This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍ഡ്‌സ്റ്റ്രിയൽ മാനേജ്‌മെന്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്‍ഡ്‌സ്റ്റ്രിയൽ മാനേജ്‌മെന്റ്‌

Industrial Management

18-ാം ശ.-ത്തിൽ ബ്രിട്ടനിൽ സമാരംഭിച്ച വ്യവസായ വിപ്ലവമാണ്‌ ഇന്‍ഡസ്റ്റ്രിയൽ മാനേജ്‌മെന്റ്‌ എന്ന ശാസ്‌ത്രശാഖയുടെ വളർച്ചയ്‌ക്ക്‌ കളമൊരുക്കിയത്‌. കൈകൊണ്ടും ലഘുവായ പണിയായുധങ്ങള്‍കൊണ്ടും ചെറിയതോതിൽ ഉത്‌പാദനം നടത്തുന്നതിനുപകരം യന്ത്രങ്ങളും വിദ്യുച്ഛക്തിയും ഉപയോഗിച്ച്‌ വിപുലമായ തോതിൽ സങ്കീർണങ്ങളായ പ്രക്രിയകള്‍വഴി ഉത്‌പാദനം നടത്തുന്ന ആധുനികസമ്പ്രദായം നിലവിൽവന്നപ്പോള്‍ വ്യവസായരംഗത്തെ ഭരണനിർവഹണം വ്യാമിശ്രവും ക്ലേശകരവുമായിത്തീർന്നു. അസംസ്‌കൃതവിഭവങ്ങള്‍, തൊഴിലാളികള്‍, മൂലധനം, യന്ത്രങ്ങള്‍ എന്നിവയുടെ സമഞ്‌ജസവും കാര്യക്ഷമവുമായ ഉപയോഗത്തിലൂടെ മാത്രമേ ഒരു വ്യവസായം ലാഭകരമായി നടത്താന്‍ സാധിക്കുകയുള്ളൂ. ഈ ലക്ഷ്യം സാധിതപ്രായമാക്കുന്നതിനുവേണ്ടി വ്യവസായഭരണം ശാസ്‌ത്രീയമായ അടിസ്ഥാനത്തിൽ ആസൂത്രണം ചെയ്യപ്പെട്ടുതുടങ്ങി. ഈ ആസൂത്രണത്തെ പൊതുവിൽ "ഇന്‍ഡസ്റ്റ്രിയൽ മാനേജ്‌മെന്റ്‌' എന്നു പറയുന്നു.

ഫ്രഡറിക്‌ ടെയ്‌ലർ എന്ന അമേരിക്കക്കാരന്‍ 20-ാം ശ.-ത്തിന്റെ ആരംഭത്തിൽ "ശാസ്‌ത്രീയഭരണം' എന്ന പേരിൽ ഒരു ഭരണസംവിധാനത്തിനു രൂപംകൊടുത്തു. അദ്ദേഹം താഴെക്കൊടുത്തിരിക്കുന്ന ആധാരതത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ശാസ്‌ത്രീയഭരണം സംവിധാനം ചെയ്‌തത്‌. (1) ഊഹാപോഹങ്ങള്‍ക്കുപകരം മനുഷ്യന്റെ കായികാധ്വാനം അളന്ന്‌ തിട്ടപ്പെടുത്തണം; (2) തൊഴിലാളികളെ പരിശോധിച്ച്‌ തെരഞ്ഞെടുത്തശേഷം വിദഗ്‌ധപിരശീലനത്തിന്‌ വിധേയരാക്കണം. നിരന്തരമായ പരിശീലനവും പഠിപ്പും അവരെ കാര്യക്ഷമതയുള്ളവരാക്കും; (3) മാനേജർമാരും തൊഴിലാളികളും പരസ്‌പരസൗഹാർദം പുലർത്തുകയും ശാസ്‌ത്രീയതത്ത്വങ്ങള്‍ പ്രായോഗികമാക്കുവാന്‍ ആത്മാർഥമായി സഹകരിക്കുകയും വേണം; (4) മാനേജ്‌മെന്റും തൊഴിലാളികളും തമ്മിൽ വ്യക്തവും, കഴിയുമെങ്കിൽ തുല്യവുമായ തൊഴിൽവിഭജനം നടത്തണം.

ടെയ്‌ലറിന്റെ കാലശേഷം അദ്ദേഹത്തിന്റെ അനുയായികള്‍ ശാസ്‌ത്രീയഭരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുതകുന്ന പല പദ്ധതികളും ആവിഷ്‌കരിച്ച്‌ പ്രാവർത്തികമാക്കി. ശാസ്‌ത്രീയഭരണം ഒരു വ്യവസ്ഥിതി എന്നതിനെക്കാള്‍ ഒരു സമീപനരീതി എന്നു പറയുന്നതായിരിക്കും കൂടുതൽ ശരി. വർക്ക്‌സ്‌റ്റഡി, ഓപ്പറേഷന്‍സ്‌ റിസർച്ച്‌ തുടങ്ങിയ വശങ്ങളിലെ മുന്നേറ്റങ്ങള്‍ ശാസ്‌ത്രീയഭരണ സമീപനരീതിയെ പരിപോഷിപ്പിച്ചു. ക്രമേണ മനഃശാസ്‌ത്രതത്ത്വങ്ങളും ശാസ്‌ത്രീയ ഭരണരംഗത്ത്‌ സ്വാധീനം ചെലുത്താന്‍ തുടങ്ങി. ഭൗതികമായ ഘടകങ്ങളെക്കാള്‍ മാനസികഘടകങ്ങളാണ്‌ മനുഷ്യന്റെ പ്രവൃത്തികളെ നിയന്ത്രിക്കുന്നത്‌. പണംമാത്രമല്ല, ഉത്‌കർഷേച്ഛ, അഭിമാനം, സഹജീവിസ്‌നേഹം എന്നീ പല ആന്തരികപ്രരണകളും മനുഷ്യന്റെ പ്രവൃത്തിയിൽ നിയന്ത്രണംചെലുത്തുന്നു. എള്‍ട്ടണ്‍ മേയോയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും യു.എസ്സിലെ വെസ്റ്റണ്‍ ഇലക്‌ട്രിക്‌ കമ്പനിയുടെ ഹോതോണ്‍ പ്ലാന്റിൽ നടത്തിയ പരീക്ഷണങ്ങള്‍ വ്യാവസായികഭരണത്തലത്തിൽ മനഃശാസ്‌ത്രപരമായ പ്രവണതകള്‍ നിർണായകസ്വാധീനം ചെലുത്തുന്നു എന്ന്‌ തെളിയിച്ചു. തിയറി വൈ(Theory Y) എന്ന പേരിൽ ഡഗ്ലസ്‌ മക്‌റിഗർ തന്റെ ഹ്യൂമന്‍ സൈഡ്‌ ഒഫ്‌ എന്റർപ്രസസ്‌ എന്ന പുസ്‌തകത്തിൽ മനഃശാസ്‌ത്രതത്ത്വങ്ങളിലധിഷ്‌ഠിതമായ ആധുനികവ്യവസായമാനേജ്‌മെന്റ്‌ തത്ത്വം അവതരിപ്പിച്ചു. തുടർന്ന്‌ പലരും ഈ രംഗത്ത്‌ പല പുതിയ സംഭാവനകളും നല്‌കി. ഇന്നത്തെ വ്യാവസായികഭരണം ശാസ്‌ത്രീയഭരണത്തിന്റെയും മനഃശാസ്‌ത്രാധിഷ്‌ഠിതമായ ഭരണത്തിന്റെയും പ്രയോജനകരങ്ങളായ വശങ്ങള്‍ കൂട്ടിച്ചേർത്തുണ്ടാക്കിയ തത്ത്വസംഹിതയിൽ അധിഷ്‌ഠിതമാണ്‌.

ഇന്‍ഡസ്റ്റ്രിയൽ മാനേജ്‌മെന്റ്‌ ഒരു ശാസ്‌ത്രമെന്നതിനോടൊപ്പം ഒരു കലകൂടിയാണ്‌. വ്യവസായരംഗത്തെ നിർണായകഘടകമായ "മനുഷ്യനെ' മാനേജ്‌ ചെയ്യുക ഒരു കല തന്നെയാണ്‌. മനുഷ്യന്റെ പ്രതികരണം എപ്പോഴും അളന്നുതൂക്കി പരിശോധിച്ചറിയാവുന്ന പ്രവൃത്തികളെ മാത്രം ആശ്രയിച്ചുള്ളതല്ല എന്നതാണ്‌ കാരണം. എന്നാലും ഈ രംഗത്ത്‌ ഇതിനകം അവതരിപ്പിച്ചിട്ടുള്ള ശാസ്‌ത്രീയതത്ത്വങ്ങള്‍ പഠിക്കുന്നതും ഉപയോഗപ്പെടുത്തുന്നതും ഒരു ആധുനിക വ്യവസായഭരണതന്ത്രജ്ഞന്‌ സഹായകമായിരിക്കും.

പ്രാചീനകാലത്ത്‌ കുടുംബപാരമ്പര്യപ്രകാരം പിതാവിനുപകരം പുത്രനും പുത്രനുപകരം പൗത്രനും എന്ന വിധത്തിൽ വ്യവസായഭരണാധികാരം കൈമാറിക്കൊണ്ടിരുന്നു. അന്നത്തെക്കാള്‍ സങ്കീർണവും ചലനാത്മകവുമായ ആധുനിക വ്യവസായരംഗത്ത്‌ പാരമ്പര്യസിദ്ധമായ കഴിവുകള്‍ പരാജയമടയുന്നതും ശാസ്‌ത്രീയവിദ്യാഭ്യാസം നടത്തി ഭരണരംഗത്ത്‌ വൈദ്‌ഗധ്യം നേടിയവരും ഭരണം തൊഴിലാക്കിയവരുമായ പ്രാഫഷണൽ മാനേജർമാർ വിജയിക്കുന്നതും കണ്ടുവരുന്നു. ഇത്തരം അനുഭവങ്ങള്‍ ശാസ്‌ത്രീയസമീപനമുള്ള "ഇന്‍ഡസ്റ്റ്രിയൽ മാനേജ്‌മെന്റ്‌' എന്ന വിജ്ഞാനശാഖയുടെ വളർച്ചയെ പരിപോഷിപ്പിച്ചു. ആധുനിക വ്യവസായങ്ങളിൽ ഭൂരിപക്ഷവും ക്ലിപ്‌തബാധ്യതകളുള്ള കമ്പനികളുടെ വകയാണ്‌. തത്ത്വത്തിൽ ഓഹരിയുടമസ്ഥരാണ്‌ ഈ വ്യവസായങ്ങളുടെ ഉടമകളും ഭരണനിർവഹണത്തിന്‌ ബാധ്യതപ്പെട്ടവരും. എല്ലാ ഓഹരിയുടമകളും ചേർന്ന്‌ ബൃഹത്തും സങ്കീർണവുമായ വ്യവസായപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രായോഗികമല്ല. അതുകൊണ്ട്‌ ഓഹരിയുടമകളെ പ്രതിനിധാനം ചെയ്യുന്ന ഡയറക്‌ടർബോർഡുകളിലാണ്‌ ഭരണച്ചുമതല നിക്ഷിപ്‌തമാകുന്നത്‌. ഡയറക്‌ടർബോർഡ്‌ വ്യവസായഭരണത്തിലെ ഏറ്റവും ഉന്നതമായ തലത്തെ പ്രതിനിധാനം ചെയ്യുന്നു. നയപരിപാടികളും ധനാഗമമാർഗങ്ങളും ആവിഷ്‌കരിക്കുന്നത്‌ ഈ സമിതിയാണ്‌. ദൈനംദിനകാര്യങ്ങളുടെ നടത്തിപ്പിന്‌ ബോർഡിനോട്‌ ഉത്തരവാദിത്വമുള്ള ഒരു മാനേജിങ്‌ ഡയറക്‌ടറോ ഒന്നിൽക്കൂടുതൽ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടർമാരോ നിയമിക്കപ്പെടുന്നു. ഇവരുടെ കീഴിൽ ജനറൽ മാനേജരും ഡിപ്പാർട്ടുമെന്റൽ മാനേജർമാരും പണിശാലാതലത്തിലുള്ള സൂപ്പർവൈസർമാരും അവരവരുടെ രംഗത്തുള്ള ഭരണം കമ്പനിയുടെ പൊതുനയപരിപാടികളുടെ ചട്ടക്കൂട്ടിനുള്ളിൽ നിർവഹിക്കുന്നു. ഇതാണ്‌ സാധാരണ വ്യവസായങ്ങളുടെ ഭരണസംവിധാനം. കമ്പനി സ്ഥിരമായി നിയമിച്ചിരിക്കുന്നു മാനേജർമാർക്കുപരി, ചില പ്രത്യേക സന്ദർഭങ്ങളിൽ പ്രത്യേകവൈദഗ്‌ധ്യം നേടിയ മാനേജ്‌മെന്റ്‌ കണ്‍സള്‍ട്ടന്റുമാരുടെ സേവനവും ഉപയോഗപ്പെടുത്താറുണ്ട്‌. ചെറുകിട വ്യവസായങ്ങള്‍ക്ക്‌ വിപുലമായ ഭരണതലങ്ങള്‍ ഉണ്ടായിരിക്കുകയില്ല. വ്യവസായഭരണരംഗത്ത്‌ ആന്തരിഘടകങ്ങളോടൊപ്പം സാമൂഹികഘടകങ്ങളും നിർണായകമായ സ്വാധീനം ചെലുത്തുന്നു. രാഷ്‌ട്രീയതലത്തിലുള്ള വ്യവസായനയം, നികുതികള്‍, വായ്‌പാനിയന്ത്രണനയം, തൊഴിൽനയം, അന്താരാഷ്‌ട്രപ്രശ്‌നങ്ങള്‍, ദേശീയമായ പ്രത്യേകതകള്‍ എന്നിവയെല്ലാം ഭരണരംഗത്ത്‌ സ്വാധീനം ചെലുത്താറുണ്ട്‌.

നയപരിപാടികളോടൊപ്പം വ്യവസായത്തിന്റെ സംഘടനാരൂപം നിർണയിക്കുന്നതും ഡയറക്‌ടർബോർഡ്‌ തന്നെയാണ്‌. വ്യവസായത്തിന്റെ ലക്ഷ്യങ്ങളും അവ നേടിയെടുക്കാനുള്ള പരിപാടികളും ബോർഡ്‌ പ്രഖ്യാപിക്കുന്നു. ഭരണത്തിന്റെ വിവിധമേഖലകളുടെ പ്രവർത്തനങ്ങളെ ബോർഡ്‌ നിയന്ത്രിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യുന്നു. ധനവിനിമയം, ഉത്‌പാദനം, വിപണനം, വിഭവശേഖരണം, ഗവേഷണം, വികസനം, തൊഴിൽബന്ധങ്ങള്‍ എന്നിവയാണ്‌ പ്രധാന മേഖലകള്‍. ഈ മേഖലകളുടെ ദൈനംദിന ഭരണനിർവഹണത്തിന്‌ ഓരോന്നിലും വൈദഗ്‌ധ്യം നേടിയ ഡിപ്പാർട്ടുമെന്‍റൽ മാനേജർമാർ ആവശ്യമാണ്‌. കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെയും നയപരിപാടികളുടെയും വെളിച്ചത്തിലും പരിധിയിലും ഈ മാനേജർമാർ ഭരണം നിർവഹിക്കുന്നു. ഭരണനിർവഹണം കാര്യക്ഷമമാകണമെങ്കിൽ ഓരോ തലത്തിലും വേണ്ടത്ര അധികാരവും ചുമതലകളും നല്‌കേണ്ടതുണ്ട്‌. അധികാരം താഴ്‌ന്നതലങ്ങളിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ അതോടൊപ്പം ചുമതലകളും സ്‌പഷ്‌ടമായി പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. ഒരു മേലുദ്യോഗസ്ഥന്‍ തന്റെ അധികാരം ഒരു കീഴുദ്യോഗസ്ഥനിലേക്ക്‌ കൈമാറുകയും അയാളിൽക്കൂടി ചുമതലകള്‍ നിർവഹിക്കുകയും ചെയ്‌താൽത്തന്നെയും മേലുദ്യോഗസ്ഥന്‌ തന്നിൽ നിക്ഷിപ്‌തമായ ഉത്തരവാദത്തിൽ നിന്ന്‌ ഒഴിഞ്ഞുമാറുവാന്‍ സാധിക്കുകയില്ല. ഒരു വ്യവസായത്തിന്റെ സംഘടനാരൂപം ആവിഷ്‌കരിക്കുമ്പോള്‍ താഴെക്കൊടുത്തിരിക്കുന്ന വൈകല്യങ്ങള്‍ ഒഴിവാക്കുവാന്‍ ആരംഭത്തിൽ തന്നെ ശ്രദ്ധിക്കേണ്ടതാണ്‌.

(i) കമ്പനിയുടെ നയപരിപാടികളും കമ്പനിയിലെ വിവിധ അധികാരതലങ്ങളും വിശദമായി നിർവചിക്കാഞ്ഞാൽ പൊതുവേ അവ്യക്തതയും സന്നിഗ്‌ധാവസ്ഥയും ഉണ്ടാകും. (ii) ഉപദേശകോദ്യോഗസ്ഥന്മാർ (Staff officers) നെിർവാഹകോദ്യോഗസ്ഥന്മാർക്കും (Line officers) അെവരുടെ കീഴുദ്യോഗസ്ഥന്മാർക്കും ഉത്തരവ്‌ കൊടുക്കുന്നതുമൂലവും കുഴപ്പങ്ങള്‍ ഉണ്ടാകും. ഉത്തരവുകള്‍ ബന്ധപ്പെട്ട മേലുദ്യോഗസ്ഥനിൽനിന്നു തന്നെ പുറപ്പെടേണ്ടതാണ്‌. ഉപദേശകർ അവരുടെ വൈദഗ്‌ധ്യം ഉപദേശരൂപത്തിൽ പ്രദർശിപ്പിക്കുകയാണുത്തമം. (iii) നിർവഹണ ഉദ്യോഗസ്ഥന്മാർ വിവിധ മേലുദ്യോഗസ്ഥന്മാരിൽ നിന്നും ഉത്തരവുകള്‍ സ്വീകരിക്കേണ്ടിവന്നാൽ ആശയക്കുഴപ്പവും സംശയങ്ങളും കൂടിവരും. ഒരു ഉദ്യോഗസ്ഥന്‍, സാധ്യമെങ്കിൽ ഒരേയൊരു മേലുദ്യോഗസ്ഥനിൽ നിന്നും ഉത്തരവു സ്വീകരിക്കുകയാണുത്തമം. (iv) കീഴുദ്യോഗസ്ഥന്മാരെ പ്രത്യേകചുമതലകള്‍ നിർവഹിക്കുന്നതിന്‌ ഉത്തരവാദപ്പെടുത്തുമ്പോള്‍ അതിനാവശ്യമായ അധികാരങ്ങള്‍ നല്‌കിയില്ലെങ്കിൽ അവർ ലക്ഷ്യങ്ങളിൽ എത്തിച്ചേർന്നെന്നു വരില്ല. (v) ഒരു നിർവഹണ ഉദ്യോഗസ്ഥന്‌ തന്റെ താഴെയുള്ള വളരെയധികം ഉദ്യോഗസ്ഥന്മാരെ നിയന്ത്രിക്കേണ്ടിവന്നാൽ അയാള്‍ക്കു തന്നെ ഏല്‌പിച്ച ജോലി കാര്യക്ഷമമായി നിർവഹിക്കുവാന്‍ തരപ്പെട്ടെന്നുവരില്ല. കീഴുദ്യോഗസ്ഥന്മാരുടെ എച്ചം നാലിൽ കൂടാതിരിക്കുകയാണുത്തമം. (vi) വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‌ ഒരു പൊതുമേലുദ്യോസ്ഥനോ ഒരു നിയന്ത്രണകമ്മിറ്റിയോ ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം വിവിധ വകുപ്പുകള്‍ തമ്മിൽ സംഘർഷവും കലഹവും കുഴപ്പങ്ങളും ഉണ്ടായെന്നുവരും. (vii) ഒരേ ജോലിതന്നെ വിവിധവകുപ്പുകളെ ഏല്‌പിക്കുന്നുന്നതും ഒരേ ജോലിയുടെ വിവിധഭാഗങ്ങള്‍ വിവിധ വകുപ്പുകളെ ഏല്‌പിക്കുന്നതും ജോലിയുടെ കാര്യക്ഷമമായ നിർവഹണത്തെ സഹായിക്കുകയില്ല; പ്രത്യേക ജോലിക്ക്‌ ഒരു വകുപ്പിനെയോ ഒരു ഉദ്യോഗസ്ഥനെയോ ചുമതലപ്പെടുത്തേണ്ടതാണ്‌. (viii) കഴിവും പരീക്ഷായോഗ്യതകളും കൂടുതലുള്ളവരെ നിരന്തരമായി കീഴുദ്യോഗസ്ഥ്‌ന്മാരായി വയ്‌ക്കുന്നതും അവർക്ക്‌ അവരുടെ കഴിവിനനുസരണമായി ജോലി നല്‌കാതിരിക്കുന്നതും അതേസമയം കഴിവും പരീക്ഷായോഗ്യതയും കുറവുള്ളവരെ ചില സ്ഥാപിതതാത്‌പര്യങ്ങളുടെ പേരിൽ ഉന്നതസ്ഥാനങ്ങളിലാക്കി അവർ അർഹിക്കാത്ത ജോലി ചെയ്യിക്കുന്നതും സർവത്ര അസന്തുഷ്‌ടിക്കും കാര്യക്ഷമതക്കുറവിനും വഴിതെളിക്കും. (ix) ജോലിയുടെ അന്തസ്സും പ്രാധാന്യവും അനുസരിച്ച്‌ ഉദ്യോഗസ്ഥന്റെ സ്ഥാനപ്പേര്‌ നിർണയിച്ചില്ലെങ്കിൽ ഒഴിവാക്കാവുന്ന പല കുഴപ്പങ്ങളും ഉണ്ടായെന്നുവരും. തുല്യജോലിക്ക്‌ തുല്യവേതനവും തുല്യസ്ഥാനപ്പേരും നല്‌കുന്നതായിരിക്കും ഉത്തമം. (x) സംഘടനയുടെ രൂപത്തിലും ഭാവത്തിലും ഭരണനിർവഹണത്തിലും നീതിയുക്തവും ന്യായപൂർവകവുമായ സമീപനം പൊതുവേ ഇല്ലെങ്കിൽ വളരെയേറെ ആശയക്കുഴപ്പങ്ങളും കൃത്യനിർവഹണത്തിൽ താമസവും കാര്യക്ഷമതാരാഹിത്യവും സംഭവിക്കാനിടയുണ്ട്‌. ഒരു സംഘടനയുടെ നിലവിലുള്ള രൂപം പൊടുന്നനവെ വിപ്ലവകരങ്ങളായ മാറ്റങ്ങള്‍ക്കു വിധേയമാക്കുന്നത്‌ നന്നല്ല. ശാന്തവും സൗകര്യപ്രദവുമായ ഒരു മാറ്റിമറിച്ചിലായിരിക്കും പൊതുവേ സ്വീകാര്യം. ഒരു പുതിയ വ്യവസായം ആരംഭിക്കുന്നതിനു മുമ്പ്‌ താഴെക്കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണ്‌. (i) എന്തെല്ലാം ഉത്‌പന്നങ്ങള്‍ ആണ്‌ നിർമിക്കേണ്ടത്‌; അവയുടെ ഗുണങ്ങളും ആകാരവും എങ്ങനെ ഇരിക്കണം. (ii) അവയുടെ വിപണനസാധ്യതകള്‍ എത്രമാത്രമുണ്ട്‌. (iii) ഭാവിയിൽ ഉത്‌പാദനം എത്രമാത്രം വികസിപ്പിക്കേണ്ടിവരും; (iv) ഉത്‌പാദനശാലയുടെ വലുപ്പവും ഉത്‌പാദനശേഷിയും എത്രമാത്രമായിരിക്കണം; (v) വ്യവസായത്തിനാവശ്യമായ മൂലധനം എങ്ങനെ എവിടെനിന്നും ശേഖരിക്കാം; (vi)) വ്യവസായശാല എവിടെ സ്ഥാപിക്കണം. ജലം, വിദ്യുച്ഛക്തി, അസംസ്‌കൃതവിഭവങ്ങള്‍, ഗതാഗതസൗകര്യങ്ങള്‍, കാലാവസ്ഥ, വിദഗ്‌ധതൊഴിലാളികളുടെ സുലഭത, മറ്റു പോഷകവ്യവസായങ്ങളുടെ സാമീപ്യം, സർക്കാരിന്റെ വ്യവസായനയം തുടങ്ങിയ പല ഘടകങ്ങളും വ്യവസായത്തിന്റെ സ്ഥാനനിർണയനത്തിൽ സ്വാധീനം ചെലുത്തുന്നു; (vii) കെട്ടിടങ്ങളും റോഡുകളും സ്ഥലവിന്യാസവും എങ്ങനെ ആയിരിക്കണം; (viii) എന്തെല്ലാം യന്ത്രങ്ങളും പ്ലാന്റുകളും തിരഞ്ഞെടുക്കണം; അവ എവിടെയെല്ലാം സ്ഥാപിക്കണം; (ix) എന്തെല്ലാം തരത്തിലുള്ള ഉദ്യോഗങ്ങളും സേവനങ്ങളും വ്യവസായത്തിന്റെ നിർവഹണത്തിനാവശ്യമായിട്ടുണ്ട്‌; ആരെയെല്ലാം ഉദ്യോഗത്തിൽ നിയമിക്കണം.

ഒരു വ്യവസായം ആരംഭിച്ചശേഷം അതിന്റെ പുരോഗതിയും സാമ്പത്തികഭദ്രതയും സുനിശ്ചിതമാക്കുന്നതിന്‌ അനുസ്യൂതമായ ആസൂത്രണവും നിയന്ത്രണവും ദൂരവീക്ഷണവും നിർവഹണകാര്യക്ഷമതയും അത്യന്താപേക്ഷിതമാണ്‌. സാമ്പത്തിക മണ്ഡലത്തിൽ ഇടയ്‌ക്കിടയ്‌ക്കുണ്ടാകുന്ന വ്യതിയാനങ്ങള്‍, യുദ്ധപരിത:സ്ഥിതികളും രാഷ്‌ട്രീയമാറ്റങ്ങളും വരുത്തിവയ്‌ക്കുന്ന അനിശ്ചിതാവസ്ഥ, സാങ്കേതികവിജ്ഞാനസ്‌ഫോടനഫലമായുണ്ടാകുന്ന വിപ്ലവകരമായ വ്യാവസായികവ്യത്യസ്‌ത പരിത:സ്ഥിതികള്‍, അതിസമർഥരായ വ്യവസായഭരണകർത്താക്കളുടെ ആകസ്‌മികമായ തിരോധാനം തുടങ്ങിയ പല ഘടകങ്ങള്‍മൂലമുണ്ടാകുന്ന വിപത്‌സാധ്യതകള്‍ തരണം ചെയ്യുവാന്‍ ഒരു വ്യവസായസ്ഥാപനത്തിന്‌ കഴിവുണ്ടായിരിക്കണം. വേണ്ടത്ര മുന്‍കരുതലുകളും കരുതൽനിധികളും രക്ഷാഭോഗവ്യവസ്ഥകളും ബദൽനേതൃത്വവും മുന്‍കൂറായി ഏർപ്പെടുത്തുന്നത്‌ നന്നായിരിക്കും.

മത്സരനിബദ്ധവും സാങ്കേതിക വിജ്ഞാനാധിഷ്‌ഠിതവും ആയ ആധുനികവ്യവസായമേഖലയിൽ ഗവേഷണത്തിന്‌ സവിശേഷമായ പങ്കുണ്ട്‌. നവംനവങ്ങളായ ആശയങ്ങളും അറിവുകളും അവയുടെ സന്തതികളായ പുതിയ ഉത്‌പന്നങ്ങളും ഉപഭോക്താക്കളുടെ അഭിലാഷങ്ങള്‍ക്കനുസരിച്ച്‌ വ്യതിയാനപ്പെടുത്തിയ പഴയ ഉത്‌പന്നങ്ങളും ചെലവുകുറഞ്ഞ ആധുനിക-ഉത്‌പാദനരീതികളും യന്ത്രങ്ങളുടെ സ്വയംപ്രവർത്തകസംവിധാനവും വ്യവസായരംഗത്ത്‌ വിപ്ലവകരങ്ങളായ മാറ്റങ്ങളും വമ്പിച്ച ലാഭസാധ്യതയും വരുത്തിയിട്ടുണ്ടെന്ന്‌ അന്താരാഷ്‌ട്രപ്രശസ്‌തിയുള്ള സ്ഥാപനങ്ങളുടെ ചരിത്രങ്ങള്‍ തെളിയിക്കുന്നു.

സംസ്‌കൃതവിഭവങ്ങളുടെ വിതരണവും വിപണനവും ഉള്‍ക്കൊള്ളുന്ന്‌ വിപണനഭരണം (Marketing Management) ഇേന്‍ഡസ്റ്റ്രിയൽ മാനേജ്‌മെന്റിന്റെ ഒരു പ്രധാന മേഖലയാണ്‌. ഉപഭോഗവസ്‌തുക്കളെ സംബന്ധിച്ചിടത്തോളം മത്സരനിബദ്ധമായ ഒരു വിപണി ഏറെക്കുറെ സാർവത്രികമായി നിലവിലുണ്ടെന്നു പറയാം. വിപണനം കാര്യക്ഷമമാക്കാനുതകുന്ന പല ശാസ്‌ത്രസങ്കേതങ്ങളും ഇന്ന്‌ ആവിഷ്‌കരിച്ചിട്ടുണ്ട്‌. വിപണിഗവേഷണം, പരസ്യസംവിധാനം, പൊതുജനബദ്ധശാസ്‌ത്രം(public relations)എന്നീ സങ്കേതങ്ങള്‍ അവയിൽ പ്രമുഖങ്ങളാണ്‌. ഒരു പുതിയ ഉത്‌പന്നം നിർമിക്കുന്നതിനു മുമ്പും ഒരു പഴയ ഉത്‌പന്നത്തിന്റെ സംവിധാനത്തിൽ മാറ്റം വരുത്തുന്നതിനു മുമ്പും വിശദമായ വിപണന സർവേ നടത്താറുണ്ട്‌. പുതിയ ഉത്‌പന്നത്തിന്റെ ആവശ്യകത, സ്വീകാര്യത, പഴയ ഉത്‌പന്നങ്ങളുടെ സംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങള്‍, ബദൽ ഉത്‌പന്നങ്ങളുമായി വിജയകരമായി മത്സരിക്കുന്നതിന്‌ ഉത്‌പന്നത്തിന്‌ നല്‌കേണ്ട ഗുണവിശേഷങ്ങള്‍ തുടങ്ങിയ കാര്യങ്ങളെപ്പറ്റി വിശ്വാസ്യമായ അറിവുകള്‍ സമ്പാദിക്കാന്‍ ഇത്തരം സർവേകള്‍ സഹായിക്കുന്നു.

ഉത്‌പന്നങ്ങളുടെ നിർമാണമാണ്‌ ഇന്‍ഡസ്റ്റ്രിയൽ മാനേജ്‌മെന്റിന്റെ മറ്റൊരു പ്രവർത്തനരംഗം. വിഭവങ്ങളുടെ ശേഖരണം, സൂക്ഷിപ്പ്‌, യന്ത്രങ്ങളുടെയും പ്ലാന്റുകളുടെയും വിന്യാസം, അവയുടെ പരിചരണം, ഫാക്‌ടറിക്കെട്ടിടങ്ങളുടെ പ്രകാശീകരണം. വായു സഞ്ചാരവിന്യാസം, ശബ്‌ദനിയന്ത്രണം, സുരക്ഷിതത്വനിയന്ത്രണം, ശുചീകരണം, ഉത്‌പാദന നിയന്ത്രണം, ഗുണനിയന്ത്രണം തുടങ്ങിയ പല പ്രക്രിയകളും ഉത്‌പാദനമാനേജ്‌മെന്റിന്റെ (Production Management) ഭോഗങ്ങളാണ്‌. പല വ്യവസായത്തിലും സംസ്‌കൃതവിഭവത്തിന്റെ 60 മുതൽ 70 വരെ ശ.മാ. മൂല്യം അവ നിർമിക്കാനാവശ്യമായ വിവിധവിഭവങ്ങളുടെ (material) മൂല്യമായിരിക്കും. ഉത്‌പാദനച്ചെലവ്‌ കുറയ്‌ക്കുന്നതിന്‌ ആദ്യം ശ്രദ്ധപതിപ്പിക്കേണ്ട രംഗം തീർച്ചയായും വിഭവഭരണ((Materials Management) രേംഗമായിരിക്കും. വിഭവങ്ങളുടെ ക്രയത്തിലും സൂക്ഷിപ്പിലും കൈകാര്യം ചെയ്യലിലും കണക്കുസൂക്ഷിക്കലിലും വേണ്ടത്ര ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. സ്റ്റാന്‍ഡർഡൈസേഷന്‍, കോഡിഫിക്കേഷന്‍, വാല്യൂ അനാലിസിസ്‌, ഇന്‍വന്ററി കണ്‍ട്രാള്‍ തുടങ്ങിയ പല ശാസ്‌ത്രസങ്കേതങ്ങളും വിഭവഭരണത്തെ സഹായിക്കുന്നു. അതുപോലെ ഉത്‌പാദന ഭരണത്തെ സഹായിക്കുന്ന മറ്റു ചില സങ്കേതങ്ങളാണ്‌ പ്രാഡക്ഷന്‍ പ്ലാനിങ്‌, പ്രിവന്റീവ്‌ മെയിന്റനന്‍സ്‌, പ്രവൃത്തിപഠനം, ഓപ്പറേഷന്‍സ്‌ റിസർച്ച്‌ എന്നിവ. വസ്‌തുക്കള്‍ കുറഞ്ഞചെലവിൽ വിപുലമായ രീതിയിൽ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക്‌ മാറ്റുന്നതിന്‌ സഹായിക്കുന്ന പലതരം പദാർഥകൈകാര്യോപാധികള്‍ (material handling devices) ഇക്കാലത്ത്‌ നിലവിലുണ്ട്‌. ക്രയിനുകള്‍, ലിഫ്‌റ്റുകള്‍, കണ്‍വെയറുകള്‍, എലിവേറ്ററുകള്‍, മോട്ടോർവാഹനങ്ങള്‍ തുടങ്ങിയവ ഇത്തരത്തിൽപ്പെടും.

വ്യവസായത്തിന്റെ ആരംഭനിർവഹണത്തിനും ദൈനംദിനനിർവഹണത്തിനും ഭാവിയിലെ വികസനനിർവഹണത്തിനും ആവശ്യമായ മൂലധനം ശേഖരിക്കുകയും നിയന്ത്രിക്കുകയും അതിന്റെ കണക്ക്‌ സൂക്ഷിക്കുകയും ചെയ്യുന്ന ജോലി നിർവഹിക്കുന്ന ധനകാര്യഭരണം (Financial Management)ഇേന്‍ഡസ്‌ട്രിയൽ മാനേജ്‌മെന്റിന്റെ മറ്റൊരു പ്രവർത്തനരംഗമാണ്‌. ഓഹരി, കടം, ലാഭം, ഡിവിഡന്റ്‌, നികുതി തുടങ്ങിയവയുടെ കണക്കുകള്‍ സൂക്ഷിക്കുക, ബജറ്റ്‌, ബാക്കിപത്രം, ലാഭനഷ്‌ടക്കണക്കുകള്‍ എന്നിവ തയ്യാറാക്കുക, കമ്പനിനിയമം അനുസരിച്ചുള്ള റിക്കാർഡുകള്‍ ശരിപ്പെടുത്തി സൂക്ഷിക്കുക തുടങ്ങിയ സാങ്കേതിക ജോലികള്‍ നിർവഹിക്കുന്നതിന്‌ ധനതത്ത്വശാസ്‌ത്രം, ധനാഗമവിനിമയ ശാസ്‌ത്രം തുടങ്ങിയ വിജ്ഞാനശാഖകളിൽ പാണ്ഡിത്യം ആവശ്യമാണ്‌. മാനേജ്‌മെന്റ്‌ അക്കൗണ്ടന്‍സി എന്ന പേരിൽ നവീന വിജ്ഞാനശാഖ ഇന്‍ഡസ്‌ട്രിയൽ മാനേജ്‌മെന്റിന്റെ ഭാഗമായി വളർന്നുവന്നിട്ടുണ്ട്‌. ഈ വിജ്ഞാനശാഖയുടെ സംഭാവനകളായ ക്യാഷ്‌ഫ്‌ളോ പഠനം, സ്റ്റാന്‍ഡേർഡ്‌ കോസ്റ്റിങ്‌, ബജറ്ററി കണ്‍ട്രാള്‍, പ്രാഫിറ്റബിലിറ്റി അനാലിസിസ്‌ എന്നീ ശാസ്‌ത്രസങ്കേതങ്ങള്‍ ആധുനിക വ്യവസായഭരണകർത്താക്കള്‍ക്ക്‌ വളരെയേറെ പ്രയോജനപ്രദമായിട്ടുണ്ട്‌.

ആധുനിക വ്യവസായങ്ങളുടെ സുഗമമായ ഭരണനിർവഹണത്തിന്‌ നിയമവിജ്ഞാനവും ആവശ്യമാണ്‌; ഇന്ത്യയെപ്പോലെ വ്യവസായരംഗത്ത്‌ സർക്കാർ നിയന്ത്രണം കൂടുതലുള്ള രാജ്യങ്ങളിൽ വ്യവസായഭരണകർത്താക്കള്‍ക്ക്‌ നിയമവിജ്ഞാനം കൂടിയേ തീരൂ. ഫാക്‌ടറിനിയമം, വ്യവസായബന്ധനിയമം, എംപ്ലോയീസ്‌ ഇന്‍ഷുറന്‍സ്‌ നിയമം, വേതനവിതരണനിയമം, ബോണസ്‌നിയമം, കമ്പനിനിയമം തുടങ്ങി വിപുലവും സങ്കീർണവുമായ നിയമസംഹിതകളുടെ ചട്ടക്കൂട്ടിലാണ്‌ ആധുനികവ്യവസായഭരണകർത്താക്കള്‍ക്ക്‌ ഭരണം നിർവഹിക്കേണ്ടിയിരിക്കുന്നത്‌.

ഇന്‍ഡസ്റ്റ്രിയൽ മാനേജ്‌മെന്റിന്റെ മറ്റൊരു ശാഖയാണ്‌ വ്യവസായബന്ധമേഖല(Industrial Relations). വ്യെവസായത്തിന്റെ അഭിവൃദ്ധിക്ക്‌ തൊഴിലാളികളും തൊഴിലുടമകളും തമ്മിൽ സൗഹാർദപരവും സഹകരണാത്മകവുമായ ബന്ധം ഉണ്ടാക്കിയേതീരൂ. തൊഴിലാളികളുടെ തിരഞ്ഞെടുപ്പ്‌, പരിശീലനം, തൊഴിൽ മൂല്യനിർണയനം. ക്ഷേമാന്വേഷണം, പ്രാത്സാഹനപദ്ധതികള്‍ മുതലായവ കാര്യക്ഷമമായി നിർവഹിക്കുന്നതിന്‌ വ്യവസായഭരണവകുപ്പിലെ ഭരണാധികാരികള്‍ സദാ ജാഗരൂകരായിരിക്കണം. ആധുനിക കാലത്തെ വിപ്ലവാത്മകമായ ആദർശസംഹിതകളുടെയും സ്‌ഫോടനാത്മകമായ തൊഴിൽ സംഘടനാപ്രവർത്തനങ്ങളുടെയും തൊഴിലുടമകളുടെ ചൂഷകമന:സ്ഥിതിയുടെയും വെളിച്ചത്തിൽ വ്യവസായസമാധാനം നിലനിർത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. കൂടിയാലോചനകള്‍വഴിയായും സ്ഥാപനത്തിന്റെ നടത്തിപ്പിൽ പങ്കാളിത്തം നല്‌കിയും തൊഴിലാളിക്ക്‌ അർഹിക്കുന്ന ലാഭവീതം നല്‌കിയും പണിമുടക്കിലേക്കും അസ്വസ്ഥതയിലേക്കും കാര്യങ്ങള്‍ നീക്കാതെ കഴിക്കുകയാണ്‌ ആധുനികമാനേജ്‌മെന്റിന്റെ പ്രവർത്തനശൈലി

(എം.ഐ.ഉമ്മന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍