This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരുളർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇരുളര്‍

ഇരുളരുടെ "ഏലേലം കരടി' നൃത്തം

ദക്ഷിണേന്ത്യയിലെ ഒരു ഗിരിവര്‍ഗം. തമിഴ്‌നാടിന്റെ വടക്ക്‌ കിഴക്കന്‍ ഭാഗങ്ങള്‍, കര്‍ണാടകയുടെ തെക്ക്‌ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, പാലക്കാട്‌ ജില്ലയിലെ (നെല്ലിയാംപതി, അഗളി, ഷോളയാര്‍, വാളയാര്‍) എന്നിവിടങ്ങളിലാണ്‌ ഇരുളര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ പൊതുവേ കാണപ്പെടുന്നത്‌. ഊരാളര്‍, ഇരുളികര്‍, അരീലികര്‍, സോലിഗാരുകര്‍, ഇല്ലിഗാരുകര്‍, കാട്ടംപൂജാരികള്‍ എന്നീ പേരുകളിലും ഇവര്‍ അറിയപ്പെടുന്നു. തമിഴും മലയാളവും കന്നടയും കലര്‍ന്ന "ഇരുള' എന്ന പ്രാകൃതഭാഷയാണ്‌ ഇവര്‍ സംസാരിക്കുന്നത്‌.

നന്നേ ഇരുണ്ട നിറം, ഒത്ത ഉയരം, നീണ്ട ബാഹുക്കള്‍, ചുരുണ്ട മുടി, ഉന്തിയ താടിയെല്ലുകള്‍. ചെറിയ മൂക്ക്‌ എന്നിവയാണു പൊതുവായ ശാരീരിക ലക്ഷണങ്ങള്‍. നരവംശശാസ്‌ത്ര പഠനങ്ങള്‍ ഇവരെ നെഗ്രിറ്റോ വംശജരായി വര്‍ഗീകരിച്ചിരിക്കുന്നു. ജനസംഖ്യയില്‍ 2.1 ശതമാനം മാത്രം വരുന്ന ഇരുളര്‍ പട്ടിക വര്‍ഗത്തില്‍ ഉള്‍പ്പെടുന്നു. 1891-ല്‍ മാത്രമാണ്‌ ഇരുളരെപ്പറ്റിയുള്ള ആധികാരിക രേഖകള്‍ ഉണ്ടാകുന്നത്‌.

ഇരുളരുടെ ഉദ്‌ഭവത്തെപ്പറ്റി ചില ഐതിഹ്യങ്ങള്‍ ഉണ്ട്‌. യുഗപ്രളയത്തിനുശേഷം ജീവിച്ചിരുന്ന ഒരു മഹര്‍ഷിയുടെ സന്തതിപരമ്പരകളാണു തങ്ങളെന്ന്‌ അവര്‍ വിശ്വസിക്കുന്നു. തേനീച്ചകളുടെ കുത്തേല്‍ക്കാതെ തേന്‍ ശേഖരിക്കാന്‍ കഴിവുള്ള ഒരു ജനതയെ സൃഷ്‌ടിക്കണമെന്ന്‌ ആഗ്രഹിച്ച ഒരു ദേവത സ്വന്തം വിയര്‍പ്പില്‍നിന്ന്‌ സൃഷ്‌ടിച്ച ജനതയാണ്‌ ഇരുളരെന്നുമാണ്‌ മറ്റൊരു ഐതിഹ്യം. തേനീച്ചകളും വന്യമൃഗങ്ങളും തങ്ങളുടെ ഗന്ധമേറ്റാല്‍ അകന്നുപോകുമെന്ന ഒരു വിശ്വാസം ഇരുളര്‍ക്കിടയിലുണ്ട്‌.

കുടുംബത്തില്‍ അച്ഛനാണു പ്രാമാണികത്വം. കുടുംബസംരക്ഷണം അയാളുടെ ചുമതലയാണ്‌. ദായക്രമം പണ്ട്‌ മരുമക്കത്തായമായിരുന്നു; ഇപ്പോള്‍ മക്കത്തായമാണ്‌ പിന്തുടരുന്നത്‌. കുടുംബനാഥന്‍ മരിച്ചാല്‍ അയാളുടെ കുടിലിന്‌ അവകാശി മൂത്തമകനാണ്‌. കുടുംബനാഥന്റെ വിധവ പുനര്‍വിവാഹം കഴിക്കുന്നതുവരെ അവര്‍ക്കും അവിടെ താമസിക്കാന്‍ അവകാശമുണ്ട്‌. കുട്ടികളെ ദത്തെടുക്കുന്ന സമ്പ്രദായം നിലനില്‌ക്കുന്നു. എന്നു മാത്രമല്ല ദത്തെടുക്കപ്പെടുന്നവര്‍ക്കു പ്രത്യേക പദവികളുമുണ്ട്‌.

വേട്ടയാടി നടന്നിരുന്ന ഒരു പ്രാകൃതവര്‍ഗമായിരുന്നു ഇരുളര്‍. പില്‌ക്കാലത്ത്‌ ഇവര്‍ ചാളകളില്‍ സ്ഥിരവാസം തുടങ്ങി. 6 ചാളകള്‍ വീതമുള്ള പല വരികള്‍ ചേര്‍ന്നതാണ്‌ ഒരു അധിവാസകേന്ദ്രം. ചാളകള്‍ക്ക്‌ മണ്‍ഭിത്തികളും ജാലകങ്ങളായി ദ്വാരങ്ങളുമുണ്ട്‌. വാസസ്ഥലം പൊതുവെ വനങ്ങളുടെ സമീപത്തുതന്നെയാണ്‌. കുറ്റകൃത്യങ്ങള്‍ കുറയ്‌ക്കാനും സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനും സ്ഥിരവാസം സഹായിച്ചിട്ടുണ്ട്‌.

നെല്ല്‌, പയറുവര്‍ഗങ്ങള്‍, വാഴ, മുളക്‌ എന്നിവയാണ്‌ ഇരുളരുടെ മുഖ്യവിളകള്‍. ആടുകള്‍ കോഴികള്‍ എന്നിവയെയും വളര്‍ത്തുന്നു. ആണും പെണ്ണും ഒരു പോലെ കഠിനാധ്വാനം ചെയ്യുന്നു.

സ്വന്തം ഗോത്രത്തില്‍നിന്നു വിവാഹം പാടില്ലെന്നാണു വ്യവസ്ഥ. തമിഴ്‌നാട്ടിലെ ഇരുളര്‍ക്ക്‌ അഞ്ചുഗോത്രങ്ങളുണ്ട്‌. നാലെണ്ണം സഹോദര ഗോത്രങ്ങളാണ്‌. ഈ സഹോദരഗോത്രങ്ങളില്‍പ്പെട്ടവര്‍ പരസ്‌പരം വിവാഹിതരാകാറില്ല. പെണ്‍കുട്ടികളുടെ ചാരിത്രശുദ്ധി എന്ന സങ്കല്‌പം അവര്‍ക്കില്ല. ലളിതവും അനാര്‍ഭാടവുമാണ്‌ ഇവരുടെ വിവാഹ ചടങ്ങുകള്‍. ഗോത്രത്തലവന്‍ വധുവിന്റെ കഴുത്തില്‍ താലിവച്ചുകൊടുക്കുകയും വരന്‍ അതു കെട്ടുകയും ചെയ്യുന്നു. വധൂവരന്മാരുടെ കോര്‍ത്തുപിടിച്ച കൈകളില്‍ തീര്‍ഥം തളിക്കുന്ന ഒരു പതിവുണ്ട്‌. വിവാഹവേളയില്‍ വധുവിന്റെ മാതാപിതാക്കള്‍ക്ക്‌ പുതിയ വസ്‌ത്രങ്ങള്‍ സമ്മാനിക്കുന്നു. ഇതര സമൂഹം കല്‍പ്പിച്ചുപോരുന്ന വിശുദ്ധിയെന്നും വിവാഹത്തിനു ഇവര്‍ കല്‍പ്പിക്കുന്നില്ല. വിവാഹമോചനം സാധാരണമാണ്‌. ബന്ധം വേര്‍പ്പെടുത്തിക്കഴിഞ്ഞാല്‍ കൊച്ചുകുട്ടികള്‍ അമ്മയുടെ സംരക്ഷണത്തിലും പ്രായമായ മക്കള്‍ അച്ഛനോടൊത്തും കഴിയുന്നു. ബന്ധം പിരിഞ്ഞ സ്‌ത്രീപുരുഷന്മാര്‍ക്ക്‌ ആവശ്യമെന്നു തോന്നുന്നപക്ഷം വീണ്ടും വിവാഹിതരാകാം. വിധവകള്‍ പുനര്‍വിവാഹം ചെയ്യുന്നതുവരെ ആദ്യത്തെ താലി ധരിക്കുന്നത്‌ അനുവദനീയമാണ്‌. എന്നാല്‍ ഒരു വിധവയ്‌ക്ക്‌ അവരുടെ ഭര്‍ത്തൃസഹോദരനെ വിവാഹം കഴിക്കാന്‍ പാടില്ല എന്ന്‌ നിഷ്‌കര്‍ഷിക്കുന്നുണ്ട്‌.

ഇരുള സമൂഹത്തില്‍ ഗോത്രത്തലവന്‍സമ്പ്രദായം നിലനില്‍ക്കുന്നു. ഓരോ അധിവാസകേന്ദ്രത്തിനും ഒരു മൂപ്പനുണ്ടായിരിക്കും. മൂപ്പന്റെ കീഴില്‍ ഭണ്ഡാരി, കുരുത്തല എന്നീ സ്ഥാനികളുണ്ട്‌. ചില സ്ഥലങ്ങളില്‍ ഇവര്‍ക്ക്‌ "യജമാനന്‍', "ഗൗഡന്‍' എന്നീ സ്ഥാന പേരുകളുണ്ട്‌. മൂപ്പനെ എല്ലാവരും അനുസരിക്കുന്നു. വിവാഹത്തിനും ശവസംസ്‌കാരത്തിനും മൂപ്പന്റെ സാന്നിധ്യം ആവശ്യമാണ്‌. വിശേഷാവസരങ്ങളില്‍ നൃത്തസംഗീതങ്ങള്‍ ഏര്‍പ്പാടുചെയ്യുന്നതും മൂപ്പനാണ്‌. മൂപ്പന്റെ സഹായിയായി കോല്‍ക്കാരനുണ്ട്‌. ഇയാള്‍ ഇരുള സമൂഹത്തിന്റെ മുഴുവന്‍ സേവകനായി കരുതപ്പെടുന്നു. പൊതുസമ്മതരായ വ്യക്തികളാണ്‌ പുരോഹിതന്മാരായി നിയോഗിക്കപ്പെടുന്നത്‌. മണ്ണുക്കാരന്മാര്‍ എന്നുവിളിക്കപ്പെടുന്ന പുരോഹിതന്മാരാണ്‌ ദൈവങ്ങള്‍ക്ക്‌ ഭക്ഷണം നിറച്ച തളിക നിവേദിക്കുന്നത്‌. കൃഷി തുടങ്ങുന്നതിന്‌ മുമ്പ്‌ കലപ്പ ഒരു ചിതല്‍പ്പുറ്റിന്‌ സമീപംവച്ച്‌ ആയുധപൂജ നടത്തുന്ന പതിവുണ്ട്‌.

ഇരുളരുടെ കാണപ്പെട്ട ദൈവമാണ്‌ കടുവ. അതിന്റെ കാല്‍പ്പാടുകളെ അവര്‍ പൂജിക്കുന്നു. വിഷ്‌ണുവാണ്‌ മറ്റൊരു ആരാധനാമൂര്‍ത്തി. "രംഗസ്വാമി' എന്നും "ശിവന്‍' എന്നുമാണ്‌ അവര്‍ "വിഷ്‌ണു'വിന്‌ നല്‍കിയിട്ടുള്ള പേര്‍. അട്ടപ്പാടിയിലെ ഇരുളര്‍ മലേശ്വരംകടവുള്‍ സ്വാമി, മാടേശ്വരന്‍ എന്നീ ദേവന്മാരെയാണ്‌ ആരാധിക്കുന്നത്‌. ദൈവത്തിന്റെ ആസ്ഥാനം മലേശ്വരം കൊടുമുടിയാണെന്ന്‌ അവരുടെ സങ്കല്‌പം. മാടമ്മ, ബൈരമ്മ, മാരിയമ്മ, കാളി എന്നീ ദേവതകളെയും ഇരുളര്‍ ആരാധിക്കുന്നു.

കോയമ്പത്തൂര്‍ ജില്ലയിലെ സത്യമംഗലം കാടുകളില്‍ വസിക്കുന്ന ഇരുളര്‍ക്ക്‌ ചെറിയ കോവിലുകളുമുണ്ട്‌. ശിവരാത്രിദിവസം അവര്‍ മലേശ്വരം ക്ഷേത്രത്തില്‍ ഒന്നിച്ചുകൂടി പിതൃക്കള്‍ക്കുവേണ്ടി പ്രാര്‍ഥന നടത്താറുണ്ട്‌. മാട്ടുപ്പൊങ്കലാണ്‌ മറ്റൊരു പ്രധാന ഉത്സവം. സംഘനൃത്തം ഇവരുടെ ഒരു പ്രത്യേകതയാണ്‌. ഏതാനും പേര്‍ ഓടക്കുഴല്‍ വായിക്കുകയും അതിന്റെ താളത്തിനൊപ്പിച്ച്‌ മറ്റു ചിലര്‍ ചുവടുവച്ച്‌ ആടിപ്പാടുകയും ചെയ്യും. "ഏ...ഏ...ലാം കരടി' എന്ന സംഘനൃത്തം പ്രസിദ്ധമാണ്‌. പെരുമ്പറകള്‍ മുഴക്കിയും പാട്ടുപാടിയും കരടികളെ വിരട്ടിയോടിക്കാന്‍ തങ്ങള്‍ വിരുതരാണെന്ന്‌ ഇവര്‍ അവകാശപ്പെടുന്നു. 2009-ല്‍ ദില്ലിയില്‍ സ്വാതന്ത്ര്യാഘോഷങ്ങളോടനുബന്ധിച്ച്‌ അട്ടപ്പാടിയിലെ ഇരുളരുടെ സംഘനൃത്തം പ്രദര്‍ശിപ്പിച്ചിരുന്നു.

ഒരാള്‍ മരണമടഞ്ഞാല്‍ അപരക്രിയകള്‍ നടത്തിയശേഷമാണ്‌ മൃതദേഹം മറവുചെയ്യുന്നത്‌. മരണം നടന്ന വീടിനുമുമ്പില്‍ സ്‌ത്രീപുരുഷന്മാര്‍ സംഘം ചേര്‍ന്ന്‌ പാട്ടുപാടുകയും നൃത്തംവയ്‌ക്കുകയും ചെയ്യുന്ന പതിവുണ്ട്‌. ശ്‌മശാനഘോഷയാത്ര പുറപ്പെടുന്നതുവരെ ഇതു തുടരും. മരിച്ചയാളിന്റെ പുത്രനാണ്‌ പ്രധാനകാര്‍മികന്‍. ശവത്തിന്റെ തല തെക്കോട്ട്‌ ആയിരിക്കത്തക്കവണ്ണം കുഴിയില്‍ മറവുചെയ്യുന്നു. അവിടെ മൃതദേഹത്തിന്റെ കാലും തലയും സൂചിപ്പിക്കാന്‍ ഓരോ കല്ലുകള്‍ സ്ഥാപിക്കുന്നു. മൃതദേഹത്തിന്റെ വായില്‍ വെറ്റിലച്ചുരുള്‍ വയ്‌ക്കുന്ന പതിവുണ്ട്‌. മൃതദേഹത്തോടൊപ്പം അരിയും മറ്റുധാന്യങ്ങളും ഒരു വിളക്കും മറവുചെയ്യുന്നു. പരേതാത്മാവിനു വെളിച്ചംകണ്ടു പോകാനാണത്രേ ഈ വിളക്ക്‌. മൂന്നാം ദിവസം ബന്ധുജനങ്ങള്‍ ശ്‌മശാനത്തിലെത്തി പാല്‍ തളിക്കുകയും അരിമണികള്‍ വിതറുകയും ചെയ്‌തശേഷം ഒരു മണ്‍കുടം ഉഴിഞ്ഞ്‌ ഉടയ്‌ക്കുന്നു. ശ്‌മശാനത്തില്‍വച്ച്‌ "കഞ്ഞിവീഴ്‌ത്തു' നടത്തുന്ന പതിവുമുണ്ട്‌. മരണംമുതല്‍ 15 ദിവസം പുല ആചരിക്കുന്നു.

ഭരണകൂട ഇടപെടലുകളുടെയും വികസന പരിപാടികളുടെയും ഫലമായി ഇരുളരുടെ നാടോടി ജീവിതശൈലിയില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടുകാലമായി നിരവധി മാറ്റങ്ങള്‍ വന്നു ചേര്‍ന്നിട്ടുണ്ട്‌. വനവിഭവങ്ങളെ ആശ്രയിച്ചു കഴിഞ്ഞ ഇരുളര്‍ക്ക്‌ 1976-ലെ വനസംരക്ഷണ നിയമംമൂലം നഷ്‌ടമായത്‌ പരമ്പരാഗത ജീവിതശൈലിയും ആവാസവ്യവസ്ഥയുമായിരുന്നു. പാമ്പ്‌-തവള പിടിത്തം പ്രധാന ഉപജീവനമാര്‍ഗമായിരുന്ന ഇരുളര്‍ക്ക്‌, ഗവണ്‍മെന്റ്‌ പാസ്സാക്കിയ പാമ്പ്‌ സംരക്ഷണ നിയമവും മറ്റൊരു ദുര്യോഗമായി. ഈ സാഹചര്യത്തില്‍ മറ്റ്‌ ജോലികള്‍ ചെയ്യാന്‍ ഇരുളര്‍ നിര്‍ബന്ധിതരായി തീര്‍ന്നു; മത്സ്യബന്ധനത്തിലും കൃഷിപണിയിലും ഏര്‍പ്പെട്ടിരിക്കുന്നവരുമുണ്ട്‌. വിഷചികിത്സാകേന്ദ്രങ്ങളില്‍ പാമ്പിന്‍ വിഷം എത്തിച്ചുകൊടുക്കുന്നതും മറ്റൊരു പ്രധാന ഉപജീവനമാര്‍ഗമാണ്‌. പ്രധാനമായും അരിമില്ലുകളിലും ഇഷ്‌ടിക ചൂളകളിലും കൂലിവേല ചെയ്‌തു വരുന്ന ഇക്കൂട്ടര്‍ പലവിധ ചൂഷണങ്ങള്‍ക്കും വിധേയരാകുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നിരക്ഷരത, ജാതിവിവേചനം, സാമൂഹ്യ സാമ്പത്തിക അസമത്വം, അന്ധവിശ്വാസം എന്നിവ ഇവരുടെ പിന്നോക്കവസ്ഥയ്‌ക്കു കാരണമായി വിലയിരുത്തപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B0%E0%B5%81%E0%B4%B3%E0%B5%BC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍