This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ത്യന്‍ സൊസൈറ്റി ഒഫ് അഗ്രിക്കള്‍ച്ചറൽ എക്കണോമിക്സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇന്ത്യന്‍ സൊസൈറ്റി ഒഫ് അഗ്രിക്കള്‍ച്ചറൽ എക്കണോമിക്സ്
കാർഷിക ധനശാസ്ത്രപഠനത്തിനും വികസനത്തിനും വേണ്ടി സ്ഥാപിതമായ സംഘടന. 1939 ജനു. 27-നു ഇംപീരിയൽ കൗണ്‍സിൽ ഒഫ് അഗ്രിക്കള്‍ച്ചറൽ റിസർച്ചിന്റെ ഉപാധ്യക്ഷനായിരുന്ന ബ്രസ്ബർട്ടിന്റെ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് ഈ സംഘടന രൂപവത്കരിക്കാനുള്ള തീരുമാനമുണ്ടായത്. മാൽകം എൽ. ഡാൽലിങ് പ്രഥമാധ്യക്ഷനായി 1939-ൽ സ്ഥാപിതമായ ഈ സംഘടനയുടെ ആസ്ഥാനം മുംബൈയാണ്. കൃഷി, ഗ്രാമജീവിതം എന്നിവയുടെ സാമൂഹികസാമ്പത്തിക നിലവാരങ്ങളെ സംബന്ധിച്ച പഠനം, കാർഷികധനശാസ്ത്രപഠന വിപുലീകരണം, ഗവേഷണം എന്നിവയാണ് ഇതിന്റെ ലക്ഷ്യങ്ങള്‍. വർഷന്തോറും തെരഞ്ഞെടുക്കപ്പെടുന്ന ഒരു സമിതിയാണ് ഈ സംഘടനയുടെ ഭരണച്ചുമതല നിർവഹിച്ചുവരുന്നത്.
ഇന്ത്യന്‍ ജേണൽ ഒഫ് അഗ്രികള്‍ച്ചറൽ എക്കണോമിക്സ് എന്ന ഒരു ത്രമാസികാഗ്രന്ഥം ഈ സൊസൈറ്റി പ്രസിദ്ധീകരിക്കുന്നുണ്ട്. സൊസൈറ്റി കാർഷികധനശാസ്ത്രവിഷയങ്ങളെക്കുറിച്ച് നേരിട്ടു ഗവേഷണങ്ങള്‍ നടത്തുകയും മറ്റു സംഘടനകളോ വ്യക്തികളോ നടത്തുന്ന ഗവേഷണങ്ങള്‍ക്ക് സാങ്കേതികസാമ്പത്തികസഹായങ്ങള് നല്‍കുകയും ചെയ്യുന്നു.
ഈ സംഘടനയുടെ ആഭിമുഖ്യത്തിൽ 1956 മുതൽ വർഷന്തോറും ഗവേഷണസെമിനാറുകള് നടത്തിവരുന്നു. വിവിധ ഗവേഷണകാര്യങ്ങളെക്കുറിച്ചുള്ള പര്യാലോചനകള്‍ക്കായി വാർഷികസമ്മേളനങ്ങള്‍ നടത്തുന്നതിനുള്ള ഏർപ്പാടുകളും ഈ സംഘടനയിൽ നിലവിലുണ്ട്. സമ്മേളനത്തിൽ ചർച്ചചെയ്യുന്ന പ്രബന്ധങ്ങള്‍ ജേണലിന്റെ കോണ്‍ഫറന്‍സ് പതിപ്പിൽ പ്രസിദ്ധീകരിക്കാറുണ്ട്.
ഇന്റർനാഷണൽ അസോസിയേഷന് ഒഫ് അഗ്രിക്കള്‍ച്ചറൽ എക്കണോമിക്സ് എന്ന സംഘടനയുമായി അടുത്തബന്ധം പുലർത്തുന്ന ഈ സൊസൈറ്റി അന്താരാഷ്ട്രസംഘടനയിലേക്ക് ഇന്ത്യയിൽനിന്നുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്ന ചുമതലകൂടി നിർവഹിക്കുന്നുണ്ട്.
വേള്‍ഡ് അഗ്രിക്കള്‍ച്ചറൽ എക്കണോമിക്സ് ആന്‍ഡ് റൂറൽ സോഷ്യോളജി ആബ്സ്ട്രാക്റ്റ്സ് ജേണലിലേക്ക് ഇന്ത്യയിൽനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന ഗ്രന്ഥങ്ങളിലും കാലിക പ്രസിദ്ധീകരണങ്ങളിലുമുള്ള ഗവേഷണപ്രബന്ധങ്ങളുടെ സംക്ഷേപങ്ങള്‍ തയ്യാറാക്കുന്നതും ഈ സൊസൈറ്റിയാണ്. ഇന്ത്യന്‍ കൗണ്‍സിൽ ഒഫ് സോഷ്യൽ സയന്‍സ് റിസർച്ചിന്റെ ധനസഹായത്തോടെ ഈ സൊസൈറ്റി ഇന്ത്യയിൽനിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നും പ്രസിദ്ധപ്പെടുത്തുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ ലേഖനങ്ങളുടെ ഒരു സൂചിക തയ്യാറാക്കുന്നുണ്ട്. കാർഷിക വികസനത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ ഇന്ത്യാഗവണ്മെന്റ് ഈ സംഘടനയുടെ സഹായം ആവശ്യപ്പെടാറുണ്ട്. ഈ സൊസൈറ്റി ഇന്ത്യന്‍ കൗണ്‍സിൽ ഒഫ് അഗ്രിക്കള്‍ച്ചറൽ റിസർച്ച്, ഇന്ത്യന്‍ എക്കണോമിക്സ് അസോസിയേഷന് എന്നീ സംഘടനകളുമായി സഹകരിച്ച് പല ക്രിയാത്മകകാര്യങ്ങളും നിർവഹിച്ചുവരുന്നു.