This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇക്കേരി നായ്‌ക്കന്മാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:03, 8 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇക്കേരി നായ്‌ക്കന്മാർ

ദക്ഷിണ കർണാടകത്തിലെ ഇക്കേരി കേന്ദ്രമാക്കി ഭരണംനടത്തിയിരുന്ന രാജവംശം; ഇവരുടെ മൂലസ്ഥാനം കേളടി ആയിരുന്നതുകൊണ്ട്‌ ഇവർ കേളടിനായ്‌ക്കന്മാരെന്നും അറിയപ്പെടുന്നു. വിജയനഗരചക്രവർത്തിമാരുടെ സാമന്തന്മാരായിരുന്നു ഇവർ.

ഈ രാജവംശത്തിന്റെ സ്ഥാപകന്‍ ചൗഡപ്പഗൗഡ ആണ്‌. അദ്ദേഹത്തിന്റെ പുത്രനായ സദാശിവനായ്‌ക്കന്‍ (1513-1563) ഇക്കേരി രാജ്യത്തിന്‌ ശക്തിയും വിസ്‌തൃതിയും വർധിപ്പിച്ചു. വിജയനഗര ചക്രവർത്തിയുടെ ഒരു പ്രധാന സഹായിയായിരുന്നു സദാശിവനായ്‌ക്കന്‍. ബാഹ്മനിസുൽത്താന്മാരുമായും തുളുവ-കേരളരാജാക്കന്മാരുമായും അദ്ദേഹം യുദ്ധംചെയ്‌തു. പോർച്ചുഗീസുകാരുമായി മമതയിൽ വർത്തിച്ചിരുന്ന ഇക്കേരി നായ്‌ക്കന്മാർക്കെതിരായി കേരളത്തിലെ നാടുവാഴികള്‍ അവരുടെ പ്രതിയോഗികളെ സഹായിച്ചിരുന്നു. 1582-ൽ സ്ഥാനാരോഹണംചെയ്‌ത വെങ്കടപ്പ (1582-1629) ചന്ദ്രഗിരിപ്പുഴയ്‌ക്ക്‌ വടക്കുള്ള പ്രദേശങ്ങള്‍ ആക്രമിച്ചു കീഴടക്കുകയും കുമ്പള, കാസർഗോഡ്‌, ചന്ദ്രഗിരി എന്നീ സ്ഥലങ്ങളിൽ കോട്ടകെട്ടുകയും ചെയ്‌തു. ഇക്കേരിക്കു ചുറ്റുമുള്ള സമുദ്രതീരപ്രദേശം ആക്രമിച്ചു കീഴടക്കി, "പശ്ചിമസമുദ്രാധിപതി' എന്ന സ്ഥാനപ്പേര്‌ വെങ്കടപ്പ സ്വീകരിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ കാലത്ത്‌ ഇക്കേരി രാജ്യത്തിന്റെ തലസ്ഥാനം ഇക്കേരിയിൽനിന്നും ബിന്ദൂരിലേക്കു മാറ്റി.

വെങ്കടപ്പനായ്‌ക്കനെത്തുടർന്ന്‌ രാജാവായ വീരഭദ്ര നായ്‌ക്കന്റെ ഭരണകാലത്ത്‌ (1629-45) രാജ്യം ആഭ്യന്തര കലാപങ്ങള്‍കൊണ്ടും പുറമേനിന്നുള്ള ആക്രമണങ്ങള്‍കൊണ്ടും അസ്വസ്ഥമായിരുന്നു; എന്നാൽ അദ്ദേഹം തന്റെ ശ്വശൂരനായ ശിവപ്പനായ്‌ക്കന്റെ സഹായത്തോടുകൂടി ഈ അസ്വസ്ഥകളൊക്കെ അവസാനിപ്പിക്കുകയും ഭരണം ഭദ്രമാക്കുകയും ചെയ്‌തു; ശിവപ്പനായ്‌ക്കന്റെ ഭരണകാലത്ത്‌ (1645-1660) ഇക്കേരിക്കെതിരായി പ്രവർത്തിച്ച പ്രഭുക്കന്മാരെ അമർച്ചവരുത്തി. ശിവപ്പ കോലത്തിരി രാജ്യം ആക്രമിച്ച്‌ നീലേശ്വരം കൈവശമാക്കി. പോർച്ചുഗീസുകാരുടെ ബാർസലൂർ-മംഗലാപുരം കോട്ടകള്‍ ആക്രമിച്ച ശിവപ്പയ്‌ക്കെതിരായി യുദ്ധം ചെയ്യാന്‍ അവർ കോലത്തിരിയെ പ്രരിപ്പിച്ചു. സോമശേഖരനായ്‌ക്കന്റെ ഭരണകാലത്ത്‌ (1663-77) ശിവാജി കാനറതീരത്തുള്ള ബാർസലൂർ, കുന്താപ്പൂർ എന്നീ നഗരങ്ങള്‍ ആക്രമിച്ചു. അധികം വൈകാതെ കോലത്തിരിസൈന്യം ഡച്ചുകാരുടെ സഹായത്തോടുകൂടി ഇക്കേരിസൈന്യത്തെ തോല്‌പിച്ചോടിച്ചു.

സോമശേഖരനായ്‌ക്കന്റെ വിധവയായ ചെന്നമ്മാജി 1697 വരെ ഇക്കേരി രാജ്യം ഭരിച്ചു. കോലത്തുനാടും ഇക്കേരിയും തമ്മിൽ തുറന്നസംഘട്ടനങ്ങള്‍ നടന്നില്ലെങ്കിലും അഭിപ്രായഭിന്നതകളും ഉരസലുകളും തുടർന്നുകൊണ്ടിരുന്നു. ചെന്നമ്മാജിയുടെ ദത്തുപുത്രനായ ബസവപ്പനായ്‌ക്കന്‍ (ഭ.കാ. 1697-1714) പോർച്ചുഗീസ്‌ സഹായത്തോടെ കോലത്തിരിയിൽനിന്ന്‌ ചന്ദ്രഗിരിക്കോട്ട തിരിച്ചുപിടിച്ചു. കോലത്തിരിയുമായുള്ള യുദ്ധം സോമശേഖരനായ്‌ക്കന്‍ ക-ന്റെ ഭരണകാലത്തും (1714-39) തുടർന്നിരുന്നു. ബ്രിട്ടീഷുകാർ ഈ യുദ്ധത്തിൽ കോലത്തിരിയെ സഹായിച്ചു. എന്നാൽ 1727-ൽ കച്ചൂർ ആക്രമിച്ച കോലത്തിരിക്കെതിരായി ആലി രാജാവ്‌ ഇക്കേരി രാജാവിന്റെ സഹായം അഭ്യർഥിച്ചു. ഇതനുസരിച്ച്‌ ഇക്കേരിസൈന്യം നീലേശ്വരം നദികടന്ന്‌ കോലത്തുനാട്‌ ആക്രമിച്ചു. യുദ്ധത്തിൽ പരാജിതനായ കോലത്തിരി ബ്രിട്ടീഷുകാരുടെ സഹായം തേടി. ഇതിനിടയിൽ ഇക്കേരിസൈന്യം വളപട്ടണംപുഴവരെ ആക്രമിച്ചു കീഴടക്കി; തന്നിമിത്തം ഇക്കേരിയുമായി സന്ധിചെയ്യാന്‍ കോലത്തിരി നിർബന്ധിതനായി. 1732 അവസാനം ഇക്കേരിയുമായി ഉണ്ടാക്കിയ സന്ധിപ്രകാരം മടക്കര, കണ്ണായി, നീലേശ്വരം എന്നീ സ്ഥലങ്ങളിൽ കോട്ടകെട്ടുവാന്‍ ഇക്കേരിരാജാവിനെ അനുവദിക്കാനും, വളപട്ടണം പുഴയ്‌ക്കും നീലേശ്വരംപുഴയ്‌ക്കും ഇടയ്‌ക്കുള്ള പ്രദേശം ഇക്കേരി രാജാവിന്റെ സാമന്തനായി കോലത്തിരി ഭരിക്കാനും വ്യവസ്ഥ ചെയ്‌തിരുന്നു. ഈ സന്ധിക്കുശേഷം കോലത്തിരി-ഇക്കേരി സംയുക്തസൈന്യം കോലത്തിരിയുടെ ശത്രുവായ ആലി രാജായുടെ കച്ചൂർക്കോട്ട രണ്ട്‌ പ്രാവശ്യം ആക്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്‌. ബ്രിട്ടീഷുകാരുടെ സഹായത്തോടുകൂടി പിന്നീട്‌ കോലത്തിരി ഇക്കേരിസൈന്യത്തെ തുരത്തിയെങ്കിലും, കുടുംബവഴക്കുമൂലം തുടർന്നുള്ള ഇക്കേരി ആക്രമണം ഒഴിവാക്കാന്‍ കോലത്തിരിക്കു സാധിച്ചില്ല. തന്നിമിത്തം ബ്രിട്ടീഷുകാരുടെ ശ്രമഫലമായി നീലേശ്വരം പുഴയ്‌ക്കു വടക്കുള്ള പ്രദേശങ്ങള്‍ ഇക്കേരിരാജാവിനു വിട്ടുകൊടുത്തുകൊണ്ട്‌ 1737-ൽ സന്ധിചെയ്യുകയുണ്ടായി. സന്ധിക്കുശേഷവും ഇക്കേരിയും കോലത്തിരിയും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തുടർന്നു; 1751 അവസാനം വരെ ഈ യുദ്ധാവസ്ഥ നിലനിന്നു. മയ്യഴിയിലെ ഫ്രഞ്ചുകാരുടെ സഹായത്തോടെ കോലത്തിരി ഇക്കേരി സൈന്യത്തെ തോല്‌പിച്ചോടിച്ചു. കോലത്തിരിയുമായുള്ള തുടർച്ചയായ യുദ്ധംമൂലം ഇക്കേരിരാജ്യത്തിന്റെ സാമ്പത്തികഭദ്രത തകർന്നു; കൂറുമത്സരങ്ങള്‍ രാജശക്തിയെ ഉലച്ചു. ഈ അവസരത്തിൽ റീജന്റായി അധികാരത്തിൽ വന്ന വീരമ്മാജി (1757-63)ക്കു ശക്തിയായ എതിർപ്പു നേരിടേണ്ടിവന്നു. 1763-ൽ ഹൈദരാലി ബിദനൂർ പിടിച്ചടക്കുകയും വീരമ്മാജിയെയും അവരുടെ ദത്തുപുത്രനായ സോമശേഖരനായ്‌ക്കന്‍ മൂന്നാമനെയും തടവിലാക്കുകയും ചെയ്‌തു. ഇതോടെ ഇക്കേരി മൈസൂർ രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. (ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍