ്രേണി, റീപ്ലേസ്‌മെന്റ്‌ ശ്രേണി എന്നിങ്ങനെ വേറെ പേരുകളിലും അറിയപ്പെടുന്നു.

സ്റ്റാന്‍ഡേര്‍ഡ്‌ ഇലക്‌ട്രോഡ്‌ പൊട്ടന്‍ഷ്യലിനെ (ഓക്‌സിഡേഷന്‍-റിഡക്ഷന്‍ പൊട്ടന്‍ഷ്യല്‍) അടിസ്ഥാനമാക്കി മൂലകങ്ങളുടെ ഇലക്‌ട്രോകെമിക്കല്‍ ശ്രേണി പട്ടികയില്‍ കൊടുത്തിരിക്കുന്നു.

ഹൈഡ്രജന്റെ റിഡക്ഷന്‍ പൊട്ടന്‍ഷ്യല്‍ മൂല്യം പൂജ്യം ആയതിനാല്‍ ഹൈഡ്രജനെ അടിസ്ഥാനപ്പെടുത്തിയാണ്‌ മറ്റു മൂലകങ്ങളുടെ ക്രിയാശീലത വിശകലനം ചെയ്യുന്നത്‌. ഉദാഹരണത്തിന്‌, ഹൈഡ്രജനു മുകളിലുള്ള ലോഹങ്ങള്‍ അമ്ലങ്ങളുമായി പ്രതിപ്രവര്‍ത്തിക്കുകയും ഹൈഡ്രജനെ മോചിപ്പിക്കുകയും ചെയ്യുന്നു. ഹൈഡ്രജനു താഴെയുള്ള ലോഹങ്ങള്‍ക്കും അലോഹങ്ങള്‍ക്കും അമ്ലങ്ങളുമായുള്ള പ്രവര്‍ത്തനം ചുരുക്കമാണ്‌. ഹൈഡ്രജനെ അപേക്ഷിച്ച്‌ ഇലക്‌ട്രോണ്‍ നഷ്‌ടപ്പെടുന്നതിന്‌ ലോഹങ്ങള്‍ക്കുള്ള പ്രവണതയുടെ ശരിയായ ഒരളവുകൂടിയാണ്‌ ഈ ശ്രേണി. ശ്രേണിയിലെ മുകളിലുള്ള ലോഹം ഇലക്‌ട്രോകെമിക്കല്‍ സെല്ലില്‍ ഋണ (negative) ധ്രുവവും താഴെയുള്ളത്‌ എപ്പോഴും ധന (positive) ധ്രുവവും ആയിരിക്കും. ശ്രേണിയില്‍ രണ്ടു മൂലകങ്ങള്‍ തമ്മിലുള്ള അന്തരം വര്‍ധിക്കുന്തോറും അവയെ ധ്രുവങ്ങളാക്കി ഉപയോഗിച്ചാല്‍ വിദ്യുത്‌ചാലകബലം (emf) കൂടുതലായിരിക്കുകയും ചെയ്യും. അലോഹമൂലകങ്ങളുമായിച്ചേര്‍ന്ന്‌ സ്ഥിരതയുള്ള യൗഗികങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കഴിവും ഈ ക്രമംകൊണ്ട്‌ സൂചിപ്പിക്കപ്പെടുന്നു.


ശ്രേണിയില്‍ മുകളിലുള്ള മൂലകങ്ങളെല്ലാം രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുമ്പോള്‍ എളുപ്പത്തില്‍ ഇലക്‌ട്രോണിനെ വിട്ടുകൊടുക്കുന്ന വിദ്യുദ്‌ധന (electro positive) ലോഹങ്ങളാണ്‌. ഇവയുടെ ഹൈഡ്രാേക്‌സൈഡുകള്‍ ഉയര്‍ന്ന ക്ഷാരഗുണം പ്രദര്‍ശിപ്പിക്കുന്നവയും ലവണങ്ങള്‍ ജലാപഘടനത്തിനു വിധേയമാകാത്തവയും ആണ്‌. ഈ ശ്രേണിയില്‍ മുകളിലുള്ള ഒരു മൂലകം താഴെയുള്ള മൂലകത്തെ പ്രതിസ്ഥാപിച്ച്‌ യൗഗികങ്ങള്‍ ലഭ്യമാക്കുന്നു. ഉദാഹരണമായി സിങ്ക്‌ ഈ ശ്രേണിയില്‍ മുകളില്‍ നില്‍ക്കുന്ന മൂലകമാണ്‌; കോപ്പര്‍ താഴെയും. കോപ്പര്‍ സള്‍ഫേറ്റ്‌ ലായനിയില്‍ സിങ്കിന്റെ കഷണങ്ങള്‍ ഇട്ടാല്‍ ക്രമേണ കോപ്പര്‍ തരികളായി പ്രത്യക്ഷപ്പെടുകയും സിങ്ക്‌ അതേക്രമത്തില്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. കോപ്പര്‍സള്‍ഫേറ്റ്‌ ലായനിയില്‍ നിന്ന്‌ കോപ്പറിനെ സിങ്ക്‌ പ്രതിസ്ഥാപിക്കുകയും തത്‌ഫലമായി ലായനിയില്‍ സിങ്ക്‌ സള്‍ഫേറ്റ്‌ ഉണ്ടാവുകയും കോപ്പര്‍ സ്വതന്ത്രനിലയില്‍ ലോഹത്തരികളായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതാണിത്‌. നേരേമറിച്ച്‌ സിങ്ക്‌സള്‍ഫേറ്റ്‌ലായനിയില്‍നിന്ന്‌ സിങ്കിനെ പ്രതിസ്ഥാപിക്കുന്നതിന്‌ കോപ്പറിന്‌ കഴിവില്ല. ഈ ശ്രേണിയിലെ മൂലകങ്ങള്‍ക്ക്‌ ക്രിയാശീലത്തിന്റെ കാര്യത്തിലും ഒരു ക്രമമുണ്ട്‌. ഉദാഹരണമായി ജലവുമായി പ്രതിപ്രവര്‍ത്തിക്കുന്നതിന്റെ തീവ്രത ഏറ്റവുമധികം പൊട്ടാസ്യത്തിനാണ്‌. സോഡിയം, ബേരിയം, സ്‌ട്രോണ്‍ഷ്യം, കാത്സ്യം എന്നിവയില്‍ ജലപ്രവര്‍ത്തനതീവ്രത അനുക്രമം കുറയുന്നതായി കാണാം. മുകളിലുള്ള ലോഹങ്ങള്‍ താഴെയുള്ളവയെക്കാള്‍ സ്ഥിരതയുള്ള യൗഗികങ്ങള്‍ ലഭ്യമാക്കുന്നു; ഇക്കാരണത്താലാണ്‌ മുകളിലുള്ള മിക്ക ലോഹങ്ങളും പ്രകൃതിയില്‍ സ്വതന്ത്രാവസ്ഥ വെടിഞ്ഞ്‌ യൗഗികരൂപത്തില്‍ കണ്ടുവരുന്നത്‌. പ്ലാറ്റിനം, ഗോള്‍ഡ്‌ എന്നിവ എപ്പോഴും സ്വതന്ത്രനിലയില്‍ കാണുന്നതിനുള്ള കാരണവും ഇതുതന്നെയാണ്‌. ഹൈഡ്രജന്‌ മുകളിലുള്ള ലോഹങ്ങള്‍ അമ്ലങ്ങളുമായി പ്രതിപ്രവര്‍ത്തിക്കുകയും ഹൈഡ്രജനെ മോചിപ്പിക്കുകയും ചെയ്യുന്നു. ഹൈഡ്രജനു താഴെയുള്ള ലോഹങ്ങള്‍ക്കും അലോഹങ്ങള്‍ക്കും അമ്ലങ്ങളുമായുള്ള പ്രവര്‍ത്തനം ചുരുക്കമാണ്‌. സ്വര്‍ണം അലിയിക്കാന്‍ സാന്ദ്ര ഹൈഡ്രാേക്ലോറിക്‌-നൈട്രിക്‌-അമ്ലങ്ങളുടെ മിശ്രിതമായ അക്വാറീജിയ (രാജദ്രാവകം) തന്നെ വേണ്ടിവരുന്നതിന്റെ കാരണം ഇതില്‍നിന്ന്‌ വ്യക്തമാകുന്നതാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍