This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽബെർട്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍ബെര്‍ട്ട

Alberta

കാനഡയിലെ "പ്രയറി മേഖല'യുടെ പടിഞ്ഞാറന്‍ ഭാഗം ഉള്‍ക്കൊള്ളുന്ന പ്രവിശ്യ. തെക്ക്‌ യു.എസ്‌. അതിര്‍ത്തി (വ. അക്ഷാ. 49°) മുതല്‍ 1,280 കി.മീ. നീളത്തില്‍ വ. അക്ഷാ. 60° വരെ വ്യാപിച്ചുകിടക്കുന്ന ആല്‍ബെര്‍ട്ടയുടെ വിസ്‌തീര്‍ണം 6,61,188 ച.കി.മീ. ആണ്‌ ഇതില്‍ 16,796 ച.കി.മീ. ജലാശയങ്ങളാണ്‌; പ്രവിശ്യയുടെ ശരാശരി വീതി 480 കി. മീ. വരും. കിഴക്ക്‌ പ. രേഖാ. 110°-യും പടിഞ്ഞാറ്‌ പ. രേഖാ. 120°-യുമാണ്‌ അതിരുകള്‍. തലസ്ഥാനം എഡ്‌മണ്‍ടണ്‍; ജനസംഖ്യ 36,30,000 (2009).

ഭൂവിജ്ഞാനം. പ്രവിശ്യയുടെ ഏറിയഭാഗവും അവസാദശിലാശേഖരങ്ങളുടേതായ നിരന്ന പ്രദേശങ്ങളാണ്‌; വടക്കുകിഴക്കരികില്‍മാത്രം പ്രികാമ്പ്രിയന്‍ കാലഘട്ടത്തിലെ കഠിനശിലകള്‍ കാണാം. ഈ പുരാതന ശിലാക്രമത്തിന്റെ തുടര്‍ച്ച ആല്‍ബെര്‍ട്ടയുടെ പടിഞ്ഞാറരികില്‍ 3,000 മീ. ആഴത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. പ്രവിശ്യയുടെ തെക്കെ അരികില്‍ ഏതാണ്ട്‌ 670 കി.മീ. ദൂരം റോക്കി പര്‍വതത്തിന്റെ തുടര്‍ച്ചയായ മലനിരകള്‍ കാണാം. സമതലപ്രദേശത്തെ ഉപരിതലശിലകള്‍ പൊതുവേ ക്രിറ്റേഷ്യസ്‌ യുഗത്തിലേതാണ്‌; പടിഞ്ഞാറ്‌ റോക്കി പര്‍വതനസാനുക്കളില്‍മാത്രം ടെര്‍ഷ്യറി അവസാദങ്ങള്‍ മൂടിക്കാണുന്നു. ക്രിറ്റേഷ്യസ്‌ ശിലാപടലങ്ങള്‍ കല്‌ക്കരി, പെട്രാളിയം തുടങ്ങിയവയുടെ സമ്പന്നനിക്ഷേപങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

ആല്‍ബെര്‍ട്ട തടാകം

ഭൂപ്രകൃതി. വടക്കോട്ടും കിഴക്കോട്ടുമായി ചരിഞ്ഞിറങ്ങുന്നതരത്തിലുള്ള പടിഞ്ഞാറരികിലെ റോക്കി ഉന്നതപ്രദേശത്തിന്‌ സമുദ്രനിരപ്പില്‍നിന്നുള്ള ഉയരം ശരാശരി 1,200 മീ. ആണ്‌; പ്രവിശ്യയുടെ വ.കി. അരികാകുമ്പോഴേക്കും ശരാശരി ഉയരം 210 മീ. ആയി കുറയുന്നു. മൊത്തത്തില്‍ നിരന്ന ഭുപ്രകൃതിയാണുള്ളതെങ്കിലും നദീതടങ്ങള്‍ നിമ്‌നപ്രദേശങ്ങളാണ്‌; അവിടവിടെയായി ഒറ്റപ്പെട്ട നിലയില്‍ എഴുന്നുകാണുന്ന കുന്നുകളുമുണ്ട്‌. പ്ലിസ്റ്റോസീന്‍ യുഗത്തിലെ ഹിമനദീയനത്തിന്റെയും തുടര്‍ന്നുണ്ടായ ഹിമാനികളുടെ പിന്‍വാങ്ങലിന്റെയും സ്വാധീനം ഇവിടത്തെ ഭൂരൂപങ്ങളില്‍ പ്രസ്‌പഷ്‌ടമാണ്‌. വ. ആല്‍ബെര്‍ട്ടയിലെ നദികള്‍ ആര്‍ട്ടിക്കിലേക്കാണൊഴുകുന്നത്‌; മധ്യ-ദക്ഷിണഭാഗങ്ങളിലുള്ളവ ഹഡ്‌സണ്‍ ഉള്‍ക്കടലിലേക്കും. മിസ്സൗറി-മിസിസ്സിപ്പിയുടെ ചില പോഷകനദികള്‍ ഈ പ്രവിശ്യയുടെ തെക്കരികില്‍ ഉദ്‌ഭവിക്കുന്നു. പടിഞ്ഞാറരികിലുള്ള പര്‍വതമേഖലയുടെ ശരാശരി ഉയരം 2,450 മീ. ആണ്‌; ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ്‌ "മൗണ്ട്‌ കൊളമ്പിയ' (3,750 മീ.). 3,350 മീ.-ലേറെ പൊക്കമുള്ള വേറെയും അനേകം കൊടുമുടികളുണ്ട്‌.

കാലാവസ്ഥ. ഉഷ്‌ണകാലത്തെയും ശീതകാലത്തെയും കാലാവസ്ഥകള്‍ തമ്മില്‍ വലുതായ അന്തരമുണ്ട്‌. ശീതകാലത്ത്‌ ആര്‍ട്ടിക്‌മേഖലയില്‍നിന്നെത്തുന്ന നീരാവി രഹിതമായ ശീതളവായുപിണ്ഡങ്ങളുടെ സ്വാധീനമാണുള്ളത്‌. മഴക്കുറവും അതിശൈത്യവും അനുഭവപ്പെടുന്നു; എന്നാല്‍ ഉഷ്‌ണകാലത്ത്‌ അത്‌ലാന്തിക്കില്‍നിന്നും കരീബിയന്‍കടലില്‍നിന്നും വന്‍കരയിലേക്കു വീശുന്ന നീരാവിസമ്പൂര്‍ണമായ വായുപിണ്ഡങ്ങള്‍ ദ. ആല്‍ബെര്‍ട്ടയോളം വന്നെത്തുകയും തത്‌ഫലമായി സാമാന്യമായ തോതില്‍ മഴ ലഭിക്കുകയും ചെയ്യുന്നു. പസഫിക്കില്‍നിന്നും വീശുന്ന കാറ്റുകള്‍ പ്രവിശ്യയുടെ പടിഞ്ഞാറരികിലുള്ള മലനിരകള്‍ കടക്കുന്നതോടെ നീരാവിരഹിതമായിത്തീരുന്നു; ഇവ നന്നേ അപൂര്‍വമായിമാത്രമേ മഴ പെയ്യിക്കാറുള്ളൂ. ശീതകാലത്ത്‌ ഈ കാറ്റുകള്‍ മലഞ്ചരിവുകളിലൂടെ താഴോട്ടുവീശുന്നതിനാല്‍ ഉഷ്‌ണക്കാറ്റുകളായി മാറി പ്രവിശ്യയിലെ താപനിലയില്‍ വര്‍ധനവുണ്ടാക്കുന്നു; ഇവ ചിനൂക്‌ എന്ന പേരില്‍ അറിയപ്പെടുന്നു.

മേയ്‌ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള ഗ്രീഷ്‌മകാലത്താണ്‌ മഴ ലഭിക്കുന്നത്‌. വര്‍ഷപാതം അനിശ്ചിതവും അനിയമിതവുമാണ്‌. വാര്‍ഷികവര്‍ഷപാതം പ്രവിശ്യയുടെ മധ്യഭാഗത്ത്‌ 45 സെ.മീ-ഉം ഉത്തരഭാഗത്ത്‌ 35 സെ.മീ-ഉം തെ.കി. ഭാഗത്ത്‌ 33 സെ.മീ.-ഉം ദ.പ. ഭാഗത്ത്‌ 50 സെ.മീ.-ഉം ആണ്‌. ഇടയ്‌ക്കിടെ ഹിമപാതവും ഉണ്ടാകാറുണ്ട്‌. പ്രവിശ്യയുടെ തെക്കന്‍ഭാഗങ്ങളില്‍ ഗ്രീഷ്‌മകാലം മുഴുവനും തന്നെ നേരിട്ടുള്ള സൂര്യാതപം ലഭിക്കുന്നു; വടക്കോട്ടുപോകുന്തോറും സൂര്യാതപത്തിന്റെ കുറവുമൂലം ബാഷ്‌പീകരണത്തിന്റെ തോതിലും കുറവുണ്ടാകുന്നു. ആല്‍ബെര്‍ട്ടയുടെ ദക്ഷിണഭാഗങ്ങള്‍ അര്‍ധശുഷ്‌കപ്രദേശമായും ഉത്തരഭാഗങ്ങള്‍ നനവുള്ളതായും തീരുവാനുള്ള കാരണം ഇതാണ്‌. മാധ്യ-താപനില ഗ്രീഷ്‌മകാലത്ത്‌ 10മ്പഇ-നു മുകളിലാണ്‌; എന്നാല്‍ ന. മുതല്‍ മാ. വരെയുള്ള ശീതകാലത്ത്‌ 0മ്പഇ-ല്‍ താഴെയുമാണ്‌.

സസ്യജാലം. മച്ചിന്റെ ഈര്‍പ്പനിലയെ ആശ്രയിച്ചാണ്‌ നൈസര്‍ഗികസസ്യജാലത്തിന്റെ വിതരണക്രമം. പ്രവിശ്യയുടെ തെക്കന്‍ഭാഗങ്ങളില്‍ ഉയരംകുറഞ്ഞ പുല്‍വര്‍ഗങ്ങളും മധ്യഭാഗത്ത്‌ ഇലകൊഴിയും മരങ്ങളും, ഉത്തരഭാഗത്ത്‌ കോണിഫറസ്‌ വൃക്ഷങ്ങളുമാണുള്ളത്‌. ആല്‍ബെര്‍ട്ടയുടെ തെ.കി. ഭാഗം സ്‌റ്റെപ്‌ (steppe) മാതൃകയിലുള്ള പുല്‍മേടാണ്‌. ഉത്തരപശ്ചിമഭാഗങ്ങളിലേക്കു നീങ്ങുന്തോറും വൃക്ഷങ്ങള്‍ക്കിടിയിലായി കൂടുതല്‍ ഉയരത്തില്‍ വളരുന്ന പുല്‍വര്‍ഗങ്ങള്‍ കാണാം. ഇലകൊഴിയും വനങ്ങള്‍ താരതമ്യേന നിബിഡമായും കോണിഫറസ്‌ വനങ്ങള്‍ തുറസ്സായും കാണപ്പെടുന്നു; രണ്ടിനങ്ങളിലുമുള്ള വൃക്ഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന മിശ്രവനങ്ങളുമുണ്ട്‌.

ആല്‍ബെര്‍ട്ടയില്‍ കാണപ്പെടുന്ന കാട്ടാട്‌

ജന്തുവര്‍ഗങ്ങള്‍. മുമ്പ്‌ ധാരാളമായി വിഹരിച്ചു പോന്ന കാട്ടുപോത്തുകള്‍ അനിയന്ത്രിതമായ വേട്ടയാടലിന്റെ ഫലമായി ഇപ്പോള്‍ വിരളമാണ്‌. ബാഡ്‌ജര്‍ (Taxides taxus), ചെന്നായ്‌, മുയല്‍ തുടങ്ങിയവയാണ്‌ പ്രയറിമേഖലയിലെ മൃഗങ്ങള്‍. വനപ്രദേശങ്ങളില്‍ കരടി, ചെന്നായ്‌, കാട്ടുപച്ച, ബീവര്‍, മസ്‌ക്‌റാറ്റ്‌, നീര്‍നായ്‌, കുറുനരി, കടമാന്‍, കഴുതമാന്‍, കരിബൂ, കാട്ടാട്‌ തുടങ്ങിയവയാണുള്ളത്‌; വിവിധയിനം പക്ഷികളും കാണപ്പെടുന്നു.

ആല്‍ബെര്‍ട്ടയിലെ നിയമസഭാമന്ദിരം

ജനങ്ങള്‍. ജനസംഖ്യയില്‍ ഭൂരിഭാഗവും യൂറോപ്യരാണ്‌. അമേരിന്ത്യരും എസ്‌കിമോകളുമുള്‍പ്പെട്ട തദ്ദേശീയര്‍ 2.3%-ത്തോളമേ വരൂ. യൂറോപ്യര്‍ ബ്രിട്ടിഷ്‌ (48.1%), ജര്‍മന്‍ (11.5%), ഉക്രനിയന്‍ (9.3%), സ്‌കാന്‍ഡിനേവിയന്‍ (7.5%), ഫ്രഞ്ച്‌ (6.0%) എന്നീ വംശജരാണ്‌. ജനസാന്ദ്രത നന്നേ കുറവാണ്‌.

ആര്‍ട്‌ ഗാലറി-ആല്‍ബെര്‍ട്ട

സമ്പദ്‌വ്യവസ്ഥ. കൃഷിയും കന്നുകാലിവളര്‍ത്തലുമാണ്‌ മുഖ്യ തൊഴിലുകള്‍. കാലിവളര്‍ത്തലില്‍ കാനഡയിലെ പ്രവിശ്യകള്‍ക്കിടയില്‍ ആല്‍ബെര്‍ട്ടയ്‌ക്ക്‌ ഒന്നാം സ്ഥാനമാണുള്ളത്‌. ഗോതമ്പാണ്‌ മുഖ്യവിള; ബാര്‍ലി, ഓട്ട്‌സ്‌, ചണം എന്നിവയും കൃഷിചെയ്യപ്പെടുന്നു. ഗോതമ്പും ഗവ്യോത്‌പന്നങ്ങളും കയറ്റുമതിച്ചരക്കുകളാണ്‌; പന്നിവളര്‍ത്തല്‍ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌.

പ്രവിശ്യയുടെ തെക്കന്‍ഭാഗങ്ങള്‍ ജലസിക്തമാണ്‌. പച്ചക്കറികള്‍ ധാരാളമായി വളര്‍ത്തപ്പെടുന്ന ഈ പ്രദേശത്ത്‌ കാലിവളര്‍ത്തലും വിപുലമായി നടക്കുന്നു; തന്മൂലം കാനിംഗ്‌ (canning) വ്യവസായം വികസിച്ചിരിക്കുന്നു. പ്രവിശ്യയുടെ 60%-ത്തോളം വനങ്ങളാണ്‌. സമ്പദ്‌പ്രധാനങ്ങളായ വിവിധയിനം വൃക്ഷങ്ങളുടെ സമൃദ്ധി തടിവ്യവസായം-വിശിഷ്യാ പ്ലൈവുഡ്‌ നിര്‍മാണം-അഭിവൃദ്ധിപ്പെടുത്തിയിട്ടുണ്ട്‌.

കാനഡയിലെ ഏറ്റവും വലിയ കല്‌ക്കരിനിക്ഷേപങ്ങള്‍ ആല്‍ബെര്‍ട്ടയിലാണ്‌; റോക്കിപ്രദേശത്തുനിന്നാണ്‌ മുന്തിയയിനം കല്‌ക്കരി ലഭിക്കുന്നത്‌. പെട്രാളിയം, പ്രകൃതിവാതകം എന്നിവയുടെ വമ്പിച്ച നിക്ഷേപങ്ങളുണ്ട്‌. കുഴല്‍മാര്‍ഗം പസഫിക്‌ തീരത്തുള്ള വാന്‍കൂവര്‍, സാര്‍ണിയ എന്നീ തുറമുഖങ്ങളില്‍ എത്തിച്ചാണ്‌ എച്ച വിപണനം നടത്തുന്നത്‌. കാലിഫോര്‍ണിയ ഉള്‍പ്പെടെയുള്ള യു.എസ്‌. പ്രദേശങ്ങളിലേക്കും പൈപ്പുലൈനുകള്‍വഴി എച്ചയും പ്രകൃതിവാതകവും എത്തിക്കുന്നു.

കറിയുപ്പ്‌, ജിപ്‌സം, ബെന്റാണൈറ്റ്‌, കളിമച്ച്‌ തുടങ്ങിയവയാണ്‌ മറ്റു ധാതുക്കള്‍. പ്രവിശ്യയുടെ തെക്കു പടിഞ്ഞാറുഭാഗത്ത്‌ ബോ നദിയിലെ വെള്ളച്ചാട്ടങ്ങള്‍ വൈദ്യുത്യുത്‌പാദനകേന്ദ്രങ്ങളായിത്തീര്‍ന്നിരിക്കുന്നു. വടക്കേ ആല്‍ബെര്‍ട്ടയിലെ നദികള്‍ ജനപദങ്ങളില്‍നിന്നും വിദൂരസ്ഥങ്ങളായതിനാല്‍ അവയിലെ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തിയിട്ടില്ല.

വ്യവസായങ്ങള്‍. പ്രയറിപ്രദേശത്തില്‍ വൈയവസായികമായി ഏറ്റവും കൂടുതല്‍ വികാസം പ്രാപിച്ച പ്രവിശ്യയാണ്‌ ആല്‍ബെര്‍ട്ട. കല്‌ക്കരി, പെട്രാളിയം എന്നിവ ധാരാളമായി ലഭ്യമാണെന്നതാണ്‌ ഇതിനു കാരണം. ഭക്ഷ്യസംസ്‌കരണം, രാസവസ്‌തുനിര്‍മാണം, ഇരുമ്പുരുക്കുവ്യവസായം, യന്ത്രാത്‌പാദനം, കടലാസ്‌ നിര്‍മാണം തുടങ്ങിയവയാണ്‌ മുന്തിയ വ്യവസായങ്ങള്‍.

ഗതാഗതം. റയില്‍വേയാണ്‌ പ്രധാന ഗതാഗതമാര്‍ഗം. വ. ആല്‍ബെര്‍ട്ടയില്‍ ജലഗതാഗതത്തിനു പ്രാമുഖ്യമുണ്ട്‌. ആതബാസ്‌കനദി റയില്‍കേന്ദ്രങ്ങളെയും ജലമാര്‍ഗങ്ങളുടെ ശൃംഖലയായ മക്കിന്‍സി വ്യൂഹത്തെയും ബന്ധിപ്പിക്കുന്നു റോഡുഗതാഗതവും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. എഡ്‌മണ്‍ടണ്‍, കാല്‍ഗറി തുടങ്ങിയ നഗരങ്ങള്‍ കാനഡയിലും യു.എസ്സിലുമുള്ള വലിയ പട്ടണങ്ങളുമായി വ്യോമസമ്പര്‍ക്കം പുലര്‍ത്തിപ്പോരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍