This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇമേജിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇമേജിസം

Imagism

ആംഗലസാഹിത്യരംഗത്ത്‌ കവിതാരചനയില്‍ 1912 മുതല്‍ 17 വരെ നിലവിലിരുന്ന ഒരു സംഘടിത പ്രസ്ഥാനം. "ബിംബകം' എന്നു മലയാളത്തില്‍ വിവര്‍ത്തനം ചെയ്യാറുള്ള ഇമേജ്‌ (image) എന്ന പദത്തിന്‌ മാനസികചിത്രമെന്നോ മൂര്‍ത്ത കല്‌പനയെന്നോ മൂര്‍ത്തഭാവാവിഷ്‌കരണം നടത്തുന്ന വാങ്‌മയചിത്രമെന്നോ ആണ്‌ അര്‍ഥം.

അനുഭൂതികളുടെ മുദ്രയായി മനസ്സില്‍ പതിഞ്ഞുകിടക്കുന്ന ചിത്രങ്ങളുടെ സൃഷ്‌ടിപരമായ പുനരാവിഷ്‌കരണമാണ്‌ സാഹിത്യത്തിന്റെ മൗലികധര്‍മം. അതുകൊണ്ട്‌ ഏതൊരു കാലത്തെയും ഉത്തമസാഹിത്യം ഇമേജുകളെ അവലംബിച്ചിരുന്നു; പക്ഷേ, ഇമേജിസം എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്‌ ഈ മൗലികധര്‍മമല്ല, ഒരു കവിതാപദ്ധതിയാണ്‌. ഇമേജുകളുടെ സാര്‍ഥകമായ പ്രയോഗത്തെ കേന്ദ്രമാക്കിക്കൊണ്ട്‌ കവിതയുടെ മൗലികധര്‍മത്തിന്‌ പുനരുജ്ജീവനം നല്‍കാനുള്ള പരിശ്രമമായിരുന്നു ഈ പദ്ധതി. ഈ പ്രസ്ഥാനവിശേഷം ഏറെക്കുറെ കാലത്തിന്റെ സൃഷ്‌ടിയാണ്‌; എന്തുകൊണ്ടെന്നാല്‍ എല്ലാ പുതിയ സാഹിത്യപ്രസ്ഥാനങ്ങളെയും പോലെ ഇമേജിസവും, ഒരു പരിധിവരെ തൊട്ടുമുമ്പുള്ള കാലഘട്ടത്തിന്റെ നേര്‍ക്കുള്ള തീക്ഷ്‌ണപ്രതികരണം കൂടിയാണ്‌. ഈ ലക്ഷ്യത്തിന്‌ അനുയോജ്യങ്ങളായ ലക്ഷണങ്ങള്‍ പുതിയ പ്രസ്ഥാനങ്ങളില്‍ ആരോപിക്കപ്പെടുന്നു. പക്ഷേ സൃഷ്‌ടിപരമായ കവിതയ്‌ക്ക്‌ താത്‌കാലികലക്ഷ്യങ്ങളിലും ലക്ഷണങ്ങളിലും ഒതുങ്ങിനില്‍ക്കുക സാധ്യമല്ല; അതിനാല്‍ ലക്ഷണങ്ങള്‍ക്കു മുന്‍തൂക്കം കല്‌പിച്ച നിയതരൂപങ്ങളായ പ്രസ്ഥാനങ്ങള്‍ക്കെല്ലാം അചിരേണ സംഭവിച്ച പതനം ഇമേജിസത്തിനും ഉണ്ടായി. അതില്‍ അന്തര്‍ഭവിച്ചിരുന്ന മൂല്യബോധംമാത്രം വികാസം പ്രാപിച്ചു.

സാഹിത്യപശ്ചാത്തലം. സാഹിത്യത്തിലെ പ്രധാനപ്പെട്ട മറ്റു പ്രസ്ഥാനങ്ങളെപ്പോലെ ഇമേജിസവും പ്രചോദനം ആര്‍ജിച്ചത്‌ പ്രാചീനക്ലാസ്സിക്കുകളില്‍ നിന്നാണ്‌. ഒരിടക്കാലത്തെ കവികള്‍ ക്ലാസ്സിക്കുകളുടെ ബാഹ്യലക്ഷണങ്ങളെമാത്രം അനുകരിക്കാനുള്ള പ്രവണതയില്‍ ഒതുങ്ങിക്കൂടിയപ്പോള്‍, പ്രാചീനകൃതികളില്‍ മറഞ്ഞു കിടന്ന സ്വച്ഛന്ദഭാവാവിഷ്‌കരണമെന്ന അംശത്തെ വികസ്വരമാക്കാന്‍ റൊമാന്റിസം ആവിര്‍ഭവിച്ചു; ആ പ്രസ്ഥാനം ക്ലാസ്സിക്‌ കാവ്യങ്ങളുടെ ഓജസ്സ്‌, സ്‌ഫുടത, നിര്‍മമത, സമൂര്‍ത്തത എന്നീ മൗലികാംശങ്ങളില്‍ നിന്നു സാഹിത്യത്തെ അകറ്റി ദുര്‍ബലമാക്കിയപ്പോള്‍ ആ മൂല്യങ്ങള്‍ക്ക്‌ പുനഃപ്രതിഷ്‌ഠ നല്‍കാന്‍ നവീനപദ്ധതികള്‍ സംജാതമായി. സയന്‍സിന്റെയും റിയലിസത്തിന്റെയും വികാസത്തോടുകൂടി റൊമാന്റിക്‌ കവിതയുടെ നിലനില്‌പുതന്നെയും ഒരു വിരോധാഭാസമായിത്തീര്‍ന്നതിന്റെ ഫലമായിട്ടാണ്‌ ഒരു പരിവര്‍ത്തനം അനിവാര്യമായത്‌.

ഇമേജിസത്തിന്‌ അതിന്റെ മുന്നോടികളായ സിംബലിസം, ഇംപ്രഷനിസം, സര്‍റിയലിസം എന്നീ കവിതാപദ്ധതികളോടും ബന്ധമുണ്ട്‌. ഫ്രാന്‍സിലെ പര്‍നാസിയന്മാര്‍ വസ്‌തുനിഷ്‌ഠതയും ക്രമീകൃതരൂപവും കാവ്യാദര്‍ശങ്ങളായി സ്വീകരിച്ചുകൊണ്ട്‌ 19-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ ആവിഷ്‌കരിച്ച കാവ്യപദ്ധതിയും അവരുടെ ആവിഷ്‌കരണരീതിക്ക്‌ ആധാരമായിരുന്ന മൂര്‍ത്തബിംബങ്ങളിലൂടെ നിഗൂഢങ്ങളായ ആത്മീയാനുഭൂതികള്‍ (വസ്‌തുനിഷ്‌ഠതയ്‌ക്കു വിപരീതമായി) പ്രകാശിപ്പിച്ച സിംബലിസവും പല പ്രതികരണങ്ങള്‍ ഉളവാക്കി; സിംബലിസത്തിന്റെ അവ്യക്തത ദൂരീകരിച്ച്‌ അതില്‍ അന്തര്‍ഭവിച്ചിരുന്ന കാവ്യസങ്കല്‌പത്തെ മൂര്‍ത്തവും സാര്‍ഥകവുമാക്കാനുള്ള ആഗ്രഹം, പ്രമേയത്തില്‍ നിന്നു വിഭിന്നമായി കവിതയ്‌ക്ക്‌ ഒരു സൃഷ്‌ടിയെന്നനിലയിലുള്ള സവിശേഷാസ്‌തിത്വത്തെക്കുറിച്ചുള്ള ബോധം, പ്രാചീന ക്ലാസ്സിക്‌മാതൃകയെക്കുറിച്ചുള്ള പ്രബുദ്ധത എന്നീ പ്രവണതകള്‍ ശക്തിയാര്‍ജിച്ചു. ഈ സാഹചര്യങ്ങളാണ്‌ ഇമേജിസത്തിന്റെ പിറവിക്കു കാരണമായത്‌.

ഉദ്‌ഭവം. സൗന്ദര്യമീമാംസാകാരനായിരുന്ന റ്റി.ഇ.ഹ്യൂം (1883-1917) എന്ന ഇംഗ്ലീഷുകാരനാണ്‌ ഇമേജിസത്തിന്‌ അടിത്തറ പാകിയതെന്നു പറയാം. അദ്ദേഹവും എസ്‌.എഫ്‌.ഫ്‌ളിന്റും മറ്റുചിലരും ചേര്‍ന്ന്‌ 1908-ല്‍ ലണ്ടനില്‍ ആരംഭിച്ച കാവ്യചര്‍ച്ചകളും ഇക്കാലത്ത്‌ ഹ്യൂം തയ്യാറാക്കിയ കുറിപ്പുകള്‍ അടങ്ങിയ സ്‌പെക്കുലേഷന്‍സ്‌ (Speculations) എന്ന പുസ്‌തകവും അദ്ദേഹത്തിന്റെ ഏതാനും ലഘുകവിതകളും ഇമേജിസ്റ്റ്‌ പദ്ധതിയുടെ ആവിര്‍ഭാവത്തിനു വഴിതെളിച്ചു. അന്നുതന്നെ പരീക്ഷണാര്‍ഥം ഇമേജിസ്റ്റ്‌ കവിതകള്‍ എഴുതപ്പെട്ടിരുന്നു. എന്നാല്‍ 1909-ല്‍ ഈ സംഘത്തില്‍ ഒരംഗമായിച്ചേര്‍ന്ന എസ്രാപൗണ്ട്‌ (1885-1972) ഹ്യൂമിന്റെ കവിതകള്‍ സമാഹരിച്ച്‌ ഒരു മുഖവുരയോടുകൂടി പ്രസിദ്ധപ്പെടുത്തുകയും (1912) ഏതാനും ഇമേജിസ്റ്റുകവികളെ കണ്ടെത്തുകയും അവരുടെ രചനകള്‍ സമാഹരിക്കുകയും ഈ പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങള്‍ നിര്‍വചിക്കുകയും ചെയ്‌തതോടുകൂടിയാണ്‌ ഇമേജിസം ഒരു യാഥാര്‍ഥ്യമായിത്തീര്‍ന്നത്‌.

പ്രഖ്യാപിതലക്ഷ്യങ്ങള്‍. 1913-ല്‍ എസ്രാപൗണ്ട്‌ ഇമേജിസ്റ്റു കവിതകളോടൊപ്പം പത്രത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍, 1915-ല്‍ ആമിലോവെല്‍ (1874-1925) പ്രസാധനംചെയ്‌ത ഇമേജിസ്റ്റ്‌ കവിതാസമാഹാരത്തിന്റെ ആമുഖം എന്നിവയിലാണ്‌ ഈ പ്രസ്ഥാനത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്‌. അവയെ ഇങ്ങനെ സംഗ്രഹിക്കാം.

1. സാധാരണ ഭാഷയില്‍ നിന്നും തെരഞ്ഞെടുത്ത സൂക്ഷ്‌മാര്‍ഥപ്രകാശനക്ഷമങ്ങളായ പദങ്ങളാണ്‌ കവിതയില്‍ ഉപയോഗിക്കേണ്ടത്‌;

2. പഴയ താളലയങ്ങള്‍ ഉപേക്ഷിച്ച്‌ പുതിയ ഭാവങ്ങള്‍ക്ക്‌ അനുഗുണമായി ജൈവഘടനയുള്ള താളലയങ്ങള്‍ ആവിഷ്‌കരിക്കണം;

3. ഭൂതകാലത്തില്‍ നിന്നോ വര്‍ത്തമാനകാലത്തില്‍ നിന്നോ കാവ്യവിഷയങ്ങള്‍ സ്വതന്ത്രമായി സ്വീകരിക്കാം;

4. അവ്യക്തങ്ങളായ സാമാന്യപ്രസ്‌താവനകള്‍കൊണ്ട്‌ കവിത നിറയ്‌ക്കാതെ സൂക്ഷ്‌മതയോടുകൂടി അവതരിപ്പിക്കാന്‍ പര്യാപ്‌തങ്ങളായ ഇമേജുകളെ അവലംബിക്കണം;

5. ഉറപ്പും സ്‌ഫുടതയുമുള്ള കവിതകളാണ്‌ കവി രചിക്കേണ്ടത്‌;

6. കവിതയില്‍ പരമാവധി ഏകാഗ്രത പാലിക്കണം.

ഈ തത്ത്വങ്ങള്‍ ഇമേജിസത്തിന്റെ മൗലികപ്രമാണമായി പ്രഖ്യാപിതമായെങ്കിലും അതിന്റെ പിന്നിലുണ്ടായിരുന്ന എല്ലാ കവികളും ഈ തത്ത്വങ്ങള്‍ അക്ഷരംപ്രതി പാലിച്ചിരുന്നില്ല; പക്ഷേ വിഷയസ്വീകരണത്തിലും വൃത്തത്തിലുമുള്ള സ്വാതന്ത്ര്യം, ദുര്‍വ്യാഖ്യാനത്തിന്‌ ഇടകൊടുക്കാത്തവിധം സൂക്ഷ്‌മതയോടുകൂടിയുള്ള പദപ്രയോഗം, ഇമേജുകളിലൂടെയുള്ള മൂര്‍ത്തമായ ആവിഷ്‌കരണം എന്നിവ പൊതുവേ പാലിക്കപ്പെടുകയും അവ ഈ പ്രസ്ഥാനത്തിന്റെ തിരോധാനത്തിനുശേഷവും കവിതയുടെ വികാസത്തില്‍ നിര്‍ണായകസ്വാധീനം ചെലുത്തുകയും ചെയ്‌തു. ഇതു കേവലമൊരു രൂപപരീക്ഷണമായിരുന്നില്ലെന്നും സമഗ്രമായ ഒരു സങ്കല്‌പം അതില്‍ അന്തര്‍ഭവിച്ചിരുന്നുവെന്നും ഈ തത്ത്വങ്ങള്‍ വെളിപ്പെടുത്തുന്നു.

ചരിത്രം. ഹ്യൂമിന്റെ കലാതത്ത്വചിന്തയിലും പരീക്ഷണങ്ങളിലുംനിന്നാണ്‌ ഇമേജിസം ഉടലെടുത്തത്‌. അചിരേണ അമേരിക്കക്കാരനായ എസ്രാപൗണ്ട്‌ ഈ കാവ്യരീതിയുടെ വക്താവും പ്രചാരകനുമായിമാറി. എഫ്‌.എസ്‌.ഫ്‌ളിന്റ്‌, ഹില്‍ഡാ ഡൂലിറ്റില്‍ , റിച്ചാര്‍ഡ്‌ ആല്‍ഡിങ്‌ടന്‍ മുതലായ ഇമേജിസ്റ്റുകവികള്‍ക്ക്‌ ഉത്തേജനം നല്‍കുവാനും പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങള്‍ നിര്‍വചിച്ച്‌ വായനക്കാര്‍ക്കു മാര്‍ഗദര്‍ശനമേകുവാനും അദ്ദേഹത്തിനു കഴിഞ്ഞു. 1911-ല്‍ അമേരിക്കയില്‍ നിന്നു ലണ്ടനിലെത്തിയ ഹില്‍ഡാ ഡൂലിറ്റില്‍ ക്ലാസ്സിക്കുകളില്‍ നിന്നു പ്രചോദനം ആര്‍ജിച്ചുകൊണ്ട്‌ ഇമേജിസ്റ്റ്‌ കവിതാരചനയെ ഒരു പരീക്ഷണമെന്നനിലയില്‍ നിന്ന്‌ യാഥാര്‍ഥ്യപദവിയിലേക്ക്‌ ഉയര്‍ത്തി. 1912-ല്‍ ഷിക്കാഗോയില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന പൊയട്രി എന്ന ആനുകാലിക പ്രസിദ്ധീകരണത്തില്‍ ആല്‍ഡിങ്‌ടന്റെയും ഹില്‍ഡാഡൂലിറ്റിലിന്റെയും കൃതികള്‍ പൗണ്ട്‌ പ്രസിദ്ധീകരിക്കുകയും ഹ്യൂമിന്റെ കൃതികള്‍ സമാഹരിക്കുകയും ചെയ്‌തതോടുകൂടി ഈ പ്രസ്ഥാനം ലോകശ്രദ്ധയാര്‍ജിക്കാന്‍ തുടങ്ങി. 1913-ല്‍ പൗണ്ട്‌ ഈ പ്രസ്ഥാനത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിലെ പൊയട്രി റിവ്യൂ (1912) മുതലായ ആനുകാലികപ്രസിദ്ധീകരണങ്ങളും പുതിയ കവിതാസരണിയുടെ പ്രചാരണമാധ്യമങ്ങളായിത്തീര്‍ന്നു. 1914-ല്‍ അതിനുവേണ്ടി ഈഗോയിസ്റ്റ്‌ എന്നൊരു മാസിക നടത്താന്‍ അതിന്റെ പ്രണേതാക്കള്‍ക്കു കഴിഞ്ഞു. പൗണ്ടിന്റെ പരിശ്രമഫലമായി ഒരു ഇമേജിസ്റ്റ്‌ കവിതാസമാഹാരം പുറത്തിറങ്ങിയ 1914-ാമാണ്ട്‌ ഈ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ്‌; പക്ഷേ അതിനുശേഷം പൗണ്ടിന്‌ ഇമേജിസത്തില്‍ താത്‌പര്യം കുറയുകയും അദ്ദേഹം നൂതനസംരംഭങ്ങളിലേക്കു തിരിയുകയും ചെയ്‌തു.

എസ്രാപൗണ്ടിനെത്തുടര്‍ന്ന്‌ ഇമേജിസത്തിന്റെ പ്രചാരണം ഏറ്റെടുത്തത്‌ അമേരിക്കയില്‍ നിന്നു ലണ്ടനിലെത്തിയ (1914) കവയിത്രിയായ ആമിലോവെല്‍ ആണ്‌. 1915-ലും 16-ലും അവര്‍ ഓരോ ഇമേജിസ്റ്റ്‌ കവിതാസമാഹാരം അമേരിക്കയില്‍ പുറത്തിറക്കി. ഇമേജിസത്തിന്റെ തത്ത്വങ്ങള്‍ വിശദീകരിക്കുന്ന ഓരോ ആമുഖവും ആ പുസ്‌തകങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. തുടര്‍ന്ന്‌ 1917-ല്‍ മൂന്നാമത്തേതും അവസാനത്തേതുമായ സമാഹാരംകൂടി പ്രത്യക്ഷപ്പെട്ടു; അതോടുകൂടി ഇമേജിസത്തിന്റെ പ്രചാരണത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ നിലച്ചെന്നുമാത്രമല്ല, ഒരു സംഘടിതപ്രസ്ഥാനമെന്നനിലയ്‌ക്ക്‌ അത്‌ തിരോഭവിക്കുകയും ചെയ്‌തു. പില്‌ക്കാലത്ത്‌ ഒറ്റപ്പെട്ട ചില കവികളുടെ രചനകളിലും പരോക്ഷസ്വാധീനത്തിലുംകൂടി മാത്രമാണ്‌ ഇമേജിസം നിലനിന്നിട്ടുള്ളത്‌.

പ്രധാനപ്പെട്ട കവികള്‍. ഇമേജിസത്തിന്റ വളര്‍ച്ചയ്‌ക്കും പ്രാധാന്യത്തിനും അടിത്തറപാകിയ എസ്രാപൗണ്ട്‌ തന്റെ ലണ്ടന്‍ ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ എഴുതി പ്രസിദ്ധീകരിച്ച കവിതകള്‍ ഈ പ്രസ്ഥാനത്തിലെ ഉത്തമസൃഷ്‌ടികളാണെന്നുപറയാം. ഓജസ്‌, സൂക്ഷ്‌മത, മൂര്‍ത്തരൂപം, ക്ലാസ്സിക്‌ കാവ്യമൂല്യങ്ങളോടുള്ള മമത എന്നിവ ആധുനികകവിതയില്‍ രൂഢമൂലമാക്കുകയും ഇമേജിസത്തില്‍ നിന്ന്‌ വൈന്‍ഡ്‌ഹാം ലുവിസ്‌സ്‌ (1884-1957) രൂപംനല്‍ കിയ വോര്‍ടിസിസ(Vorticism)ത്തിന്റെ ഉദയത്തിനു നേതൃത്വം വഹിക്കുകയും ചെയ്‌ത എസ്രാപൗണ്ട്‌ ഈ പ്രസ്ഥാനത്തെ അവഗണനീയമല്ലാത്ത ഒരു പദവിയിലേക്ക്‌ ഉയര്‍ത്തി. ഹ്യൂമിനോടൊപ്പം ഈ പ്രസ്ഥാനത്തിന്റെ പ്രണേതാക്കളിലൊരാളായിത്തീര്‍ന്ന എഫ്‌.എസ്‌. ഫ്‌ളിന്റ്‌ ആദ്യമായി ആസ്വാദ്യങ്ങളായ ഇമേജിസ്റ്റ്‌ കവിതകള്‍ രചിച്ച ഒരു ഇംഗ്ലീഷ്‌ കവിയത്രേ. ഇമേജിസ്റ്റ്‌ ആദര്‍ശങ്ങള്‍ ഏറ്റവും വിദഗ്‌ധമായി കവിതയില്‍ ആവിഷ്‌കരിച്ച റിച്ചാഡ്‌ ആല്‍ഡിങ്‌ടനും ഹില്‍ഡാഡൂലിറ്റിലുമാണ്‌ അത്തരം കൃതികള്‍ ഏറ്റവും കൂടുതല്‍ രചിച്ചത്‌. ആല്‍ഡിങ്‌ടന്റെ പത്‌നിയായിത്തീര്‍ന്ന ഹില്‍ഡായുടെ കൃതികള്‍ ഇമേജിസത്തിന്റെ തികഞ്ഞ മാതൃകകളായി കരുതപ്പെടുന്നു. അമേരിക്കയില്‍ നിന്നു ലണ്ടനിലെത്തി ഈ പ്രസ്ഥാനത്തിന്റെ പ്രചാരണജോലി സ്വയം ഏറ്റെടുത്ത ആമിലോവെല്‍ ആണ്‌ മറ്റൊരു പ്രമുഖ കവയിത്രി. പൗണ്ടും ലോവലും പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങളിലും ഇമേജിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ പുറത്തിറങ്ങിയ ആനുകാലികപ്രസിദ്ധീകരണങ്ങളിലും മറ്റു ചില എഴുത്തുകാരുടെ കൃതികള്‍ കൂടി ഉള്‍ക്കൊള്ളിച്ചിരുന്നു. അക്കൂട്ടത്തില്‍ ജോണ്‍ ഗോള്‍ഡ്‌ ഫ്‌ളെച്ചര്‍, ഡി.എച്ച്‌. ലോറന്‍സ്‌, ടി.എസ്‌. എലിയട്ട്‌, ജെയിംസ്‌ ജോയ്‌സ്‌ മുതലായവരും പെടുന്നു.

ഒരു പ്രസ്ഥാനമെന്നനിലയില്‍ ഇമേജിസം മലയാളകവികളെ ആകര്‍ഷിച്ചിട്ടില്ല. എങ്കിലും ഈ പദ്ധതിയുടെ പൈതൃകമായി പില്‌ക്കാലത്ത്‌ അവശേഷിച്ച കാവ്യതത്ത്വങ്ങള്‍ മലയാളകവികള്‍ക്ക്‌ ഉത്തേജനം നല്‍കിയിട്ടുണ്ട്‌.

ഇമേജിസം ഒരു സംഘടിതസംരംഭമായി നിലവിലിരുന്നത്‌ 1908 മുതല്‍ 17 വരെയുള്ള പത്തുവര്‍ഷത്തേക്കുമാത്രമാണ്‌; ഇമേജിസത്തിന്റെ പേരില്‍ കവിതകള്‍ പ്രസിദ്ധീകൃതങ്ങളായത്‌ 1912 മുതല്‍ 17 വരെയും. ഈ പ്രസ്ഥാനത്തിന്റെ ആയുസ്സ്‌ അതീവഹ്രസ്വമായിരുന്നുവെന്നു പറയാം; എങ്കിലും പില്‌ക്കാലത്തും അതിന്റെ പ്രഭാവം കവിതയില്‍ ദൃശ്യമാണ്‌.

ഇമേജിസ്റ്റുകള്‍ ഏതാനും നിഷ്‌കൃഷ്‌ടാദര്‍ശങ്ങളും തത്ത്വങ്ങളും പ്രഖ്യാപിച്ചതുകൊണ്ട്‌ അതു ചിട്ടപ്പടി വാര്‍ത്തെടുത്ത ഒരു കൃത്രിമപരീക്ഷണമാണെന്നുതോന്നാം; എന്നാല്‍ ആ പ്രസ്ഥാനത്തില്‍പ്പെട്ട കവിതകള്‍ വിഭിന്ന വ്യക്തിത്വങ്ങളാണ്‌ പ്രദര്‍ശിപ്പിച്ചിരുന്നതെന്നും വിവിധ രീതിയിലാണ്‌ അവ രചിക്കപ്പെട്ടിരുന്നതെന്നും ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. ക്ലാസ്സിക്‌മാതൃക നിര്‍വ്യാജമായി പിന്തുടര്‍ന്നവരും ഭാവഗീതത്തോടു മാനസികഐക്യം പുലര്‍ത്തിയിരുന്നവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇമേജുകള്‍, ഭാഷ, താളം, ഉള്ളടക്കം എന്നിവയിലും വ്യക്തമായ അന്തരം കാണാം. ഒരു പ്രത്യേക സാഹചര്യത്തില്‍ ഏതാനും കാവ്യതത്ത്വങ്ങള്‍ ഊന്നിപ്പറയുകയും കോളിളക്കമുണ്ടാക്കത്തക്കവണ്ണം സാഹസികമായ രീതിയില്‍ അവയുടെ ദൃഷ്‌ടാന്തങ്ങള്‍ ജനമധ്യത്തില്‍ അവതരിപ്പിക്കുകയും ചെയ്യാനുള്ള ഒരു ഉപാധിയായിട്ടാണ്‌ അത്‌ ആവിര്‍ഭവിച്ചത്‌. ഇംഗ്ലണ്ടില്‍ അത്‌ പ്രകടമായി വേരൂന്നിയില്ല. അമേരിക്കയിലാണ്‌ അതിനു കൂടുതല്‍ ആസ്വാദകരെ കിട്ടിയത്‌. ലക്ഷ്യം നിറവേറിയെന്നുതോന്നിയപ്പോള്‍, ആ പ്രസ്ഥാനത്തില്‍ സ്വയം ബന്ധിച്ചുനിര്‍ത്താതെ മിക്ക ഇമേജിസ്റ്റ്‌ കവികളും സ്വന്തം വ്യക്തിത്വം സാക്ഷാത്‌കരിക്കാനും ഈ പരിവര്‍ത്തനം കുറേക്കൂടി മുന്നോട്ടുകൊണ്ടുപോയി മഹത്തരങ്ങളായ പുതിയ മാതൃകകള്‍ സൃഷ്‌ടിക്കാനും തയ്യാറായി. പത്തൊമ്പതാംനൂറ്റാണ്ടിന്റെ അന്ത്യത്തില്‍ റൊമാന്റിക്‌ കവിതയില്‍ നിറഞ്ഞുനിന്ന അവ്യക്തത, കാവ്യഭാഷയ്‌ക്കു വന്നുചേര്‍ന്നിരുന്ന മൂല്യനഷ്‌ടം, കൃത്രിമശൈലി, നിയതതാളങ്ങളോടുള്ള പ്രതിപത്തി, പ്രത്യേകതരം വിഷയങ്ങളോടുള്ള മമത, അതിഭാവുകത്വം എന്നിവയില്‍ നിന്ന്‌ പില്‌ക്കാലകവിതയെ മുക്തമാക്കി, ക്ലാസ്സിക്‌ മൂല്യങ്ങളില്‍ നിന്നു പ്രചോദനംകൊണ്ട സചേതനമായ മൂര്‍ത്തകലാസൃഷ്‌ടിയാക്കി അതിനെ വികസിപ്പിച്ചെടുക്കുന്നതിനുവേണ്ടിയുള്ള കാല്‍ വയ്‌പുകളിലൊന്നെന്നനിലയ്‌ക്ക്‌ ഇമേജിസം വിലപ്പെട്ടതാണ്‌.

(കെ.എസ്‌. നാരായണപിള്ള)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%AE%E0%B5%87%E0%B4%9C%E0%B4%BF%E0%B4%B8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍