This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ ഭരണഘടന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഇന്ത്യന്‍ ഭരണഘടന

രാജ്യസഭയ്ക്കു മുന്നിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ പ്രതിമ (1967)

ഇന്ത്യയുടെ ഭരണത്തെ സംബന്ധിക്കുന്ന ലിഖിത നിയമസംഹിത. ഇന്ത്യയെന്ന രാഷ്‌ട്രത്തിന്റെ ഘടന അതിന്റെ വ്യവസ്ഥാപനം, ഭരണസംവിധാനം, പൗരന്മാരുടെ അവകാശങ്ങള്‍, ധര്‍മങ്ങള്‍, രാഷ്‌ട്രത്തിന്റെ ഭാവി നയ വീക്ഷണങ്ങള്‍, ഫെഡറല്‍ രാഷ്‌ട്രഘടനയിലെ ബന്ധങ്ങള്‍, അധികാരസ്ഥാനങ്ങളും അധികാരസ്ഥരുടെ അധികാരങ്ങളും ധര്‍മങ്ങളും, ഭരണഘടനയുടെ പ്രാബല്യം-പരിഷ്‌കാരം-ഒഴിവുകഴിവുകള്‍, നിര്‍വഹണക്രമം മുതലായവ സംഹിതപ്പെടുത്തുകയും വ്യവസ്ഥാപിതമാക്കുകയും രാഷ്‌ട്രം, ജനത, ഭൂപ്രദേശം എന്നിവയുടെ ഭാവി പരിപാലനം ഉറപ്പാക്കുകയും ചെയ്യുന്നതും നിയമവാഴ്‌ചയുടെ അടിത്തറയായി വര്‍ത്തിക്കുന്നതുമായ ക്രോഡീകൃത ഉപാധിയാണ്‌ ഇന്ത്യന്‍ ഭരണഘടന. ഇന്ത്യന്‍ ഭരണഘടന എഴുതിത്തയ്യാറാക്കുകയും പാസാക്കുകയും ചെയ്‌തത്‌ 1946-ല്‍ രൂപവത്‌കൃതമായ ഭരണഘടനാനിര്‍മാണസഭയാണ്‌ (Constituent Assembly). സഭാംഗങ്ങള്‍ പ്രവിശ്യകളിലെ നിയമസഭകളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. പ്രവിശ്യാനിയമസഭകളിലെ അംഗങ്ങള്‍ 1935-ലെ ഇന്ത്യന്‍ നിയമപ്രകാരം നിയന്ത്രിതമായ വോട്ടവകാശാടിസ്ഥാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. ഭരണഘടനാനിര്‍മാണസഭാംഗങ്ങള്‍ ജനങ്ങളാല്‍ നേരിട്ടു തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നില്ല; എന്നിരുന്നാലും 1947-ലെ ഇന്ത്യന്‍ സ്വാതന്ത്ര്യനിയമം ഭരണഘടനാനിര്‍മാണസഭയ്‌ക്ക്‌ പരമാധികാരസ്വഭാവം നല്‌കുകയുണ്ടായി. ഭരണഘടന എഴുതിത്തയ്യാറാക്കുവാന്‍ ഡോ. അംബേദ്‌കര്‍ അധ്യക്ഷനായി ഒരു കമ്മിറ്റി നിയുക്തമായി. 1949 ന. 26-നു ഇന്ത്യന്‍ ഭരണഘടന ഔപചാരികമായി അംഗീകരിക്കപ്പെട്ടു.

ലോകത്തിലെ ഏറ്റവും ദീര്‍ഘവും സമഗ്രവുമായ ഭരണഘടനയാണ്‌ ഇന്ത്യയുടേത്‌. ഇതില്‍ 22 ഭാഗങ്ങളിലായി (കൂട്ടിച്ചേര്‍ക്കപ്പെട്ട 84 അനുച്ഛേദങ്ങള്‍ കണക്കിലെടുക്കുകയും ഒഴിവാക്കപ്പെട്ട 31 അനുച്ഛേദങ്ങള്‍ കുറയ്‌ക്കുകയും ചെയ്‌താല്‍) 448 അനുച്ഛേദങ്ങളും 12 പട്ടികകളും ഉള്‍ക്കൊള്ളുന്നു.

മുഖവാചകം (Preample)

"ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ്‌ മതേതരജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാര്‍ക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ നീതിക്കും ചിന്തയ്‌ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്‌ഠയ്‌ക്കും ആരാധനയ്‌ക്കും ഉള്ള സ്വാതന്ത്ര്യവും പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്യമാക്കുവാനും അവരിലെല്ലാവരിലും വ്യക്തിയുടെ അന്തസ്സും രാഷ്‌ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സുനിശ്ചിതമാക്കിക്കൊണ്ട്‌ സാഹോദര്യം പുലര്‍ത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കുകയാല്‍ നമ്മുടെ ഭരണഘടനാനിര്‍മാണസഭയില്‍ ഈ 1949 ന. ഇരുപത്തിയാറാം ദിവസം ഇതിനാല്‍ ഈ ഭരണഘടനയെ സ്വീകരിക്കുകയും അധിനിയമം ചെയ്യുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.'

22 ഭാഗങ്ങള്‍

യൂണിയന്‍ ഭൂപ്രദേശം

ഭരണഘടനയുടെ മുഖവാചകം

ഭരണഘടനയുടെ ഒന്നാംഭാഗം, ഇന്ത്യ സ്റ്റേറ്റുകളുടെ അഥവാ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണെന്നു പ്രഖ്യാപിച്ചിരിക്കുന്നു. "സ്റ്റേറ്റുകളുടെ യൂണിയന്‍' എന്നതില്‍ രണ്ട്‌ ആശയങ്ങള്‍ അടങ്ങിയിരിക്കുന്നതായി ഡോ. അംബേദ്‌കര്‍ സൂചിപ്പിക്കുന്നു. ഒന്ന്‌, ഭരണഘടകങ്ങള്‍ തമ്മിലുള്ള ഒരു ഒത്തുതീര്‍പ്പിന്റെ ഫലമായി രൂപം കൊണ്ടതല്ല ഇന്ത്യന്‍ ഫെഡറേഷന്‍. രണ്ട്‌, ഘടകസംസ്ഥാനങ്ങള്‍ക്ക്‌ യൂണിയനില്‍ നിന്നും വിട്ടുമാറാന്‍ സ്വാതന്ത്ര്യവുമില്ല. ഇന്ത്യയുടെ ഭരണപ്രദേശം (territory) ഒന്നാം പട്ടികയില്‍ നിര്‍ദിഷ്‌ടമായിരിക്കുന്നു; ഭരണഘടനയുടെ ഒന്നാം പട്ടികയനുസരിച്ചും നിലവില്‍ ഭരണഘടനാഭാഗം (1) അനുസരിച്ചും 28 സംസ്ഥാനങ്ങളും ഏഴ്‌ കേന്ദ്രഭരണപ്രദേശങ്ങളും ആണ്‌ ഇന്ത്യയുടെ ഭൂപരിധിയിലുള്ളത്‌. എന്നാല്‍ രാഷ്‌ട്രത്തിന്റെ നിയാമകാധികാരങ്ങള്‍ കേന്ദ്ര-സംസ്ഥാന-തദ്ദേശ ഭരണതലങ്ങള്‍ക്കിടയില്‍ വ്യവസ്ഥാപിതമായി വിന്യസിച്ചിരിക്കയാല്‍ ഇന്ത്യന്‍ യൂണിയന്‍ എന്നത്‌ ഫെഡറല്‍ സ്വഭാവത്തോടെയുള്ളതായിരിക്കും. പുതിയ സംസ്ഥാന രൂപീകരണം, നിലവിലുള്ളവയുടെ പുനഃസംഘാടനം എന്നിവ പാര്‍ലമെന്റിന്റെ അധികാരപരിധിയില്‍പ്പെടുന്നു.

പൗരത്വം

ഭരണഘടനയുടെ രണ്ടാം ഭാഗം ഇന്ത്യന്‍ പൗരത്വത്തെപ്പറ്റി പ്രതിപാദിക്കുന്നു. ഇന്ത്യയിലൊട്ടാകെ ഏകരൂപമായ ഒരു പൗരത്വം മാത്രമേ ഭരണഘടന നല്‌കുന്നുള്ളൂ. ഒരാള്‍ ഇന്ത്യയുടെ ഭൂപ്രദേശത്ത്‌ ജനിക്കുകയോ മാതാപിതാക്കളില്‍ ആരെങ്കിലും ഇന്ത്യയുടെ ഭൂപ്രദേശത്ത്‌ ജനിക്കുകയോ ഇന്ത്യന്‍ ഭരണഘടനയുടെ പ്രാരംഭത്തിനു തൊട്ടുമുമ്പ്‌ കുറഞ്ഞത്‌ അഞ്ചുവര്‍ഷം ഇന്ത്യയുടെ ഭൂപ്രദേശത്ത്‌ സാധാരണ താമസക്കാരനായിരിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കില്‍ അയാളെ ഇന്ത്യന്‍ പൗരനായി കണക്കാക്കുന്നതാണ്‌. ചില നിബന്ധനകള്‍ക്കു വിധേയമായി പാകിസ്‌താനില്‍നിന്നും ഇന്ത്യയിലേക്കു വന്നിട്ടുള്ള ആളുകള്‍ക്കും പാകിസ്‌താനിലേക്കു നാടുമാറിപ്പോയിട്ടുള്ള ചിലയാളുകള്‍ക്കും ഇന്ത്യന്‍ പൗരത്വം നേടാവുന്നതാണ്‌. ഇന്ത്യയില്‍ ജനിച്ച്‌, ഇന്ത്യയ്‌ക്കു പുറമേയുള്ള ഏതെങ്കിലും രാജ്യത്തില്‍ താമസിക്കുന്ന ആളുകള്‍ക്ക്‌ ആ രാജ്യത്തെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയുടെ മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചും ഇന്ത്യയിലെ പൗരനാകാവുന്നതാണ്‌. പതിനൊന്നാം അനുച്ഛേദമനുസരിച്ച്‌ പാര്‍ലമെന്റിന്‌ പൗരത്വത്തിനുള്ള അവകാശത്തെ നിയമംമൂലം ക്രമപ്പെടുത്താവുന്നതാണ്‌.

മൗലികാവകാശങ്ങള്‍ (Fundamental rights).

ഇന്ത്യന്‍ പാര്‍ലമെന്റ്‌ മന്ദിരം

മൂന്നാം ഭാഗത്ത്‌ മൗലികാവകാശങ്ങള്‍ വിവരിച്ചിരിക്കുന്നു. ഒരു കൂട്ടം മൗലികാവകാശങ്ങള്‍ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കുകയും ഒരു സ്വതന്ത്രനീതിന്യായ സമ്പ്രദായംമുഖേന അവയ്‌ക്ക്‌ ഉറപ്പുനല്‌കുകയും ചെയ്‌തിട്ടുണ്ട്‌. മൗലികാവകാശങ്ങള്‍ ഹനിക്കുന്നതോ വ്യക്തിയുടെ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതോ ആയ നിയമങ്ങള്‍ നിര്‍മിക്കാന്‍ നിയമനിര്‍മാണസഭകള്‍ക്ക്‌ അധികാരമില്ല. സമത്വത്തിനുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, അടിസ്ഥാനവിദ്യാഭ്യാസാവകാശം, ചൂഷണത്തിനെതിരായ അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, അതിജീവന അവകാശം, സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം, ഭരണഘടനാസംബന്ധമായ നിവൃത്തിമാര്‍ഗത്തിനുള്ള അവകാശം എന്നിങ്ങനെ മൗലികാവകാശങ്ങളെ വര്‍ഗീകരിച്ചിട്ടുണ്ട്‌.

ഇന്ത്യയുടെ ഭൂപ്രദേശത്തിനകത്ത്‌ ഏതൊരാള്‍ക്കും നിയമത്തിനുമുമ്പില്‍ സമത്വമോ നിയമങ്ങളുടെ സമമായ പരിരക്ഷണമോ നിഷേധിക്കാന്‍ പാടില്ലെന്ന്‌ 14-ാം അനുച്ഛേദം അനുശാസിക്കുന്നു. 15 മുതല്‍ 19 വരെ അനുച്ഛേദങ്ങള്‍ ഏറ്റവും പ്രധാനമായ ചില മൗലികാവകാശങ്ങള്‍ വാഗ്‌ദാനം ചെയ്യുന്നു. മതമോ വംശമോ ജാതിയോ ലിംഗമോ ജനനസ്ഥലമോ അടിസ്ഥാനമാക്കി യാതൊരു വിവേചനവും പാടുള്ളതല്ല. എല്ലാ പൗരന്മാര്‍ക്കും പ്രസംഗസ്വാതന്ത്ര്യത്തിനും ആശയപ്രകടനസ്വാതന്ത്ര്യത്തിനും അവകാശമുണ്ട്‌. സമാധാനപരമായും ആയുധങ്ങള്‍ കൂടാതെയും സമ്മേളിക്കുവാനും സമാജങ്ങളോ യൂണിയനുകളോ രൂപവത്‌കരിക്കുവാനും ഇന്ത്യയിലെ പൗരന്മാര്‍ക്ക്‌ അവകാശമുണ്ടായിരിക്കും. ഏതൊരു പൗരനും ഇന്ത്യയുടെ ഭൂപ്രദേശത്ത്‌ എവിടെയും സ്വച്ഛന്ദം സഞ്ചരിക്കുവാനും ഇന്ത്യയില്‍ എവിടെയും താത്‌കാലികമായി താമസിക്കുവാനും സ്ഥിരതാമസമാക്കുവാനും സ്വാതന്ത്ര്യമുണ്ട്‌. ഏതെങ്കിലും പ്രൊഫഷനില്‍ ഏര്‍പ്പെടുന്നതിനും, വ്യാപാരവാണിജ്യം നടത്തുന്നതിനും ഏതെങ്കിലും തൊഴിലില്‍ ഏര്‍പ്പെടുന്നതിനും ഏതൊരു പൗരനും സ്വതന്ത്രാവകാശമുണ്ട്‌. എന്നാല്‍ ഭരണഘടന വ്യക്തിക്ക്‌ അനുവദിച്ചുകൊടുത്തിട്ടുള്ള ഈ മൗലികാവകാശങ്ങള്‍ രാജ്യരക്ഷയെയും പൊതുജനക്ഷേമത്തെയും നിയമക്രമസമാധാനത്തെയും മറികടക്കുവാന്‍ പാടില്ലെന്നുണ്ട്‌. നിയമം മുഖേന സ്ഥാപിതമായിട്ടുള്ള നടപടിക്രമം അനുസരിച്ചല്ലാതെ ഏതൊരാളുടെയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ ഇല്ലാതാക്കുവാന്‍ പാടുള്ളതല്ല. അന്തഃകരണസ്വാതന്ത്ര്യവും 6 മുതല്‍ 14 വയസ്സു വരെ പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക്‌ നിര്‍ബന്ധിതവും സൗജന്യവുമായ പ്രാഥമിക വിദ്യാഭ്യാസാവകാശം ഉറപ്പു നല്‌കാനുള്ള വ്യവസ്ഥയും ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു. സ്വതന്ത്രമായ മതവിശ്വാസപ്രകടനവും മതാചരണവും മതപ്രചാരണവും സംബന്ധിച്ച അവകാശം സംരക്ഷിക്കുന്നതാണ്‌ 25-ാം അനുച്ഛേദം. ന്യൂനപക്ഷങ്ങള്‍ക്ക്‌ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍ 29-ഉം 30-ഉം അനുച്ഛേദങ്ങള്‍ നല്‌കുന്നു. ഏതെങ്കിലും മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ആ അവകാശം തിരിച്ചുകിട്ടുവാന്‍ ഇന്ത്യയിലെ സുപ്രീംകോടതിയെയോ ഹൈക്കോടതിയെയോ നേരിട്ടു സമീപിക്കുവാന്‍ ഏതു സങ്കടക്കാരനും അവകാശം പകര്‍ന്നുകൊടുക്കുന്നുമുണ്ട്‌ (അനുച്ഛേദം 32, 226). ഇതും മൗലികപൗരാവകാശങ്ങളില്‍പ്പെട്ടതാണ്‌.

നിര്‍ദേശക തത്ത്വങ്ങള്‍ (Directive principles of state policy).

സ്റ്റേറ്റ്‌ നയത്തിന്റെ നിര്‍ദേശകതത്ത്വങ്ങളാണ്‌ നാലാം ഭാഗത്തില്‍ പ്രതിപാദിക്കുന്നത്‌. ജനങ്ങളുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള ഒരു സാമൂഹികവ്യവസ്ഥിതി സ്റ്റേറ്റ്‌ കൈവരുത്തണമെന്ന്‌ ഈ ഭാഗം ആവശ്യപ്പെടുന്നു.

എല്ലാ പൗരന്മാര്‍ക്കും മതിയായ ഉപജീവനോപായങ്ങള്‍ക്കുള്ള സൗകര്യം ഉണ്ടാക്കുക; ഭൗതികവിഭവങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണവും പൊതുനന്മയ്‌ക്കുതകുന്നവിധത്തില്‍ വിതരണം ചെയ്യുക; പൊതുതാത്‌പര്യങ്ങള്‍ക്കു ഹാനികരമായവിധത്തില്‍ സമ്പത്തും ഉത്‌പാദനോപകരണങ്ങളും കേന്ദ്രീകരിക്കുന്നതിന്‌ ഇടയാക്കാതിരിക്കുക; തുല്യജോലിക്ക്‌ തുല്യവേതനം ഉറപ്പാക്കുക; ആരോഗ്യപരമായ ചുറ്റുപാടുകളില്‍ സ്വാതന്ത്ര്യത്തോടും അന്തസ്സോടും കുട്ടികള്‍ വളരുന്നതിനുവേണ്ട അവസരങ്ങളും സൗകര്യങ്ങളും പ്രദാനം ചെയ്യുക; സാന്മാര്‍ഗികവും ഭൗതികവുമായ ചൂഷണത്തില്‍നിന്ന്‌ ബാല്യത്തെയും യൗവനത്തെയും സംരക്ഷിക്കുക; സാമ്പത്തികമായി പിന്നാക്കം നില്‌ക്കുന്നവര്‍ക്ക്‌ സൗജന്യനിയമസഹായം ലഭ്യമാക്കുക. സ്വയംഭരണത്തിന്റെ അടിസ്ഥാന ഘടകങ്ങളായി, ഗ്രാമപഞ്ചായത്തുകള്‍ സംഘടിപ്പിക്കുക (വകുപ്പ്‌ 40) രാജ്യത്തിനാകമാനം ബാധകമായ ഒരു സിവില്‍ നിയമസംഹിത നിര്‍മിക്കുക (44-ാം വകുപ്പ്‌) എന്നിവ നിര്‍ദേശകതത്ത്വങ്ങളില്‍പ്പെട്ട പ്രധാന ഇനങ്ങളാണ്‌. നോ. നിര്‍ദേശകതത്ത്വം

മൗലിക ധര്‍മങ്ങള്‍

1976-ലെ 42-ാം ഭരണഘടനാഭേദഗതി നിയമമനുസരിച്ച്‌ മൗലിക ധര്‍മങ്ങള്‍ (Fundamental duties)എന്ന ഭാഗം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്‌ (ഭാഗം IV എ. അനുച്ഛേദം 51 എ). ഇതനുസരിച്ച്‌ ഇന്ത്യയിലെ ഏതൊരു പൗരനും മൗലികമായ ചില ധര്‍മങ്ങള്‍ അനുഷ്‌ഠിക്കേണ്ടതുണ്ട്‌.

മൗലിക ധര്‍മങ്ങള്‍ എന്നതിലൂടെ രാഷ്‌ട്രത്തോടും സമൂഹത്തോടും പൗരന്‍ പാലിച്ചിരിക്കേണ്ടുന്ന മൗലികധര്‍മങ്ങള്‍ ഭരണഘടന അനുശാസിക്കുന്നുണ്ട്‌. 1976-ലെ 42-ാം ഭരണഘടനാഭേദഗതിയില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ട പത്ത്‌ വ്യവസ്ഥകളും 2002-ലെ 86-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തപ്പെട്ട ഒരു വ്യവസ്ഥയുമാണ്‌ ഇതിലുള്ളത്‌. ഭാഗം 4 എയില്‍ പരാമര്‍ശിക്കുന്ന പ്രധാന പൗരധര്‍മങ്ങള്‍ (1) ഭരണഘടനയെ അനുസരിക്കുകയും അതിന്റെ ആദര്‍ശങ്ങളെയും സ്ഥാപനങ്ങളെയും ദേശീയപതാകയെയും ദേശീയഗാനത്തെയും ആദരിക്കുകയും ചെയ്യുക (2) ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ തത്ത്വങ്ങള്‍ പരിപാലിക്കുക (3) രാഷ്‌ട്രത്തിന്റെ പരമാധികാരം അഖണ്ഡത, ഐക്യം എന്നിവ സംരക്ഷിക്കുക (4) രാഷ്‌ട്രസേവന സന്നദ്ധരായിരിക്കുക (5) സാഹോദര്യവും പാരസ്‌പര്യവും പുലര്‍ത്തുക, സ്‌ത്രീത്വപദവി സംരക്ഷിക്കുക (6) ചരിത്ര സാംസ്‌കാരിക സമ്പത്ത്‌ സംരക്ഷിക്കുക (7) പ്രകൃത്യപരിസ്ഥിതി സംരക്ഷിക്കുകയും ജീവജാലങ്ങളോട്‌ കാരുണ്യം കാണിക്കുകയും ചെയ്യുക (8) ശാസ്‌ത്രാവബോധവും ശാസ്‌ത്രാഭിമുഖ്യവും വളര്‍ത്തുക (9) പൊതുമുതല്‍ സംരക്ഷിക്കുകയും ഹിംസ വര്‍ജിക്കുകയും ചെയ്യുക (10) രാഷ്‌ട്രത്തെയും ജനതയെയും അഭിവൃദ്ധിയിലേക്കുയര്‍ത്തുക (11) എല്ലാ കുട്ടികള്‍ക്കും അടിസ്ഥാന വിദ്യാഭ്യാസവും ശിശു പരിചരണവും ഉറപ്പാക്കുക എന്നിവയാണ്‌.

കേന്ദ്ര ഭരണസംവിധാനം

എക്‌സിക്യൂട്ടീവ്‌

ഇന്ത്യന്‍ യൂണിയനെ സംബന്ധിക്കുന്ന കാര്യങ്ങളാണ്‌ അഞ്ചാം ഭാഗത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്‌. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, മന്ത്രിസഭ എന്നിവര്‍ അടങ്ങുന്നതാണ്‌ യൂണിയന്‍ എക്‌സിക്യൂട്ടീവ്‌. രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഭരണഘടനയിലുണ്ട്‌. പാര്‍ലമെന്റിലെയും സംസ്ഥാനനിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍മാത്രം ഉള്‍ക്കൊള്ളുന്ന ഒരു നിയോജകഗണം (Electoral College) ഏക കൈമാറ്റവോട്ടുമൂലം ആനുപാതികപ്രാതിനിധ്യമനുസരിച്ച്‌ രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നു. രാഷ്‌ട്രപതി ഇന്ത്യയിലെ പൗരനായിരിക്കണം; 35 വയസ്‌ കഴിഞ്ഞയാളുമായിരിക്കണം; ലോക്‌സഭയിലെ ഒരംഗമായി തിരഞ്ഞെടുക്കപ്പെടുവാന്‍ യോഗ്യനുമായിരിക്കണം.

അഞ്ചുവര്‍ഷത്തേക്കാണ്‌ രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നത്‌. പാര്‍ലമെന്റില്‍ രണ്ടിലേതെങ്കിലും ഒരു സഭയില്‍ കൊണ്ടുവരുന്ന ഒരു പ്രമേയംമൂലം ഭരണഘടനയുടെ ലംഘനത്തിന്‌ രാഷ്‌ട്രപതിയെ ഇംപീച്ച്‌ ചെയ്യാവുന്നതാണ്‌. അപ്രകാരമുള്ള പ്രമേയം പാസാകണമെങ്കില്‍ ഓരോ മണ്ഡലത്തിലും മൂന്നില്‍ രണ്ടുഭാഗം അംഗങ്ങളുടെ ഭൂരിപക്ഷം അതിന്‌ അനുകൂലമായി കിട്ടിയിരിക്കണമെന്നുണ്ട്‌. രാഷ്‌ട്രപതിക്ക്‌ ഭരണനിര്‍വഹണപരവും നിയമനിര്‍മാണപരവും നീതിന്യായപരവും അടിയന്തരവുമായ അധികാരങ്ങളുണ്ട്‌; ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിക്കാനുള്ള അധികാരവും രാഷ്‌ട്രപതിയില്‍ നിക്ഷിപ്‌തമായിരിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ പരമാധികാരസ്ഥാനവും രാഷ്‌ട്രപതിയില്‍ നിക്ഷിപ്‌തമാണ്‌.

ഉപരാഷ്‌ട്രപതിയുടെ തിരഞ്ഞെടുപ്പ്‌ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍ അടങ്ങിയ ഒരു നിയോജകഗണം ഏക കൈമാറ്റവോട്ടുവഴി ആനുപാതികപ്രാതിനിധ്യസമ്പ്രദായമനുസരിച്ച്‌ ഉപരാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നു. ഉപരാഷ്‌ട്രപതി രാജ്യസഭയുടെ എക്‌സ്‌ ഒഫിഷ്യോ അധ്യക്ഷനാണ്‌. രാഷ്‌ട്രപതിസ്ഥാനത്ത്‌ ഒഴിവുണ്ടാകുമ്പോള്‍ ആ സ്ഥാനം വഹിക്കുവാന്‍ ഉപരാഷ്‌ട്രപതിക്ക്‌ അധികാരമുണ്ട്‌. രാഷ്‌ട്രപതിയെ അദ്ദേഹത്തിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ സഹായിക്കുവാനും ഉപദേശിക്കുവാനുമായി പ്രധാനമന്ത്രി അധ്യക്ഷനായുള്ള ഒരു മന്ത്രിസഭയുണ്ട്‌. മന്ത്രിസഭയുടെ ഉപദേശമനുസരിച്ചായിരിക്കണം രാഷ്‌ട്രപതി തന്റെ ചുമതലകള്‍ നിര്‍വഹിക്കേണ്ടത്‌. രാഷ്‌ട്രപതിയാണ്‌ പ്രധാനമന്ത്രിയെ നിയമിക്കുന്നത്‌. പ്രധാനമന്ത്രിയുടെ ഉപദേശമനുസരിച്ച്‌ രാഷ്‌ട്രപതി മറ്റു മന്ത്രിമാരെയും നിയമിക്കുന്നു. രാഷ്‌ട്രപതിക്ക്‌ പ്രീതിയുള്ളിടത്തോളം കാലം മന്ത്രിമാര്‍ ഉദ്യോഗം വഹിക്കുന്നു. മന്ത്രിസഭ പാര്‍ലമെന്റിനോട്‌ കൂട്ടായി ഉത്തരവാദപ്പെട്ടിരിക്കുന്നു.

സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കപ്പെടാന്‍ യോഗ്യതയുള്ള ഒരാളെ രാഷ്‌ട്രപതി ഇന്ത്യയുടെ അറ്റോര്‍ണി ജനറലായി നിയമിക്കുന്നു. നിയമപരമായ വിഷയങ്ങളെക്കുറിച്ച്‌ ഇന്ത്യാഗവണ്‍മെന്റിന്‌ ഉപദേശം നല്‌കേണ്ടത്‌ അറ്റോര്‍ണി ജനറലാണ്‌. അറ്റോര്‍ണി ജനറലിന്‌ ഇന്ത്യയിലെ എല്ലാ കോടതികളിലും ശ്രവണാധികാരമുണ്ടായിരിക്കും.

നിയമനിര്‍മാണം

യൂണിയന്‌ രാഷ്‌ട്രപതിയും യഥാക്രമം രാജ്യസഭയെന്നും ലോക്‌സഭയെന്നും അറിയപ്പെടുന്ന രണ്ടുസഭകളും അടങ്ങുന്ന ഒരു പാര്‍ലമെന്റും ഉണ്ട്‌. രാജ്യസഭയില്‍ മൊത്തം 250 അംഗങ്ങളുണ്ട്‌. 238 പേര്‍ സംസ്ഥാന നിയമസഭകളില്‍നിന്ന്‌ തിരഞ്ഞെടുക്കപ്പെടുന്നവരാണ്‌. സാഹിത്യം, ശാസ്‌ത്രം, കല, സാമൂഹികസേവനം എന്നീ വിഷയങ്ങളില്‍ പ്രത്യേക പരിജ്ഞാനവും പ്രായോഗികപരിചയവുമുള്ള 12 അംഗങ്ങളെ രാഷ്‌ട്രപതി നാമനിര്‍ദേശം ചെയ്യുന്നു. രാജ്യസഭ സ്ഥിരം നിലനില്‌ക്കുന്ന സഭയാകയാല്‍ മൂന്നിലൊന്ന്‌ അംഗങ്ങള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പിരിയുകയും ആ സ്ഥാനങ്ങളിലേക്ക്‌ പുതിയ അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്യും. രാജ്യസഭാംഗത്തിന്റെ കാലാവധി ആറ്‌ വര്‍ഷമായിരിക്കും. ജനങ്ങള്‍ നേരിട്ട്‌ ലോക്‌സഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നു. രാഷ്‌ട്രപതിയാല്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്ന രണ്ട്‌ ആംഗ്ലോഇന്ത്യന്‍ പ്രതിനിധികള്‍ ലോക്‌സഭാംഗങ്ങളായി ഉണ്ടാകും. പാര്‍ലമെന്റംഗമാകുന്നതിന്‌ യോഗ്യതകള്‍ നിശ്ചയിച്ചിട്ടുണ്ട്‌. ലോക്‌സഭാംഗമാകുന്നതിന്‌ 25 വയസ്സും രാജ്യസഭാംഗമാകുന്നതിന്‌ 30 വയസ്സും തികഞ്ഞിരിക്കണം. 42-ാം ഭേദഗതിനിയമമനുസരിച്ച്‌ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംസ്ഥാനനിയമനിര്‍മാണസഭകളുടെയും കാലാവധി അഞ്ച്‌ വര്‍ഷമായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്‌. ഉപരാഷ്‌ട്രപതിയുടെ അസാന്നിധ്യത്തില്‍ രാജ്യസഭയുടെ അധ്യക്ഷത വഹിക്കുന്നതിന്‌ ഒരു ഉപാധ്യക്ഷനെ തിരഞ്ഞെടുക്കാവുന്നതാണ്‌. ലോക്‌സഭയുടെ അധ്യക്ഷനായി സ്‌പീക്കറെയും ഉപാധ്യക്ഷനായി ഡെപ്യൂട്ടി സ്‌പീക്കറെയും ലോക്‌സഭാംഗങ്ങള്‍ തിരഞ്ഞെടുക്കുന്നു.

നീതിന്യായം

രാഷ്‌ട്രപതി നിയമിക്കുന്ന ചീഫ്‌ ജസ്റ്റിസും ജഡ്‌ജിമാരും അടങ്ങുന്നതാണ്‌ ഇന്ത്യയിലെ സുപ്രീംകോടതി. താഴെ പറയുന്ന തര്‍ക്കങ്ങളില്‍ സുപ്രീംകോടതിക്ക്‌ മറ്റേതു കോടതിയെയും ഒഴിവാക്കിക്കൊണ്ടുള്ള ആദ്യാധികാരിത (Original jurisdiction) ഉണ്ട്‌. (i) ഇന്ത്യാഗവണ്‍മെന്റും ഒന്നോ അതിലധികമോ സ്റ്റേറ്റുകളും തമ്മിലും; (ii) ഇന്ത്യാഗവണ്‍മെന്റും ഏതെങ്കിലും സ്റ്റേറ്റുകളും ഒരു ഭാഗത്തും ഒന്നോ അതിലധികമോ സ്റ്റേറ്റുകള്‍ മറുഭാഗത്തും; (iii) രണ്ടോ അതിലധികമോ സ്റ്റേറ്റുകള്‍ തമ്മിലും ഉള്ള തര്‍ക്കങ്ങളില്‍ ഈ അധികാരം പ്രയോഗിക്കാവുന്നതാണ്‌. സുപ്രീംകോടതിക്ക്‌ അപ്പീല്‍സംബന്ധമായി ഭരണഘടനാപരം; സിവില്‍, ക്രിമിനല്‍, വിശേഷാല്‍ എന്നിങ്ങനെ നാലുതരം അധികാരങ്ങളുണ്ട്‌. അഞ്ചിനം റിട്ടുകള്‍ പുറപ്പെടുവിക്കുകവഴി മൗലികപൗരാവകാശ പരിരക്ഷ ഉറപ്പാക്കാന്‍ സുപ്രീംകോടതിക്ക്‌ അധികാരമുണ്ട്‌. സുപ്രീംകോടതിയുടെ തീരുമാനങ്ങളില്‍ക്കൂടി പ്രഖ്യാപിക്കപ്പെടുന്ന നിയമതത്ത്വങ്ങള്‍ ഇന്ത്യയിലെ സകലകോടതികള്‍ക്കും ബാധകമാണ്‌. നിയമനിര്‍മാണ, നിയമനിര്‍വഹണ, ന്യായാധികാരസ്ഥാപനങ്ങള്‍ സുപ്രീംകോടതി നിരീക്ഷണത്തിനു വിധേയമാണ്‌. സുപ്രീംകോടതി ജഡ്‌ജിമാരെ സ്ഥാനത്തുനിന്ന്‌ നീക്കാന്‍ ഇംപീച്ച്‌മെന്റ്‌ നടപടിവേണ്ടി വരും.

പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പിന്റെയും അനുബന്ധ കൃത്യങ്ങളുടെയും നിര്‍വഹണാര്‍ഥം ഭരണഘടനാസ്ഥാപനമായ ദേശീയ തിരഞ്ഞെടുപ്പ്‌കമ്മിഷനും (ഒന്നോ അതില്‍ അധികമോ അംഗങ്ങളുള്ളത്‌) നിയോഗിക്കപ്പെടുന്നു. ഭരണകൂടത്തിന്റെ പണമിടപാടുകള്‍ പരിശോധിക്കുന്നതിന്‌ രാഷ്‌ട്രപതി കംപ്‌ട്രാളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിനെയും ഭരണഘടനാ അധികാരസ്ഥനായി നിയമിക്കുന്നു. ധനവിഭവവിതരണം സംബന്ധിച്ച കാര്യങ്ങള്‍ക്കായി ചെയര്‍മാനും നാല്‌ അംഗങ്ങളും ഉള്‍ക്കൊള്ളുന്ന ദേശീയ ധനകാര്യകമ്മിഷനും ഭരണഘടന വ്യവസ്ഥപ്പെടുത്തുന്നു.

സംസ്ഥാന ഭരണസംവിധാനം

സംസ്ഥാനങ്ങളെ സംബന്ധിക്കുന്ന വകുപ്പുകള്‍ ആറാം ഭാഗത്തിലാണുള്ളത്‌. സംസ്ഥാനത്തിന്റെ ഭരണാധികാരം നിക്ഷിപ്‌തമായിരിക്കുന്നത്‌ രാഷ്‌ട്രപതിയാല്‍ നിയമിക്കപ്പെടുന്ന ഗവര്‍ണറിലാണ്‌. ഗവര്‍ണറെ സഹായിക്കുവാനും ഉപദേശിക്കുവാനുമായി മുഖ്യമന്ത്രി തലവനായുള്ള ഒരു മന്ത്രിസഭയുണ്ടാകും. മന്ത്രിസഭ സംസ്ഥാനനിയമസഭയോട്‌ കൂട്ടായി ഉത്തരവാദപ്പെട്ടിരിക്കുന്നു. നിയമകാര്യങ്ങളില്‍ സ്റ്റേറ്റിനെ ഉപദേശിക്കുന്നത്‌ അഡ്വക്കേറ്റ്‌ ജനറലാണ്‌. ഗവര്‍ണറാണ്‌ മന്ത്രിമാരെയും അഡ്വക്കേറ്റ്‌ ജനറലിനെയും നിയമിക്കുന്നത്‌. ഗവര്‍ണര്‍ക്ക്‌ പ്രീതിയുള്ളിടത്തോളം കാലം മന്ത്രിമാരും അഡ്വക്കേറ്റ്‌ ജനറലും ഉദ്യോഗം വഹിക്കുന്നു.

ഓരോ സ്റ്റേറ്റിനും അവിടത്തെ ഗവര്‍ണറും ചില സ്റ്റേറ്റുകളില്‍ രണ്ട്‌ സഭകളും മറ്റു സ്റ്റേറ്റുകളില്‍ ഒരു സഭയും അടങ്ങുന്ന ഒരു നിയമനിര്‍മാണമണ്ഡലം ഉണ്ട്‌. രണ്ട്‌ സഭകളുള്ളിടത്ത്‌ ഒന്ന്‌ നിയമസമിതിയും മറ്റേത്‌ നിയമസഭയുമാണ്‌. തദ്ദേശാധികാരസ്ഥാപനങ്ങള്‍, ബിരുദധാരികള്‍, അധ്യാപകര്‍ എന്നീ വിഭാഗങ്ങളില്‍നിന്നു തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളും നിയമസഭാംഗങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളും സാഹിത്യം, ശാസ്‌ത്രം, കല, സഹകരണപ്രസ്ഥാനം, സാമൂഹികസേവനം എന്നീ വിഷയങ്ങളെ സംബന്ധിച്ച്‌ പ്രത്യേകജ്ഞാനമോ പ്രായോഗികപരിചയമോ ഉള്ളവരില്‍നിന്ന്‌ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങളും ഉള്‍പ്പെട്ടതാണ്‌ നിയമസമിതി. നിയമസഭാംഗങ്ങളെ ജനങ്ങള്‍ നേരിട്ട്‌ തിരഞ്ഞെടുക്കുന്നു. 25 വയസ്‌ പൂര്‍ത്തിയായ ഏതൊരു ഇന്ത്യന്‍ പൗരനും നിയമസഭാംഗമാകാവുന്നതാണ്‌; നിയമസമിതി അംഗമാകുന്നതിന്‌ 30 വയസ്‌ തികഞ്ഞിരിക്കണം. നിയമസഭയ്‌ക്ക്‌ സ്‌പീക്കറും ഡെപ്യൂട്ടി സ്‌പീക്കറും നിയമസമിതിക്ക്‌ ചെയര്‍മാനും ഡെപ്യൂട്ടി ചെയര്‍മാനും ഉണ്ട്‌.

ഗവര്‍ണര്‍ക്ക്‌ ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിക്കുന്നതിനുള്ള അധികാരവുമുണ്ട്‌. ഓരോ സംസ്ഥാനത്തും ഓരോ ഹൈക്കോടതിയുണ്ടായിരിക്കും. ഹൈക്കോടതി ജഡ്‌ജിമാരെ നിയമിക്കുന്നത്‌ രാഷ്‌ട്രപതിയാണ്‌. ഹൈക്കോടതികള്‍ക്ക്‌ ആദ്യാധികാരിതയും അപ്പീല്‍ അധികാരിതയും ഉണ്ട്‌. 226-ാം അനുച്ഛേദം അനുസരിച്ച്‌ റിട്ടുകള്‍ പുറപ്പെടുവിക്കുന്നതിനുള്ള അധികാരവും ഹൈക്കോടതികള്‍ക്കുണ്ട്‌.

ഒന്നാം പട്ടികയിലെ 'പാര്‍ട്ട്‌ ബി'യില്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങള്‍

ഭരണഘടനയുടെ 7-ാം ഭേദഗതിയിലൂടെ 1956-ല്‍ ഈ ഭാഗം നീക്കം ചെയ്യപ്പെട്ടതിനാല്‍ ഈ ഭാഗം നിലവിലില്ല.

കേന്ദ്ര യൂണിയന്‍ ഭരണപ്രദേശങ്ങള്‍

കേന്ദ്രഭരണപ്രദേശങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ എട്ടാം ഭാഗത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. രാഷ്‌ട്രപതി നിയമിക്കുന്ന ആളാണ്‌ (യൂണിയന്‍) കേന്ദ്രഭരണപ്രദേശത്തിന്റെ ഭരണത്തലവന്‍. ഭരണഘടനയുടെ ഒമ്പതാംഭാഗം 1956-ലെ ഏഴാം ഭരണഘടനാഭേദഗതിനിയമംമൂലം റദ്ദാക്കപ്പെട്ടു.

തദ്ദേശഭരണസംവിധാനം-സഹകരണ സ്ഥാപന സംവിധാനം

ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ഫെഡറല്‍ രാഷ്‌ട്രസംവിധാന തലങ്ങളില്‍ അടിസ്ഥാന ജനാധിപത്യതലമായി തദ്ദേശ ഭരണസംവിധാനം നിര്‍ദേശിക്കപ്പെട്ടത്‌ 1993-ല്‍ 72, 73 എന്നീ ഭരണഘടനാഭേദഗതി നിര്‍ദേശങ്ങളിലൂടെയാണ്‌. ഗ്രാമഭരണതലം സംബന്ധിച്ച പഞ്ചായത്തീരാജ്‌ ഭേദഗതിനിയമം 73-ാമതായും നഗരപാലികാനിയമം 74-ാം ഭേദഗതിയായും ഭരണഘടനയില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടു. നേരത്തേ റിപ്പീല്‍ ചെയ്യപ്പെട്ട (റദ്ദാക്കപ്പെട്ട) ഒമ്പതാം ഭാഗത്താണ്‌ ഈ പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തപ്പെട്ടത്‌. ഇതോടെ ഗ്രാമപ്രദേശങ്ങള്‍ക്കായി ത്രിതല ഭരണസംവിധാനം (ഗ്രാമതലം, മധ്യതലം, ജില്ലാതലം) നഗരപ്രദേശങ്ങള്‍ക്കായി ടൗണ്‍പഞ്ചായത്ത്‌, നഗരമുനിസിപ്പാലിറ്റി, നഗരകോര്‍പ്പറേഷന്‍, മെട്രോപ്പൊളിറ്റന്‍ കോര്‍പ്പറേഷന്‍ എന്നിങ്ങനെയുള്ള സംവിധാനവുമാണ്‌ നിര്‍ദേശിച്ചിട്ടുള്ളത്‌. പ്രാഥമിക പ്രത്യക്ഷജനാധിപത്യവേദിയായ ഗ്രാമസഭകള്‍ നിര്‍വചിച്ച്‌ ചേര്‍ക്കാനും പ്രാദേശിക വികസനാസൂത്രണ രൂപീകരണം മുന്‍നിര്‍ത്തി ജില്ലാ ആസൂത്രണ സമിതി വ്യവസ്ഥപ്പെടുത്താനും സംസ്ഥാനധനകാര്യകമ്മിഷന്‍, സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍, നഷ്‌ടോത്തരവാദിത്ത ഘടകങ്ങള്‍ എന്നിവ വ്യവസ്ഥപ്പെടുത്താനും ഈ ഭരണഘടനാ വ്യവസ്ഥകള്‍ നിര്‍ദേശിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ ഒമ്പതാം ഭാഗത്ത്‌ 243 മുതല്‍ 243-ഒ വരെ അനുച്ഛേദങ്ങളും 11-ാം പട്ടികയും ഉള്‍ക്കൊള്ളുന്നതാണ്‌ പഞ്ചായത്തീരാജ്‌ വ്യവസ്ഥകള്‍. പാര്‍ട്ട്‌ 9 എയില്‍ 243 പി മുതല്‍ 243 ഇസഡ്‌ ജി വരെ അനുച്ഛേദങ്ങള്‍, 12-ാം പട്ടിക എന്നിവ നഗരപാലികാവ്യവസ്ഥകളാണ്‌. സഹകരണസ്ഥാപനങ്ങള്‍ സംബന്ധിച്ച ഭേദഗതിവ്യവസ്ഥകളായി 243 ഇസഡ്‌ എച്ച്‌ മുതല്‍ ഇസഡ്‌ ടി വരെയുള്ള അനുച്ഛേദങ്ങള്‍ ഇതിനോടൊപ്പം 2012-ല്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

പട്ടികയില്‍ ഉള്‍പ്പെട്ട ഗോത്ര മേഖലകള്‍

പട്ടിക പ്രദേശങ്ങളുടെയും ഗോത്രവര്‍ഗപ്രദേശങ്ങളുടെയും ഭരണമാണ്‌ 10-ാം ഭാഗത്തില്‍ വ്യവസ്ഥ ചെയ്‌തിരിക്കുന്നത്‌. അഞ്ചാം പട്ടികയിലെ വ്യവസ്ഥകള്‍ അസം, മേഘാലയ, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ അല്ലാതെയുള്ള ഏതൊരു സംസ്ഥാനത്തിലെയും പട്ടികപ്രദേശങ്ങളുടെയും പട്ടികഗോത്രവര്‍ഗ പ്രദേശങ്ങളുടെയും ഭരണത്തിനും നിയന്ത്രണത്തിനും ബാധകമാകുന്നതാണ്‌. ആറാം പട്ടികയിലെ വ്യവസ്ഥകള്‍ അസം, മേഘാലയ, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗപ്രദേശങ്ങളുടെ ഭരണത്തിന്‌ ബാധകമാകുന്നതാണ്‌.

കേന്ദ്ര-സംസ്ഥാനബന്ധങ്ങള്‍

യൂണിയനും സ്റ്റേറ്റുകളും തമ്മിലുള്ള ബന്ധങ്ങളാണ്‌ പതിനൊന്നാം ഭാഗത്തെ പ്രതിപാദ്യവിഷയം. ഇന്ത്യയ്‌ക്കു മുഴുവനായോ ഏതെങ്കിലും ഭാഗത്തിനുവേണ്ടിയോ നിയമങ്ങള്‍ നിര്‍മിക്കുന്നതിന്‌ പാര്‍ലമെന്റിന്‌ അധികാരമുണ്ട്‌. സ്റ്റേറ്റിനു മുഴുവനായോ ഏതെങ്കിലും ഭാഗത്തിനുവേണ്ടി മാത്രമോ നിയമങ്ങള്‍ നിര്‍മിക്കുന്നതിന്‌ സ്റ്റേറ്റിനും അധികാരമുണ്ട്‌. ഏഴാംപട്ടികയിലെ ഒന്നാം ലിസ്റ്റില്‍ (യൂണിയന്‍ ലിസ്റ്റ്‌) എടുത്തുപറഞ്ഞിട്ടുള്ള വിഷയങ്ങളെ സംബന്ധിച്ച നിയമങ്ങള്‍ നിര്‍മിക്കാനുള്ള അധികാരം പാര്‍ലമെന്റിനു മാത്രമാകുന്നു. രണ്ടാമത്തെ ലിസ്റ്റില്‍ (സ്റ്റേറ്റ്‌ ലിസ്റ്റ്‌) എണ്ണിപ്പറഞ്ഞിട്ടുള്ള വിഷയങ്ങളെ സംബന്ധിച്ച നിയമങ്ങള്‍ നിര്‍മിക്കാനുള്ള അധികാരം സ്റ്റേറ്റുകള്‍ക്കുണ്ട്‌. ഏഴാം പട്ടികയിലെ മൂന്നാം ലിസ്റ്റിലെ (സമവര്‍ത്തിലിസ്റ്റ്‌-Concurrent) വിഷയങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ നിര്‍മിക്കുന്നതിന്‌ പാര്‍ലമെന്റിനും സ്റ്റേറ്റിനും അധികാരമുണ്ട്‌. സ്റ്റേറ്റ്‌ ലിസ്റ്റിലോ സമവര്‍ത്തി ലിസ്റ്റിലോപെടാത്ത ഏതെങ്കിലും വിഷയം സംബന്ധിച്ച നിയമം നിര്‍മിക്കുന്നതിനുള്ള അധികാരം പാര്‍ലമെന്റിനാണുള്ളത്‌. പാര്‍ലമെന്റില്‍ നിര്‍മിക്കപ്പെടുന്ന നിയമങ്ങളും സ്റ്റേറ്റില്‍ നിര്‍മിക്കപ്പെടുന്ന നിയമങ്ങളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെങ്കില്‍ പാര്‍ലമെന്റില്‍ നിര്‍മിക്കപ്പെടുന്ന നിയമത്തിനാണ്‌ പ്രാബല്യമുള്ളത്‌. അടിയന്തരാവസ്ഥ നിലവിലുള്ള അവസരങ്ങളില്‍ സ്റ്റേറ്റ്‌ ലിസ്റ്റിലെ വിഷയങ്ങള്‍ സംബന്ധിച്ച നിയമനിര്‍മാണത്തിന്‌ പാര്‍ലമെന്റിന്‌ അധികാരം ലഭിക്കുന്നു.

ധനകാര്യം, സ്വത്ത്‌, കരാര്‍, വ്യവഹാരങ്ങള്‍

ധനകാര്യം, വസ്‌തു, കോണ്‍ട്രാക്‌റ്റ്‌ വ്യവഹാരങ്ങള്‍ എന്നിവയെപ്പറ്റിയാണ്‌ 12-ാം ഭാഗത്തില്‍ വിവരിക്കുന്നത്‌. ദേശീയധനകാര്യക്കമ്മിഷന്‍, അതിന്റെ ഘടന, അധികാരം, അവാര്‍ഡ്‌, ധനവിഭവ വിതരണം എന്നിവ സംബന്ധിച്ചും ഈ ഭാഗം വ്യവസ്ഥചെയ്യുന്നു. നിയമത്തിന്റെ പ്രാധികാരം മുഖേനയല്ലാതെ യാതൊരു നികുതിയും ലെവിചെയ്യുകയോ പിരിക്കുകയോ ചെയ്യരുതെന്നുണ്ട്‌. യൂണിയന്‍ഗവണ്‍മെന്റ്‌ കൈപ്പറ്റുന്ന എല്ലാ പണത്തുകകളും ഇന്ത്യയുടെ സഞ്ചിതനിധിയിലും (Consolidated Fund of India) സ്റ്റേറ്റിലെ വരുമാനങ്ങള്‍ സ്റ്റേറ്റിന്റെ സഞ്ചിതനിധിയിലും (Consolidated Fund of State) ചെന്നുചേരുന്നു. നിയമം അനുസരിച്ചും ഭരണഘടനയില്‍ വ്യവസ്ഥ ചെയ്‌തിട്ടുള്ള ആവശ്യങ്ങള്‍ക്കും മാത്രമേ ഈ സഞ്ചിതനിധികളില്‍നിന്ന്‌ പണം വിനിയോഗിക്കുവാന്‍ പാടുള്ളൂ. ആകസ്‌മികമായുണ്ടാകുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്‌ രാഷ്‌ട്രപതിയുടെ അധികാരത്തില്‍ ഇന്ത്യയുടെ ആകസ്‌മികതാനിധിയും (Contingency Fund) ഗവര്‍ണറുടെ നിയന്ത്രണത്തില്‍ സ്റ്റേറ്റിന്റെ ആകസ്‌മികതാനിധിയുമുണ്ട്‌. യൂണിയനും സ്റ്റേറ്റുകള്‍ക്കും മൊത്തവരുമാനം വിതരണം ചെയ്യേണ്ടത്‌ ധനകാര്യക്കമ്മിഷന്റെ നിര്‍ദേശമനുസരിച്ചായിരിക്കണമെന്ന്‌ ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള വായ്‌പാധികാരങ്ങള്‍, തത്സംബന്ധമായ ഇതര വ്യവസ്ഥകള്‍ എന്നിവയും ഈ ഭാഗത്ത്‌ പ്രതിപാദിക്കുന്നു. ആസ്‌തികള്‍, സ്വത്തുക്കള്‍, ബാധ്യതകള്‍, ഉത്തരവാദിത്തങ്ങള്‍, അവ സംബന്ധിച്ച വ്യവഹാരങ്ങള്‍ എന്നിവയെപ്പറ്റിയുള്ള വ്യവസ്ഥപ്പെടുത്തലും ഇതിലുള്‍പ്പെടുന്നു. ഇന്ത്യയുടെ കടല്‍ത്തീരപ്രദേശം (കോണ്‍ടിനെന്റല്‍ ഷെല്‍ഫ്‌), പ്രത്യേക സാമ്പത്തിക മേഖലകള്‍ (എസ്‌ക്ലൂസീവ്‌ എക്കണോമിക്‌ സോണ്‍) മുതലായവ, അവയിലെ ആസ്‌തികള്‍, അതിന്റെ ഉടമസ്ഥതയും നിയന്ത്രണവും സംബന്ധിച്ച വ്യവസ്ഥകള്‍ എന്നിവ ഈ ഭാഗത്ത്‌ ചേര്‍ത്തിരിക്കുന്നു. മൗലികപൗരാവകാശഘടകത്തില്‍നിന്നും ഒഴിവാക്കപ്പെട്ട സ്വത്തവകാശസ്വാതന്ത്ര്യം സംബന്ധിച്ച വ്യവസ്ഥ ഭരണഘടനാവകാശം എന്ന നിലയില്‍ അനുച്ഛേദം 300 എയില്‍ ഉള്‍പ്പെടുത്തി ഈ ഭാഗത്ത്‌ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

വ്യാപാരം, വാണിജ്യം

പതിമൂന്നാം ഭാഗത്തിലാണ്‌ ഇന്ത്യയുടെ ഭൂപ്രദേശത്തിനുള്ളിലെ വ്യാപാരം, വാണിജ്യം എന്നിവയെപ്പറ്റി വ്യവസ്ഥ ചെയ്‌തിട്ടുള്ളത്‌. 301-ാം അനുച്ഛേദമനുസരിച്ച്‌ ഇന്ത്യയുടെ ഭൂപ്രദേശത്തിലെവിടെയും വ്യാപാരവും വാണിജ്യവും സ്വതന്ത്രമായിരിക്കും. എന്നാല്‍ ഇവയിന്മേല്‍ പൊതുതാത്‌പര്യത്തെ മുന്‍നിര്‍ത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്‌ പാര്‍ലമെന്റിന്‌ അധികാരമുണ്ട്‌. ഇത്തരം നിയന്ത്രണാധികാരികളെ നിയമംമൂലം നിയോഗിക്കുന്നതിനുള്ള അധികാരവും പാര്‍ലമെന്റിന്‌ ഉണ്ട്‌.

സേവനങ്ങള്‍

യൂണിയന്റെയും സ്റ്റേറ്റുകളുടെയും കീഴിലുള്ള സര്‍വീസുകള്‍ നിയന്ത്രിക്കപ്പെടുന്നത്‌ 14-ാം ഭാഗത്തിലെ വ്യവസ്ഥകളനുസരിച്ചാണ്‌. ഭരണഘടനയിലെ വ്യവസ്ഥകള്‍ക്കു വിധേയമായി സമുചിത നിയമനിര്‍മാണമണ്ഡലങ്ങളുടെ ആക്‌റ്റുകള്‍ക്ക്‌ യൂണിയന്റെയോ സ്റ്റേറ്റിന്റെയോ കാര്യങ്ങള്‍ സംബന്ധിച്ചുള്ള പബ്ലിക്‌ സര്‍വീസുകളിലേക്കും തസ്‌തികകളിലേക്കും ആളുകളെ ചേര്‍ക്കുന്നതും അവയില്‍ നിയമിക്കപ്പെടുന്ന ആളുകളുടെ സേവനവ്യവസ്ഥകളും ക്രമപ്പെടുത്താവുന്നതാണ്‌. യൂണിയന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്‍ രാഷ്‌ട്രപതിക്കു പ്രീതിയുള്ളിടത്തോളം കാലവും സ്റ്റേറ്റിലെ ഉദ്യോഗസ്ഥന്‍ ഗവര്‍ണര്‍ക്കു പ്രീതിയുള്ളിടത്തോളം കാലവും ഉദ്യോഗത്തില്‍ തുടരുന്നു.

യൂണിയന്‍ സര്‍വീസിലോ സ്റ്റേറ്റ്‌ സര്‍വീസിലോ ഉള്ള ഉദ്യോഗസ്ഥന്‍ അയാളെ നിയമിച്ച അധികാരസ്ഥാനത്തിനു കീഴിലുള്ള ഒരു അധികാരസ്ഥാനത്താല്‍ ഡിസ്‌മിസ്‌ ചെയ്യപ്പെടുകയോ നീക്കംചെയ്യപ്പെടുകയോ ചെയ്യാന്‍ പാടുള്ളതല്ല. ഒരു ഉദ്യോഗസ്ഥനെതിരായുള്ള ചാര്‍ജുകള്‍ സംബന്ധിച്ച്‌ അയാള്‍ക്കു പറയുവാനുള്ളത്‌ പറയുവാന്‍ ന്യായമായ അവസരം നല്‌കുകയും അന്വേഷണവിചാരണയ്‌ക്കുശേഷം അയാളെ ഡിസ്‌മിസ്‌ ചെയ്യുകയോ നീക്കംചെയ്യുകയോ തരംതാഴ്‌ത്തുകയോ ചെയ്യുന്ന ഒരു ശിക്ഷ അയാളുടെമേല്‍ ചുമത്താനുദ്ദേശിക്കുന്നതെങ്കില്‍ ശിക്ഷയെപ്പറ്റി നിവേദനം നടത്താന്‍ അയാള്‍ക്ക്‌ അവസരം നല്‌കുകയും ചെയ്‌തശേഷമേ നീക്കം ചെയ്യുകയോ തരംതാഴ്‌ത്തുകയോ ചെയ്യാവൂ എന്നുമുണ്ട്‌.

യൂണിയനും സ്റ്റേറ്റുകള്‍ക്കും ബാധകമാകുന്ന ഒരു അഖിലേന്ത്യാസര്‍വീസ്‌ സൃഷ്‌ടിക്കാനും പാര്‍ലമെന്റിന്‌ അധികാരമുണ്ട്‌. യൂണിയന്‌ ഒരു പബ്ലിക്‌ സര്‍വീസ്‌ കമ്മിഷനും ഓരോ സ്റ്റേറ്റിനും ഓരോ സംസ്ഥാന പബ്ലിക്‌ സര്‍വീസ്‌ കമ്മിഷനും ഉണ്ട്‌.

ട്രിബ്യൂണലുകള്‍

42-ാം ഭരണഘടനാഭേദഗതിനിയമമനുസരിച്ച്‌ പാര്‍ലമെന്റിന്‌ നിയമംമൂലം അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണലുകള്‍ ഏര്‍പ്പെടുത്താവുന്നതാണ്‌. സര്‍വീസുകളിലേക്കും തസ്‌തികകളിലേക്കും ഉള്ള നിയമനങ്ങളിലും സേവനവ്യവസ്ഥകളിലും മറ്റും ഉണ്ടാകുന്ന തര്‍ക്കങ്ങളും പരാതികളും വിചാരണചെയ്യുന്നതിനുവേണ്ടി ഇത്തരം ട്രിബ്യൂണലുകള്‍ ഏര്‍പ്പെടുത്തേണ്ടതാണ്‌. കേരള സംസ്ഥാന അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണല്‍ 2010-ല്‍ തിരുവനന്തപുരത്ത്‌ പ്രവര്‍ത്തനം ആരംഭിച്ചു.

നികുതി, വിദേശനാണ്യം, കയറ്റുമതി, ഇറക്കുമതി, വ്യവസായതൊഴില്‍ത്തര്‍ക്കങ്ങള്‍, ഭൂപരിഷ്‌കരണം, നഗരസ്വത്തിന്റെ പരിധി, തിരഞ്ഞെടുപ്പ്‌, ഭക്ഷ്യസാധനങ്ങളുടെ ഉത്‌പാദനവിതരണങ്ങള്‍ എന്നിവയെ സംബന്ധിച്ച തര്‍ക്കങ്ങള്‍ വിചാരണചെയ്‌തു തീരുമാനിക്കുന്നതിനും നിയമനിര്‍മാണസഭകള്‍ക്ക്‌ ട്രിബ്യൂണലുകള്‍ ഏര്‍പ്പെടുത്താം. (അനുച്ഛേദം 323 ബി.)

തിരഞ്ഞെടുപ്പുകള്‍

ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളെ സംബന്ധിച്ച വ്യവസ്ഥകള്‍ 15-ാം ഭാഗത്തില്‍ അടങ്ങിയിരിക്കുന്നു. പാര്‍ലമെന്റിലേക്കും സ്റ്റേറ്റിന്റെ നിയമനിര്‍മാണസഭയിലേക്കും നടത്തുന്ന തിരഞ്ഞെടുപ്പുകളുടെയും രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി എന്നീ ഉദ്യോഗങ്ങളിലേക്കു നടത്തുന്ന തിരഞ്ഞെടുപ്പുകളുടെയും മേലന്വേഷണവും നിയന്ത്രണവും മാര്‍ഗനിര്‍ദേശവും തിരഞ്ഞെടുപ്പുകമ്മിഷനില്‍ നിക്ഷിപ്‌തമായിരിക്കുന്നു. രാഷ്‌ട്രപതിയാണ്‌ മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണറെയും കമ്മിഷണര്‍മാരെയും നിയമിക്കുന്നത്‌.

ഓരോ പ്രാദേശിക നിയോജകമണ്ഡലത്തിലേക്കും ഓരോ തെരഞ്ഞെടുപ്പുപട്ടിക ഉണ്ടായിരിക്കേണ്ടതുണ്ട്‌. മതം, വംശം, ജാതി, ലിംഗം എന്നിവയെയോ അവയില്‍ ഏതിനെയെങ്കിലുമോ കാരണമാക്കി യാതൊരാളും അങ്ങനെയുള്ള ഏതെങ്കിലും പട്ടികയില്‍ ഉള്‍പ്പെടുത്തുവാന്‍ അനര്‍ഹനാകുന്നതല്ല. ഒരാള്‍ക്ക്‌ വിശേഷാല്‍ തിരഞ്ഞെടുപ്പു പട്ടികയില്‍ത്തന്നെ ഉള്‍പ്പെടുത്തണമെന്ന്‌ അവകാശപ്പെടാവുന്നതുമല്ല.

പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ്‌ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത്‌. നിര്‍ദിഷ്‌ട ദിവസം 18 വയസ്സ്‌ ആയ അഥവാ 18 വയസ്സില്‍ കുറയാത്ത ഏതൊരാള്‍ക്കും ഒരു സമ്മതിദായകനായി രജിസ്റ്റര്‍ ചെയ്യാമെന്നുണ്ട്‌. എന്നാല്‍ ബുദ്ധിസ്ഥിരതയില്ലാതിരിക്കുക, ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ടിരിക്കുക, അഴിമതിയിലോ നിയമരഹിതപ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെട്ടിരിക്കുക എന്നിവ അയോഗ്യതയുടെ മാനദണ്ഡങ്ങളാണ്‌. ഇപ്പോള്‍ പ്രവാസികളായ ഇന്ത്യാക്കാര്‍ക്കും വോട്ടവകാശം രേഖപ്പെടുത്താം. പാര്‍ലമെന്റിലെയും നിയമസഭകളിലെയും തിരഞ്ഞെടുപ്പ്‌ സംബന്ധിച്ച തര്‍ക്കങ്ങള്‍ തിരഞ്ഞെടുപ്പ്‌ ഹര്‍ജി മുഖേനയേ ചോദ്യം ചെയ്യപ്പെടാവൂ എന്നുണ്ട്‌.

ചില പ്രത്യേക വിഭാഗങ്ങള്‍ക്കായുള്ള സംരക്ഷണ വ്യവസ്ഥകള്‍

ഭരണഘടനയുടെ 16-ാം ഭാഗത്തില്‍ ചില വിഭാഗങ്ങളെ സംബന്ധിച്ച പ്രത്യേക വ്യവസ്ഥകളുണ്ട്‌. പട്ടികജാതിയിലും പട്ടികവര്‍ഗത്തിലും പെട്ടവര്‍ക്ക്‌ ലോക്‌സഭയിലും സംസ്ഥാനനിയമസഭകളിലും സീറ്റുകള്‍ സംവരണം ചെയ്യുന്നുണ്ട്‌. അതുപോലെ ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തിനും നിയമനിര്‍മാണസഭകളില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‌കുന്നുണ്ട്‌. ഭരണത്തിന്റെ കാര്യക്ഷമതയുടെ സംരക്ഷണത്തിന്‌ സംഗതമാകുംവിധം യൂണിയന്‍-സ്റ്റേറ്റ്‌ സര്‍വീസുകളിലേക്കും തസ്‌തികകളിലേക്കും നിയമനങ്ങള്‍ നടത്തുന്നതില്‍ പട്ടികജാതി-പട്ടികവര്‍ഗങ്ങളുടെ അവകാശങ്ങള്‍ പരിഗണിക്കപ്പെടേണ്ടതാണെന്ന്‌ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ക്ക്‌ വ്യവസ്ഥ ചെയ്‌തിട്ടുള്ള പരിരക്ഷകള്‍ സംബന്ധിച്ച വിഷയങ്ങളെക്കുറിച്ച്‌ അന്വേഷിക്കുന്നതിനും രാഷ്‌ട്രപതിക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിനും വേണ്ടി ഒരു പ്രത്യേക കമ്മിഷനെ നിയമിക്കുന്നതിനും ഭരണഘടനാവ്യവസ്ഥകളുണ്ട്‌.

ഔദ്യോഗിക ഭാഷ

ഇന്ത്യന്‍ യൂണിയന്റെ ഔദ്യോഗികഭാഷ ദേവനാഗരിയിലുള്ള ഹിന്ദിയാണ്‌. ഔദ്യോഗികാവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കപ്പെടേണ്ട അക്കങ്ങളുടെ രൂപം ഇന്ത്യന്‍ അക്കങ്ങളുടെ അന്താരാഷ്‌ട്ര രൂപമായിരിക്കണമെന്നും ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. ഇംഗ്ലീഷ്‌ഭാഷയുടെ തുടര്‍ന്നുള്ള ഉപയോഗത്തിനും വ്യവസ്ഥകളുണ്ട്‌. ഔദ്യോഗികഭാഷ സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കുന്നതിന്‌ ഒരു കമ്മിറ്റിയും പാര്‍ലമെന്റിന്റെ ഒരു സമിതിയും രൂപവത്‌കരിക്കുന്നതിനുള്ള വ്യവസ്ഥകളുമുണ്ട്‌. ഒരു സ്റ്റേറ്റിന്‌ ആ സ്റ്റേറ്റില്‍ ഉപയോഗത്തിലിരിക്കുന്ന ഭാഷകള്‍ ഔദ്യോഗികാവശ്യങ്ങള്‍ക്കുവേണ്ടി സ്വീകരിക്കാവുന്നതാണ്‌. ഒരു സ്റ്റേറ്റും മറ്റൊരു സ്റ്റേറ്റും തമ്മിലോ ഒരു സ്റ്റേറ്റും യൂണിയനും തമ്മിലോ ഉള്ള അറിയിപ്പുകള്‍ക്കുവേണ്ടിയുള്ള ഔദ്യോഗിക ഭാഷ യൂണിയനില്‍ ഔദ്യോഗികാവശ്യങ്ങള്‍ക്കു അതതുകാലത്തെ ഉപയോഗത്തിനുവേണ്ടി അധികൃതമായ ഭാഷ ആയിരിക്കും. രണ്ടോ അതിലധികമോ സ്റ്റേറ്റുകള്‍, ആ സ്റ്റേറ്റുകള്‍ തമ്മിലുള്ള അറിയിപ്പുകള്‍ക്കുവേണ്ടിയുള്ള ഔദ്യോഗികഭാഷ ഹിന്ദി ആയിരിക്കണമെന്ന്‌ പരസ്‌പരം സമ്മതിക്കുകയാണെങ്കില്‍ ഹിന്ദി ഉപയോഗിക്കാവുന്നതാണ്‌. പാര്‍ലമെന്റ്‌ നിയമംമൂലം മറ്റു വിധത്തില്‍ വ്യവസ്ഥചെയ്യുന്നതുവരെ സുപ്രീംകോടതിയിലും ഹൈക്കോടതികളിലും ആക്‌റ്റുകള്‍, ബില്ലുകള്‍ എന്നിവയ്‌ക്ക്‌ ഉപയോഗിക്കേണ്ട ഭാഷ ഇംഗ്ലീഷ്‌ ആയിരിക്കും. ഒരു സ്റ്റേറ്റിലെ ഗവര്‍ണര്‍ക്ക്‌ രാഷ്‌ട്രപതിയുടെ മുന്‍കൂട്ടിയുള്ള അനുമതിയോടുകൂടി ആ സ്റ്റേറ്റിലെ ഹൈക്കോടതിയുടെ നടപടികള്‍ക്ക്‌ ഹിന്ദിയോ ആ സ്റ്റേറ്റിലെ മറ്റേതെങ്കിലും ഭാഷകളോ ഉപയോഗിക്കുന്നതിന്‌ അധികാരപ്പെടുത്താവുന്നതാണ്‌. സങ്കടപരിഹാരത്തിനുവേണ്ടിയുള്ള നിവേദനങ്ങള്‍ക്ക്‌ യൂണിയനിലോ സ്റ്റേറ്റിലോ ഉപയോഗത്തിലിരിക്കുന്ന ഏതെങ്കിലും ഭാഷ ഉപയോഗിക്കുന്നതിന്‌ അവകാശമുണ്ട്‌. ഭാഷാന്യൂനപക്ഷവിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസത്തിന്റെ പ്രാഥമികഘട്ടങ്ങളില്‍ മാതൃഭാഷയില്‍ ബോധനത്തിനുള്ള സൗകര്യങ്ങള്‍ ചെയ്‌തുകൊടുക്കേണ്ടത്‌ ഓരോ സ്റ്റേറ്റിന്റെയും കടമയാണ്‌. ഭാഷാന്യൂനപക്ഷങ്ങളുടെ പരിരക്ഷയ്‌ക്കുവേണ്ടി ഒരു പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനും ഭരണഘടന വ്യവസ്ഥചെയ്യുന്നു.

അടിയന്തരാവസ്ഥാവ്യവസ്ഥകള്‍

അടിയന്തരാവസ്ഥാവ്യവസ്ഥകള്‍ ഭരണഘടനയുടെ 18-ാം ഭാഗത്തിലുണ്ട്‌. ഇന്ത്യയുടെയോ ഇന്ത്യയുടെ രാജ്യപരിധിയില്‍ ഏതെങ്കിലും ഭാഗത്തിന്റെയോ സുരക്ഷിതത്വം യുദ്ധത്താലോ ബാഹ്യാക്രമണത്താലോ ആഭ്യന്തരകലാപത്താലോ ഭീഷണിക്കു വിധേയമാക്കുന്ന ഗുരുതരമായ ഒരു അടിയന്തരാവസ്ഥ നിലവിലിരിക്കുന്നതായി രാഷ്‌ട്രപതിക്കു ബോധ്യമാകുന്നുവെങ്കില്‍ ആ അര്‍ഥത്തോടുകൂടി അതു പ്രഖ്യാപനം ചെയ്യാവുന്നതാണ്‌.

ഒരു അടിയന്തരാവസ്ഥാവിളംബരം പ്രാബല്യത്തിലിരിക്കുമ്പോള്‍ യൂണിയന്റെ എക്‌സിക്യൂട്ടീവധികാരം അഥവാ ഏതെങ്കിലും സ്റ്റേറ്റിന്റെ എക്‌സിക്യൂട്ടീവധികാരം ഏതുവിധത്തിലാണ്‌ പ്രയോഗിക്കേണ്ടതെന്ന്‌ നിര്‍ദേശങ്ങള്‍ നല്‌കുന്നതിലേക്ക്‌ വ്യാപിപ്പിക്കാം.

ഒരു സ്റ്റേറ്റിലെ ഭരണം ഭരണഘടനാവ്യവസ്ഥകള്‍ അനുസരിച്ച്‌ നടത്തിക്കൊണ്ടുപോകുവാന്‍ കഴിയാത്ത ഒരു സ്ഥിതിവിശേഷം സംഭവിച്ചിരിക്കുന്നതായി രാഷ്‌ട്രപതിക്കു ബോധ്യമാകുകയാണെങ്കില്‍ ആ സ്റ്റേറ്റിലെ ഭരണം ഏറ്റെടുക്കുന്നതിനും സ്റ്റേറ്റിന്റെ നിയമനിര്‍മാണമണ്ഡലങ്ങളുടെ അധികാരങ്ങള്‍ പാര്‍ലമെന്റിന്റെ നിയന്ത്രണത്തിലാക്കുന്നതിനും രാഷ്‌ട്രപതിക്ക്‌ തോന്നുന്ന ആനുഷംഗികവും അനന്തരഫലമുളവാകുന്നതുമായ വ്യവസ്ഥകള്‍ ഉണ്ടാക്കുന്നതിനും വ്യവസ്ഥകളുണ്ട്‌.

അടിയന്തരാവസ്ഥ നിലനില്‌ക്കുമ്പോള്‍ 19-ാം അനുച്ഛേദത്തിലെ മൗലികാവകാശങ്ങള്‍ നിയന്ത്രിക്കാവുന്നതാണ്‌. ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ മൗലികാവകാശങ്ങള്‍ ഒന്നാകെ റദ്ദാക്കുന്നതിനും രാഷ്‌ട്രപതിക്ക്‌ അധികാരമുണ്ട്‌. ധനപരമായ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനും രാഷ്‌ട്രപതിക്ക്‌ അധികാരമുണ്ട്‌.

രാഷ്‌ട്രപതിയോ ഉപരാഷ്‌ട്രപതിയോ പ്രധാനമന്ത്രിയോ സ്റ്റേറ്റുകളിലെ ഗവര്‍ണര്‍മാരോ അവരുടെ ഉദ്യോഗത്തിന്റെ അധികാരങ്ങളുടെയും കര്‍ത്തവ്യങ്ങളുടെയും പ്രയോഗത്തിലും അനുഷ്‌ഠാനത്തിനുംവേണ്ടി ആ അധികാരങ്ങളുടെയും കര്‍ത്തവ്യങ്ങളുടെയും പ്രയോഗത്തിലും അനുഷ്‌ഠാനത്തിലും ചെയ്‌തതോ ചെയ്‌തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കൃത്യത്തിന്‌ ഏതെങ്കിലും കോടതിയോട്‌ ഉത്തരം പറയുവാന്‍ ബാധ്യസ്ഥരാകുന്നില്ല. ഇവരുടെ പേരില്‍ ഉദ്യോഗകാലത്ത്‌ ഏതെങ്കിലും കോടതിയില്‍ യാതൊരുവിധ ക്രിമിനല്‍ നടപടികളും ആരംഭിക്കുകയോ തുടരുകയോ ചെയ്യരുതെന്നുമുണ്ട്‌.

ഏതെങ്കിലും സ്റ്റേറ്റ്‌ ഈ ഭരണഘടനയിലെ വ്യവസ്ഥകളിന്‍ കീഴില്‍ യൂണിയന്റെ എക്‌സിക്യൂട്ടീവ്‌ അധികാരത്തിന്റെ പ്രയോഗത്തില്‍, നല്‌കപ്പെടുന്ന ഏതെങ്കിലും നിര്‍ദേശങ്ങള്‍ അനുസരിക്കുന്നതിലോ അവയ്‌ക്ക്‌ പ്രഭാവം നല്‌കുന്നതിലോ വീഴ്‌ചവരുത്തുമ്പോള്‍ ഈ ഭരണഘടനയിലെ വ്യവസ്ഥകളനുസരിച്ച്‌ ആ സ്റ്റേറ്റിന്റെ ഭരണം നടത്തിക്കൊണ്ടുപോകുവാന്‍ കഴിയാത്ത ഒരു സ്ഥിതിവിശേഷം ഉദ്‌ഭവിച്ചിരിക്കുന്നതായി രാഷ്‌ട്രപതി കരുതുന്നത്‌ നിയമാനുസൃതമായിരിക്കുന്നതാകുന്നു. ഇത്‌ പ്രസ്‌തുത സംസ്ഥാനത്ത്‌ രാഷ്‌ട്രപതിഭരണമോ പ്രാദേശികാടിയന്തരാവസ്ഥയോ സംജാതമാകുന്നതിന്‌ കാരണമാകാവുന്നതാണ്‌.

ഇതര കാര്യങ്ങള്‍

രാഷ്‌ട്രപതി, ഗവര്‍ണര്‍, രാജപ്രമുഖര്‍ എന്നിവരുടെ പ്രത്യേകപരിരക്ഷകള്‍, പാര്‍ലമെന്റ്‌-നിയമസഭാ രേഖകളുടെ പ്രസിദ്ധീകരണം സംബന്ധിച്ച പ്രത്യേക പരിരക്ഷകള്‍, ചില കരാര്‍ ഉടമ്പടികള്‍ക്കുമേല്‍ നീതിന്യായാധികാര വിനിയോഗത്തിനുള്ള നിയന്ത്രണം, പ്രിവിപേഴ്‌സ്‌ സംബന്ധിച്ച റദ്ദാക്കല്‍ വ്യവസ്ഥകള്‍, വന്‍കിട തുറമുഖങ്ങളെയും വിമാനത്താവളങ്ങളെയും സംബന്ധിച്ച വ്യവസ്ഥകള്‍, കേന്ദ്രനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുകയോ പാലിക്കപ്പെടാതിരിക്കുകയോ ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയാണ്‌ ഈ ഭാഗത്ത്‌ പ്രതിപാദിക്കുന്നത്‌. ഇവ സംബന്ധിച്ച പ്രത്യേക നിര്‍വചനങ്ങളും വ്യാഖ്യാനങ്ങളും ഇതിനൊപ്പം പരാമര്‍ശിക്കപ്പെടുന്നു.

ഭരണഘടനാഭേദഗതി

ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ ഭാഗം 20-ല്‍ 368-ാം അനുച്ഛേദത്തിലുണ്ട്‌. പാര്‍ലമെന്റിന്‌ അതിന്റെ ഭരണഘടനാനിര്‍മാണാധികാരം പ്രയോഗിച്ച്‌, 368-ാം അനുച്ഛേദത്തില്‍ പ്രതിപാദിച്ചിട്ടുള്ള നടപടിക്രമം അനുസരിച്ച്‌ ഈ ഭരണഘടനയുടെ ഏതു വ്യവസ്ഥയും കൂട്ടിച്ചേര്‍ക്കലോ വ്യത്യാസപ്പെടുത്തലോ റദ്ദാക്കലോവഴി ഭേദഗതി ചെയ്യാവുന്നതാണ്‌. ഭരണഘടനയില്‍ ഭേദഗതി വരുത്തുന്നതിന്‌ വ്യതിരിക്തങ്ങളായ മൂന്നു നടപടിക്രമങ്ങളാണ്‌ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്‌.

(i) ഭരണഘടനയിലെ ഏതാനും ചില വ്യവസ്ഥകള്‍ ജനപ്രതിനിധിസഭയിലെ ഭൂരിപക്ഷാനുമതിയോടെ ഭേദഗതി ചെയ്യാവുന്നവയാണ്‌. സംസ്ഥാനങ്ങളുടെ രൂപീകരണം, സംസ്ഥാനജനപ്രതിനിധിസഭകളിലെ ഉപരിസഭ രൂപീകരിക്കലും പിരിച്ചുവിടലും തുടങ്ങിയവ ഈയിനത്തില്‍പ്പെടുന്നു.

(ii) പാര്‍ലമെന്റിലെ മൊത്തം സംഖ്യയുടെ മൂന്നില്‍ രണ്ടിലേറെ അംഗങ്ങളുടെ പിന്തുണയും ഭൂരിഭാഗം സംസ്ഥാനങ്ങളിലെ നിയമസഭകളുടെ അംഗീകാരവും നേടി മാത്രം ഭേദഗതി ചെയ്യാവുന്ന ഏതാനും ഭരണഘടനാവ്യവസ്ഥകളുണ്ട്‌. രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്‌, കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍, സുപ്രീംകോടതി, കേന്ദ്രനീതിനിര്‍വഹണവകുപ്പ്‌, സംസ്ഥാനഹൈക്കോടതികള്‍, ഭരണഘടനാസ്ഥാപനങ്ങള്‍ (Statutory Offices)എന്നിവയുടെ അവകാശാധികാരങ്ങള്‍; ഭരണഘടനാഭേദഗതിക്കുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയവ ഈ വിഭാഗത്തില്‍പ്പെടുന്നു.

(iii) ഭരണഘടനയിലെ ഭൂരിഭാഗം വ്യവസ്ഥകളില്‍ പാര്‍ലമെന്റിലെ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ഭേദഗതി വരുത്താവുന്നതാണ്‌.

2013 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ 97 ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്‌; ഭരണഘടനാഭേദഗതി നിര്‍ദേശങ്ങള്‍ 116 എച്ചം ഉന്നയിക്കപ്പെട്ടിട്ടുണ്ട്‌. അവയില്‍ പാര്‍ലമെന്റ്‌ അംഗീകരിച്ച്‌ ഭരണഘടനയില്‍ ഉള്‍പ്പെടുത്തപ്പെട്ടത്‌ 97 എച്ചമാണ്‌. ഇവയില്‍ പ്രധാനപ്പെട്ടവയുടെ ചുരുക്കവിവരം ചുവടെ ചേര്‍ത്തിരിക്കുന്നു:

ഇന്ത്യന്‍ ഭരണഘടനയില്‍ മൗലികാവകാശങ്ങളായി ഉള്‍പ്പെടുത്തപ്പെട്ടിരുന്ന സമത്വം, സ്വാതന്ത്യ്രം എന്നിവയുടെ നിര്‍വചനങ്ങളില്‍, സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കമായിരുന്ന ജനവിഭാഗങ്ങള്‍ക്ക്‌ പ്രത്യേക സൗജന്യങ്ങള്‍ ലഭ്യമാകുംവച്ചം മാറ്റം വരുത്തുകയും അതിനുള്ള വ്യവസ്ഥകള്‍ ഭരണഘടനയുടെ ഒമ്പതാം പട്ടികയായി കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തതാണ്‌ ഒന്നാമത്തെ ഭരണഘടനാഭേദഗതി (1951).

1956-ല്‍ സംസ്ഥാന പുനര്‍രൂപീകരണ കമ്മിഷന്‍ (States Reorganisation Commission)നിര്‍ദേശിച്ചതനുസരിച്ച്‌ ഭാഷയുടെ അടിസ്ഥാനത്തില്‍ പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുവാന്‍ ഭരണഘടനയില്‍ ഏഴാമത്തെ ഭേദഗതി വരുത്തേണ്ടിവന്നു; ഇതിനുള്ള നിയമങ്ങള്‍ 1, 4 എന്നീ പട്ടികകളിലാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌.

ഉഭയസമ്മതപ്രകാരം ബെറുബാരി, ഖുല്‍ന തുടങ്ങിയ പ്രദേശങ്ങള്‍ പാകിസ്‌താന്‌ കൈമാറുവാന്‍ ഭരണഘടനയിലെ ഒമ്പതാം ഭേദഗതി ആവശ്യമായി.

ദാദ്രാനഗര്‍ഹവേലി 10-ാം ഭേദഗതി(1961)യിലൂടെയും ഗോവ, ദാമന്‍&ദിയൂ എന്നിവ 12-ാം ഭേദഗതി(1962)യിലൂടെയും പോണ്ടിച്ചേരി 14-ാം ഭേദഗതി(1963)യിലൂടെയും ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചു.

ഭരണഘടനാഭേദഗതികളില്‍ സുപ്രധാനമായ ഒന്നാണ്‌ 42-ാമത്തേത്‌ (1976). ഇതിലൂടെ പത്ത്‌ മൗലികധര്‍മങ്ങള്‍ (Fundamental Duties) ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തു. മുഖവാചകത്തില്‍ (Preamble)സോഷ്യലിസ്റ്റ്‌ (Socialist), സെക്കുലര്‍ (Secular) എന്നീ വിശേഷണങ്ങള്‍ ഉള്‍പ്പെടുത്തി.

ജനപ്രതിനിധിസഭകളിലെ രാഷ്‌ട്രീയ കൂറുമാറ്റങ്ങള്‍ തടയുന്നതിന്‌ പാര്‍ലമെന്റ്‌ ഐകകണ്‌ഠ്യേന പാസ്സാക്കിയതാണ്‌ 52-ാം ഭേദഗതി (1985). കൂറുമാറ്റം (Defection) മൂലമുണ്ടാകുന്ന അയോഗ്യതയെ സംബന്ധിച്ച നിബന്ധനകള്‍ ഭരണഘടനയുടെ 10-ാം പട്ടികയായി ചേര്‍ത്തിരിക്കുന്നു.

ഇന്ത്യന്‍ പൗരന്മാര്‍ക്ക്‌ വോട്ടവകാശം സിദ്ധിക്കുന്നതിനുള്ള പ്രായം 21-ല്‍നിന്ന്‌ 18 ആയി കുറയ്‌ക്കുന്നതിന്‌ 1989-ല്‍ ഭരണഘടന 61-ാം ഭേദഗതി നിയമം വഴി വ്യവസ്ഥ ചെയ്യപ്പെട്ടു.

പട്ടികജാതി/പട്ടികവര്‍ഗക്ഷേമത്തിന്‌ നിലവിലുണ്ടായിരുന്ന കമ്മിഷന്‌ സ്റ്റാറ്റ്യുട്ടറി പദവി നല്‌കുവാനാണ്‌ ഭരണഘടനയിലെ 65-ാം ഭേദഗതി (1990) കൊണ്ടുവന്നത്‌. ഇതിലൂടെ പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കായുള്ള ദേശീയ കമ്മിഷന്‍ നിലവില്‍വന്നു.

ഭരണഘടനയിലെ 71-ാം ഭേദഗതി(1992)യിലൂടെ കൊങ്കണി, മണിപ്പൂരി, നേപ്പാളി എന്നീ ഭാഷകളെക്കൂടി എട്ടാം ഷെഡ്യൂളില്‍ ഉള്‍ക്കൊള്ളിച്ചു. 21-ാം ഭേദഗതി(1967)യിലൂടെ "സിന്ധി' നേരത്തേ ഇടംനേടിയിരുന്നു. ഇതോടെ ഭരണഘടനയില്‍ ഷെഡ്യൂള്‍ ചെയ്യപ്പെട്ടിട്ടുള്ള ഭാഷകളുടെ എണ്ണം 18 ആയി; 2003-ലെ 92-ാം ഭേദഗതിയിലൂടെ ബോഡോ, ഡോഗ്രി, മൈഥിലി, സന്താലി എന്നിവകൂടി ഉള്‍പ്പെട്ടതോടെ ഔദ്യോഗിക ഭാഷയുടെ മൊത്തം എച്ചം 22 ആയി ഉയര്‍ന്നിരിക്കുന്നു. 1992-ല്‍ ഭരണഘടന രണ്ടുപ്രാവശ്യം ഭേദഗതി ചെയ്യപ്പെട്ടു. 73-ാം ഭേദഗതി പഞ്ചായത്തീരാജ്‌ രൂപീകരണം, 74-ാം ഭേദഗതി നഗരതദ്ദേശഭരണം എന്നിവ സംബന്ധിച്ചുള്ളതാണ്‌. നഗരസഭകളുടെ ഭരണഘടന, സംഘാടനം, ജനപ്രാതിനിധ്യം, തിരഞ്ഞെടുപ്പ്‌, ഭരണസമിതികളുടെ കാലാവധി, നഗരാസൂത്രണ സംബന്ധമായ ചുമതലകള്‍, ഭരണസമിതിയില്‍ പട്ടികജാതി/വര്‍ഗക്കാര്‍, വനിതകള്‍ എന്നിവര്‍ക്കുള്ള സംവരണം തുടങ്ങിയ വിഷയങ്ങള്‍ 74-ാം ഭേദഗതിയിലുള്‍പ്പെട്ട്‌ ഭരണഘടനയിലെ 12-ാം പട്ടിക ആയി സ്ഥാനം പിടിച്ചിരിക്കുന്നു.

പുതുതായി ആരംഭിച്ച സേവന നികുതിയെ സംബന്ധിച്ച 88-ാം ഭരണഘടനാഭേദഗതി (2003), കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളിലെ മന്ത്രിസഭകളില്‍ യഥാക്രമം ലോക്‌സഭയിലെയും സംസ്ഥാനനിയമസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗസംഖ്യയുടെ പരമാവധി 15 ശതമാനത്തില്‍ കൂടുതല്‍ അംഗബലം പാടില്ലെന്ന ഭേദഗതി (2003), മധ്യപ്രദേശ്‌, ഒഡിഷ എന്നിവയ്‌ക്കുപുറമേ ഛത്തീസ്‌ഘട്ട്‌, ഝാര്‍ഖണ്ഡ്‌ എന്നീ സംസ്ഥാനങ്ങളിലും മന്ത്രിസഭയില്‍ ഒരു ആദിവാസി ക്ഷേമമന്ത്രി ഉണ്ടായിരിക്കണമെന്ന 94-ാം ഭരണഘടന ഭേദഗതി (2006) എന്നിങ്ങനെയുള്ളവ പില്‌ക്കാലത്ത്‌ നിലവില്‍ വന്നതായി കാണാം. ഏറ്റവും ഒടുവില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്‌ക്കായി കേന്ദ്ര മന്ത്രിസഭ ശിപാര്‍ശ ചെയ്‌തിട്ടുള്ളത്‌ തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ 50 ശതമാനം നിര്‍ബന്ധിത വനിതാപ്രാതിനിധ്യം ഉറപ്പാക്കുന്നതിന്‌ വ്യവസ്ഥപ്പെടുത്തുന്നതിനുള്ളതും ചരക്ക്‌ സേവനനികുതിയും സഹകരണസംഘ സ്ഥാപനങ്ങളെയും സംബന്ധിച്ചുള്ളതുമായ ഭരണഘടനാ ഭേദഗതികള്‍ ആണ്‌ (2012).

താത്‌കാലികവും കൈമാറ്റം ചെയ്യാവുന്നതുമായ പ്രത്യേക വ്യവസ്ഥകള്‍

സംസ്ഥാന ലിസ്റ്റിലുള്ള ചില വിഷയങ്ങള്‍ സംബന്ധിച്ച്‌ അവ സമവര്‍ത്തിലിസ്റ്റിലുള്ള വിഷയങ്ങളായിരുന്നാലെന്നപോലെ നിയമം ഉണ്ടാക്കുവാന്‍ പാര്‍ലമെന്റിനുള്ള താത്‌കാലിക അധികാരമാണ്‌ ഇതുവഴി ഉദ്ദേശിച്ചിരിക്കുന്നത്‌. സംസ്ഥാനത്തിനകത്തെ ചില പ്രത്യേക (ഉദാ. പരുത്തി) ഉത്‌പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും, ജമ്മു-കാശ്‌മീരുമായി ബന്ധപ്പെട്ട താത്‌കാലിക വ്യവസ്ഥകള്‍, മഹാരാഷ്‌ട്ര, അരുണാചല്‍പ്രദേശ്‌, ഗോവ, ഗുജറാത്ത്‌, നാഗാലന്‍ഡ്‌, അസം, മണിപ്പൂര്‍, സിക്കിം, മിസോറാം എന്നീ സംസ്ഥാനങ്ങളെ സംബന്ധിച്ച പ്രത്യേക വ്യവസ്ഥകള്‍, ആന്ധ്രപ്രദേശില്‍ കേന്ദ്ര സര്‍വകലാശാല സ്ഥാപിക്കുന്നതു സംബന്ധിച്ച വ്യവസ്ഥ; നിയമങ്ങള്‍ അനുയോജനം ചെയ്യുന്നതിന്‌ രാഷ്‌ട്രപതിക്കുള്ള അധികാരം, പബ്ലിക്‌ സര്‍വീസ്‌ കമ്മിഷനുകളെ സംബന്ധിച്ച വ്യവസ്ഥകള്‍, കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിനെ സംബന്ധിച്ച വ്യവസ്ഥകള്‍ തുടങ്ങിയവ ഭരണഘടനയുടെ 21-ാം ഭാഗത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.

ചുരുക്കപ്പേര്‌, പ്രഖ്യാപനം, ഹിന്ദിയിലുള്ള ആധികാരിക രൂപവും മാറ്റങ്ങളും

ഭരണഘടനയ്‌ക്ക്‌ ഇന്ത്യന്‍ഭരണഘടന (The Constitution of India) എന്ന ചുരുക്കപ്പേര്‌ നല്‍കിയിരിക്കുന്നു. ഭരണഘടനയുടെ 5, 6, 7, 8, 9, 60, 324, 366, 367, 379, 380, 388, 391, 392, 393, 394 എന്നീ അനുച്ഛേദങ്ങള്‍ (articles) 1949 ന. 26-ന്‌ പ്രാബല്യത്തില്‍ വരികയും ശേഷിക്കുന്ന വ്യവസ്ഥകള്‍ 1950 ജനു. 26-ന്‌ ഭരണഘടനാപ്രഖ്യാപനത്തോടെ നിലവില്‍ വരുന്നുവെന്നും ഇതില്‍ സൂചിപ്പിക്കുന്നു.

ഭരണഘടനാനിര്‍മാണസമിതിയിലെ അംഗങ്ങള്‍ കൈയൊപ്പോടെ അംഗീകരിച്ച ഭരണഘടനയുടെ ആധികാരികമായ ഹിന്ദിപതിപ്പ്‌ ഓരോ വാക്കിലും അതിന്റെ യഥാതഥമായ അര്‍ഥത്തില്‍ പ്രസിദ്ധീകരിക്കാന്‍ പ്രസിഡന്റിനെ ഉത്തരവാദപ്പെടുത്തുന്നു. ഭരണഘടന നിലവില്‍ വരുന്നതോടെ 1947-ലെ ഇന്ത്യന്‍ സ്വാതന്ത്ര്യനിയമവും, 1935-ലെ ഗവണ്‍മെന്റ്‌ ഒഫ്‌ ഇന്ത്യാ ആക്‌റ്റും, അതോടുകൂടി രണ്ടാമതു പറഞ്ഞ ആക്‌റ്റ്‌ ഭേദഗതി ചെയ്യുന്നതോ അതിന്‌ അനുപൂരകമോ ആയ, എന്നാല്‍ 1949-ലെ അബോളിഷന്‍ ഒഫ്‌ പ്രിവി കൗണ്‍സില്‍ ജുറിസ്‌ഡിക്ഷന്‍ ആക്‌റ്റ്‌ ഒഴികെയുള്ള എല്ലാനിയമങ്ങളും ഇതിനാല്‍ റദ്ദാക്കിയിരിക്കുന്നതായി ഭരണഘടനയുടെ 395-ാം അനുച്ഛേദം സൂചിപ്പിക്കുന്നു.

ക്രമനമ്പറില്‍ 22 ഭാഗങ്ങളാണുള്ളത്‌ എങ്കിലും ഭാഗം VII റദ്ദാക്കപ്പെടുകയും റദ്ദാക്കപ്പെട്ട സ്ഥാനത്ത്‌, IX-ാം ഭാഗത്ത്‌ 1993-ല്‍ പഞ്ചായത്തീരാജ്‌-നഗരപാലിക വ്യവസ്ഥകളും 2012-ല്‍ സഹകരണസ്ഥാപന സംബന്ധിയായുള്ള വ്യവസ്ഥകള്‍ എന്നിവ ചേര്‍ക്കപ്പെടുകയും ഭാഗം IV എ ആയി മൗലികധര്‍മങ്ങള്‍ ഉള്‍പ്പെടുത്തപ്പെടുകയും ചെയ്യുകവഴി 24 പാര്‍ട്ടുകളില്‍ ആകെ 22 ഭാഗങ്ങള്‍ ഭരണഘടനയില്‍ ഇപ്പോഴും നിലനില്‌ക്കുന്നതായി കാണാം. ഇവയുടെ നിര്‍വഹണാര്‍ഥം ചേര്‍ത്തിട്ടുള്ളതാണ്‌ 12 പട്ടികകള്‍. ഈ ഘടകങ്ങളുടെയെല്ലാം സമാഹൃതരൂപമാണ്‌ ഇന്ത്യയുടെ ഭരണഘടന.

(ജസ്റ്റിസ്‌ കെ.കെ. മാത്യു, എ. സുഹൃത്‌കുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍