This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇറക്കുമതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇറക്കുമതി

സാധനസാമഗ്രികള്‍ മറ്റൊരു രാജ്യത്തുനിന്നു വിപണനമാര്‍ഗേണ കൊണ്ടുവരുന്ന സമ്പ്രദായം. രാജ്യത്തിനുള്ളിലെ ഉപഭോഗത്തിനും പദാര്‍ഥരൂപാന്തരണത്തിനും വേണ്ടിയാണ്‌ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്‌. അവ ഇറക്കുമതിചെയ്യുന്ന രാജ്യത്തിലെ ഭൗതികവിഭവങ്ങള്‍ക്കു മുതല്‍ക്കൂട്ടായിത്തീരുന്നു.

അന്താരാഷ്‌ട്രവാണിജ്യത്തിന്റെ രണ്ടു ഭാഗങ്ങളാണ്‌ ഇറക്കുമതിയും കയറ്റുമതിയും. ഇറക്കുമതിയും കയറ്റുമതിയുംകൂടാതെ ഒരു രാജ്യത്തിനും നിലനില്‍ക്കാന്‍ കഴിയാത്ത ഒരു സ്ഥിതിവിശേഷമാണ്‌ ഇന്നു നിലവിലുള്ളത്‌. എല്ലാ രാഷ്‌ട്രങ്ങളും ഇന്ന്‌ ഇറക്കുമതിയെയും കയറ്റുമതിയെയും ആശ്രയിക്കുന്നു.

ഇറക്കുമതിയെ പ്രത്യക്ഷ ഇറക്കുമതി (visible import)എന്നും പരോക്ഷ ഇറക്കുമതി എന്നും രണ്ടായി തിരിക്കാം. സാധനസാമഗ്രികള്‍ അന്യരാജ്യങ്ങളില്‍നിന്നു കൊണ്ടുവരുന്നത്‌ പ്രത്യക്ഷ ഇറക്കുമതിക്ക്‌ ഉദാഹരണമാണ്‌. ഒരു രാജ്യം മറ്റൊരു രാജ്യത്തുനിന്നും ലഭ്യമാക്കുന്ന ഗതാഗതസൗകര്യങ്ങള്‍, തൊഴില്‍ സംബന്ധവും ഉദ്യോഗസംബന്ധവുമായ സേവനങ്ങള്‍ തുടങ്ങിയ ഇനങ്ങള്‍ പരോക്ഷ ഇറക്കുമതിയില്‍പ്പെടുന്നു.

ഇറക്കുമതിക്കമ്പോളഘടനയില്‍ മൂന്നു പ്രധാന ഘടകങ്ങളുണ്ട്‌; 1. ഇറക്കുമതി വ്യാപാരികള്‍-ഇവര്‍ സ്വന്തനിലയില്‍ വിദേശങ്ങളില്‍നിന്ന്‌ സാധനങ്ങള്‍ ഇറക്കുമതി ചെയ്‌ത്‌ വില്‌പന നടത്തുന്നു; 2. ഇറക്കുമതി ഏജന്‍സികള്‍-ഇവര്‍ കമ്മിഷന്‍ ഏജന്റുമാരായും വിദേശനിര്‍മിതസാധനങ്ങളുടെ വില്‌പനകേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്നു; 3. ഇറക്കുമതി ബ്രാേക്കര്‍മാര്‍-ഇറക്കുമതിചെയ്യപ്പെട്ട സാധനങ്ങളുടെ ഗുണവും തരവും വിപണന വ്യവസ്ഥകളും മനസ്സിലാക്കി ഇറക്കുമതിവ്യാപാരം പ്രാേത്സാഹിപ്പിക്കുന്നവരാണ്‌ ഇക്കൂട്ടര്‍. ഇവര്‍ വിദേശങ്ങളിലെ കയറ്റുമതി ബ്രാേക്കര്‍മാരുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നു.

ഇറക്കുമതിനയം ദേശീയനയത്തിന്റെ ഭാഗമാണ്‌. ഇറക്കുമതി നിയന്ത്രണങ്ങളില്‍ പ്രധാനപ്പെട്ടത്‌ ഇറക്കുമതി താരിപ്പാണ്‌. ഇറക്കുമതി താരിപ്പിനെ രണ്ടായി തരംതിരിക്കാം; നികുതി ചുമത്തുന്നവയും അല്ലാത്തവയും. ഒരു രാജ്യത്തിനകത്ത്‌ ഉത്‌പാദിപ്പിക്കപ്പെടാത്തതോ രാഷ്‌ട്രീയകാരണങ്ങളാല്‍ വിദേശരാഷ്‌ട്രങ്ങളില്‍നിന്ന്‌ ഇറക്കുമതി ചെയ്യാന്‍ ആഗ്രഹിക്കുന്നതോ ആയ സാധനങ്ങളാണ്‌ നികുതി ചുമത്താത്ത വിഭാഗത്തില്‍പ്പെടുന്നത്‌. നികുതി ചുമത്തുന്നവയെയും സൗകര്യാര്‍ഥം വിഭജിച്ചിട്ടുണ്ട്‌. സാധാരണയായി വിലയുടെ അടിസ്ഥാനത്തില്‍ നികുതി ചുമത്തുന്നു. ചിലപ്പോള്‍ ഇറക്കുമതി ചെയ്യുന്ന സാധനത്തിന്റെ അളവിനെ ആശ്രയിച്ചായിരിക്കും നികുതി ഈടാക്കുന്നത്‌. ചില അവസരങ്ങളില്‍ ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക്‌ ഇറക്കുമതിനികുതിയും പിന്നീട്‌ കസ്റ്റംസ്‌ നികുതിയും ചുമത്താറുണ്ട്‌. ഇറക്കുമതി ക്വാട്ടകള്‍, ലൈസന്‍സുകള്‍, വിദേശനാണയവിനിമയം എന്നിവയ്‌ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്‌.

ഇന്ത്യയില്‍ സാമ്പത്തിക ഉദാരവത്‌കരണനയങ്ങള്‍ ശക്തമായി നടപ്പാക്കിയതുമുതല്‍ ഇറക്കുമതിയില്‍ സാരമായ വര്‍ധനവുണ്ടായി. എന്നാല്‍ ഇത്തരത്തിലുള്ള വര്‍ധനവ്‌ കയറ്റുമതിയിലുണ്ടായില്ല. സാമ്പത്തിക വളര്‍ച്ചയുടെ ഫലമായി ഉണ്ടായ വരുമാന വര്‍ധനവ്‌, ഉപഭോഗവര്‍ധനവുണ്ടാക്കി. ഇറക്കുമതിനയം ഉദാരവത്‌കരിച്ചതോടുകൂടി പണ്ട്‌ സാധിക്കാത്ത പലതും ഇറക്കുമതി ചെയ്യാമെന്നായി. 1990-91-ല്‍ വെറും 43,193 കോടി രൂപ ആയിരുന്ന ഇറക്കുമതി 2005-06-ല്‍ 6,30,527 കോടിരൂപയായി. കയറ്റുമതിയുമായി തട്ടിച്ചുനോക്കിയാല്‍ വാണിജ്യവിടവ്‌/കമ്മി വര്‍ധിച്ചു എന്നു കാണാം.

1950-51 മുതല്‍ 2009-10 വരെയുള്ള കണക്കുകള്‍ താഴെ കൊടുത്തിരിക്കുന്നു.

രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയില്‍ ഇറക്കുമതിക്ക്‌ പ്രത്യേക പ്രാധാന്യമുള്ളതുകൊണ്ട്‌ എല്ലാ രാജ്യങ്ങളും ഏറ്റിറക്കുമതികള്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിന്‌ പ്രത്യേക ഔദ്യോഗിക സ്ഥാപനങ്ങള്‍തന്നെ രൂപവത്‌കരിച്ചിട്ടുണ്ട്‌. ഇന്ത്യയില്‍ ഇറക്കുമതിയെ സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌ വാണിജ്യമന്ത്രാലയത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ചീഫ്‌ കണ്‍ട്രാേളര്‍ ഒഫ്‌ ഇംപോര്‍ട്ട്‌സ്‌ ആന്‍ഡ്‌ എക്‌സ്‌പോര്‍ട്ട്‌സ്‌ ആഫീസാണ്‌.

അന്താരാഷ്‌ട്രവാണിജ്യത്തില്‍ ഏര്‍പ്പെടുന്ന എല്ലാ രാജ്യങ്ങളും ഇറക്കുമതി സംബന്ധിച്ച നിയമങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌. ലൈസന്‍സിങ്‌, പെര്‍മിറ്റിങ്‌ എന്നിവ ഇതിന്റെ ഭാഗമാണ്‌. ഇവ ലംഘിക്കുന്നവര്‍ക്ക്‌ സാമ്പത്തികനഷ്‌ടം ഉണ്ടാകുന്നതിനു പുറമേ പിഴ ഒടുക്കേണ്ടതായുംവരുന്നു; ചില സന്ദര്‍ഭങ്ങളില്‍ ജയില്‍ശിക്ഷയും വിധിക്കാറുണ്ട്‌. ആരോഗ്യം അപകടത്തിലാക്കുന്ന സാധനങ്ങള്‍, ധാര്‍മികബോധത്തെ അധഃപതിപ്പിക്കുന്ന അശ്ലീലസാഹിത്യം എന്നിവ ഇറക്കുമതിചെയ്യുന്നത്‌ നിരോധിച്ചിട്ടുണ്ട്‌. ലോകവ്യാപാരസംഘടന നിലവില്‍വന്നതിനുശേഷം, അതില്‍ അംഗങ്ങളായ രാജ്യങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും പ്രസ്‌തുത സംഘടനയുടെ നിയമങ്ങള്‍ക്ക്‌ വിധേയമാണ്‌. നോ. കയറ്റുമതി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍