This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇറാഖ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഇറാഖ്‌

Iraq

തെക്ക്‌ പടിഞ്ഞാറന്‍ ഏഷ്യയിലെ ഒരു രാഷ്‌ട്രം. ഒരു അറബിരാഷ്‌ട്രമായി സ്വയം ഗണിക്കുന്ന ഇറാഖിന്റെ ഔദ്യോഗികനാമധേയം "അല്‍ജൂമൂറിയ അല്‍-ഇറാക്വീയാ' എന്നാണ്‌. ഇറാഖിനു വടക്ക്‌ തുര്‍ക്കിയും കിഴക്ക്‌ ഇറാനും തെക്ക്‌ പടിഞ്ഞാറ്‌ പേര്‍ഷ്യന്‍ ഉള്‍ക്കടലും പടിഞ്ഞാറ്‌ സിറിയയും ജോര്‍ദാനും തെക്ക്‌ കുവൈറ്റും സൗദി അറേബ്യയും സ്ഥിതിചെയ്യുന്നു. വിസ്‌തീര്‍ണം: 4,38,317 ച.കി.മീ.; തലസ്ഥാനം: ബാഗ്‌ദാദ്‌; ജനസംഖ്യ : 31,129,225 (2012). പൗരാണികകാലത്ത്‌ "നദീമധ്യദേശം' എന്ന അര്‍ഥത്തില്‍ മെസൊപ്പൊട്ടേമിയ എന്ന നാമം വഹിച്ചുപോന്ന ഇറാഖ്‌ ഏഴാം ശതകത്തിനുശേഷമാണ്‌ ഇന്നത്തെ പേരില്‍ അറിയപ്പെടുന്നത്‌.

ഭൗതിക ഭൂമിശാസ്‌ത്രം

ഭൂപ്രകൃതി

ഭൂമിശാസ്‌ത്രപരമായ സ്വഭാവങ്ങളിലും നൈസര്‍ഗികപ്രകൃതിയിലും വൈജാത്യം പുലര്‍ത്തുന്നവയാണ്‌ ഇറാഖിലെ വിവിധമേഖലകള്‍. ഇവയില്‍ ഏറ്റവും പ്രധാനം യൂഫ്രട്ടീസ്‌-ടൈഗ്രീസ്‌ നദിയുടെ ഡെല്‍റ്റാപ്രദേശമാണ്‌. 725 കി.മീ. നീളത്തിലും 275 കി.മീ. വീതിയിലും വ്യാപിച്ചുകിടക്കുന്ന ജലോഢമൈതാനമാണിത്‌. തുര്‍ക്കി, സിറിയ എന്നീ രാജ്യങ്ങളിലൂടെ ഒഴുകിയെത്തുന്ന യൂഫ്രട്ടീസിന്റെ പോഷകനദികള്‍ ഒന്നുംതന്നെ ഇറാഖതിര്‍ത്തിയില്‍ പ്രവേശിക്കുന്നില്ല; ആദ്യം തുര്‍ക്കിയിലൂടെ ഒഴുകുന്ന ടൈഗ്രീസ്‌, ഗതിയുടെ രണ്ടാംപാദത്തിലാണ്‌ ഇറാഖിലേക്കു കടക്കുന്നത്‌. ടൈഗ്രീസിന്റെ ഇടതുഭാഗത്തുള്ള പോഷകനദികളായ ഗ്രേറ്റ്‌ സാബ്‌, ലിറ്റില്‍ സാബ്‌, ദിയാല എന്നിവ ഇറാഖില്‍വച്ചാണ്‌ സംയോജിക്കുന്നത്‌. ഈ നദികളിലൊക്കെത്തന്നെ അപ്രതീക്ഷിതമായും ആവര്‍ത്തിച്ചും വെള്ളപ്പൊക്കമുണ്ടാകാറുണ്ട്‌. നദീജലത്തിന്റെ നല്ലൊരു ശതമാനം തടഞ്ഞുനിര്‍ത്തി വിവിധമാര്‍ഗങ്ങളിലൂടെ ജലസേചനത്തിന്‌ ഉപയോഗിച്ചുവരുന്നു. നദീമാര്‍ഗങ്ങളില്‍ ധാരാളം അണക്കെട്ടുകള്‍ ഉണ്ടെന്നിരിക്കിലും അവയുടെ പതനസ്ഥാനത്തോടടുത്ത്‌ വിസ്‌തൃതങ്ങളായ ചതുപ്പുകള്‍ ഇപ്പോഴും അവശേഷിക്കുന്നു.

ഭൂമിശാസ്‌ത്രപരമായി ഇറാഖിനെ നാലുമേഖലകളായി തിരിക്കാം. ഡെല്‍റ്റാ പ്രദേശം, സ്റ്റെപ്പ്‌-മരുഭൂസമതലം, മലയടിവാരം, കുര്‍ദിഷ്‌മേഖല.

ഡെല്‍റ്റാപ്രദേശം

സമുദ്രനിരപ്പില്‍നിന്നും 90 മീ. വരെ ഉയരത്തില്‍ക്കിടക്കുന്ന സമതലപ്രദേശമാണിത്‌. ഇറാഖിന്റെ മൊത്തം വിസ്‌തൃതിയുടെ മൂന്നിലൊന്നോളം വരുന്ന ഈ പ്രദേശത്തിലെ ദിയാല, ബാഗ്‌ദാദ്‌, ബസ്ര, കര്‍ബല, ഹില്ല, ദിവാനിയ, നസീറിയ എന്നീ പ്രവിശ്യകളാണ്‌ ഇറാഖിലെ കാര്‍ഷികമേഖല. രാജ്യത്തെ ജനങ്ങളില്‍ മുക്കാല്‍പങ്കും ഈ പ്രദേശത്താണ്‌ നിവസിക്കുന്നത്‌. ഇവിടെയുള്ള നഗരങ്ങളില്‍ ഒന്നാംസ്ഥാനം ബാഗ്‌ദാദിനാണ്‌. രാഷ്‌ട്രതലസ്ഥാനമാണിത്‌. ഇറാഖിലെ പ്രമുഖ തുറമുഖമായ ബസ്‌റയും ഈ മേഖലയില്‍ത്തന്നെയാണ്‌. തെക്കുപടിഞ്ഞാറന്‍ ഇറാഖിലെ ഈ തുറമുഖനഗരം പുറംകടലുമായി ബന്ധിക്കുന്നത്‌ ഷത്ത്‌ അല്‍ അറബ്‌ ജലമാര്‍ഗമാണ്‌. തെക്കേ ഇറാഖിലെ കര്‍ബല, നജഫ്‌ എന്നീ നഗരങ്ങള്‍ മതപരമായ പ്രാധാന്യംമൂലം പ്രസിദ്ധിയാര്‍ജിച്ചിരിക്കുന്നു.

സ്റ്റെപ്പ്‌-മരുഭൂസമതലം

ഡെല്‍റ്റാസമതലത്തിനു പടിഞ്ഞാറ്‌ ഉയരംകുറഞ്ഞ പുല്‍വര്‍ഗങ്ങള്‍ വളരുന്ന സ്റ്റെപ്പ്‌ മാതൃകാ മേടുകളാണുള്ളത്‌. പടിഞ്ഞാറോട്ടു ചെല്ലുന്തോറും സസ്യാവരണം ക്രമേണ ക്ഷയിച്ച്‌ മണല്‍ക്കാടുകളായി മാറുന്നു. പടിഞ്ഞാറതിര്‍ത്തിയിലെത്തുമ്പോഴേക്കും ഈ പ്രദേശം സമുദ്രനിരപ്പില്‍നിന്നും 300 മീ. ഉയരം പ്രാപിക്കുന്നു. യൂഫ്രട്ടീസ്‌ നദിയും കടന്ന്‌ വടക്കോട്ട്‌ വ്യാപിച്ചിട്ടുള്ള ഈ മേഖല ടൈഗ്രീസിന്റെ വാമപാര്‍ശ്വംവരെ എത്തിച്ചേരുന്നു. രണ്ടുനദികള്‍ക്കുമിടയ്‌ക്കുള്ളജസീറാ ദോആബ്‌ ആണ്‌ ബദോയിന്‍വര്‍ഗക്കാരുടെ ജന്മഭൂമി. ഈ വര്‍ഗക്കാരുടെ ഒട്ടകക്കൂട്ടങ്ങള്‍ക്കു പുറമേ, സമീപപ്രദേശങ്ങളില്‍നിന്നും വരള്‍ച്ചക്കാലത്ത്‌ എത്തിച്ചേരുന്ന ആട്ടിന്‍പറ്റങ്ങള്‍ക്കും ജസീറാ മേച്ചില്‍പ്പുറമാണ്‌. ഈ മേഖലയില്‍ ജനവാസം നന്നേ കുറവാണ്‌. എണ്ണവിപണനത്തിനായി നിര്‍മിക്കപ്പെട്ടിട്ടുള്ള പൈപ്പ്‌ ലൈനുകളും റോഡുകളും മരുഭൂമിയെ അങ്ങിങ്ങായി കുറുകേ മുറിച്ച്‌ കടന്നുപോകുന്നു. മരുഭൂമിയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന റുത്‌ബ മോട്ടോര്‍ത്താവളമായി ഉപയോഗിക്കപ്പെട്ടുവരുന്നു.

മലയടിവാരം

സാറാ പര്‍വതനിരകള്‍

കിര്‍കുക്‌, എര്‍ബിന്‍, മൊസൂല്‍ എന്നീ മലയടിവാരങ്ങള്‍ താരതമ്യേന മഴക്കൂടുതലുള്ള പ്രദേശങ്ങളാണ്‌. ഇവിടങ്ങളിലെ ശരാശരി വര്‍ഷപാതം 35-40 സെ.മീ. ആണ്‌. ചൂടുകുറഞ്ഞ വേനല്‍ക്കാലവും പ്രകൃതിഭംഗിയും ഈ മേഖലയുടെ ആകര്‍ഷതകളാണ്‌. എന്നാല്‍ ശീതകാലത്ത്‌ താരതമ്യേന കൂടുതല്‍ ശൈത്യം അനുഭവപ്പെടുന്നു. 35° അക്ഷാംശത്തിനും വടക്കുള്ള പ്രദേശങ്ങളില്‍ ഈന്തപ്പന വളരുന്നില്ല. തന്മൂലം ഈ മേഖല പൊതുവേ വൃക്ഷരഹിതമാണ്‌. ധാന്യകൃഷിക്കും മേച്ചിലിനും പറ്റിയ പ്രദേശമാണിവിടം. അസീറിയന്‍ സംസ്‌കാരകേന്ദ്രമായി അറിയപ്പെടുന്ന അശൂര്‍, നിനവെ, നിമ്‌രൂദ്‌ എന്നീ പ്രാചീനനഗരങ്ങളുടെ ഭഗ്നാവശിഷ്‌ടങ്ങള്‍ ഈ മേഖലയിലാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. കിര്‍കുക്‌, എര്‍ബിന്‍, മൊസൂല്‍ എന്നിവയാണ്‌ പ്രധാന നഗരങ്ങള്‍. ഇവയില്‍ കിര്‍കുക്‌ തുര്‍ക്കി (ടര്‍ക്ക്‌മെന്‍)കളുടെയും എര്‍ബിന്‍ കുര്‍ദുകളുടെയും പ്രാചീനകേന്ദ്രങ്ങളായിരുന്നു. ഉത്തര ഇറാഖിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന മൊസൂല്‍ ആധുനികചരിത്രത്തില്‍ ലബ്‌ധപ്രതിഷ്‌ഠനേടിയ നഗരമാണ്‌.

കുര്‍ദിഷ്‌മേഖല

ഇറാഖിന്റെ വടക്കുകിഴക്കുഭാഗത്തുള്ള സങ്കീര്‍ണമായ മലമ്പ്രദേശമാണിത്‌. നിമ്‌നോന്നതവും ദുര്‍ഗമവുമായ ഈ പ്രദേശം കുര്‍ദ്‌ വര്‍ഗക്കാരുടെ താവളമാണ്‌. ശൈത്യകാലത്ത്‌ കൊടുംതണുപ്പ്‌ അനുഭവപ്പെടുന്നുവെങ്കിലും മൊത്തത്തില്‍ സുഖകരമായ കാലാവസ്ഥയാണുള്ളത്‌. മലഞ്ചരിവുകള്‍ വനങ്ങളാണെങ്കിലും താഴ്‌വാരങ്ങള്‍ ഒന്നാന്തരം കൃഷിഭൂമികളാണ്‌. തട്ടുകൃഷി (terraced) സമ്പ്രദായത്തിലൂടെ കൃഷിചെയ്യപ്പെടുന്ന ഒന്നാന്തരം തോട്ടങ്ങള്‍ ഇവിടെക്കാണാം. ഗ്രാമാധിവാസം അഭിവൃദ്ധിപ്പെട്ടിട്ടുണ്ടെങ്കിലും ജനങ്ങളില്‍ നല്ലൊരു ശതമാനം സ്ഥിരമായി പാര്‍പ്പുറപ്പിക്കാതെ ആട്ടിന്‍പറ്റങ്ങളുമായി ചുറ്റിത്തിരിയുന്ന ഇടയന്മാരാണ്‌. ഇക്കൂട്ടര്‍ ശൈത്യകാലത്ത്‌ താഴ്‌വാരങ്ങളിലും വേനല്‍ക്കാലത്ത്‌ പര്‍വതസാനുക്കളിലുമായി മാറിമാറിത്താമസിക്കുന്നു.

നൈസര്‍ഗിക സൗന്ദര്യം തികഞ്ഞ ഈ പ്രദേശത്ത്‌ അധിവസിക്കുന്ന കുര്‍ദ്‌ജനത തനതായ വര്‍ഗസ്വഭാവം പുലര്‍ത്തിപ്പോരുന്നവരുമാണ്‌. സ്വതന്ത്ര കുര്‍ദ്‌ രാജ്യത്തിനുവേണ്ടി ഇവര്‍ നടത്തിയ പ്രക്ഷോഭങ്ങളാല്‍ സംഘര്‍ഷഭരിതമായിരുന്നു സമീപ കാലംവരെ ഇറാഖ്‌. 1970-ല്‍ കുര്‍ദുകള്‍ക്ക്‌ സ്വയം ഭരണം അനുവദിക്കപ്പെട്ടെങ്കിലും ഗവണ്‍മെന്റിനെതിരെയുള്ള ഇവരുടെ പോരാട്ടം തുടര്‍ന്നും ഇറാഖിനെ രക്തപങ്കിലമാക്കി. കുര്‍ദുകളെ ഉന്മൂലനം ചെയ്യാനായി സദ്ദാമിന്റെ ബന്ധുവായ കെമിക്കല്‍ അലിയുടെ നേതൃത്വത്തില്‍ നടന്ന വംശഹത്യ ഇറാഖി ചരിത്രത്തിലെ കറുത്ത ഏടായി അവശേഷിക്കുന്നു. 1991-ല്‍ ഇറാഖിസേനയെ കുര്‍ദിസ്ഥാനില്‍നിന്നും ഗവണ്‍മെന്റ്‌ പിന്‍വലിച്ചെങ്കിലും, സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു മുതിരാതെ ഇറാഖിന്റെ ഭാഗമായി തുടരാനാണ്‌ പ്രധാനപ്പെട്ട കുര്‍ദിഷ്‌ പാര്‍ട്ടികള്‍ തീരുമാനിച്ചത്‌. ഇറാഖി കുര്‍ദിസ്‌താന്‍ ഇന്ന്‌ രാജ്യത്തിന്റെ അവിഭാജ്യ ഘടകമായി തുടരുന്നു. നിയമപരമായി അംഗീകരിക്കപ്പെട്ട സ്വയംഭരണാധികാരവും ഭരണകൂടവുമുള്ള രാജ്യത്തെ ഏക മേഖല കുര്‍ദിസ്‌താനാണ്‌.

കാലാവസ്ഥ

സങ്കീര്‍ണതകുറഞ്ഞ ഭൂപ്രകൃതിമൂലം ഇറാഖിലെ കാലാവസ്ഥ ഏതാണ്ട്‌ ഏകീകൃത സ്വഭാവമുള്ളതാണ്‌. ഉയരംകുറഞ്ഞ പ്രദേശങ്ങളില്‍ ഋതുഭേദങ്ങള്‍ തികച്ചും വ്യതിരിക്തമായിരുന്നു. മേയ്‌ മുതല്‍ ഒക്‌ടോബര്‍ വരെ അതികഠിനവും ശുഷ്‌കവുമായ ഗ്രീഷ്‌മകാലവും ഡിസംബര്‍ മുതല്‍ മാര്‍ച്ച്‌ വരെ താരതമേ്യന ചൂടുകുറഞ്ഞ ശൈത്യകാലവും ഈ രണ്ടു ഋതുക്കള്‍ക്കുമിടയ്‌ക്ക്‌ ഹ്രസ്വമായ പരിവര്‍ത്തനദശകളും ആണുള്ളത്‌. വര്‍ഷപാതം ശൈത്യകാലത്താണ്‌. ഉന്നതപ്രദേശങ്ങളില്‍, സമുദ്രനിരപ്പില്‍നിന്നുള്ള ഉയരംകൂടുന്തോറും ശൈത്യത്തിന്റെ കാഠിന്യം വര്‍ധിച്ചുകാണുന്നു.

കാലാവസ്ഥാപ്രകാരം ഇറാഖിനെ രണ്ടായി വിഭജിക്കാവുന്നതാണ്‌. വടക്കുകിഴക്കന്‍ ഇറാഖ്‌ സാമാന്യം നല്ല മഴ ലഭിക്കുന്ന കാര്‍ഷികമേഖലയാണ്‌. ഇവിടെ ഉഷ്‌ണകാലത്ത്‌ താരതമ്യേന കുറഞ്ഞ ചൂടും ശൈത്യകാലത്ത്‌ ഹിമപാതമുള്‍പ്പെടെ കടുത്ത തണുപ്പും അനുഭവപ്പെടുന്നു. ഇറാഖിലെ മറ്റു ഭാഗങ്ങളിലെ കാലാവസ്ഥയുടെ സവിശേഷത അസഹനീയമായ ചൂടും വരള്‍ച്ചയുമാണ്‌. നദീതീരഭാഗങ്ങളില്‍ അന്തരീക്ഷം ഈര്‍പ്പമയമാകുന്നതുമൂലം ചൂടിന്റെ അസഹനീയത ക്രമാതീതമായിത്തീരുന്നു.

സസ്യജാലം

ഇറാഖിന്റെ വടക്കും കിഴക്കും ഭാഗങ്ങളില്‍ സ്റ്റെപ്പ്‌ മാതൃകയിലുള്ള സസ്യജാലങ്ങളാണുള്ളത്‌. മുരടിച്ച കുറ്റിച്ചെടികളും ഉയരംകുറഞ്ഞ പുല്‍വര്‍ഗങ്ങളുമാണ്‌ സാധാരണമായുള്ളത്‌. തെക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ മിക്കയിടത്തും മരുരൂഹങ്ങളായ മുള്‍ച്ചെടികള്‍ മാത്രം കാണപ്പെടുന്നു. ജലലഭ്യതയുള്ള ഭാഗങ്ങളില്‍ പോപ്‌ളാര്‍, വില്ലോ, ലിക്കോറിസ്‌, റ്റാമറിസ്‌ക്‌ തുടങ്ങിയവ സമൃദ്ധമാണ്‌. മണ്ണിലെ ലവണാംശത്തെ അതിജീവിക്കാന്‍ പ്രാപ്‌തിയുള്ള പപ്പോസം, റാന്റീറിയം തുടങ്ങിയ കുറ്റിച്ചെടികളും അപൂര്‍വമായി കാണപ്പെടുന്നു. അല്‍ ക്വര്‍ണയ്‌ക്കു തെക്കുള്ള ചതുപ്പുപ്രദേശങ്ങളില്‍ ഈറ, ആറ്റുവഞ്ചി, കോരപ്പുല്ല്‌ തുടങ്ങിയവയും ഉയരത്തില്‍ വളരുന്ന പുല്‍വര്‍ഗങ്ങളും നിബിഡമായി വളരുന്നു. 1800 മീറ്ററിനു മുകളിലുള്ള പര്‍വതസാനുക്കളില്‍ ആല്‍പൈന്‍ മാതൃകയിലുള്ള കുറ്റിക്കാടുകളും പുല്‍മേടുകളുമാണുള്ളത്‌.

ജന്തുവര്‍ഗങ്ങള്‍

ഇറാഖില്‍ കാണപ്പെടുന്ന അപൂര്‍വയിനം പക്ഷികള്‍

നദികള്‍ സമൃദ്ധമായ മത്സ്യശേഖരം ഉള്‍ക്കൊള്ളുന്നു; രണ്ടുമീറ്ററോളം നീളത്തില്‍ വളരുന്ന ടൈഗ്രീസ്‌ സാല്‍മണും ഇക്കൂട്ടത്തില്‍പ്പെടുന്നു. ഋതുഭേദങ്ങള്‍ക്കനുസരിച്ച്‌ ചേക്കമാറ്റുന്ന ഒട്ടനവധി പക്ഷികളും ഇറാഖിലുണ്ട്‌. മനുഷ്യാധിവാസം തീരെയില്ലാത്ത പ്രദേശങ്ങളില്‍ കുറുനരി, കാട്ടുപൂച്ച, കാട്ടുപന്നി, മാന്‍വര്‍ഗങ്ങള്‍ തുടങ്ങിയവ സാധാരണമാണ്‌. വാവല്‍, എലി, ഉരഗവര്‍ഗങ്ങള്‍, പാമ്പുകള്‍, ആമ എന്നിവ ധാരാളമാണ്‌.

ജനങ്ങള്‍

മെസൊപ്പൊട്ടേമിയ, ബാബിലോണിയ, അസീറിയ തുടങ്ങിയ പ്രാചീന സംസ്‌കാരകേന്ദ്രങ്ങളിലെ സെമിറ്റിക്‌ ജനത പരസ്‌പരം ഇഴുകിച്ചേര്‍ന്നുണ്ടായ സന്തതിപരമ്പരകള്‍ക്കാണ്‌ ഇന്ന്‌ ഇറാഖിലെ ജനതയില്‍ ഭൂരിപക്ഷമുള്ളത്‌.

ജനവിതരണം

അറബികളും അവരുടെ സംസ്‌കാരവുമായി ഇഴുകിച്ചേര്‍ന്നു സ്വയം അറബികളായി അവകാശപ്പെടുന്ന ഇറാഖി അറബികളും ചേര്‍ന്ന മുസ്‌ലിങ്ങള്‍ മൊത്തം ജനസംഖ്യയുടെ 75 ശതമാനത്തിലേറെ വരും. മുസ്‌ലിങ്ങളെ സുന്നി-ഷിയാ വിഭാഗങ്ങളായി തരം തിരിക്കാം. ഇവരില്‍ ഷിയാ വര്‍ഗക്കാര്‍ക്ക്‌ നേരിയ ഭൂരിപക്ഷമുണ്ട്‌. കുര്‍ദുകളുടെ സംഖ്യ 15 ലക്ഷത്തിലേറെ വരും. ഇറാഖിലെ വടക്കന്‍ പ്രവിശ്യകളില്‍ അധിവസിക്കുന്ന ഇറാനിയന്‍ വംശജരായ കുര്‍ദുകള്‍ക്ക്‌ സ്വന്തമായ ഭാഷയും തനതായ വര്‍ഗസ്വഭാവവുമുണ്ട്‌. അസ്സീറിയര്‍, അര്‍മേനിയര്‍, ടര്‍ക്ക്‌മെന്‍ എന്നിവരാണ്‌ മറ്റു വംശീയവിഭാഗങ്ങള്‍.

ഭാഷയും മതവും

അറബിയാണ്‌ പ്രധാന ഭാഷ. തുര്‍ക്കി, കുര്‍ദിഷ്‌ എന്നീ ഭാഷകള്‍ക്കും പ്രത്യേക മേഖലകളില്‍ ആധിപത്യമുണ്ട്‌. ടര്‍ക്ക്‌മെന്‍, അസ്സീറിയന്‍, അര്‍മേനിയന്‍ എന്നിവയും പ്രാദേശികതലത്തില്‍ പ്രാധാന്യം വഹിക്കുന്നു.

ഇറാഖ്‌ ഒരു മുസ്‌ലിംരാജ്യമാണ്‌. എങ്കിലും ഇറാഖില്‍ എല്ലാ ഭാഗത്തും ന്യൂനപക്ഷമെന്ന നിലയില്‍ ക്രിസ്‌ത്യാനികള്‍ കാണപ്പെടുന്നു. ഇവര്‍ക്കിടയില്‍ കത്തോലിക്കര്‍, ജേക്കബൈറ്റുകള്‍, നെസ്റ്റ്രിയര്‍ എന്നീ വിഭാഗക്കാരും പൗരസ്‌ത്യ സഭാവിശ്വാസികളും ഉണ്ട്‌. ക്രിസ്‌ത്യാനികളെക്കൂടാതെ ഇറാഖിലെ ന്യൂനപക്ഷങ്ങളില്‍ യാസീദി, ജൂതര്‍ എന്നീ വിഭാഗക്കാരും ഉള്‍പ്പെടുന്നു. ഷിയകള്‍ പ്രധാനമായും ദക്ഷിണ ഇറാഖിലും സുന്നികള്‍ വടക്കേ ഇറാഖിലുമാണ്‌ കേന്ദ്രീകരിച്ചിരിക്കുന്നത്‌. ജനസംഖ്യയില്‍ ഷിയകള്‍ മുന്നിട്ടു നില്‌ക്കുന്നെങ്കിലും പരമ്പരാഗതമായി ഇറാഖിലെ അധികാരകേന്ദ്രങ്ങള്‍ കൈയടക്കിയിരുന്നത്‌ സുന്നികളാണ്‌. ഇറാഖിന്റെ രാഷ്‌ട്രീയ ഭരണമേഖലകളില്‍ തങ്ങള്‍ക്ക്‌ അര്‍ഹമായ ഇടം ലഭിക്കുന്നതിനായുള്ള ഷിയകളുടെ ശ്രമം ഇറാഖിനെ പ്രക്ഷുബ്‌ധമാക്കിയ ഷിയ-സുന്നി സംഘട്ടനത്തിനു കാരണമായിട്ടുണ്ട്‌.

സമ്പദ്‌വ്യവസ്ഥ

ഈന്തപ്പഴത്തോട്ടം

എണ്ണഖനനവും അനുബന്ധ വ്യവസായങ്ങളുമാണ്‌ ഇറാഖ്‌ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ. മധ്യധരണ്യാഴിമേഖലയില്‍ ഏറ്റവുംകൂടുതല്‍ എണ്ണയുത്‌പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ്‌ ഇറാഖ്‌. 1950-കള്‍ മുതല്‍ എണ്ണഖനം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്‌. സാമ്പത്തിക മേഖലയുടെ നിയന്ത്രണം പ്രധാനമായും ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലാണെന്ന പ്രത്യേകതയുമുണ്ട്‌.

1970-കളില്‍ സ്റ്റേറ്റിന്റെ നിയന്ത്രണത്തിന്‍കീഴില്‍ ഇറാഖിന്റെ സാമ്പത്തികവ്യവസ്ഥ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്‌ക്ക്‌ വിധേയമായി. 1980-കളില്‍ എണ്ണവ്യവസായം രാജ്യത്തെ ജി.ഡി.പി.യുടെ 60 ശതമാനം വരെ പ്രദാനം ചെയ്‌തിരുന്നു. എണ്ണ വിപണനത്തില്‍നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനം ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കാര്‍ഷികമേഖലയുടെ വികസനത്തിനും വേണ്ടിയാണ്‌ ഉപയോഗിക്കപ്പെട്ടത്‌. എന്നാല്‍ ഇറാന്‍-ഇറാഖ്‌ യുദ്ധവും, പിന്നീടുണ്ടായ ഗള്‍ഫ്‌ യുദ്ധവും, യു.എസ്‌. അധിനിവേശവും ധാരാളം പൈപ്പ്‌ലൈനുകളെയും എണ്ണശുദ്ധീകരണശാലകളെയും നശിപ്പിക്കുകയും എണ്ണവാണിജ്യത്തെ താറുമാറാക്കുകയും ചെയ്‌തു. ഇതിനെല്ലാം പുറമേ 1990-ല്‍ യു.എന്‍. ഏര്‍പ്പെടുത്തിയ വാണിജ്യ ഉപരോധം ഇറാക്കില്‍നിന്നുള്ള എണ്ണകയറ്റുമതി പൂര്‍ണമായി തടയുകയും ചെയ്‌തു. 2000-ത്തില്‍ ഉപരോധം പിന്‍വലിക്കപ്പെട്ടശേഷം എണ്ണ ഉത്‌പാദനമുള്‍പ്പെടെയുള്ള സാമ്പത്തിക മേഖലകളില്‍ ഘടനാപരമായ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കപ്പെട്ടെങ്കിലും, കടുത്തഅരക്ഷിതാവസ്ഥയില്‍നിന്നും ഈ മേഖല പൂര്‍ണമായും വിമുക്തമായിട്ടില്ല. എണ്ണവിപണനത്തെമാത്രം ആശ്രയിക്കാതെ വ്യവസായമേഖലയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തിക്കൊണ്ടുള്ള സാമ്പത്തികവളര്‍ച്ചയില്‍ ഇപ്പോള്‍ രാജ്യം കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചുവരുന്നു.

കൃഷി

അടിസ്ഥാനപരമായി ഒരു കാര്‍ഷികരാജ്യമാണ്‌ ഇറാഖ്‌. ഇറാഖിലെ കൃഷിയിടങ്ങള്‍ പ്രധാനമായും യൂഫ്രട്ടീസ്‌ ടൈഗ്രീസ്‌ നദീതടങ്ങളില്‍ വ്യാപിച്ചിരിക്കുന്നു. ഈന്തപ്പഴമാണ്‌ ഇറാഖിലെ മുന്തിയ കാര്‍ഷികോത്‌പന്നം. പ്രതിവര്‍ഷം 4,80,000 ടണ്‍ ഈത്തപ്പഴം ഉത്‌പാദിപ്പിക്കുന്ന ഇറാഖ്‌ ഇക്കാര്യത്തില്‍ ലോകത്തിലെ ഒന്നാം സ്ഥാനത്താണ്‌. ദക്ഷിണഇറാഖിലെ ഷത്ത്‌ അല്‍ അരബ്‌ ആണ്‌ ഈന്തപ്പനകളുടെ കേന്ദ്രം. രാജ്യത്തിലെ വിദേശനാണ്യ സമ്പാദനമാര്‍ഗങ്ങളില്‍ എണ്ണ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ഈന്തപ്പഴത്തിനാണ്‌. ബാര്‍ലി, ഗോതമ്പ്‌, ചെറുചണം, പയറ്‌, തുവര, നെല്ല്‌, എള്ള്‌, ചോളം തുടങ്ങിയ പരുക്കന്‍ ധാന്യങ്ങള്‍ കൃഷിചെയ്‌തുവരുന്നു. പരുത്തിക്കൃഷിക്ക്‌ പ്രാേത്സാഹ്നം ലഭിക്കുന്നുണ്ടെങ്കിലും മച്ചിന്റെ ലവണസ്വഭാവം പ്രാതികൂല്യം സൃഷ്‌ടിക്കുന്നുണ്ട്‌.

കാലിസമ്പത്ത്‌

നിമ്‌നോന്നതവും വൈവിധ്യമാര്‍ന്നതുമായ ഭൂപ്രകൃതിമൂലം ഇറാഖില്‍ മറ്റ്‌ അറബിരാജ്യങ്ങളെ അപേക്ഷിച്ച്‌ കാലിവളര്‍ത്തലിനുള്ള സൗകര്യങ്ങളുണ്ട്‌. ചെമ്മരിയാട്‌, കോലാട്‌, ഒട്ടകം, കന്നുകാലികള്‍, കഴുത എന്നിവയാണ്‌ പ്രധാന വളര്‍ത്തുമൃഗങ്ങള്‍. പാല്‌, രോമം, മാംസം തുടങ്ങിയ ഗവ്യോത്‌പന്നങ്ങള്‍ വന്‍തോതില്‍ ദേശീയോപഭോഗത്തിനു വിധേയമാകുന്നു. യൂറോപ്യന്‍ നാടുകളിലേക്കു രോമം കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്‌. ഇറാഖിലെ നദികളില്‍ സാമാന്യമായ തോതില്‍ മത്സ്യബന്ധനം നടന്നുവരുന്നു.

വനവിഭവങ്ങള്‍

വനവിഭവങ്ങള്‍ ദുര്‍ലഭമാണ്‌. കെട്ടിടം പണിക്കും മറ്റാവശ്യങ്ങള്‍ക്കും ഉള്ള തടിയുരുപ്പടികള്‍ ഇറക്കുമതിചെയ്യുന്നു. നെടുനാളായുള്ള അനിയന്ത്രിതോപഭോഗംമൂലം ഇറാഖില്‍ വൃക്ഷങ്ങള്‍ ഏറിയകൂറും അപ്രത്യക്ഷമായിട്ടുണ്ട്‌. വടക്ക്‌ കിഴക്കന്‍ ഇറാഖിലുള്ള പര്‍വതസാനുക്കളില്‍ ലഭ്യമായുള്ള വലോണിയ ഓക്കും നദീതീരങ്ങളില്‍ വളരുന്ന ലിക്കോറിസ്‌ ചെടിയും തുകല്‍ ഊറയ്‌ക്കിടുന്നതിന്‌ ഉപയുക്തമായ കറ പ്രദാനം ചെയ്യുന്നു; ഇതാണ്‌ എടുത്തുപറയാവുന്ന പ്രധാന വനവിഭവം. സ്റ്റെപ്പ്‌ മാതൃക പുല്‍മേടുകളില്‍ അങ്ങിങ്ങായി വളരുന്ന ലോക്കോച്ചെടി (astragalus)ഒരിനം പശ ഉത്‌പാദിപ്പിക്കുന്നുണ്ട്‌. വന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന്‌ ഇറാഖില്‍ വനവത്‌കരണ പരിപാടികള്‍ ഊര്‍ജിതമായി നടന്നു വരുന്നു.

ധാതുസമ്പത്ത്‌

എണ്ണയാണ്‌ ഖനിജങ്ങളില്‍ മുന്നിട്ടുനില്‌ക്കുന്നത്‌. ഇറാഖിന്റെ സമ്പദ്‌ഘടനയില്‍ നിര്‍ണായകസ്ഥാനം വഹിക്കുന്ന ഈ വിഭവം മെസൊപ്പൊട്ടേമിയ സമതലത്തിനും സാഗ്രാേസ്‌ പര്‍വതത്തിനും ഇടയ്‌ക്കായി സ്ഥിതിചെയ്യുന്ന കിര്‍കുക്‌ എണ്ണപ്പാടത്തില്‍നിന്നും 1927-ല്‍ ഖനനം ചെയ്‌തു തുടങ്ങി. ഇറാഖിലെ ഏറ്റവും കൂടുതല്‍ പെട്രാേളിയം ലഭിക്കുന്ന എണ്ണപ്പാടങ്ങളില്‍ ഒന്നാണിത്‌. ഏറ്റവും വലിയ എണ്ണപ്പാടം ബസ്രയ്‌ക്ക്‌ സമീപമുള്ള സുബൈര്‍ റുമായ്‌ല ആണ്‌. മൊസൂല്‍, നഫത്‌ ഖാനേ, അയ്‌ന്‍ സാലേ ബൂട്ട്‌മാഹ്‌ എന്നിവയാണ്‌ മറ്റ്‌ എണ്ണപ്പാടങ്ങള്‍. ഇറാഖിലെ എണ്ണഖനികള്‍ 1972-ല്‍ ദേശസാത്‌കൃതമായി; പൊതു ഉടമയിലുള്ള നാഷണല്‍ പെട്രാേളിയം ഏജന്‍സി എന്ന സ്ഥാപനമാണ്‌ എണ്ണ ഉത്‌പാദനത്തിന്റെയും വിപണനത്തിന്റെയും മേല്‍നോട്ടം വഹിക്കുന്നത്‌.

കല്‌ക്കരി, കല്ലുപ്പ്‌ എന്നിവയാണ്‌ ഇറാഖില്‍ ഖനനം ചെയ്‌തുവരുന്ന മറ്റു ധാതുക്കള്‍; കുറഞ്ഞയിനം കല്‌ക്കരിയാണു ലഭ്യമായിട്ടുള്ളത്‌.

വ്യവസായം

എണ്ണ പൈപ്പ്‌ലൈനുകള്‍ക്ക്‌ കാവല്‍ നില്‌ക്കുന്ന ഇറാഖ്‌ പൊലീസ്‌

ഖനനം, ഉദ്‌പാദനം, നിര്‍മാണം എന്നിവയാണ്‌ ഇറാഖിലെ പ്രധാനവ്യവസായങ്ങള്‍. ഇവ മൊത്തം ജി.ഡി.പി.-യുടെ 38 ശതമാനം പ്രദാനം ചെയ്യുന്നു. രാജ്യത്തെ 33 ശതമാനം തൊഴിലാളികള്‍ പണിയെടുക്കുന്നതും ഈ മേഖലകളിലാണ്‌.

എണ്ണയാണ്‌ ഇറാഖിലെ പ്രധാന ധാതുവിഭവം. എണ്ണശുദ്ധീകരണമാണ്‌ ഏറ്റവും വലിയ ഉത്‌പാദനവ്യവസായം. ലെബനോന്‍, സിറിയ, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ക്കൂടി കടന്നുപോകുന്ന പൈപ്പ്‌ ലൈനുകള്‍ വഴിയാണ്‌ ഇറാഖ്‌ മുഖ്യമായും എണ്ണകയറ്റുമതി ചെയ്യുന്നത്‌. കാര്‍ഷിക ഉത്‌പന്നങ്ങള്‍, വസ്‌ത്രങ്ങള്‍, സോപ്പ്‌, പാനീയങ്ങള്‍, സിമന്റ്‌, ഇരുമ്പ്‌, സ്റ്റീല്‍ എന്നിവയുടെ ഉത്‌പാദനവുമായി ബന്ധപ്പെട്ട വ്യവസായങ്ങളും രാജ്യത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. യുദ്ധാനന്തര ഇറാഖില്‍ ആവശ്യമായിവന്ന പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കെട്ടിടനിര്‍മാണ വ്യവസായ മേഖലയിലെ പുത്തന്‍ ഉണര്‍വിന്‌ കാരണമായിട്ടുണ്ട്‌.

ഇറാഖിലെ ഉള്‍നാടന്‍ ഗതാഗതമാര്‍ഗം

മൊത്തം ജി.ഡി.പി.-യുടെ ഏതാണ്ട്‌ 46 ശതമാനം സേവനവ്യവസായം പ്രദാനം നല്‍കുന്നു. ബാങ്കിങ്ങും അനുബന്ധ തൊഴില്‍മേഖലകളുമാണ്‌ ശ്രദ്ധേയമായ ഇതരസര്‍വീസ്‌ മേഖലകള്‍.

എണ്ണയും പ്രകൃതിവാതകവുമാണ്‌ ഇറാഖിന്റെ പ്രധാന ഊര്‍ജസ്രാേതസ്സുകള്‍. എണ്ണയാണ്‌ ഇറാഖിന്റെ പ്രധാനകയറ്റുമതി വിഭവം; ഭക്ഷ്യപദാര്‍ഥങ്ങള്‍, യന്ത്രങ്ങള്‍, ഔഷധങ്ങള്‍ എന്നിവയാണ്‌ പ്രധാനമായും ഇറക്കുമതിചെയ്യപ്പെടുന്നത്‌.

ഇംഗ്ലീഷിലും അറബിയിലും കുര്‍ദിഷിലുമായി പ്രസിദ്ധീകരിക്കപ്പെടുന്ന ആറു ദിനപത്രങ്ങള്‍ ഇറാഖില്‍നിന്നും പുറത്തിറങ്ങുന്നുണ്ട്‌. പതിനഞ്ചില്‍ ഒരാള്‍ എന്ന നിരക്കില്‍ ഇറാഖികള്‍ക്ക്‌ ടെലിവിഷനുകള്‍ സ്വന്തമായുണ്ട്‌. ടെലിവിഷന്‍, റേഡിയോ എന്നിവയുടെ നിയന്ത്രണം ഗവണ്‍മെന്റിനാണ്‌. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള റേഡിയോ പ്രക്ഷേപണം ഇറാഖില്‍ അനുവദനീയമാണ്‌.

എണ്‍പതോളം റേഡിയോപ്രക്ഷേപണ കേന്ദ്രങ്ങളും 21-ഓളം ടെലിവിഷന്‍ പ്രക്ഷേപണ നിലയങ്ങളും ഇറാഖില്‍ പ്രവര്‍ത്തിക്കുന്നു. മികച്ച വേഗതയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ്‌ സംവിധാനവും രാജ്യത്തുണ്ട്‌. 2002-ലെ കണക്കനുസരിച്ച്‌ 50 ലക്ഷത്തോളം ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ ഇറാഖിലുണ്ട്‌.

ഗതാഗതം

വികസിതമായ വ്യോമ-റോഡ്‌-റെയില്‍ ഗതാഗതശൃംഖല രാജ്യത്തുണ്ട്‌. ഇന്ന്‌ ഇറാഖില്‍ 44,900 കി.മീ. റോഡുകളാണുള്ളത്‌. ഇതില്‍ 84 ശതമാനം ടാര്‍ റോഡുകളാണുള്ളത്‌. മരുപ്രദേശങ്ങളിലെ റോഡുകള്‍ തുടര്‍ച്ചയായ മണല്‍ക്കാറ്റുകള്‍ നിമിത്തം മിക്കപ്പോഴും ഉപയോഗശൂന്യങ്ങളായിത്തീരാറുണ്ട്‌.

ബാഗ്‌ദാദ്‌, ബസ്‌റ എന്നീ നഗരങ്ങളെ കേന്ദ്രീകരിച്ച്‌ പ്രധാന നഗരങ്ങളെ പരസ്‌പരം ഘടിപ്പിക്കുന്ന തരത്തിലുള്ള റെയില്‍പ്പാതകളാണുള്ളത്‌. ബാഗ്‌ദാദില്‍നിന്നു ബസ്രയിലേക്കും, ടൈഗ്രീസിനു കിഴക്ക്‌ വടക്ക്‌ കിഴക്ക്‌ പ്രവിശ്യയിലേക്കും റെയില്‍പ്പാതകളുണ്ട്‌. പ്രധാന പാതകളുടെ പിരിവുകളായി മിക്ക നഗരങ്ങളിലേക്കും റെയില്‍ബന്ധം സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

ഇറാഖില്‍ രണ്ടു പ്രധാന തുറമുഖങ്ങളാണുള്ളത്‌. ഇവയില്‍ ബസ്ര പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍നിന്നു 136 കി.മീ. ഉള്ളിലേക്കു മാറി ടൈഗ്രീസ്‌ നദിക്കരയില്‍ സ്ഥിതിചെയ്യുന്നു. ഷത്ത്‌ അല്‍അരബ്‌ എന്നുവിളിക്കപ്പെടുന്ന, തുറമുഖത്തോളം എത്തുന്ന ജലമാര്‍ഗം വന്‍കിട കപ്പലുകള്‍ക്കുപോലും സുഗമമായി സഞ്ചരിക്കാവുന്നതാണ്‌. കുവൈറ്റ്‌ അതിര്‍ത്തിയില്‍നിന്ന്‌ 8 കി.മീ. അകലെ സ്ഥിതിചെയ്യുന്ന ഉമ്‌ക്വാസര്‍ ആണ്‌ രണ്ടാമത്തെ തുറമുഖം. ഇറാഖിലെ വിദേശവാണിജ്യം ഏതാണ്ടു പൂര്‍ണമായും കൈകാര്യം ചെയ്യുന്നത്‌ ഈ രണ്ടു തുറമുഖങ്ങളുമാണ്‌. ടൈഗ്രീസ്‌ നദിയില്‍ ബസ്ര മുതല്‍ ബാഗ്‌ദാദ്‌ വരെയുള്ള ഭാഗത്ത്‌ ചെറുകിട കപ്പലുകള്‍ക്കു സഞ്ചാരസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. യൂഫ്രട്ടിസ്‌നദിയില്‍ സഞ്ചാരസൗകര്യം നന്നേകുറവാണ്‌; നൗകകളും ചങ്ങാടങ്ങളും ഉപയോഗിച്ചുള്ള ചരക്കുഗതാഗതം ഈ നദിയിലും സാമാന്യമായതോതില്‍ നടന്നുവരുന്നു.

ബാഗ്‌ദാദ്‌, ബസ്ര എന്നിവിടങ്ങളില്‍ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളുണ്ട്‌. മൊത്തം ആഭ്യന്തര വ്യോമഗതാഗതത്തിന്റെ പകുതിയോളം കൈകാര്യം ചെയ്യുന്നത്‌ മൊസൂല്‍, കിര്‍കൂക്‌, എര്‍ബിന്‍ എന്നിവിടങ്ങളിലെ ആഭ്യന്തരവിമാനത്താവളങ്ങളാണ്‌.

ചരിത്രം

ഇറാഖിന്‌ അതിപ്രാചീനമായ ഒരു ചരിത്രവും സംസ്‌കാരവുമുണ്ട്‌. സുമേരിയന്‍, അക്കാദിയന്‍, ബാബിലോണിയന്‍, അസീറിയന്‍, കാല്‍ഡിയന്‍ എന്നീ സാമ്രാജ്യങ്ങളുടെ ഉയര്‍ച്ചയ്‌ക്കും പതനത്തിനും സാക്ഷ്യം വഹിച്ച ഈ ഭൂമികയിലൂടെയാണ്‌ പേര്‍ഷ്യക്കാര്‍, യവനര്‍, പാര്‍ത്തിയര്‍, സസ്സാനിദുകള്‍ തുടങ്ങിയവര്‍ ആധിപത്യം സ്ഥാപിച്ചു കടന്നുപോയത്‌. യൂഫ്രട്ടീസ്‌-ടൈഗ്രീസ്‌ നദികള്‍ക്കിടയ്‌ക്കു സ്ഥിതിചെയ്യുന്ന ഈ രാജ്യം എ.ഡി. ഏഴാം ശതകംവരെ മെസൊപ്പൊട്ടേമിയ എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. നോ. മെസൊപ്പൊട്ടേമിയ

637-ല്‍ അറബികളുടെ ആക്രമണം വരെ ഇറാഖ്‌ ഭരിച്ചത്‌ സസാനിദൂകളാണ്‌. ഏഴാം ശതകത്തിലെ ഇറാഖിന്റെ ചരിത്രം അറബികളുടെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അറബികളുടെ വരവോടെ ഇവിടം ഇസ്‌ലാമിനു ആധിപത്യമുള്ള പ്രദേശമായി മാറി. അബ്ബാസിയ ഖലീഫമാരുടെ തലസ്ഥാനമെന്ന നിലയില്‍ ബാഗ്‌ദാദ്‌ അക്കാലത്ത്‌ അന്താരാഷ്‌ട്ര പ്രാധാന്യവും പ്രശസ്‌തിയും കൈവരിച്ചിരുന്നു. (നോ. അബ്ബാസിയ) അറബികള്‍ക്കുശേഷം മംഗോളിയരും തുര്‍ക്കികളുമായിരുന്നു ഇവിടെ ആധിപത്യം സ്ഥാപിച്ചത്‌. തുര്‍ക്കി (ഒട്ടോമന്‍) സാമ്രാജ്യത്തിന്റെ അപചയത്തോടെയാണ്‌, ഇറാഖ്‌ ഉള്‍പ്പെടെ ഒട്ടോമന്‍ പ്രദേശങ്ങളില്‍ സ്വാധീനമുറപ്പിക്കാനുള്ള ശ്രമങ്ങള്‍ ബ്രിട്ടനും ഫ്രാന്‍സും ആരംഭിക്കുന്നത്‌. ഒന്നാം ലോകയുദ്ധംവരെ തുര്‍ക്കിയുടെ ഭാഗമായിരുന്നു ഇറാഖ്‌. അന്ന്‌ ഇറാഖ്‌ ഒരു രാഷ്‌ട്രീയ ഘടകമായിരുന്നില്ല; മൊസൂല്‍, ബാഗ്‌ദാദ്‌, ബസ്ര എന്നീ മൂന്നു തുര്‍ക്കി പ്രവിശ്യകളുടെ കൂട്ടായ ഒരു സംജ്ഞ മാത്രമായിരുന്നു.

ആധുനിക ഇറാഖിന്റെ ചരിത്രം ഒന്നാം ലോകയുദ്ധ(1914-18)ത്തിന്റെ അന്ത്യഘട്ടത്തോടെയാണ്‌ ആരംഭിക്കുന്നത്‌. യുദ്ധത്തില്‍ പരാജയപ്പെട്ട ഒട്ടോമന്‍ (തുര്‍ക്കി) സാമ്രാജ്യത്തിലുള്‍പ്പെട്ടിരുന്ന മധ്യപൂര്‍വദേശങ്ങളെ വീതംവയ്‌ക്കാനുള്ള തിടുക്കത്തില്‍ 1917-ല്‍ ബ്രിട്ടന്‍ ബാഗ്‌ദാദിലെ തുര്‍ക്കി ഭരണാധികാരികളെ പുറത്താക്കി നഗരം കൈയടക്കി.

1918-ല്‍ മൊസൂല്‍, ബാഗ്‌ദാദ്‌, ബസ്ര എന്നീ പ്രവിശ്യകള്‍ ചേര്‍ന്ന്‌ രൂപംകൊണ്ടതാണ്‌ ഇന്നത്തെ ഇറാഖ്‌. 1920-ല്‍ ലീഗ്‌ ഒഫ്‌ നേഷന്‍സില്‍നിന്നും ഇറാഖ്‌ ഭരിക്കാനുള്ള മാന്‍ഡേറ്റ്‌ ബ്രിട്ടന്‍ കരസ്ഥമാക്കി. (ഇറാഖികള്‍ സ്വയംഭരണത്തിനു പ്രാപ്‌തരാകുന്നതുവരെ മാതൃകാപരമായ ഭരണം നിര്‍വഹിക്കാന്‍ ചുമതലപ്പെട്ടത്‌ ബ്രിട്ടനാണ്‌.) ബ്രിട്ടന്റെ മുഖ്യ താത്‌പര്യം എണ്ണ വിപണനത്തിന്റെ കുത്തക നേടുകയായിരുന്നു; ഇറാഖിലെ എണ്ണ ഉത്‌പാദനം ഇരട്ടിപ്പിച്ച്‌ ബ്രിട്ടീഷ്‌ ഏജന്‍സികളിലൂടെ ലോക വിപണിയിലെത്തിക്കുക എന്നതായിരുന്നു അവരുടെ അജണ്ട.

യുദ്ധാനന്തരം തുര്‍ക്കികളില്‍നിന്നും പൂര്‍ണ സ്വാതന്ത്ര്യം കാംക്ഷിച്ച ഇറാഖി ജനതയ്‌ക്ക്‌ "മൂടുപടമണിഞ്ഞ സാമ്രാജ്യത്വഭരണം' എന്നു വിശേഷിപ്പിക്കപ്പെട്ട മാന്‍ഡേറ്റ്‌ സംവിധാനം കനത്ത ആഘാതമായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ദേശീയ പ്രക്ഷോഭങ്ങള്‍ വ്യാപകമായതോടെ ഇറാഖില്‍ നാമമാത്ര ഭരണാധികാരിയെ നിയമിച്ചുകൊണ്ട്‌ മാന്‍ഡേറ്റ്‌ നിലനിര്‍ത്താന്‍ ബ്രിട്ടന്‍ പദ്ധതിയിട്ടു. ബ്രിട്ടീഷ്‌ മാന്‍ഡേറ്റിനുകീഴില്‍ ഭരണം നടത്താന്‍ ഫൈസല്‍ I-നെയാണ്‌ അവര്‍ കണ്ടെത്തിയത്‌. (തുര്‍ക്കിക്കെതിരെയുള്ള അറബ്‌ വിപ്ലവം നയിച്ച ഹെജാസ്‌ രാജാവായ ഹുസൈന്റെ പുത്രനാണ്‌ ഫൈസല്‍.) ബ്രിട്ടന്റെ പാവയായ ഫൈസല്‍രാജാവ്‌ 1922-ല്‍ ബ്രിട്ടനും ഇറാഖും തമ്മിലുള്ള സഖ്യവും സഹകരണവും ഉറപ്പാക്കുന്ന ഒരു ആംഗ്ലോ-ഇറാഖ്‌ ഉടമ്പടിയില്‍ ഒപ്പു വച്ചു. എന്നാല്‍, മാന്‍ഡേറ്റിന്റെ പല വ്യവസ്ഥകളും ഉള്‍പ്പെട്ട പുതിയ ഉടമ്പടിയെ അംഗീകരിക്കുവാന്‍ വിസമ്മതിച്ച ഇറാഖിലെ ദേശീയവാദികള്‍ പൂര്‍ണ സ്വാതന്ത്ര്യം എന്ന നിലപാടില്‍ ഉറച്ചുനിന്നു.

മാന്‍ഡേറ്റ്‌ കാലഘട്ടം (1920-32) ഇറാഖ്‌ ചരിത്രത്തിലെ ഒരു അപ്രിയ ഏടായിരുന്നെങ്കിലും ഇറാഖിന്റെ ആധുനിക രാഷ്‌ട്രീയഘടന രൂപപ്പെട്ടത്‌ ഇക്കാലത്താണ്‌ എന്നത്‌ ശ്രദ്ധേയമാണ്‌. പാര്‍ലമെന്ററി ഭരണസംവിധാനം, ജുഡീഷ്യറി, രാഷ്‌ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ വളര്‍ച്ചയും വികാസവും ഇതുമായി ബന്ധപ്പെട്ടുകിടക്കുന്നു. രാജാവിന്‌ വിപുലമായ അധികാരങ്ങള്‍ നല്‌കുന്ന ഒരു ഭരണഘടനയ്‌ക്ക്‌ 1925-ല്‍ ബ്രിട്ടീഷുകാര്‍ രൂപം നല്‌കി. പ്രായപൂര്‍ത്തി വോട്ടവകാശാടിസ്ഥാനത്തില്‍ ആദ്യ തിരഞ്ഞെടുപ്പ്‌ നടന്നത്‌ 1925-ലാണ്‌. 1958-ല്‍ രാജവാഴ്‌ച അവസാനിക്കുന്നതുവരെ 50 മന്ത്രിസഭകള്‍ മാറിമാറി ഭരണം നടത്തുകയുണ്ടായി. ബ്രിട്ടീഷ്‌ ഭരണത്തിനെതിരെയുള്ള എതിര്‍പ്പ്‌ തീക്ഷ്‌ണമായ സാഹചര്യത്തില്‍ ഒടുവില്‍ മാന്‍ഡേറ്റ്‌ അവസാനിപ്പിക്കാനും ഇറാഖിന്‌ സ്വാതന്ത്ര്യം നല്‌കാനും ബ്രിട്ടന്‍ തയ്യാറായി (1932). രണ്ടു രാജ്യങ്ങളും തമ്മിലുള്ള സഖ്യം ഉറപ്പാക്കുന്ന ഒരു ഉടമ്പടി രൂപീകരിച്ച ശേഷം മാത്രമാണ്‌ ബ്രിട്ടന്‍ സ്വാതന്ത്യ്രം നല്‌കാന്‍ തയ്യാറായത്‌. ഉടമ്പടിയിലെ വ്യവസ്ഥപ്രകാരം ഇറാഖിന്റെ സൈനികകാര്യങ്ങളും വിദേശബന്ധങ്ങളും ബ്രിട്ടീഷ്‌ നിയന്ത്രണത്തിലായിരുന്നു. ഫൈസല്‍ രാജാവിന്റെ കീഴില്‍ ഇറാഖ്‌ ഒരു സ്വതന്ത്ര രാജ്യമായി നിലവില്‍ വന്നെങ്കിലും ഫലത്തില്‍ ബ്രിട്ടന്റെ ഉപഗ്രഹമായി തുടര്‍ന്നു. ജനറല്‍ നൂറി അല്‍സയ്‌ദായിരുന്നു സ്വതന്ത്ര ഇറാഖിന്റെ ആദ്യത്തെ പ്രധാനമന്ത്രി. സ്വാതന്ത്യ്രലബ്‌ധിയെ തുടര്‍ന്നുള്ള രണ്ടുദശകങ്ങളില്‍ ഇറാഖ്‌ ഭരണ അസ്ഥിരതയുടെയും അനിശ്ചിതത്വത്തിന്റെയും പിടിയിലായിരുന്നു. രണ്ടാം ലോകയുദ്ധക്കാലത്ത്‌, ആംഗ്ലോ ഇറാഖി സഖ്യത്തില്‍ ഇറാഖിന്റെ സുരക്ഷിതത്വം ഭദ്രമാണെന്നു കരുതിയ നൂറി ജര്‍മനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയുണ്ടായി. ബ്രിട്ടീഷ്‌ സ്വാധീനത്തില്‍നിന്നും ഇറാഖിനെ മോചിപ്പിക്കാനുള്ള ഏക പോംവഴി ജര്‍മനിയുടെ പിന്തുണ കരസ്ഥമാക്കുന്നതായിരിക്കും എന്നു കരുതിയ ഇറാഖി ജനതയ്‌ക്ക്‌ ഇത്‌ കനത്ത ആഘാതമായിരുന്നു. അറബ്‌ രാജ്യങ്ങളുടെ സ്വാതന്ത്ര്യ സമരത്തെ ജര്‍മനി സഹായിക്കുമെന്നും അതിനാല്‍ ജര്‍മനിയുമായി സഖ്യമുണ്ടാക്കണമെന്നുമുള്ള നിലപാടാണ്‌ ദേശീയവാദികള്‍ സ്വീകരിച്ചത്‌. ഇറാഖി ഭരണകൂടത്തിലും ഭിന്നിപ്പുണ്ടായി. ഒരു വിഭാഗം സൈനിക മേധാവികളും ഇറാഖി ഉദ്യോഗസ്ഥരും ഇറാഖിലെ ബ്രിട്ടീഷ്‌ സ്വാധീനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി അച്ചുതണ്ടു ശക്തികളുമായി രഹസ്യാലോചനയില്‍ ഏര്‍പ്പെട്ടു.

1941-ല്‍ ഇറാഖില്‍ ഒരു ബ്രിട്ടീഷ്‌ വിരുദ്ധ ജനകീയഗവണ്‍മെന്റ്‌ രൂപംകൊണ്ടെങ്കിലും യുദ്ധത്തിന്റെ ഗതി സഖ്യകക്ഷികള്‍ക്ക്‌ അനുകൂലമായതോടെ ഇറാഖ്‌ ആക്രമിച്ച ബ്രിട്ടണ്‍ ജനകീയ ഗവണ്‍മെന്റിനെ പുറത്താക്കുകയും പകരം നൂറി അല്‍ സെയ്‌ദിനെ പ്രധാനമന്ത്രിയായി പ്രതിഷ്‌ഠിക്കുകയും ചെയ്‌തു. അങ്ങനെ ഇറാഖ്‌ ഭരണം ബ്രിട്ടീഷ്‌ പിണിയാളുകളായ ഏകാധിപതികളുടെ നിയന്ത്രണത്തിലായി. ഈ ഭരണാധികാരികള്‍ക്ക്‌ ജനങ്ങളുടെയും സായുധസൈന്യത്തിന്റെയും ബഹുമുഖമായ എതിര്‍പ്പ്‌ നേരിടേണ്ടിവന്നിരുന്നു. (ബ്രിട്ടീഷ്‌ നിയന്ത്രണത്തിലുള്ള ഭരണം 1958-ല്‍ രാജവാഴ്‌ച അവസാനിക്കുന്നതുവരെ തുടര്‍ന്നു.) അങ്ങനെ രണ്ടാം ലോകയുദ്ധത്തില്‍ ബ്രിട്ടനെതിരായി ഒരു വിശാല അറബ്‌സഖ്യത്തില്‍ പങ്കാളികളാകുവാനുള്ള ഇറാഖികളുടെ ശ്രമം വിജയിച്ചില്ല. പകരം ബ്രിട്ടീഷ്‌ സമ്മര്‍ദത്തിനുവഴങ്ങി, ഇറാഖിന്‌ സഖ്യകക്ഷികളുടെ ഭാഗം ചേര്‍ന്ന്‌ യുദ്ധം ചെയ്യേണ്ടിവന്നു. രണ്ടാം ലോകയുദ്ധത്തില്‍ അച്ചുതണ്ട്‌ ശക്തികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ആദ്യത്തെ സ്വതന്ത്ര മുസ്‌ലിം രാജ്യമായിരുന്നു ഇറാഖ്‌.

യു.എസ്‌. ബോംബാക്രമണത്തെത്തുടര്‍ന്ന്‌ പലായനം ചെയ്യുന്ന കുടുംബം

1948-ല്‍ ഇസ്രയേല്‍ രാജ്യം രൂപവത്‌കൃതമായതിനെത്തുടര്‍ന്ന്‌ ഇറാഖ്‌ അടക്കമുള്ള അറബ്‌രാജ്യങ്ങള്‍ പലസ്‌തീനോടുള്ള ആഭിമുഖ്യം കാണിക്കുവാന്‍ പുതിയ രാജ്യത്തെ കൂട്ടായി ആക്രമിച്ചു. 9 മാസം നീണ്ടുനിന്ന ഉപരോധ-പ്രതിരോധങ്ങളുടെ പരിസമാപ്‌തിയില്‍ ഇറാഖിലുണ്ടായിരുന്ന ഭൂരിപക്ഷം യഹൂദന്മാരും ഇസ്രയേലിലേക്കു പലായനം ചെയ്‌തു. രാജ്യത്തിനകത്തുംപുറത്തുനിന്നുമുള്ള കമ്യൂണിസ്റ്റ്‌ ഭീഷണികളെ സംയുക്തമായി നേരിടുന്നതിന്‌ ഇറാഖും തുര്‍ക്കിയും ചേര്‍ന്ന്‌ ഒപ്പുവച്ച ബാഗ്‌ദാദ്‌ ഉടമ്പടിയില്‍ ബ്രിട്ടനും കക്ഷിചേരുന്നത്‌ 1955-ലാണ്‌. ഇതിനിടെ ഇറാഖ്‌ സൈന്യത്തിലെ ദേശീയവാദികളായ യുവാക്കള്‍ ഒരു രഹസ്യസംഘടന രൂപീകരിച്ചിരുന്നു. ഫ്രീ ഓഫീസേഴ്‌സ്‌ (Free Officers)എന്നറിയപ്പെട്ടിരുന്ന ഈ സംഘടന 1958-ല്‍ അധികാരം പിടിച്ചെടുക്കുകയും ഇറാഖിനെ ഒരു റിപ്പബ്‌ളിക്കായി പ്രഖ്യാപിക്കുകയും ചെയ്‌തു. സൈനിക അട്ടിമറിക്കു ചുക്കാന്‍ പിടിച്ച അബ്‌ദുല്‍കരിം കാസിമിന്റെ നേതൃത്വത്തിലുള്ള വിപ്ലവകാരികള്‍ രാജാവിനെയും കിരീടാവകാശികളെയും വധിക്കുകയുണ്ടായി. ജനറല്‍ കാസിമായിരുന്നു റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രധാനമന്ത്രി.

ഇറാഖിന്റെ വ്യാവസായിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനുവേണ്ട നടപടികള്‍ സ്വീകരിച്ച കാസിമിന്റെ ഭൂപരിഷ്‌കരണ നയവും ശ്രദ്ധേയമായിരുന്നു. ബ്രിട്ടന്റെ പുത്രികാരാജ്യമായിരുന്ന (Protectorate) കുവൈറ്റിന്‌ 1961-ല്‍ സ്വാതന്ത്ര്യം ലഭിച്ചതിനെത്തുടര്‍ന്ന്‌ ഇറാഖ്‌ കുവൈറ്റിന്‌ മേല്‍ അവകാശവാദമുന്നയിക്കുകയുണ്ടായി. കുവൈറ്റ്‌ ഇറാഖിന്റെ ഭാഗമായിരുന്നുവെന്നും ബ്രിട്ടീഷുകാര്‍ സ്വേച്ഛാപരമായ വിഭജനം നടത്തിയതുമൂലമാണ്‌ കുവൈറ്റ്‌ എന്ന രാജ്യം രൂപംകൊണ്ടതെന്നുമായിരുന്നു ഇറാഖിന്റെ വാദം.

അറബ്‌ സോഷ്യലിസ്റ്റ്‌ ബാത്ത്‌ (നവോത്ഥാന) പാര്‍ട്ടി അംഗങ്ങളായ ഏതാനും സൈനികോദ്യോഗസ്ഥര്‍ കാസിം-ഭരണകൂടത്തെ അട്ടിമറിക്കുന്നത്‌ 1963-ലാണ്‌. അധികാരം പിടിച്ചെടുത്ത ബാത്ത്‌ പാര്‍ട്ടി ജനറല്‍ അഹമ്മദ്‌ ഹസ്സന്‍ അല്‍ബാക്കറിനെ പ്രധാനമന്ത്രിയായും അബ്‌ദുള്‍ സലാം ആരിഫിനെ പ്രസിഡന്റായും അവരോധിച്ചു. അധികാരമേറ്റ ആരിഫിന്റെ ആദ്യനടപടി ബാത്ത്‌ നേതൃത്വത്തെ പട്ടാളത്തിന്റെ സഹായത്തോടെ അമര്‍ച്ചചെയ്യുകയായിരുന്നു; എന്നാല്‍ അപ്രതീക്ഷിതമായ ഈ നീക്കത്തില്‍നിന്നു രക്ഷപ്പെട്ട ഏതാനും ബാത്ത്‌നേതാക്കന്മാര്‍ അല്‍ബാക്കറിന്റെ നേതൃത്വത്തില്‍ ഒളിവില്‍ പോയി. ഇവരെ പുനഃസംഘടിപ്പിക്കുവാനുള്ള ശ്രമത്തില്‍ അല്‍ബാക്കറിന്റെ വലംകൈയായി പ്രവര്‍ത്തിച്ചത്‌ സദ്ദാംഹുസൈന്‍ തിക്രീതി എന്ന സുന്നി സൈനികോദ്യോഗസ്ഥനായിരുന്നു.

ആരിഫ്‌ ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ സഹോദരന്‍ ജനറല്‍ അബ്‌ദുല്‍റഹ്‌മാന്‍ ആരിഫ്‌ പ്രസിഡന്റായി.

1968-ല്‍ പുനരുജ്ജീവിപ്പിക്കപ്പെട്ട ബാത്ത്‌പാര്‍ട്ടി സൈന്യത്തിന്റെ പിന്തുണയോടെ ആരിഫിനെ സ്ഥാനഭ്രഷ്‌ടനാക്കി; അധികാരത്തിലേറിയ പുതിയ വിപ്ലവ കൗണ്‍സിലിന്റെ പ്രസിഡന്റായിരുന്നു അഹമ്മദ്‌ ഹസ്സന്‍ അല്‍ബാക്കര്‍. രാഷ്‌ട്രീയ-ഭരണ മണ്ഡലങ്ങളില്‍ ബാത്ത്‌ പാര്‍ട്ടിയുടെ മേധാവിത്വം പുനഃസ്ഥാപിച്ച അല്‍ബാക്കര്‍ സോഷ്യലിസ്റ്റ്‌ നയങ്ങളോടാണ്‌ ആഭിമുഖ്യം പുലര്‍ത്തിയത്‌. 1972-ല്‍ ഇറാഖിലെ എല്ലാ പാശ്ചാത്യ പെട്രാേളിയം കമ്പനികളെയും ദേശസാത്‌കരിച്ചുകൊണ്ടുള്ള വിപ്ലവകരമായ നടപടി ഇദ്ദേഹം കൈകൊണ്ടു. അന്താരാഷ്‌ട്ര വിപണിയില്‍ പെട്രാേളിയത്തിന്റെ വില ഉയര്‍ന്നത്‌ 70-കളില്‍ ഇറാഖിന്‌ ശക്തമായ സാമ്പത്തികാടിത്തറ നല്‌കി. പെട്രാേളിയത്തില്‍നിന്നുള്ള വരുമാനം പ്രധാനമായും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമാണ്‌ വിനിയോഗിക്കപ്പെട്ടത്‌. പുതിയ പ്രസിഡന്റ്‌ സദ്ദാംഹുസൈന്‌ വിപുലമായ അധികാരങ്ങള്‍ നല്‌കി; പത്തുവര്‍ഷത്തിനുശേഷം അല്‍ബാക്ക്‌ സദ്ദാമിനുവേണ്ടി സ്ഥാനത്യാഗം ചെയ്‌തു.

1979-ല്‍ ഇറാനിലെ ഷാ മുഹമ്മദ്‌ റിസാ സ്ഥാനഭ്രഷ്‌ടനാക്കപ്പെടുകയും ഇസ്‌ലാമിക വിപ്ലവത്തിലൂടെ ആയത്തുള്ള ഖൊമേനിയുടെ നേതൃത്വത്തിലുള്ള ഒരു തീവ്രഷിയാഭരണകൂടം നിലവില്‍വരികയും ചെയ്‌തു. ഖൊമേനിയുടെ ഇസ്‌ലാമിക വിപ്ലവത്തോടെയാണ്‌ മധ്യപൂര്‍വദേശത്ത്‌ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിയോഗിയായി ഇറാന്‍ മാറുന്നത്‌. ഷായെ പിന്തുണച്ചതിന്റെ പേരില്‍ തീവ്രമായ അമേരിക്കന്‍ വിരോധമാണ്‌ ഖൊമേനി ഭരണകൂടം സ്വീകരിച്ചത്‌. ഇറാനിലെ ഷിയാഭരണകൂടം ഇറാഖിലെ 60% വരുന്ന ഷിയാജനസാമാന്യത്തെ സുന്നിയായ തനിക്കെതിരെ തിരിച്ചേക്കാം എന്ന ഭയാശങ്കകള്‍ സദ്ദാംഹുസൈനെ അലട്ടിയിരുന്നു. ഇറാനിയന്‍ ഭരണകൂടം അട്ടിമറിക്കുന്നതിനുമുമ്പ്‌ അവരെ അട്ടിമറിക്കാനുള്ള സദ്ദാമിന്റെ തിടുക്കമായിരുന്നു ഇറാന്‍-ഇറാഖ്‌ യുദ്ധത്തിനു വഴിയൊരുക്കിയത്‌. ഷത്ത്‌ അല്‍ അറബ്‌ ജലപാതയുടെ നിയന്ത്രണത്തെ ചൊല്ലിയുള്ള അവകാശവാദങ്ങളും യുദ്ധത്തിലേക്കു നയിച്ച മറ്റൊരു കാരണമായിരുന്നു. 1980-ല്‍ ഇറാഖ്‌ ഇറാനെ ആക്രമിച്ചതിനെത്തുടര്‍ന്നുണ്ടായ യുദ്ധം എട്ടുവര്‍ഷംനീണ്ടുനിന്നു.

ഇറാന്‍-ഇറാഖ്‌ യുദ്ധം ആരംഭിച്ച വേളയില്‍ യു.എസ്‌. നിഷ്‌പക്ഷത പാലിച്ചിരുന്നു. സോവിയറ്റ്‌ ചേരിയില്‍പ്പെട്ട രാജ്യമായിട്ടാണ്‌ ഇറാഖ്‌ പരിഗണിക്കപ്പെട്ടിരുന്നത്‌. (1967-ലെ അറബ്‌-ഇസ്രയേലി യുദ്ധത്തെ തുടര്‍ന്ന്‌ യു.എസ്സുമായുള്ള നയതന്ത്രബന്ധം ഇറാഖ്‌ വിച്ഛേദിച്ചിരുന്നു.) എന്നാല്‍ യുദ്ധത്തില്‍ ഇറാന്‍ ജയിക്കുമെന്നായപ്പോള്‍ ഇറാഖിനെ പിന്തുണയ്‌ക്കാന്‍ യു.എസ്‌. തയ്യാറായി. അങ്ങനെ പൊതുശത്രുവായ ഇറാനെ നേരിടേണ്ടിവന്ന സാഹചര്യത്തിലാണ്‌ ഇവര്‍ തമ്മിലുള്ള അതിരുകള്‍ മായുന്നത്‌. 1982-ല്‍ യു.എസ്‌., തീവ്രവാദി രാഷ്‌ട്രങ്ങളുടെ പട്ടികയില്‍നിന്നും ഇറാഖിനെ ഒഴിവാക്കി. 1984-ല്‍ യു.എസ്സും ഇറാഖും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്‌തു. ഇറാനിയന്‍ സേനയ്‌ക്കുനേരെ ഇറാഖ്‌ മസ്റ്റര്‍ഡ്‌ ഗ്യാസ്‌ ഉപയോഗിക്കുന്നതിനെ അപലപിച്ചുകൊണ്ട്‌ യു.എന്‍. സെക്യൂരിറ്റി കൗണ്‍സില്‍ പാസ്സാക്കിയ പ്രമേയത്തിനെതിരെ വോട്ട്‌ ചെയ്‌ത ഏക രാഷ്‌ട്രമായിരുന്നു യു.എസ്‌. യു.എസ്സിന്റെ മധ്യസ്ഥതയില്‍ യുദ്ധച്ചെലവിനായി വന്‍തുക കടമായി കുവൈറ്റ്‌, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഇറാഖിന്‌ നല്‌കി.

ഏട്ടുവര്‍ഷം നീണ്ട ഇറാന്‍-ഇറാഖ്‌ യുദ്ധം ഒടുവില്‍ യു.എന്നിന്റെ മധ്യസ്ഥതയിലാണ്‌ അവസാനിച്ചത്‌ (1988). യുദ്ധത്തില്‍ 10 ലക്ഷം പേര്‍ക്ക്‌ ജീവഹാനിയുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

യു.എസ്‌. ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടം

90-കളുടെ തുടക്കത്തില്‍ കുവൈത്ത്‌, സൗദി അറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങള്‍ എണ്ണ അമിതമായി ഉത്‌പാദിപ്പിച്ചത്‌ ലോക കമ്പോളത്തില്‍ എണ്ണയുടെ വില ഇടിയാന്‍ കാരണമായി. ഇത്‌ ഏറ്റവും അധികം ബാധിച്ചത്‌ യുദ്ധത്താല്‍ തകര്‍ന്നു കഴിഞ്ഞ ഇറാഖിനെയാണ്‌. ഒപെക്‌ രാജ്യങ്ങളില്‍ വച്ച്‌ ഏറ്റവും കൂടുതല്‍ എണ്ണ ഉത്‌പാദിപ്പിച്ചത്‌ കുവൈറ്റായിരുന്നു എന്ന വസ്‌തുത ഇറാഖും കുവൈറ്റും തമ്മിലുള്ള ബന്ധം വഷളാവാന്‍ കാരണമായി. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഇറാഖിലെ റൂമാലിയ എണ്ണപ്പാടത്തില്‍ നിന്നും കുവൈറ്റ്‌ എണ്ണ ചോര്‍ത്തിയത്‌ തങ്ങള്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമായി കണ്ട സദ്ദാം, കുവൈറ്റിനെ ആക്രമിച്ചു കീഴടക്കി (1990 ആഗ. 2). അമേരിക്കയുടെ സഖ്യരാഷ്‌ട്രമായ കുവൈറ്റിനെ ഇറാഖ്‌ ആക്രമിച്ചതോടെയാണ്‌ അമേരിക്കയും ഇറാഖും തമ്മിലുള്ള ബന്ധം വഷളാകുന്നത്‌. യു.എന്‍. സുരക്ഷാ കൗണ്‍സില്‍ പാസ്സാക്കിയ (661) പ്രമേയം ഇറാഖിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും 1991 ജനുവരി 15-നകം കുവൈറ്റില്‍ നിന്ന്‌ നിരുപാധികം പിന്മാറണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തു (665). യു.എന്നിന്റെ ആഹ്വാനത്തെ ഇറാഖ്‌ തള്ളിക്കളഞ്ഞതിനെത്തുടര്‍ന്ന്‌ യു.എസ്‌, ബ്രിട്ടന്‍, സൗദി അറേബ്യ, യുണൈറ്റഡ്‌ അറബ്‌ റിപ്പബ്ലിക്ക്‌ തുടങ്ങിയ രാജ്യങ്ങളുടെ സംയുക്തസൈന്യം, ഐക്യരാഷ്‌ട്രസഭയുടെ അംഗീകാരത്തോടെ കുവൈറ്റ്‌ തിരിച്ചുപിടിക്കുകയും ഇറാഖിന്റെ കനത്ത സൈനികശക്തിയെ ഏറെക്കുറെ നിര്‍വീര്യമാക്കുകയും ചെയ്‌തു. ഓപ്പറേഷന്‍ ഡെസര്‍ട്ട്‌സ്‌റ്റോം, ഗള്‍ഫ്‌ യുദ്ധം, ഒന്നാം ഗള്‍ഫ്‌ യുദ്ധം എന്നീ പേരുകളില്‍ ഈ യുദ്ധം അറിയപ്പെട്ടു. ഐക്യരാഷ്‌ട്രസഭയുടെ മധ്യസ്ഥതയില്‍ ഉരുത്തിരിഞ്ഞ യുദ്ധവിരാമക്കരാറില്‍ ഇറാഖ്‌ ഒപ്പുവയ്‌ക്കുന്നത്‌ 1991 ഫെ. 27-ലാണ്‌. രാസ-ജൈവ ആയുധങ്ങളോ ദീര്‍ഘദൂര മിസൈലുകളോ കൂട്ടസംഹാരശക്തിയുള്ള മിസൈലുകളോ ഇറാഖിനുണ്ടെങ്കില്‍ അത്‌ നശിപ്പിക്കേണ്ടതാണെന്നും അത്തരം ആയുധങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ ഐക്യരാഷ്‌ട്രസഭയുടെ പരിശോധനയ്‌ക്കു വിധേയമാക്കുന്നതിനുപുറമേ കുവൈറ്റിന്‌ നഷ്‌ടപരിഹാരം നല്‌കേണ്ടതാണെന്നും കരാര്‍ വ്യവസ്ഥ ചെയ്‌തിരുന്നു. ഇറാനെ പിന്തുണച്ചു എന്ന കാരണത്താല്‍ കുര്‍ദുവിഭജന വാദികള്‍ യുദ്ധാനന്തരം ഭരണകൂട ഭീകരതയ്‌ക്കിരയായി.

യുദ്ധവിരാമക്കരാറിന്റെ തുടര്‍ച്ചയായ ലംഘനം, ഐക്യരാഷ്‌ട്രസഭയുടെ ആയുധപരിശോധനാസംഘങ്ങളോടുള്ള നിസ്സഹകരണം തുടങ്ങി പലവിധത്തിലും അന്താരാഷ്‌ട്ര ധാരണകളെ വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു സദ്ദാമിന്റെ തുടര്‍ന്നുള്ള നീക്കങ്ങള്‍. രാസ-ജൈവായുധങ്ങളുടെ ഉത്‌പാദനവും സ്ഥിതിവിവരവും സംബന്ധിച്ച വിവരങ്ങള്‍ ഇറാഖ്‌ മറച്ചുവയ്‌ക്കുന്നതായി ഐക്യരാഷ്‌ട്ര നിരായുധീകരണക്കമ്മിഷന്‍ 1997-ല്‍ തങ്ങളുടെ പരിശോധനയില്‍ കണ്ടെത്തി. ഐക്യരാഷ്‌ട്രസഭയുടെ ആയുധപരിശോധക സംഘത്തിന്റെ തലവനായ ഹെലിക്‌സിന്‌ ഇറാഖില്‍ പ്രവേശനാനുമതി നിഷേധിക്കപ്പെടുന്നത്‌ 2000-ത്തിലാണ്‌.

2003 മാര്‍ച്ചില്‍ യു.എസ്‌-ബ്രിട്ടീഷ്‌ സംയുക്തസേന ഇറാഖ്‌ ആക്രമിച്ചു. ഐക്യരാഷ്‌ട്രസഭയോടുള്ള നിസ്സഹകരണത്തിനുപുറമേ, 2001 സെപ്‌. 11-ന്‌ അമേരിക്കയിലുണ്ടായ ഭീകരാക്രമണവും ഇറാഖ്‌ ആക്രമിക്കുന്നതിനുള്ള ഒരു പ്രധാന ന്യായീകരണമായിരുന്നു. സദ്ദാമിനെ അല്‍ക്വയിദയുമായി ബന്ധപ്പെടുത്തുന്ന യാതൊരു തെളിവുകളും ഇല്ലാതിരിക്കേ ശക്തമായ പ്രചാരണങ്ങളിലൂടെ ഇറാഖ്‌ യു.എസ്സിന്റെ ആഭ്യന്തര സുരക്ഷയ്‌ക്കു മാത്രമല്ല ലോകത്തിനു തന്നെ ഭീഷണിയാണെന്നു വരുത്തിത്തീര്‍ക്കാന്‍ യു.എസ്സിനു കഴിഞ്ഞു. ആയുധ പരിശോധനയില്‍ വ്യക്തമായി തെളിവു ലഭിച്ചില്ലെങ്കിലും ഇറാഖ്‌ വിനാശകാരിയായ മാരകായുധങ്ങള്‍ നിര്‍മിച്ചുവരികയാണെന്ന പ്രചാരണം യു.എസ്‌. ശക്തമാക്കി. ഈ പശ്ചാത്തലത്തിലാണ്‌ യുദ്ധത്തിലൂടെ ഇറാഖിനെ നിര്‍വീര്യമാക്കുമെന്ന്‌ പ്രസിഡന്റ്‌ ബുഷ്‌ പ്രഖ്യാപിക്കുന്നത്‌. ഇറാഖ്‌ കൂട്ട സംഹാരശേഷിയുള്ള ആയുധങ്ങള്‍ നശിപ്പിക്കണമെന്ന കാര്യത്തില്‍ യു.എന്‍. സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ സമവായത്തിലെത്തിയെങ്കിലും ഇറാഖിനെ നിരായുധീകരിക്കുന്നതിനായി ആ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന കാര്യത്തില്‍ അംഗങ്ങളില്‍ ഭിന്നതകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഇറാഖ്‌ ആക്രമിക്കുവാനുള്ള ഏകപക്ഷീയ തീരുമാനവുമായി യു.എസ്സ്‌. മുന്നോട്ടുപോയി. (ഐക്യരാഷ്‌ട്രസഭയുടെ സമ്മതമില്ലാതെ നടന്ന ഈ യുദ്ധത്തെ നിയമവിരുദ്ധമെന്നാണ്‌ കോഫിഅന്നന്‍ വിശേഷിപ്പിച്ചത്‌.) "ഓപ്പറേഷന്‍ ഇറാഖി ഫ്രീഡം', രണ്ടാം ഗള്‍ഫ്‌ യുദ്ധം എന്നീ പേരുകളില്‍ അറിയപ്പെട്ട ഈ യുദ്ധത്തെത്തുടര്‍ന്ന്‌ ഒരു മാസത്തിനുള്ളില്‍ സദ്ദാം ഭരണകൂടം പൂര്‍ണമായി നിലംപൊത്തി. അമേരിക്കന്‍ എണ്ണവിപണനത്തിന്റെ താത്‌പര്യങ്ങളായിരുന്നു ആക്രമണത്തിന്റെ പിന്നിലുണ്ടായിരുന്നതെന്ന ആരോപണമുന്നയിക്കപ്പെട്ടു. ഇറാഖി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേശസാത്‌കരണത്തോടെ പുറത്താക്കപ്പെട്ട എല്ലാ ബഹുരാഷ്‌ട്രക്കമ്പനികളും ഇറാഖില്‍ എത്തിയതായി നോം ചോംസ്‌കി മേക്കിങ്‌ ദ്‌ ഫ്യൂച്ചര്‍ എന്ന കൃതിയില്‍ പറയുന്നുണ്ട്‌.

ഇറാഖി ജനതയുടെ ആഭിമുഖ്യത്തില്‍ ഒരു പ്രാതിനിധ്യ സര്‍ക്കാര്‍ നിലവില്‍ വരുന്നതുവരെ യു.എസ്‌. അധിനിവേശത്തെ അംഗീകരിക്കുവാനുള്ള പ്രമേയം യു.എന്‍. സെക്യൂരിറ്റി കൗണ്‍സില്‍ പാസ്സാക്കി (2003). 2003 ഡിസംബറിലാണ്‌ സദ്ദാം ഹുസൈന്‍ തടവുകാരനായി പിടിക്കപ്പെടുന്നത്‌. തുടര്‍ന്നു നടന്ന കുറ്റവിചാരണയില്‍ സദ്ദാം വധശിക്ഷയ്‌ക്കു വിധേയനായി. എന്നാല്‍ വിനാശകരമായ ആയുധങ്ങള്‍ നിര്‍മിച്ചിരുന്നതിന്റെയോ സംഭരിക്കപ്പെട്ടിരുന്നതിന്റെയോ യാതൊരു തെളിവും കണ്ടെത്താനായില്ല.

സദ്ദാം ഹുസൈന്റെ പതനത്തിനുശേഷം, അക്രമത്തിലേക്കും അരാജകത്വത്തിലേക്കും നീങ്ങിയ ഇറാഖില്‍ ക്രമസമാധാനം തിരികെ കൊണ്ടുവരാന്‍ ഉദ്ദേശിച്ച്‌ ഐക്യരാഷ്‌ട്രസഭയുടെ നിര്‍ദേശാനുസരണം രൂപീകരിക്കപ്പെട്ട ഭരണസംവിധാനമാണ്‌ കോയാലിഷന്‍ പ്രാെവിഷണല്‍ അതോറിറ്റി (സി.പി.എ.). 2004 ജൂണ്‍ 28-ന്‌ സി.പി.എ അധികാരം ഇടക്കാലഗവണ്‍മെന്റിന്‌ (Interim Government) കൈമാറി. ഇടക്കാലഗവണ്‍മെന്റ്‌, ട്രാന്‍സിഷണല്‍ ഗവണ്‍മെന്റ്‌ എന്നീ താത്‌ക്കാലിക ഭരണസംവിധാനങ്ങള്‍ക്കുശേഷമാണ്‌ ഭരണഘടനാപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇറാഖി ഗവണ്‍മെന്റ്‌ നൂറിഅല്‍ മാലിക്കിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറുന്നത്‌. (ഏപ്രില്‍ 2006) വിദേശ സേനയ്‌ക്ക്‌ എതിരെയുള്ള രൂക്ഷമായ എതിര്‍പ്പിനുപുറമേ സുന്നി-ഷിയ സംഘട്ടനങ്ങളും അല്‍ക്വെയ്‌ദ തുടങ്ങിയ തീവ്രവാദസംഘടനങ്ങളുടെ പ്രവര്‍ത്തനങ്ങളും ഷിയകള്‍ക്ക്‌ പ്രാമുഖ്യമുള്ള ഈ ഗവണ്‍മെന്റിനെ മഥിച്ച രൂക്ഷപ്രശ്‌നങ്ങളായിരുന്നു. ക്രമസമാധാനത്തിനായി യു.എന്‍. മാന്‍ഡേറ്റിനുകീഴില്‍ യു.എസ്‌. സേന ഇറാഖില്‍ തുടരാന്‍ 2007-ല്‍ ധാരണയായി.

2010-ലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന്‌ നൂറിഅല്‍മാലിക്കിയുടെ നേതൃത്വത്തില്‍ ഷിയകള്‍ക്ക്‌ പ്രാമുഖ്യമുള്ള സര്‍ക്കാര്‍ അധികാരത്തിലേറി. ഇറാഖില്‍നിന്ന്‌ യു.എസ്‌. സേനയെ ഒബാമ സര്‍ക്കാര്‍ പിന്‍വലിക്കുന്നത്‌ 2011 ഡിസംബറിലാണ്‌. സദ്ദാമിന്റെ ഭരണത്തില്‍നിന്ന്‌ മോചിപ്പിക്കപ്പെട്ട്‌ ഒമ്പതു വര്‍ഷത്തിലേറെയായിട്ടും ഇറാഖില്‍ സമാധാനം പൂര്‍ണമായും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. പുതിയ ഗവണ്‍മെന്റിനെ അസ്ഥിരമാക്കാന്‍ ചാവേറാക്രമണമുള്‍പ്പെടെയുള്ള യുദ്ധമുറകള്‍ ഊര്‍ജിതമായി നടന്നുവരുന്നു.

ഭരണസംവിധാനം

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അധിഷ്‌ഠിതമായ ഫെഡറല്‍ ഭരണസംവിധാനമാണ്‌ ഇറാഖിലേത്‌. പ്രസിഡന്റാണ്‌ രാഷ്‌ട്രത്തലവന്‍. പ്രസിഡന്റിനു കീഴില്‍ ഒന്നിലേറെ വൈസ്‌ പ്രസിഡന്റുമാരുണ്ടാകാം. ഇവര്‍ ഉള്‍പ്പെട്ട പ്രസിഡന്‍സി കൗണ്‍സിലും മന്ത്രിസഭയും (Council of Ministers) ചേര്‍ന്നതാണ്‌ ഭരണനിര്‍വഹണ വിഭാഗം. പ്രധാനമന്ത്രിയാണ്‌ രാജ്യത്തെ ഭരണത്തലവനും സൈനിക മേധാവിയും. പ്രധാനമന്ത്രിയും ക്യാബിനറ്റുമടങ്ങുന്നതാണ്‌ മന്ത്രിസഭ. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിസഭാംഗങ്ങള്‍ (Council of Representatives/Parliament) ഉള്‍പ്പെട്ടതാണ്‌ ഇറാഖിലെ നിയമ നിര്‍വഹണവിഭാഗം. ഏകമണ്ഡല സഭയായ പാര്‍ലമെന്റിലെ ആകെയുള്ള 325 അംഗങ്ങളില്‍ 317 പേര്‍ ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നു. വംശീയ ന്യൂനപക്ഷ വിഭാഗക്കാര്‍ക്കായി 8 സീറ്റുകള്‍ സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്‌. പ്രതിനിധി സഭാംഗങ്ങളില്‍ കുറഞ്ഞത്‌ നാലില്‍ ഒരു ഭാഗം അംഗങ്ങള്‍ സ്‌ത്രീകള്‍ ആയിരിക്കണമെന്ന്‌ ഇറാഖ്‌ ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. ഫെഡറല്‍ കൗണ്‍സില്‍ എന്ന ഉപരിസഭയ്‌ക്കു ഇറാഖ്‌ ഭരണഘടന ശിപാര്‍ശ ചെയ്യുന്നുണ്ടെങ്കിലും പ്രസ്‌തുത പരിഷ്‌കാരം ഇതുവരെ (2013) നടപ്പിലായിട്ടില്ല.

സിവില്‍, ഇസ്‌ലാമിക നിയമങ്ങള്‍ സംയോജിപ്പിച്ചുള്ള നിയമസംവിധാനമാണ്‌ ഇറാഖിലേത്‌. ഉന്നത ജൂഡീഷ്യല്‍ കൗണ്‍സില്‍, ഫെഡറല്‍ സുപ്രീം കോടതി, കീഴ്‌കോടതികള്‍, പൊതുവിചാരണാവകുപ്പ്‌, എന്നിവയിലൂടെയാണ്‌ രാജ്യത്തെ നിയമസംവിധാനം പ്രവര്‍ത്തിക്കുന്നത്‌. ഭരണസൗകര്യാര്‍ഥം രാജ്യത്തെ 18 പ്രവിശ്യകളായും പ്രവിശ്യകളെ ജില്ലകളായും തിരിച്ചിരിക്കുന്നു. ഇസ്‌ലാം ആണ്‌ രാജ്യത്തെ ഔദ്യോഗിക മതമെങ്കിലും എല്ലാത്തരം മതവിശ്വാസങ്ങള്‍ക്കും സ്വാതന്ത്ര്യം നല്‍കുന്ന രാജ്യമാണ്‌ ഇറാഖ്‌.

(സി.കെ. രാമചന്ദ്രന്‍, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B1%E0%B4%BE%E0%B4%96%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍