This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍ഡസ്റ്റ്രിയൽ എസ്റ്റേറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്‍ഡസ്റ്റ്രിയൽ എസ്റ്റേറ്റ്‌

Industrial Estate

ചെറുകിട വ്യവസായങ്ങളുടെ വികസനത്തിനുവേണ്ടി ഗവണ്‍മെന്റ്‌ ആഭിമുഖ്യത്തിൽ സ്ഥാപിച്ച്‌ പ്രവർത്തിച്ചു പോരുന്ന സ്ഥാപനം. 1952-ൽ ഹഡാസ്‌പൂരിലും 1955-ൽ രാജ്‌കോട്ടിലും ലൂധിയാന, ജലന്ധർ, പട്യാല എന്നിവിടങ്ങളിലും ഇന്‍ഡസ്റ്റ്രിയൽ എസ്റ്റേറ്റുകള്‍ ആരംഭിച്ചുവെങ്കിലും ഗവണ്‍മെന്റിന്റെ ഒരു പ്രത്യേക പരിപാടി എന്ന നിലയിൽ ഇവ സംവിധാനം ചെയ്യപ്പെട്ടത്‌ ഒന്നാം പഞ്ചവത്സരപദ്ധതിയുടെ അവസാനവർഷങ്ങളിൽമാത്രമാണ്‌. കേരളം, യു.പി., പശ്ചിമബംഗാള്‍, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിൽ 10 ഇന്‍ഡസ്‌ട്രിയൽ എസ്റ്റേറ്റുകള്‍ സ്ഥാപിച്ചതോടെ ഈ പ്രത്യേക പരിപാടിക്ക്‌ തുടക്കം കുറിച്ചു. ഏതാണ്ട്‌ ഇക്കാലത്ത്‌ തന്നെ ഗവണ്‍മെന്റിന്റെ അനുവാദത്തോടെ നാഷണൽ സ്‌മാള്‍ ഇന്‍ഡസ്റ്റ്രീസ്‌ കോർപറേഷന്‍ ഡൽഹിയിൽ ഒഖ്‌ലായിലും അലഹാബാദിൽ നൈനിയിലും ഇത്തരം എസ്റ്റേറ്റുകള്‍ ആരംഭിച്ചു. രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ ചെറുകിട വ്യവസായങ്ങള്‍ക്കുവേണ്ടി കരുതിയിരുന്ന 56 കോടിരൂപയിൽ 11 കോടി രൂപ ഇന്‍ഡസ്റ്റ്രിയൽ എസ്റ്റേറ്റുകളുടെ വികസനത്തിനുവേണ്ടി നീക്കിവച്ചു. ഈ എസ്റ്റേറ്റുകളുടെ ഭരണനിർവഹണം സംസ്ഥാനഗവണ്‍മെന്റുകളുടെ നേരിട്ടുള്ള ചുമതലയിലായിരിക്കണമെന്ന്‌ നിശ്ചയിച്ചിരുന്നു. എസ്റ്റേറ്റുകളുടെ നടത്തിപ്പിനുവേണ്ടിവരുന്ന ചെലവു മുഴുവന്‍ കേന്ദ്രഗവണ്‍മെന്റ്‌ വായ്‌പയായി നല്‌കിവന്നു; സ്ഥലം, കെട്ടിടങ്ങള്‍ എന്നിവയ്‌ക്ക്‌ 20 വർഷംകൊണ്ട്‌ മടക്കി അടയ്‌ക്കേണ്ട വായ്‌പയായും എസ്റ്റേറ്റുകളുടെ നിർമാണത്തിനുവേണ്ടിവരുന്ന തുക 30 വർഷ വായ്‌പയായും. ഇതിന്‌ 4മ്മ ശ.മാ. പലിശ നിശ്ചയിക്കപ്പെട്ടു. പ്രാഥമികാവശ്യങ്ങള്‍ക്കുവേണ്ടിവരുന്ന ചെലവ്‌ കേന്ദ്രഗവണ്‍മെന്റ്‌ ഗ്രാന്റായി നല്‌കിവന്നു. എസ്റ്റേറ്റിലെ യൂണിറ്റുകളുടെ വാടകയ്‌ക്ക്‌ സബ്‌സിഡിയും അനുവദിച്ചു. സബ്‌സിഡി നല്‌കുന്നതുമൂലമുണ്ടാകുന്ന നഷ്‌ടം ആദ്യത്തെ അഞ്ചുവർഷത്തേക്ക്‌ കേന്ദ്രവും അതതുസംസ്ഥാനവും തുല്യ അനുപാതത്തിൽ വഹിക്കണമെന്നും അതിനുശേഷം സംസ്ഥാനഗവണ്‍മെന്റുകള്‍ തന്നെ വഹിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഒരു നിശ്ചിതസ്ഥലത്ത്‌ അനവധി വ്യവസായയൂണിറ്റുകള്‍ സ്ഥാപിതമാകുന്നതുകൊണ്ട്‌ വെള്ളം, വൈദ്യുതി, ഗതാഗതം, കമ്പിത്തപാൽ, ബാങ്കിങ്‌ എന്നീ സൗകര്യങ്ങള്‍ പ്രയാസം കൂടാതെ ലഭിക്കും. അസംസ്‌കൃതസാധനങ്ങള്‍ വാങ്ങുന്നതിനും ഉത്‌പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനും സൗകര്യങ്ങള്‍ സിദ്ധിക്കും; അങ്ങനെ വന്‍കിടവ്യവസായങ്ങള്‍ക്കു ലഭിക്കുന്ന സാമ്പത്തികനേട്ടങ്ങള്‍ ചെറുകിടവ്യവസായങ്ങള്‍ക്കും ലഭ്യമാകും. മൂന്നാം പദ്ധതിക്കാലത്ത്‌ ഇന്‍ഡസ്റ്റ്രിയൽ എസ്റ്റേറ്റുകള്‍ കഴിയുന്നതും ചെറുകിട പട്ടണങ്ങള്‍ക്കു സമീപം സ്ഥാപിക്കേണ്ടതാണെന്ന്‌ നിശ്ചയിച്ചു. ഇന്‍ഡസ്റ്റ്രിയൽ എസ്റ്റേറ്റുകളിലെ യൂണിറ്റുകള്‍ ആവശ്യമുള്ളവർക്ക്‌ കെട്ടിടങ്ങളും സ്ഥലവും മൊത്തംവില ഒന്നിച്ചുകൊടുത്ത്‌ സ്വന്തമാക്കുകയോ ഹയർപർച്ചേസ്‌ വ്യവസ്ഥയിൽ തവണകളായി അടച്ച്‌ സ്വന്തമാക്കുകയോ മാസവാടകയ്‌ക്ക്‌ എടുക്കുകയോ ചെയ്യാം. ഹയർ പർച്ചേസ്‌ വ്യവസ്ഥകളനുസരിച്ച്‌ വിലയുടെ 20 ശ.മാ. ഉടന്‍ നല്‌കുകയും ബാക്കി 20 വർഷംകൊണ്ട്‌ അടയ്‌ക്കുകയും വേണം; വാടകയ്‌ക്ക്‌ എടുക്കുന്നവർക്ക്‌ പിന്നീട്‌ ഹയർപർച്ചേസ്‌ വ്യവസ്ഥയാക്കി മാറ്റാനും സ്വാതന്ത്യ്രമുണ്ട്‌.

എസ്റ്റേറ്റിലെ യൂണിറ്റുകള്‍ക്ക്‌ ഗതാഗതസൗകര്യം, വെള്ളം, വൈദ്യുതി എന്നിവ നല്‌കുന്നതിന്‌ എസ്റ്റേറ്റ്‌ ഒരു തുക ഈടാക്കാറുണ്ട്‌. കെട്ടിടനിർമാണത്തിന്റെയും ഭരണത്തിന്റെയും ചുമതല ഗവണ്‍മെന്റ്‌ നേരിട്ടോ കോർപ്പറേഷന്‍മുഖേനയോ ഗവണ്‍മെന്റ്‌ ഏർപ്പെടുത്തുന്ന മറ്റ്‌ ഏജന്‍സി മുഖേനയോ നിർവഹിക്കപ്പെടുന്നു.

മൂന്നാം പഞ്വത്സരപദ്ധതിക്കാലത്ത്‌ ചെറുകിടവ്യവസായങ്ങളെ സംബന്ധിച്ച പഠനങ്ങള്‍ക്കുവേണ്ടി നിയമിതമായ പ്രവർത്തകസമിതി ചില നിർദേശങ്ങള്‍ സമർപ്പിക്കുകയുണ്ടായി. ഗ്രാമപ്രദേശങ്ങളിൽ സമ്പൂർണങ്ങളായ എസ്റ്റേറ്റുകള്‍ സ്ഥാപിക്കുന്നതിനുപകരം ഗ്രാമങ്ങളിലെ വ്യവസായകുതുകികളായ തൊഴിലാളികള്‍ക്ക്‌ അവരുടെ വാസസ്ഥലങ്ങള്‍ക്കു സമീപമായി ജലം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങളുള്ള വർക്ക്‌ഷോപ്പ്‌ ഷെഡ്ഡുകള്‍ നല്‌കിയാൽമതി എന്നു നിർദേശിച്ചു. നഗരപ്രദേശങ്ങളിലെ വ്യവസായകുതുകികള്‍ക്ക്‌ (entrepreneurs) ഇെന്‍ഡസ്റ്റ്രിയൽ എസ്റ്റേറ്റിൽ സാധാരണയായി നല്‌കുന്ന സൗകര്യങ്ങള്‍ ഏർപ്പെടുത്തുകയും ഷെഡ്ഡുകളുടെ നിർമാണച്ചുമതല അവർക്കു വിട്ടുകൊടുക്കുകയും വേണമെന്നും തീരുമാനമായി. ചില വ്യവസ്ഥകള്‍ക്കു വിധേയമായി ഇന്‍ഡസ്റ്റ്രിയൽ എസ്റ്റേറ്റുകള്‍ക്കുവേണ്ട കെട്ടിടനിർമാണത്തിന്റെയും ഭരണത്തിന്റെയും ചുമതല ഇതിനുവേണ്ടി പ്രത്യേകം ചുമതലപ്പെടുത്തിയ ഒരു കോർപ്പറേഷന്‌ വിട്ടുകൊടുക്കണമെന്നതായിരുന്നു മറ്റൊരു നിർദേശം. ഷെഡ്ഡുകള്‍ വിലയ്‌ക്കുവാങ്ങുന്നതും ഹയർപർച്ചേസ്‌ വ്യവസ്ഥയിൽ നല്‌കുന്നതും തടയണമെന്നും ഈ സമിതി അഭിപ്രായപ്പെട്ടു. വ്യക്തികള്‍ക്ക്‌ ഉടമസ്ഥാവകാശം സിദ്ധിക്കുമ്പോള്‍ സമാനസ്വഭാവമുള്ള യൂണിറ്റുകള്‍ ഉണ്ടാക്കാന്‍ കഴിയാതെ വരുമെന്നതാണ്‌ ഇതിനുകാരണം.

ഇന്‍ഡസ്റ്റ്രിയൽ എസ്റ്റേറ്റുകളുടെ പുരോഗതിയിൽ പാർലമെന്റിന്റെ എസ്റ്റിമേറ്റ്‌സ്‌ കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്‌. മൂന്ന്‌ പദ്ധതികളിലായി 31 കോടി രൂപ ചെലവഴിച്ചിട്ട്‌ 5,188 ഷെഡ്ഡുകള്‍ മാത്രമേ പൂർത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും അവയിൽത്തന്നെ 2,586 യൂണിറ്റുകള്‍ മാത്രമേ പ്രവർത്തനം തുടങ്ങിയിട്ടുള്ളുവെന്നും കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു.

1973 മാർച്ച്‌ വരെ 585 എസ്റ്റേറ്റുകളുടെ പ്രവർത്തനം സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കപ്പെട്ടു. കോർപ്പറേഷന്‍ മുഖേനയോ ഗവണ്‍മെന്റ്‌ നേരിട്ടോ ആരംഭിച്ചിട്ടുള്ള എസ്റ്റേറ്റുകളും ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായത്തോടെ സഹകരണ, സ്വകാര്യ മേഖലകളിൽ ആരംഭിച്ചിട്ടുള്ള എസ്റ്റേറ്റുകളും ഇതിൽപ്പെടുന്നു. തമിഴ്‌നാട്‌, മഹാരാഷ്‌ട്ര, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിൽ സഹകരണമേഖലയിൽ പ്രവർത്തിക്കുന്ന ഇന്‍ഡസ്റ്റ്രിയൽ എസ്റ്റേറ്റുകളുണ്ട്‌; മഹാരാഷ്‌ട്ര, മൈസൂർ, ആന്ധ്രപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിൽ സ്വകാര്യ എസ്റ്റേറ്റുകളും പ്രവർത്തിക്കുന്നു.

സംസ്ഥാനഗവണ്‍മെന്റുകളുടെ ഉറപ്പിന്മേൽ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കും സഹകരണസ്ഥാപനങ്ങള്‍ക്കും ഇന്‍ഡസ്റ്റ്രിയൽ എസ്റ്റേറ്റുകള്‍ സ്ഥാപിക്കുന്നതിനുവേണ്ടി എൽ.ഐ.സി. വായ്‌പ നല്‌കിവരുന്നു. ഒരു എസ്റ്റേറ്റിന്റെ മൊത്തം ചെലവിന്റെ 60 ശ.മാ.-ത്തിൽ കവിയാത്ത തുകയാണ്‌ വായ്‌പനല്‌കുന്നത്‌; ബാക്കി 40 ശ.മാ. സംഭരിച്ചെങ്കിൽമാത്രമേ എൽ.ഐ.സി. വായ്‌പ നല്‌കുകയുള്ളൂ. പണിപൂർത്തിയാക്കിയ ഷെഡ്ഡുകളിൽ 40 ശ.മാ.-ത്തോളം ഇതുവരെ ഉപയോഗപ്പെടുത്തിത്തുടങ്ങിയിട്ടില്ല. ആസൂത്രണമില്ലായ്‌മ, സ്ഥാനനിർണയനത്തിലുള്ള അപാകത, പ്രാഥമിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കാലതാമസം, പ്രവർത്തകരെ ആകർഷിക്കുന്നതിൽ നേതൃത്വത്തിന്റെ കഴിവില്ലായ്‌മ എന്നിവയാണ്‌ ഇന്‍ഡസ്റ്റ്രിയിൽ എസ്റ്റേറ്റുകളുടെ പരാജയകാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ഇന്‍ഡസ്റ്റ്രിയൽ എസ്റ്റേറ്റുകളുടെ വികസനത്തിന്‌ വ്യവസായവികസനകോർപ്പറേഷന്‍ സ്ഥാപിക്കുകയാണ്‌ ഉത്തമമെന്ന്‌ വാദിക്കപ്പെട്ടു. വ്യവസായവികസനത്തിന്‌ കൂടുതൽ പ്രാത്സാഹ്നം നല്‌കുന്ന മഹാരാഷ്‌ട്ര, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിലെ വ്യവസായ വികസനകോർപറേഷനുകളുടെ വിജയം ഇതിനുപോദ്‌ബലകമാണ്‌.

ഇന്‍ഡസ്റ്റ്രിയൽ എസ്റ്റേറ്റുകള്‍ക്ക്‌ നല്‌കുന്ന സാമ്പത്തികസഹായത്തെ സംബന്ധിച്ച പഠനത്തിന്‌ റിസർവ്‌ബാങ്ക്‌ 1970 ഒ.-ൽ നിയമിച്ച പ്രവർത്തകസമിതി 1972 ഫെ. 23-ന്‌ റിപ്പോർട്ട്‌ സമർപ്പിക്കുകയുണ്ടായി. ഇന്‍ഡസ്റ്റ്രിയൽ എസ്റ്റേറ്റുകളുടെ വികസനസാധ്യതകളെക്കുറിച്ചുള്ള വസ്‌തുതകളിലേക്ക്‌ ഈ സമിതി വിരൽചൂണ്ടുന്നു. എൽ.ഐ.സി., ഫൈനാന്‍സ്‌ കോർപ്പറേഷന്‍, സ്റ്റേറ്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യ, മറ്റു വാണിജ്യബാങ്കുകള്‍ എന്നിവയുടെ സഹായം ലഭ്യമാക്കി മുനിസിപ്പാലിറ്റികള്‍, സിറ്റി ഇംപ്രൂവ്‌മെന്റ്‌ ട്രസ്റ്റ്‌ തുടങ്ങിയ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത്‌ ഇന്‍ഡസ്റ്റ്രിയൽ എസ്റ്റേറ്റുകള്‍ സ്ഥാപിക്കണമെന്ന്‌ ഈ സമിതി നിർദേശിക്കുന്നു.

1973 മാർച്ച്‌ വരെ ഇന്ത്യയൊട്ടാകെ 12,050 ഷെഡ്ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഈ ഷെഡ്ഡുകളിലായി 1972-73-ൽ 253 കോടി രൂപയുടെ സാധനങ്ങള്‍ നിർമിതമായി. 1,30,000 ആളുകള്‍ക്ക്‌ തൊഴിൽ നല്‌കാനും ഈ ഷെഡ്ഡുകള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. കേരളത്തിൽ പാപ്പനംകോട്‌, ഉമയനല്ലൂർ, കൊല്ലക്കടവ്‌, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, ഒല്ലൂർ, കോഴിക്കോട്‌ എന്നിവിടങ്ങളിൽ 8 മേജർ ഇന്‍ഡസ്റ്റ്രിയൽ എസ്റ്റേറ്റുകളും കരുനാഗപ്പള്ളി, ചേർത്തല, പള്ളുരുത്തി, മുടീക്കൽ, ഇരിങ്ങാലക്കുട, കാരക്കാട്‌, മഞ്ചേരി, പാലക്കാട്‌, കാസർകോഡ്‌ എന്നിവിടങ്ങളിൽ 9 മൈനർ ഇന്‍ഡസ്റ്റ്രിയൽ എസ്റ്റേറ്റുകളും പ്രവർത്തനം നടത്തുന്നു. ഈ 17 എസ്റ്റേറ്റുകളിലായി 514 ഷെഡ്ഡുകള്‍ പൂർത്തിയാക്കിയിട്ടുണ്ട്‌.

ചെറുകിടവ്യവസായവികസനം ലക്ഷ്യമാക്കി 10,000 മിനി എസ്റ്റേറ്റുകള്‍ കേരളഗവണ്‍മെന്റ്‌ ഒരു പുതിയപദ്ധതി തയ്യാറാക്കുകയും ഇതിനുവേണ്ട പ്രവർത്തനങ്ങള്‍ പൂർത്തിയാക്കുകയും ചെയ്‌തു. ഈ എസ്റ്റേറ്റുകളും ഇതിനകം പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. 1997-ൽ ഇന്ത്യാഗവണ്‍മെന്റ്‌ ഇന്‍ഡസ്‌ട്രിയൽ പാർക്ക്‌ സ്‌ക്രീം അവതരിപ്പിച്ചു. ഇന്‍ഫ്രാസ്‌ക്‌ട്രക്‌ചർ വികസിപ്പിക്കുകയും ചെയ്‌തു. 2002-ൽ ഈ പദ്ധതി വീണ്ടും നവീകരിക്കുകയും ഈ പാർക്കുകള്‍ക്ക്‌ 100% ടാക്‌സ്‌ ഹോളിഡേ നേട്ടത്തിന്‌ ആനുപാതികമായി അനുവദിക്കുകയും 2006 ഏ. 1-നും ന. 31-നുമിടയിൽ നിലവിൽ വന്നു പാർക്കുകള്‍ക്ക്‌ ഇതു ബാധകമാക്കുകയും ചെയ്‌തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍