This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്റർനാഷണൽ സ്റ്റൈൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്റര്‍നാഷണല്‍ സ്റ്റൈല്‍

International style

ഹെന്‌റി-റസല്‍ ഹിച്‌കോക്ക്‌

യൂറോപ്പില്‍ 1920-30 കാലത്ത്‌ രൂപംകൊണ്ട ഒരു സവിശേഷ വാസ്‌തുവിദ്യാശൈലി. ഇന്റര്‍നാഷണല്‍ സ്റ്റൈല്‍: ആര്‍ക്കിടെക്‌ചര്‍ സിന്‍സ്‌ 1922 ((International style: Architecture since 1922) എന്ന പേരില്‍, പ്രസിദ്ധ പണ്ഡിതനായ ഹെന്‌റി-റസല്‍ ഹിച്‌കോക്കും വാസ്‌തുശില്‌പിയായ ഫിലിപ്പ്‌ ജോണ്‍സണും ചേര്‍ന്ന്‌ 1932-ല്‍ പ്രസിദ്ധീകരിച്ച കൃതിയിലാണ്‌ ഈ സംജ്ഞ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്‌. തുടര്‍ന്ന്‌ യൂറോപ്യന്‍ പണ്ഡിതസമൂഹത്തില്‍ ഇത്‌ പരക്കെ അംഗീകൃതമായി.

'സമകാലികശൈലിയെ ഒരു വാസ്‌തവിക സത്ത എന്ന നിലയില്‍ ഉദ്‌ഗ്രഥിക്കാനും അതേസമയം വ്യക്തിഗതമായ വിധിനിഷേധങ്ങളെ പ്രോത്സാഹിപ്പിക്കാനും പോന്ന സുനിര്‍ണീതമെങ്കിലും ആയാമ്യമായ ഒന്നാണ്‌ ഇന്റര്‍നാഷണല്‍ സ്റ്റൈല്‍ എന്ന്‌ നിരീക്ഷിച്ച ഹിച്‌കോക്കും ജോണ്‍സണും ഇതിന്റെ മൂന്നു പ്രധാന ഭാവങ്ങളെ ഇങ്ങനെ അവതരിപ്പിക്കുന്നു.

(1) ദ്രവ്യമാന(mass)ത്തെക്കാള്‍ കൂടുതലായി വ്യാപ്‌തത്തെ ആധാരമാക്കി വാസ്‌തുവിദ്യാസങ്കേതം നിര്‍ണയിക്കുക.

(2) അക്ഷീയസമമിതി(axial symmetry)യുടെ സ്ഥാനത്ത്‌ സ്ഥാപത്യകലാഘടകങ്ങള്‍ (Architectonic elements) സന്നിവേശിപ്പിക്കുക.

(3) ആത്മനിഷ്‌ഠവും സ്വേച്ഛാപരവുമായ അലങ്കരണ പ്രവണതകളെ ഒഴിവാക്കുക.

തങ്ങളുടെ ശില്‌പസൃഷ്‌ടികള്‍ പാരമ്പര്യാധിഷ്‌ഠിതമായ യാഥാസ്ഥിതിക സങ്കല്‌പങ്ങളിലോ ദേശീയ ശൈലീ സവിശേഷതകളിലോ അധിഷ്‌ഠിതമായിരുന്നാല്‍ പോരാ എന്നും അവ ജനങ്ങളുടെ സാര്‍വര്‍ത്രികാവശ്യങ്ങളെയും പുതിയതായി ലഭ്യമാകുന്ന നിര്‍മാണസാമഗ്രികളുടെ പ്രയോഗക്ഷമതയെയും കാര്യമായി പരിഗണിക്കേണ്ടതുണ്ടെന്നും നിശ്ചയിച്ചുറച്ച ഏതാനും വാസ്‌തുശില്‌പികള്‍ ആണ്‌ ഒന്നാം ലോകയുദ്ധത്തിനുശേഷം ഈ പുതിയ ശൈലി രൂപപ്പെടുത്തുന്നതില്‍ മുന്‍കൈ എടുത്തത്‌. അവര്‍ എവിടെയും സ്വീകാര്യമായ ചില അഭികല്‌പനകള്‍ ആസൂത്രണം ചെയ്‌തു. ചരിത്രപരമായ വഴക്കങ്ങള്‍ക്കും ചമത്‌കാരശാസ്‌ത്രവിധികള്‍ക്കും യാതൊരു സ്ഥാനവും നല്‌കാത്ത ഒരു പുതിയ വാസ്‌തുവിദ്യാ ശിക്ഷണമായിരുന്നു ഇതിന്റെ ഫലം.

പ്രചാരം. വളരെ വേഗമാണ്‌ ഈ പുതിയ ശില്‌പസംവിധാനരീതി യൂറോപ്പിന്റെ എല്ലാ ഭാഗങ്ങളിലും ചെന്നെത്തിയത്‌. സംരചനാശുദ്ധിക്ക്‌ ഊന്നല്‍കൊടുത്തുകൊണ്ടും അലങ്കാരചിത്രണങ്ങളെ നിരസിച്ചുകൊണ്ടുമുള്ള ഈ നിര്‍മാണശൈലി ആസ്‌ട്രിയയില്‍ ഓട്ടോ വാഗ്നറും ജോസഫ്‌ ഹോഫ്‌മാനും പ്രചരിപ്പിച്ചു. ജര്‍മനിയില്‍ പീറ്റര്‍ ബഹ്‌റന്‍ നിര്‍മിച്ച ഫാക്‌ടറികളിലും വാള്‍ട്ടര്‍ ഗ്രോപിപിയസ്‌ രൂപം നല്‌കിയ ദെസ്സാവ്‌ ബാവ്‌ഹാവ്‌സ്‌ സൗധങ്ങളിലും ഡാമ്മര്‍സ്റ്റോക്‌-കാള്‍സ്‌റൂഹെ സംവിധാനംചെയ്‌ത ഭവനപരമ്പരകളിലും (apartment buildings) ഈ ശൈലി സാംഗോപാംഗം പ്രതിഫലിച്ചു. രൂപമോ ആകൃതിയോ (form) അല്ല തങ്ങളുടെ ലക്ഷ്യമെന്നുള്ള കാര്യം അവരാരും മറച്ചുവച്ചില്ല. പ്രയത്‌നഫലമാണ്‌ രൂപമെന്നും അതിന്‌ പരാനപേക്ഷമായ ഒരു സത്തയില്ലെന്നും അവര്‍ പ്രഖ്യാപിച്ചു. പ്രഗല്‌ഭ ജര്‍മന്‍ വാസ്‌തുശില്‌പിയായ മീസ്‌ വാന്‍ ഡെര്‍ റോഹേ 1921-നും 1925-നും ഇടയ്‌ക്ക്‌ ബര്‍ലിനില്‍ സ്‌ഫടിക ജാലകങ്ങളോടുകൂടി രണ്ട്‌ അംബരചുംബികളും ബാഴ്‌സിലോണയില്‍ നടന്ന അന്താരാഷ്‌ട്ര പ്രദര്‍ശനത്തിനുവേണ്ടി (1929) ഒരു ജര്‍മന്‍ ചതുശ്‌ശാലവും നിര്‍മിച്ചത്‌ ഈ ശൈലിയില്‍ത്തന്നെയാണ്‌.

ഫിലിപ്പ്‌ ജോണ്‍സണ്‍

ഈ പുതിയ വാസ്‌തുവിദ്യാപ്രസ്ഥാനത്തിന്റെ ഏറ്റവും പ്രശസ്‌തനായ പ്രയോക്താവായിരുന്നു ഫ്രഞ്ചുകാരനായ ലാ കോര്‍ബുസിയേ. "ഭാവിയുടെ അഭിജ്ഞാനം വ്യക്തമാക്കുന്ന ഒരു സംരചനാസമ്പ്രദായമാണിത്‌; ഞങ്ങളുടെ കൂട്ടത്തിലുള്ള എണ്ണമറ്റ ആളുകള്‍ എല്ലാ രാജ്യങ്ങളിലുമുണ്ടായിരുന്ന ഒരേ ഭാരത്താല്‍ അവനമിതരായി, ഒരേയൊരു സര്‍ഗാത്മകാശയത്തെ സ്വപ്‌നം കാണുന്നവരായി, ഏതാനും വര്‍ഷങ്ങള്‍ക്കകം ആധുനികശാസ്‌ത്രബോധത്തിന്റെ സന്തതിയും അഭിനവസമൂഹത്തിന്റെ നൂതനാശയങ്ങളുടെ ദാസനുമായി, ഒരു അന്തര്‍ദേശീയ വാസ്‌തുശില്‌പവിദ്യ സംജാതമായി' എന്ന്‌ പാരിസിലെ റൂഡെ സെവ്‌റേയിലുള്ള തന്റെ പ്രദര്‍ശനമണ്ഡപം ഉദ്‌ഘാടനം ചെയ്യപ്പെട്ട അവസരത്തില്‍ കോര്‍ബുസിയ പ്രസ്‌താവിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഫലപുഷ്‌കലമായ ആശയങ്ങള്‍ മൂര്‍ത്തരൂപംകൊണ്ട സമുജ്ജ്വല നിര്‍മിതികള്‍, ഇന്ത്യയിലെ ചണ്ഡീഗഡിലുള്ളവയുള്‍പ്പെടെ, ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കാണാനുണ്ട്‌.

എന്നാല്‍ ഇന്റര്‍നാഷണല്‍ സ്റ്റെലിന്‌ രൂപംകൊടുക്കുകയും ബഹുജനാംഗീകാരം നേടാന്‍ മുന്‍കൈ എടുക്കുകയും ചെയ്‌ത ചില രാജ്യങ്ങളില്‍ത്തന്നെ 1930-കാലങ്ങളില്‍ ഒരു തിരിച്ചടിയും അനുഭവപ്പെട്ടു. പക്ഷേ, ഇക്കാലമായപ്പോഴേക്കും ഈ നിര്‍മാണശൈലി മറ്റു പല രാജ്യങ്ങളും പകര്‍ത്തിത്തുടങ്ങിയിരുന്നു. 1950-55 കാലത്ത്‌ യു.എസ്സിലെ മിഷിഗനില്‍ ഈറോ സാറിനിന്‍ എന്ന ശില്‌പി പണികഴിപ്പിച്ച ജനറല്‍ മോട്ടോഴ്‌സ്‌ ടെക്‌നിക്കല്‍ സെന്ററാണ്‌ ഈ പ്രസ്ഥാനത്തിന്റെ ആധിപത്യദശയില്‍ രൂപംകൊണ്ടിട്ടുള്ള ഏറ്റവും പ്രശസ്‌തമായ നിദര്‍ശനം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍