This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ സ്വാതന്ത്ര്യസമരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്ത്യന്‍ സ്വാതന്ത്ര്യസമരം

ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത രണ്ട്‌ നേതാക്കളെ വധശിക്ഷയ്‌ക്ക്‌ വിധേയമാക്കിയപ്പോള്‍

ബ്രിട്ടിഷാധിപത്യത്തില്‍നിന്നും മോചനം നേടുന്നതിനുവേണ്ടി ഇന്ത്യയില്‍ നടന്ന വിവിധ സമരസംരംഭങ്ങളെ മൊത്തത്തില്‍ ഇന്ത്യന്‍സ്വാതന്ത്ര്യസമരം എന്നു വിശേഷിപ്പിക്കാം. വാണിജ്യം ലക്ഷ്യമാക്കി ഇന്ത്യയിലെത്തിയ ഈസ്റ്റിന്ത്യാക്കമ്പനിയുടെ ഉദ്ദേശ്യം ആരംഭത്തില്‍ ഇന്ത്യയുടെ ഭരണം കൈക്കലാക്കല്‍ ആയിരുന്നില്ല. പിന്നീടുള്ള അനുകൂല സാഹചര്യങ്ങള്‍ ചൂഷണം ചെയ്‌ത്‌ വാണിജ്യം വികസിപ്പിക്കുകയും അതിന്റെ തണലില്‍ ഭരണം പിടിച്ചെടുക്കുകയുമാണ്‌ അവര്‍ ചെയ്‌തത്‌. ആദ്യകാലങ്ങളില്‍ ഇന്ത്യന്‍ ജനതയെ അടിച്ചമര്‍ത്തുന്നതില്‍ അവര്‍ക്കു താത്‌പര്യമുണ്ടായിരുന്നില്ലെന്നു മാത്രമല്ല, ഇന്ത്യയുടെയും ഇന്ത്യാക്കാരുടെയും പ്രശ്‌നങ്ങളില്‍ ഒരു പരിധിവരെ ഉദാരമായ ഒരു സമീപനം സ്വീകരിക്കുകകൂടി ചെയ്‌തിരുന്നു. 1813, 1833 എന്നീ വര്‍ഷങ്ങളിലെ ചാര്‍ട്ടര്‍ നിയമങ്ങള്‍ ഇതിനു തെളിവാണ്‌.

ബ്രിട്ടീഷ്‌ഭരണം ഭദ്രമായി പ്രതിഷ്‌ഠാപിതമായതിനുശേഷം ഉത്‌കടമായ ദേശീയബോധവും അദമ്യമായ സ്വാതന്ത്ര്യാഭിവാഞ്‌ഛയും ഇന്ത്യന്‍ ജനതയില്‍ പ്രകടമായി. 19-ാം ശതകത്തിന്റെ ആരംഭത്തില്‍ ഉരുണ്ടുകൂടിയ പാരതന്ത്ര്യചിന്ത ഇന്ത്യാക്കാരെ വിമോചനയത്‌നങ്ങളിലേക്കു തള്ളിവിട്ടു. ഇതിന്റെ പരിണതഫലമാണ്‌ വിഭിന്നഘട്ടങ്ങളിലൂടെ നടന്ന ഇന്ത്യന്‍ സ്വാതന്ത്ര്യസമരം.

1. ആദ്യകാലസ്‌ഫോടനങ്ങള്‍. "ശിപായിലഹള' എന്നു ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ച 1857-ലെ ഇന്ത്യന്‍ കലാപത്തിനു മുമ്പുതന്നെ നാടിന്റെ പലഭാഗങ്ങളിലും പല തരത്തിലുള്ള സായുധസമരയത്‌നങ്ങള്‍ ഉണ്ടായിരുന്നു. സാമൂഹികവും സാമ്പത്തികവുമായ അടിമത്തത്തില്‍നിന്നുള്ള വിമോചനം ലക്ഷ്യമാക്കിയുള്ള പ്രസ്ഥാനങ്ങള്‍ പലപ്പോഴും രാഷ്‌ട്രീയക്കോയ്‌മയ്‌ക്കെതിരായ ഏറ്റുമുട്ടലുകളുടെ രൂപം കൈക്കൊണ്ടിരുന്നു എന്നതാണ്‌ വാസ്‌തവം. പൗരജനവിപ്ലവങ്ങള്‍, കാര്‍ഷികപ്രക്ഷോഭങ്ങള്‍, ഗോത്രവര്‍ഗകലാപങ്ങള്‍ തുടങ്ങിയ പല പന്ഥാക്കളിലൂടെയും ജനങ്ങളുടെ പ്രതിഷേധത്വര ബഹിര്‍ഗമിക്കുകയുണ്ടായി.

ഈസ്റ്റിന്ത്യാക്കമ്പനി കരംപിരിവിന്റെ പേരില്‍ സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ളവരെ നിരന്തരമായി ചൂഷണംചെയ്യുവാനൊരുമ്പെട്ടപ്പോള്‍ അതിനെതിരായി ജനങ്ങള്‍ പല സന്ദര്‍ഭങ്ങളിലും പ്രതിഷേധസ്വരമുയര്‍ത്തിയിട്ടുണ്ട്‌. സ്വത്തും പദവിയും നഷ്‌ടപ്പെട്ട സെമീന്ദാരന്മാരും പിരിച്ചുവിടപ്പെട്ട പട്ടാളക്കാരും സ്വന്തം വീടുകളില്‍നിന്ന്‌ ആട്ടിപ്പായിക്കപ്പെട്ട സാധാരണ കര്‍ഷകരും കമ്പനിഭരണത്തിന്റെ ആദ്യകാലങ്ങളില്‍ത്തന്നെ മേല്‍ക്കോയ്‌മക്കെതിരായി ബംഗാളിലും ബിഹാറിലും ഒറീസ്സയിലും ആയുധമെടുത്തു പോരാടുവാന്‍ മടിച്ചില്ല. ടിപ്പുവിന്റെ നേതൃത്വത്തില്‍ നടന്ന മൈസൂര്‍ യുദ്ധങ്ങളും ഒരു പരിധിവരെ ബ്രിട്ടീഷ്‌ശക്തിയെ എതിര്‍ക്കുന്നതിനുള്ള ധീരസംരംഭങ്ങളായിരുന്നു. 1794-ല്‍ ദക്ഷിണേന്ത്യയില്‍ വിജയനഗരം രാജാവും 1801-ല്‍ ആന്ധ്രാകടലോരങ്ങളിലും മലബാറിന്റെ ചില ഭാഗങ്ങളിലും ജന്മിമാരും നാടുവാഴികളും വിമോചനസമരങ്ങള്‍ക്കു നേതൃത്വം നല്‌കി. ഇക്കൂട്ടത്തില്‍ ഒളിപ്പോരു സംഘടിപ്പിച്ച്‌ രക്തസാക്ഷിത്വം വരിച്ച കേരളവര്‍മപഴശ്ശിരാജാവിന്റെ ത്യാഗോജ്ജ്വലചരിതം പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. 1809-ലാണ്‌ തിരുവിതാംകൂറിലെ വേലുത്തമ്പിദളവയുടെ പ്രസിദ്ധമായ കുണ്ടറ വിളംബരമുണ്ടാകുന്നത്‌. 1814-ല്‍ അലിഗഡിലെ സെമീന്ദാരന്മാരും 1816 മുതല്‍ 1832 വരെ സൗരാഷ്‌ട്രയിലെ ഗോത്രവര്‍ഗത്തലവന്മാരും 1816-49 കാലത്ത്‌ മഹാരാഷ്‌ട്ര-ഗുജറാത്ത്‌ പ്രദേശങ്ങളിലെ നാടുവാഴികളും 1842-ല്‍ ജബല്‍പൂരിലെ ബുന്ദേലന്മാരും ബ്രിട്ടീഷുകാര്‍ക്ക്‌ എതിരായി നടത്തിയ സമരങ്ങളുടെ പ്രധാന പശ്ചാത്തലം സ്വാതന്ത്ര്യാഭിവാഞ്‌ഛ തന്നെയായിരുന്നു.

2. ഒന്നാം സ്വാതന്ത്ര്യസമരം. ബ്രിട്ടീഷ്‌ മേല്‌ക്കോയ്‌മയില്‍നിന്നും മോചനം നേടാനുള്ള ഭാരതീയജനതയുടെ ആദ്യത്തെ സംഘടിതസംരംഭമാണ്‌ 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം. രാഷ്‌ട്രീയം, സാമ്പത്തികം, സൈനികം, സാമൂഹികം, മതപരം എന്നിങ്ങനെ വിവിധ കാരണങ്ങളാണ്‌ ഈ സമരത്തിന്‌ വഴിതെളിച്ചത്‌.

ഈസ്റ്റിന്ത്യാക്കമ്പനിപ്പടയിലെ ഇന്ത്യന്‍ പട്ടാളക്കാരുടെ കലഹത്തോടെയാണ്‌ സമരം ആരംഭിച്ചത്‌. വിദേശഭരണത്തിന്നെതിരെ ജനങ്ങളുടെ ആവലാതികള്‍ ഘനീഭവിച്ചുകൊണ്ടിരുന്ന അക്കാലത്ത്‌ കലാപം വിവിധ ജനവിഭാഗങ്ങളിലേക്കു പടര്‍ന്നുപിടിച്ചു. ഭൂനികുതിനിയമം നിമിത്തം ഭൂവുടമകളില്‍ പലരുടെയും ഭൂമി നഷ്‌ടപ്പെട്ടിരുന്നു. മാത്രമല്ല ഉദ്യോഗസ്ഥന്മാരുടെ പീഡനമുറകള്‍ സാധാരണക്കാര്‍ക്കു ദുസ്സഹമായിത്തീര്‍ന്നിരുന്നു. കമ്പനി നല്ല ശമ്പളമുള്ള ഉദ്യോഗങ്ങളില്‍നിന്നും നാട്ടുകാരെ ഒഴിച്ചുനിര്‍ത്തിയത്‌ അവരുടെ അമര്‍ഷം ആളിക്കത്തുന്നതിന്‌ ഇടയാക്കി. നാട്ടുരാജാക്കന്മാരുടെയും സെമീന്ദാരന്മാരുടെയും അധികാരം നഷ്‌ടപ്പെട്ടതോടെ, അവരെ ആശ്രയിച്ചു കഴിഞ്ഞുപോന്ന പുരോഹിതന്മാരും മൗലവിമാരും നിരാധാരരായിത്തീര്‍ന്നു. 1856-ല്‍ ബ്രിട്ടീഷുകാര്‍ 'അവധ്‌' എന്ന രാജ്യം കൈവശപ്പെടുത്തിയ നടപടി പ്രദേശത്തുകാരായ കമ്പനിപ്പടയാളികളെ രോഷാകുലരാക്കി. ബ്രിട്ടീഷ്‌ വൈസ്രോയി ഡല്‍ഹൗസി പ്രഭു പിന്തുടര്‍ന്ന "അറ്റാലടക്കല്‍നയം'(Doctrine of Lapse) നാട്ടുരാജ്യങ്ങളിലെ മിക്ക നാടുവാഴികളിലും പരിഭ്രാന്തി സൃഷ്‌ടിച്ചിരുന്നു. കമ്പനിയുടെ ആശ്രിതരായ നാട്ടുരാജ്യങ്ങളില്‍ അനന്തരാവകാശികളായി രാജകുടുംബാംഗങ്ങളില്ലെങ്കില്‍ ആ രാജ്യങ്ങള്‍ ബ്രിട്ടീഷ്‌ സാമ്രാജ്യത്തില്‍ ലയിപ്പിക്കുന്ന നയമായിരുന്നു അത്‌. വിദേശമേല്‍ക്കോയ്‌മയോടുള്ള പരിപൂര്‍ണ വിധേയത്വവും അതിനോടു കൂറുപ്രഖ്യാപിക്കുന്ന അപമാനകരമായ പ്രഖ്യാപനങ്ങളും തങ്ങളുടെ നിലനില്‌പ്‌ ഉറപ്പുവരുത്തുകയില്ലെന്ന്‌ അവര്‍ക്ക്‌ ബോധ്യപ്പെട്ടു. ഈ പിടിച്ചെടുക്കല്‍ നയമാണ്‌ നാനാസാഹിബിനേയും ബഹദൂര്‍ഷായേയും ഝാന്‍സിറാണിയേയും ബ്രിട്ടീഷ്‌ഭരണത്തിന്റെ കടുത്ത ശത്രുകളാക്കി മാറ്റിയത്‌. കമ്പനിപ്പടയാളികള്‍ (ശിപായികള്‍) തങ്ങള്‍ക്കു ലഭിച്ചുവന്നിരുന്ന തുച്ഛശമ്പളത്തിലും തങ്ങളോടുള്ള അവഹേളനാപരമായ പെരുമാറ്റത്തിലും ഉള്ളിലൊതുങ്ങാത്ത അതൃപ്‌തിയില്‍ കഴിയുകയായിരുന്നു. ഇന്ത്യന്‍ ശിപായിമാരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒരു സംഭവവികാസംകൂടി ഇക്കാലത്ത്‌ ഉണ്ടായത്‌ സൈനികരുടെ ഇടയില്‍നിന്നുതന്നെ കലാപം പൊട്ടിപ്പുറപ്പെടുന്നതിനു കാരണമായി. കൊഴുപ്പു പുരട്ടിയ വെടിത്തിരകളെ ആസ്‌പദമാക്കിയാണ്‌ അസ്വസ്ഥത ആരംഭിച്ചത്‌. പുതിയ എന്‍ഫീല്‍ഡു തോക്കുകളിലെ വെടിത്തിരയില്‍ കൊഴുപ്പു പുരട്ടിയ കടലാസുമൂടി ഉണ്ടായിരുന്നു. മൂടിയുടെ അറ്റം കടിച്ചുമുറിച്ചിട്ടായിരുന്നു തോക്കില്‍ വെടിമരുന്നു നിറയ്‌ക്കേണ്ടിയിരുന്നത്‌. ഇതിലേക്ക്‌ പശുവിന്റെയും പന്നിയുടെയും കൊഴുപ്പാണ്‌ ഉപയോഗിച്ചിരുന്നത്‌ എന്ന പേരില്‍ ഹിന്ദു-മുസ്‌ലിം സൈനികര്‍ രോഷാകുലരായി.

ബംഗാളിലെ ബാരക്‌പൂരിലും ബര്‍ഹാംപൂരിലുമാണ്‌ ലഹള ആരംഭിച്ചത്‌ (ഫെബ്രുവരി 1857). അവയെല്ലാം അമര്‍ത്തപ്പെട്ടു; കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്‌തു. (മംഗള്‍പാണ്ഡെ എന്ന ശിപായിയാണ്‌ കലാപത്തിന്‌ മുന്നിട്ടിറങ്ങിയത്‌). 1857 മേയ്‌ 10-നു മീററ്റില്‍ ലഹള ആരംഭിച്ച ഇന്ത്യന്‍ സൈനികര്‍ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുകയും ചില യൂറോപ്യന്‍ ഉദ്യോഗസ്ഥന്മാരെ വധിക്കുകയും ചെയ്‌തു. കലാപകാരികള്‍ ദില്ലി പിടിച്ചടക്കി ബഹദൂര്‍ ഷാ II-നെ ചക്രവര്‍ത്തിയായി അവരോധിച്ചു. ബ്രിട്ടീഷുകാര്‍ ദില്ലി തിരിച്ചുപിടിക്കാന്‍ നടപടികള്‍ കൈക്കൊള്ളുന്നതിനു മുമ്പ്‌ ഗംഗാതടങ്ങളിലും മധ്യേന്ത്യയിലെ ചില ഭാഗങ്ങളിലും കലാപങ്ങള്‍ തലപൊക്കിയിരുന്നു. രാജപുട്ടാണയിലെ നാസിറാബാദ്‌, രോഹില്‍ഖണ്ഡിലെ ബറേലി, ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍, ലഖ്‌നൗ, വാരാണസി, ബിഹാറിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ലഹളകളുടെ അലകള്‍ ഇളകിമറിഞ്ഞു.

ലഹളക്കാര്‍ ന. 27, 28 തീയതികളില്‍ കാണ്‍പൂര്‍ കീഴടക്കിയെങ്കിലും ഇന്ത്യന്‍ ആര്‍മി ചീഫായ കോളിന്‍ കാംബെല്‍ ഡി. 6-നു കാണ്‍പൂര്‍ നഗരം തിരിച്ചുപിടിച്ചു. ദില്ലി വീണ്ടെടുക്കുകയെന്നത്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ ഗൗരവമേറിയ പരിഗണനയ്‌ക്കു വിഷയമായി. മീററ്റിലുള്ള സൈന്യവും അംബാലയില്‍നിന്നു വന്ന സൈന്യവും ഒത്തുചേര്‍ന്ന്‌ ജൂണ്‍ 8-നു ബാദ്‌ലിസാരിയിലെ ലഹളക്കാരുടെ ഒരു സൈന്യത്തെ പരാജയപ്പെടുത്തി. ദില്ലി അതിര്‍ത്തിയില്‍വച്ച്‌ ഈ ബ്രിട്ടീഷ്‌സൈന്യവുമായി ചേരുന്നതിന്‌ സിക്കുകാര്‍ ഉള്‍പ്പെടെയുള്ള ഒരു സഹായസേനയെ ജോണ്‍ ലോറന്‍സ്‌ (പഞ്ചാബ്‌ ചീഫ്‌ കമ്മീഷണര്‍) പഞ്ചാബില്‍നിന്ന്‌ അയച്ചുകൊടുത്തു. 1857 സെപ്‌. 20-നു ബ്രിട്ടീഷ്‌സൈന്യം ദില്ലി തിരിച്ചുപിടിച്ചു; ബഹാദൂര്‍ ഷാ II-നെ ബര്‍മ(മ്യാന്മര്‍)യിലേക്കു നാടുകടത്തി; അദ്ദേഹത്തിന്റെ പുത്രപൗത്രന്മാരെ മുഴുവന്‍ കൊന്നൊടുക്കിയതോടെ മുഗള്‍രാജപരമ്പര അവസാനിച്ചു.

അധികാരക്കൈമാറ്റം നടത്തിക്കൊണ്ടുള്ള 1858-ലെ വിക്‌ടോറിയാ ചക്രവര്‍ത്തിനിയുടെ വിളംബരം

അവധിലും രോഹില്‍ഖണ്ഡിലും ഉയര്‍ന്നുവന്ന പ്രക്ഷോഭണങ്ങള്‍ അടിച്ചമര്‍ത്തുന്നതിന്‌ കോളിന്‍ കാംബെല്‍ നടപടികള്‍ കൈക്കൊണ്ടു. ഒരു ഗൂര്‍ഖാസേനയുടെ സഹായത്തോടെ 1858 മാ. 21-നു ലഖ്‌നൗ നഗരത്തെ ബ്രിട്ടീഷ്‌ നിയന്ത്രണത്തിലാക്കുവാന്‍ സാധിച്ചു. രോഹില്‍ഖണ്ഡിലെ ബറേലി കീഴടക്കിയതോടെ അവധിലെ താലൂക്ക്‌ദാര്‍മാരും പരാജിതരായി. മധ്യേന്ത്യയിലെ ലഹളക്കാരുടെ നേതാവ്‌ താന്തിയാതോപ്പിയായിരുന്നു. കാണ്‍പൂരിലെത്തിയ താന്തിയാതോപ്പിയുടെ സൈന്യത്തെ കോളിന്‍ കാംബെല്‍ 1857 ഡി. 6-നു പരാജയപ്പെടുത്തുകയും നഗരത്തില്‍നിന്ന്‌ പുറന്തള്ളുകയും ചെയ്‌തു. തുടര്‍ന്ന്‌ താന്തിയാതോപ്പി ഝാന്‍സിയിലെ റാണി ലക്ഷ്‌മീഭായിയുമായി കൂട്ടുചേര്‍ന്ന്‌ മധ്യേന്ത്യയില്‍ വീറോടെ പൊരുതി. ഇക്കാലത്തിനിടയില്‍ ലഹളപ്രദേശങ്ങളുടെ ദക്ഷിണകേന്ദ്രമായ ബുന്ദേല്‍ഖണ്ഡില്‍ ഫീല്‍ഡ്‌ മാര്‍ഷല്‍ ഹ്യൂഗ്‌ റോസിന്റെ നേതൃത്വത്തില്‍ പ്രത്യാക്രമണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. സാഗറിലെ കാവല്‍സേനയെ മോചിപ്പിച്ചശേഷം ഹാഥ്‌ഗഡ്‌ പിടിച്ചെടുത്ത റോസ്‌ ബേത്‌വാ നദീതീരത്തുവച്ച്‌ താന്തിയാതോപ്പിയെ പരാജയപ്പെടുത്തി. ഏ. 8-നു റോസ്‌ ഝാന്‍സി ആക്രമിച്ചതോടെ അവിടത്തെ കോട്ട വിട്ടിറങ്ങിയ റാണി ലക്ഷ്‌മീഭായി കല്‌പിയിലേക്കു പ്രയാണം ചെയ്‌തു. മേയ്‌ 22-നു ഇംഗ്ലിഷുകാര്‍ കല്‌പി കൈവശമാക്കിയ സാഹചര്യത്തില്‍ റാണിയും താന്തിയാതോപ്പിയും ഗ്വാളിയറിലേക്കു മാര്‍ച്ചുചെയ്‌തു. മൊറാറിലെയും കോട്ടായിലെയും ആക്രമണങ്ങളെ പരാജയപ്പെടുത്തിയശേഷം റോസ്‌ ഗ്വാളിയര്‍ കീഴടക്കി. 1858 ജൂണ്‍ 17-നു നടന്ന യുദ്ധത്തില്‍ ഝാന്‍സിറാണി വധിക്കപ്പെട്ടു. 1859 ഏപ്രിലില്‍ ഗ്വാളിയറിലെ സിന്ധ്യയുടെ സാമന്തനായ മാന്‍സിങ്‌ താന്തിയാതോപ്പിയെ ബ്രിട്ടീഷുകാര്‍ക്ക്‌ കൈമാറി. നാനാസാഹിബ്‌ നേപ്പാളിലെ വനാന്തരങ്ങളിലേക്ക്‌ പലായനം ചെയ്‌തു. അങ്ങനെ ആദ്യത്തെ സ്വാതന്ത്ര്യസമരം പരാജയപ്പെടുകയാണുണ്ടായതെങ്കിലും 1857-58 കാലങ്ങളില്‍ കത്തിജ്ജ്വലിച്ചുനിന്ന അത്യുഗ്രമായ സ്വാതന്ത്ര്യബോധവും ദേശീയാവേശവും പില്‌ക്കാലത്തുണ്ടായ സ്വാതന്ത്ര്യസമരമുന്നേറ്റങ്ങളെ പൂര്‍വാധികം ത്വരിതപ്പെടുത്തുവാന്‍ സഹായകമായിത്തീര്‍ന്നു. ഇതിന്റെ ഫലമായുണ്ടായ 1858-ലെ "ഇന്ത്യാഗവണ്‍മെന്റ്‌ നിയമ'വും വിക്‌ടോറിയാ ചക്രവര്‍ത്തിനിയുടെ വിളംബരവും വേണ്ടിവന്നാല്‍ ബ്രിട്ടീഷ്‌ മേല്‍ക്കോയ്‌മ വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറാകുമെന്ന വിശ്വാസം ഭാരതീയരില്‍ വളര്‍ത്തി.

3. മറ്റു പ്രക്ഷോഭണങ്ങള്‍. 19-ാം ശതകത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഇന്ത്യയുടെ മിക്കഭാഗങ്ങളിലും ഗോത്രവര്‍ഗക്കാര്‍ തങ്ങളുടെ അമ്പും വില്ലും കോടാലിയുമായി മര്‍ദകരായ ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥന്മാര്‍ക്ക്‌ എതിരെ എണ്ണമറ്റ ലഹളകള്‍ അഴിച്ചുവിട്ടു. ഗോത്രവര്‍ഗക്കാരെ പാട്ടിലാക്കാന്‍ ബ്രിട്ടീഷ്‌ഭരണകൂടം പണം കടംകൊടുപ്പുകാരെയും കച്ചവടക്കാരെയും മറ്റും നിയോഗിച്ചതിന്‌ എതിരായാണ്‌ ഇവരുടെ രോഷം പൊട്ടിപ്പുറപ്പെട്ടത്‌; പക്ഷേ, പരിഷ്‌കൃത യുദ്ധായുധങ്ങളുടെ മുന്നില്‍ അനേകം പേര്‍ക്ക്‌ ജീവാഹുതി ചെയ്യേണ്ടിവന്നു. ഇന്ത്യയിലെ ഗോത്രജനങ്ങളായ കോല്‍, സന്ഥാല്‍, മുണ്ഡാ എന്നിവര്‍ ബ്രിട്ടീഷ്‌സേനകളെ പല പ്രാവശ്യം നേരിടുകയുണ്ടായി. 1820 മുതല്‍ 1901 വരെയുണ്ടായ സംഘട്ടനങ്ങളില്‍ ആയിരക്കണക്കിനു ഗോത്രജനത മരിച്ചുവീണു.

വിദേശതോട്ടമുടമകളും അവരോടൊട്ടിനിന്ന സ്വദേശി സെമീന്ദാരന്മാരും അടിച്ചേല്‌പിച്ച അടിമത്തത്തിനെതിരായി സാധാരണ കര്‍ഷകത്തൊഴിലാളികള്‍ ആയുധമേന്തിയ പല സംഭവങ്ങളും ഈ കാലത്തുണ്ടായിട്ടുണ്ട്‌. ഇവയില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജിച്ചത്‌ 1859-60 കാലത്ത്‌ ബംഗാളില്‍ നടന്ന "നീലക്കലാപം' ആയിരുന്നു. ഇതിന്റെ അലയടികള്‍ 1870-നു ശേഷവും ബംഗാള്‍-അസം ഭൂവിഭാഗങ്ങളില്‍ തുടര്‍ന്നുകൊണ്ടിരുന്നു. നോ. നീലക്കലാപം

1870-തോടുകൂടി മഹാരാഷ്‌ട്ര-ഗുജറാത്ത്‌ പ്രദേശങ്ങളില്‍ വ്യാപകമായ കാര്‍ഷികകലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. മലബാറിലെ കര്‍ഷകര്‍ 1836-54 കാലത്ത്‌ ഇത്തരം 22 സമരങ്ങള്‍ നടത്തിയതായി രേഖകളുണ്ട്‌.

4. നവോത്ഥാനപ്രസ്ഥാനങ്ങള്‍. 19-ാം ശതകത്തിന്റെ ഉത്തരാര്‍ധം ഇന്ത്യയില്‍ ദേശീയബോധം തിളച്ചുമറിയുന്നതിനും സംഘടിത രാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ മുളപൊട്ടിവരുന്നതിനും സാക്ഷ്യം വഹിച്ചു. ഭാരതീയ ബുദ്ധിജീവികളുടെ നേതൃത്വത്തില്‍ ഇക്കാലത്ത്‌ രൂപംകൊണ്ട സാംസ്‌കാരിക-സാമൂഹിക പ്രസ്ഥാനങ്ങളും സംഘടനകളുമാണ്‌ ആധുനിക രാഷ്‌ട്രീയ പ്രവര്‍ത്തനശൈലിക്ക്‌ ബീജാവാപം ചെയ്‌തത്‌. പക്ഷേ, സാധാരണക്കാരന്‍ രാഷ്‌ട്രീയ ബോധം ഉള്ളവനായിത്തീരുന്നതിന്‌ പിന്നേയും കുറേക്കാലം കാത്തിരിക്കേണ്ടിവന്നു.

ആംഗലവിദ്യാഭ്യാസത്തിന്റെയും പാശ്ചാത്യസംസ്‌കാരത്തിന്റെയും സന്തതികളെന്നനിലയില്‍ ഒരു പുതിയ തലമുറ ഈ കാലത്ത്‌ രൂപംപ്രാപിച്ചുവരുകയായിരുന്നു. പുതിയ മതവിശ്വാസങ്ങളും മനോഭാവങ്ങളും യുവജനങ്ങളെ പരിവര്‍ത്തനം ചെയ്യുന്ന കാഴ്‌ച രാജ്യത്ത്‌ ഉടനീളം കാണപ്പെട്ടു. ഈ പുതിയ പ്രതിഭാസത്തിനെതിരായി ഭാരതീയ പാരമ്പര്യരക്ഷണത്തില്‍ ദത്താവധാനന്മാരായ ചിലരുടെ ചേതനകള്‍ ചലിച്ചതിന്റെ ഫലമായാണ്‌ 1828-ല്‍ കല്‍ക്കത്തയില്‍ ബ്രഹ്മസമാജം ഉടലെടുത്തത്‌. രാഷ്‌ട്രീയപരിഷ്‌കാരങ്ങള്‍ക്കുവേണ്ടി പ്രക്ഷോഭണം ആരംഭിച്ച ആദ്യത്തെ ശ്രദ്ധേയനായ ഭാരതീയ നേതാവ്‌ ഇതിന്റെ സമുല്‍ഘാടകനായ രാജാറാംമോഹന്‍റോയ്‌ ആയിരുന്നു. മതപരവും സാമൂഹികവും സാംസ്‌കാരികവുമായ മാലിന്യങ്ങളെ നിര്‍മാര്‍ജനം ചെയ്‌ത്‌ നിത്യശുദ്ധമായ ആര്‍ഷസിദ്ധാന്തങ്ങളില്‍ അടിയുറച്ച ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള ആഹ്വാനമായിരുന്നു ബ്രഹ്മസമാജത്തിന്റെ സ്ഥാപനം കുറിച്ചത്‌.

നവോത്ഥാനസ്‌ഫുലിംഗങ്ങള്‍ പ്രസരിപ്പിച്ച ബ്രഹ്മസമാജം, സ്വാമിദയാനന്ദസരസ്വതി(1824-83)യുടെ ആര്യസമാജം, മഹാരാഷ്‌ട്രയിലെ പരമഹംസ സഭ (1849), കേശവചന്ദ്രസെന്നിന്റെ പ്രാര്‍ഥനാസമാജം (1867), ശ്രീരാമകൃഷ്‌ണനും (1836-86) വിവേകാനന്ദനും (1863-1902) കൂടി ഇന്ത്യയെ ആകെ ഉത്തരംഗിതമാക്കിയ പുതിയ സന്ന്യാസപ്രസ്ഥാനം (ശ്രീരാമകൃഷ്‌ണമിഷന്‍) തുടങ്ങിയവ മൗലികമായി അരാഷ്‌ട്രീയങ്ങളായിരുന്നെങ്കിലും ആത്യന്തിക വിശകലനത്തില്‍ ഇവയുടെ ഉദ്‌ബോധനങ്ങളുടെ പരിണതഫലം ജനഹൃദയങ്ങളില്‍ ആത്മാഭിമാനത്തിന്റെയും ദേശാഭിമാനത്തിന്റെയും കത്തിജ്ജ്വലിക്കലായിരുന്നു.

5. രാഷ്‌ട്രീയ സംഘടനകള്‍. ആദ്യം ബംഗാളിലും ക്രമേണ ഭാരതത്തിന്റെ ഇതരഭാഗങ്ങളിലും രാഷ്‌ട്രീയലക്ഷ്യത്തിന്റെ സഫലീകരണത്തിനായി ചില ചെറുസംഘടനകളും രൂപംപൂണ്ടു. ഹെന്‌റി വിവിയന്‍ ഡൊറോസി എന്ന ഒരു ആംഗ്ലോ-ഇന്ത്യന്‍ അധ്യാപകന്റെ കീഴില്‍ ശിക്ഷണം ലഭിച്ച ഏതാനും ബംഗാളിയുവാക്കള്‍ ഡൊറോസിയന്മാര്‍ എന്ന പേരില്‍ ആശയസമരപ്രചാരണത്തിനു സന്നദ്ധരായി. ഫ്രഞ്ച്‌ വിപ്ലവം തുടങ്ങിയ പ്രസ്ഥാനങ്ങളില്‍നിന്നു നേടിയെടുത്ത നൂതനാശയങ്ങള്‍ ദേശഭക്തിയും സ്വാതന്ത്ര്യപ്രമവും ഇവരില്‍ ഉജ്ജ്വലിപ്പിച്ചു. ഇവരുടെ ചിന്താവിപ്ലവം പ്രചരിപ്പിക്കുന്നതിനായി ഏതാനും പത്രങ്ങളും മറ്റ്‌ ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇവരുടെ നേതൃത്വത്തില്‍ത്തന്നെ പ്രകാശിതങ്ങളായിത്തുടങ്ങുകയും ചെയ്‌തു.

കല്‍ക്കത്തയില്‍ നേരത്തെ സ്ഥാപിത(1837)മായിരുന്ന ഭൂവുടമാസംഘം (Landholders Association), ബംഗാള്‍-ബ്രിട്ടീഷിന്ത്യന്‍ സൊസൈറ്റി (1843), ബ്രിട്ടീഷിന്ത്യന്‍ അസോസിയേഷന്‍ (1857), മദ്രാസ്‌ നേറ്റീവ്‌ അസോസിയേഷന്‍ (1852) തുടങ്ങിയ സംഘടനകള്‍ വര്‍ഗപരമായ അവശതകള്‍ക്കുള്ള പരിഹാരം രാഷ്‌ട്രീയലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തില്‍ മാത്രമാണെന്നു മനസ്സിലാക്കി പ്രവര്‍ത്തിച്ചു.

ഇന്ത്യയുടെ ദാരിദ്ര്യത്തിനും സാമ്പത്തികാവശതകള്‍ക്കും കാരണം രാജ്യത്തിലെ വിഭവശേഷിയെ വിദേശീയര്‍ ചൂഷണം ചെയ്യുന്നതാണെന്നും, അതിനു പരിഹാരം കാണുമ്പോള്‍ അവശതകള്‍ സ്വയം അവസാനിച്ചുകൊള്ളുമെന്നും സ്ഥിതിവിവരക്കണക്കുകള്‍ നിരത്തിക്കാണിച്ചുകൊണ്ട്‌ ദാദാബായ്‌ നവറോജി ഊന്നിപ്പറഞ്ഞു. ഇത്തരം കാര്യങ്ങളെപ്പറ്റി പരിചിന്തിക്കുന്നതിനായി അദ്ദേഹം ഈസ്റ്റിന്ത്യന്‍ അസോസിയേഷന്‍ എന്നൊരു സംഘടന 1866-ല്‍ ലണ്ടനില്‍ സ്ഥാപിക്കുകയുണ്ടായി. മസ്സീനിയുടെ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്‌ ഒരു ഐക്യഭാരതം എന്ന സങ്കല്‌പത്തില്‍ അധിഷ്‌ഠിതമായ ഇന്ത്യന്‍ അസോസിയേഷന്‍ സുരേന്ദ്രനാഥബാനര്‍ജിയുടെ നേതൃത്വത്തില്‍ 1876 ജൂല. 26-നു കല്‍ക്കത്തയിലും ഉടലെടുത്തു. ഐ.സി.എസ്‌. പരീക്ഷയ്‌ക്കു ചേരാനുള്ള പ്രായപരിധി 21-ല്‍നിന്ന്‌ 19 ആയി കുറവുചെയ്‌തത്‌ ഇന്ത്യാക്കാരെ അതില്‍നിന്നൊഴിവാക്കാനുള്ള തന്ത്രപരമായ ഒരു നീക്കമാണെന്നു മനസ്സിലാക്കിയ ബാനര്‍ജി അതിനെതിരായി രാജ്യവ്യാപകമായ പ്രക്ഷോഭണങ്ങള്‍ സംഘടിപ്പിക്കുകയും ലാഹോര്‍, അമൃതസര്‍, മീററ്റ്‌, ആഗ്ര, അലഹാബാദ്‌, ദില്ലി, കാണ്‍പൂര്‍, ലഖ്‌നൗ, അലിഗഡ്‌ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ പര്യടനം നടത്തി വമ്പിച്ച പൊതുയോഗങ്ങള്‍ വിളിച്ചുകൂട്ടി ഉജ്ജ്വലപ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്‌തു. തത്‌ഫലമായി ഒടുവില്‍ പരീക്ഷയ്‌ക്കുള്ള പ്രായപരിധി മുമ്പത്തെ നിലയില്‍ ഉയര്‍ത്താന്‍ ഗവണ്‍മെന്റ്‌ നിര്‍ബന്ധിതമായിത്തീര്‍ന്നു. "ബ്രിട്ടീഷ്‌ഭരണത്തിന്റെ കീഴില്‍ ഇദംപ്രഥമമായി വിവിധവര്‍ഗങ്ങളും മതവിഭാഗങ്ങളുമടങ്ങിയ ഭാരതത്തെ പൊതുവായ ഒരു സംയുക്തലക്ഷ്യത്തിന്‌ ഒരൊറ്റ വേദിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചു' എന്ന്‌ ബാനര്‍ജിതന്നെ ഈ പ്രക്ഷോഭണത്തിന്റെ ഫലത്തെ വിലയിരുത്തിയിട്ടുണ്ട്‌. ഐ.സി.എസ്‌. പരീക്ഷയെക്കുറിച്ചുള്ള ഇന്ത്യന്‍ അസോസിയേഷന്റെ നിവേദനം ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനും കോമണ്‍സഭയ്‌ക്കും സമര്‍പ്പിക്കാനായി കല്‍ക്കത്തയിലെ ഒരു ബാരിസ്റ്ററും ഉജ്ജ്വലപ്രഭാഷകനുമായ ലാല്‍മോഹന്‍ ഘോഷിനെ ബാനര്‍ജി ലണ്ടനിലേക്കയച്ചു.

വൈസ്രോയി ലിറ്റണ്‍ പ്രഭുവിന്റെ(Lytton) ആയുധനിയമം (Arms Act), നാട്ടുഭാഷാപത്രനിയമം (Vernacular Press Act), തുടങ്ങിയവയ്‌ക്കെതിരായി നടന്ന പ്രക്ഷോഭണത്തിന്റെ സിരാകേന്ദ്രവും സുരേന്ദ്രനാഥ ബാനര്‍ജി തന്നെയായിരുന്നു. ഈ പ്രക്ഷോഭണങ്ങളുടെ ചെലവിലേക്കായി ഒരു അഖിലേന്ത്യാ ദേശീയനിധി (All India National Fund)സ്വരൂപിക്കുകയും ഈ ശ്രമങ്ങളുടെയെല്ലാം വിജയപരിസമാപ്‌തിയെക്കുറിച്ചുകൊണ്ട്‌ ഭാരതത്തിന്റെ എല്ലാഭാഗത്തുനിന്നുമുള്ള പ്രതിനിധികളടങ്ങിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഫറന്‍സ്‌ 1883-ല്‍ കല്‍ക്കത്തയില്‍ സമ്മേളിക്കുകയും ചെയ്‌തു.

6. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌. അനവധി ദശകങ്ങളായി ഒറ്റപ്പെട്ടും സംയുക്തമായും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുമായി രൂപംകൊണ്ടുവന്ന ദേശീയാഭിലാഷങ്ങളുടെ പരിണതരൂപമാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌. ഭാരതീയരുടെ "മാനസികവും ധാര്‍മികവും സാമൂഹികവും രാഷ്‌ട്രീയവുമായ പുനര്‍ജന്മത്തിനു' വേണ്ടി ഒരു സമാജം സംഘടിപ്പിക്കേണ്ട ആവശ്യകതയെപ്പറ്റി ഔദ്യോഗിക രക്ഷാധികാരത്തോടുകൂടി പെന്‍ഷന്‍പറ്റിപ്പിരിഞ്ഞ ഒരു ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥനായ അലന്‍ ഒക്‌ടോവിയന്‍ ഹ്യൂം കല്‍ക്കത്താ സര്‍വകലാശാലയിലെ ബിരുദധാരികള്‍ക്ക്‌ അയച്ച ഒരു "തുറന്ന കത്താണ്‌' പില്‌ക്കാലത്ത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ എന്ന പേരില്‍ വളര്‍ന്നു പടര്‍ന്നു പന്തലിച്ച മഹാപ്രസ്ഥാനത്തിന്റെ അടിത്തറയായി ഭവിച്ചത്‌. ഭാരതീയജനതയുടെ "യഥാര്‍ഥാഭിപ്രായങ്ങളെന്തൊക്കെയാണെന്നു മനസ്സിലാക്കാന്‍ താന്‍ വലിയ ബുദ്ധിമുട്ടുകള്‍ സഹിച്ചുകൊണ്ടിരിക്കുകയാണെന്നും ഗവണ്‍മെന്റിന്‌ അവയെക്കുറിച്ചറിയാന്‍ ഉത്തരവാദിത്തബോധമുള്ള ഒരു സംഘടന ഉണ്ടായാല്‍ നന്നായിരിക്കു'മെന്നും വൈസ്രോയി ഡഫറിന്‍ പ്രഭു തന്നെ ഹ്യൂമിനോട്‌ പറഞ്ഞിരുന്നതായി അദ്ദേഹം പ്രസ്‌താവിച്ചിട്ടുണ്ട്‌.

1885 ക്രിസ്‌മസ്‌ കാലത്ത്‌ കല്‍ക്കത്തയിലെ ഒരു പ്രമുഖ ബാരിസ്റ്ററായ ഡബ്ലിയു.സി. ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രഥമ സമ്മേളനം ബോംബൈയില്‍ കൂടിക്കൊണ്ടിരിക്കവേതന്നെ, മുന്‍നിശ്ചയിച്ചപ്രകാരം സുരേന്ദ്രനാഥബാനര്‍ജിയുടെ ഇന്ത്യന്‍ അസോസിയേഷന്‍ കല്‍ക്കത്തയിലും സമ്മേളിക്കുകയുണ്ടായി. ഒരേ ലക്ഷ്യവും ഒരേ പരിപാടിയുമാണ്‌ രണ്ടു സംഘടനകള്‍ക്കുമുള്ളതെന്ന വസ്‌തുത ഇരുക്കൂട്ടര്‍ക്കും ബോധ്യമായപ്പോള്‍ ഇന്ത്യന്‍ അസോസിയേഷനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ലയിപ്പിച്ചുകൊണ്ട്‌ പൊതുലക്ഷ്യത്തിനുവേണ്ടി പൊരുതുവാന്‍ തുടങ്ങി.

അതുപോലെ മദ്രാസ്‌ മഹാജനസഭയും (1883) ബോംബെ പ്രസിഡന്‍സി അസോസിയേഷനും (1885) അധികം താമസിയാതെ തങ്ങളുടെ സ്വതന്ത്ര്യസത്ത അവസാനിപ്പിച്ച്‌ കോണ്‍ഗ്രസ്സിന്റെ ഭാഗമായിത്തീര്‍ന്നു.

ഗവണ്‍മെന്റിന്റെ നയങ്ങളെ മിതമായതോതില്‍ വിമര്‍ശിക്കുകയും ചില ഭരണപരിഷ്‌കാരങ്ങള്‍ക്കുവേണ്ടുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും മാത്രമേ കോണ്‍ഗ്രസ്‌ ആദ്യകാലങ്ങളില്‍ ചെയ്‌തിരുന്നുള്ളു. കോണ്‍ഗ്രസ്‌ രൂപം നല്‌കിയ ദേശീയപ്രസ്ഥാനത്തെ ഗവണ്‍മെന്റ്‌ അനുഭാവപൂര്‍വം വീക്ഷിക്കുകയും അതിന്റെ പരിപാടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. മാത്രവുമല്ല, സര്‍ക്കാരുദ്യോഗസ്ഥന്മാരെ ആദ്യകാലസമ്മേളനങ്ങളില്‍ സജീവമായി പങ്കുകൊള്ളുന്നതിന്‌ അനുവദിച്ചുമിരുന്നു. ഡഫറിന്‍പ്രഭു കല്‍ക്കത്താ സമ്മേളനത്തിലും (1836) മദ്രാസ്‌ ഗവര്‍ണര്‍ മദ്രാസില്‍ക്കൂടിയ സമ്മേളനത്തിലും (1887) പങ്കുകൊണ്ടതും ഉദ്യാനവിരുന്നുകള്‍ക്ക്‌ പ്രതിനിധികളെ ക്ഷണിച്ച്‌ ആദരിച്ചതും ഈ പ്രസ്ഥാനത്തോടുള്ള താത്‌പര്യത്തിനുദാഹരണമായി പറയാം.

എന്നാല്‍ ഈ ഔദ്യോഗികമനോഭാവത്തിനു വളരെവേഗം മാറ്റം വന്നു. 1886-ല്‍ ഡഫറിന്‍പ്രഭു ഉദ്യോഗത്തില്‍നിന്നു വിരമിച്ച്‌ ഇന്ത്യയോട്‌ വിടവാങ്ങിയ അവസരത്തില്‍ ചെയ്‌ത ഒരു പ്രസംഗത്തില്‍ അധികാരിവര്‍ഗങ്ങളുടെ ഈ വിപ്രതിപത്തി പ്രകടമായി കണ്ടു. കോണ്‍ഗ്രസ്സിന്റെ നയപരിപാടികളെ ഗവണ്‍മെന്റിന്‌ അംഗീകരിക്കാനാവില്ല എന്ന്‌ അദ്ദേഹം പ്രഖ്യാപിക്കുകയും അഭ്യസ്‌തവിദ്യരായ ഭാരതീയര്‍ കേവലം വിരലിലെണ്ണാവുന്ന ഒരു ന്യൂനപക്ഷം മാത്രമാണെന്ന്‌ സൂചിപ്പിക്കുകയും ചെയ്‌തു. ഇന്ത്യയുടെ അഭിപ്രായത്തെ പ്രതിനിധാനം ചെയ്യാന്‍ ഈ ചെറുന്യൂനപക്ഷത്തിന്‌ ഒരുവിധത്തിലുമുള്ള അര്‍ഹതയും അവകാശവും അധികാരവും ഇല്ലെന്നുള്ള വൈസ്രോയിയുടെ അഭിപ്രായപ്രകടനത്തിന്റെ പൊരുള്‍ മറ്റ്‌ ഉദ്യോഗസ്ഥന്മാരും മനസ്സിലാക്കി. അതനുസരിച്ച്‌ അവരുടെ പ്രവര്‍ത്തനങ്ങളുടെ രൂപഭാവങ്ങള്‍ വ്യത്യാസപ്പെടാന്‍ അധികകാലം വേണ്ടിവന്നില്ല.

ഇതിനിടയ്‌ക്ക്‌ ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയ ഹ്യൂം കോണ്‍ഗ്രസ്സിന്റെ ലക്ഷ്യങ്ങള്‍ക്ക്‌ അവിടെയും അംഗീകാരം നേടാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. "ഗവണ്‍മെന്റിനെ കാര്യം പറഞ്ഞ്‌ മനസ്സിലാക്കാന്‍ കോണ്‍ഗ്രസ്‌ യത്‌നിക്കുകയാണ്‌. പക്ഷേ, യഥാര്‍ഥ വസ്‌തുതകള്‍ മനസ്സിലാക്കേണ്ട എന്നാണ്‌ ഗവണ്‍മെന്റിന്റെ നിശ്ചയം' എന്നു പറഞ്ഞുകൊണ്ട്‌ 1888-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ബ്രിട്ടിഷ്‌ കമ്മിറ്റി എന്ന സംഘടന ഹ്യൂമിന്റെയും ചില സുഹൃത്തുക്കളുടെയും ആഭിമുഖ്യത്തില്‍ ലണ്ടനില്‍ സ്ഥാപിതമാകുകയും ഇന്ത്യ എന്ന പേരില്‍ ഒരു വാരിക പ്രസിദ്ധീകൃതമാകുകയും ചെയ്‌തു.

1904-ല്‍ ബോംബെയില്‍ നടന്ന കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ സ്വയംഭരണാവകാശമുള്ള കോളനികളുടെ സ്ഥാനത്തേക്ക്‌ ഇന്ത്യ ഉയര്‍ത്തപ്പെടണമെന്നാണ്‌ കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം എന്ന്‌ പ്രഖ്യാപിക്കപ്പെട്ടു. ലാഹോര്‍ കോണ്‍ഗ്രസ്സില്‍, പൂര്‍ണ സ്വാതന്ത്ര്യമാണ്‌ ഇന്ത്യയുടെ ലക്ഷ്യം എന്ന പ്രമേയം പാസ്സാക്കുന്നതുവരെ ഇതായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിതലക്ഷ്യം. 1905-ലെ ബംഗാള്‍ വിഭജനം, 1919-ലെ ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊല എന്നിവ ബ്രിട്ടീഷ്‌ വിരുദ്ധവികാരം പ്രോജ്ജ്വലമാക്കുന്നതിനു കാരണമായി. ഗാന്ധിജിയുടെ നേതൃത്വത്തില്‍ അഖിലേന്ത്യാതലത്തില്‍നടന്ന ആദ്യത്തെ ബഹുജന പ്രസ്ഥാനമായിരുന്നു 1920-22-ലെ നിസ്സഹകരണ പരിപാടി. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ പുരോഗതിയിലെ മറ്റൊരു നിര്‍ണായക ഘട്ടമായിരുന്നു 1939-ലെ നിയമലംഘന പ്രസ്ഥാനം. കോണ്‍ഗ്രസ്‌ നയിച്ച പ്രക്ഷോഭണങ്ങളില്‍ ഏറ്റവും ശക്തവും ബഹുജനരോഷം വ്യാപകമായി അക്രമാസക്തമാവുകയും ചെയ്‌ത ജനകീയസമരമായിരുന്നു 1942-ലെ ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭണം. ഗാന്ധിജിയുടെ നേതൃത്വത്തില്‍ നിസ്സഹകരണം, നിയമനിഷേധം, നിരാഹാരസത്യാഗ്രഹം തുടങ്ങിയ പ്രക്ഷോഭണായുധങ്ങള്‍ ലോകചരിത്രത്തിലാദ്യമായി പ്രയോഗിച്ചത്‌ കോണ്‍ഗ്രസ്സായിരുന്നു.

1947 ആഗ. 14-15 അര്‍ധരാത്രിയില്‍ പരിപൂര്‍ണസ്വാതന്ത്യ്രം എന്ന കേന്ദ്രബിന്ദുവില്‍ ചെന്ന്‌ വിലയം പ്രാപിക്കുന്നതുവരെയുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വംവഹിച്ചത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ തന്നെയാണ്‌. നോ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌

(കുട്ടനാട്ട്‌ കെ. രാമകൃഷ്‌ണപിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍