This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇറ്റർബിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇറ്റര്‍ബിയം

Ytterbium

ഇറ്റര്‍ബിയം

ഒരു ലോഹമൂലകം. ഇത്‌ ലാന്‍ഥനൈഡ്‌ ശ്രേണിയില്‍പ്പെടുന്ന ഒരു ദുര്‍ലഭമൃത്തികാമൂലകം (rare earth element) ആണ്‌. സിംബല്‍ Yb. അണുസംഖ്യ 70, അറ്റോമിക ഭാരം. 173.04. ഇത്‌ 824°C-ല്‍ ഉരുകുകയും 1193°C-ല്‍ തിളയ്‌ക്കുകയും ചെയ്യുന്നു. 6.972 ആണ്‌ ഇതിന്റെ ആപേക്ഷികഘനത്വം. സ്വീഡനിലെ ഇറ്റര്‍ബി എന്ന ഗ്രാമപ്രദേശത്തുനിന്നു ലഭിച്ച ധാതുവില്‍നിന്ന്‌ മാരിഗ്നാക്‌ എന്ന രസതന്ത്രജ്ഞന്‍ 1878-ല്‍ ആണ്‌ ഇത്‌ കണ്ടുപിടിച്ചത്‌. ഇറ്റര്‍ബിയം എന്ന മൂലകനാമം ഗ്രാമനാമത്തെ ആസ്‌പദമാക്കി വന്നതാണ്‌. ഇറ്റര്‍ബിയം ഭൂമിയില്‍ താരതമ്യേന കുറഞ്ഞ അളവിലുള്ള ഒരു മൂലകമാണ്‌. മിക്കവാറും എല്ലാ ദുര്‍ലഭമൃത്തികാധാതുക്കളിലും ഇത്‌ അല്‌പമായ അളവില്‍ കലര്‍ന്ന്‌ അവസ്ഥിതമാണ്‌. നൂക്ലിയര്‍ വിദളനോത്‌പന്നങ്ങ(nuclear fission products)ക്കിടയിലും ഈ മൂലകം ദൃശ്യമാണ്‌. പ്രകൃതിയില്‍ ഇതിന്‌ 7 ഐസൊടോപ്പുകളുണ്ട്‌. അയോണ്‍-വിനിമയ മാര്‍ഗത്തിലൂടെയും ഓക്‌സൈഡിനെ ലാന്‍ഥനം ചേര്‍ത്തു ചൂടാക്കി റെഡ്യൂസ്‌ ചെയ്യുന്നതിലൂടെയും ലഭിക്കുന്ന ഇറ്റര്‍ബിയം സ്വേദനവിധേയമാക്കിയാല്‍ ശുദ്ധീകരിക്കപ്പെടുന്നു. വായുവില്‍ ഈ മൂലകം എളുപ്പം ഓക്‌സിഡൈസ്‌ ചെയ്യപ്പെടുന്നതാണ്‌. ഇത്‌ ജലവുമായി പ്രവര്‍ത്തിച്ച്‌ ഹൈഡ്രജന്‍ ലഭ്യമാക്കുന്നു. ഇതിന്‌ രണ്ടും മൂന്നും സംയോജകതകളുള്ള യൗഗികങ്ങളുണ്ടാക്കുവാന്‍ കഴിവുണ്ട്‌. സംയോജകത മൂന്നുള്ള യൗഗികങ്ങള്‍ മിക്കതും വെളുപ്പാണ്‌. വ്യാവസായികരംഗത്തില്‍ ഇറ്റര്‍ബിയത്തിന്റെ പ്രാധാന്യം വികസിച്ചുവരുന്നതേയുള്ളൂ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍