This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇറാനിയന്‍ സിനിമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇറാനിയന്‍ സിനിമ

Iranian Cinema

ഏറ്റവും കലാമൂല്യമുള്ള ദേശീയസിനിമ എന്ന്‌ വെര്‍ണര്‍ ഹെര്‍സോഗിനെപ്പോലുള്ള സംവിധായകര്‍ വിലയിരുത്തിയ ചലച്ചിത്രലോകമാണ്‌ ഇറാനിയന്‍ സിനിമ. ഗ്രീക്‌-അറബിക്‌-ഇന്ത്യന്‍-അഫ്‌ഗാന്‍ സംസ്‌കാരങ്ങളില്‍ നിന്ന്‌ ഊര്‍ജമുള്‍ക്കൊണ്ട്‌ സമ്പന്നമായ ഇറാനിയന്‍ കലാപാരമ്പര്യത്തിന്റെ ഉജ്ജ്വലമായ തുടര്‍ച്ചയാണിത്‌.

വെര്‍ണര്‍ ഹെര്‍സോഗ്‌

ഇറാനിലെ ഭരണാധികാരിയായിരുന്ന മുസാഫര്‍ അല്‍ ദിന്‍ഷാ (1896-1907), 1900-ത്തില്‍ പാരിസ്‌ സന്ദര്‍ശിച്ചപ്പോള്‍, അഞ്ചുവര്‍ഷം മുമ്പ്‌ പിറവിയെടുത്ത സിനിമ എന്ന വിസ്‌മയകലാരൂപം കാണുകയുണ്ടായി. ഉടന്‍തന്നെ തന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറോട്‌ മൂവീക്യാമറ വാങ്ങാന്‍ ആവശ്യപ്പെട്ടു. ഷായുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറായ മിര്‍സ എബ്രാഹിം ഖാന്‍ അക്കാസ്‌ ബാക്ഷി ക്യാമറ വാങ്ങുകയും അതുപയോഗിച്ച്‌ ഷായുടെ തുടര്‍ന്നുള്ള യൂറോപ്യന്‍ പര്യടനം ചിത്രീകരിക്കുകയും ചെയ്‌തു. അങ്ങനെ ഇറാനിയന്‍ സിനിമയുടെ ചരിത്രം ആരംഭിച്ചു.

ഇറാനിലെ ആദ്യകാല ചിത്രങ്ങളെല്ലാംതന്നെ ഇത്തരത്തില്‍ രാജാവിന്റെയോ രാജകുടുംബാംഗങ്ങളുടെയോ വിവിധ ചടങ്ങുകളും ഔദ്യോഗിക പരിപാടികളും ഒക്കെ പകര്‍ത്തിയ ഡോക്യുമെന്ററികളാണ്‌. അന്നൊക്കെ ഒരു കൗതുകം എന്നതിലപ്പുറമുള്ള ചലച്ചിത്രസാധ്യതകള്‍ അവര്‍ അന്വേഷിച്ചതുമില്ല.

1904-ല്‍ മിര്‍സാ എബ്രഹാം ഖാന്‍ ടെഹ്‌റാനില്‍ ആദ്യത്തെ തിയെറ്റര്‍ തുടങ്ങി. വിനോദചിത്രങ്ങള്‍ നിര്‍മിച്ചുതുടങ്ങിയത്‌ ഖാന്‍ ബാബാ യൊതാസെദി എന്ന എന്‍ജിനീയറിങ്‌ വിദ്യാര്‍ഥിയാണ്‌.

1906-ല്‍ അഹമ്മദ്‌ഷായെ അട്ടിമറിച്ച്‌, റിസാഖാന്‍ അധികാരം പിടിച്ചെടുത്തു. റിസാഖാന്‍ കലാസ്‌നേഹിയായിരുന്നെങ്കിലും സിനിമയ്‌ക്ക്‌ വലിയ പ്രാത്സാഹനം നല്‌കിയില്ല.

30-കളിലെ ഉണര്‍വ്‌. മോസ്‌കോ സിനിമാ അക്കാദമിയില്‍ പരിശീലനം നടത്തിയ പ്രാഫസര്‍ ഒവാനസ്‌ ഒഹാനിയന്‍ പരിശീലനം സിദ്ധിച്ച സാങ്കേതികപ്രവര്‍ത്തകരും നടീനടന്മാരുമില്ലാതെ സിനിമാനിര്‍മാണം അസാധ്യമാണെന്ന്‌ തിരിച്ചറിഞ്ഞു. അങ്ങനെ അദ്ദേഹം 1925-ല്‍ ഇറാനില്‍ ഒരു അഭിനയ പരിശീലനകേന്ദ്രം ആരംഭിച്ചു. "ദ സിനിമ ആര്‍ട്ടിസ്റ്റ്‌ എഡ്യൂക്കേഷണല്‍ ഏജന്‍സി' (Parvareshgahe Artistiye Cinema) എന്നറിയപ്പെട്ട ആ കേന്ദ്രമാണ്‌ ഇറാനിലെ ആദ്യത്തെ സിനിമാപരിശീലനകേന്ദ്രം.

ഇവിടത്തെ വിദ്യാര്‍ഥികളെയും മൊതാസെദി എന്ന ക്യാമറാമാനെയും ഒക്കെ ഉള്‍പ്പെടുത്തി പ്രാെഫസര്‍ ഒവാനസ്‌ 1930-ല്‍ ആദ്യ നിശ്ശബ്‌ദ ഫീച്ചര്‍ ചിത്രം സംവിധാനം ചെയ്‌തു-"ഹാജി ആഘ'. ചലച്ചിത്രത്തില്‍ അഭിനയിക്കാനാഗ്രഹിച്ച ഒരു ചെറുപ്പക്കാരന്റെയും അയാളുടെ പ്രതിശ്രുത വധുവായ യാഥാസ്ഥിതികകുടുംബത്തിലെ പെണ്‍കുട്ടിയുടെയും കഥയാണിത്‌. ഇത്‌ വന്‍വിജയമായതോടെ അദ്ദേഹം രണ്ടാമത്തെ ചിത്രം-"അബി റബി'-തയ്യാറാക്കി. ഇത്‌ ഒരു കോമഡി ചിത്രമായിരുന്നു. ഹോളിവുഡ്‌ ശൈലിയെ അനുകരിച്ചുകൊണ്ടുള്ള അയഥാര്‍ഥകഥാകഥനമായിരുന്നു പ്രാെഫസറുടെ രീതി.

ലോര്‍ ഗേള്‍ (1933)

അധികം വൈകാതെ അബ്‌ദുള്‍ഹൊസീന്‍ സെപാന്റ ആദ്യ ശബ്‌ദചിത്രം-"ലോര്‍ ഗേള്‍' നിര്‍മിച്ചു (1933). സെപാന്റ ഇറാനിയന്‍ ശബ്‌ദചിത്രങ്ങളുടെ പിതാവ്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്നു. "ലോര്‍ഗേളി'ന്റെ കുറച്ചുഭാഗം ഇന്ത്യയിലെ ബോംബെക്കടുത്തുവച്ചാണ്‌ ചിത്രീകരിച്ചത്‌. ചിത്രത്തിന്റെ സാമ്പത്തികവിജയത്തെത്തുടര്‍ന്ന്‌ സെപാന്റ ബോംബെയിലെ ദി ഇംപീരിയല്‍ ഫിലിം കമ്പനിയുമായിച്ചേര്‍ന്ന്‌ "ഫിര്‍ദൗസി', "ലൈലി ആന്‍ഡ്‌ മജ്‌നൂന്‍' തുടങ്ങിയ ചില കച്ചവടചിത്രങ്ങള്‍ നിര്‍മിക്കുകയുണ്ടായി. ഇറാനിലേക്കു തിരിച്ചുപോയ സെപാന്റയ്‌ക്ക്‌ തന്റെ ചലച്ചിത്രപ്രവര്‍ത്തനങ്ങള്‍ തുടരാനായില്ല. സാങ്കേതിക മികവ്‌, പ്രമേയസ്വീകരണത്തിലെ പുതുമ തുടങ്ങിയവയുടെ പേരില്‍ സെപാന്റയുടെ ചിത്രങ്ങള്‍ ജനശ്രദ്ധ പിടിച്ചുപറ്റി. 1943-ല്‍ ഇറാനില്‍ ആദ്യത്തെ ഡബ്ബിങ്‌സ്റ്റുഡിയോ സ്ഥാപിതമായി. തുടര്‍ന്ന്‌ ധാരാളം വിദേശചിത്രങ്ങള്‍ മൊഴിമാറ്റം ചെയ്‌ത്‌ പ്രദര്‍ശിപ്പിക്കുകയുണ്ടായി.

ദ്‌ നൈറ്റ്‌ ഒഫ്‌ ദ്‌ ഹഞ്ച്‌ ബാക്ക്‌ (1964)

രണ്ടാംലോകയുദ്ധത്തിനുശേഷം ഇറാനിലെ ഭൗതിക-സാംസ്‌കാരിക പരിസരങ്ങള്‍ മാറിമറിഞ്ഞു. 1937 മുതല്‍ 47 വരെ ഇവിടെ കാര്യമായി സിനിമകള്‍ നിര്‍മിക്കപ്പെട്ടിട്ടില്ല. ജര്‍മനിയില്‍ നിന്നും ചലച്ചിത്രനിര്‍മാണ പരിശീലനം നേടിയ ഇസ്‌മയില്‍ ഖുഷാന്‍ ഇറാനില്‍ മിത്രഫിലിംസ്‌ എന്ന സിനിമാക്കമ്പനി സ്ഥാപിച്ചു (1947). മിത്രയുടെ ബാനറില്‍ 1948-ല്‍ "ടുമള്‍ട്ടസ്‌ ലൈഫ്‌' എന്ന ചിത്രം നിര്‍മിച്ചു. തൊട്ടുപിന്നാലെ ആയിരത്തൊന്നുരാവുകളെ അടിസ്ഥാനമാക്കി "ദ്‌ പ്രിസണര്‍ ഒഫ്‌ ദ്‌ പ്രിന്‍സ്‌' (1948) എന്ന ചിത്രവും നിര്‍മിച്ചു. ഈ രണ്ടു ചിത്രങ്ങളും സാമ്പത്തികമായി വിജയിക്കാത്തതിനാല്‍ മിത്രാക്കമ്പനി പൂട്ടിപ്പോയി. 1949-ല്‍ ഖുഷാന്‍ പാര്‍സ്‌ ഫിലിം സ്റ്റുഡിയോ എന്ന പുതിയ കമ്പനി രൂപീകരിച്ച്‌ കച്ചവടപ്രധാനമായ നിരവധി ഹിറ്റ്‌ ചിത്രങ്ങള്‍ നിര്‍മിച്ചു. ഇറാനില്‍ തുടര്‍ന്ന്‌ ഇത്തരം സിനിമാക്കമ്പനികള്‍ രൂപീകരിക്കപ്പെട്ടു. അവ നിരവധി കച്ചവടചിത്രങ്ങള്‍ നിര്‍മിച്ചു.

നവ സിനിമ. ഇറാനിലെ യഥാര്‍ഥ ജീവിതമോ സാംസ്‌കാരികസ്വത്വമോ സമൂഹത്തെ ഗ്രസിക്കുന്ന ആന്തരിക വൈരുധ്യങ്ങളോ ഒന്നുംതന്നെ സിനിമയ്‌ക്ക്‌ വിഷയമായിരുന്നില്ല. 1958-ലെ "സൗത്ത്‌ ഒഫ്‌ ദി ടൗണ്‍' എന്ന ചിത്രത്തിലാണ്‌ ആദ്യമായി ടെഹ്‌റാനിലെ യഥാര്‍ഥ ജീവിതവും സാമൂഹ്യാവസ്ഥയും ദുരിതങ്ങളും ഒക്കെ പ്രത്യക്ഷപ്പെട്ടത്‌. ഫ്രാന്‍സില്‍ നിന്നും ചലച്ചിത്രപരിശീലനം നേടിയ ഫറോക്ക്‌ ഗഫാരി എന്ന ചെറുപ്പക്കാരനായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍. സാമൂഹ്യ പ്രതിബദ്ധതയുള്ള ഈ ചിത്രം, പക്ഷേ സാമ്പത്തികമായി വിജയിച്ചില്ല. തുടര്‍ന്നദ്ദേഹം "ദി നൈറ്റ്‌ ഒഫ്‌ ദ്‌ ഹഞ്ച്‌ ബാക്ക്‌' (1964) എന്ന ക്രൈം സിനിമ നിര്‍മിച്ചു. കേവല വിനോദത്തിനുവേണ്ടിയുള്ള ചിത്രങ്ങള്‍ മാത്രം കണ്ടുശീലിച്ച പ്രേക്ഷകസമൂഹത്തിലേക്കാണ്‌ മേല്‌പറഞ്ഞ ചിത്രങ്ങള്‍ വന്നെത്തിയത്‌. ഇറ്റാലിയന്‍ നിയോറിയലിസത്തിന്റെ സ്വാധീനവും ഫിലിം സൊസൈറ്റിയുടെ ആവിര്‍ഭാവവുമൊക്കെ ഒരു പുതുഭാവുകത്വത്തിനും ഇതുവഴി സമാന്തരസിനിമയുടെ പിറവിക്കും കാരണമായി.

എന്നാലും ഭൂരിപക്ഷം ചിത്രങ്ങളും കേവലവിനോദം ലക്ഷ്യംവച്ചുള്ളതായിരുന്നു. അറുപതുകളില്‍ അന്‍പതിലധികം കച്ചവടചിത്രങ്ങള്‍ പ്രതിവര്‍ഷം നിര്‍മിക്കപ്പെട്ടു. ഒപ്പം തന്നെ സമാന്തരസിനിമ ഒരു പ്രസ്ഥാനമായി രൂപപ്പെട്ടു. സിയാമക്‌ യാസമിയുടെ "ഗന്‍ജ്‌-ഇ-ഖാറൂണ്‍', മസൂദ്‌ കിമേയുടെ "ഖേയ്‌സര്‍', താരിയസ്‌ മെഹ്‌റിയുടെ "ദ്‌ കൗ' തുടങ്ങിയവ ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായ ചിത്രങ്ങളാണ്‌.

സെന്‍സര്‍ഷിപ്പിന്റെ യുഗം. ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തോടെ സിനിമാനിര്‍മാതാക്കള്‍ക്ക്‌ പല തരത്തിലുള്ള വിലക്കുകളും നിയന്ത്രണങ്ങളും നടപ്പിലായി. ഖൊമേനിയുടെ കര്‍ശനമായ സെന്‍സര്‍ഷിപ്പ്‌ വ്യവസ്ഥകള്‍ സംവിധായകര്‍ക്ക്‌ ദുഷ്‌കരമായിരുന്നു. പല സിനിമാസംവിധായകരും രാജ്യം വിട്ടുപോയി. നിര്‍മിക്കപ്പെടുന്ന ചിത്രങ്ങളുടെ എച്ചം വളരെ ചുരുങ്ങി. വിദേശചിത്രങ്ങള്‍ക്ക്‌ പലതിനും പ്രദര്‍ശനാനുമതി ലഭിച്ചില്ല, ലഭിച്ചവ വളരെയധികം ഭാഗങ്ങള്‍ മുറിച്ചുമാറ്റിയ ശേഷമാണ്‌ പ്രദര്‍ശിപ്പിക്കപ്പെട്ടത്‌.

ഇതിന്റെയൊക്കെ പരിണതഫലമാവാം ഇറാനിയന്‍ സംവിധായകര്‍ കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള ചിത്രങ്ങളിലേക്ക്‌ ശ്രദ്ധകേന്ദ്രീകരിച്ചത്‌. "തടസ്സങ്ങളെ അതിജീവിക്കുന്ന കുട്ടി' എന്ന പ്രമേയം ആവിഷ്‌കരിക്കുന്ന നിരവധി മികച്ച ബാലചലച്ചിത്രങ്ങളുണ്ടായി.

അഷ്‌ഗര്‍ ഫര്‍ഹാദി, മൊഹ്‌സീന്‍ മക്‌മല്‍ബഫ്‌, അബ്ബാസ്‌ കിയറോസ്‌താമി, ജാഫര്‍ പനാഹി തുടങ്ങി ഒരു കൂട്ടം ലോകപ്രസിദ്ധസംവിധായകര്‍ അവിടെ നിന്നും ഉയര്‍ന്നുവന്നു. അവര്‍ ഇറാനെ ലോകസിനിമയുടെ നെറുകയില്‍ പ്രതിഷ്‌ഠിച്ചു. കാന്‍, വെനീസ്‌, ബര്‍ലിന്‍ തുടങ്ങിയ പ്രശസ്‌തമായ അന്താരാഷ്‌ട്ര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങളും നിരൂപക പ്രശംസയും ഇറാനിയന്‍ സിനിമകള്‍ നിരന്തരമായി നേടാന്‍ തുടങ്ങി.

സമകാലിക ഇറാനിയന്‍ സിനിമ. ഇറാനിലെ മുഖ്യധാരാസിനിമകള്‍ ഭൂരിപക്ഷവും കേവല വിനോദാത്മകമായ കച്ചവടചിത്രങ്ങളാണ്‌. ഇവയില്‍ ഒരു വിഭാഗം മതപരവും ദേശീയവുമായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്നവയും മറ്റൊരു വിഭാഗം കുടുംബം, ഹാസ്യം, പ്രണയം തുടങ്ങിയവ വിഷയമാക്കുന്ന മെലോഡ്രാമകളുമാണ്‌. ഇവയെല്ലാം കര്‍ശനമായ സെന്‍ഷര്‍ഷിപ്പ്‌ നിയമങ്ങളെ അനുസരിച്ച്‌ നിര്‍മിച്ച്‌ പ്രദര്‍ശിപ്പിക്കപ്പെടുന്നവയാണ്‌.

എന്നാല്‍ ഇറാനു പുറത്ത്‌ ഇറാന്റെ സമാന്തരസിനിമാലോകത്തിനാണ്‌ പ്രശസ്‌തി. 1960-കളോടെ ആരംഭിച്ച ഇറാനിയന്‍ നവതരംഗസിനിമ രാഷ്‌ട്രീയവും തത്ത്വശാസ്‌ത്രപരവുമായ അര്‍ഥതലങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള കാവ്യാത്മകമായ ഒരു ആഖ്യാനരീതിയാണ്‌ പിന്തുടര്‍ന്നത്‌.

അബ്ബാസ്‌ കിയറോസ്‌തോമി, ജാഫര്‍ പനാഹി, മൊഹ്‌സീന്‍ മക്‌മല്‍ബഫ്‌, മജീദ്‌ മജീദി, ബെഹ്‌റാം ബീസാ, ദാരിയസ്‌ മെഹ്‌റി, അമീര്‍ നാദെ്‌രി, അബൊല്‍ ഫാസല്‍ ജലീലി തുടങ്ങിയവരും വനിതാ സംവിധായകരായ മാര്‍സിയേ മെഷ്‌കിനി, സമീറാ മക്‌മല്‍ബഫ്‌, തഹ്‌മിനേ മിലാനി, ഹന്നാ മക്‌മല്‍ബഫ്‌ തുടങ്ങിയവരുമൊക്കെ ലോകപ്രശംസ നേടിയ ഇറാനിയന്‍ ചലച്ചിത്ര നിര്‍മാതാക്കളാണ്‌. ലളിതമായ ആഖ്യാനരീതി, സൂഫിസത്തിന്റെ സ്വാധീനം കൊണ്ടുണ്ടാകുന്ന ആത്മീയതലം, കാവ്യാത്മകമായ ദൃശ്യങ്ങള്‍ തുടങ്ങിയവയൊക്കെ ഇവരുടെ പ്രത്യേകതകളായി ഉയര്‍ത്തിക്കാട്ടാറുണ്ട്‌. ഇറാനിലെ കര്‍ശനമായ സെന്‍സര്‍ഷിപ്പ്‌ നിയമങ്ങള്‍ അതിജീവിക്കാന്‍ ക്ലേശിച്ചാണ്‌ ഇവരില്‍ പലരും ചലച്ചിത്രങ്ങള്‍ നിര്‍മിക്കുന്നത്‌. ഉദാഹരണത്തിന്‌ മജീദ്‌ മജീദിയുടെ "ബറാന്‍' (2001) കള്ളക്കടത്തായാണ്‌ പുറത്തുകൊണ്ടുവന്നതും മേളകളില്‍ പ്രദര്‍ശിപ്പിച്ചതും. സിനിമക്കെതിരെ മതമൗലികവാദികള്‍ നടത്തിയ നിരവധി കലാപങ്ങളുടെ ചരിത്രത്തില്‍ 1979-ലെ തിയെറ്റര്‍ കത്തിക്കലും അതുവഴി നൂറുകണക്കിനാളുകള്‍ വധിക്കപ്പെട്ട സംഭവങ്ങളുമുണ്ട്‌.

ബറാന്‍ (2001)

എന്നാലും ഇവയെ ഒക്കെ സര്‍ഗാത്മകതകൊണ്ട്‌ അതിജീവിച്ച്‌ കാഴ്‌ചയുടെ വസന്തം തീര്‍ക്കുന്നു ഇറാനിയന്‍ സംവിധായകര്‍. ഇറാനിയന്‍ നവ സിനിമകള്‍ മാറ്റിയെഴുതിയ ചലച്ചിത്ര ഭാഷയെക്കുറിച്ച്‌ "റിയല്‍ ഫിക്ഷന്‍സ്‌' എന്ന ലേഖനത്തില്‍ റോസ്‌ ഈസ ഇപ്രകാരം പറയുന്നു: ""ഭാവനയും യാഥാര്‍ഥ്യവും തമ്മിലുള്ളതും കഥാസിനിമയും ഡോക്യുമെന്ററിയും തമ്മിലുള്ളതുമായ അതിര്‍വരമ്പുകള്‍ മായ്‌ച്ചുകളഞ്ഞുകൊണ്ട്‌ സാധാരണ മനുഷ്യരിലും ദൈനംദിന ജീവിതത്തിലും കാവ്യാത്മക കാല്‌പനികത കണ്ടെത്താന്‍ കഴിഞ്ഞു എന്നതാണ്‌ ഇറാനിയന്‍ സിനിമയുടെ വിജയം. ചലച്ചിത്രകാരന്മാരുടെ വൈയക്തികവും ദേശീയവുമായ സ്വത്വബോധത്തില്‍നിന്ന്‌ ഉയിര്‍ക്കൊണ്ട ഈ പുതിയ മാനവികവും സൗന്ദര്യാത്മകവുമായ ചലച്ചിത്രഭാഷ, ആഗോളീയതയുടെ ശക്തിയെ മറികടന്നുകൊണ്ട്‌ സ്വന്തം രാജ്യത്തു മാത്രമല്ല, ലോകവ്യാപകമായ പ്രേക്ഷകസമൂഹത്തിനോട്‌ സര്‍ഗാത്മകമായി സംവദിക്കാന്‍ പ്രാപ്‌തി നേടിയിരിക്കുന്നു.

ലോകത്തിലുള്ളതില്‍ വച്ചേറ്റവും മികച്ച ദേശീയ സവിശേഷതകള്‍ നിലനിര്‍ത്തുന്ന ചലച്ചിത്രവ്യവസ്ഥകളിലൊന്നായി ഇറാനിയന്‍ സിനിമയെ ചില സിനിമാനിരൂപകര്‍ വിശേഷിപ്പിക്കുന്നു. ഇറ്റാലിയന്‍ നിയോറിയലിസം പോലെ സ്വന്തം സംസ്‌കാരത്തെയും ഇതരസംസ്‌കാരങ്ങളെയും ആഴത്തില്‍ സ്വാധീനിക്കാവുന്ന ഒരു മൗലിക കലാലോകമായി ഇറാനിയന്‍ സിനിമ സ്വയം കണ്ടെത്തിയിരിക്കുന്നു.

(സുനീത. ടി.വി.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍