This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍കം സ്റ്റേറ്റ്‌മെന്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്‍കം സ്റ്റേറ്റ്‌മെന്റ്‌

Income Statement

ഒരു വാണിജ്യസ്ഥാപനത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖ. മാനേജ്‌മെന്റിനും ഓഹരിയുടമകള്‍ക്കും ഉത്തമർണർക്കും ആവശ്യമായ വിവരങ്ങള്‍ അക്കൗണ്ടന്റുമാർ തയ്യാറാക്കുന്ന ഈ രേഖയിൽ ഉണ്ടായിരിക്കും.

ഇന്‍കം സ്റ്റേറ്റ്‌മെന്റിന്‌ പ്രത്യേകമാതൃക നിശ്ചയിച്ചിട്ടില്ല; സിംഗിള്‍ സ്റ്റെപ്പ്‌ സ്റ്റേറ്റ്‌മെന്റ്‌, മള്‍ട്ടിപ്പിള്‍ സ്റ്റെപ്പ്‌ സ്റ്റേറ്റ്‌മെന്റ്‌; കംബൈന്‍ഡ്‌ ഇന്‍കം ആന്‍ഡ്‌ റീട്ടെയിൽഡ്‌ ഏണിംഗ്‌സ്‌ സ്റ്റേറ്റ്‌മെന്റ്‌ എന്നിവയാണ്‌ സാധാരണ സ്വീകരിച്ചുപോരുന്ന മാതൃകകള്‍. സിംഗിള്‍ സ്റ്റെപ്പ്‌ സ്റ്റേറ്റ്‌മെന്റിൽ വില്‌പനയിൽനിന്നും മറ്റുമുള്ള വരവുകള്‍ ഒന്നിച്ചും ചെലവുകള്‍ ഒന്നിച്ചും പ്രത്യേകം രേഖപ്പെടുത്തിയിരിക്കും; ഇവ രണ്ടിന്റെയും വ്യത്യാസമാണ്‌ അറ്റാദായം. ഈ മാതൃകയനുസരിച്ച്‌ എല്ലാ ചെലവുകളും കൊടുത്തുതീരുന്നതുവരെ ലാഭം ഉണ്ടാകുന്നില്ല. ഓഹരിയുടമകള്‍ക്ക്‌ എളുപ്പത്തിൽ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ പറ്റിയ മാതൃകയാണിത്‌. എന്നാൽ വിറ്റഴിച്ച മൊത്തം സാധനങ്ങളുടെ വില, വില്‌പനയിൽനിന്നുള്ള മൊത്തം സാധനങ്ങളുടെ വില, വില്‌പനയിൽനിന്നുള്ള മൊത്തം ലാഭം, പ്രവർത്തനവരുമാനം എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ ഇതിൽനിന്നും ലഭിക്കുകയില്ല.

മാനേജ്‌മെന്റ്‌, വായ്‌പാസ്ഥാപനങ്ങള്‍ എന്നിവർക്ക്‌ സ്വീകാര്യമായ ഒന്നാണ്‌ മള്‍ട്ടിപ്പീള്‍ സ്റ്റെപ്പ്‌ സ്റ്റേറ്റ്‌മെന്റ്‌. ഇതിൽ ചില പ്രത്യേക വിഭാഗങ്ങളെ സംബന്ധിച്ച സൂചനകള്‍ നല്‌കിയിരിക്കും. മൊത്തംലാഭത്തിന്റെ അടിസ്ഥാനത്തിൽ ആസൂത്രണം ആവശ്യമായ സംരംഭങ്ങളിൽ ഇതിന്‌ പ്രത്യേക സ്ഥാനമുണ്ട്‌. സിംഗിള്‍ സ്റ്റെപ്പിലെയും മള്‍ട്ടിപ്പിള്‍ സ്റ്റെപ്പിലെയും വിവരങ്ങള്‍ ഒന്നിച്ചുചേർത്തുള്ള സമ്പ്രദായമാണ്‌ കംബൈന്‍ഡ്‌ ഇന്‍കം ആന്‍ഡ്‌ റീട്ടെയിൽഡ്‌ ഏണിങ്‌സ്‌ സ്റ്റേറ്റുമെന്റിലുള്ളത്‌.

ഘടകങ്ങള്‍. ഇന്‍കം സ്റ്റേറ്റ്‌മെന്റിലെ ആദ്യയിനം മൊത്ത വില്‌പനയായിരിക്കും. വില്‌പനയിൽ നിന്നുള്ള വരുമാനവും വില്‌പനയ്‌ക്കാവശ്യമായ ചെലവുകളും കുറവാണെങ്കിൽ അറ്റ വില്‌പനയായിരിക്കും ആദ്യം ചേർക്കുക; എന്നാൽ ഇവയുടെ തോത്‌ കൂടുതലാണെങ്കിൽ അവയുടെ വിവരം പ്രത്യേകം ചേർത്തിരിക്കേണ്ടതുണ്ട്‌. കമ്പോളവിലയിന്മേൽ ക്യാഷ്‌ ഡിസ്‌കൗണ്ടുകള്‍ നല്‌കുന്ന കമ്പനിയുടെ കാര്യത്തിൽ ആ വിവരം പ്രത്യേകം രേഖപ്പെടുത്തിയിരിക്കും. ഷിപ്പിങ്‌ ചാർജ്‌ വില്‌പനവിലയുടെ ഇനമാണെങ്കിൽ അതും മൊത്തവില്‌പനയിൽനിന്ന്‌ കുറയ്‌ക്കേണ്ടതുണ്ട്‌. കമ്മിഷന്‍ വ്യാപാരികള്‍ മുഖേന നടത്തുന്ന വില്‌പനകളിൽ കമ്മിഷനും കമ്പോളവിലയിൽനിന്നും കുറയ്‌ക്കേണ്ട ഒരിനമാണ്‌. സാധാരണയായി ഈ ഇനങ്ങള്‍ വില്‌പനയ്‌ക്കാവശ്യമായ ചെലവിനങ്ങളിൽ ഉള്‍പ്പെടുത്തുകയാണ്‌ പതിവ്‌. സാധനങ്ങളും സേവനങ്ങളും വില്‌ക്കുന്ന സ്ഥാപനങ്ങളുടെ ഇന്‍കം സ്റ്റേറ്റുമെന്റുകളിൽ അതാതിൽനിന്നുള്ള വരുമാനങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തിയിരിക്കും. ഉത്‌പന്നങ്ങള്‍, വകുപ്പുകള്‍, പ്രദേശങ്ങള്‍, പ്രധാന ഉപഭോക്താക്കള്‍ എന്നീ വിവിധവിഭാഗങ്ങളായി വില്‌പനയിൽനിന്നുള്ള വരുമാനം വർഗീകരിച്ചുകാണിക്കുന്ന സമ്പ്രദായവും സ്വീകരിച്ചുപോരുന്നുണ്ട്‌. വില്‌ക്കുന്ന സാധനത്തിന്റെ അളവും രേഖപ്പെടുത്തിയിരിക്കും. അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള കമ്പനികള്‍ക്കു വില്‌ക്കുന്ന സാധനങ്ങളുടെ വിവരം പ്രത്യേകം സൂചിപ്പിക്കാറുണ്ട്‌. ആവർത്തനസ്വഭാവമില്ലാത്ത വന്‍തുകകള്‍ വില്‌പനയിനത്തിൽപ്പെടുകയാണെങ്കിൽ അതിന്റെ വിവരം പ്രത്യേകം ചേർത്തിരിക്കണമെന്നുണ്ട്‌.

ഇന്‍സ്റ്റാള്‍മെന്റ്‌ വില്‌പനയുടെ വിവരം ഇന്‍കംസ്റ്റേറ്റ്‌മെന്റിലെ മറ്റൊരിനമാണ്‌. ദീർഘകാല കരാറുകളിൽനിന്നുള്ള വരുമാനം രേഖപ്പെടുത്തുന്നതിനും ചില നിശ്ചിതരീതികള്‍ ഉണ്ട്‌. കരാറനുസരിച്ചുള്ള ജോലിതീർത്തതിനുശേഷം രേഖപ്പെടുത്തുന്ന രീതിയും ജോലി തീരുന്നതിന്റെ അനുപാതത്തിൽ രേഖപ്പെടുത്തുന്ന രീതിയും ആണ്‌ പൊതുവായി സ്വീകരിച്ചിട്ടുള്ളത്‌. വില പുനർനിർണയനം ചെയ്യുമ്പോഴും ഗവണ്‍മെന്റ്‌ ഉടമ്പടികളനുസരിച്ച്‌ പ്രവർത്തിക്കുന്ന ജോലിയുടെ ഉടമ്പടിവിലയ്‌ക്കു മാറ്റമുണ്ടാകുമ്പോഴും ആ മാറ്റങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തിയിരിക്കും.

സാധനങ്ങള്‍ വില്‌ക്കുന്നതിനുവേണ്ടിവരുന്ന ചെലവും വില്‌പനയിൽനിന്നുള്ള മൊത്തം ലാഭവും സംബന്ധിച്ച വിവരങ്ങള്‍ മാനേജ്‌മെന്റിനെയും വായ്‌പാസ്ഥാപനങ്ങളെയും സംബന്ധിച്ചിടത്തോളം പ്രാധാന്യമർഹിക്കുന്നു. തേയ്‌മാനം, റോയൽറ്റി, സോഷ്യൽ സെക്യൂരിറ്റിനികുതി, ഇന്‍ഷുറന്‍സ്‌ തുടങ്ങിയ ഇനങ്ങള്‍ അടങ്ങിയ ഫാക്‌ടറി ചെലവുകള്‍, സാധനങ്ങളുടെ വില, ജോലിക്കാരുടെ വസതികള്‍, കാന്റീന്‍ എന്നിവയിൽനിന്നുള്ള നഷ്‌ടങ്ങള്‍ എന്നിവയും ഈ ഇനത്തിൽപ്പെട്ടതാണ്‌. ചില സ്ഥാപനങ്ങളിൽ ഈ ഇനങ്ങള്‍ വളരെക്കൂടുതലായിരിക്കും. ദീർഘമായ പട്ടികയുണ്ടെങ്കിൽ അവ ഒരു അനുബന്ധമായി ചേർക്കുകയാണ്‌ പതിവ്‌. സാധനങ്ങള്‍ വാങ്ങുമ്പോഴുള്ള ക്യാഷ്‌ ഡിസ്‌കൗണ്ടുകള്‍ വരവിനമായും വില്‌ക്കുമ്പോള്‍ നല്‌കുന്ന ക്യാഷ്‌ ഡിസ്‌കൗണ്ടുകള്‍ ചെലവിനമായും രേഖപ്പെടുത്തുന്ന പതിവ്‌ ചില സ്ഥാപനങ്ങളിലുണ്ട്‌. ആദ്യത്തെ ഇനം വാങ്ങിയ സാധനങ്ങളുടെ വിലയിൽ കുറയ്‌ക്കുകയും രണ്ടാമത്തത്‌ കമ്പോളവിലയിൽ കുറച്ചുകാണിക്കുകയും ചെയ്യുന്നതാണ്‌ കൂടുതൽ ശരി എന്നാണ്‌ അക്കൗണ്ടിംഗ്‌ വിദഗ്‌ധന്മാരുടെ അഭിപ്രായം. ഫാക്‌ടറി കെട്ടിടങ്ങളുടെയും ഉപകരണങ്ങളുടെയും തേയ്‌മാനച്ചെലവും പ്രത്യേകം രെഖപ്പെടുത്താറുണ്ട്‌. സാധനങ്ങള്‍ വാങ്ങുമ്പോള്‍ വിദേശനാണ്യത്തിലുണ്ടാകുന്ന നഷ്‌ടം സാധനങ്ങള്‍ ഉത്‌പാദിപ്പിക്കുന്നതിനാവശ്യമായ ചെലവിന്റെ ഭാഗമായും സാധനങ്ങള്‍ വില്‌ക്കുമ്പോഴുണ്ടാകുന്ന വിദേശനാണ്യലാഭം ചെലവിൽ കുറച്ചും കാണിക്കുന്നു.

കമ്പോളവിലയിലുണ്ടാകുന്ന മാറ്റങ്ങളും നേരത്തേ കരാറിൽ ഏർപ്പെട്ടു സാധനങ്ങള്‍ വാങ്ങിക്കുമ്പോഴുണ്ടാകുന്ന നഷ്‌ടവും മൊത്തലാഭത്തിൽ കുറയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. വില്‌പനക്കാരന്റെ ശമ്പളം, വില്‌പനവകുപ്പിന്റെ ചെലവുകള്‍, പരസ്യം, കാറ്റലോഗ്‌, വില്‌പന വകുപ്പിലെ ഉപകരണങ്ങളുടെ തേയ്‌മാനം, സോഷ്യൽ സെക്യൂരിറ്റിനികുതികള്‍, ബോണസ്‌, യാത്രപ്പടി എന്നിവ വില്‌പനച്ചെലവുകളിൽപ്പെടുന്നു.

എക്‌സിക്യൂട്ടിവുകളുടെ ശമ്പളം, ബോണസ്‌, പൊതു ആഫീസ്‌ ചെലവുകള്‍, ആഡിറ്റിങ്‌ ഫീസ്‌, വക്കീൽ ഫീസ്‌ എന്നിവ ഭരണച്ചെലവുകളിൽ പെട്ടതാണ്‌. ഭരണച്ചെലവുകളും വില്‌പനച്ചെലവുകളും മൊത്തലാഭത്തിൽനിന്നു കുറയ്‌ക്കുന്നു. ഇങ്ങനെ കുറച്ചുകിട്ടുന്ന തുകയാണ്‌ ഓപ്പറേറ്റിങ്‌ ഇന്‍കം. ആദായനികുതി സാധാരണയായി പ്രത്യേകം കാണിച്ചിരിക്കും. ആദായനികുതി കൊടുക്കുന്നതിനുമുമ്പുള്ള അറ്റാദായം, ആദായനികുതി കൊടുത്തതിനുശേഷമുള്ള അറ്റാദായം എന്നിവ പ്രത്യേകം രേഖപ്പെടുത്തുകയാണ്‌ മിക്ക സ്ഥാപനങ്ങളും ചെയ്യുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍