This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരുവേലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇരുവേലി

Fragrant swamp mallow

ഒരു ഔഷധസസ്യം. മാല്‍വേസീ സസ്യകുടുംബത്തിലെ അംഗമായ ഇരുവേലിയുടെ ശാ.നാ.: പവോണിയാ ഓഡൊറേറ്റ (Pavonia odorata) എന്നാണ്‌. ഇരുവേരി, വെട്ടിവേര്‌ എന്നീ പേരുകളിലും അറിയപ്പെടുന്നു. കേരളം, ഉത്തര്‍പ്രദേശ്‌, സിന്‍ഡ്‌, മ്യാന്മര്‍, ബലൂചിസ്‌താന്‍, ശ്രീലങ്ക എന്നിവിടങ്ങളിലും ആഫ്രിക്കയിലെ മധ്യരേഖാപ്രദേശങ്ങളിലും ആണ്‌ ഈ സസ്യം ധാരാളമായി കാണപ്പെടുന്നത്‌. ഏകദേശം 45 സെ.മീ. വരെ ഇതിന്‌ ഉയരം കാണും. ശാഖോപശാഖകളെല്ലാം മിക്കവാറും നേര്‍മുകളിലേക്കാണ്‌ വളരുന്നത്‌. ഒരു ഏകവര്‍ഷി സസ്യമാണ്‌ ഇരുവേലി. തണ്ടുകള്‍ അതിസാന്ദ്രമായ ലോമങ്ങളാല്‍ ആവൃതമായിരിക്കും. ഇവയില്‍ ചില ലോമങ്ങള്‍ക്ക്‌ നീളം കൂടുതല്‍കാണും. ഇലകള്‍ ഏകദേശം വര്‍ത്തുളാകാരത്തോടുകൂടിയവയും 2.5 സെ.മീ. മുതല്‍ 7.5 സെ.മീ. വരെ നീളമുള്ളവയുമായിരിക്കും. ശാഖകളുടെ അഗ്രഭാഗത്തായി കാണപ്പെടുന്ന പൂവിന്‌ മഞ്ഞകലര്‍ന്ന ഇളം ചുവപ്പുനിറമാണ്‌. അതിന്‌ പത്തുപന്ത്രണ്ട്‌ ഇതളുകളുണ്ടാകും. അണ്ഡകോശത്തിന്റെ ഉള്ളില്‍ 3-5 അറകള്‍ കാണും. പുഷ്‌പജനി പുറകോട്ടു വളഞ്ഞിരിക്കുന്നു. കായ്‌കള്‍ പൊട്ടിത്തെറിക്കുന്നവയാണ്‌. അവയുടെ പുറത്ത്‌ ലോമങ്ങള്‍ ഉണ്ടാവില്ല. വേരിന്‌ കസ്‌തൂരിയുടെ ഗന്ധമുണ്ട്‌. വേരുമാത്രമാണ്‌ ഔഷധമായി സാധാരണ ഉപയോഗിക്കാറുള്ളത്‌. ഈ ഔഷധം ജ്വരദാഹാര്‍ത്തര്‍ക്ക്‌ ഹിതമായ ഷഡംഗപാനീയ(തോയ)ത്തിലെ ഒരു ഘടകമാണ്‌. ഇത്‌ ശരീരോഷ്‌മാവിനെയും അധികമായ ലാലാസ്രവത്തെയും നിയന്ത്രിക്കും. പുകച്ചിലും ചൊറിച്ചിലും നീക്കും. സ്വേദനവും മൂത്രവിസര്‍ജനവും ക്രമപ്പെടുത്തുകയും അഗ്നിദീപ്‌തി ഉണ്ടാക്കുകയും ബലം വര്‍ധിപ്പിക്കുകയും ചെയ്യും. ആന്ത്രവായുവിസര്‍പ്പം, ആന്തരാവയവങ്ങളിലുണ്ടാകുന്ന രക്തസ്രാവം, ഉദരസംബന്ധിയായ രോഗങ്ങള്‍, വര്‍ധിച്ച കഫപിത്തങ്ങള്‍, പനി, കാസം, അതിദാഹം, ഛര്‍ദി എന്നിവയെ ശമിപ്പിക്കും. ഇതിന്റെ വേരും മാതളനാരങ്ങയും ചേര്‍ത്തുണ്ടാക്കുന്ന ഔഷധം അതിസാരത്തിനു കൈകണ്ട പ്രതിവിധിയാണ്‌. രക്തവാതത്തിന്‌ ഇത്‌ സമൂലം ഉപയോഗിക്കുന്നു. കയ്‌പുരസവും ലഘുരൂക്ഷഗുണവുമുള്ള ഈ ഔഷധം ശീതവീര്യവും പാകത്തില്‍ ഉഷ്‌ണവുമാണ്‌. ആയുര്‍വേദഗ്രന്ഥങ്ങളില്‍ ജലത്തിന്റെ പര്യായങ്ങള്‍കൊണ്ട്‌ ഇരുവേലിയെ സൂചിപ്പിക്കാറുണ്ട്‌.

(പി.എസ്‌. ശ്യാമളകുമാരി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B0%E0%B5%81%E0%B4%B5%E0%B5%87%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍