This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ കൗണ്‍സിൽ ഒഫ്‌ അഗ്രിക്കള്‍ച്ചറൽ റിസർച്ച്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:19, 19 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇന്ത്യന്‍ കൗണ്‍സിൽ ഒഫ്‌ അഗ്രിക്കള്‍ച്ചറൽ റിസർച്ച്‌

കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനം. കൃഷി, മൃഗസംരക്ഷണം എന്നീ വകുപ്പുകളിൽ നടക്കുന്ന ഗവേഷണപ്രവർത്തനങ്ങളെയും ഉന്നതവിദ്യാഭ്യാസത്തെയും വികസനപദ്ധതികളെയും സമന്വയിപ്പിച്ച്‌ കൊണ്ടുപോകുകയാണ്‌ ഇതിന്റെ ലക്ഷ്യം. 1919-ൽ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങള്‍ മുഖേന അന്നുവരെ കേന്ദ്രഗവണ്‍മെന്റിൽ നിക്ഷിപ്‌തമായിരുന്ന പല അധികാരങ്ങളും പ്രവിശ്യകള്‍ക്ക്‌ വിട്ടുകൊടുക്കുകയുണ്ടായി. ഇതനുസരിച്ച്‌ കൃഷിയും മൃഗസംരക്ഷണവും സംബന്ധിച്ച ഗവേഷണ വികസനപ്രവർത്തനങ്ങളുടെ ചുമതല അതതു പ്രവിശ്യകള്‍ക്കാണ്‌ നിശ്ചയിക്കപ്പെട്ടിരുന്നത്‌. ഇതുമൂലം പ്രസ്‌തുത പ്രവർത്തനങ്ങള്‍ക്ക്‌ ഒരു കേന്ദ്രീകൃത ഏജന്‍സി ഇല്ലാതെവരുന്നതിനാലുണ്ടാകാവുന്ന തകരാറുകളെക്കുറിച്ച്‌ അന്നത്തെ കേന്ദ്രഗവണ്‍മെന്റിന്‌ ആശങ്കയുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ 1926-ൽ ലിന്‍ലിത്‌ഗോ പ്രഭുവിന്റെ അധ്യക്ഷതയിൽ കൃഷിക്കുള്ള റോയൽ കമ്മിഷന്‍ രൂപീകരിച്ചത്‌. ഇവർ സമർപ്പിച്ച റിപ്പോർട്ടിൽ കാർഷിക ഗവേഷണത്തിന്‌ ഒരു കേന്ദ്രീകൃത ഏജന്‍സി ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത ഊന്നി പ്രസ്‌താവിച്ചിരുന്നു. പ്രവിശ്യകളിലെ കാർഷിക ഗവേഷണപ്രവർത്തനങ്ങളെ ക്രാഡീകരിക്കാനും ആവർത്തനങ്ങള്‍ ഒഴിവാക്കാനും ഇത്തരം ഒരു സംഘടന വളരെ ആവശ്യമാണെന്നായിരുന്നു ഈ കമ്മിഷന്റെ അഭിപ്രായം. ഈ അഭിപ്രായത്തെ മാനിച്ചുകൊണ്ട്‌ ഇംപീരിയൽ കൗണ്‍സിൽ ഒഫ്‌ അഗ്രിക്കള്‍ച്ചറൽ റിസർച്ച്‌ എന്ന സമിതി 1929-ൽ രജിസ്റ്റർ ചെയ്യപ്പെട്ടു. ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്യ്രം ലഭിച്ചതോടെ ഇതിന്റെ പേര്‌ ഇന്ത്യന്‍ കൗണ്‍സിൽ ഒഫ്‌ അഗ്രിക്കള്‍ച്ചറൽ റിസർച്ച്‌ എന്നാക്കി.

ഇന്ത്യന്‍ കാർഷികമേഖലയുടെ വികസനത്തിന്‌ സഹായകമായ പ്രവർത്തനങ്ങള്‍ നടത്തുക എന്നതാണ്‌ കൗണ്‍സിലിന്റെ മുഖ്യലക്ഷ്യം. ഭക്ഷ്യ സ്വയംപര്യാപ്‌തത ലക്ഷ്യമാക്കി കാർഷികമേഖലയിൽ സാങ്കേതിക പ്രവിധികള്‍ ആവിഷ്‌കരിച്ചതിൽ ഐ.സി.എ.ആറിന്‌ പ്രമുഖ പങ്കാണുള്ളത്‌. വിവിധയിനം വിളകളുടെ സംരക്ഷണം, പരിപാലനം, ഉത്‌പാദനവൃദ്ധി തുടങ്ങിയവയെസംബന്ധിച്ച്‌ പരമ്പരാഗത സമ്പ്രദായങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അർഹമായ സ്ഥാനവും പ്രാത്സാഹനവും നല്‌കിക്കൊണ്ടുതന്നെ അടിസ്ഥാനപരവും പ്രയോക്തവുമായ ഗവേഷണപദ്ധതികള്‍ നടപ്പിലാക്കുന്ന നയമാണ്‌ കൗണ്‍സിൽ സ്വീകരിച്ചിരിക്കുന്നത്‌. കാർഷികവിളകള്‍, വളർത്തുമൃഗങ്ങള്‍, മച്ചുകള്‍, കൃഷിരീതികള്‍, ജലപരിപാലനം, കാർഷിക എന്‍ജിനീയറിങ്‌ തുടങ്ങിയ വിഷയങ്ങളിൽ കൗണ്‍സിൽ അഖിലേന്ത്യാതലത്തിലുള്ള സംയോജിതഗവേഷണപദ്ധതികള്‍ നടപ്പിലാക്കിവരുന്നുണ്ട്‌. ദീർഘകാലവീക്ഷണത്തോടുകൂടിയ ഗവേഷണപദ്ധതികളാണിവ. സംസ്ഥാനതലത്തിലുള്ള കാർഷികഗവേഷണസ്ഥാപനങ്ങളുടെയും കാർഷിക സർവകലാശാലകളുടെയും സഹകരണത്തോടെ നടത്തുന്ന ഇത്തരം സംയോജിതപരിപാടികള്‍ മുഖേന കാർഷികമേഖലയിൽ ഒരു ദേശീയ കാഴ്‌ചപ്പാട്‌ ഉളവാക്കാന്‍ കഴിയുന്നുണ്ട്‌.

കൗണ്‍സിലിന്റെ ഗവേഷണ ശൃംഖല 45 സെന്‍ട്രൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌, ആറ്‌ നാഷണൽ ബ്യൂറോ, 17 നാഷണൽ റിസർച്ച്‌ സെന്റർ, 25 പ്രാജക്‌റ്റ്‌ ഡയറക്‌ടറേറ്റ്‌, നാല്‌ കല്‌പിത സർവകലാശാലകള്‍ എന്നിവയെ ഉള്‍ക്കൊള്ളുന്നു. നമീബിയ, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളിൽ സംയുക്തമായി നടത്തിപ്പോരുന്ന കൃഷിവികസന യത്‌നങ്ങളിലൂടെ കൗണ്‍സിലിന്റെ പ്രവർത്തനമേഖല ആഗോളതലത്തിലേക്ക്‌ വ്യാപിച്ചിട്ടുണ്ട്‌. കൗണ്‍സിലിന്റെ തുടർപ്രസിദ്ധീകരണങ്ങളിൽ ഇന്ത്യന്‍ ജേർണൽ ഒഫ്‌ അഗ്രിക്കള്‍ച്ചറൽ സയന്‍സസ്‌, ദി ഇന്ത്യന്‍ ജേർണൽ ഒഫ്‌ അനിമൽ സയന്‍സസ്‌ എന്നീ ഗവേഷണ പ്രസിദ്ധീകരണങ്ങള്‍; ഇന്ത്യന്‍ ഫാമിങ്‌, ഖേതി എന്നീ മാസികകള്‍, ഇന്ത്യന്‍ ഹോർട്ടികള്‍ച്ചർ, ഫൽ-ഫൂൽ എന്നീ ത്ര മാസികകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.

(പ്രാഫ. എ.ജി.ജി. മേനോന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍