This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇപ്പോക്‌സിഡേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇപ്പോക്‌സിഡേഷന്‍

Epoxidation

ഒലിഫീനികസംയുക്തങ്ങളെ (Olefinic compounds) ഇപ്പോക്‌സി (ഓക്‌സിറേന്‍) സംയുക്തങ്ങളാക്കിമാറ്റുന്നതിനുള്ള പ്രക്രിയ. ഇപ്പോക്‌സി സംയുക്തങ്ങളില്‍ കാര്‍ബണ്‍ ശൃംഖലയിലെ രണ്ടു കാര്‍ബണ്‍-അണുക്കള്‍ ഒരു ഓക്‌സിജന്‍-അണുവിനോട്‌ പൊതുവില്‍ ബന്ധപ്പെട്ടിരിക്കും. ഇപ്പോക്‌സി എഥിലിന്‍ ഒരു ദൃഷ്‌ടാന്തമാണ്‌.

ഇപ്പോക്‌സിഡേഷന്‍ സാധിക്കുന്നതിന്‌ അനേകം മാര്‍ഗങ്ങളുണ്ട്‌: 1. ഒലിഫീനികസംയുക്തങ്ങളെ സില്‍വര്‍-ഉത്‌പ്രേരകം ഉപയോഗിച്ചു നേരിട്ട്‌ ഓക്‌സിഡൈസ്‌ ചെയ്യുക. ഉദാ. എഥിലീനും വായുവും മിശ്രണം ചെയ്‌തു മര്‍ദവിധേയമാക്കി 200-400°C-ല്‍ വച്ചിരിക്കുന്ന സില്‍വര്‍-ഉത്‌പ്രേരകത്തിന്‍മീതെ പ്രവഹിപ്പിച്ചാല്‍ ഇപ്പോക്‌സി എഥിലീന്‍ ലഭിക്കുന്നു.

ക്ലോര്‍ഹൈഡ്രിനുകളില്‍ നിന്ന്‌ ഹൈഡ്രജന്‍ ക്ലോറൈഡ്‌ നീക്കം ചെയ്‌ത്‌ ഇപ്പോക്‌സിഡേഷന്‍ സാധിപ്പിക്കാം. ഉദാ. എഥിലീന്‍ ക്ലോര്‍ഹൈഡ്രിന്‍ പൊട്ടാസ്യം ഹൈഡ്രോക്‌സൈഡുമായി പ്രവര്‍ത്തിപ്പിച്ച്‌ ഇപ്പോക്‌സി എഥിലീന്‍ ലഭ്യമാക്കാം:

ഇത്‌ വ്യാവസായികമായി നിര്‍മിക്കുന്നതിനു പൊട്ടാസ്യം ഹൈഡ്രോക്‌സൈഡിനുപകരം വിലകുറഞ്ഞ കാല്‍സ്യം ഹൈഡ്രോക്‌സൈഡ്‌ ഉപയോഗിക്കുന്നു.

2. ഒലിഫീനികസംയുക്തങ്ങളെ പെര്‍-ആസിഡുകളുമായി പ്രവര്‍ത്തിപ്പിച്ചാല്‍ സംഗതങ്ങളായ ഇപ്പോക്‌സി സംയുക്തങ്ങള്‍ ഉണ്ടാകുന്നതാണ്‌:

പെര്‍ബെന്‍സോയിക്‌ ആസിഡിന്റെ സോഡിയം ലവണമാണ്‌ ഇവിടെ ഉപയോഗിച്ചിട്ടുള്ളത്‌. ഇതിനുപകരം മോണോപെര്‍ഥാലിക്‌ ആസിഡ്‌, പെറോക്‌സി ട്രൈഫ്‌ളൂറോ അസറ്റിക്‌ ആസിഡ്‌, പെര്‍ അസറ്റിക്‌ ആസിഡ്‌, പെര്‍ഫോര്‍മിക്‌ ആസിഡ്‌ എന്നീ പെര്‍ ആസിഡുകളും പ്രയോജനപ്പെടുത്താം. ഉപയോഗിക്കുന്ന പെര്‍ ആസിഡ്‌, താപനില മുതലായ നിബന്ധനകള്‍, ഒലിഫീനികസംയുക്തത്തിന്റെ സവിശേഷതകള്‍ എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ്‌ ഇപ്പോക്‌സിഡേഷന്റെ വേഗം, ലാഘവം എന്നിവ അനുഭവെപ്പടുന്നത്‌. നിഷ്‌ക്രിയലായകങ്ങള്‍ (inert solvents) മാധ്യമമാക്കിയാല്‍ പ്രസ്‌തുത പ്രക്രിയ കൂടുതല്‍ ഫലപ്രദമാണ്‌.

കീടനാശിനികള്‍, പ്‌ളാസ്റ്റിഡൈസറുകള്‍, റെസിനുകള്‍, സ്‌നേഹകങ്ങള്‍ (lubricants), അപമാര്‍ജകങ്ങള്‍ (detergents)എമള്‍സീകാരകങ്ങള്‍, മെഴുകുകള്‍, പെയിന്റ്‌, റബ്ബര്‍ എന്നിവ നിര്‍മിക്കുന്നതിനുതകുന്ന സ്ഥിരീകാരകങ്ങള്‍ (stabilizers) മുതലായവയുടെ ഉത്‌പാദനത്തില്‍ ഇപ്പോക്‌സിയൗഗികങ്ങളെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിവരുന്നു.

അലൈല്‍ ആല്‍ക്കഹോളില്‍ നിന്ന്‌ 2,3-ഇപ്പോക്‌സി ആല്‍ക്കഹോള്‍ t-ബ്യൂട്ടയില്‍ ഹൈഡ്രോപെറോക്‌സൈഡ്‌ ഉപയോഗിച്ച്‌, ടൈറ്റാനിയം ടെട്രാ ഐസോപ്രൊപ്പോക്‌സൈഡിന്റെയും ഡൈ ഈഥല്‍ ടാര്‍ടാറേറ്റിന്റെയും സാന്നിധ്യത്തില്‍ നിര്‍മിക്കുന്ന ഇപ്പോക്‌സിഡേഷന്‍ ഷാര്‍പ്‌ലെസ്‌ ഇപ്പോക്‌സിഡേഷന്‍ എന്നറിയപ്പെടുന്നു. ആന്റിബയോട്ടിക്കുകളുടെ നിര്‍മാണത്തില്‍ വളരെ പ്രയോജനപ്പെടുന്ന ഈ കണ്ടെത്തലിന്‌ ബാരിഷാര്‍പ്‌ലെസ്‌, കനൗള്‍സ്‌, നിയോറി എന്നിവര്‍ 2001-ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം പങ്കുവയ്‌ക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍