This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ സൊസൈറ്റി ഒഫ്‌ അഗ്രിക്കള്‍ച്ചറൽ എക്കണോമിക്‌സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്ത്യന്‍ സൊസൈറ്റി ഒഫ്‌ അഗ്രിക്കള്‍ച്ചറല്‍ എക്കണോമിക്‌സ്‌

കാര്‍ഷിക ധനശാസ്‌ത്രപഠനത്തിനും വികസനത്തിനും വേണ്ടി സ്ഥാപിതമായ സംഘടന. 1939 ജനു. 27-നു ഇംപീരിയല്‍ കൗണ്‍സില്‍ ഒഫ്‌ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ ഉപാധ്യക്ഷനായിരുന്ന ബ്രൈസ്‌ബര്‍ട്ടിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ ഈ സംഘടന രൂപവത്‌കരിക്കാനുള്ള തീരുമാനമുണ്ടായത്‌. മാല്‍കം എല്‍. ഡാല്‍ലിങ്‌ പ്രഥമാധ്യക്ഷനായി 1939-ല്‍ സ്ഥാപിതമായ ഈ സംഘടനയുടെ ആസ്ഥാനം മുംബൈയാണ്‌. കൃഷി, ഗ്രാമജീവിതം എന്നിവയുടെ സാമൂഹികസാമ്പത്തിക നിലവാരങ്ങളെ സംബന്ധിച്ച പഠനം, കാര്‍ഷികധനശാസ്‌ത്രപഠന വിപുലീകരണം, ഗവേഷണം എന്നിവയാണ്‌ ഇതിന്റെ ലക്ഷ്യങ്ങള്‍. വര്‍ഷന്തോറും തെരഞ്ഞെടുക്കപ്പെടുന്ന ഒരു സമിതിയാണ്‌ ഈ സംഘടനയുടെ ഭരണച്ചുമതല നിര്‍വഹിച്ചുവരുന്നത്‌.

ഇന്ത്യന്‍ ജേണല്‍ ഒഫ്‌ അഗ്രികള്‍ച്ചറല്‍ എക്കണോമിക്‌സ്‌ എന്ന ഒരു ത്രൈമാസികാഗ്രന്ഥം ഈ സൊസൈറ്റി പ്രസിദ്ധീകരിക്കുന്നുണ്ട്‌. സൊസൈറ്റി കാര്‍ഷികധനശാസ്‌ത്രവിഷയങ്ങളെക്കുറിച്ച്‌ നേരിട്ടു ഗവേഷണങ്ങള്‍ നടത്തുകയും മറ്റു സംഘടനകളോ വ്യക്തികളോ നടത്തുന്ന ഗവേഷണങ്ങള്‍ക്ക്‌ സാങ്കേതികസാമ്പത്തികസഹായങ്ങള്‍ നല്‌കുകയും ചെയ്യുന്നു.

ഈ സംഘടനയുടെ ആഭിമുഖ്യത്തില്‍ 1956 മുതല്‍ വര്‍ഷന്തോറും ഗവേഷണസെമിനാറുകള്‍ നടത്തിവരുന്നു.

വിവിധ ഗവേഷണകാര്യങ്ങളെക്കുറിച്ചുള്ള പര്യാലോചനകള്‍ക്കായി വാര്‍ഷികസമ്മേളനങ്ങള്‍ നടത്തുന്നതിനുള്ള ഏര്‍പ്പാടുകളും ഈ സംഘടനയില്‍ നിലവിലുണ്ട്‌. സമ്മേളനത്തില്‍ ചര്‍ച്ചചെയ്യുന്ന പ്രബന്ധങ്ങള്‍ ജേണലിന്റെ കോണ്‍ഫറന്‍സ്‌ പതിപ്പില്‍ പ്രസിദ്ധീകരിക്കാറുണ്ട്‌.

ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഒഫ്‌ അഗ്രിക്കള്‍ച്ചറല്‍ എക്കണോമിക്‌സ്‌ എന്ന സംഘടനയുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഈ സൊസൈറ്റി അന്താരാഷ്‌ട്രസംഘടനയിലേക്ക്‌ ഇന്ത്യയില്‍നിന്നുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്ന ചുമതലകൂടി നിര്‍വഹിക്കുന്നുണ്ട്‌.

വേള്‍ഡ്‌ അഗ്രിക്കള്‍ച്ചറല്‍ എക്കണോമിക്‌സ്‌ ആന്‍ഡ്‌ റൂറല്‍ സോഷ്യോളജി ആബ്‌സ്‌ട്രാക്‌റ്റ്‌സ്‌ ജേണലിലേക്ക്‌ ഇന്ത്യയില്‍നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന ഗ്രന്ഥങ്ങളിലും കാലിക പ്രസിദ്ധീകരണങ്ങളിലുമുള്ള ഗവേഷണപ്രബന്ധങ്ങളുടെ സംക്ഷേപങ്ങള്‍ തയ്യാറാക്കുന്നതും ഈ സൊസൈറ്റിയാണ്‌. ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ്‌ സോഷ്യല്‍ സയന്‍സ്‌ റിസര്‍ച്ചിന്റെ ധനസഹായത്തോടെ ഈ സൊസൈറ്റി ഇന്ത്യയില്‍നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നും പ്രസിദ്ധപ്പെടുത്തുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ ലേഖനങ്ങളുടെ ഒരു സൂചിക തയ്യാറാക്കുന്നുണ്ട്‌. കാര്‍ഷിക വികസനത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ ഇന്ത്യാഗവണ്‍മെന്റ്‌ ഈ സംഘടനയുടെ സഹായം ആവശ്യപ്പെടാറുണ്ട്‌. ഈ സൊസൈറ്റി ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ്‌ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്‌, ഇന്ത്യന്‍ എക്കണോമിക്‌സ്‌ അസോസിയേഷന്‍ എന്നീ സംഘടനകളുമായി സഹകരിച്ച്‌ പല ക്രിയാത്മകകാര്യങ്ങളും നിര്‍വഹിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍