This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍ഡെക്‌സിങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്‍ഡെക്‌സിങ്‌

Indexing

ഗ്രന്ഥങ്ങളിൽ നിന്ന്‌ ആവശ്യമായ വിവരങ്ങള്‍ വേഗം കണ്ടുപിടിക്കുന്നതിനുള്ള ഒരുപാധി. പ്രതിപാദനവിധേയമായ ആശയങ്ങളെക്കുറിക്കുന്ന പദങ്ങളും പദസമുച്ചയങ്ങളും അകാരാദിയിൽ ക്രമപ്പെടുത്തി ബന്ധപ്പെട്ട പുറങ്ങളുടെ സൂചനനല്‌കുന്ന ഒരു പട്ടികയാണ്‌ പുസ്‌തകത്തിന്റെ ഒടുവിൽ കാണാറുള്ള ഇന്‍ഡെക്‌സ്‌. അത്തരം ഇന്‍ഡെക്‌സുകള്‍ സാധാരണ ഗ്രന്ഥകാരന്‍തന്നെയായിരിക്കും തയ്യാറാക്കുന്നത്‌. ഗ്രന്ഥകാരനുമായി സഹകരിച്ച്‌ മറ്റാളുകളും ഇത്തരം ഇന്‍ഡെക്‌സ്‌ തയ്യാറാക്കാറുണ്ട്‌. ഗ്രന്ഥകാരന്‍ പ്രാധാന്യം നല്‌കുന്ന ആശയങ്ങളെ കൃത്യമായി തിരിച്ചറിയുവാനും വായനക്കാർ അന്വേഷിക്കുവാന്‍ ഇടയുള്ള ആശയങ്ങളെ ഊഹിച്ചെടുക്കുവാനും കെല്‌പുള്ള ഒരാള്‍ക്ക്‌ ഗ്രന്ഥകാരനുമായി പ്രത്യേകിച്ച്‌ സമ്പർക്കം പുലർത്താതെതന്നെ സമർഥമായി ഇന്‍ഡെക്‌സുകള്‍ ഉണ്ടാക്കുവാന്‍ കഴിയും. പഠനംകൊണ്ടും അഭ്യാസംകൊണ്ടും ഇത്തരം വൈദഗ്‌ധ്യം നേടാവുന്നതേയുള്ളൂ. ഒരേ അളവിലുള്ള ചെറിയ കടലാസുകഷണങ്ങളിൽ (കാർഡുകള്‍) പ്രസക്ത വിവരങ്ങള്‍ എഴുതി ക്രമീകരിച്ചാണ്‌ ഇന്‍ഡെക്‌സുകള്‍ ഉണ്ടാക്കാറുള്ളത്‌. ഇന്‍ഡെക്‌സുകള്‍ നിർമാണത്തിന്‌ പ്രത്യേക വൈദഗ്‌ധ്യവും അഭ്യാസവും ആവശ്യമുണ്ട്‌; അതിലേക്ക്‌ നിർദ്ദിഷ്‌ട പരിശീലനം നേടേണ്ടതുണ്ട്‌. ലേഖകരുടെ പേരുകള്‍, വിഷയനാമങ്ങള്‍,പ്രസിദ്ധീകരണശീർഷകങ്ങള്‍ തുടങ്ങിയവയ്‌ക്ക്‌ ഐകരൂപ്യം കൈവരുത്തേണ്ടതിലേക്ക്‌ സിയേഴ്‌സ്‌ ലിസ്റ്റ്‌ ഒഫ്‌ സബ്‌ജക്‌ട്‌ ഹെഡിങ്‌സ്‌, വേള്‍ഡ്‌ ലിസ്റ്റ്‌ ഒഫ്‌ സയന്റിഫിക്‌ പീരിയോഡിക്കൽസ്‌ തുടങ്ങിയ പ്രമാണഗ്രന്ഥങ്ങള്‍ സഹായകരമാണ്‌. ഡോ.എസ്‌. ആർ. രംഗനാഥന്‍ ആവിഷ്‌കരിച്ചിട്ടുള്ള "ചെയിന്‍ ഇന്‍ഡെക്‌സിങ്‌' (Chain indexing)) എന്ന സങ്കേതം വിഷയനാമങ്ങളെ ചിട്ടപ്പെടുത്തുവാനുള്ള ശക്തമായ ഒരു ഏർപ്പാടായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ലൈബ്രറി സയന്‍സിലെ ഒരു പ്രധാന ശാഖയായി ഇന്‍ഡെക്‌സിങ്‌ വളർന്നിട്ടുണ്ട്‌. വിവിധ വിജ്ഞാനശാഖകളിലെ വികാസങ്ങള്‍ ഗവേഷകരുടെ ശ്രദ്ധയിൽപ്പെടേണ്ടത്‌ ഗവേഷണപുരോഗതിക്കും രാഷ്‌ട്രശ്രയസ്സിനും അത്യന്താപേക്ഷിതമാണ്‌. ആനുകാലികപ്രസിദ്ധീകരണങ്ങളിൽ ഉള്‍ക്കൊള്ളിക്കപ്പെടുന്ന ലേഖനങ്ങളുടെ ക്രമാതീതമായ വ്യാപനം ഇന്‍ഡെക്‌സുകള്‍ കൂടാതെ ഒരു ഗവേഷകനും ആവശ്യമായ വിവരങ്ങള്‍ കണ്ടെത്തുക സാധ്യമല്ലാതാക്കിത്തീർത്തിട്ടുണ്ട്‌. ലൈബ്രറികള്‍ ഉക്കാര്യത്തിൽ ഗവേഷകരെ സഹായിക്കുന്നു.

പുസ്‌തകത്തിന്റെ ആരംഭത്തിൽ ചേർക്കുന്ന ഉള്ളടക്ക വിവരങ്ങളും ഇന്‍ഡെക്‌സിങ്ങും തമ്മിൽ സാരമായ വ്യത്യാസമുണ്ട്‌. പുസ്‌തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന ക്രമത്തിൽ അധ്യായശീർഷകങ്ങളും മറ്റും രേഖപ്പെടുത്തുന്ന "ഉള്ളടക്കം' കുറിക്കുന്ന താളും, അതിസൂക്ഷ്‌മമായ ഒരാശയത്തെപ്പോലും അനുയോജ്യമായ പദം മുഖേന പുസ്‌തകത്തിൽനിന്ന്‌ എളുപ്പം കണ്ടെത്തുന്നതിന്‌ സഹായിക്കുന്ന ഇന്‍ഡെക്‌സും വ്യത്യസ്‌തലക്ഷ്യങ്ങളെ ഉദ്ദേശിച്ചുകൊണ്ടുള്ളവയാണ്‌. പുസ്‌തകത്തിലെ ഇന്‍ഡെക്‌സിനു പുറമേ, ഓഫീസുകളിൽ പ്രവർത്തനക്ഷമതയ്‌ക്കുവേണ്ടി ഫയലുകള്‍ക്കും വ്യാപകമായ രീതിയിൽ നടത്തിവരാറുള്ള കത്തിടപാടുകള്‍ക്കും ഇന്‍ഡെക്‌സുകള്‍ ഉണ്ടാക്കിവരുന്നുണ്ട്‌. പല ആനുകാലിക പ്രസിദ്ധീകരണങ്ങളും ഓരോ വാല്യത്തിലും പ്രത്യേകമായി ഇന്‍ഡെക്‌സ്‌ നല്‌കുന്നുണ്ട്‌. വാർഷിക ഇന്‍ഡെക്‌സുകള്‍ക്കുപുറമേ അഞ്ചോ പത്തോ കൊല്ലങ്ങളിലെ ലേഖനങ്ങളുടെ വിവരങ്ങള്‍ ക്രാഡീകരിച്ച്‌ സഞ്ചിതവാല്യങ്ങളും (cumulated volumes)) പ്രസിദ്ധീകരിക്കപ്പെട്ടുവരുന്നു. അനേകം ആനുകാലികപ്രസിദ്ധീകരണങ്ങളിലെ ലേഖനങ്ങളുടെ വിവരങ്ങള്‍ അടങ്ങുന്ന ഇന്‍ഡെക്‌സുകളും പ്രയോഗത്തിലുണ്ട്‌. ആനുകാലിക പ്രസിദ്ധീകരണങ്ങള്‍പോലെ ഇന്‍ഡെക്‌സുകളും ക്ലിപ്‌തമായ കാലയളവുകളിൽ പ്രസിദ്ധീകൃതമായിക്കൊണ്ടിരിക്കുന്നു. എസ്സേ ആന്‍ഡ്‌ കറന്റ്‌ ലിറ്ററേച്ചർ ഇന്‍ഡെക്‌സ്‌, ഇന്‍ഡെക്‌സ്‌ ഇന്ത്യ എന്നിവ ഇതിനുദാഹരണമായി പറയാം. കാലിക പ്രസിദ്ധീകരണങ്ങളിലെ ഇന്‍ഡെക്‌സുകള്‍ രൂപത്തിലും ഉള്ളടക്കത്തിലും വൈവിധ്യം പുലർത്തുന്നവയാണ്‌. ചുരുങ്ങിയതോതിൽ വിഷയനാമം, ലേഖകന്റെ പേര്‌, ലേഖനത്തിന്റെ ശീർഷകം, ആനുകാലിക പ്രസിദ്ധീകരണത്തിന്റെ പേര്‌, വാല്യം, ലക്കം, തീയതി, പുറം എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തുന്നു. ഒരു മാതൃകകാണുക:

ഉത്സവങ്ങള്‍
	ദേവസ്സി (എം.കെ.)
കേരളത്തിലെ ഉത്സവങ്ങള്‍.
	മാതൃഭൂമി (അ); 1974; 68-73
 

ഇത്രയും വിവരങ്ങള്‍ക്കുപുറമേ അവസാനം ഒന്നോ രണ്ടോ ചെറിയ വാചകങ്ങള്‍ചേർത്ത്‌ ലേഖനത്തിന്റെ ഉള്ളടക്കം കൂടി സൂചിപ്പിക്കുന്ന പതിവുമുണ്ട്‌. ഇവയെ "വ്യാഖ്യാതസൂചിക'കള്‍ (Annotated index) എന്നു വിളിക്കുന്നു. ലഘുകുറിപ്പുകളുടെ (annotation) സ്ഥാനത്ത്‌ ലേഖനത്തിന്റെ സാരം ചെറിയൊരു ഖണ്ഡികയായി സംഗ്രഹിച്ച്‌ ചേർക്കുന്ന സമ്പ്രദായവും ഉണ്ട്‌. സംഗ്രഹങ്ങള്‍ അടങ്ങിയ ഇന്‍ഡെക്‌സുകള്‍ക്ക്‌ ആബ്‌സ്‌ട്രാക്‌ട്‌സ്‌ (Abstracts)എന്നാണ്‌ പേര്‌. അമേരിക്കന്‍ കെമിക്കൽ സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന കെമിക്കൽ ആബ്‌സ്‌ട്രാക്‌ട്‌സ്‌ എന്ന വാരികാസഞ്ചികയിൽ ഓരോ ലക്കത്തിലും 500-ഓളം പുറങ്ങള്‍, വാർഷിക ഇന്‍ഡെക്‌സുകള്‍, രസതന്ത്രത്തിലും ബന്ധപ്പെട്ട വിഷയങ്ങളിലും ലോകത്താകെ പ്രസിദ്ധീകരിച്ചു വരുന്ന ലേഖനങ്ങളുടെ സംക്ഷിപ്‌തവിതരണം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുവരുന്നു. ബയോളജിക്കൽ ആബ്‌സട്രാക്‌ട്‌സ്‌, ഫിസിക്‌സ്‌ ആബ്‌സ്‌ട്രാക്‌ട്‌സ്‌, സോഷ്യൽ സയന്‍സ്‌ ആബ്‌സ്‌ട്രാക്‌ട്‌സ്‌ എന്നിവ ഇത്തരത്തിലുള്ള മറ്റു പ്രസിദ്ധീകരണങ്ങളാണ്‌. ഇന്‍ഫർമേഷന്‍ സയന്‍സ്‌, ഡോക്യുമെന്റേഷന്‍ എന്നീ നൂതനശാസ്‌ത്രശാഖകളുടെയും പ്രവർത്തനങ്ങളുടെയും ഭാഗമായിട്ടാണ്‌ ഇന്‍ഡെക്‌സിങ്‌ പുഷ്‌ടിപ്രാപിച്ചുവരുന്നത്‌. ഇന്ത്യയിൽ "ഇന്‍സ്‌ഡോക്‌'(insdoc) ഡി.ആർ.ടി.സി. (DRTC-Determination Research and Training Centre) തുടങ്ങിയ സ്ഥാപനങ്ങള്‍ ഇതിലേക്ക്‌ നേതൃത്വം നല്‌കിവരുന്നു. ആധുനിക ഇന്‍ഡെക്‌സുകളെ ഡോക്യുമെന്റേഷന്‍ ലിസ്റ്റുകള്‍ (Documentation lists) എന്നും പരാമർശിക്കാറുണ്ട്‌.

(പ്രാഫ. കെ.എ.ഐസക്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍