This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽസിയൊണേസിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആൽസിയൊണേസിയ

Alcyonacea

സീലന്ററേറ്റ (Coelenterata) ജന്തുഫൈലത്തിലുള്‍പ്പെടുന്ന ആല്‍സിയൊണേറിയ ഉപവര്‍ഗത്തിലെ ഒരു ഗോത്രം (Order). സോഫ്‌റ്റ്‌ കോറലുകള്‍ ഉള്‍പ്പെട്ട ഒരു ഗോത്രമാണിത്‌. മഞ്ഞയോ തവിട്ടോ ഒലീവ്‌ നിറമോ ഉള്ള കോളനികളാണ്‌ ഇവയുടേത്‌. മിക്കവയും ബലമുള്ള എന്തെങ്കിലും വസ്‌തുക്കളില്‍ ഉറപ്പിക്കപ്പെട്ട നിലയിലുള്ള സ്ഥാനബദ്ധജീവികളാണ്‌; അപൂര്‍വം ചിലയിനങ്ങള്‍ മണലിലോ ചെളിയിലെ സ്വതന്ത്രജീവിതം നയിക്കുന്നവയായുമുണ്ട്‌. ശരീരകലയായ മീസോഗ്ലിയയില്‍ ചിതറിക്കിടക്കുന്ന നീളമുള്ള ചെറുഘടകങ്ങള്‍ (Sclerites) ആണ്‌ ഇവയുടെ അസ്ഥിഭാഗങ്ങള്‍. മാംസളമായ ഒരു പൊതുകലയില്‍നിന്നും കോളനിയിലെ അംഗങ്ങള്‍ വെളിയിലേക്കു തള്ളിനില്‌ക്കുന്നു; ഈ പൊതുകല പല ജീവികളിലും പല ആകൃതിയിലായിരിക്കും.

ജനനഗ്രന്ഥികള്‍ (Gonads) രൂപമെടുക്കുന്നത്‌ ആന്ത്രയോജിനി(Mesentery)കളിലാണ്‌; ഇത്‌ ഉള്ളിലേക്ക്‌ തൂങ്ങിക്കിടക്കുന്നു. ആന്തോമാസ്റ്റസ്‌ (Anthomastus), സൊര്‍ക്കോഫൈറ്റണ്‍ (Sarcophyton), ലോബോഹൈറ്റം (Lobohytum) എന്നിവ ദ്വിരൂപി(Dimorphic)കളാണ്‌; പുതിയ പോളിപ്പുകള്‍ അലൈങ്‌ഗിക പ്രജനനം വഴിയും ഉണ്ടാവാറുണ്ട്‌. പ്രതാംഗുലികള്‍ (Dead man's fingers)എന്ന്‌ വിളിക്കപ്പെടുന്നതും ബ്രിട്ടിഷ്‌ ദ്വീപസമൂഹത്തില്‍ സുലഭമായതുമായ ആല്‍സിയോണിയം ഡിജിറ്റേറ്റം എന്ന കോറല്‍ ഈ ഗോത്രത്തിന്റെ ഒരു നല്ല ഉദാഹരണമാണ്‌; റ്റ്യൂബിപ്പോറ (Tubipora), ഹെലിപ്പോറ (Helipora) എന്നിവയും ഈ ഗോത്രത്തില്‍ ഉള്‍പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍