This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇനോനു, ഇസ്‌മത്ത്‌ (1884 - 1973)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:38, 19 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇനോനു, ഇസ്‌മത്ത്‌ (1884 - 1973)

Inonu, Ismet

ഇസ്‌മത്ത്‌ ഇനോനു

തുർക്കി രാജ്യതന്ത്രജ്ഞന്‍. ഒരു അഭിഭാഷകനായ റഷീദിന്റെ പുത്രനായി 1884 സെപ്‌. 24-ന്‌ ഇസ്‌മീറിൽ (സ്‌മിർണ) ജനിച്ചു. സൈനിക പാഠശാലകളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം എഡീർണയിലെ മൂന്നാം സേനാവിഭാഗത്തിൽ ചേർന്നു. ഒന്നാം ബാള്‍ക്കന്‍ യുദ്ധകാലത്ത്‌ (1912-13) യെമന്‍ സൈന്യത്തിന്റെ മേധാവിയായി; ഒന്നാം ലോകയുദ്ധകാലത്ത്‌ ലഫ്‌ടനന്റ്‌ കേണലായി ഉദ്യോഗക്കയറ്റം കിട്ടി. 1916-ൽ സിറിയയിലെ 4-ാം പട്ടാളവിഭാഗത്തെ നയിച്ചിരുന്നത്‌ ഇസ്‌മത്ത്‌ ആയിരുന്നു. മധ്യഅനാതോലിയയിൽ മുസ്‌തഫാകെമാൽപാഷ (1881-1938) നയിച്ച ദേശീയ വിമോചനപ്രസ്ഥാനത്തിൽ ചേർന്ന്‌ അദ്ദേഹം പ്രവർത്തനമാരംഭിച്ചു. 1920 ജനു.-ൽ നടന്ന തെരഞ്ഞെടുപ്പിൽ എഡീർണയെ പ്രതിനിധീകരിച്ച്‌ അദ്ദേഹം ഗ്രാന്റ്‌ നാഷണൽ അസംബ്ലിയിൽ അംഗമായി. 1920 ജൂണിൽ അദ്ദേഹം സൈനികമേധാവി ആയി നിയമിക്കപ്പെട്ടു. അങ്ങനെ മുസ്‌തഫെകമാലും ഇദ്ദേഹവും തമ്മിലുള്ള സമ്പർക്കം ആരംഭിച്ചു. 1921 ജൂല.-ൽ ഗ്രീക്കുകാർ അനാതോലിയ ആക്രമിച്ച്‌ മുന്നേറിയപ്പോള്‍ അങ്കാറയ്‌ക്കടുത്ത്‌ ഇനോനുവിൽവച്ചുണ്ടായ യുദ്ധത്തിൽ, പ്രതിയോഗികളെ അദ്ദേഹം പിന്തിരിപ്പിച്ചു. ഇനോനുവിലെ വിജയത്തിനുശേഷം ഇസ്‌മത്ത്‌ ഇനോനു എന്ന നാമം സ്വയം സ്വീകരിക്കുകയുണ്ടായി.

1922 ഒ.-ൽ ഇനോനു തുർക്കിയിലെ വിദേശകാര്യമന്ത്രിയായി. ലോസന്‍ സമ്മേളനത്തിൽ തുർക്കിയെ പ്രതിനിധീകരിച്ചത്‌ അദ്ദേഹമായിരുന്നു. കെമാലിന്റെ സഹകരണത്തോടെ, ലോസന്‍ കരാറനുസരിച്ച്‌ (1923 ജൂല. 24) തുർക്കിക്കനുകൂലമായി പല അവകാശങ്ങളും നേടിയെടുക്കുന്നതിൽ അദ്ദേഹം വിജയിച്ചു. 1923 ഒ.-ൽ കെമാൽ തുർക്കിറിപ്പബ്ലിക്കിന്റെ പ്രസിഡണ്ടും ഇസ്‌മത്ത്‌ പ്രധാനമന്ത്രിയുമായി. 1938-ൽ കെമാൽ അന്തരിച്ചപ്പോള്‍ ഇസ്‌മത്ത്‌ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. 1943-ലും 1946-ലും നടന്ന തെരഞ്ഞെടുപ്പുകളിലും പ്രസിഡണ്ടുപദവിയിൽ തുടരുവാന്‍ അദ്ദേഹത്തിനു സാധിച്ചു.

രണ്ടാം ലോകയുദ്ധകാലത്ത്‌ ഒരു നിഷ്‌പക്ഷതാനയം തുടരാന്‍ തുർക്കിക്കു കഴിഞ്ഞത്‌ ഇനോനുവിന്റെ ശ്രമഫലമായിട്ടായിരുന്നു. ജനായത്തഭരണസമ്പ്രദായത്തോട്‌ കൂടുതൽ താത്‌പര്യം കാണിച്ചിരുന്ന ഇസ്‌മത്ത്‌, പ്രതിപക്ഷകക്ഷി രാജ്യത്തുണ്ടാകുന്നതിന്‌ അനുകൂലമായിരുന്നു. അതനുസരിച്ച്‌ ഡെമോക്രാറ്റിക്‌ പാർട്ടി, റിപ്പബ്ലിക്കന്‍ പീപ്പിള്‍സ്‌ പാർട്ടി എന്നീ രണ്ട്‌ കക്ഷികള്‍ നിലവിൽവന്നു. 1950 മെയ്‌ 14-നു അദ്ദേഹത്തിന്റെ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ്‌ പാർട്ടിയെ ഡെമോക്രാറ്റിക്‌ പാർട്ടി പരാജയപ്പെടുത്തിയതോടെ ഇസ്‌മത്ത്‌ പ്രതിപക്ഷനേതൃത്വമേറ്റെടുത്തു. 1960-ലെ സൈനികവിപ്ലവത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇസ്‌മത്ത്‌ കൂട്ടുകക്ഷിമന്ത്രിസഭ രൂപവത്‌കരിക്കുകയും പ്രധാനമന്ത്രിയാവുകയും ചെയ്‌തു. 1965 ഫെ.-ൽ നാഷണൽ അസംബ്ലി അദ്ദേഹത്തിന്റെ ബജറ്റ്‌ നിരാകരിച്ചതിനെത്തുടർന്ന്‌ മറ്റൊരു കൂട്ടുകക്ഷിമന്ത്രിസഭ നിലവിൽവന്നു. 1965-ലും 1969-ലും നടന്ന തെരഞ്ഞെടുപ്പുകളിൽ ഇസ്‌മത്തിന്റെ കക്ഷി പരാജയപ്പെട്ടു. 1972-ൽ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ്‌ പാർട്ടിയുടെ അധ്യക്ഷപദവിയിൽനിന്ന്‌ ഇസ്‌മത്ത്‌ ഇനോനു മാറ്റപ്പെട്ടു. 1973 ഡിസംബർ 25-ന്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍