This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്തോ-സോവിയറ്റ്‌ ഉടമ്പടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്


ഇന്തോ-സോവിയറ്റ്‌ ഉടമ്പടി

ഇന്ത്യയും മുന്‍ സോവിയറ്റ്‌ യൂണിയനും തമ്മില്‍ 1971 ആഗ. 9-ന്‌ ഒപ്പുവച്ച സമാധാന-സൗഹൃദ-സഹകരണ ഉടമ്പടി. ഇന്ത്യാ-സോവിയറ്റ്‌ ബന്ധങ്ങളുടെ ചരിത്രത്തിലെ പ്രധാനമായ ഒരു നാഴികക്കല്ലാണിത്‌. ഇന്ത്യയിലെ വിദേശകാര്യമന്ത്രിയായിരുന്ന സ്വരണ്‍സിങ്ങും സോവിയറ്റ്‌ വിദേശകാര്യമന്ത്രിയായ എ.എ. ഗ്രാമിക്കൊവും ഉടമ്പടി ഒപ്പുവച്ചശേഷം പുറപ്പെടുവിച്ച സംയുക്തപ്രസ്‌താവനയില്‍ ചൂണ്ടിക്കാണിച്ചതുപോലെ, ഇന്ത്യയും സോവിയറ്റ്യൂണിയനും തമ്മില്‍ അനേകവർഷങ്ങളായി നിലനിന്നുപോന്നതും കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ചതുമായ ആത്മാർഥമായ സൗഹൃദത്തിന്റെയും ആദരത്തിന്റെയും പരസ്‌പരവിശ്വാസത്തിന്റെയും യുക്തിയുക്തമായ പരിണതഫലമാണ്‌ ഈ ഉടമ്പടി.

ഇന്ത്യയും സോവിയറ്റ്‌യൂണിയനും തമ്മിലുള്ള സൗഹാർദവും സഹകരണവും കൂടുതല്‍ വികസിപ്പിക്കുന്നത്‌ ഇരുരാജ്യങ്ങളുടെയും അടിസ്ഥാനപരമായ ദേശീയതാത്‌പര്യങ്ങള്‍ക്കും അനുയോജ്യമാണെന്നു വിശ്വസിച്ചുകൊണ്ടും, സാർവലൗകികമായ സമാധാനവും സുരക്ഷിതത്വവും ദൃഢീകരിക്കുന്നതിനെ സഹായിക്കാനും സാർവദേശീയ സംഘർഷം ലഘൂകരിക്കുകയും കൊളോണിയലിസത്തിന്റെ അവശിഷ്‌ടങ്ങള്‍ അന്തിമമായി തുടച്ചുനീക്കുകയും ചെയ്യാന്‍ അടിയുറച്ച ശ്രമങ്ങള്‍ നടത്താനും ദൃഢനിശ്ചയം ചെയ്‌തുകൊണ്ടും ആധുനികലോകത്തില്‍ സാർവദേശീയപ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ കഴിയുന്നത്‌ സംഘട്ടനംവഴിയല്ലെന്നും സഹകരണത്തിലൂടെ മാത്രമാണെന്നും വിശ്വസിച്ചുകൊണ്ടുമാണ്‌ ഈ ഉടമ്പടിയില്‍ ഒപ്പുവയ്‌ക്കുന്നതെന്ന്‌ ഉടമ്പടിയുടെ ആമുഖത്തില്‍ പറഞ്ഞിട്ടുണ്ട്‌. ആമുഖത്തിനു പുറമേ ഉടമ്പടിയില്‍ പന്ത്രണ്ടു വകുപ്പുകളാണുള്ളത്‌. ആദ്യത്തെ മൂന്നു വകുപ്പുകള്‍ ഇരുരാജ്യങ്ങളും പരസ്‌പരം സ്വാതന്ത്യ്രത്തെയും പരമാധികാരത്തെയും അതിർത്തിഭദ്രതയെയും ആദരിക്കുമെന്നും ആഭ്യന്തരകാര്യങ്ങളിലിടപെടുകയില്ലെന്നും പ്രഖ്യാപിക്കുന്നു; ഏഷ്യയിലും ലോകത്തിലാകെയും സമാധാനം നിലനിർത്താനും ശക്തിപ്പെടുത്താനും തുടർന്നുപ്രവർത്തിക്കാനുള്ള ഇരുരാജ്യങ്ങളുടെയും ദൃഢനിശ്ചയം ആവർത്തിച്ചുറപ്പിക്കുന്നു; കൊളോണിയലിസത്തിനും വർണമേധാവിത്വത്തിനുമെതിരായ സമരത്തില്‍ ജനതകളുടെ ന്യായമായ ആശയാഭിലാഷങ്ങള്‍ക്ക്‌ പിന്തുണനല്‌കുന്നതില്‍ മറ്റു രാജ്യങ്ങളുമായി സഹകരിച്ചുപ്രവർത്തിക്കുമെന്ന്‌ വിളംബരംചെയ്യുകയും ചെയ്യുന്നു.

ഇന്ത്യയുടെചേരിചേരാനയത്തെ സോവിയറ്റ്‌ യൂണിയനും, എല്ലാരാഷ്‌ട്രങ്ങളുമായി സൗഹാർദവും സഹകരണവും ശക്തിപ്പെടുത്താനുദ്ദേശിച്ചുകൊണ്ടുള്ള സോവിയറ്റ്‌യൂണിയന്റെ സമാധാനപരമായ വിദേശനയത്തെ ഇന്ത്യയും ആദരിക്കുന്നുവെന്ന്‌ അടുത്ത വകുപ്പുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ ചേരിചേരാനയം സാർവലൗകികസമാധാനം നിലനിർത്തുന്നതിലും ലോകത്തില്‍ സംഘർഷാവസ്ഥ കുറയ്‌ക്കുന്നതിലും ഒരു പ്രധാന ഘടകമാണെന്ന സോവിയറ്റ്‌ യൂണിയന്റെ വിശ്വാസം അതില്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്‌. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-ശാസ്‌ത്രീയ സാങ്കേതികരംഗങ്ങളിലെ സഹകരണം ദൃഢമാക്കുകയും വിപുലപ്പെടുത്തകയും ചെയ്യുമെന്നുറപ്പിച്ചുപറയുന്ന വകുപ്പുകളും ഉടമ്പടിയിലുണ്ട്‌. അതിനടിസ്ഥാനം സമത്വത്തിന്റെയും പരസ്‌പരനന്മയുടെയും, പരമാവധി ആനുകൂല്യങ്ങള്‍ അന്യോന്യം അനുവദിക്കുന്ന വ്യാപാര ബന്ധങ്ങളുടെയും തത്ത്വങ്ങളാണെന്ന്‌ ഉടമ്പടിയില്‍ വ്യക്തമാക്കിയിരിക്കുന്നു.

ഉടമ്പടിയിലെ എട്ടും ഒന്‍പതും പത്തും വകുപ്പുകള്‍ പ്രത്യേകിച്ചും പ്രാധാന്യമർഹിക്കുന്നു. ഇരുരാജ്യങ്ങളും പരസ്‌പരം എതിരായ സൈനികസഖ്യങ്ങളില്‍ പങ്കെടുക്കുകയോ അത്തരം സഖ്യങ്ങളുണ്ടാക്കുകയോ പരസ്‌പരം ആക്രമിക്കുകയോ ചെയ്യുകയില്ല; മൂന്നാമതൊരു രാജ്യം ആക്രമിക്കുകയോ സായുധസംഘട്ടനത്തിന്‌ ഒരുമ്പെടുകയോ ചെയ്യുകയാണെങ്കില്‍ ആ രാജ്യത്തിനു യാതൊരു സഹായവും നല്‌കുകയില്ല; മാത്രമല്ല, രണ്ട്‌ രാജ്യങ്ങളില്‍ ഏതെങ്കിലുമൊന്ന്‌ മൂന്നാമതൊരു രാജ്യത്തിന്റെ ആക്രമണത്തിനോ ആക്രമണഭീഷണിക്കോ ഇരയായാല്‍ അത്തരം ഭീഷണി ഒഴിവാക്കാനും അതത്‌ രാജ്യത്തിന്റെ സമാധാനവും സുരക്ഷിതത്വവും ഉറപ്പിക്കാനാവശ്യമായ ഉചിതവും ഫലപ്രദവുമായ നടപടികളെടുക്കാനും ഉടന്‍തന്നെ പരസ്‌പരം കൂടിയാലോചനകള്‍ നടത്തുന്നതാണ്‌. ഈ ഉടമ്പടിയുമായി പൊരുത്തപ്പെടാത്ത പരസ്യമോ രഹസ്യമോ ആയ ബാധ്യതകള്‍ ഇതരരാജ്യങ്ങളുമായി ഇരുരാജ്യങ്ങളും ഏറ്റെടുക്കുകയില്ലെന്നും ഉടമ്പടിയില്‍ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌.

ഈ ഉടമ്പടിയുടെ കാലാവധി ഇരുപതുകൊല്ലമാണ്‌. ഇത്തരത്തില്‍ ഒരു പരസ്‌പരസഹായസഹകരണ ഉടമ്പടിയില്‍ പഞ്ചമഹാശക്തികളില്‍ ഏതെങ്കിലുമൊന്നുമായി ഇന്ത്യ ഒപ്പിടുന്നത്‌ ആദ്യമായിട്ടാണ്‌. ഇന്ത്യയുടെ ചേരിചേരാനയത്തില്‍നിന്നുള്ള ഒരു വ്യതിയാനമാണ്‌ ഈ ഉടമ്പടിയെന്ന്‌ അന്നു ചിലർ ആക്ഷേപിക്കുകയുണ്ടായെങ്കിലും, മറ്റേതു രാജ്യവുമായും ഇതേ രീതിയിലുള്ള ഉടമ്പടികളുണ്ടാക്കാന്‍ ഇന്ത്യ തയ്യാറാണെന്ന്‌ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വ്യക്തമാക്കി.

ഇന്ത്യാഉപഭൂഖണ്ഡത്തില്‍ ഉത്‌ക്കണ്‌ഠാജനകമായ ഒരു സംഘർഷാവസ്ഥ ഇരുണ്ടുകൂടിയിരുന്ന സന്ദർഭത്തിലാണ്‌ ഈ ഉടമ്പടി ഒപ്പുവച്ചത്‌. പാകിസ്‌താനിലെ പട്ടാളഭരണാധികാരികള്‍ കിഴക്കന്‍ ബംഗാളില്‍ അഴിച്ചുവിട്ട ഭീകരവാഴ്‌ച ലക്ഷക്കണക്കിന്‌ അഭയാർഥികളെ ഇന്ത്യയിലേക്ക്‌ ഓടിക്കുകയും ഇന്ത്യയുടെ സുരക്ഷിതത്വത്തിന്‌ പുതിയ ഭീഷണികളുയർത്തുകയും ചെയ്‌തിരുന്നു; യു.എസ്‌., ചൈനീസ്‌ ഭരണാധികാരികള്‍ സ്വീകരിച്ച ഇന്ത്യാവിരുദ്ധനിലപാട്‌ സ്ഥിതിഗതികളെ കൂടുതല്‍ വഷളാക്കി. ആ പ്രതിസന്ധിയില്‍ ഈ ഉടമ്പടിയനുസരിച്ച്‌ ഇന്ത്യയും സോവിയറ്റ്‌ യൂണിയനും പരസ്‌പരം നടത്തിയ കൂടിയാലോചനകളും എടുത്ത നടപടികളും ഇന്ത്യയുടെ അതിർത്തിഭദ്രതയെ കാത്തുരക്ഷിക്കുന്നതിനും ബംഗ്ലാദേശിലെ ജനങ്ങളുടെ സ്വാതന്ത്യ്രസമരം വിജയകരമായി പര്യവസാനിപ്പിക്കുന്നതിനും സഹായകരമായിത്തീർന്നു. 1973 ന. അവസാനത്തില്‍ സോവിയറ്റ്‌ കമ്യൂണിസ്റ്റുപാർട്ടിയുടെ ജനറല്‍ സെക്രട്ടറിയായ എല്‍.ഐ.ബ്രഷ്‌നേവിന്റെ നേതൃത്വത്തിലുള്ള ഒരു ഉന്നതനിലവാര പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കുകയും ഇന്ത്യാ ഗവണ്‍മെന്റുമായി കൂടിയാലോചനകള്‍ നടത്തുകയും 1971 ആഗ. 9-ന്‌ ഒപ്പുവച്ച ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക-വ്യാപാരസഹകരണം വികസിപ്പിക്കുന്നതിനുള്ള ഒരു പതിനഞ്ചുവർഷ ദീർഘകാലകരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിടുകയും ചെയ്‌തു.

ഭിലായിയിലെയും ബൊക്കാറോയിലെയും ഉരുക്കുനിർമാണശാലകളുടെ ശേഷി യഥാക്രമം വർഷത്തില്‍ 70 ലക്ഷം ടച്ചായും 100 ലക്ഷം ടച്ചായും വികസിപ്പിക്കുക, മഥുരയില്‍ 60 ലക്ഷം ടണ്‍ പ്രതിവർഷശേഷിയോകൂടിയ ഒരു എച്ചശുദ്ധീകരണശാലയും മലാഞ്‌ജ്‌ഖണ്ഡില്‍ ഒരു ചെമ്പുഖനന കോംപ്ലക്‌സും കൊല്‍ക്കത്തയില്‍ ഭൂഗർഭ റെയില്‍വേയും നിർമിക്കുക, ആയസേതര ലോഹോത്‌പാദന വ്യവസായത്തിലും ലഘുവ്യവസായങ്ങളിലും ഇതരവ്യവസായശാഖകളിലും ഉത്‌പാദനരംഗത്ത്‌ സഹകരണം വിപുലപ്പെടുത്തുക, അണുശക്തിയുടെ സമാധാനപരമായ ഉപയോഗത്തിലും ബഹിരാകാശ ഗവേഷണത്തിലും ഇലക്‌ട്രാണിക്‌സിലും ശാസ്‌ത്രീയ-സാങ്കേതിക സഹകരണം വികസിപ്പിക്കുക, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വർധിപ്പിക്കുക തുടങ്ങിയ വിഷയങ്ങളും കരാറിലുണ്ടായിരുന്നു. ഈ രംഗത്ത്‌ കാര്യമായ വളർച്ച നേടാന്‍ ഇന്ത്യയ്‌ക്കു കഴിയുകയും ചെയ്‌തു. സോവിയറ്റ്‌ യൂണിയന്റെ തകർച്ച ഇന്തോ-സോവിയറ്റ്‌ ഉടമ്പടിയെ ഗുരുതരമായി ബാധിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലും മാന്ദ്യമുണ്ടായി. എങ്കിലും റഷ്യയും ഇന്ത്യയുമായുള്ള സൗഹൃദത്തെ ഇതു ബാധിച്ചില്ല. റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമിർ പുടിനും ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയും 2000 ഒക്‌ടോബറില്‍ തന്ത്രപ്രധാനമായ പങ്കാളിത്തത്തെ സംബന്ധിച്ച ഒരു പ്രസ്‌താവനയില്‍ ഒപ്പു വയ്‌ക്കുകയുണ്ടായി. 1971-ലെ ഇന്തോ സോവിയറ്റ്‌ ഉടമ്പടി പുതുക്കേണ്ടതില്ലെന്ന്‌ റഷ്യയും ഇന്ത്യയും തീരുമാനിച്ചെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായിതുടരുന്നു.


(സി. ഉണ്ണിരാജ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍