This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ത്യാ മീറ്റിയറോളജിക്കൽ ഡിപ്പാർട്ട്മെന്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇന്ത്യാ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ്
IMD
കാലാവസ്ഥ പ്രവചനം, ഭൂകമ്പവിജ്ഞാനം (സീസ്മോളജി) തുടങ്ങിയ അന്തരീക്ഷ വിജ്ഞാന സംബന്ധമായ പഠനങ്ങള്‍ക്കുവേണ്ടി ദേശീയതലത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കേന്ദ്രഗവണ്മെന്റ് സ്ഥാപനം. 1875-ല്‍ സ്ഥാപിതമായി. കാലാവസ്ഥാപരവും ഭൂകമ്പീയവുമായ സ്ഥിതിവിവരങ്ങള്‍ രേഖപ്പെടുത്തി സഞ്ചയിക്കുന്നതിനും ഈ മേഖലകളുമായി ബന്ധപ്പെട്ട വസ്തുതകളും മുന്നറിയിപ്പുകളും യഥാസമയം പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുമായി ഈ സ്ഥാപനത്തിന് രാജ്യമെമ്പാടും ഉപകേന്ദ്രങ്ങളുണ്ട്. അന്തരീക്ഷ ഊഷ്മാവ്, മര്‍ദനില, ആര്‍ദ്രത, വായുപ്രവേഗം, കാറ്റിന്റെ ദിശ, മേഘാവരണത്തിന്റെ സ്വഭാവം, വര്ഷണസാധ്യത തുടങ്ങിയ കാര്യങ്ങള്‍ നിര്‍ണയിക്കുകയും വ്യോമഗതാഗതം, സമുദ്രസഞ്ചാരം, ജലസേചനം, കൃഷി, വ്യവസായം, ആഴക്കടല്‍ മത്സ്യബന്ധനം, സമുദ്രാന്തര എണ്ണഖനനം തുടങ്ങിയ മേഖലകളിലേക്ക് കാലാവസ്ഥാപരമായ വ്യതിചലനങ്ങളുടെ സൂക്ഷ്മമായ സ്ഥിതിവിവരം അപ്പപ്പോള്‍ എത്തിച്ചുകൊടുക്കുകയുമാണ് ഈ വകുപ്പിന്റെ മുഖ്യധര്‍മം. ചുഴലിക്കൊടുങ്കാറ്റ്, പൂഴിക്കാറ്റ് (dust storm) പെരുമഴ, ഉഷ്ണവാതം, ശൈത്യവാതം, ചക്രവാതങ്ങള്‍ (cyclones) തുടങ്ങിയ വിനാശകരമായ പ്രകൃതി പ്രതിഭാസങ്ങളെ സംബന്ധിച്ചു മുന്നറിയിപ്പു നല്‍കുന്നത് ഈ ഡിപ്പാര്‍ട്ടുമെന്റിന്റെ ചുമതലകളില്‍പ്പെടുന്നു. ഭൂചലനങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നത് മറ്റൊരു ധര്‍മമാണ്. അന്തരീക്ഷഘടകങ്ങളുടെ പ്രതിദിനവുമുള്ള സ്ഥിതിവിവരം ക്രോഡീകരിച്ച്, അവയുടെ നീണ്ട കാലയളവിലുള്ള ശരാശരി സ്വഭാവം വിശകലനം ചെയ്ത്, കാലാവസ്ഥാപ്രവചനം നടത്തുന്നത് ഈ വകുപ്പിന്റെ ദൈനംദിന ചുമതലകളിലൊന്നാണ്. ഇതിനായി രാജ്യവ്യാപകമായി അത്യാധുനികസൗകര്യങ്ങളുള്ള നിരീക്ഷണകേന്ദ്രങ്ങള്‍ സ്ഥാപിക്കുവാനും വാര്ത്താവിനിമയശൃംഖല സജ്ജീകരിക്കുവാനും ഈ വകുപ്പിന് സാധിച്ചിട്ടുണ്ട്.
കാലാവസ്ഥാവിശ്ലേഷണത്തിനും പ്രവചനത്തിനും അത്യുച്ചോര്ജ റഡാറുകളെയും വാര്‍ത്താവിനിമയ-ഉപഗ്രഹങ്ങളെയുമാണ് ആശ്രയിച്ചുവരുന്നത്. മേഘമാലകളുടെ സഞ്ചാരപാത, വേഗം, കൊടുങ്കാറ്റിന്റെ വേഗം, ദിശ എന്നിവ നിര്‍ണയിക്കാന്‍ സാധിക്കുന്ന ഡോപ്ലര്‍ വെതര്‍ റഡാറാണ് ഇന്ന് പ്രധാനമായും ഉപയോഗത്തിലുള്ളത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആര്.ഒ വിക്ഷേപിച്ച നിരവധി ഭൂസ്ഥിര-അന്തരീക്ഷവിജ്ഞാനീയ ഉപഗ്രഹങ്ങള്‍ (Geostationary Meteorological Satellite) ഇന്ത്യന്‍ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുന്നു. കൂടാതെ ന്യൂഡല്‍ഹിയില്‍ സെന്‍ട്രല്‍ റിസീവിങ് സ്റ്റേഷന് (Central Receiving Station, CRS), നാഷണല്‍ സീസ്മളോജിക്കല് ഡാറ്റാബേസ് സെന്റര്‍ (National Seismological Database Centre-NSDC) എന്നിവകൂടി നിലവില്‍വന്നതോടെ ഇന്ത്യയിലും അയല്മേഖലകളിലുമുണ്ടാകുന്ന ഭൂചലനങ്ങളുടെ വസ്തുതാപരമായ വിശകലനം സാധ്യമായിരിക്കുന്നു. അറേബ്യന്‍കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യാസമുദ്രം എന്നിവിടങ്ങളില്‍ നടന്നുവരുന്ന ബഹുവിജ്ഞാനീയ-സമുദ്രപര്യവേക്ഷണ പരിപാടിയില്‍ ഇന്ത്യന്‍ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റും പങ്കുചേര്‍ന്നിട്ടുണ്ട്; മണ്‍സൂണ്‍കാലത്തും അതിനുമുന്പും പിന്‍പും ഉള്ള കാലാവസ്ഥാപരമായ സ്ഥിതിഗതികളെ നേരിട്ടു നിരീക്ഷിച്ച് രേഖപ്പെടുത്തുകയാണു ലക്ഷ്യം. ഇങ്ങനെ ക്രോഡീകരിക്കപ്പെടുന്ന അറിവുകളെ കൃത്രിമോപഗ്രഹങ്ങള്‍ എത്തിക്കുന്ന ദത്ത(data)ങ്ങളുമായി താരതമ്യം ചെയ്ത് വിശ്ലേഷണവിധേയമാക്കുന്നതിലൂടെ മണ്‍സൂണ്‍ പ്രവാഹങ്ങളുടെ കാലാകാലങ്ങളിലുള്ള ഗതിവിഗതികള്‍ സൂക്ഷ്മമായി പ്രവചിക്കാനാകുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഏറെക്കുറെ കൃത്യമായി കാലാവസ്ഥാപ്രവചനം നടത്തുന്നതിനും ഈ ദൃശപഠനം സഹായകമാണ്. ഇന്ത്യയുടെ കിഴക്കന്‍ തീരത്ത്, (പ്രത്യേകിച്ച് ആന്ധ്രാതീരത്ത്) 250 സൈക്ലോണ്‍ ഡിസെമിനേഷന്‍ സിസ്റ്റംസ് (Cyclone Dissemination Systems)സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനത്തിലൂടെ വിനാശതീഷ്ണങ്ങളായ ഉഷ്ണമേഖലാ-ചക്രവാത(Tropical Cyclone)ങ്ങളെ മുന്‍കൂട്ടി പ്രവചിക്കുന്നതിലും മുന്‍കരുതലുകള്‍ കൈക്കൊണ്ട് ജീവനും വസ്തുവകകള്‍ക്കും സംരക്ഷണമൊരുക്കുന്നതിലും മീറ്റിയറോളജിക്കല്‍ ഡിപ്പാര്ട്ട്മെന്റ്വിജയിച്ചിരിക്കുന്നു. 3 മുതല്‍ 10 വരെ ദിവസങ്ങളിലെ കാലാവസ്ഥ മുന്‍കൂട്ടി പ്രവചിച്ച് കര്‍ഷകരെ സഹായിക്കുന്ന പരിപാടി 1988-ലാണ് ആരംഭിച്ചത്. ഇപ്പോള്‍ ഈ രീതിയിലുള്ള ഹ്രസ്വകാല പ്രവചനം കാര്‍ഷികമേഖല മാത്രമല്ല; വ്യോമസേന, നാവികസേന, സിവില്‍ ഏവിയേഷന്‍, ഗവേഷണകേന്ദ്രങ്ങള്‍, ഗവണ്മെന്റേതരസ്ഥാപനങ്ങള് തുടങ്ങിയവയൊക്കെ പ്രയോജനപ്പെടുത്തുന്നു. ഇന്ത്യാ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ ഔദ്യോഗികപ്രസിദ്ധീകരണമാണ് മൗസം എന്ന ത്രൈമാസികം. നോ. കാലാവസ്ഥാവിജ്ഞാനം, അന്തരീക്ഷവിജ്ഞാനം