This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്റർപോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്റര്‍പോള്‍

Interpol

ക്രിമിനല്‍ക്കുറ്റങ്ങള്‍ തടയുന്നതിനും കുറ്റവാളികളെ കണ്ടുപിടിക്കുന്നതിനും അന്തര്‍ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടന. ഫ്രാന്‍സിലെ ലിയോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇതിന്റെ പൂര്‍ണമായ പേര്‌ "ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പൊലീസ്‌ ഓര്‍ഗനൈസേഷന്‍' (International Criminal Police Organisation)എന്നാണ്‌. അന്തര്‍ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ പൊലീസ്‌ സംഘടനയായ ഇന്റര്‍പോളില്‍ 190-ല്‍പ്പരം രാജ്യങ്ങള്‍ അംഗങ്ങളായുണ്ട്‌.

തീവ്രവാദം, വംശഹത്യ, യുദ്ധക്കുറ്റങ്ങള്‍, മയക്കുമരുന്ന്‌ കടത്ത്‌, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട അന്വേഷണമാണ്‌ ഇന്റര്‍പോളിന്റെ പ്രധാന ചുമതല. ഇതുകൂടാതെ ബൗദ്ധികസ്വത്തവകാശവുമായി ബന്ധപ്പെട്ട കേസുകള്‍, ആഗോള മരുന്നു വിപണിയിലെ ക്രമക്കേടുകള്‍ എന്നീ രംഗത്തും ഇന്റര്‍പോളിന്റെ സേവനം ലോകരാജ്യങ്ങള്‍ക്ക്‌ ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്‌. മോഷ്‌ടിക്കപ്പെട്ട അമൂല്യ കലാസൃഷ്‌ടികള്‍, വാഹനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രത്യേകതരം കേസുകളും ഇന്റര്‍പോള്‍ കൈകാര്യം ചെയ്യുന്നുണ്ട്‌.

ഒന്നാം ലോകയുദ്ധത്തിനുശേഷമാണ്‌ ഇത്തരത്തിലൊരു സംഘടന രൂപവത്‌കരിക്കേണ്ടതിന്റെ ആവശ്യകത ലോകരാഷ്‌ട്രങ്ങള്‍ക്കു ബോധ്യപ്പെട്ടത്‌. വ്യോമസഞ്ചാരം സുഗമമായതോടെ ഒരു രാജ്യത്ത്‌ ഏതെങ്കിലും കുറ്റകൃത്യം നടത്തിയശേഷം മണിക്കൂറുകള്‍ക്കകം ആ കുറ്റവാളിക്ക്‌ മറ്റു രാജ്യങ്ങളിലേക്കു ചെന്നെത്താമെന്നായത്‌ ഇന്റര്‍പോള്‍ പോലുള്ള സംഘടന ഉണ്ടാകേണ്ടതിന്റെ ആവശ്യം വളരെ വര്‍ധിപ്പിച്ചു. ഇത്തരം ബുദ്ധിമുട്ടുകള്‍ കൂടുതല്‍ അനുഭവിച്ചുവന്ന ആസ്റ്റ്രിയയാണ്‌ ഇന്റര്‍പോള്‍ സ്ഥാപിക്കാന്‍ മുന്നോട്ടുവന്നത്‌. 1923-ല്‍ വിയന്നാ പൊലീസ്‌ പ്രസിഡന്റ്‌ യൊഹാന്‍ ഷോബര്‍ മറ്റു രാജ്യങ്ങളിലെ പ്രതിനിധികളെ വിളിച്ചുകൂട്ടുന്നതിന്‌ ആസ്റ്റ്രിയന്‍ ഗവണ്‍മെന്റിന്റെ അനുമതി നേടുകയും 20 രാഷ്‌ട്രങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ "ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പൊലീസ്‌ കമ്മിഷന്‍' രൂപവത്‌കരിക്കുകയും ചെയ്‌തു. വിയന്ന ആസ്ഥാനമാക്കി പ്രവര്‍ത്തിച്ച സംഘടനയുടെ ആദ്യപ്രസിഡന്റ്‌ ഷോബര്‍ തന്നെയായിരുന്നു.

1938-ല്‍ നാസികള്‍ ആസ്റ്റ്രിയ പിടിച്ചടക്കിയതോടെ ഇന്റര്‍പോളിന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. രണ്ടാം ലോകയുദ്ധത്തിനുശേഷം ഈ സംഘടന പുനരുദ്ധരിക്കേണ്ടത്‌ ആവശ്യമായിത്തീര്‍ന്നു; ഇന്റര്‍പോളിന്റെ ആസ്ഥാനം വിയന്നയില്‍നിന്ന്‌ പാരിസിലേക്കു മാറ്റി. ജനറല്‍ സെക്രട്ടേറിയറ്റിനാവശ്യമായ ഉദ്യോഗസ്ഥന്മാരെയും ഫ്രഞ്ച്‌ ഗവണ്‍മെന്റ്‌ നല്‌കി. ബെല്‍ജിയന്‍ നിയമമന്ത്രികാര്യാലയത്തിലെ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ജനറലായ ഫ്‌ളോറന്റ്‌ ലൂവേജ്‌ ഇന്റര്‍പോള്‍ പ്രസിഡന്റായി. 1955-ല്‍ ഇന്റര്‍പോള്‍ വികസിപ്പിച്ചു; അംഗസംഖ്യ 55 ആയി ഉയര്‍ന്നു. 1956-ല്‍ ഒരു പുതിയ ഭരണഘടന എഴുതിയുണ്ടാക്കുകയും സംഘടനയുടെ പേര്‌ "ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പൊലീസ്‌ ഓര്‍ഗനൈസേഷന്‍'എന്നാക്കി മാറ്റുകയും ചെയ്‌തു.

ജനറല്‍ അസംബ്ലി, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി, ജനറല്‍ സെക്രട്ടേറിയറ്റ്‌, നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോകള്‍, കമ്മിഷണ്‍ ഫോര്‍ ദ്‌ കണ്‍ട്രാള്‍ ഒഫ്‌ ഇന്റര്‍പോള്‍സ്‌ ഫൈല്‍സ്‌ (CCF) എന്നിവ ചേര്‍ന്നതാണ്‌ ഇന്റര്‍പോള്‍. ജനറല്‍ അസംബ്ലിയിലെ അംഗങ്ങള്‍ ഓരോ മെമ്പര്‍ രാജ്യത്തെയും പ്രതിനിധി ആയിരിക്കും. ഇന്റര്‍പോളിന്റെ പരമോന്നത ഭരണനിര്‍വഹണസമിതിയായ ജനറല്‍ അസംബ്ലി എല്ലാ വര്‍ഷവും യോഗം ചേരുകയും സുപ്രധാന തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നു. ഇപ്രകാരം എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയാണ്‌. ഈ കമ്മിറ്റിയില്‍ ഓരോ ഇന്റര്‍പോള്‍ റീജിയനെയും പ്രതിനിധീകരിച്ച്‌ ആകെ പതിമൂന്ന്‌ അംഗങ്ങള്‍ ഉണ്ട്‌. ഇതില്‍ ഒരു പ്രസിഡന്റും മൂന്ന്‌ വൈസ്‌ പ്രസിഡന്റുമാരും ഒന്‍പത്‌ പ്രതിനിധികളും ഉള്‍പ്പെടും.

ഇന്റര്‍പോളിന്റെ കേന്ദ്രസ്ഥാപനമായ ജനറല്‍ സെക്രട്ടേറിയറ്റില്‍ സെക്രട്ടറി ജനറലും സ്റ്റാഫുകളും ഉള്‍പ്പെടുന്നു. ഓരോ അംഗരാജ്യത്തിനും നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ (NCB) എന്നു പേരുള്ള ഒരു ക്ലിയറിങ്‌ ഹൗസുണ്ട്‌. ഈ ബ്യൂറോ വഴിയാണ്‌ അംഗരാഷ്‌ട്രങ്ങള്‍ ജനറല്‍ സെക്രട്ടേറിയറ്റുമായും പരസ്‌പരവും സമ്പര്‍ക്കം പുലര്‍ത്തുന്നത്‌. വ്യക്തികളെ തിരിച്ചറിയാനുള്ള കൈരേഖകള്‍, ഡി.എന്‍.എ. വിവരങ്ങള്‍, ഫോട്ടോകള്‍ തുടങ്ങിയ ബൃഹദ്‌വിവരങ്ങള്‍ കൈകാര്യം ചെയ്യുക എന്നതാണ്‌ സി.സി.എഫിന്റെ ധര്‍മം. കുറ്റവാളികള്‍, ദുരന്തങ്ങളില്‍ ജീവഹാനി സംഭവിക്കുന്ന അജ്ഞാതര്‍ എന്നിവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഇതില്‍പ്പെടും.

അബിദ്‌ജന്‍, ബ്യൂണസ്‌ അയേഴ്‌സ്‌, ഹാരാരെ, നെയ്‌റോബി, ബാങ്കോക്ക്‌, കാമറൂണ്‍, സാന്‍ സാല്‍വദോര്‍ എന്നിവിടങ്ങളിലായി ഇന്റര്‍പോളിന്റെ ഏഴ്‌ തദ്ദേശീയ ബ്യൂറോകള്‍ പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ യു.എന്‍. ആസ്ഥാനത്തും യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനത്തും ഓരോ പ്രതിനിധി ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്‌.

ഇന്റര്‍പോളിന്റെ പ്രധാന ഓപ്പറേഷന്‍ കേന്ദ്രം കമാന്‍ഡ്‌ ആന്‍ഡ്‌ കോര്‍ഡിനേഷന്‍ സെന്റര്‍ എന്നറിയപ്പെടുന്നു. 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ ഇവിടെ അന്വേഷണ ഏജന്‍സികള്‍ക്കാവശ്യമായ വിവരങ്ങള്‍ ദ്രുതഗതിയില്‍ ലഭ്യമാകുന്നു. അനവധി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള വിദഗ്‌ധരായ ഉദ്യോഗസ്ഥരാണ്‌ ഇവിടെ സേവനമനുഷ്‌ഠിക്കുന്നത്‌.

ഫ്രാന്‍സിലെ ലിയോണ്‍, അര്‍ജന്റീനയിലെ ബ്യൂണസ്‌ അയേഴ്‌സ്‌ എന്നിവിടങ്ങളിലാണ്‌ നിലവില്‍ കമാന്‍ഡ്‌ ആന്‍ഡ്‌ കോര്‍ഡിനേഷന്റെ സെന്ററുകളുള്ളത്‌.

അംഗരാഷ്‌ട്രങ്ങളിലെ പൊലീസ്‌ അധികാരികള്‍ തങ്ങളുടെ രാഷ്‌ട്രങ്ങളിലെ നിയമങ്ങള്‍ക്കു വിധേയമായി പരസ്‌പരം സഹകരിക്കുകയും കുറ്റങ്ങള്‍ തടയാനും കണ്ടുപിടിക്കാനും ഉതകുന്നതരത്തിലുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. രാഷ്‌ട്രീയമോ മതപരമോ വര്‍ഗവിവേചനപരമോ സൈനികമോ ആയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന്‌ ഈ സംഘടനയ്‌ക്ക്‌ അധികാരമില്ല.

ഒന്നിലധികം രാഷ്‌ട്രങ്ങളില്‍ കള്ളക്കടത്തുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, വിദേശനാണ്യങ്ങള്‍ വ്യാജമായി അച്ചടിച്ചു പ്രചരിപ്പിക്കുന്നവര്‍, ഒരു രാജ്യത്ത്‌ കുറ്റകൃത്യം നടത്തിയശേഷം അന്യരാജ്യങ്ങളില്‍ പോയി രക്ഷപ്പെടുന്നവര്‍ എന്നിവരാണ്‌ ഇന്റര്‍പോളിന്റെ പ്രവര്‍ത്തനപരിധിയില്‍പ്പെടുന്ന പ്രധാന കുറ്റവാളികള്‍. അന്തര്‍ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള മികച്ച സംവിധാനങ്ങള്‍ ഇന്റര്‍പോള്‍ കേന്ദ്രങ്ങളിലുണ്ട്‌. കുറ്റകൃത്യവുമായി ബന്ധപ്പെട്ട രേഖകളും കേസ്‌ഫയലുകളും മറ്റും ദീര്‍ഘകാലം സൂക്ഷിക്കുന്ന പതിവുമുണ്ട്‌.

അംഗരാജ്യങ്ങള്‍ക്കിടയില്‍ സുപ്രധാന വിവരങ്ങള്‍ കൈമാറുന്നതിനുവേണ്ടി I-24/7 എന്ന ഒരു പ്രത്യേക പൊലീസ്‌ കമ്യൂണിക്കേഷന്‍ സിസ്റ്റം ഇന്റര്‍പോള്‍ ഉപയോഗിക്കുന്നു. ഇതിന്റെ സഹായത്തോടെ ഓരോ അംഗരാജ്യത്തിലെയും നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോയ്‌ക്ക്‌ നിമിഷങ്ങള്‍ക്കകം വിവരം തെരഞ്ഞെടുക്കുന്നതിനും കൈമാറുന്നതിനും സാധിക്കുന്നു. ഓരോ രാജ്യവും അവരുടേതായ ക്രിമിനല്‍ ഡേറ്റാബേസ്‌ സൂക്ഷിക്കുകയും I-24/7 വഴി മറ്റു രാഷ്‌ട്രങ്ങളുമായി പങ്കുവയ്‌ക്കുകയും ചെയ്യുന്നു. ഇന്ത്യ ഇന്റര്‍പോളിലെ അംഗമാണ്‌. ഇന്റര്‍പോളുമായി ബന്ധപ്പെടുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനുമുള്ള ചുമതല ഇന്ത്യയില്‍ സി.ബി.ഐക്കാണ്‌.

അംഗരാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികളുടെ അഭ്യര്‍ഥനയനുസരിച്ച്‌ പ്രത്യേക ടീമുകളെ ഇന്റര്‍പോള്‍ അയയ്‌ക്കുന്നു. വിദഗ്‌ധരായ പൊലീസുദ്യോഗസ്ഥര്‍, അവരുടെ സഹായികള്‍ എന്നിവര്‍ ഇത്തരം ടീമുകളിലുണ്ടാകും. പ്രകൃതിദുരന്തങ്ങള്‍, ബോംബ്‌ സ്‌ഫോടനങ്ങള്‍, അപകടങ്ങള്‍ എന്നിവ നടക്കുന്നിടത്തെല്ലാം അംഗരാജ്യങ്ങള്‍ ഇന്റര്‍പോളിന്റെ സേവനം തേടാറുണ്ട്‌.

സുപ്രധാന കുറ്റങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ കൈമാറുന്നതിന്‌ ഇന്റര്‍പോള്‍ പ്രത്യേകതരം നോട്ടീസുകള്‍ ഉപയോഗിക്കുന്നു.

1. ചുവപ്പ്‌ നോട്ടീസ്‌. കുറ്റവാളികള്‍ക്കെതിരെ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിക്കുന്നതിനുവേണ്ടി.

2. മഞ്ഞ നോട്ടീസ്‌. കാണാതായവരെ കണ്ടെത്തുന്നതിന്‌ സഹായമഭ്യര്‍ഥിക്കുന്നതിനുവേണ്ടി. പ്രത്യേകിച്ച്‌ കുട്ടികളെയും ഓര്‍മ നഷ്‌ടപ്പെട്ടവരെയും കണ്ടെത്തുന്നതിനുവേണ്ടി.

3. നീല നോട്ടീസ്‌. കുറ്റവാളിയെക്കുറിച്ചും അയാളുടെ വാസസ്ഥലം, പ്രവൃത്തികള്‍ എന്നിവയെക്കുറിച്ചും കൂടുതല്‍ വിവരം ലഭിക്കുന്നതിന്‌.

4. കറുപ്പ്‌ നോട്ടീസ്‌. തിരിച്ചറിയാന്‍ പറ്റാത്ത ശവശീരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ആരായുന്നതിന്‌.

5. പച്ച നോട്ടീസ്‌. കുറ്റം ചെയ്‌ത വ്യക്തികളെക്കുറിച്ചും മറ്റുരാജ്യങ്ങളില്‍ കുറ്റം ആവര്‍ത്തിക്കാനുള്ള സാധ്യതകളെക്കുറിച്ചും മുന്നറിയിപ്പ്‌ നല്‍കുന്നതിനായി ഉപയോഗിക്കുന്നു.

6. പര്‍പ്പിള്‍ നോട്ടീസ്‌. ഒളിച്ചു വച്ചിരിക്കുന്ന ആയുധങ്ങള്‍, പാഴ്‌സല്‍ ബോംബുകള്‍ തുടങ്ങിയ മാരകമായ വസ്‌തുക്കളെക്കുറിച്ച്‌ പൊലീസിനും മറ്റ്‌ അന്താരാഷ്‌ട്ര ഏജന്‍സികള്‍ക്കും വിവരം നല്‍കുന്നതിനുവേണ്ടി.

7. ഓറഞ്ച്‌ നോട്ടീസ്‌. വ്യക്തിക്കോ സ്വത്തിനോ ഭീഷണി ഉയര്‍ത്തുന്ന വ്യക്തി/സംഭവം/വസ്‌തു/പ്രക്രിയ എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പു നല്‍കുന്നതിന്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍