This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍സുലിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്‍സുലിന്‍

Insulin

ചാള്‍സ്‌ എച്ച്‌. ബെസ്റ്റ്‌

പാന്‍ക്രിയാസ്‌ ഗ്രന്ഥിയിലെ ഐലറ്റ്‌സ്‌ ഒഫ്‌ ലാംഗര്‍ഹാന്‍സിലെ ബീറ്റാകോശങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന ഹോര്‍മോണ്‍. കാര്‍ബോഹൈഡ്രേറ്റിന്റെയും കൊഴുപ്പിന്റെയും ഉപാപചയത്തെ നിയന്ത്രിക്കുന്ന ഈ ഹോര്‍മോണ്‍ രക്തത്തില്‍നിന്ന്‌ ഗ്ലൂക്കോസ്‌ ആഗിരണം ചെയ്യാന്‍ കരളിലെയും പേശികളിലെയും കൊഴുപ്പുകലകളിലെയും കോശങ്ങളെ പ്രാപ്‌തമാക്കുന്നു. കരളിലും പേശികളിലും ഗ്ലൈക്കോജനായും കൊഴുപ്പുകലകളില്‍ ട്രഗ്ലിസറൈഡുകളായും ഗ്ലൂക്കോസ്‌ ശേഖരിക്കപ്പെടുന്നു.

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ്‌ നിയന്ത്രിച്ചു നിര്‍ത്തുക എന്നതാണ്‌ ഇന്‍സുലിന്‍ നിര്‍വഹിക്കുന്ന പ്രധാന ധര്‍മം. ശരീരത്തിലെത്തിച്ചേരുന്ന ഗ്ലൂക്കോസിന്റെ പകുതി ഗ്ലൈക്കോളിസിസ്‌ വഴി ഊര്‍ജമായി മാറുന്നു. അധിക ഗ്ലൂക്കോസ്‌ ഗ്ലൈക്കോജെനിസിസ്‌ വഴി ഗ്ലൈക്കോജനായി കരളിലും പേശികളിലും മറ്റും സംഭരിക്കപ്പെടുന്നു. കൊഴുപ്പില്‍നിന്നും മാംസ്യത്തില്‍നിന്നുമുള്ള ഗ്ലൂക്കോസ്‌ സംശ്ലേഷണ പ്രക്രിയകളെ തടയുവാനും ഇന്‍സുലിനു കഴിവുണ്ട്‌. ഇന്‍സുലിന്റെ അഭാവം, രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ്‌ ക്രമാതീതമായി കൂടുന്ന ഹൈപ്പര്‍ഗ്ലൈസീമിയ അഥവാ പ്രമേഹത്തിനു കാരണമാകുന്നു. പ്രമേഹരോഗികളുടെ രക്തത്തില്‍ അധികമായുള്ള ഗ്ലൂക്കോസ്‌, ആഗിരണം ചെയ്യാനാവാതെ മൂത്രത്തിലൂടെയും മറ്റും വിസര്‍ജിക്കപ്പെടുന്നു. ശരീരത്തില്‍നിന്ന്‌ ജലവും അമിതമായി നഷ്‌ടപ്പെടുന്നു. അമിതദാഹം, ശരീരഭാരക്കുറവ്‌, അമിതമായ മൂത്രവിസര്‍ജനം, അമിതവിയര്‍പ്പ്‌, ക്ഷീണം എന്നിവ പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങളാണ്‌. അതേസമയം ഇന്‍സുലിന്റെ ആധിക്യം, രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ്‌ കുറഞ്ഞ്‌ ഹൈപോഗ്ലൈസീമിയ എന്ന അവസ്ഥയ്‌ക്കു കാരണമാകുന്നു; ഈ അവസ്ഥയില്‍ രോഗിക്ക്‌ തളര്‍ച്ച, മോഹാലസ്യം എന്നിവ അനുഭവപ്പെടാം. മധുരപാനീയങ്ങളോ ഗ്ലൂക്കോസോ നല്‍കി ഗ്ലൂക്കോസ്‌ നില മെച്ചപ്പെടുത്താവുന്നതാണ്‌.

ഫ്രെഡറിക്‌ ജി. ബാന്റിങ്‌

ഫ്രെഡറിക്‌ ജി. ബാന്റിങ്‌, ചാള്‍സ്‌ എച്ച്‌. ബെസ്റ്റ്‌, ജെ.ജെ.ആര്‍. മക്‌ലിയോഡ്‌, ജെയിംസ്‌ ബി. കോളിപ്പ്‌ എന്നീ ശാസ്‌ത്രജ്ഞരുടെ ഗവേഷണങ്ങളുടെ ഫലമായാണ്‌ ഇന്‍സുലിന്റെ കണ്ടുപിടിത്തം. ഈ നേട്ടത്തിന്‌ 1923-ല്‍ ബാന്റിങ്ങിനും മക്‌ലിയേഡിനും നോബല്‍സമ്മാനം ലഭിച്ചു. എന്നാല്‍ ബാന്റിങ്‌, ബെസ്റ്റുമായും മക്‌ലിയോഡ്‌ കോളിപ്പുമായും സമ്മാനം പങ്കിട്ടു. ഇന്‍സുലിന്റെ പ്രാഥമിക ഘടന-അമിനൊ അമ്ല സ്വീക്വന്‍സ്‌-നിര്‍ണയിച്ച ഫ്രെഡറിക്‌ സാങ്‌ഗര്‍ 1958-ലെ നോബല്‍ സമ്മാനത്തിനര്‍ഹനായി. എ, ബി എന്നീ രണ്ടു പെപ്‌റ്റൈഡ്‌ ശൃംഖലകള്‍ ചേര്‍ന്ന ഹോര്‍മോണാണ്‌ ഇന്‍സുലിന്‍. ഡൈസള്‍ഫൈഡ്‌ ബന്ധനം വഴി ഈ രണ്ടു ശൃംഖലകളും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഇരുപത്തൊന്ന്‌, മുപ്പത്‌ വീതം അമിനൊ അമ്ലങ്ങള്‍ എ-യിലും ബി-യിലുമായി കാണപ്പെടുന്നുണ്ട്‌. ഏകദേശം ആറായിരം ആണ്‌ ഇതിന്റെ തന്മാത്രാഭാരം.

മനുഷ്യരിലെ ഇന്‍സുലിന്‍ കന്നുകാലികളിലെ ഇന്‍സുലിനോടു ധര്‍മത്തിലും ഘടനയിലും ഏറെക്കുറെ സമാനത പുലര്‍ത്തുന്നതിനാല്‍ മനുഷ്യനില്‍ പ്രമേഹ രോഗചികിത്സയ്‌ക്കായി ആദ്യകാലങ്ങളില്‍ ഇതുപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍, റീകോമ്പിനന്റ്‌ ഡിഎന്‍എ സാങ്കേതികവിദ്യയുടെ ആവിര്‍ഭാവത്തോടെ മനുഷ്യന്റെ ജീന്‍ ഉപയോഗിച്ച്‌ ഇന്‍സുലിന്‍ ഉത്‌പാദിപ്പിക്കുവാന്‍ തുടങ്ങി. ചൈനയിലാണ്‌ മനുഷ്യ ഇന്‍സുലിന്‍ സംശ്ലേഷണം ആദ്യമായി നടത്തിയത്‌ (1966). ചികിത്സാരംഗത്ത്‌ ഇന്ന്‌ ഇത്‌ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. ഇന്‍സുലിന്‍ സാധാരണയായി കുത്തിവയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. വേഗത്തില്‍ പ്രവര്‍ത്തിക്കുന്നവയും മന്ദഗതിയില്‍ പ്രവര്‍ത്തിക്കുന്നവയുമായ ഇന്‍സുലിന്‍ ലഭ്യമാണ്‌. വേഗത്തില്‍ ശരീരത്തില്‍ വ്യാപിക്കുന്നതരം ഇന്‍സുലിന്‍ കുത്തിവച്ച്‌ മുപ്പത്‌ മിനിട്ടുകള്‍ക്കുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഇവയുടെ പ്രവര്‍ത്തനസമയം ആറു മുതല്‍ എട്ടു മണിക്കൂറുകള്‍ വരെയേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ മന്ദഗതിയില്‍ പ്രവര്‍ത്തിക്കുന്നവയുടെ പ്രവര്‍ത്തനസമയം പതിനെട്ടുമുതല്‍ ഇരുപത്താറു മണിക്കൂറുകള്‍ വരെ നീളും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍