This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ നദീതടപദ്ധതികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഇന്ത്യന്‍ നദീതടപദ്ധതികള്‍

ജലസേചനം, വൈദ്യുതോത്‌പാദനം, കുടിവെള്ളം എന്നിവയ്‌ക്കായി നദീജലം ഉപയോഗപ്പെടുത്തുന്ന പദ്ധതികള്‍. ഈ പ്രധാനലക്ഷ്യങ്ങള്‍ക്കു പുറമേ മണ്ണൊലിപ്പുതടയല്‍, ഭൂമ്യുദ്ധരണം, പ്രളയനിവാരണം, അണക്കെട്ടുകളുമായി ബന്ധപ്പെട്ട വിനോദസഞ്ചാരം എന്നിവയ്‌ക്കും നദീതടപദ്ധതികള്‍ പ്രയോജനപ്പെടുന്നുണ്ട്‌. ഇവയില്‍ ഒന്നിലേറെ നേട്ടങ്ങള്‍ ലക്ഷ്യമാക്കുമ്പോള്‍ പ്രസക്തസംരംഭത്തെ വിവിധോദ്ദേശ്യപദ്ധതി(Multi purpose project)എന്ന്‌ വിശേഷിപ്പിക്കുന്നു. പതിനായിരം ഹെക്‌ടറിലേറെ സ്ഥലത്ത്‌ ജലവിതരണവും കാര്‍ഷികവികസനവും സാധ്യമാക്കാവുന്നവയെയാണ്‌ വന്‍കിടപദ്ധതികളായി വിവക്ഷിക്കുന്നത്‌. നിയുക്തവികസനമേഖല (Command area) 2,000 മുതല്‍ 10,000 വരെ ഹെക്‌ടറാകുമ്പോള്‍ പദ്ധതി ഇടത്തരമായി ഗണിക്കപ്പെടുന്നു. വന്‍കിട (Major)ഇടത്തരം (Medium) ചെറുകിട (Minor) എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള നദീതടപദ്ധതികളിലൂടെ ലക്ഷക്കണക്കിന്‌ ഹെക്‌ടര്‍ പ്രദേശം ജലസിക്‌തമായിട്ടുണ്ട്‌. ഇതില്‍ ഭൂരിഭാഗം പ്രദേശത്തും ജലസേചനം നിര്‍വഹിക്കുന്നത്‌ ചെറുകിടപദ്ധതികളാണ്‌. വന്‍കിട-ഇടത്തരം പദ്ധതികളുടെ പങ്ക്‌ താരതമ്യേന കുറവാണ്‌. ഇന്ത്യയിലെ നദീതടപദ്ധതികള്‍ ഏതെങ്കിലും ഒരു സംസ്ഥാനം മാത്രമായോ ഒന്നിലധികം സംസ്ഥാനങ്ങളുടെ കൂട്ടായ്‌മയിലോ, കേന്ദ്രതലത്തിലോ ആവിഷ്‌കരിക്കപ്പെട്ടവയാകാം. ഇവയുടെ നിര്‍മാണം, പ്രവര്‍ത്തനം, ജലോപഭോഗം, വികസനം തുടങ്ങിയവ ദേശീയജലനയത്തിന്‌ അനുസൃതമായിരിക്കണം.

ഇന്ത്യയിലെ നദികളെ പൊതുവേ മൂന്നായി തിരിക്കാം: (1) ഹിമാലയന്‍ നദികള്‍ - സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നീ നദികളും അവയുടെ അനേകം കൈവഴികളും; (2) മധ്യേന്ത്യന്‍ നദികള്‍ - മഹാനദി, നര്‍മദ, തപ്‌തി, ചമ്പല്‍, (3) ദക്ഷിണേന്ത്യന്‍ നദികള്‍ - ഗോദാവരി, കൃഷ്‌ണ, കാവേരി, പെന്നാര്‍, വൈഗ, ഭാരതപ്പുഴ, ശരാവതി, പെരിയാര്‍, പമ്പ തുടങ്ങിയവ. ഈ നദികളിലൊക്കെത്തന്നെ വന്‍കിട-ഇടത്തരം പദ്ധതികള്‍ പ്രാവര്‍ത്തികമായിട്ടുണ്ട്‌. അവയില്‍ പ്രധാനപ്പെട്ടവയുടെ ചുരുക്കവിവരണം ചുവടേ ചേര്‍ത്തിരിക്കുന്നു.

സിന്ധുനദീതട പദ്ധതികള്‍

ഭക്രാനംഗല്‍ പദ്ധതി

ഭക്രാനംഗല്‍ അണക്കെട്ട്

സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ നദീതടപദ്ധതിയായ ഭക്രാനംഗല്‍ രാജ്യത്തിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യപദ്ധതിയാണ്‌. സിന്ധുവിന്റെ പോഷകനദിയായ സത്‌ലജ്‌ നദിയില്‍, ഹരിയാനയിലെ ഭക്ര എന്ന സ്ഥലത്ത്‌ നിര്‍മിച്ചിരിക്കുന്ന 225 മീ. ഉയരമുള്ള കോണ്‍ക്രീറ്റ്‌ അണക്കെട്ടാണ്‌ പദ്ധതിയുടെ മുഖ്യഭാഗം. പഞ്ചാബ്‌, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളെ ജലസിക്തമാക്കുവാന്‍ ആവിഷ്‌കരിച്ച ഈ പദ്ധതിയില്‍ വൈദ്യുതോത്‌പാദനവും ലക്ഷ്യമിട്ടിരുന്നു. ഭക്രയില്‍നിന്ന്‌ 128 കി.മീ. താഴെ നംഗല്‍ എന്ന സ്ഥലത്തെ 27 മീ. ഉയരമുള്ള അണക്കെട്ട്‌, 64 കി.മീ. നീളത്തിലുള്ള നംഗല്‍ ജലസേചനത്തോട്‌, ഇതിന്റെ കരയില്‍ സംഘ്‌മാന്‍, കോത്‌ല എന്നിവിടങ്ങളിലും ഭക്രയില്‍ രണ്ടിടത്തുമായി സ്ഥാപിക്കപ്പെട്ടിട്ടുള്ള വൈദ്യുതോത്‌പാദനകേന്ദ്രങ്ങള്‍, 166 ച.കി.മീ. വിസ്‌തൃതിയിലുള്ള ഗോവിന്ദ്‌സാഗര്‍ റിസര്‍വോയര്‍, 4,464 കി.മീ. നീളത്തിലുള്ള പ്രധാന ജലസേചനച്ചാലുകള്‍ എന്നിവയെല്ലാം ഭക്രാനംഗല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 14.6 ലക്ഷം ഹെക്‌ടര്‍ പ്രദേശം ജലസിക്തമാക്കുവാനും 1,325 മെഗാവാട്ട്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുവാനും ഉപകരിക്കുന്ന ഈ പദ്ധതിയില്‍ ഗുണഭോക്താക്കളായ മൂന്നു സംസ്ഥാനങ്ങള്‍ക്കും പങ്കുണ്ടെങ്കിലും പദ്ധതിയുടെ മേല്‍നോട്ടവും പ്രവര്‍ത്തനവും കേന്ദ്രഗവണ്‍മെന്റിന്റെ കീഴിലുള്ള ബോര്‍ഡിന്റെ ചുമതലയിലാണ്‌.

ബിയാസ്‌ പദ്ധതി

സിന്ധുവിന്റെ പോഷകനദികളായ ബിയാസ്‌, സത്‌ലജ്‌ എന്നിവയെ തമ്മില്‍ ബന്ധിപ്പിച്ച്‌ ഇരുനദികളിലെയും ജലപ്രവാഹം നിയന്ത്രിക്കുകയും വൈദ്യുതോത്‌പാദനത്തിനും ജലസേചനത്തിനും ഉപയോഗിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്‌. ഹിമാചല്‍പ്രദേശത്തെ പാണ്ടോ എന്ന സ്ഥലത്ത്‌ 76 മീ. ഉയരത്തില്‍ അണകെട്ടി ബിയാസ്‌ ജലം ഭക്രാജലാശയത്തിനു സമീപമുള്ള ദെഹാദ്‌ വൈദ്യുതനിലയത്തിലേക്കും അവിടെ നിന്ന്‌ സത്‌ലജിലേക്കും തിരിച്ചുവിടുന്നതുമൂലം 305 മീ. ഉയരമുള്ള ജലപാതം സാധ്യമാകുന്നു. ഇതുപയോഗിച്ച്‌ 990 മെഗാവാട്ട്‌ വിദ്യുച്ഛക്തി ഉത്‌പാദിപ്പിക്കാനും, പവര്‍ഹൗസില്‍നിന്നു പ്രവഹിക്കുന്ന ജലം കൊണ്ട്‌ ഭദ്രാപദ്ധതിയുടെ കീഴില്‍ വരുന്ന സ്ഥലങ്ങള്‍ക്കു പുറമേ 5.3 ലക്ഷം ഹെക്‌ടര്‍ സ്ഥലത്തുകൂടി ജലസേചനം വ്യാപിപ്പിക്കാനും കഴിയും. പാണ്ടോ അണയ്‌ക്കു താഴെ പോങ്‌ എന്ന സ്ഥലത്ത്‌ 133 മീ. ഉയരമുള്ള മറ്റൊരണക്കെട്ട്‌ ബിയാസ്‌ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കപ്പെട്ടിരിക്കുന്നു. പഞ്ചാബ്‌, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ 24 ലക്ഷം ഹെക്‌ടര്‍ ഭൂമി ഇതിലൂടെ ജലസേചിതമാകുന്നു. 360 മെഗാവാട്ട്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുവാനും സാധിക്കുന്നു.

രാജസ്ഥാന്‍ കനാല്‍

ലോകത്തിലെ ഏറ്റവും വലിയ കനാല്‍ ജലസേചന പദ്ധതി. പഞ്ചാബിലെ സത്‌ലജ്‌ നദിയിലെ ഹരികെ ബാറേജില്‍ നിന്നാണ്‌ ഈ കനാല്‍ ആരംഭിക്കുന്നത്‌. രവി-ബിയാസിലെ 98,560 ലക്ഷം ക്യുബിക്‌ മീറ്റര്‍ വെള്ളം കൊണ്ടുവന്ന്‌ പടിഞ്ഞാറന്‍ രാജസ്ഥാനിലെ 11 ശതമാനത്തോളം പ്രദേശങ്ങളില്‍ ജലസേചനം നടത്തി അവിടം ഹരിതാഭമാക്കുകയാണ്‌ ഈ ബൃഹത്‌പദ്ധതിയുടെ ലക്ഷ്യം. രാജസ്ഥാനിലെ വരണ്ട പ്രദേശങ്ങളായ ശ്രീഗംഗാനഗര്‍, ബിക്കാനീര്‍, ജോധ്‌പൂര്‍, ജയ്‌സാല്‍മര്‍ എന്നീ ജില്ലകളാണ്‌ ഇതിന്റെ കമാന്‍ഡ്‌ ഏരിയ. പദ്ധതി പൂര്‍ത്തിയായാല്‍ 20 ലക്ഷം ഹെക്‌ടര്‍ സ്ഥലത്ത്‌ ജലസേചനം നടത്താനാകും. രാജസ്ഥാനിലെ അത്യധികമായ വരള്‍ച്ചയ്‌ക്ക്‌ പരിഹാരമായിട്ടാണ്‌ ഈ കനാല്‍ പദ്ധതി രൂപകല്‌പന ചെയ്‌തത്‌. 1984 മുതല്‍ ഇത്‌ ഇന്ദിരാഗാന്ധി കനാല്‍ പദ്ധതി എന്നപേരിലാണ്‌ അറിയപ്പെടുന്നത്‌.

രണ്ട്‌ ഘട്ടമായി പൂര്‍ത്തിയാക്കാനാണ്‌ ഈ പദ്ധതി ലക്ഷ്യമിടുന്നത്‌. 204 കി.മീ. നീളത്തിലുള്ള രാജസ്ഥാന്‍ ഫീഡര്‍, 189 കി.മീ. നീളത്തിലുള്ള മെയിന്‍ കനാല്‍, 3454 കി.മീ. വിതരണശൃംഖല എന്നിവ പൂര്‍ത്തിയാക്കി 9.5 ലക്ഷം ഹെക്‌ടര്‍ സ്ഥലത്ത്‌ ജലസേചനസൗകര്യം സൃഷ്‌ടിക്കുകയായിരുന്നു ഒന്നാംഘട്ടം ലക്ഷ്യമിട്ടിരുന്നത്‌. ഇത്‌ 1986-ല്‍ പൂര്‍ത്തീകരിക്കപ്പെട്ടു. പ്രധാന കനാലില്‍നിന്ന്‌ 445 കി.മീ. നീളത്തില്‍ ടെയില്‍കനാല്‍ നിര്‍മിച്ച്‌ 11 ലക്ഷം ഹെക്‌ടറില്‍ ജലസേചനസൗകര്യം ഏര്‍പ്പെടുത്തുകയാണ്‌ രണ്ടാം ഘട്ടം. രണ്ടാം ഘട്ടത്തിന്റെ കമാന്‍ഡ്‌ ഏരിയ വര്‍ഷത്തില്‍ 15 സെ.മീറ്ററില്‍ താഴെ മാത്രം മഴ ലഭിക്കുന്ന മണല്‍ക്കൂന പ്രദേശമാണ്‌. 5409 കി.മീ. നീളമുള്ള വിതരണശൃംഖലയുടെ രണ്ടാംഘട്ട നിര്‍മാണജോലികള്‍ ഏതാണ്ട്‌ പൂര്‍ത്തീകരണത്തോട്‌ അടുക്കുകയാണ്‌.

സിന്ധുനദീജലക്കരാര്‍

സിന്ധുനദീതടം ഇന്ത്യയിലും പാകിസ്‌താനിലുമായി വ്യാപിച്ചിരിക്കുന്നതിനാല്‍ സിന്ധുവിലെയും പോഷകനദികളിലെയും ജലം പങ്കുവച്ച്‌ ഉപയോഗിക്കുന്നതിന്‌ ഇരുരാജ്യങ്ങളും ബാധ്യസ്ഥരായിരിക്കുന്നു; ഇതിനായി 1960-ല്‍ ഒരു ഉടമ്പടി ഉണ്ടാക്കുകയും ചെയ്‌തു. ഝലം നദിയിലെ മാംഗ്ലാ ഡാം, സിന്ധുനദിയിലെ തര്‍ബെല ഡാം എന്നിവ ഈ കരാര്‍ പ്രകാരം നിര്‍മിക്കപ്പെട്ട ഡാമുകളാണ്‌. ഇരുരാജ്യങ്ങളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്ഥിരമായി സിന്ധുനദീജലക്കമ്മിഷന്‍ (Indus Commission) രൂപീകരിച്ചിട്ടുണ്ട്‌. സിന്ധുതടത്തില്‍ ഇരുരാജ്യങ്ങളും ആവിഷ്‌കരിച്ചു നടപ്പാക്കുന്ന പദ്ധതികള്‍ അവലോകനം ചെയ്യുന്നതും തര്‍ക്കങ്ങളുണ്ടാവുമ്പോള്‍ ചര്‍ച്ചകളിലൂടെയും നീക്കുപോക്കുകളിലൂടെയും പരിഹാരം കണ്ടെത്തുന്നതും ഈ കമ്മിഷന്റെ ചുമതലകളാണ്‌.

ഗംഗാനദീതട പദ്ധതികള്‍

യമുനാ കനാലുകള്‍

യമുനാനദിയുടെ കിഴക്കും പടിഞ്ഞാറും കരകളില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള കനാലുകള്‍ ഭാരതത്തിലെ ജലസേചനപദ്ധതികളില്‍ പ്രമുഖങ്ങളാണ്‌. പശ്ചിമ, പൂര്‍വ കനാലുകളാണ്‌ യമുനാനദിയിലെ പ്രധാന കനാലുകള്‍. ഉത്തര്‍പ്രദേശ്‌, ഉത്തര്‍ഖണ്ഡ്‌, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന്‌ ഹെക്‌ടര്‍ പ്രദേശത്ത്‌ ജലസേചനം സാധ്യമാക്കുന്നു. പടിഞ്ഞാറേ കനാല്‍ 14-ാം ശതകത്തില്‍ ഉത്തരേന്ത്യ ഭരിച്ചിരുന്ന ഫിറോസ്‌ഷാ തുഗ്ലക്‌ യമുനയിലെ അധികജലം പഞ്ചാബിലെ ഹിസ്സാര്‍പ്രദേശത്തേക്ക്‌ ഒഴുക്കുവാന്‍ നിര്‍മിച്ചതാണെന്ന്‌ കരുതപ്പെടുന്നു. ഷാജഹാന്റെ കാലത്ത്‌ പ്രസിദ്ധശില്‌പി ആലി മദ്ദാന്‍ പടിഞ്ഞാറേ കനാല്‍ പുതുക്കി ഉപയോഗപ്രദമാക്കുകയും ദില്ലിയിലേക്കു വ്യാപിപ്പിക്കുകയും ചെയ്‌തു. 19-ാം ശതകത്തിലും അതിനുശേഷവുമായി ഇരുകനാലുകളിലും ചീപ്പുകള്‍ നിര്‍മിച്ച്‌ രണ്ടു പദ്ധതികളും പുനരുദ്ധരിച്ചതുമൂലം പൂര്‍വ യമുനാ കനാല്‍ 2 ലക്ഷം ഹെക്‌ടറിലും, പശ്ചിമകനാല്‍ 7 ലക്ഷം ഹെക്‌ടറിലും ജലസേചനം സാധ്യമാക്കുന്നു. ഏറ്റവും പുരാതന കനാലുകളാണ്‌ ഇവ.

ചമ്പല്‍ പദ്ധതി

റാണാപ്രതാപ്‌സാഗര്‍ അണക്കെട്ട്‌

വിന്ധ്യാപര്‍വതത്തില്‍ ഉദ്‌ഭവിച്ച്‌ മധ്യപ്രദേശ്‌, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകി ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍വച്ച്‌ യമുനയില്‍ ലയിക്കുന്ന പ്രധാന പോഷകനദിയാണ്‌ ചമ്പല്‍. ഒന്നാംഘട്ടമായി മധ്യപ്രദേശ്‌-രാജസ്ഥാന്‍ അതിര്‍ത്തിയിലുള്ള ചൗറാസീഗഢിനുസമീപം 514 മീ. നീളത്തില്‍ ഗാന്ധിസാഗര്‍ അണക്കെട്ടും ഇതിനോടുചേര്‍ന്ന്‌ ഒരു വൈദ്യുതോത്‌പാദനനിലയവും രാജസ്ഥാനിലെ കോട്ടാ എന്ന സ്ഥലത്ത്‌ ഒരു ബരാഷും (barrage) നിര്‍മിച്ചുകഴിഞ്ഞു. ഒന്നാംഘട്ടം പൂര്‍ത്തിയായതോടെ ഇരുസംസ്ഥാനങ്ങളിലുമായി 5.6 ലക്ഷം ഹെക്‌ടര്‍ ഭൂമി ജലസിക്തമായി. 1960-ലാണ്‌ ഒന്നാംഘട്ടം പൂര്‍ത്തിയായത്‌. ഗാന്ധിസാഗര്‍ അണക്കെട്ടിന്‌ 26 കി.മീ. താഴെ റാണാപ്രതാപ്‌ സാഗര്‍ അണക്കെട്ട്‌, അതിനോടുചേര്‍ന്ന്‌ പവര്‍ഹൗസുകള്‍, ജലസേചനത്തോടുകള്‍ എന്നിവ രണ്ടാംഘട്ടമായി നിര്‍മിക്കപ്പെട്ടതുമൂലം 1.22 ലക്ഷം ഹെക്‌ടര്‍ ഭൂമി ജലസേചനത്തിനു വിധേയമായിരിക്കുന്നു. മൂന്നാംഘട്ടമായി കോട്ടാബരാഷിനും റാണാപ്രതാപ്‌സാഗര്‍ അണക്കെട്ടിനും ഇടയില്‍ ജവാഹര്‍സാഗര്‍ അണക്കെട്ടും പവര്‍ഹൗസും നിര്‍മിക്കപ്പെട്ടു.

ഗംഗാ കനാലുകള്‍

ഗംഗാനദി പര്‍വതപ്രദേശം വിട്ടു സമതലത്തില്‍ പ്രവേശിക്കുന്ന ഹരിദ്വാറില്‍ 19-ാം ശതകത്തില്‍ നദിക്കു കുറുകെ ഒരു അണകെട്ടി ഉത്തര്‍പ്രദേശില്‍ 6.4 ലക്ഷം ഹെക്‌ടര്‍ സ്ഥലത്ത്‌ ജലസേചനം നടത്താന്‍വേണ്ടി അപ്പര്‍ഗംഗാ കനാലെന്നും ലോവര്‍ഗംഗാ കനാലെന്നും പേരുള്ള രണ്ടു തോടുകള്‍ നിര്‍മിക്കുകയുണ്ടായി. ആ കാലത്ത്‌ അപ്പര്‍ഗംഗാകനാല്‍ ലോകത്തിലെ ഏറ്റവും വലിയ ജലസേചന കനാലായിരുന്നു; ഇപ്പോള്‍ ഈ പദവി ഇല്ലെങ്കിലും അനേകം പവര്‍ഹൗസുകള്‍ ഇവയിലെ ജലമുപയോഗിച്ച്‌ വിദ്യുച്ഛക്തി ഉത്‌പാദിപ്പിച്ചുവരുന്നുണ്ട്‌.

രാംഗംഗാ പദ്ധതി

ചമോലി ഹിമാലയത്തില്‍ ഉദ്‌ഭവിച്ച്‌ ഉത്തര്‍പ്രദേശില്‍ കാലാഗര്‍ വരെയുള്ള 125 കി.മീ. മലമടക്കുകളിലൂടെയും തുടര്‍ന്ന്‌ 300 കി.മീ. ദൂരം ഫറൂഖാബാദ്‌ ജില്ലയിലെ നിരന്ന പ്രദേശങ്ങളിലൂടെയും ഒഴുകി കനൗജിനു സമീപം ഗംഗയില്‍ ലയിക്കുന്ന രാംഗംഗയില്‍ നിര്‍മിച്ചിരിക്കുന്ന 127.5 മീ. ഉയരത്തിലുള്ള അണക്കെട്ടും 108 കി.മീ. നീളം വരുന്ന കനാലുകളുമാണ്‌ ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍. ഈ പദ്ധതി വഴി ഉത്‌പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ തോത്‌ 198 മെഗാവാട്ട്‌ ആണ്‌. രാംഗംഗാ റിസര്‍വോയറിന്റെ മറുകരയിലാണ്‌ വിനോദസഞ്ചാരികളുടെ പറുദീസയായ കോര്‍ബറ്റ്‌ ദേശീയോദ്യാനം.

ശാരദാ പദ്ധതി

ഘടനയിലും സംവിധാനക്രമത്തിലും വ്യത്യസ്‌തത പുലര്‍ത്തുന്നതാണ്‌ ഉത്തര്‍പ്രദേശിലെ ശാരദാ പദ്ധതി. ഘാഗ്‌രാനദിയിലെ ജലം ഒരു ലിങ്ക്‌കനാലിലൂടെ ശാരദാനദിയിലേക്കൊഴുക്കി ലഖ്‌നൗ, റായ്‌ബറേലി, ബാരാബങ്കി, പ്രതാപ്‌ഗഢ്‌, അലഹബാദ്‌, സുല്‍ത്താന്‍പൂര്‍, സീതാപൂര്‍ എന്നീ ജില്ലകളെ ജലസിക്തമാക്കുന്ന പദ്ധതിയാണിത്‌; ഘാഗ്‌ര, ശാരദ എന്നീ നദികളില്‍ ബരാഷുകള്‍ നിര്‍മിച്ചാണ്‌ ഇതു സാധ്യമാക്കിയിരിക്കുന്നത്‌. ഘാഗ്‌രയിലെ ബരാഷ്‌ ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍നിന്ന്‌ 15 കി.മീ. താഴെയാണ്‌ നിര്‍മിച്ചിട്ടുള്ളത്‌. ഇതിലൂടെ പ്രതിരോധിതമാവുന്ന ജലം 28.4 കി.മീ. നീളമുള്ള കനാല്‍വഴി ശാരദാനദിയിലേക്കൊഴുകുന്നു. കത്രാനിയഘട്ട്‌ എന്ന സ്ഥലത്ത്‌ ഘാഗ്‌രയ്‌ക്കു കുറുകെ രണ്ടാമതൊരു ബരാഷ്‌ നിര്‍മിക്കപ്പെട്ടിരിക്കുന്നു. ഇതിലെ സംഭൃതജലം സൈഫണ്‍മാതൃകയിലാണ്‌ ശാരദയിലേക്ക്‌ ഒഴുക്കുന്നത്‌. ഇങ്ങനെ എത്തിച്ചേരുന്ന അധികജലം തടഞ്ഞുനിര്‍ത്തുന്നതിന്‌ ശാരദാനദിയില്‍ 18 മീ. നീളത്തില്‍ ബരാഷ്‌ ഉണ്ടാക്കിയിട്ടുണ്ട്‌. ഈ സംഭരണിയില്‍ നിന്നുള്ള കനാലുകള്‍ അനേകം ചെറുനദികളെ മുറിച്ചുകടക്കുന്ന രീതിയിലാണ്‌ വിന്യസിക്കപ്പെട്ടിരിക്കുന്നത്‌; തന്മൂലം അവയ്‌ക്ക്‌ കൂടുതല്‍ ജലം സംഭരിച്ച്‌ നീങ്ങാനാവുന്നു.

സോണ്‍ ബരാഷ്‌ പദ്ധതി

ഗംഗയുടെ ഒരു പോഷക നദിയാണ്‌ സോണ്‍. ബിഹാറിലെ ഷാഹാബാദ്‌ ജില്ലയില്‍ ഇന്ദ്രപുരി എന്ന സ്ഥലത്ത്‌ സോണ്‍നദിക്കു കുറുകെ 1,407 മീ. നീളമുള്ള ഒരു ബരാഷും ഇരുവശത്തേക്കുമുള്ള കനാലുകളും ചേര്‍ന്നുള്ള ജലസേചനപദ്ധതിയാണിത്‌. ഇതുമൂലം 10.3 ലക്ഷം ഹെക്‌ടര്‍ പ്രദേശത്തു ജലസേചനം നടത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്‌; ഇതിന്റെ മൊത്തം ചെലവ്‌ ഏകദേശം 22 കോടി രൂപയാണ്‌.

റിഹന്‍ഡ്‌ പദ്ധതി

സോണ്‍ നദിയുടെ പോഷകനദിയായ റിഹന്‍ഡ്‌ നദിയില്‍ 91 മീ. ഉയരത്തില്‍ കോണ്‍ക്രീറ്റ്‌ അണക്കെട്ടു നിര്‍മിച്ച്‌ 300 മെഗാവാട്ട്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുകയായിരുന്നു ഈ പദ്ധതിയുടെ ആദ്യഘട്ടം. റിഹന്‍സ്‌ പദ്ധതിയുടെ പ്രയോജനം ഒന്നിലേറെ സംസ്ഥാനങ്ങള്‍ക്ക്‌ പങ്കിടാനാവുമെന്നത്‌ (ഉത്തര്‍പ്രദേശ്‌, മധ്യപ്രദേശ്‌) പദ്ധതിയുടെ വികാസത്തിന്‌ കാരണമായി. പ്രധാന അണക്കെട്ടിനുപുറമേ 21 മീ. ഉയരത്തിലുള്ള മറ്റൊരു അണക്കെട്ടുകൂടി നിര്‍മിച്ച്‌ റിസര്‍വോയറിന്റെ വിസ്‌തീര്‍ണം 486 ച.കി.മീ. ആയി വര്‍ധിപ്പിച്ചു. "ഗോവിന്ദ്‌ വല്ലഭ്‌ പാന്ത്‌സാഗര്‍' എന്നു നാമകരണം ചെയ്‌തിട്ടുള്ള ഈ റിസര്‍വോയറിനോടനുബന്ധിച്ച്‌ 50 മെഗാവാട്ട്‌ ഉത്‌പാദനശേഷിയുള്ള വൈദ്യുതനിലയം പ്രവര്‍ത്തിച്ചുവരുന്നു.

ഗാണ്ഡക്‌ പദ്ധതി

1959-ല്‍ ഇന്ത്യയും നേപ്പാളും തമ്മിലുണ്ടാക്കിയ കരാര്‍പ്രകാരം നേപ്പാളിനും ഇന്ത്യയിലെ ഉത്തര്‍പ്രദേശ്‌, ബിഹാര്‍ സംസ്ഥാനങ്ങള്‍ക്കും പ്രയോജനം വരുത്തുവാനുദ്ദേശിച്ച്‌ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതി. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിമേഖലകളില്‍ പ്രളയനിവാരണവും ജലസേചനസംവിധാനവും ലക്ഷ്യമിട്ട്‌ ആവിഷ്‌കരിക്കപ്പെട്ട ഈ പദ്ധതി വൈദ്യുതി ഉത്‌പാദനത്തിലും മുന്നിട്ടുനില്‌ക്കുന്നു. ഗാണ്ഡക്‌പദ്ധതിയുടെ ഭാഗമായി ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ അതിബൃഹത്തായ ഒരു ബരാഷ്‌ നിര്‍മിക്കപ്പെട്ടതോടെ പ്രളയക്കെടുതികള്‍ക്ക്‌ നിവാരണമുണ്ടായി. കിഴക്കോട്ടുള്ള കനാല്‍ നേപ്പാളിലെ അതിര്‍ത്തിയോടു തൊട്ടുകിടക്കുന്ന പ്രദേശങ്ങളെയും ബിഹാറിലെ ചമ്പാരന്‍, മുസാഫര്‍പൂര്‍ എന്നീ ജില്ലകളെയും ജലസിക്തമാക്കുന്നു. പടിഞ്ഞാറേ കനാലിന്റെ പ്രയോജനം പൂര്‍ണമായും ഉത്തര്‍പ്രദേശ്‌, ബിഹാര്‍ എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ്‌ ലഭിക്കുന്നത്‌. ഓരോ കനാലിലും ഓരോ വൈദ്യുതനിലയം ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. 15,000 കിലോവാട്ട്‌ ഉത്‌പാദനശേഷിയോടെ പടിഞ്ഞാറേ കനാലിലേത്‌ പ്രാവര്‍ത്തികമായിക്കഴിഞ്ഞു; ഈ വൈദ്യുതി പൂര്‍ണമായും നേപ്പാളിന്‌ അവകാശപ്പെട്ടതാണ്‌.

കോസി പദ്ധതി

ദുഃഖത്തിന്റെ നദി എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന കോസിയിലാണ്‌ ഇന്ത്യയിലെ വന്‍കിടനദീതട പദ്ധതികളിലൊന്ന്‌ നിര്‍മിക്കപ്പെട്ടിട്ടുള്ളത്‌. നേപ്പാളില്‍ ഉദ്‌ഭവിക്കുന്ന കോസി ബിഹാര്‍ സംസ്ഥാനത്ത്‌ പ്രതിവര്‍ഷവും ഗണ്യമായ തോതില്‍ പ്രളയക്കെടുതികള്‍ സൃഷ്‌ടിച്ചിരുന്നു. കോസിനദിയിലെ ജലപ്രവാഹവും ഗതിമാറ്റവും നിയന്ത്രിക്കുവാനും അധികജലം സംഭരിച്ചും പരിമിതമായി നിര്‍ഗമിപ്പിച്ചും ജലസേചനത്തിനു പ്രയോജനപ്പെടുത്തുവാനും ലക്ഷ്യമിട്ടാണ്‌ കോസി പദ്ധതി ആവിഷ്‌കരിക്കപ്പെട്ടത്‌. കോസിനദിയിലെ ജലവിനിയോഗത്തിനായി സ്‌പതകോസി എന്ന പേരില്‍ ഒരു വിവിധോദ്ദേശ്യ പദ്ധതി ആരംഭിക്കുന്നതിനായി ഇന്ത്യാ-നേപ്പാള്‍ സര്‍ക്കാരുകള്‍ തീരുമാനിച്ചിട്ടുണ്ട്‌.

ഫറാക്കാ ബരാഷ്‌

കൊല്‍ക്കത്താ തുറമുഖം ഗംഗാനദിയില്‍ അടിയുന്ന മണ്ണുകൊണ്ട്‌ നികരുന്നത്‌ ഒഴിവാക്കി തുറമുഖപ്രവര്‍ത്തനം സുഗമമാക്കുവാന്‍ ആവിഷ്‌കരിക്കപ്പെട്ട പദ്ധതിയാണ്‌ ഫറാക്കാ ബരാഷ്‌. ഗംഗാനദിക്കു കുറുകെ തീവണ്ടിക്കും മറ്റു വാഹനങ്ങള്‍ക്കും സഞ്ചരിക്കാനാവുന്നത്ര വീതിയുള്ള പാലവും അതിനടിയില്‍ ബരാഷും; ഭാഗീരഥിനദിയില്‍ ജൂംഗാപൂരിനു സമീപം ഒരു ജലനിയന്ത്രണ ബരാഷ്‌; ഭാഗീരഥിയില്‍നിന്നു പിരിഞ്ഞ്‌ 42.6 കി.മീ. നീളുന്ന പോഷകകനാല്‍ എന്നിവയുടെ നിര്‍മാണമാണ്‌ പദ്ധതി ലക്ഷ്യമിട്ടത്‌. 1961-ല്‍ ആരംഭിച്ച പദ്ധതി 1975-ലാണ്‌ പൂര്‍ത്തിയായത്‌.

ദാമോദര്‍വാലി പദ്ധതി

ദാമോദര്‍വാലി അണക്കെട്ട്

ഇന്ത്യന്‍ നദീതടപദ്ധതികള്‍ക്കിടയില്‍ സവിശേഷസ്ഥാനം നേടിയിട്ടുള്ളതാണ്‌ ദാമോദര്‍വാലി പദ്ധതി. കനത്ത മഴ കിട്ടുന്ന ഛോട്ടാ നാഗ്‌പൂര്‍ ജില്ലയിലെ കുന്നില്‍പുറങ്ങളില്‍ ഉദ്‌ഭവിച്ച്‌ ഝാര്‍ഖണ്ഡ്‌, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകി കൊല്‍ക്കത്തയ്‌ക്ക്‌ 48 കി.മീ. താഴെ വച്ച്‌ ഹൂഗ്ലിനദിയില്‍ ലയിക്കുന്ന നദിയാണ്‌ ദാമോദര്‍. നന്നേ നീളം കുറഞ്ഞതെങ്കിലും ജലപ്രളയങ്ങള്‍ സൃഷ്‌ടിച്ച്‌ "ബംഗാള്‍-ഝാര്‍ഖണ്ഡ്‌ സംസ്ഥാനങ്ങളുടെ ദുഃഖം' ആയി തുടര്‍ന്നുപോന്നു. ഈ നദിയുടെ തടപ്രദേശം ലോകത്തിലെ ഏറ്റവും ധാതുസമ്പന്നമായ മേഖലകളിലൊന്നാണ്‌. പ്രളയബാധ, ലിപ്പ്‌ എന്നിവ തുടങ്ങി ഊര്‍ജദൗര്‍ലഭ്യം വരെയുള്ള ദുര്‍ഘടങ്ങള്‍ ഒഴിവായാല്‍ സമ്പന്നമായ വ്യവസായമേഖലയായി വളരാവുന്ന അവസ്ഥയാണ്‌ ഈ നദീതടത്തിനുണ്ടായിരുന്നത്‌. ഇക്കാര്യം പരിഗണിച്ച്‌, യു.എസ്സിലെ "ടെന്നീസ്സിവാലി അതോറിറ്റി'യുടെ മാതൃകയില്‍ ദാമോദര്‍വാലി കോര്‍പ്പറേഷന്‍ (1948) രൂപീകരിക്കപ്പെട്ടു. ഇതോടെ ദാമോദര്‍തടത്തിന്റെ സര്‍വതോമുഖമായ വളര്‍ച്ചയ്‌ക്ക്‌ തുടക്കമായി. ദാമോദറിലും ഉപനദികളിലുമായി നാല്‌ അണക്കെട്ടുകള്‍ നിര്‍മിച്ച്‌ മേഖലയെ പ്രളയവിമുക്തമാക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു. പദ്ധതിയുടെ രണ്ടാംഘട്ടം നിര്‍മാണത്തിലാണ്‌. ഈ അണക്കെട്ടുകളിലൂടെ പ്രതിവര്‍ഷം 1.4 ലക്ഷം കിലോവാട്ട്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഇതിനുപുറമേ 7 ലക്ഷം കിലോവാട്ട്‌ താപവൈദ്യുതിയുടെ ഉത്‌പാദനവും പദ്ധതിലക്ഷ്യങ്ങളില്‍പ്പെടുത്തിയിരുന്നു. ഇതുപ്രകാരം ബൊക്കാറേ, ദുര്‍ഗാപൂര്‍, ചന്ദ്രപുര എന്നിവിടങ്ങളില്‍ വന്‍കിട താപവൈദ്യുതനിലയങ്ങള്‍ സ്ഥാപിതമായി. ഈ പദ്ധതിയോടനുബന്ധിച്ചുള്ള കനാലുകള്‍ ജലഗതാഗത സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനോടൊപ്പം 70,000 ഹെക്‌ടര്‍ സ്ഥലത്തെ ജലസേചനം നിര്‍വഹിക്കുന്നുമുണ്ട്‌.

മഹാനദീതട പദ്ധതികള്‍

ഹീരാക്കുഡ്‌ പദ്ധതി

ഹീരാക്കുഡ് അണക്കെട്ട്

മണ്ണുകൊണ്ട്‌ നിര്‍മിക്കപ്പെട്ട ഏറ്റവും വലിയ അണക്കെട്ടാണ്‌ ഹീരാക്കുഡ്‌. ഒഡിഷയില്‍ മഹാനദിക്ക്‌ കുറുകെയാണ്‌ ഹീരാക്കുഡ്‌ നിര്‍മിച്ചിരിക്കുന്നത്‌. 5 കി.മീ. നീളവും മധ്യത്ത്‌ 59 മീ. ഉയരവുമുള്ള ഈ അണക്കെട്ടിനോടനുബന്ധിച്ചുള്ള സംഭരണിയുടെ വിസ്‌തീര്‍ണത 727 ച. കി.മീ. ആണ്‌. 17 ലക്ഷം ഹെക്‌ടര്‍ കൃഷിനിലങ്ങള്‍ ഈ പദ്ധതിയിലൂടെ ജലസിക്തമായി. അനുബന്ധിത വൈദ്യുതനിലയങ്ങള്‍ക്ക്‌ 1307 മെഗാവാട്ട്‌ ഉത്‌പാദനക്ഷമതയുണ്ട്‌; ഒഡിഷയിലെ റായ്‌രംഗ്‌പൂര്‍, സംഭല്‍പൂര്‍, ജോറ, ബ്രജ്‌രാജ്‌നഗര്‍, സുന്ദര്‍ഗഢ്‌, കട്ടക്‌, പുരി എന്നീ നഗരങ്ങളിലേക്ക്‌ നേരിട്ടും ജംഷെഡ്‌പൂര്‍, റൂര്‍ക്കല എന്നിവിടങ്ങളിലേക്ക്‌ കേന്ദ്രപൂളിലൂടെയും ഹീരാക്കുഡ്‌ നിലയങ്ങള്‍ വൈദ്യുതി എത്തിക്കുന്നു.

മഹാനദീ ഡെല്‍റ്റാ പദ്ധതി

ഒഡിഷയിലെ കട്ടക്‌ജില്ലയില്‍ മുണ്ഡലിക്കു സമീപം മഹാനദിക്കു കുറുകെ 1,353 മീ. നീളമുള്ള ഒരു ചിറ (Weir) കെട്ടി, ഇരുവശത്തും നിര്‍മിച്ചിരിക്കുന്ന കനാലുകള്‍ വഴി 6.8 ലക്ഷം ഹെക്‌ടര്‍ സ്ഥലത്ത്‌ ജലസേചനം നിര്‍വഹിക്കുവാന്‍ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയാണിത്‌. മഹാനദീഡെല്‍റ്റയില്‍ വെള്ളം തളംകെട്ടി ചതുപ്പുകളുണ്ടാവുന്നത്‌ ഒഴിവാക്കുന്നതിനും ഈ പദ്ധതി ഉപകരിക്കുന്നു.

സുവര്‍ണരേഖാ പദ്ധതി

പ്രധാനലക്ഷ്യങ്ങളില്‍ "ആദിവാസിക്ഷേമം' കൂടി ഉള്‍പ്പെട്ടിട്ടുള്ള വിവിധോദ്ദേശ്യപദ്ധതിയാണിത്‌. ഛോട്ടാനാഗ്‌പൂര്‍ പീഠഭൂമിയില്‍ റാഞ്ചിക്കുസമീപം ഉദ്‌ഭവിച്ച്‌ ഝാര്‍ഖണ്ഡ്‌, പശ്ചിമബംഗാള്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലൂടെ 393 കി.മീ. ഒഴുകി, ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്ന നദിയാണ്‌ സുവര്‍ണരേഖ. നദീജലം പങ്കിടുന്നതിനെ സംബന്ധിച്ച്‌ ബന്ധപ്പെട്ട സംസ്ഥാനഗവണ്‍മെന്റുകള്‍ നിയതമായ ധാരണകള്‍ക്ക്‌ രൂപം നല്‍കിയിട്ടുണ്ട്‌. സുവര്‍ണരേഖാപദ്ധതിയുടെ പ്രധാനഘടകങ്ങള്‍ മുഖ്യനദിയിലെ ഛന്ദില്‍ അണക്കെട്ട്‌, ഖര്‍കായ്‌ നദിയിലെ ബരാഷ്‌, സുവര്‍ണരേഖയില്‍ ഒഡിഷാ അതിര്‍ത്തിക്കുള്ളിലെ ഗലുധിയിലെ ബരാഷ്‌ എന്നിവയാണ്‌.

നര്‍മദാതട പദ്ധതികള്‍

തവാപദ്ധതി

മധ്യപ്രദേശില്‍ ഹോഷംഗാബാദ്‌ ജില്ലയിലെ റാണിപൂരില്‍ നര്‍മദയുടെ പോഷകനദികളായ തവ, ദനേവ എന്നിവയുടെ സംഗമസ്ഥാനത്തു നിര്‍മിക്കപ്പെട്ടിട്ടുള്ള അണക്കെട്ടുകളിലൂടെ 2.47 ലക്ഷം ഹെക്‌ടര്‍ പ്രദേശത്തെ ജലസേചനം സാധ്യമാക്കുന്ന പദ്ധതിയാണിത്‌. മൊത്തം 2 കിലോമീറ്ററോളം നീളത്തിലും 60 മീ. വരെ ഉയരത്തിലുമുള്ള അണക്കെട്ടുകളുടെ ശ്രേണിയെയാണ്‌ തവാപദ്ധതി ഉള്‍ക്കൊള്ളുന്നത്‌. മൊത്തം 275 കി.മീ. നീളത്തിലുള്ള കനാല്‍വ്യൂഹത്തെ മിക്കയിടത്തും വറ്റിവരണ്ട നൈസര്‍ഗികചാലുകളുമായി അനുബന്ധിപ്പിച്ചാണ്‌ ജലവിതരണം സാധിച്ചിരിക്കുന്നത്‌. ഉപകനാലുകളും തടയണകളും നിര്‍മിച്ച്‌ ജലസേചനസൗകര്യം വികസിപ്പിക്കുന്നുമുണ്ട്‌.

സര്‍ദാര്‍സരോവര്‍ പദ്ധതി

സര്‍ദാര്‍സരോവര്‍ അണക്കെട്ട്

മധ്യപ്രദേശ്‌, മഹാരാഷ്‌ട്ര, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങള്‍ 57:27:16 അനുപാതത്തില്‍ പങ്കിടാമെന്ന വ്യവസ്ഥയില്‍ നിര്‍മിക്കപ്പെട്ട വൈദ്യുതനിലയമാണ്‌ ഈ പദ്ധതിയുടെ മുഖ്യഘടകം; ഉദ്ദേശിക്കപ്പെട്ട ഉത്‌പാദനം 1450 മെഗാവാട്ട്‌ വൈദ്യുതിയാണ്‌. നര്‍മദാനദിയിലെ പ്രധാന അണക്കെട്ട്‌ (സര്‍ദാര്‍സരോവര്‍) ഗുജറാത്തിലെ 180 ലക്ഷം ഹെക്‌ടര്‍ പ്രദേശം ജലസേചിതമാക്കുവാന്‍ സഹായിക്കുന്നു. 457 കി.മീ. നീളത്തിലുള്ള കനാല്‍ നിര്‍മിച്ച്‌ രാജസ്ഥാനിലെ ജാലൗര്‍ ജില്ലയിലും സമീപത്തുമുള്ള 73,000 ഹെക്‌ടര്‍ ഭൂമി ജലസിക്തമാക്കുക എന്നതാണ്‌ ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. വികസനപദ്ധതിയിലൂടെ മഹാരാഷ്‌ട്രയിലെ 37,000 ഹെക്‌ടര്‍ പ്രദേശത്ത്‌ ജലമെത്തിക്കാനാവും എന്ന്‌ കരുതപ്പെടുന്നു. സാമൂഹിക-വൈയവസായികാവശ്യങ്ങള്‍ക്ക്‌ 1,310 ഘനമീറ്റര്‍ ജലം ലഭ്യമാക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. വിവിധ കാരണങ്ങളാല്‍ സര്‍ദാര്‍സരോവര്‍ പദ്ധതിയുടെ പൂര്‍ത്തീകരണം നീണ്ടുപോവുകയാണ്‌. നോ. നര്‍മദാ ബച്ചാവോ ആന്ദോളന്‍

ബാര്‍ണാ പദ്ധതി

മധ്യപ്രദേശിലെ റായ്‌സാല്‍ ജില്ലയിലൂടെ ഒഴുകിയെത്തുന്ന ബാര്‍ണ നര്‍മദയുടെ പോഷകനദിയാണ്‌. ഈ നദിയില്‍ 46.65 മീ. ഉയരമുള്ള മണ്ണണ (ബാരിഅണക്കെട്ട്‌) നിര്‍മിച്ച്‌ 63.44 കി.മീ. നീളത്തിലുള്ള കനാല്‍വഴി 66,435 ഹെക്‌ടര്‍ പ്രദേശത്തെ ജലസേചനം സാധ്യമാക്കിയിരിക്കുന്നു.

തപ്‌തി/കൊയ്‌നാതട പദ്ധതികള്‍

ഉകായ്‌-കക്രാപാര്‍ പദ്ധതി

ഗുജറാത്തിലെ ഏറ്റവും വലിയ നദീതടപദ്ധതിയായ ഇത്‌ ഉകായ്‌ (1958); കക്രാപാര്‍ (1972) എന്നീ രണ്ടുഘട്ടങ്ങളായാണ്‌ പൂര്‍ത്തിയാക്കപ്പെട്ടത്‌. ഇതോടെ 3,79,930 ഹെക്‌ടര്‍ കൃഷിനിലങ്ങളില്‍ ജലസേചനസൗകര്യം ലഭ്യമായി. ആദ്യഘട്ടത്തില്‍ കനാല്‍മാര്‍ഗത്തില്‍ ഉണ്ടായിരിക്കേണ്ട സംഭരണികള്‍ പൂര്‍ത്തിയാക്കപ്പെടാത്ത സാഹചര്യത്തില്‍ തുടര്‍ച്ചയായ ജലവിതരണം സാധ്യമായിരുന്നില്ല. വിപുലമായ നിര്‍മാണപ്രക്രിയയിലൂടെ ഈ കുറവ്‌ പരിഹരിക്കപ്പെട്ടിരിക്കുന്നു. 7,56,480 ഹെക്‌ടര്‍ സേചിതമാക്കുക എന്ന ലക്ഷ്യവുമായി വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരുന്നു. ഈ പദ്ധതി തപ്‌തി നദിയിലാണ്‌.

കൊയ്‌നാ പദ്ധതി

കൊയ്‌നാ അണക്കെട്ട്‌

മഹാരാഷ്‌ട്രാ സംസ്ഥാനത്തെ വന്‍കിടപദ്ധതിയാണിത്‌. ഇന്ത്യയിലെ നദീതടപദ്ധതികള്‍ ആശ്രയിക്കുന്നവയില്‍ ഏറ്റവും ചെറിയ നദിയാണ്‌ കൊയ്‌ന. പക്ഷേ സഹ്യപര്‍വതസാനുക്കളിലൂടെ ഒഴുകിയിറങ്ങുന്ന ഈ നദി നന്നേ ജലസമ്പന്നവുമാണ്‌. സത്താറാജില്ലയില്‍ മലയടിവാരത്തുള്ള ദേശ്‌മുഖ്‌വാഡിയിലാണ്‌ കൊയ്‌നാപദ്ധതിയിലെ മുഖ്യഅണക്കെട്ടും വൈദ്യുതനിലയവും നിര്‍മിക്കപ്പെട്ടിരിക്കുന്നത്‌. 1956-ല്‍ തുടങ്ങി, രണ്ടു ഘട്ടങ്ങളിലായി 1961-ല്‍ പൂര്‍ത്തിയാക്കപ്പെട്ടു. 808 മീ. നീളത്തിലും 103 മീ. ഉയരത്തിലുമുള്ള കൊയ്‌നാ അണക്കെട്ട്‌ 1,155 ച.കി.മീ. വിസ്‌തൃതിയുള്ള റിസര്‍വോയര്‍ സൃഷ്‌ടിച്ചിരിക്കുന്നു. പ്രകൃതിമനോഹരങ്ങളായ കുന്നുകള്‍ക്കിടയില്‍ പരന്നുകിടക്കുന്ന ഈ ജലാശയം മികച്ചൊരു വിനോദസഞ്ചാരകേന്ദ്രംകൂടിയാണ്‌. ഇടയ്‌ക്കിടെ ഉണ്ടാകുന്ന ഭൂചലനങ്ങള്‍ പദ്ധതിയുടെ വികസനത്തിനു തടസ്സം നില്‌ക്കുന്നു; ഭൂചലനം കാരണം പദ്ധതിയോടനുബന്ധിച്ചുള്ള വൈദ്യുതനിലയം 1962-ല്‍ മാത്രമാണു പ്രവര്‍ത്തനമാരംഭിച്ചത്‌. കൊയ്‌നാനദിയുടെ വാമപാര്‍ശ്വത്ത്‌ കുന്നിനടിയിലേക്കു നിര്‍മിക്കപ്പെട്ടിരിക്കുന്ന തുരങ്കങ്ങള്‍ക്കുള്ളിലാണ്‌ വൈദ്യുതനിലയം സംവിധാനം ചെയ്‌തിരിക്കുന്നത്‌. 75 മെഗാവാട്ടുവീതം ഉത്‌പാദനക്ഷമതയുള്ള എട്ടു ജനറേറ്ററുകളാണ്‌ ഈ ഭൂഗര്‍ഭനിലയത്തില്‍ പ്രവര്‍ത്തനത്തിലുള്ളത്‌. കിഴക്കോട്ട്‌ ഒഴുകിയിരുന്ന കൊയ്‌നാ നദിയിലെ ജലപ്രവാഹം വൈദ്യുതോത്‌പാദനത്തിനുശേഷം പടിഞ്ഞാറ്‌ അറേബ്യന്‍ കടലിലെത്തുന്ന സംവിധാനമാണ്‌ ഇപ്പോഴുള്ളത്‌. കിഴക്ക്‌ സതാരാജില്ലയെ ജലസിക്തമാക്കുന്നതോടൊപ്പം മുംബൈ, പൂണെ തുടങ്ങിയ നഗരങ്ങളിലേക്ക്‌ വൈദ്യുതി എത്തിക്കുന്നതിനും കൊയ്‌നാപദ്ധതി പ്രയോജനപ്പെടുന്നു.

ഗോദാവരിനദീതട പദ്ധതികള്‍

പൂര്‍ണാപദ്ധതി

ഗോദാവരിയുടെ പോഷകനദിയായ പൂര്‍ണയില്‍ രണ്ട്‌ അണകള്‍ കെട്ടി വിദ്യുച്ഛക്തി ഉത്‌പാദനത്തിനും ജലസേചനത്തിനും ഉപയോഗിക്കുന്ന പദ്ധതിയാണ്‌ ഇത്‌. മഹാരാഷ്‌ട്രയിലെ പാദതിജില്ലയില്‍പ്പെട്ട യെല്‍ഭാരിയിലും അവിടെനിന്ന്‌ 64 കി.മീ. താഴെ സിദ്ധേശ്വറിലുമാണ്‌ അണക്കെട്ടുകള്‍ നിര്‍മിച്ചിരിക്കുന്നത്‌; 45 കി.മീ. നീളത്തിലുള്ള കനാലുകള്‍ വഴി 71,110 ഹെക്‌ടര്‍ സ്ഥലത്തെ ജലസേചനം നടത്തുന്നു.

ജയക്‌വാഡി പദ്ധതി

മഹാരാഷ്‌ട്രസംസ്ഥാനത്തിലെ 1,41,645 ഹെക്‌ടര്‍ കൃഷിനിലങ്ങളില്‍ ജലലഭ്യത ഉറപ്പാക്കുന്ന പദ്ധതിയാണ്‌ ഇത്‌. ഗോദാവരിനദിയില്‍ പെയ്‌ഫനില്‍ നിര്‍മിച്ചിട്ടുള്ള 36.6 മീ. ഉയരമുള്ള മണ്ണണയും അതോടനുബന്ധിച്ച്‌ 195 കി.മീ. നീളത്തിലുള്ള ജലസേചനകനാലുമാണ്‌ ഈ പദ്ധതിയുടെ മുഖ്യഘടകങ്ങള്‍.

ശ്രീരാംസാഗര്‍ പദ്ധതി

ആന്ധ്രപ്രദേശിലെ നീരുമലയില്‍ ഗോദാവരിക്കു കുറുകെയുള്ള മണ്ണണക്കെട്ടും 113 കി.മീ. നീളത്തിലുള്ള കനാലുമാണ്‌ ഈ പദ്ധതിയിലെ പ്രധാന ഭാഗങ്ങള്‍. 4.7 ലക്ഷം ഹെക്‌ടര്‍ പ്രദേശം ജലസിക്തമാക്കുവാനുതകുന്ന സംരംഭമാണ്‌ ഇത്‌.

ശീലേരു പദ്ധതി

വൈദ്യുതോത്‌പാദനം പ്രധാനലക്ഷ്യമാക്കി ആവിഷ്‌കരിച്ചിട്ടുള്ള ഈ പദ്ധതി ഗോദാവരിയുടെ പോഷകനദിയായ ശീലേരുവിലെ മച്ച്‌കുണ്ഡ്‌, ബാലിമല, അപ്പര്‍ശീലേരു, ലോവര്‍ ശീലേരു എന്നീ നാല്‌ അണക്കെട്ടുകളെയും അനുബന്ധവൈദ്യുതനിലയങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്‌. ഇവയില്‍ മച്ച്‌കുണ്ഡ്‌, അപ്പര്‍ശീലേരു എന്നിവയാണ്‌ ആദ്യം പൂര്‍ത്തിയാക്കപ്പെട്ടത്‌; ഇതോടെ 235 മെഗാവാട്ട്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാനായി. രണ്ടാംഘട്ടം ഏതാണ്ട്‌ പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു.

അപ്പര്‍ഇന്ദ്രാവതി പദ്ധതി

ഒഡിഷയിലെ വിവിധോദ്ദേശ്യ നദീതടപദ്ധതിയാണ്‌ ഇത്‌. ഗോദാവരിയുടെ പോഷകനദിയായ ഇന്ദ്രാവതിയില്‍ നാല്‌ അണക്കെട്ടുകള്‍ നിര്‍മിച്ച്‌, രോധിതജലത്തെ ഒരു തുടര്‍ച്ചാല്‌ (link canal) വഴി ജലസംഭരണിയിലെത്തിക്കുന്നു. ഇതിനെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന നാലു വൈദ്യുതനിലയങ്ങളുണ്ട്‌. വൈദ്യുതോത്‌പാദനത്തിനുശേഷം പുറന്തള്ളപ്പെടുന്ന വെള്ളം ഹാതിനദിയിലേക്ക്‌ ഒഴുക്കുന്നു; ഈ നദിയില്‍ ബരാഷ്‌ നിര്‍മിച്ചിട്ടുള്ളതിനാല്‍ സംഭരിച്ച്‌ ജലസേചനത്തിന്‌ ഉപയോഗിക്കാനുമാകുന്നു. വരള്‍ച്ചബാധിത പ്രദേശമായ കാളഹണ്ടിമേഖലയെയാണ്‌ ഇത്‌ ജലസിക്തമാക്കുന്നത്‌. ഇന്ദ്രാവതി ഗോദാവരിതടത്തിലും ഹാതി മഹാനദീതടത്തിലുമാണ്‌.

അപ്പര്‍കോളാബ്‌ പദ്ധതി

ഒഡിഷയില്‍ത്തന്നെയുള്ള മറ്റൊരു വിവിധോദ്ദേശ്യപദ്ധതിയാണ്‌ അപ്പര്‍കോളാബ്‌. ഗോദാവരിയുടെ പോഷകനദിയായ കോളാബില്‍ കോരാപട്ട്‌ ജില്ലയിലെ കോറംഗായില്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന 646 മീ. നീളവും 55 മീ. ഉയരവുമുള്ള അണക്കെട്ടാണ്‌ ഈ പദ്ധതിയുടെ മുഖ്യഘടകം. അണക്കെട്ടിനോടനുബന്ധിച്ച്‌ 320 മെഗാവാട്ട്‌ ഉത്‌പാദനശേഷിയുള്ള വൈദ്യുതനിലയവും ഉണ്ട്‌. വൈദ്യുതോത്‌പാദനത്തിനുശേഷം പുറന്തള്ളപ്പെടുന്ന വെള്ളത്തെ സതീനള്ളാ എന്ന ചെറുനദിയിലേക്ക്‌ ഒഴുക്കുന്നു. ഈ നദിയില്‍ 1,138 മീ. നീളത്തിലും 16 മീ. ഉയരത്തിലും മണ്ണണ നിര്‍മിച്ച്‌ ജലസംഭരണി രൂപംകൊള്ളിക്കുകയും, അതില്‍നിന്നു പിരിയുന്ന കനാല്‍വ്യൂഹം പൂര്‍ത്തിയാക്കുകയും ചെയ്‌തതോടെ വ്യാപകമായ ജലസേചനസാധ്യത കൈവന്നിരിക്കുന്നു. മൂന്നു ഘട്ടങ്ങളായാണ്‌ അപ്പര്‍കോളാബ്‌ പദ്ധതി പൂര്‍ത്തിയാക്കപ്പെട്ടത്‌.

കൃഷ്‌ണാനദീതട പദ്ധതികള്‍

നാഗാര്‍ജുനസാഗര്‍ പദ്ധതി

ഹൈദരാബാദില്‍നിന്ന്‌ 144 കി.മീ. അകലെയുള്ള നന്ദികൊണ്ട ഗ്രാമത്തില്‍ 124.7 മീ. ഉയരത്തില്‍ കൃഷ്‌ണാനദിക്കു കുറുകെ അണ കെട്ടി 8.3 ലക്ഷം ഹെക്‌ടര്‍ സ്ഥലത്ത്‌ ജലസേചനം സാധിക്കാനാണ്‌ ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്‌. 4,865 മീ. നീളമുള്ള അണക്കെട്ടിന്റെ മധ്യഭാഗത്തെ 1,464 മീ. മാത്രമാണ്‌ കല്ലുകെട്ടി ഉയര്‍ത്തിയിട്ടുള്ളത്‌; ശേഷംഭാഗം മണ്‍ഭിത്തികളാണ്‌. അണക്കെട്ടിന്റെ മധ്യത്ത്‌ 471 മീ. നീളത്തിലുള്ള സ്‌പില്‍വേയിലെ ഒരു ഭാഗം (122 മീ.) വൈദ്യുതോത്‌പാദനത്തിനു സൗകര്യപ്പെടുന്ന രീതിയില്‍ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. വിവിധോദ്ദേശ്യപദ്ധതിയായ നാഗാര്‍ജുനസാഗര്‍ 7.2 ലക്ഷം ഹെക്‌ടര്‍ ഭൂമിക്ക്‌ ജലമെത്തിക്കുന്നു; പദ്ധതിയുടെ പൂര്‍ണക്ഷമത 8.35 ലക്ഷം ഹെക്‌ടറാണ്‌. പ്രളയനിവാരണത്തിന്‌ മികച്ച സംഭാവന നല്‌കുന്ന നാഗാര്‍ജുനസാഗര്‍ ഒരു വിനോദസഞ്ചാരകേന്ദ്രവുമാണ്‌. നോ. നാഗാര്‍ജുന സാഗര്‍ അണക്കെട്ട്‌

തുംഗഭദ്രാപദ്ധതി

ആന്ധ്രപ്രദേശ്‌-കര്‍ണാടക സംസ്ഥാനങ്ങളുടെ സംയുക്ത പദ്ധതിയായ ഇത്‌ ദക്ഷിണേന്ത്യയിലെ പ്രമുഖ നദീതടപദ്ധതികളിലൊന്നാണ്‌. വര്‍ഷാവര്‍ഷവും വരള്‍ച്ചാദുരിതം അനുഭവിച്ചുപോന്ന കാര്‍ഷികമേഖലയിലൂടെയാണ്‌ തുംഗയും ഭദ്രയും സംഗമിച്ച്‌ തുംഗഭദ്രാനദിയായി ഒഴുകുന്നത്‌. കര്‍ണാടകസംസ്ഥാനം മുന്‍കൈയെടുത്ത്‌ തുംഗയില്‍ 1955-ലും ഭദ്രയില്‍ 1957-ലും അണക്കെട്ടുകള്‍ നിര്‍മിച്ചതോടെ 1,17,000 ഹെക്‌ടര്‍ പ്രദേശം ജലസിക്തമായി. ഇവയെക്കൂടാതെ, തുംഗഭദ്രയുടെ 310 കി.മീ. ഗതിമാര്‍ഗത്തില്‍ 18 ചെറുകിട അണകള്‍കൂടി നിര്‍മിക്കപ്പെട്ടിരിക്കുന്നു. കനാല്‍വ്യൂഹത്തിലൂടെയുള്ള ജലനിര്‍ഗമനം സുഗമമാക്കുന്നതിന്‌ ഈ സംവിധാനം സഹായിക്കുന്നു. കൂടാതെ ഇരുപാര്‍ശ്വങ്ങളിലും സൃഷ്‌ടിച്ചിട്ടുള്ള കൃത്രിമപ്രപാതങ്ങളില്‍നിന്ന്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുവാനും കഴിയുന്നു. തുംഗഭദ്രാപദ്ധതിയുടെ നിര്‍മാണം നിര്‍വഹിച്ചത്‌ പൂര്‍ണമായും ഭാരതീയ സാങ്കേതിക വിദഗ്‌ധരെ ഉപയോഗിച്ചാണ്‌.

ഭീമാപദ്ധതി

കൃഷ്‌ണയുടെ പോഷകനദിയായ ഭീമയില്‍ മഹാരാഷ്‌ട്രയിലെ ഷോലാപ്പൂര്‍ ജില്ലയില്‍ 51.8 മീ. ഉയരമുള്ള ഉജ്ജയിനി അണയും, ഭീമയുടെ പോഷകനദിയായ ശോണയില്‍ 43 മീ. പൊക്കത്തിലുള്ള മണ്ണണയും നിര്‍മിച്ച്‌ 1.9 ലക്ഷം ഹെക്‌ടര്‍ ഭൂമിക്ക്‌ വെള്ളമെത്തിക്കുന്ന പദ്ധതിയാണ്‌ ഇത്‌; 475 കി. മീറ്ററോളം വരുന്ന കനാല്‍വ്യൂഹവും പദ്ധതിയുടെ ഭാഗമായുണ്ട്‌.

ഘടപ്രഭാപദ്ധതി

കര്‍ണാടകയിലെ ബല്‍ഗാംജില്ലയിലൂടെ ഒഴുകുന്ന ഘടപ്രഭാനദിയില്‍ 9 മീ. ഉയരമുള്ള അണക്കെട്ടും സമീപസ്ഥമായ 50 മീ. പൊക്കമുള്ള മറ്റൊരണക്കെട്ടും 114 കി.മീ. നീളുന്ന ജലസേചനകനാലുമാണ്‌ ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍. ഇതിലൂടെ 1.2 ലക്ഷം ഹെക്‌ടര്‍ ഭൂമി ജലസിക്തമാവുന്നു.

കൃഷ്‌ണാപദ്ധതി

മഹാരാഷ്‌ട്രയിലെ സത്താറജില്ലയില്‍പ്പെട്ട ധോം, ബെര്‍ഖന്‍, കണാഡ്‌ എന്നിവിടങ്ങളില്‍ കൃഷ്‌ണാനദിക്കു കുറുകെ 50 മീറ്റര്‍ ഉയരത്തില്‍ പടുത്തുയര്‍ത്തിയിട്ടുള്ള മൂന്ന്‌ അണക്കെട്ടുകളിലൂടെ 1.06 ലക്ഷം ഹെക്‌ടറില്‍ ജലസേചനസൗകര്യം നിര്‍വഹിക്കുന്ന പദ്ധതിയാണ്‌ ഇത്‌.

കാവേരിനദീതട പദ്ധതികള്‍

പശ്ചിമഘട്ടത്തില്‍ നിന്നുദ്‌ഭവിച്ച്‌ കര്‍ണാടകം, കേരളം, തമിഴ്‌നാട്‌ എന്നീ മൂന്നു സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന ഹേമാവതി, ഹരാംഗി, ലക്ഷ്‌മണ്‍തീര്‍ഥ, കബനി, ശിംശ, ഭവാനി, അമരാവതി തുടങ്ങിയ പോഷകനദിയുമായി ഒന്നുചേര്‍ന്ന്‌ തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ജില്ലയിലൂടെ ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്ന നദിയാണ്‌ കാവേരി. 1892-ലും 1924-ലും അന്നത്തെ മൈസൂര്‍നാട്ടുരാജ്യവും ബ്രിട്ടീഷ്‌ഭരണത്തിലുള്ള മദ്രാസ്‌ പ്രവിശ്യയും ചേര്‍ന്ന്‌ കാവേരീനദീജലത്തിന്റെ ഉപഭോഗം സംബന്ധിച്ച്‌ കരാറുകള്‍ ഉണ്ടാക്കിയിരുന്നു. ഇതനുസരിച്ചാണ്‌ കാവേരീനദീതടപദ്ധതികള്‍ രൂപംകൊണ്ടത്‌. ഇപ്പോള്‍, ബന്ധപ്പെട്ട സംസ്ഥാനങ്ങളായ കര്‍ണാടകം, കേരളം, തമിഴ്‌നാട്‌ എന്നിവയ്‌ക്കിടയില്‍ നദീജലം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉടലെടുത്തിരിക്കുന്നു. ഇവ പരിഹരിച്ച്‌ സര്‍വസമ്മതമായി കരാര്‍ പുതുക്കുന്നതിനുള്ള ശ്രമം ഫലപ്രാപ്‌തിയിലെത്തിയിട്ടില്ല.

ഹേമാവതി പദ്ധതി

കര്‍ണാടകയില്‍ ഹസന്‍ജില്ലയിലെ രഗാരൂരില്‍ ഹേമാവതിയില്‍ 47.87 മീ. ഉയരത്തിലുള്ള അണക്കെട്ടും, 336 കി.മീ. നീളമുള്ള പ്രധാന ജലസേചനകനാലും ഉപകനാലുകളും ഉള്‍ക്കൊള്ളുന്ന പദ്ധതി. 40,470 ഹെക്‌ടര്‍ സ്ഥലം ജലസിക്തമാക്കുകയാണ്‌ ലക്ഷ്യം.

കൃഷ്‌ണരാജസാഗര്‍ പദ്ധതി

കൃഷ്‌ണരാജസാഗര്‍ അണക്കെട്ടും വൃന്ദാവന്‍ ഉദ്യാനവും

ഹേമാവതി, ലക്ഷ്‌മണ്‍തീര്‍ഥ എന്നീ നദികളുടെ ലയനസ്ഥാനത്തിന്‌ അല്‌പം താഴെയായി കാവേരിയില്‍ 42.7 മീ. പൊക്കമുള്ള അണനിര്‍മിച്ചതിലൂടെ 1,20,000 ഹെക്‌ടര്‍ ഭൂമിക്ക്‌ ജലമെത്തിക്കാനാകുന്നു. ഈ അണക്കെട്ടിന്റെ ജലസംഭരണിയായ കൃഷ്‌ണരാജസാഗറിനോടനുബന്ധിച്ചുള്ള ഉദ്യാനമാണ്‌ വിശ്വപ്രസിദ്ധ ഉപവനമായ "വൃന്ദാവന്‍ ഗാര്‍ഡന്‍സ്‌'.

കബനി പദ്ധതി

കേരളത്തിലെ വയനാടില്‍നിന്ന്‌ ഉദ്‌ഭവിക്കുന്ന കബനിനദിയില്‍ കര്‍ണാടകത്തിലെ ബിഭാരഹള്ളിയില്‍ 59.45 മീ. ഉയരമുള്ള അണക്കെട്ട്‌ നിര്‍മിച്ച്‌ 51,874 ഹെക്‌ടര്‍ സ്ഥലത്തു ജലസേചനം സാധ്യമാക്കുന്ന പദ്ധതിയാണിത്‌.

മേട്ടൂര്‍ പദ്ധതി

കാവേരിനദി മൈസൂര്‍പീഠഭൂമി താണ്ടി തമിഴ്‌നാട്ടിലേക്ക്‌ കടക്കുന്നത്‌ സേലം നഗരത്തിന്‌ 51.5 കി.മീ. അകലെ മേട്ടൂരിലുള്ള രണ്ടു മലകള്‍ക്കിടയിലൂടെയാണ്‌. ഈ മലയിടുക്കില്‍ 65.2 മീ. ഉയരത്തിലുള്ള അണക്കെട്ട്‌ നിര്‍മിച്ച്‌ 5.5 ലക്ഷം ഹെക്‌ടര്‍ ഭൂമി ജലസിക്തമാക്കിയിരിക്കുന്നു. അണക്കെട്ടിനോടുചേര്‍ന്ന്‌ 100 മെഗാവാട്ട്‌ ഉത്‌പാദനക്ഷമതയുള്ള വൈദ്യുതനിലയവും പ്രവര്‍ത്തിച്ചുവരുന്നു.

ലോവര്‍ഭവാനി പദ്ധതി

കാവേരിയുടെ പോഷകനദിയായ ഭവാനിയില്‍ ഈറോഡിനു സമീപമുള്ള ഗോപിചെട്ടിപ്പാളയത്ത്‌ 62 മീ. ഉയരമുള്ള അണകെട്ടി, 79,000 ഹെക്‌ടര്‍ കൃഷിസ്ഥലത്ത്‌ ജലസേചനം സാധ്യമാക്കുന്ന പദ്ധതിയാണ്‌ ഇത്‌.

പശ്ചിമതീരനദീതട പദ്ധതികള്‍

ശരാവതി ജലവൈദ്യുതപദ്ധതി

സഹ്യാദ്രിയില്‍ നിന്നുദ്‌ഭവിച്ച്‌ കര്‍ണാടകയിലെ ഷിമോഗാജില്ലയിലൂടെ ഒഴുകി ലക്ഷദ്വീപു കടലില്‍ ലയിക്കുന്ന നദിയാണ്‌ ശരാവതി. ജോഗ്‌ ജലപാതം ഈ നദിയിലാണ്‌. ജലപാതത്തിന്‌ അല്‌പം മുകളിലായി 61.3 മീറ്ററും 62.5 മീറ്ററും ഉയരമുള്ള രണ്ട്‌ അണകള്‍ കെട്ടി, കൃത്രിമജലപാതം സൃഷ്‌ടിച്ച്‌, 891 മെഗാവാട്ട്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നു.

പറമ്പിക്കുളം ആളിയാര്‍ പദ്ധതി

സഹ്യാദ്രിയില്‍ നിന്ന്‌ പടിഞ്ഞാറോട്ട്‌ കേരളത്തിലൂടെ ഒഴുകുന്ന ചാലക്കുടി ആറിന്റെ പോഷകനദികളായ നീരാര്‍, ഷോളയാര്‍, പറമ്പിക്കുളംപുഴ, തൂനക്കടവാറ്‌, പെരുവാരിപ്പളമാറ്‌, തേക്കടിയാറ്‌ എന്നീ ആറു നദികളില്‍ അണകള്‍കെട്ടി തുരങ്കങ്ങള്‍ വഴി ജലം കിഴക്കോട്ടൊഴുക്കിയും ഭാരതപ്പുഴയുടെ പോഷകനദികളായ അലിയാര്‍, പാലാര്‍ എന്നിവയില്‍ അണക്കെട്ടുകള്‍ നിര്‍മിച്ചും കേരളത്തിലെ ചിറ്റൂര്‍ പ്രദേശത്തും തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലും ജലസേചനം സാധ്യമാക്കുന്നു.

മലമ്പുഴ പദ്ധതി

ഭാരതപ്പുഴയുടെ പോഷകനദിയായ മലമ്പുഴയില്‍ 38 മീ. ഉയരമുള്ള അണനിര്‍മിച്ച്‌ 38,527 ഹെക്‌ടര്‍ കൃഷിഭൂമിയില്‍ ജലമെത്തിക്കുന്ന പദ്ധതിയാണിത്‌. 1967-ല്‍ പൂര്‍ത്തിയായ അണക്കെട്ടിലെ ജലാശയവും അതിനോട്‌ അനുബന്ധിച്ചുള്ള ഉപവനവും വിനോദസഞ്ചാരകേന്ദ്രമായി മാറിയിരിക്കുന്നു.

ഇടുക്കി വിവിധോദ്ദേശ്യപദ്ധതി

ഇടുക്കി അണക്കെട്ട്

കേരളത്തിന്റെ വരദാനമായി വിശേഷിപ്പിക്കപ്പെടുന്ന ഇടുക്കി ഇന്ത്യയിലെ പ്രധാന നദീതടപദ്ധതികളിലൊന്നാണ്‌. സംസ്ഥാനത്തെ വൈദ്യുതോപഭോഗത്തിന്റെ പകുതിയോളവും ഇടുക്കിയില്‍നിന്നാണ്‌ ലഭ്യമാകുന്നത്‌. ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും ഉയരംകൂടിയതും പഴക്കംചെന്നതുമായ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഇടുക്കി ജലാശയത്തിലെ പ്രധാന ജലസ്രോതസ്സുകളില്‍ ഒന്നാണ്‌. നോ. ഇടുക്കി പദ്ധതി; മുല്ലപ്പെരിയാര്‍

പെരിയാര്‍ പദ്ധതി

തേക്കടി വന്യമൃഗസങ്കേതം

കേരളത്തിലെ പെരിയാറില്‍ 54 മീ. ഉയരമുള്ള അണകെട്ടി സഹ്യാദ്രിയിലെ തുരങ്കത്തിലൂടെ ജലം കിഴക്കോട്ടൊഴുക്കി തമിഴ്‌നാട്ടിലെ മധുരജില്ലയിലും സമീപപ്രദേശങ്ങളിലും ജലസേചനം നടത്തുന്ന പദ്ധതിയാണിത്‌. അണക്കെട്ടും തുരങ്കവും ഉപയോഗിച്ച്‌ 140 മെഗാവാട്ട്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാനാവുന്നു. അണക്കെട്ടിനോടനുബന്ധിച്ചുള്ള ജലാശയവും തേക്കടി വന്യമൃഗസങ്കേതവും സഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമാണ്‌.

ശബരിഗിരി പദ്ധതി

കേരളത്തിലെ പമ്പാനദിയില്‍ 51.8 മീ. ഉയരമുള്ള ഒരു അണക്കെട്ടും, പോഷകനദിയായ കക്കിയാറ്റില്‍ 109.7 മീ. ഉയരമുള്ള മറ്റൊരു അണക്കെട്ടും നിര്‍മിച്ച്‌ സംഭൃതജലം വൈദ്യുതനിലയങ്ങളിലൂടെ കക്കാട്ടാറിലേക്കു തിരിച്ചുവിട്ട്‌ 300 മെഗാവാട്ട്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന പദ്ധതിയാണിത്‌. ശബരിഗിരിപദ്ധതി 1968-ല്‍ പൂര്‍ത്തിയാക്കപ്പെട്ടു.

ഇന്ത്യയിലെ നദീതടപദ്ധതികളുടെ പൊതുനിലവാരം വ്യക്തമാക്കുവാനാണ്‌ പ്രമുഖപദ്ധതികളെ സംബന്ധിച്ച സംക്ഷിപ്‌തവിവരണം നല്‌കിയിട്ടുള്ളത്‌.

പ്രോജക്‌റ്റ്‌ ഗംഗ

വളരെയേറെ സവിശേഷതകളുള്ള ഒരു നദിയാണ്‌ ഗംഗ. ഇന്ത്യയിലെ ജനങ്ങളില്‍ 37ശതമാനവും ഈ നദീതടത്തിലാണ്‌ അധിവസിക്കുന്നത്‌. രാജ്യത്തെ ജനങ്ങളില്‍ മൂന്നിലൊരു ഭാഗത്തിന്റെ ജീവിതവ്യാപാരങ്ങളില്‍ ഗംഗാനദി സ്വാധീനം ചെലുത്തുന്നു. ഹിമാചല്‍പ്രദേശ്‌, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്‌, ബിഹാര്‍, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, മധ്യപ്രദേശ്‌, ഉത്തര്‍ഖണ്ഡ്‌, ഝാര്‍ഖണ്ഡ്‌ എന്നീ പത്തു സംസ്ഥാനങ്ങളിലെ ദൈനംദിനാവശ്യങ്ങള്‍ക്കുള്ള ജലം ലഭ്യമാക്കുന്നതില്‍ ഗംഗാവ്യൂഹത്തിലെ നദികള്‍ക്കുള്ള പങ്ക്‌ വളരെ വലുതാണ്‌.

ഗംഗാതീരത്തെ നഗരാധിവാസപ്രവൃദ്ധിയും തന്മൂലമുള്ള പരിസ്ഥിതി മലിനീകരണവും സമീപകാലത്തെ ഗൗരവമേറിയ പ്രശ്‌നങ്ങളിലൊന്നായിത്തീര്‍ന്നിരിക്കുന്നു. കുടിവെള്ളമായിപ്പോലും ഉപയോഗിക്കാവുന്ന സ്വച്ഛജലം പ്രദാനം ചെയ്‌തിരുന്ന ഗംഗയിലൂടെ ഇപ്പോള്‍ മലിനവും വിഷാംശങ്ങളുള്ളതുമായ വെള്ളമാണ്‌ ഒഴുകുന്നത്‌. നദീജലം ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ കീടബാധയും കൃഷിനാശവും ഉണ്ടാകുന്നു.പരിസ്ഥിതിദൂഷണം ഏറിയിരിക്കുന്നു. ഈദൃശദുഃസ്ഥിതികള്‍ക്കുള്ള പരിഹാരം ലക്ഷ്യമാക്കി ആവിഷ്‌കരിക്കപ്പെട്ടതാണ്‌ ഗംഗാസംരക്ഷണപദ്ധതി (Project Ganga).

പദ്ധതിയുടെ ആദ്യപടിയായി നദീതീരത്തെ 27 വന്‍നഗരങ്ങളില്‍ നിന്നുള്ള ഖരമാലിന്യങ്ങള്‍ നദീജലത്തില്‍ ലയിക്കാതിരിക്കുവാനുള്ള നടപടികള്‍ പ്രാവര്‍ത്തികമാക്കി. ഗംഗയില്‍ നിക്ഷിപ്‌തമാകുന്ന വിസര്‍ജ്യങ്ങളുടെ അളവില്‍ 75ശതമാനം കുറവു വരുത്തുകയായിരുന്നു ലക്ഷ്യം. ഋഷികേശ്‌, ഹരിദ്വാര്‍, കാണ്‍പൂര്‍, അലഹബാദ്‌, വാരാണസി, പാറ്റ്‌ന എന്നീ നഗരങ്ങളിലും മഹാനഗരമായ കൊല്‍ക്കത്തയിലും ഈ നടപടികള്‍കൊണ്ടു ഫലമുണ്ടായി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആസൂത്രിതമായിട്ടുള്ള ഗംഗാസംരക്ഷണ പദ്ധതിയുടെ ബഹുമുഖപ്രവര്‍ത്തനങ്ങള്‍ വിജയകരമായി പുരോഗമിച്ചുവരുന്നു.

ഇന്ത്യയിലെ നദികളെപ്പറ്റി സമഗ്രമായ പഠനം നടത്തി അവയുടെ സംരക്ഷണത്തിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയും സംസ്ഥാന ഗവണ്‍മെന്റുകളെക്കൊണ്ട്‌ പദ്ധതികള്‍ ആവിഷ്‌കരിപ്പിച്ച്‌ ഏകോപിതമാര്‍ഗത്തിലൂടെ അവയെ വിജയിപ്പിക്കുകയും ചെയ്യുവാനായി രൂപംനല്‌കിയിട്ടുള്ള സ്ഥാപനമാണ്‌ ദേശീയനദീസംരക്ഷണ കാര്യാലയം(Natural River Conservation Directorate). പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമായി ഖരമാലിന്യങ്ങള്‍ നദികളിലേക്കൊഴുക്കുന്ന സമ്പ്രദായം അവസാനിപ്പിച്ച്‌ അവയെ മറ്റുരീതിയില്‍ നിര്‍മാര്‍ജനം ചെയ്യുവാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഗംഗ, യമുന എന്നീ നദികളെ കേന്ദ്രീകരിച്ചുള്ള ഒന്നാംഘട്ട പ്രവര്‍ത്തനത്തിലൂടെ ഗംഗാതീരത്തെ 25-ഉം യമുനാതീരത്തെ 21-ഉം നഗരങ്ങളില്‍ ഫലവത്തായ നടപടികള്‍ പൂര്‍ത്തീകരിക്കാനായിട്ടുണ്ട്‌.

വന്‍കിടപദ്ധതികള്‍ക്കു സമാന്തരമായി സംസ്ഥാന ഗവണ്‍മെന്റുകള്‍ മുന്‍കൈയെടുത്ത്‌ നിരവധി ഇടത്തരം പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്‌. ഇടത്തരം അണക്കെട്ടുകള്‍, ബരാഷുകള്‍, കനാല്‍വ്യൂഹങ്ങള്‍ എന്നിവ ധാരാളമായി നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌. സംസ്ഥാനഗവണ്‍മെന്റുകള്‍ വന്‍കിടപദ്ധതികളോടനുബന്ധിച്ച്‌ സ്വയം ആവിഷ്‌കരിച്ചുനടപ്പാക്കിയ തുടര്‍പദ്ധതി(extension project)കളിലൂടെ ലക്ഷക്കണക്കിന്‌ ഹെക്‌ടര്‍ തരിശുഭൂമി കൃഷിനിലങ്ങളായി മാറിയിരിക്കുന്നു. ആന്ധ്രപ്രദേശിലെ ഗോദാവരി/ കൃഷ്‌ണ/പെന്ന/ഡെല്‍റ്റാസ്‌കീമുകള്‍, കദംപദ്ധതി, ഛത്തിസ്‌ഗഢിലെ തണ്ടുല, കോദാര്‍, പയാറി, ഹസ്‌ദേവ്‌, മഹാനദി റിസര്‍വോയര്‍, ഹിമാചല്‍പ്രദേശിലെ നാഥ്‌പാ-ഝക്രി, ചമേരാ II, ജമ്മു-കാശ്‌മീരിലെ ബാഗ്‌ളിഹാര്‍, ഝാര്‍ഖണ്ഡിലെ സിക്കിദിരി, കര്‍ണാടകയിലെ അല്‍മാടി, കേരളത്തിലെ പീച്ചി, ചിറ്റൂര്‍പ്പുഴ, കുറ്റിയാടി, നെയ്യാര്‍, ചിമ്മിനി, ചാലക്കുടി, മധ്യപ്രദേശിലെ ഇന്ദിരാസാഗര്‍, ഓംകാരേശ്വര്‍, മണിപ്പൂരിലെ ഖുഗ, തൗബാല്‍, ദൊലെത്താബി തുടങ്ങിയവ പ്രാദേശിക പ്രാധാന്യമുള്ള ഇടത്തരം നദീതടപദ്ധതികളാണ്‌. ഇവയോടൊപ്പം പരശതം ചെറുകിടപദ്ധതികളും നടപ്പാക്കിയിട്ടുണ്ട്‌.

ഭൂവികസനത്തിന്‌ ആധാത്രി(matrix)യാക്കാവുന്ന സാര്‍വത്രികവും നിയതവുമായ നൈസര്‍ഗികമേഖലയാണ്‌ നദീതടം. ചെറുതും വലുതുമായ ഓരോ നദീതടവും തനതായ വികസനസാധ്യതകള്‍ക്കു വിധേയമാക്കാം. ഇതിനെ അടിസ്ഥാനമാക്കി കേന്ദ്രതലത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ള പരിപാടിയാണ്‌ കമാന്‍ഡ്‌ ഏരിയാ ഡെവലപ്‌മെന്റ്‌ പ്രോഗ്രാം (Command Area Development Programme). കാര്‍ഷിക-കാര്‍ഷികേതര ഉപഭോഗങ്ങള്‍ക്കായി വികസിപ്പിക്കാവുന്ന ചെറുതും വലുതുമായ നദീതടങ്ങളുടെ നാനാമുഖമായ സാധ്യതകള്‍ നിഷ്‌കര്‍ഷിക്കുകയും ഏകോപിപ്പിക്കുകയുമാണ്‌ ഈ പരിപാടിയുടെ മുഖ്യധര്‍മം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇത്‌ പ്രാവര്‍ത്തികമായിരിക്കുന്നു. സംസ്ഥാനാധികാരത്തില്‍പ്പെട്ട പ്രളയനിവാരണം, പ്രളയക്കെടുതികളില്‍നിന്നുള്ള സംരക്ഷണം എന്നിവയ്‌ക്ക്‌ പര്യാപ്‌തമായ മാര്‍ഗനിര്‍ദേശങ്ങളും സാങ്കേതികോപദേശവും നല്‌കുവാന്‍ "നാഷണല്‍ പ്രോഗ്രാം ഫോര്‍ ഫ്‌ളഡ്‌ മാനേജ്‌മെന്റ്‌' (National Programme for Flood Management)എന്ന ദേശീയതലസംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു.


ദേശീയ നദീസംയോജന പദ്ധതി

ഇന്ത്യയുടെ പശ്ചിമ-ദക്ഷിണ സംസ്ഥാനങ്ങളിലെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ വിവിധ നദികളെ പരസ്‌പരം ബന്ധിപ്പിക്കാനുദ്ദേശിച്ചുള്ള ബൃഹദ്‌ പദ്ധതിയാണിത്‌. ലോകത്തിലെ ഏറ്റവും വലിയ നദീസംയോജന പദ്ധതിയായ ഇത്‌ 30-ഓളം നദികളെയും കനാലുകളെയും പരസ്‌പരം ബന്ധിപ്പിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ എതിര്‍ക്കപ്പെടുന്ന ഈ പദ്ധതിയുടെ പ്രാരംഭജോലികള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്‌.

(കെ.ഐ. ഇടിക്കുള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍