This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽവാ, ജോക്വിം (1907 - 1979)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍വാ, ജോക്വിം (1907 - 1979)

Alva, Joachim

ജോക്വിം ആല്‍വാ

ഇന്ത്യന്‍ ദേശീയനേതാവ്‌. കര്‍ണാടകത്തിലെ ഉഡുപ്പിയില്‍ 1907 ജനു. 21-ന്‌ ആല്‍വാ ജനിച്ചു. ബോംബേയില്‍ നിന്നും നിയമബിരുദം നേടിയശേഷം ആല്‍വാ സ്വാതന്ത്യ്രസമരത്തില്‍ സജീവമായി പങ്കെടുത്തു. 1920-കളില്‍ നിരവധിതവണ ജയില്‍ശിക്ഷ അനുഭവിച്ച ആല്‍വാ അഭിഭാഷകവൃത്തിയില്‍നിന്നു വിരമിച്ചു; സെയ്‌ന്റ്‌ സേവിയേഴ്‌സിലും ലോ കോളജിലും സഹപാഠിയായിരുന്ന വയലറ്റിനെ വിവാഹം ചെയ്‌തു (1937 ന. 20.). സോഷ്യലിസം, മാനുഷികസാഹോദര്യം എന്നിവയുടെ പ്രചാരണം ലക്ഷ്യമാക്കിക്കൊണ്ട്‌ 1943-ല്‍ ഇദ്ദേഹം ഫോറം എന്ന വാരിക ആരംഭിച്ചു. ബ്രിട്ടിഷുകാര്‍ക്കെതിരായി മുഖപ്രസംഗം എഴുതിയതിന്റെ ഫലമായി ഇദ്ദേഹത്തെ രാജ്യദ്രാഹക്കുറ്റത്തിന്‌ വിചാരണ ചെയ്‌തു ശിക്ഷിച്ചു. ബോംബേ കോണ്‍ഗ്രസ്സിന്റെ നിര്‍വാഹകസമിതിയിലും, എ.ഐ.സി.സി.യിലും അംഗമായ ആല്‍വാ 1959-ല്‍ ബോംബേയിലെ ഷെരിഫായി; 1950-52 കാലത്ത്‌ ഇദ്ദേഹം സംസ്ഥാന നിയമസഭാംഗവുമായിരുന്നിട്ടുണ്ട്‌. സൗത്ത്‌ കാനറയില്‍നിന്ന്‌ 1952-ല്‍ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ആല്‍വാ 15 വര്‍ഷം ആ സ്ഥാനം വഹിച്ചു. 1969-ല്‍ ഇദ്ദേഹം രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ്സിലെ യൂത്ത്‌കോണ്‍ഗ്രസ്‌ പ്രസ്ഥാനം ഉടലെടുത്തത്‌ ഇദ്ദേഹത്തിന്റെയും പത്‌നിയായ വയലറ്റ്‌ ആല്‍വായുടെയും ശ്രമഫലമായാണ്‌. ഇദ്ദേഹത്തിന്റെ കൃതികളില്‍ മെന്‍ ആന്‍ഡ്‌ സൂപര്‍മെന്‍ ഒഫ്‌ ഹിന്ദുസ്ഥാന്‍ (Men and Supermen of Hindustan) പ്രാധാന്യമര്‍ഹിക്കുന്നു. ഇദ്ദേഹത്തിന്റെ മരുമകളാണ്‌ മാര്‍ഗരറ്റ്‌ ആല്‍വ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍