This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരയിമ്മന്‍തമ്പി (1783 - 1856)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇരയിമ്മന്‍തമ്പി (1783 - 1856)

ഇരയിമ്മന്‍തമ്പി

കേരളീയ ഗായകകവി. മുക്തകങ്ങള്‍ ലഘുകവനങ്ങള്‍ ഗാനങ്ങള്‍ എന്നീ ശാഖകളില്‍ നിരവധി സാഹിത്യസൃഷ്‌ടികള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇരയിമ്മന്‍തമ്പിയുടെ യശസ്സിനെ ശാശ്വതീകരിച്ചിരിക്കുന്നത്‌ അദ്ദേഹം രചിച്ച ദക്ഷയാഗം, കീചകവധം, ഉത്തരാസ്വയംവരം എന്നീ ആട്ടക്കഥകളാണ്‌.

കാര്‍ത്തികതിരുനാള്‍ രാമവര്‍മ(ധര്‍മരാജ)മഹാരാജാവിന്റെ കനിഷ്‌ഠസോദരനായ രവിവര്‍മയുടെ പുത്രി പാര്‍വതിപ്പിള്ളത്തങ്കച്ചിയുടെയും ചേര്‍ത്തല നടുവിലെ കോവലികത്തു കേരളവര്‍മ (കേളരു) തമ്പാന്റെയും പുത്രനായ ഇരയിമ്മന്‍തമ്പി 1783 ഒക്‌ടോബറില്‍ തിരുവനന്തപുരത്തു ജനിച്ചു. പല തലമുറകളായി തിരുവിതാംകൂര്‍ രാജകുടുംബവുമായി ബന്ധപ്പെട്ട കരമന പുതുമന അമ്മവീടാണ്‌ തമ്പിയുടെ കുടുംബം. പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെയും രാജകൊട്ടാരത്തിലെയും ഗ്രന്ഥവരികളില്‍ "ആണ്ടിയിറക്കത്ത്‌ കണക്കുതമ്പി പദ്‌മനാഭന്‍ ഇരയൂമന്‍' എന്ന്‌ തമ്പിയെ പരാമര്‍ശിച്ചുകാണുന്നു. രവിവര്‍മന്‍ എന്ന മൂലനാമമാണ്‌ "ഇരയിമ്മന്‍' എന്നും "ഇരയൂമന്‍' എന്നും തദ്‌ഭവങ്ങളായി രൂപപരിണാമങ്ങള്‍ക്കു വിധേയമായത്‌.

പിതാവില്‍നിന്നുതന്നെ സാഹിത്യസംഗീതശിക്ഷണം ലഭിച്ച തമ്പി 14-ാം വയസ്സുമുതല്‍ കവിത എഴുതാനാരംഭിച്ചതായി അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ പറയുന്നു. രാജകീയ ബന്ധുക്കളുമൊത്തും അല്ലാതെയും തമ്പി തിരുവിതാംകൂറിലെ പ്രസിദ്ധ ക്ഷേത്രങ്ങളും മറ്റു സംസ്‌കാരകേന്ദ്രങ്ങളും സന്ദര്‍ശിക്കുകയും ആ അവസരങ്ങളിലെല്ലാം സ്വച്ഛന്ദം കവിതാരചന നടത്തുകയും ചെയ്‌തിട്ടുണ്ട്‌. 1815-ല്‍ "ആസ്ഥാനകവി' എന്ന പദവി അദ്ദേഹത്തിനു നല്‍കപ്പെട്ടു. "മഹാകവി മൂര്‍ധന്യന്‍' എന്നാണ്‌ ഉള്ളൂര്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്‌. സംഗീതസാഹിത്യ കലകള്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ച ആ ദീര്‍ഘജീവിതം 1856 ആഗസ്റ്റില്‍ (കൊ.വ. 1031 കര്‍ക്കടകം) അവസാനിച്ചു.

മാതുലപുത്രിയായ കാളിപ്പിള്ളത്തങ്കച്ചിയായിരുന്നു തമ്പിയുടെ പത്‌നി. ഈ ദമ്പതികളുടെ പുത്രിയായ കുട്ടിക്കുഞ്ഞുതങ്കച്ചിയും ബഹുജനാംഗീകാരം നേടിയ ഒരു കവയിത്രിയായിരുന്നു.

രാജകുടുംബാംഗങ്ങളുടെ സിംഹാസനാരോഹണം, ഉപനയനം, സമാവര്‍ത്തനം, വിവാഹം, ചരമം, ഹിരണ്യഗര്‍ഭം തുടങ്ങിയ ചടങ്ങുകള്‍, ക്ഷേത്രത്തിലെ ഉത്സവം, മുറജപം, നവരാത്രി തുടങ്ങിയ ആഘോഷങ്ങള്‍, ദേവീദേവപ്രശസ്‌തികള്‍ എന്നിവയെല്ലാം തമ്പിയുടെ കവിതാരചനയ്‌ക്ക്‌ വിഷയീഭവിച്ചിട്ടുണ്ട്‌. ഗേയകാവ്യങ്ങളുടെ കൂട്ടത്തില്‍ ചില സ്‌തോത്രങ്ങളോടൊപ്പം, സുഭദ്രാഹരണം (കൈകൊട്ടിക്കളിപ്പാട്ട്‌), മുറജപപ്പാന, വാസിഷ്‌ഠം (കിളിപ്പാട്ട്‌) എന്നിവ പ്രസിദ്ധമാണ്‌; എന്നാല്‍ അവയെക്കാളെല്ലാം മലയാളികളുടെ ഇടയില്‍ പ്രസിദ്ധമായിരിക്കുന്നത്‌ "ഓമനത്തിങ്കള്‍ക്കിടാവോ' എന്നാരംഭിക്കുന്ന ചേതോഹരമായ താരാട്ടുപാട്ടാണ്‌. മലയാളഗാനങ്ങളാലപിക്കുന്ന ഏതു സംഗീതസദസ്സിലും ഈ താരാട്ടിനുള്ള അനിഷേധ്യപദവി അഭംഗുരം നിലനിന്നുവരുന്നു. സംസ്‌കൃതത്തിലും മലയാളത്തിലുമുള്ള എണ്ണമറ്റ ഒറ്റശ്ലോകങ്ങളോടൊപ്പം രാസക്രീഡ, രാജസേവാക്രമം എന്നീ രണ്ട്‌ മണിപ്രവാളകൃതികളും തമ്പി രചിച്ചിട്ടുണ്ട്‌.

"പ്രാണനാഥനെനിക്കു നല്‍കിയ
	പരമാനന്ദരസത്തെ
	ബാലേ, ചൊല്‍വതിനെളുതാമോ?' 
 

എന്നു തുടങ്ങുന്ന ഗാനവും "ഒരു നാള്‍ നിശിചെയ്‌ത ലീലകള്‍ ഒരിക്കലും ഹൃദി മറക്കുമോ സഖി'എന്നും ആരംഭിക്കുന്ന ഗാനവും അനശ്വരമായിത്തീര്‍ന്ന രതിഗീതങ്ങളാണ്‌.

ദക്ഷയാഗം, കീചകവധം, ഉത്തരാസ്വയംവരം എന്നീ മൂന്ന്‌ ആട്ടക്കഥകള്‍, കോട്ടയം-തമ്പുരാന്റെയും ഉച്ചായിവാരിയരുടെയും പ്രശസ്‌ത ദൃശ്യകാവ്യങ്ങള്‍ക്ക്‌ സമസ്‌കന്ധമായി നിലകൊള്ളുന്നു.

	
"ക്ഷോണീന്ദ്രപത്‌നിയുടെ വാണീംനിശമ്യ പുന-
	രേണീവിലോചന നടുങ്ങി' 
എന്ന്‌ ആരംഭിക്കുന്ന കീചകവധത്തിലെ ദണ്ഡകവും,
"വീര, വിരാട, കുമാര, വിഭോ
	ചാരുതരഗുണസാഗര, ഭോ'
 

എന്നുതുടങ്ങുന്ന ഉത്തരാസ്വയംവരത്തിലെ കുമ്മിയും "മുഡമതേ, രണനാടകമാടുക' എന്ന കീചകവധത്തിലെ പദവും കേരളത്തിലുടനീളം ആസ്വാദിക്കപ്പെടുന്നുണ്ട്‌. നാട്ടുവേദിയിലും പണ്ഡിതവേദിയിലും തമ്പിയുടെ കാവ്യജീവിതത്തിന്‌ അസ്‌തിത്വമുണ്ടെന്ന്‌ ഇവ തെളിയിക്കുന്നു. നോ. ആട്ടക്കഥ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍