This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്കണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇലക്കണം

തമിഴ്‌ഭാഷയിലെ വ്യകാരണഗ്രന്ഥം. ഈ പദത്തിന്‌ നിര്‍വചനം എന്നും അര്‍ഥമുണ്ട്‌. "ഇലക്കിയം കണ്ടതര്‍ക്കു ഇലക്കണം കൂറല്‍' (ഭാഷയില്‍ കാണുന്ന നിയമങ്ങള്‍ പറയുന്നതാണ്‌ വ്യാകരണം) എന്ന്‌ തമിഴിലെ നന്നൂല്‍ എന്ന വ്യാകരണഗ്രന്ഥത്തില്‍ പറയുന്നു. ലക്ഷണം എന്ന സംസ്‌കൃതവാക്കുതന്നെയാണ്‌ ഇലക്കണം ആയി പരിണമിച്ചത്‌ എന്നൊരഭിപ്രായമുണ്ട്‌. "എള്ളില്‍നിന്റ്‌ എണ്ണൈ എടുപടുവതുപോലെ, ഇലക്കിയത്തില്‍നിന്റം എടുപടുവതു ഇലക്കണം' (എള്ളില്‍ നിന്ന്‌ എണ്ണ എടുക്കുന്നതുപോലെ ഭാഷയില്‍നിന്ന്‌ എടുക്കുന്നത്‌ വ്യാകരണം) എന്നൊരു ചൊല്ലും തമിഴിലുണ്ട്‌.

തമിഴിലെ ഇലക്കണം അഞ്ചുവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്‌; എഴുത്ത്‌, ചൊല്‍, പൊരുള്‍, യാപ്പ്‌, അണി എന്നിങ്ങനെ; എഴുത്ത്‌ അക്ഷരമാലയും, ചൊല്‍ ശബ്‌ദവും, പൊരുള്‍ അര്‍ഥവും യാപ്പ്‌ വൃത്തവും, അണി അലങ്കാരവും വിവരിക്കുന്നു. പൊരുള്‍തന്നെ അകപ്പൊരുള്‍ എന്നും പുറപ്പൊരുള്‍ എന്നും രണ്ടായി വിഭജിച്ചിട്ടുണ്ട്‌. സ്‌നേഹം, ജീവിതം തുടങ്ങിയ സാമൂഹികാംശങ്ങള്‍ അകപ്പൊരുളിലും രാഷ്‌ട്രീയം, സമരം തുടങ്ങിയവ പുറപ്പൊരുളിലും കൈകാര്യം ചെയ്‌തിരിക്കുന്നു.

തൊല്‌കാപ്പിയം എന്ന വ്യാകരണഗ്രന്ഥത്തില്‍ ഇലക്കണത്തിലെ എഴുത്ത്‌, ചൊല്‍, പൊരുള്‍ എന്നീ മൂന്നു വിഭാഗങ്ങള്‍ക്കാണ്‌ വിശദമായ വിവരണങ്ങള്‍ നല്‌കിയിട്ടുള്ളത്‌. അതിനുശേഷം ഇറയനാര്‍ അകപ്പൊരുള്‍ എന്ന ഗ്രന്ഥത്തില്‍ നാലാമത്തെ ഇലക്കണവിഭാഗമായ യാപ്പിനുള്ള നിര്‍വചനങ്ങള്‍ കൊടുത്തിരിക്കുന്നു. ആചാര്യ ദണ്ഡിയുടെ കാവ്യാദര്‍ശത്തിന്‌ തണ്ടിയലങ്കാരം എന്ന പേരില്‍ ഒരു പരിഭാഷ തമിഴില്‍ വന്നതിനുശേഷമാണ്‌ അഞ്ചാമത്തെ ഇലക്കണവിഭാഗമായ അണിതമിഴ്‌ വ്യാകരണത്തില്‍ സ്ഥിരമായ സ്ഥാനം നേടിയത്‌. പ്രാചീന മലയാളത്തിലും "ഇലക്കണം' വ്യാകരണം തന്നെയായിരുന്നു.

(പ്രാെഫ. അമ്പലത്തറ ഉണ്ണിക്കൃഷ്‌ണന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍