This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇക്കോളജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്


ഇക്കോളജി

Ecology

ജീവികളും അവയുടെ പരിതഃസ്ഥിതികളും തമ്മിലുള്ള ബന്ധത്തെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്‌ത്രശാഖ. ഓയിക്കോസ്‌ (oikos = house) ലോഗോസ്‌ (logos = discourse) എന്നീ ഗ്രീക്ക്‌ പദങ്ങളിൽനിന്നാണ്‌ ഇക്കോളജി എന്ന വാക്കിന്റെ ഉദ്‌ഭവം.

ജർമന്‍ ജീവശാസ്‌ത്രകാരനായ ഏണ്‍സ്റ്റ്‌ ഹെയ്‌കൽ (1834-1919) ആണ്‌ ആദ്യമായി ഇക്കോളജിയെ ഒരു പ്രത്യേകശാസ്‌ത്രശാഖയായി പരിഗണിച്ചത്‌. "ശാസ്‌ത്രീയമായ പ്രകൃതിചരിത്രം', "ജീവിവർഗങ്ങളെക്കുറിച്ചുള്ള (biotic communities) ഒരു പഠനം', "വർഗസമൂഹ (community population) ശാസ്‌ത്രം' തുടങ്ങി വിവിധതരത്തിൽ പലരും ഇക്കോളജിയെ നിർവചിച്ചിട്ടുണ്ട്‌. എന്നാൽ സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും തമ്മിലുള്ളതും, അവയ്‌ക്ക്‌ പരിതഃസ്ഥിതികളോടുള്ളതുമായ ബന്ധങ്ങളെക്കുറിച്ചുള്ള പഠനം എന്ന്‌ ഇതിനെ പൊതുവെ നിർവചിക്കാം.

പ്രത്യേകതരത്തിലുള്ള സങ്കേതങ്ങളും നടപടിക്രമങ്ങളുമാണ്‌ ഇക്കോളജിയിൽ ഉപയോഗിക്കപ്പെടുന്നത്‌. താഴെപ്പറയുന്ന പ്രതിഭാസങ്ങളെപ്പറ്റി സമഗ്രമായി മനസ്സിലാക്കുക എന്നതാണ്‌ ഈ ശാസ്‌ത്രത്തിന്റെ ലക്ഷ്യം.

1. ജീവികളുടെ സ്ഥാനികവും ഭൂമിശാസ്‌ത്രപരവുമായ (local and geographic) വിതരണവും ബാഹുല്യവും (abundance). ജീവികളുടെ വാസസ്ഥലം (habitat), നൈസർഗികസംവിധാനം (niche), വർഗം അഥവാ ഇനം (community), ജൈവ-ഭൂമിശാസ്‌ത്രം (biogeography) തുടങ്ങിയവയെക്കുറിച്ചുള്ള ധാരണകള്‍ ഈ വിഭാഗത്തിൽപ്പെടുന്നു; 2. ജീവികളുടെ സാന്നിധ്യം, ബാഹുല്യം, പ്രവൃത്തികള്‍ തുടങ്ങിയവയിലുള്ള കാലികവ്യതിയാനങ്ങള്‍ (temporal changes); 3. ജീവികളുടെ വിവിധ ഇനങ്ങള്‍ക്കിടയിലും സംഘങ്ങള്‍ക്കിടയിലുമുള്ള പരസ്‌പരബന്ധങ്ങള്‍: പോപ്പുലേഷന്‍ ഇക്കോളജി. 4. നൈസർഗികസാഹചര്യങ്ങള്‍ക്കൊത്ത്‌ ജീവികളുടെ ഘടനയിലുണ്ടാകുന്ന അനുകൂലനങ്ങളും ധർമത്തിലുള്ള വ്യതിയാനങ്ങളും: ഫിസിയോളജിക്കൽ ഇക്കോളജി 5. നൈസർഗിക സാഹചര്യങ്ങളിൽ ജീവികളുടെ പെരുമാറ്റരീതികള്‍: ഇത്തോളജി (Ethology) 6. മേല്‌പറഞ്ഞ പരസ്‌പരബന്ധങ്ങളുടെയെല്ലാം വികാസപരിണാമങ്ങള്‍: എവല്യൂഷനറി ഇക്കോളജി 7. പ്രകൃതിയുടെ ജൈവോത്‌പാദനക്ഷമത (biological productivity) മനുഷ്യാവശ്യങ്ങള്‍ക്ക്‌ ഏറ്റവും ഫലപ്രദമായ രീതിയിൽ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന്‌ പരിചിന്തിക്കുന്ന ഉപവിഭാഗം: ഇക്കോസിസ്റ്റം ഇക്കോളജി. 8. പരാമീറ്ററുകള്‍ (parameters) തമ്മിലുള്ള പരസ്‌പര പ്രവർത്തനത്തെയും അവയുടെ പരിണാമങ്ങളെയും പ്രവചിക്കുന്നതിനാവശ്യമായ ഗണിതമാതൃകകളുടെ വികാസം: സിസ്റ്റംസ്‌ അനാലിസിസ്‌. വളരെ വ്യത്യസ്‌തങ്ങളായ സ്‌പീഷീസുകളുടെ പ്രവർത്തനങ്ങളെ താരതമ്യപ്പെടുത്തുന്നതിനായി, സമൂഹങ്ങളുടെ കേവലവലുപ്പവും വിവിധസാഹചര്യങ്ങളുടെ ഉത്‌പാദനക്ഷമതയും നിർണയിക്കുന്നതിനുള്ള മാർഗങ്ങള്‍ വികസിപ്പിച്ചെടുക്കുക എന്നതാണ്‌ ഒരു ഇക്കോളജിസ്റ്റിനെ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നം. ശരിയായ സ്ഥിതിവിവരങ്ങള്‍ ഇതിനാവശ്യമാണ്‌. ഇതിലെ വിവിധ പദ്ധതികള്‍ക്ക്‌ ഗണിതമാതൃകകളോ കംപ്യൂട്ടർ സിമുലേഷന്‍ പരിപാടികളോ ഏർപ്പെടുത്തുകയാണ്‌ ഇക്കോളജിക്കൽ റിസെർച്ചിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്‌. അത്തരം മാതൃകകള്‍ എല്ലാ ഘടകങ്ങള്‍ക്കും ഉചിതമായ സ്ഥാനം കല്‌പിക്കുന്നതിനാൽ ഘടകങ്ങളിലോ ഘടക സംയോഗങ്ങളിലോ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയും.

ജീവശാസ്‌ത്രത്തിന്റെ മൂന്നു പ്രധാനവിഭാഗങ്ങളിൽ ഒന്നാണ്‌ ഇക്കോളജി. മോർഫോളജി(Morphology)യും ഫിസിയോളജി(Physiology)യും ആണ്‌ മറ്റു രണ്ടു വിഭാഗങ്ങള്‍. ജീവിയുടെ ഘടനയ്‌ക്കാണ്‌ മോർഫോളജിയിൽ പ്രാധാന്യം; ഫിസിയോളജിയിലാകട്ടെ, അവയുടെ ധർമങ്ങള്‍ക്ക്‌ പ്രാധാന്യം നല്‌കുന്നു; അവ എങ്ങനെ ജീവിക്കുന്നു എന്ന്‌ പഠിക്കുകയാണ്‌ ഇക്കോളജി ചെയ്യുന്നത്‌. അനാറ്റമി, ഹിസ്റ്റോളജി, സൈറ്റോളജി, എംബ്രിയോളജി തുടങ്ങിയവ സംബന്ധിച്ച പ്രശ്‌നങ്ങളാണ്‌ മോർഫോളജിസ്റ്റിന്റെ മുന്നിലുള്ളത്‌. ഭൗതികം; ഗണിതം, രസതന്ത്രം എന്നിവയെ ആധാരമാക്കി മേല്‌പറഞ്ഞവയുടെ ധർമങ്ങള്‍ വ്യാഖ്യാനിക്കപ്പെടുന്നു. എന്നാൽ ഇക്കോളജിസ്റ്റാകട്ടെ, ജീവികളുടെ വിതരണം, പെരുമാറ്റസമ്പ്രദായങ്ങള്‍, സമൂഹങ്ങള്‍, ഇനങ്ങള്‍ തുടങ്ങിയവയെ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി പഠനം നടത്തുന്നു. ഇക്കോളജിക്ക്‌ പല ഉപവിഭാഗങ്ങളുണ്ട്‌. അനിമൽ ഇക്കോളജി ജന്തുക്കളും പരിതഃസ്ഥിതിയുമായും, പ്ലാന്റ്‌ ഇക്കോളജി സസ്യങ്ങളും പരിതഃസ്ഥിതിയുമായും ഉള്ള ബന്ധങ്ങളെക്കുറിച്ച്‌ വിചിന്തനം ചെയ്യുന്നു. ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‌കപ്പെടുമ്പോള്‍ "ബയോഇക്കോളജി' എന്ന പേരാണ്‌ ഉപയോഗിക്കുക. ഇനങ്ങളുടെ (വർഗത്തിന്റെ) പഠനത്തെ സൈനിക്കോളജി (Synecology) എന്നും സ്‌പീഷീസുകളുടെ പഠനത്തെ ഓട്ടിക്കോളജി (Autecology) എന്നും പറയുന്നു. സ്‌പീഷീസുകളുടെ പരസ്‌പരബന്ധം, വർഗങ്ങളുടെ ഘടനയും ധർമവും, അവയ്‌ക്ക്‌ പരിസരങ്ങളോടുള്ള ബന്ധം എന്നിവയൊക്കെ ഉള്‍പ്പെടുത്തി ഇനങ്ങളെക്കുറിച്ച്‌ വളരെ വിശദമായി നടത്തുന്ന പഠനത്തെ "ബയോസീനോളജി' എന്നു വിളിക്കുന്നു.

വർഗീകരണാടിസ്ഥാനത്തിൽ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ഇക്കോളജി പ്രത്യേകമായി കണക്കിലെടുക്കുമ്പോള്‍ അതിനെ ആ വിഭാഗത്തിന്റെ പേരുചേർത്തുതന്നെയാണ്‌ വ്യവഹരിക്കാറുള്ളത്‌. മമേലിയന്‍ (സസ്‌തിനവർഗ) ഇക്കോളജി, ഇന്‍സെക്‌റ്റ്‌ ഇക്കോളജി, ഹ്യൂമന്‍ (മാനവിക) ഇക്കോളജി തുടങ്ങിയവയെല്ലാം ഇതിനുദാഹരണങ്ങളാണ്‌. പരിസരങ്ങള്‍ക്കു പ്രാധാന്യം കല്‌പിക്കുമ്പോള്‍ ടെറസ്റ്റ്രിയൽ ഇക്കോളജി, ഫ്രഷ്‌വാട്ടർ ഇക്കോളജി (ലിമ്‌നോളജി), മറീന്‍ ഇക്കോളജി തുടങ്ങിയ പദങ്ങള്‍ പ്രയോഗിക്കപ്പെടുന്നു. നൈസർഗികസാഹചര്യങ്ങളിൽ ജീവികളുടെ സ്വഭാവസവിശേഷതകള്‍ വിവരിക്കുന്നതാണ്‌ ഇത്തോളജി. മനുഷ്യനെ സംബന്ധിച്ച ഇക്കോളജിയും ഇത്തോളജിയും ചേർന്നതാണ്‌ സോഷ്യോളജി.

വന്യമൃഗസംരക്ഷണം, വനസംരക്ഷണം, കീടനിയന്ത്രണം, സാംക്രമികരോഗശാസ്‌ത്രം (Epidemiology), മൃഗസംരക്ഷണം (Animal husbandry) തുടങ്ങി കൃഷിയും മത്സ്യംവളർത്തലും വരെ എല്ലാം അപ്ലൈഡ്‌ ഇക്കോളജിയിൽ ഉള്‍പ്പെടുന്നു. ഇത്തരത്തിൽ ഇക്കോളജി, വിജ്ഞാനത്തിന്റെ പല ശാഖകളുമായി അഭേദ്യബന്ധം പുലർത്തുന്നതുകാണാം. മനുഷ്യരാശിയുടെ നന്മയ്‌ക്ക്‌ ഇക്കോളജിയുടെ പ്രയോഗം അത്യാവശ്യമാണ്‌. ജീവികളും അവയുടെ പരിതഃസ്ഥിതികളും തമ്മിലുള്ള പരസ്‌പരബന്ധത്തെക്കുറിച്ചു വിവരിച്ച തിയോ ഫ്രാസ്റ്റസ്‌ (ബി.സി. 4-ാം ശതകം) ആണ്‌ ആദ്യത്തെ ഇക്കോളജിസ്റ്റായി അറിയപ്പെടുന്നത്‌. ആഗസ്റ്റ്‌ ഗ്രീസ്‌ബാഷ്‌ (1838), കെ. മൊബയസ്‌ (1877), സ്റ്റീഫന്‍ എ. ഫോർബ്‌സ്‌ (1887), ജെ.ഇ.ബി. വാണിങ്‌ (1895) എന്നിവരാണ്‌ സാമൂഹിക സമഗ്രതയെപ്പറ്റിയുള്ള ആധുനിക സങ്കല്‌പത്തിന്റെ ഉപജ്ഞാതാക്കള്‍. മാതൃകാ ഇനങ്ങളെ തിരിച്ചറിയുകയും വിവരിക്കുകയും ചെയ്‌തവരിൽ സി.സി. ആഡംസ്‌ (1906-09) വി.ഇ. ഷെൽഫോഡ്‌ (1913), ചാള്‍സ്‌ എൽറ്റണ്‍ (1927) എന്നിവർ പ്രാതഃസ്‌മരണീയരാണ്‌. ഒരു "ഇനം' മുഴുവനും ഒരേയൊരു ജീവദ്‌ഘടകം (biotic unit) ആേണെന്ന ആശയം ആദ്യമായി മനസ്സിലാക്കുകയും ഊന്നിപ്പറയുകയും ചെയ്‌തത്‌ എഫ്‌.ഇ. ക്ലൈമന്റസും വി.ഇ. ഷെൽഫോഡും (1939) ആണ്‌. ഇനങ്ങളുടെ പിന്തുടർച്ചയെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക്‌ സസ്യങ്ങളിൽ ഹെന്‌റികൗള്‍സും (1899) എഫ്‌.ഇ. ക്ലെമന്റസും (1916), ജന്തുക്കളിൽ സി.സി. ആഡംസും ഷെൽഫോഡും തുടക്കം കുറിച്ചു.

അലക്‌സാണ്ടർ ഫൊണ്‍ ഹംബോള്‍ട്ടിന്റെ (1769-1859) സൂക്ഷ്‌മനിരീക്ഷണവും എൽ.എൽ. ബഫണ്‍ന്റെ (1708-88) സാമാന്യവത്‌കരണവും ആണ്‌ ജ്യോഗ്രഫിക്‌ ഇക്കോളജിയുടെ ആരംഭമിട്ടത്‌. ജൈവമേഖലകള്‍ എന്ന ആശയത്തിന്‌ എൽ. ആർ. ഡൈസും (1943) ജൈവസംപ്രത്യയത്തിന്‌ ഡൈസും ക്ലെമന്റ്‌ ഷെൽഫോഡും ചേർന്നും (1939) രൂപം നല്‌കി.

ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ജനസംഖ്യാവർധനവിന്‌ പരിമിതി സൃഷ്‌ടിക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടിയ മാൽത്തൂസ്‌ ആണ്‌ ജനസംഖ്യാഗതിക്രമസിദ്ധാന്തം ആദ്യമായി ആവിഷ്‌കരിച്ചത്‌. ഡാർവിന്‍ തന്റെ പരിണാമസിദ്ധാന്തത്തിന്‌ രൂപംനല്‌കുന്നതിൽ മത്സരത്തിന്റെയും പ്രകൃത്യനുകൂലനത്തിന്റെയും അന്യോന്യാശ്രയത്വത്തിന്റെയും പ്രാധാന്യം അംഗീകരിക്കുകയുണ്ടായി.

ശുദ്ധജലത്തിലെയും സമുദ്രജലത്തിലെയും ജീവികള്‍ വളർച്ചയ്‌ക്കും മറ്റ്‌ ശാരീരീരിക പ്രവർത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന ഊർജത്തിന്റെ പരിമാണവും മറ്റും അപഗ്രഥിച്ചവരാണ്‌ ലിന്‍ഡ്‌മാന്‍, ഹച്ചിന്‍സണ്‍, റൈലി, യൂജീന്‍, ഹോവാഡ്‌ ഓഡം എന്നിവർ.

ഫിസിയോളജിക്കൽ ഇക്കോളജിയുടെ ഉപജ്ഞാതാക്കള്‍ താഴെപറയുന്നവരാണ്‌: ക്ലോഡ്‌ ബേർണാഡ്‌-ഹോമിയോസ്റ്റാസിസ്‌തത്ത്വം (1876); 10ബ്ബഇ വീതം താപവർധനയുണ്ടാകുമ്പോള്‍ ഓരോ രാസപ്രവർത്തനത്തിന്റെയും വേഗത വർധിക്കുമെന്ന്‌ 1884-ൽ കണ്ടുപിടിച്ച വാന്റ്‌ ഹോഫ്‌; അകശേരുകികളുടെ പെരുമാറ്റ സവിശേഷതകളെ വിവരിച്ച എച്ച്‌.എസ്‌. ജെന്നിങ്‌സും (1906) ജാക്വസ്‌ ലീബും (1918); കശേരുകികളെക്കുറിച്ചു വിവരിച്ച ബാള്‍ഡ്‌വിന്‍ (1919), എച്ച്‌. ഇ. ഹോവാജ്‌ (1920), വാലസ്‌ ക്രയ്‌ഗ്‌ (1908), കെ. ലോറന്‍സ്‌ (1935), എന്‍. റ്റിന്‍ബർഗന്‍ (1951) എന്നിവർ; സമുദ്ര ശാസ്‌ത്രപഠനങ്ങള്‍ നടത്തിയ എഡ്‌വേഡ്‌ ഫോബ്‌സ്‌ (1843), മോറി (1855), അലക്‌സാണ്ടർ അഗാസി (1888), പീറ്റേഴ്‌സന്‍ (1911), മുറേയും ജോർട്ടും (1912) തുടങ്ങിയവർ, ലിമ്‌നോളജിയിൽ കനപ്പെട്ട സംഭാവനകള്‍ നല്‌കിയ ഫോറൽ (1869), ബെർജ്‌ (1893), ജൂഡേ (1896), വാർഡും വിപ്പിളും (1918), തൈനിമാന്‍ (1913-35), നോമാന്‍ (1918-32) തുടങ്ങിയവരെല്ലാം ഇക്കോളജിയിൽ മഹത്തായ സംഭാവനകള്‍ നല്‌കിയിട്ടുള്ളവരാണ്‌.

ഇക്കോളജി ഒരു പ്രത്യേകശാസ്‌ത്രശാഖയെന്ന നിലയിലേക്കുയർന്നത്‌ വളരെ അടുത്തകാലത്തു മാത്രമാണെങ്കിലും വളരെ മുമ്പുതന്നെ ഇതിന്റെ തുടക്കം കുറിക്കപ്പെട്ടിരുന്നു. ഒരു സംഘം എഴുത്തുകാരുടെ (Allee, Emerson, Park and Schmidt) പ്രിന്‍സിപ്പിള്‍സ്‌ ഒഫ്‌ അനിമൽ ഇക്കോളജിയാണ്‌ ഇക്കോളജിയെപ്പറ്റിയുണ്ടായ ആദ്യകാല ഗ്രന്ഥങ്ങളിൽ ശ്രദ്ധേയമായത്‌. ഇന്ന്‌ പല "ഇക്കോളജിക്കൽ സൊസൈറ്റികളും' പ്രസിദ്ധീകരണങ്ങളും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ രൂപംകൊണ്ടുകഴിഞ്ഞിരിക്കുന്നു. നോ: ഇത്തോളജി; ഓഷ്യനോഗ്രഫി; ടെറസ്റ്റ്രിയൽ ഇക്കോളജി; പരിണാമം; പോപ്പുലേഷന്‌ ഇക്കോളജി; ഫിസിയോളജി; മോർഫോളജി; ലിമ്‌നോളജി.

(പ്രാഫ. എന്‍. ബാലകൃഷ്‌ണന്‍ നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍