This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്‌ട്രിക്‌ കേബിള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇലക്‌ട്രിക്‌ കേബിള്‍

Electric Cable

സമീപവാഹികളിലേക്കോ ഭൂമിയിലേക്കോ വൈദ്യുതി ചോര്‍ന്നുപോകാത്തവിധം രോധന കവചമുള്ള വൈദ്യുതിവാഹികള്‍. ഏറ്റവും ലളിതമായത്‌ ഉറയിടാത്തതും ഇന്‍സുലനം ചെയ്‌തതുമായ ഒറ്റക്കാമ്പ്‌ പോളിവിനൈല്‍ ക്ലോറൈഡ്‌ (പി.വി.സി.) കേബിള്‍ ആണ്‌. നനവ്‌, ചതവ്‌, ദ്രവിക്കല്‍, വെയില്‍ തുടങ്ങിയ പ്രതികൂലസാഹചര്യങ്ങളില്‍ രോധനവസ്‌തു ചീത്തയായിപ്പോകാതിരിക്കാനുള്ള സംവിധാനംകൂടിയുള്ളതായിരിക്കും മിക്ക കേബിളുകളും. വ്യത്യസ്‌ത വോള്‍ട്ടതകളില്‍ ഉപയോഗിക്കാനാവശ്യമായ വിവിധതരം കേബിളുകള്‍ ഇന്ന്‌ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്‌. ചുരുങ്ങിയ തോതിലെങ്കിലും വഴക്കം ഉള്ളവയാവണം കേബിളുകള്‍. എല്ലാ കേബിളുകള്‍ക്കും മൂന്ന്‌ അവശ്യഭാഗങ്ങള്‍ ഉണ്ടായിരിക്കും. (1) വൈദ്യുതി പ്രവഹിക്കുന്ന ഭാഗം-വാഹി; (2) വൈദ്യുതപ്രവാഹം വാഹിയിലൂടെ മാത്രമാക്കി ഒതുക്കിനിര്‍ത്തുന്ന വസ്‌തു-രോധനപദാര്‍ഥം; (3) ഈ സംവിധാനത്തെ ബാഹ്യസാഹചര്യങ്ങളില്‍നിന്നു സംരക്ഷിക്കുന്ന ക്രമീകരണം (കവചം).

1. വാഹി. മുന്‍കാലങ്ങളില്‍ ചെമ്പുകമ്പി മാത്രമായിരുന്നു കേബിളുകളില്‍ വാഹികളായി ഉപയോഗിച്ചിരുന്നത്‌. ഇന്ന്‌ അലുമിനിയവും പ്രചാരത്തിലുണ്ട്‌. അലുമിനിയം കേബിളുകളാണ്‌ ഇന്ത്യയില്‍ കൂടുതല്‍ പ്രചാരത്തിലുള്ളത്‌. കേബിള്‍ നിര്‍മാണത്തില്‍ ഇന്ത്യ ഇന്ന്‌ വളരെ പുരോഗമിച്ചിട്ടുണ്ട്‌. കേബിള്‍വാഹികളായി ഉപയോഗിക്കപ്പെടുന്ന വസ്‌തുക്കളില്‍ ചെമ്പിനും അലുമിനിയത്തിനും പുറമേ ടിന്‍ പൂശിയ ചെമ്പ്‌, ചെമ്പു പൂശിയ അലുമിനിയം, ഉരുക്ക്‌, സോഡിയം, അലുമിനിയം, മഗ്നീഷ്യം, സിലിക്കണ്‍ എന്നിവയുടെ സങ്കരം എന്നിവയും ഉള്‍പ്പെടുന്നു.

സോഡിയം വാഹികള്‍ അടുത്തകാലത്തു മാത്രമാണ്‌ ഉപയോഗത്തില്‍ വന്നത്‌. പോളിത്തീന്‍ പദാര്‍ഥത്തെ നിശ്ചിത ഛേദ അളവുകളുള്ള കമ്പികളായി രൂപാന്തരപ്പെടുത്തുമ്പോള്‍ത്തന്നെ (Extrusion) അവയില്‍ ദ്രാവകരൂപത്തില്‍ സോഡിയം നിറയ്‌ക്കുകയും കുഴലും അതിനുള്ളിലെ ചാലകപദാര്‍ഥവും അങ്ങനെ ഒന്നിച്ചു തണുത്തുറയ്‌ക്കുകയും ചെയ്യുന്നു. ചെമ്പുകമ്പികൊണ്ട്‌ സംരക്ഷണകവചമിട്ട നിലയില്‍ ഭൂമിക്കടിയിലുള്ള ഉപയോഗത്തിന്‌ 15 കെ.വി. വരെയുള്ള വോള്‍ട്ടതകളില്‍ യു.എസ്സിലും മറ്റും സോഡിയംവാഹികള്‍ നിര്‍മിക്കപ്പെടുന്നുണ്ട്‌.

2. രോധനം. വള്‍ക്കനൈസ്‌ ചെയ്‌ത ഇന്ത്യാറബ്ബര്‍ (VIR), പോളിവിനൈല്‍ ക്ലോറൈഡ്‌ (പി.വി.സി.), പോളിഎഥിലീന്‍, പോളിക്ലോറോപ്രീന്‍ (നിയോപ്രീന്‍), താപസഹ പി.വി.സി., ബ്യൂട്ടൈല്‍ റബ്ബര്‍, എഥിലീന്‍ പ്രാെപ്പലീന്‍ റബ്ബര്‍ (EPR), ക്ലോറോ സള്‍ഫൊണേറ്റഡ്‌ പോളി എഥിലീന്‍ (CSP), ക്രാസ്‌ലിങ്ക്‌ഡ്‌ പോളി എഥിലീന്‍ (XLPE), സിലിക്കോണ്‍ റബ്ബര്‍, പോളി ടെട്രാഫ്‌ളൂറോ എഥിലീന്‍ (PTFE), ഖനിജരോധനവസ്‌തുക്കള്‍, സംസേചിത കടലാസ്‌ (impregnated paper), വാര്‍ണിഷു ചെയ്‌ത കാംബ്രിക്‌ മുതലായവ കേബിള്‍ രോധനത്തിനു പ്രയോജനപ്പെടുത്താറുണ്ട്‌. ഉയര്‍ന്ന രോധന നിലവാരം, ഉയര്‍ന്ന ഡൈ ഇലക്‌ട്രിക്‌ബലം, ഇലാസ്‌തികത, ഉറപ്പ്‌, അമ്ല/ക്ഷാര പദാര്‍ഥങ്ങളുമായി രാസപ്രവര്‍ത്തനത്തിലേര്‍പ്പെടാതിരിക്കാനുള്ള ശേഷി, മികച്ച ഈര്‍പ്പ പ്രതിരോധശേഷി, വിലക്കുറവ്‌ തുടങ്ങിയവ രോധന പദാര്‍ഥങ്ങള്‍ക്കുണ്ടാകുന്ന ഗുണമേന്മകളാണ്‌.

3. കവചം (sheath). ഇത്‌ അലോഹനിര്‍മിതമോ ലോഹനിര്‍മിതമോ ആവാം. കടുപ്പമുള്ള റബ്ബര്‍, പി.വി.സി. തുടങ്ങി രോധനത്തിനായുപയോഗിക്കുന്ന പദാര്‍ഥങ്ങള്‍, ഉപചരിച്ച പരുത്തിത്തുണി, കടലാസ്‌, ഹെസിയന്‍ (hessian), നൈലോണ്‍, ഗ്ലാസ്‌ ഫൈബര്‍ എന്നിവ അലോഹ കവചങ്ങളായി ഉപയോഗിക്കപ്പെടാം.

ലോഹ കവചങ്ങളായി ചെമ്പ്‌, അലുമിനിയം, ഈയം, ഉരുക്ക്‌ തുടങ്ങിയവ, കമ്പികള്‍/നാടകള്‍/ചീളുകള്‍ രൂപത്തില്‍, ഉപയോഗിക്കപ്പെടുന്നു. ഈയമാണ്‌ കൂടുതല്‍ വ്യാപകം. സാധാരണ ഉപയോഗത്തിനുള്ള, ആര്‍മറോടുകൂടിയ കേബിളുകള്‍ക്ക്‌ 99.8 ശതമാനം ശുദ്ധിയുള്ള ഈയമാണ്‌ കവചമായുപയോഗിക്കുക. ആര്‍മര്‍ ഇല്ലാത്തതോ, മിതമായ കുലുക്കങ്ങള്‍ക്കടിപ്പെടുന്നതോ ആയ കേബിളുകള്‍ക്ക്‌ കവചമായി 0.4 ശതമാനം ടിന്‍, 0.2 ശതമാനം ആന്റിമണി എന്നിവ അടങ്ങുന്ന ഈയം ഉപയോഗിക്കുന്നു. കുലുക്കം കൂടുതലുള്ള റെയില്‍ ക്രാേസിങ്‌, റോഡ്‌ ക്രാേസിങ്‌, പാലങ്ങള്‍ എന്നിവയ്‌ക്ക്‌ 1.87 ശതമാനം ആന്റിമണി അടങ്ങിയ ഈയംകൊണ്ടാവണം കവചങ്ങള്‍ നിര്‍മിക്കേണ്ടത്‌. അലുമിനിയംകൊണ്ടുള്ള കവചങ്ങളും ഇന്നു പ്രചാരത്തിലുണ്ട്‌. ഇവ നല്ല ബലമുള്ളവയാകയാല്‍ പ്രത്യേക ആര്‍മറിങ്ങിന്റെ ആവശ്യം ഒഴിവാക്കാം; ഭാരക്കുറവുമുണ്ട്‌. പക്ഷേ ദ്രവിക്കാനിടയുള്ളതിനാല്‍ അലുമിനിയം കേബിളിനു പുറത്തായി പി.വി.സി. അഥവാ പോളിത്തീന്‍കൊണ്ടുള്ള നേരിയ മറ്റൊരു കവചംകൂടി ആവശ്യമായി വരുന്നു.

ആര്‍മര്‍ (Armour). പുറമേനിന്ന്‌ ക്ഷതമോ ചതവോ പറ്റാതെ കവചത്തെ സംരക്ഷിക്കുവാനായി കേബിളുകള്‍ക്ക്‌ ഏറ്റവും പുറത്തായി ആര്‍മര്‍ എന്നറിയപ്പെടുന്ന സംരക്ഷണകവചം നിര്‍മിക്കാറുണ്ട്‌. ഒറ്റക്കാമ്പുള്ള കേബിളുകളില്‍ ആര്‍മര്‍ സാധാരണ കൊടുക്കാറില്ല. പ്രത്യേക സാഹചര്യങ്ങള്‍ ഇതാവശ്യമാക്കിത്തീര്‍ക്കുമ്പോള്‍ കാന്തികലോഹങ്ങള്‍കൊണ്ടല്ലാത്തതരം ആര്‍മറുകളാണ്‌ നല്‌കുക. മറ്റു കേബിളുകളില്‍ ഉരുക്കുകമ്പികള്‍, ദ്രവിക്കാതിരിക്കാനായി ലോഹ കവചങ്ങള്‍ക്ക്‌ ഒരു പുറംമിനുക്ക്‌ ആവശ്യമാണ്‌. കൈകാര്യം ചെയ്യാനും ഈര്‍പ്പം തടയാനും ഇത്‌ കൂടുതല്‍ സഹായകരമാണ്‌. ബിറ്റുമനില്‍ മുക്കിയെടുത്ത ഹെസിയന്‍ടേപ്പ്‌ സാധാരണയായി ഇതിനുപയോഗിക്കുന്നു.

വിവിധതരം കേബിളുകള്‍. വൈദ്യുത പ്രസരണ വിതരണത്തിന്‌ വ്യാപകമായി ഉപയോഗിച്ചിരുന്നവയാണ്‌ സോളിഡാര്‍ കേബിളുകള്‍, പില്‍ക്‌ (PILC: Paper insulated Lead covered) കേബിളുകള്‍, എസ്സ്‌.എല്‍ (SL: Lead Sheathed) കേബിളുകള്‍, ഹോസ്റ്റാഡ്‌റ്റര്‍ (Hochstadter) രൂപകല്‌പന ചെയ്‌തു നിര്‍മിച്ച 'H' കേബിളുകള്‍ തുടങ്ങിയവ. കഴിഞ്ഞ നൂറ്റാണ്ടവസാനത്തോടെ ഏറെ പ്രചാരത്തിലായത്‌ എക്‌സ്‌.എല്‍.പി.ഇ. (XLPE) കേബിളുകളും ട്രിപ്പിള്‍ എ.സി. (AAAC: All Aluminium Alloy Conductor) കേബിളുകളുമാണ്‌. ഇവയെല്ലാം തന്നെ മണ്ണിനടിയില്‍ കുഴിച്ചിടുന്ന അഥവാ UG (അണ്ടര്‍ ഗ്രൗണ്ട്‌) കേബിളുകളാണ്‌. കുറഞ്ഞ വോള്‍ട്ടതകളില്‍ (440 വോള്‍ട്ടുവരെ) കൂടുതലായി ഉപയോഗിക്കുന്നത്‌ ഉയര്‍ന്ന വോള്‍ട്ടത വഹിക്കുന്ന കുഴിച്ചിടാത്ത അഥവാ ഓപ്പണ്‍ കേബിളുകളും പി.വി.സി.യുമാണ്‌. ഇവയ്‌ക്ക്‌ ലളിതമായ ഘടനയാണുള്ളത്‌.

കുറഞ്ഞ സാന്ദ്രതയുള്ള പോളി എഥിലീന്‍ നിയന്ത്രിതവുമായി വല്‍ക്കനൈസ്‌ ചെയ്യുമ്പോള്‍ കാര്‍ബണ്‍ ആറ്റങ്ങള്‍ പരസ്‌പരം കൊരുത്തുചേര്‍ന്നു ഭാരം കുറഞ്ഞതും ഉയര്‍ന്ന ദ്രവണാങ്കവും ഏറെ കരുത്താര്‍ന്നതുമായ എക്‌സ്‌.എല്‍.പി.ഇ. പദാര്‍ഥം ലഭിക്കുന്നു. ഇത്‌ മുഖ്യ രോധകവസ്‌തുവായി നിര്‍മിച്ചിരിക്കുന്ന വൈദ്യുത കേബിളുകള്‍ എക്‌സ്‌.എല്‍.പി.ഇ. (XLPE) കേബിളുകള്‍ എന്ന്‌ അറിയപ്പെടുന്നു. 3½ കാമ്പ്‌ കേബിളുകളെന്നാല്‍ മൂന്ന്‌ കാമ്പില്‍ ഫേസുകളും അതിലൊന്നിന്റെ പകുതി ഛേദതല വിസ്‌തീര്‍ണമുള്ള മറ്റൊരു കാമ്പ്‌ ന്യൂട്രലും എന്നാണ്‌. തീരെ കുറഞ്ഞ വൈദ്യുതി മാത്രമേ ന്യൂട്രലില്‍ ഉണ്ടാകാറുള്ളൂ എന്നതുകൊണ്ടാണ്‌ ഇങ്ങനെ നിര്‍മിക്കുന്നത്‌. നാല്‌ കാമ്പ്‌ കേബിളുകളെന്നാല്‍ മൂന്നെണ്ണത്തില്‍ ഫേസും ഒന്നില്‍ ന്യൂട്രലും എന്നാണ്‌. എല്ലാത്തിനും തുല്യ ഛേദതല വിസ്‌തീര്‍ണമാണുള്ളത്‌. റിട്ടേണ്‍ ധാരാ ന്യൂട്രലില്‍ ഉള്ളതുകൊണ്ടാണ്‌, ഈ നിര്‍മാണരീതി. ഏറെ നേരം ഉയര്‍ന്ന ഊഷ്‌മാവ്‌ (90°) താങ്ങുന്നതിനാലും, സാമാന്യം ഉയര്‍ന്ന ഡൈഇലക്‌ട്രിക്‌ ഗുണാങ്കം ഉള്ളതിനാലും എക്‌സ്‌.എല്‍.പി.ഇ. കേബിളുകളാണ്‌ പൊതുവേ വൈദ്യുത പ്രസരണ വിതരണത്തിനായി ഉപയോഗിക്കുന്നത്‌. വിവിധ ഛേദതല വിസ്‌തീര്‍ണങ്ങളില്‍ ഇവ ലഭ്യവുമാണ്‌. ലോ ടെന്‍ഷനില്‍ 25, 50, 70, 95, 112, 185 ചതുരശ്രമില്ലിമീറ്റര്‍ അളവുകളുള്ള കേബിളുകളും ഉയര്‍ന്ന വോള്‍ട്ടതകളില്‍ 300 ചതുരശ്രമില്ലിമീറ്റര്‍ എക്‌സ്‌.എല്‍.പി.ഇ. കേബിളുകളുമാണ്‌ ഉപയോഗിക്കുന്നത്‌.

കേബിള്‍മാര്‍ഗം വൈദ്യുതി കൊണ്ടുപോകുമ്പോള്‍ പ്രസരണ നഷ്‌ടം തീരെ കുറവാണ്‌. ജനസാന്ദ്രത കൂടിയ പ്രദേശങ്ങള്‍, വ്യവസായ കേന്ദ്രങ്ങള്‍, പ്രതികൂല കാലാവസ്ഥയുള്ള സ്ഥലങ്ങള്‍, മിന്നല്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയേറിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കേബിള്‍സംവിധാനം അത്യന്താപേക്ഷിതമാണ്‌. മിക്ക രാജ്യങ്ങളും കേബിള്‍ വഴിയുള്ള വൈദ്യുത പ്രസരണ വിതരണ രീതിയിലേക്ക്‌ മാറിക്കഴിഞ്ഞു. വൈദ്യുതലൈന്‍ വലിച്ചുകൊണ്ടുപോകുന്നതിനെ അപേക്ഷിച്ച്‌ 11 കെ.വി. വൈദ്യുതി യു.ജി. കേബിളുകള്‍ വഴി കൊണ്ടുപോകുന്നതിന്‌ മൂന്ന്‌ ഇരട്ടിയും 33 കെ.വി.-ക്ക്‌ ഏതാണ്ട്‌ അഞ്ച്‌ ഇരട്ടിയും തുക വേണ്ടിവരും. പക്ഷേ വൈദ്യുതിയുടെ പ്രസരണ വിതരണനഷ്‌ടം ഗണ്യമായി കുറയ്‌ക്കാന്‍ കേബിള്‍ ഉപയോഗം അനിവാര്യമാണ്‌.

കേബിള്‍ പ്രതിഷ്‌ഠാപനം. കേബിളുകള്‍ ഭൂമിക്കടിയിലും മുകളിലും പ്രതിഷ്‌ഠാപിക്കാറുണ്ട്‌. പുറത്താവുമ്പോള്‍ കേബിള്‍ ചാലുകളിലോ (ducts), ക്ലീറ്റുകളില്‍ താങ്ങിയോ, കേബിള്‍ തട്ടുകളില്‍ (racks) കിടത്തിയോ കൊണ്ടുപോകാം. ഭൂമിക്കടിയിലാകുമ്പോള്‍, കല്ലോ മൂര്‍ച്ചയുള്ള മറ്റു തടസ്സങ്ങളോ ഇല്ലാത്തവിധം, അരിച്ച മണ്ണും പൂഴിയും മറ്റും വിരിച്ച നിലത്ത്‌ കേബിളുകള്‍ കിടത്തി, പാര്‍ശ്വങ്ങളിലും മുകളിലും പൂഴി നിറച്ചതിനുശേഷം അതില്‍ പതമുള്ള മണ്ണിട്ട്‌ അമര്‍ത്തുകയും ഇഷ്‌ടികകളോ കോണ്‍ക്രീറ്റ്‌ പലകകളോകൊണ്ട്‌ മൂടുകയും വേണം. വളവുകളില്‍ നിലത്തിട്ട്‌ കേബിള്‍ വലിക്കരുത്‌. മിനുസമുള്ള പലകകളോ ഉരുളുകളോ ഉപയോഗിച്ച്‌ സശ്രദ്ധം നീക്കേണ്ടതാണ്‌. തട്ടുകളിലും ക്ലീറ്റുകളിലും ആവുമ്പോള്‍ ഇടദൂരങ്ങളില്‍ നന്നായി ക്ലാമ്പ്‌ ചെയ്യണം. പ്രതിഷ്‌ഠാപനത്തില്‍ വളവുകള്‍ ആവശ്യമായി വരുമ്പോള്‍ താഴെ പറയുന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ അപ്രകാരമോ അവയെക്കാള്‍ 25 ശതമാനം ഉയര്‍ന്ന തോതിലോ പാലിക്കേണ്ടതുണ്ട്‌.

പി.വി.സി. കേബിളുകള്‍ക്ക്‌ കേബിളിന്റെ മൊത്തം വ്യാസത്തിന്റെ ആറിരട്ടി വ്യാസാര്‍ധം വേണം, വളവുകളില്‍. ചാലുകളില്‍ വളവുവരുന്നയിടങ്ങളില്‍ 1,100 വോള്‍ട്ട്‌ (1.1 kV) കേബിളുകള്‍ക്ക്‌ ചുരുങ്ങിയത്‌ 2.8 മി.മീ. എന്ന കണക്കില്‍ ആവണം ഏറ്റവും ചുരുങ്ങിയ വ്യാസാര്‍ധം എടുക്കേണ്ടത്‌. ഒറ്റക്കാമ്പു കേബിളുകള്‍ "ട്രിഫോയില്‍' രീതിയിലാണ്‌ പ്രതിഷ്‌ഠാപിക്കേണ്ടത്‌; രണ്ടെണ്ണം അടിവരിയിലും ഒന്നു മുകളിലും. നീളം കൂടുതലാണെങ്കില്‍ ഷീത്തുകളില്‍ പ്രേരണ വോള്‍ട്ടത (induced voltage) അപകടകരമായ നിലയിലേക്ക്‌ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഒന്നുകില്‍ ഷീത്തുകളുടെ രണ്ടറ്റങ്ങളും തമ്മിലോ അല്ലെങ്കില്‍ മധ്യഭാഗങ്ങള്‍ തമ്മിലോ ബന്ധിപ്പിക്കണം. ചെറിയ ദൂരമാണെങ്കില്‍ ഒരറ്റത്തു മാത്രം ബന്ധിപ്പിച്ചാല്‍ മതി.

ഒറ്റക്കാമ്പു കേബിളുകള്‍ക്ക്‌ കാന്തികലോഹംകൊണ്ടുള്ള ആര്‍മര്‍കൂടിയുണ്ടെങ്കില്‍ താപരൂപത്തിലുള്ള ഊര്‍ജനഷ്‌ടത്തിനുള്ള സാധ്യതയും പരിഗണിക്കേണ്ടിവരും. രണ്ടാം ലോകയുദ്ധകാലത്ത്‌ പോര്‍ച്ചുഗലിലെ ടേഗസ്‌ നദിക്കു കുറുകെയിട്ട 33 കെ.വി. കേബിളിലെ ആര്‍മര്‍മൂലമുണ്ടായ ഊര്‍ജനഷ്‌ടം അന്നു പുതിയൊരു അറിവുതന്നെയായിരുന്നു. 2,198 മീ. നീളമുള്ള 10 എം.വി.എ. വൈദ്യുതശക്തി വേണ്ടുന്ന മൂന്ന്‌ 33 കെ.വി. ഒറ്റക്കാമ്പുകേബിളുകളിലെ നഷ്‌ടം ഇപ്രകാരമായിരുന്നു.

ചെമ്പ്‌ (I2R) നഷ്‌ടം = 17.5 കിലോ വാട്ട്‌/കി.മീ. ആര്‍മര്‍ നഷ്‌ടം = 12.3 കിലോ വാട്ട്‌/കി.മീ. (I2Rന്റെ ഏതാണ്ട്‌ 70%) ഡൈ ഇലക്‌ട്രിക്‌ നഷ്‌ടം = 0.26 കിലോ വാട്ട്‌/കി.മീ.

കേബിള്‍ സന്ധികള്‍. കേബിളുകളുടെ രണ്ടറ്റങ്ങളും തമ്മിലുള്ള ദൂരം കൂടുതലാവുമ്പോള്‍ ഇടയ്‌ക്കുവച്ചുള്ള ചേര്‍പ്പുകളും, സന്ധിപ്പിക്കുന്ന സമ്പ്രദായവും വളരെയധികം സാങ്കേതികത്വം ഉള്‍ക്കൊള്ളുന്നു. 11 കെ.വി. വരെയുള്ള വോള്‍ട്ടതകളില്‍ ബിറ്റുമന്‍ ചെലുത്തിയ പരുത്തിടേപ്പ്‌, സംസേചിത കടലാസ്‌ തുടങ്ങിവയാണ്‌ ഉത്തമം. 22 കെ.വി.വരെ ബിറ്റുമന്‍ ചെലുത്തിയ രോധനവസ്‌തുക്കള്‍ ഉപയോഗിക്കാം. അതിനു മുകളില്‍ റെസിന്‍ യൗഗികങ്ങളും മറ്റും ഉപയോഗിക്കുന്നു; യൗഗികം ഇളകിനീങ്ങാനിടയില്ലാത്തതും ഈര്‍പ്പം കടക്കാത്തതും അതേസമയം എത്രയും ഒതുക്കമുള്ളതുമാവണം. ഉയര്‍ന്ന വോള്‍ട്ടതകളിലെ സന്ധികളിലെ ലോഹ ആവരണം നന്നായി ഭൂയോജനം ചെയ്‌തിരിക്കണം. യോജിപ്പിക്കുന്നതിനു മുമ്പും പിമ്പും ഇന്‍സുലനരോധനം അളന്ന്‌ രേഖപ്പെടുത്തിവയ്‌ക്കുകയും വേണം. കേബിള്‍ ശൃംഖലയിലെ ഏറ്റവും "ബലം' കുറഞ്ഞ ഭാഗം സന്ധിപ്പാകയാല്‍ കേബിള്‍ സംവിധാനത്തില്‍ ചേര്‍പ്പുകള്‍ എത്രും കുറയ്‌ക്കുവാന്‍ ശ്രമിക്കേണ്ടതുണ്ട്‌.

കേബിള്‍ റേറ്റിങ്‌. കേബിളില്‍ പലതരം ഊര്‍ജനഷ്‌ടങ്ങള്‍കൊണ്ട്‌ ഉണ്ടാകാവുന്ന താപോന്നതി നിര്‍ദിഷ്‌ട മൂല്യത്തില്‍ നിര്‍ത്തിക്കൊണ്ട്‌, അനുനിമിഷം പുറത്തേക്കു വിട്ടുകൊടുക്കാന്‍ കഴിയുന്ന താപമൂല്യവും ഉത്‌പാദിപ്പിക്കപ്പെടുന്ന താപമൂല്യവും താരതമ്യപ്പെടുത്തിയാണ്‌ കേബിളിനു സുരക്ഷിതമായി വഹിക്കാവുന്ന വിദ്യുദ്‌ധാരയുടെ ശേഷി നിശ്ചയിക്കുന്നത്‌. ഇക്കാരണത്താല്‍, കേബിളുകളുടെ പ്രതിഷ്‌ഠാപനം മണ്ണിനടിയിലാണോ വായുവിലാണോ എന്നും ഒന്നിലധികം കേബിളുകള്‍ അടുത്തടുത്താണോ എന്നുംമറ്റുമുള്ള വസ്‌തുതകള്‍ ധാരാശേഷിയെ ബാധിക്കുന്നു. നിര്‍മാതാക്കള്‍ നല്‌കുന്ന പട്ടികകള്‍ അനുസരിച്ചാണ്‌ ധാരാശേഷി തിട്ടപ്പെടുത്തുന്നത്‌. ഒന്നിലധികം കേബിളുകളുടെ കൂട്ടമാകുമ്പോള്‍ ഒന്നിലെ താപം തൊട്ടടുത്തുള്ള കേബിളിനെക്കൂടി ചൂടാക്കുന്നതിനാല്‍ ധാരാശേഷി സ്വാഭാവികമായും കുറയുന്നു.

മണ്ണിന്റെ താപചാലകത്വവും കേബിളുകളും. നനവുള്ള മണ്ണിന്റെ താപചാലകത ഉയര്‍ന്നതായിരിക്കും; മറിച്ച്‌ സുഷിരങ്ങളുള്ളതും വരണ്ടതുമായ മണ്ണിന്റെ താപചാലകത നന്നേ കുറഞ്ഞിരിക്കുകയും ചെയ്യും. വരണ്ട മണ്ണിലൂടെ കേബിളുകള്‍ ഇടുമ്പോള്‍ താപോന്നതി കണക്കാക്കിനോക്കി പ്രവാഹസാന്ദ്രത പരിമിതപ്പെടുത്തുന്നത്‌ നന്നായിരിക്കും. മണ്ണിന്റെ താപനില 15ീഇ എന്ന അടിസ്ഥാനത്തിലാണ്‌ സാധാരണയുള്ള കണക്കുകൂട്ടല്‍. ഇത്‌ 5 മുതല്‍ 20 വരെ ഡിഗ്രി സെല്‍ഷ്യസ്‌ ആയി വ്യത്യാസപ്പെടാറുണ്ടെന്നാണ്‌ അനുഭവം. വളരെ മോശമായ ഭൂനിലയാണെങ്കില്‍ സമീപത്തായി ജലക്കുഴലുകള്‍ വിരിച്ച്‌ താപക്കൈമാറ്റം നടത്തുന്നത്‌ ഫലപ്രദമായിരിക്കും.

ലഘുപരിപഥം (short circuit). ലഘുപരിപഥം സംഭവിക്കുമ്പോള്‍ ഉയര്‍ന്ന ധാരമൂലം വാഹി അത്യധികം ചൂടാക്കപ്പെടുന്നു. രോധനത്തിന്‌ താപചാലകത കുറവായതിനാല്‍ അതുപെട്ടെന്നു ചൂടാവുന്നില്ല. ഇക്കാരണത്താല്‍ അല്‌പനേരത്തേക്ക്‌ ഒരു പരിധിവരെ അധികധാര താങ്ങാന്‍ കേബിളിനു കഴിയും. എത്ര നേരത്തേക്ക്‌ എന്നത്‌ സമീപത്തുളവാകുന്ന കാന്തബലങ്ങള്‍, താപോന്നതിയെ നിയന്ത്രിക്കുന്ന മറ്റു ഘടകങ്ങള്‍ എന്നിവയെക്കൂടി ആശ്രയിച്ചിരിക്കുന്നു.

കേബിള്‍ ടെസ്റ്റിങ്‌. കേബിളുകളുടെ നിര്‍മാണത്തിനുശേഷം ഫാക്‌ടറിയില്‍വച്ചും, പ്രതിഷ്‌ഠാപനത്തിനുശേഷം ഉപയോഗത്തിലിരിക്കുമ്പോഴും അവയുടെ കേടുപാടുകള്‍ കണ്ടുപിടിക്കുന്നതിന്‌ അവയെ പലതരം പരിശോധനകള്‍ക്കു വിധേയമാക്കേണ്ടതുണ്ട്‌.

ഫാക്‌ടറിക്കകത്തുവച്ചു നടത്തേണ്ടവ. (1) വാഹികളുടെ പ്രതിരോധം അളക്കല്‍ (2) വോള്‍ട്ടതാപരിശോധന. സൈനവ(sinusoidal)ക്രമത്തോട്‌ ഏറ്റവും അടുത്ത തരംഗരൂപവും 25-നും 100-നുമിടയ്‌ക്ക്‌ ഹെര്‍ട്‌സ്‌ ആവൃത്തിയുമുള്ള വോള്‍ട്ടതാമൂല്യം ക്രമേണ ഉയര്‍ത്തിക്കൊണ്ടുവന്ന്‌ പൂര്‍ണമൂല്യത്തില്‍ 15 മിനിട്ടുനേരം നിലനിര്‍ത്തി പരിശോധിക്കേണ്ടതാണ്‌. വിവിധതരം കേബിളുകള്‍ക്കും വോള്‍ട്ടതാപരിധികള്‍ക്കും വേണ്ട പരീക്ഷണവോള്‍ട്ടത എത്രയെന്ന്‌ നിര്‍ദേശിക്കപ്പെിട്ടുണ്ട്‌.

(3) വളയ്‌ക്കല്‍ അഥവാ ബെന്‍ഡിങ്‌ടെസ്റ്റിനു മുമ്പും പിമ്പും വോള്‍ട്ടതാപരിശോധന നടത്തേണ്ടതുണ്ട്‌. കേബിള്‍ എടുത്ത്‌ നിര്‍ദിഷ്‌ട വ്യാസമുള്ള ഒരു വൃത്തസ്‌തംഭത്തിനെ ചൂഴ്‌ന്ന്‌ ഒരു മുഴുവന്‍ ചുറ്റുചുറ്റണം. പിന്നീട്‌ എതിര്‍ദിശയില്‍ ചുറ്റുകയും ഇതേക്രമം മൂന്നു പ്രാവശ്യം ആവര്‍ത്തിക്കുകയും വേണം; കേബിളിനു യാതൊരു കേടും സംഭവിക്കുന്നില്ലെന്നുറപ്പു വരുത്താനാണ്‌ ഈ പരീക്ഷണം. (4) 33 കെ.വി.ക്കു താഴെയല്ലാത്ത കേബിളുകള്‍ക്ക്‌ ഡൈഇലക്‌ട്രിക്‌ പവര്‍ ഫാക്‌റ്റര്‍ (dielectric power factor) പരിശോധിക്കുന്നതും ആവശ്യമാണ്‌. (5) കുത്തനെ പ്രതിഷ്‌ഠാപിക്കുന്ന കേബിളിനു വളയ്‌ക്കലിനു പുറമേ "ഡ്രിപ്പിങ്‌' അഥവാ "ഡ്രയിനേജ്‌' പരീക്ഷണംകൂടി ആവശ്യമാണ്‌.

പ്രതിഷ്‌ഠാപനത്തിനുശേഷം വേണ്ടത്‌. നിര്‍മാണം കഴിഞ്ഞ്‌ ഫാക്‌ടറിക്കകത്തുവച്ച്‌ ചെയ്യുന്ന പരീക്ഷണങ്ങളെല്ലാംതന്നെ പ്രതിഷ്‌ഠാപനശേഷവും ചെയ്യാറുണ്ടെങ്കിലും കുറഞ്ഞ വോള്‍ട്ടതയാണ്‌ പ്രതിഷ്‌ഠാപനശേഷമുള്ള പരിശോധനകള്‍ക്ക്‌ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്‌. സമ്മര്‍ദിത കേബിളുകള്‍ക്ക്‌ കൂടുതല്‍ വിശദമായ പരീക്ഷണങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്‌. ലോഡിങ്‌ സൈക്കിള്‍, താപീയസ്ഥായിത്വം; ഇംപള്‍സ്‌ ടെസ്റ്റ്‌ എന്നിവയും ആവശ്യമാണ്‌.

കേടുപാടുകള്‍ കണ്ടുപിടിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍. മണ്ണുമാന്തല്‍, കുഴികുത്തല്‍, മണ്ണിടിയല്‍, കരണ്ടുതീനികളുടെ ശല്യം, കേബിള്‍ ഉറ ദ്രവിക്കല്‍, കുലുക്കം തുടങ്ങിയ കാരണങ്ങളാല്‍ കേബിളുകള്‍ക്ക്‌ കേടുപാടുകള്‍ സംഭവിക്കാം. വോള്‍ട്ടതാപ്രാേത്‌കര്‍ഷം (surge), ഭാരാധിക്യം എന്നിവകൊണ്ടുള്ള വൈദ്യുതദോഷങ്ങളും കേബിളുകള്‍ക്ക്‌ സംഭവിക്കാറുണ്ട്‌. ഇന്‍സുലനരോധം കുറയുന്നതാണ്‌ സാധാരണയായി കാണാറുള്ള തകരാറുകളിലൊന്ന്‌. നിര്‍മാണത്തിലോ പ്രതിഷ്‌ഠാപനത്തിലോ ഉപയോഗത്തിലിരിക്കുമ്പോഴോ ഉള്ള തകരാറുകള്‍കൊണ്ട്‌ ഇന്‍സുലനരോധം കുറഞ്ഞുകാണാം. ഈ രോധക്കുറവ്‌ ഒരു ഓമിനും മെഗാഓമിനും ഇടയിലാവാം. എവിടെയാണ്‌ തകരാറെന്ന്‌ കണ്ടെത്തുവാന്‍ "ബ്രിഡ്‌ജ്‌ നെറ്റ്‌വര്‍ക്ക്‌' ഉപയോഗിക്കുന്ന പരീക്ഷണമാര്‍ഗങ്ങളാണ്‌ സാധാരണയായി അവലംബിക്കുക. ഇന്‍സുലന രോധം, വാഹിയുടെ തുടര്‍ച്ച, മുറേ-ലൂപ്പ്‌ടെസ്റ്റ്‌, വോള്‍ട്ടതാവീഴ്‌ച പരിശോധന, ധാരിതാമാപനം തുടങ്ങി പലതരം പരീക്ഷണങ്ങള്‍ ആവശ്യമായിവരും.

ഗാര്‍ഹിക വയറിങ്‌ കേബിളുകള്‍. ചെമ്പുവാഹി, പി.വി.സി. രോധകപദാര്‍ഥവുമായിട്ടുള്ള കേബിള്‍ എന്നിവയാണ്‌ പൊതുവേ ഗാര്‍ഹിക വയറിങ്ങിന്‌ ഉപയോഗിക്കുന്നത്‌. ഈ കേബിളുകളുടെ ലഭ്യമായ ഛേദതലവിസ്‌തീര്‍ണങ്ങള്‍ ചതുരശ്രമില്ലിമീറ്ററില്‍ 0.5, 0.75, 1.0, 1.5, 2.5, 4, 6, 10 എന്നിങ്ങനെയാണ്‌. ഇവയുടെ ധാരാശേഷി യഥാക്രമം 5, 8, 13, 16, 22, 29, 37, 50 ആംപിയര്‍ ആകുന്നു. ഈ കേബിളുകളില്‍ ഒന്നിലേറെ നേര്‍ത്ത ചെമ്പുകമ്പികള്‍ ഉണ്ടായിരിക്കും.

ഇലക്‌ട്രിക്‌ ലൈനുകള്‍. അലുമിനിയം അല്ലെങ്കില്‍ ചെമ്പ്‌ കമ്പികള്‍ പോസ്റ്റിലോ ടവറിലോ ബന്ധിപ്പിച്ച്‌ വൈദ്യുതി പ്രസരണവും വിതരണവും നടത്തുവാനുള്ള ക്രമീകരണം. ലൈന്‍ വലിച്ച്‌ വൈദ്യുതി പ്രസരണ വിതരണം നടത്തുന്നതു സാര്‍വത്രികമായിരുന്നു. അലുമിനിയം കമ്പികള്‍ക്ക്‌ പ്രത്യേകം രോധകപദാര്‍ഥമില്ലാതെ, ചുറ്റുമുള്ള അന്തരീക്ഷവായുവിന്റെ രോധകസ്വഭാവം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നു. ക്ലാവ്‌ പിടിക്കലും വിലക്കൂടുതലുംകാരണം ചെമ്പുകമ്പികള്‍ക്ക്‌ പകരം അലുമിനിയം കമ്പികളാണ്‌ ഉപയോഗിക്കുന്നത്‌. അലുമിനിയം കമ്പികള്‍ മാത്രമാകുമ്പോള്‍ ഉയര്‍ന്ന ലോഡിലും ഊഷ്‌മാവിലും ബലം കുറയുന്നതിനാല്‍ പിരിയിട്ട അലുമിനിയം കമ്പികളോട്‌ ഉരുക്ക്‌ കമ്പികള്‍കൂടി ചേര്‍ത്ത്‌ ഉപയോഗിക്കുന്നു. ഇത്തരം വൈദ്യുത വാഹികളെ എ.സി.എസ്‌.ആര്‍. (ACSR: അലുമിനിയം കണ്ടക്‌ടര്‍ സ്റ്റീല്‍ റീഇന്‍ഫോഴ്‌സ്‌ഡ്‌) എന്നു വിളിക്കുന്നു. വിവിധ ഛേദതല വിസ്‌തീര്‍ണത്തിലും ധാരാശേഷിയിലും ഇവ ലഭ്യമാണ്‌. ഇവയെല്ലാം തന്നെ ജന്തുക്കളുടെ പേരിലാണ്‌ അറിയപ്പെടുന്നത്‌. വലുപ്പം കൂടിയ കമ്പികള്‍ക്ക്‌ വലിയ ജീവികളുടെ പേരാണ്‌ കൊടുത്തിരിക്കുന്നത്‌. സ്‌ക്വിറല്‍ (Squirrel, 20.7mm), വീസെല്‍ (Weasel, 31.6mm2), റാബിറ്റ്‌ (rabbit, 52.9mm2), മിങ്ക്‌ (Mink, 63.1mm2), റെക്കൂണ്‍ (Racoon, 77.8mm2), ഡോഗ്‌ (dog, 105), ടൈഗര്‍ (tiger 131.5), വുള്‍ഫ്‌ (Wolf, 158.1), ലിങ്ക്‌സ്‌ (Lynx 183), പാന്തര്‍ (Panther, 211.4), കുണ്ടാ (Kundah, 402.9), മൂസ്‌ (Moose, 528.5), ഫിഞ്ച്‌ (Finch, 564) എന്നിങ്ങനെയാണ്‌. റാബിറ്റ്‌ എന്ന്‌ പേരിട്ടിരിക്കുന്ന എ.സി.എസ്‌.ആര്‍. വാഹിയില്‍ ആറ്‌ പിരിവ്‌ അലുമിനിയം കമ്പികളും ബലപ്പെടുത്താനായി ഒരു ഉരുക്ക്‌ കമ്പിയും ചേര്‍ന്ന്‌ ആകെ ഏഴ്‌ എണ്ണമുണ്ട്‌. സര്‍പ്പിലാകൃതിയിലാണ്‌ കമ്പികള്‍ ക്രമീകരിച്ചിരിക്കുന്നത്‌.

പ്രത്യേകതരം കേബിളുകള്‍. ഉപയോഗത്തിനനുസരിച്ച്‌ വ്യത്യസ്‌തതരം രോധനവസ്‌തുക്കളും പല രീതിയില്‍ പണിതെടുത്ത വാഹികളും ഇവയുടെ സംയോജന സംവിധാനങ്ങളുമുള്ള കേബിളുകളും നിര്‍മിച്ചുവരുന്നുണ്ട്‌; വെല്‍ഡിങ്‌ കേബിളുകള്‍, ഖനികളിലുപയോഗിക്കാനുള്ള കേബിളുകള്‍, ടെലിവിഷന്‍-ടെലിഫോണ്‍ കേബിളുകള്‍, എക്‌സ്‌-റേ കേബിളുകള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്‌. ആവശ്യാനുസരണം നിര്‍ദിഷ്‌ടഗുണങ്ങളും നിര്‍മാണരീതികളും വിവരിക്കുന്ന ബന്ധപ്പെട്ട ഐ.എസ്‌.ഐ. നിലവാര നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ്‌ ഇന്ത്യയില്‍ കേബിളുകള്‍ നിര്‍മിക്കുന്നതും പരീക്ഷണങ്ങള്‍ നടത്തുന്നതും.

(വി.കെ. ദാമോദരന്‍; ഡോ. പ്രേംലെറ്റ്‌; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍