This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽബുക്കർക്ക്‌, അഫോണ്‍സോ ദെ (1453 - 1515)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍ബുക്കര്‍ക്ക്‌, അഫോണ്‍സോ ദെ (1453 - 1515)

Albuquerque, Afonso d'e

പോര്‍ത്തുഗീസ്‌ ഇന്ത്യയിലെ രണ്ടാമത്തെ വൈസ്രോയി. ലിസ്‌ബണിനടുത്ത്‌ അല്‍ഹാണ്ട്രയില്‍ 1453-ല്‍ ജനിച്ചു. പോര്‍ത്തുഗല്‍ രാജാവായ അല്‍ഫോന്‍സോ, ആല്‍ബുക്കര്‍ക്കിന്റെ ബാല്യകാലസുഹൃത്തായിരുന്നു. 28-ാം വയസ്സില്‍ തുര്‍ക്കികളുമായുള്ള യുദ്ധത്തില്‍ പങ്കെടുത്ത്‌ വിജയിയായതിനെത്തുടര്‍ന്ന്‌ രാജകീയസേനയുടെ അധിപനും രാജാവിന്റെ അംഗരക്ഷകനുമായി നിയമിതനായി.

ആല്‍ബുക്കര്‍ക്ക്‌ സ്‌മാരകം-ലിസ്‌ബണ്‍

കേരളത്തില്‍. 1503-ല്‍ ഒരു നാവികസേനയെ നയിച്ചുകൊണ്ട്‌ ആല്‍ബുക്കര്‍ക്ക്‌ പൗരസ്‌ത്യയാത്ര ആരംഭിച്ചു. കൊച്ചിരാജാവിന്റെ അനുമതിയോടെ ആല്‍ബുക്കര്‍ക്ക്‌ വൈപ്പിന്‍കരയില്‍ പള്ളിപ്പുറത്ത്‌ ഒരു കോട്ട (മാനുവല്‍ കോട്ട) നിര്‍മിച്ചു (1503). യൂറോപ്യന്‍ശക്തികള്‍ ഇന്ത്യയില്‍ നിര്‍മിച്ച കോട്ടകളില്‍ ആദ്യത്തേത്‌ ഇതായിരുന്നു. കൊല്ലത്ത്‌ ഒരു വ്യാപാരകേന്ദ്രം സ്ഥാപിച്ചതിനുശേഷം 1504-ല്‍ ആല്‍ബുക്കര്‍ക്ക്‌ തിരിച്ചുപോയി.

ട്രിസ്റ്റൊ ദ കൂണ്യയുടെ നേതൃത്വത്തില്‍ യാത്രതിരിച്ച 14 യുദ്ധക്കപ്പലുകളില്‍, 5 യുദ്ധക്കപ്പലുകളും നയിച്ചുകൊണ്ട്‌ ആല്‍ബുക്കര്‍ക്ക്‌ വീണ്ടും ഇന്ത്യയിലേക്ക്‌ യാത്രയായി. യാത്രാമധ്യേ ഈ കപ്പല്‍സമൂഹം വേര്‍പിരിയുകയാല്‍ ആല്‍ബുക്കര്‍ക്ക്‌ പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ പ്രവേശനദ്വാരത്തിലുള്ള ഓര്‍മുസ്‌ ദ്വീപില്‍ ഇറങ്ങി, അവിടം കൈവശപ്പെടുത്തി. പക്ഷേ, താമസിയാതെ ഇദ്ദേഹത്തിന്‌ അവിടം കൈയൊഴിയേണ്ടിവന്നു.

1508-ല്‍ ഓര്‍മുസില്‍നിന്ന്‌ കച്ചൂര്‍ കടല്‍പ്പുറത്ത്‌ ഇറങ്ങിയ ആല്‍ബുക്കര്‍ക്ക്‌ അന്നത്തെ പോര്‍ച്ചുഗീസ്‌ ഗവര്‍ണറായ അല്‍മേഡയുമായി (1450-1510) അധികാരക്കൈമാറ്റം സംബന്ധിച്ച്‌ അഭിപ്രായഭിന്നതയിലായി. ഗവര്‍ണര്‍ ഇദ്ദേഹത്തെ കുറച്ചുനാള്‍ തടങ്കലില്‍ വച്ചിരുന്നു എങ്കിലും പോര്‍ച്ചുഗീസ്‌ ഗ്രാന്റ്‌ മാര്‍ഷല്‍ ഇടപെട്ട്‌ ആ പ്രതിസന്ധി അവസാനിപ്പിച്ചു. ആല്‍ബുക്കര്‍ക്കിന്‌ 1509 ന. 15-ന്‌ പൂര്‍ണാധികാരം കൈവന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്തെ ആദ്യത്തെ സംഭവം, കോഴിക്കോട്‌ ആക്രമണമായിരുന്നു. മാര്‍ഷല്‍ കുടിഞ്ഞോ(Coutinho)യുടെ നേതൃത്വത്തില്‍ പോര്‍ച്ചുഗീസ്‌ സൈന്യം 1510 ജനു.-ല്‍ കോഴിക്കോട്‌ ആക്രമിച്ചു. പോര്‍ച്ചുഗീസുകാര്‍ക്ക്‌ കോഴിക്കോട്ട്‌ വലിയ എതിര്‍പ്പൊന്നും അനുഭവപ്പെട്ടില്ല. ക്രമേണ നാട്ടുകാര്‍ പോര്‍ച്ചുഗീസുകാരെ എതിര്‍ത്തു. കുടിഞ്ഞോ ഉള്‍പ്പെടെ നിരവധി പ്രഭുക്കന്മാര്‍ വധിക്കപ്പെട്ടു. ആല്‍ബുക്കര്‍ക്കിന്റെ സമയോചിതമായ ഇടപെടലാണ്‌ സൈന്യത്തെ പൂര്‍ണനാശത്തില്‍നിന്നും രക്ഷിച്ചത്‌. ഈ പരാജയം സാമൂതിരിക്കെതിരെ ഒരു മുന്നണി ഉണ്ടാക്കുന്ന ശ്രമത്തില്‍നിന്നും ആല്‍ബുക്കര്‍ക്കിനെ വിരമിപ്പിച്ചില്ല. കരവഴി വിജയനഗരവും കടല്‍വഴി കോഴിക്കോടും ആക്രമിക്കാന്‍ ആല്‍ബുക്കര്‍ക്ക്‌ ഒരു പദ്ധതി ആസൂത്രണം ചെയ്‌തു. ഇക്കാലത്ത്‌ ബിജാപ്പൂരിലെ ആദില്‍ഷാഹി സുല്‍ത്താന്മാരുടെ പ്രമുഖ തുറമുഖമായിരുന്ന ഗോവ പിടിച്ചെടുക്കാന്‍ ആല്‍ബുക്കര്‍ക്കിനു കഴിഞ്ഞു. ഗോവയില്‍ ആധിപത്യമുറപ്പിച്ചതിനെ തുടര്‍ന്ന്‌ ഭട്‌കലില്‍ കോട്ടകെട്ടാന്‍ പോര്‍ച്ചുഗീസുകാര്‍ക്ക്‌ വിജയനഗരരാജാവ്‌ (കൃഷ്‌ണദേവരായര്‍) അനുവാദം നല്‌കി.

കൊച്ചിയില്‍ തിരിച്ചെത്തിയ ആല്‍ബുക്കര്‍ക്ക്‌ സാമൂതിരിയെ ആക്രമിക്കാന്‍ കൃഷ്‌ണദേവരായരോട്‌ ആവശ്യപ്പെട്ടു. കൃഷ്‌ണദേവരായരുടെ ഒരു സൈന്യം തിരൂര്‍ വന്ന്‌ അവിടെ ഒരു കോട്ടകെട്ടി. സാമൂതിരി ആ കോട്ട ആക്രമിച്ച്‌ അവരെ ഓടിച്ചു. സാമൂതിരിയും കുഞ്ഞാലിമരക്കാരും കൂടി പോര്‍ച്ചുഗീസുകാര്‍ക്കെതിരായി ഒളിയുദ്ധം ആരംഭിച്ചു. തന്നിമിത്തം പോര്‍ച്ചുഗീസുകാരുടെ കൊച്ചി-കച്ചൂര്‍ സമുദ്രഗതാഗതവും വ്യാപാരവും സ്‌തംഭിച്ചു. സാമൂതിരിയെ വിഷംകൊടുത്തു കൊല്ലാന്‍ പോര്‍ച്ചുഗീസ്‌ അനുഭാവിയായ ഇളമുറത്തമ്പുരാനെ പ്രരിപ്പിച്ചു. സാമൂതിരിയുടെ പെട്ടെന്നുള്ള മരണം തന്റെ നിര്‍ദേശപ്രകാരം ഇളമുറത്തമ്പുരാന്‍ പ്രവര്‍ത്തിച്ചതുമൂലമാണെന്ന്‌ ആല്‍ബുക്കര്‍ക്ക്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌ (Commentaries). ആല്‍ബുക്കര്‍ക്ക്‌ പുതിയ സാമൂതിരിയുമായി, കച്ചൂരിലെയും കൊച്ചിയിലെയും രാജാക്കന്മാരുടെ അപ്രീതിയെ വിഗണിച്ച്‌ 1513 ഡി.14-ന്‌ ഒരു സൗഹൃദസന്ധിയില്‍ ഒപ്പുവച്ചു. 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗോവ, മലബാര്‍തീരം, സിലോണ്‍, മലാക്ക, സുണ്ടദ്വീപുകള്‍, ഓര്‍മുസ്‌ എന്നിവിടങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ആല്‍ബുക്കര്‍ക്കിനു കഴിഞ്ഞു. ചെങ്കടലില്‍ പോര്‍ച്ചുഗീസ്‌ ആധിപത്യം പൂര്‍ണമായും സ്ഥാപിക്കാന്‍ ഇദ്ദേഹം തയ്യാറെടുപ്പുകള്‍ നടത്തി. 1513-ല്‍ ഏഡന്‍ കീഴടക്കിയെങ്കിലും അവിടെ പിടിച്ചു നില്‌ക്കാന്‍ കഴിഞ്ഞില്ല.

ആല്‍ബുക്കര്‍ക്ക്‌ ഇന്ത്യാക്കാരെ പോര്‍ച്ചുഗീസ്‌ സൈന്യത്തില്‍ ചേര്‍ത്ത്‌ യൂറോപ്യന്‍മാതൃകയില്‍ അവര്‍ക്ക്‌ പരിശീലനം നല്‌കി; വിദ്യാലയങ്ങള്‍ സ്ഥാപിക്കുകയും പുതിയ നാണയങ്ങള്‍ നടപ്പിലാക്കുകയും സതി നിരോധിക്കുകയും ചെയ്‌തു; നീതിപരിപാലനം കര്‍ശനമാക്കി. അഴിമതിക്കാരായ പോര്‍ച്ചുഗീസ്‌ ഉദ്യോഗസ്ഥന്മാര്‍ നടത്തിയിരുന്ന സ്വകാര്യവാണിജ്യം ഇദ്ദേഹം അവസാനിപ്പിച്ചു. ഭാരതീയ സ്‌ത്രീകളെ വിവാഹം കഴിക്കാന്‍ അദ്ദേഹം പോര്‍ച്ചുഗീസ്‌ ഉദ്യോഗ്‌സ്ഥന്മാരെ പ്രരിപ്പിച്ചെന്നുമാത്രമല്ല, മിശ്രവിവാഹങ്ങളില്‍ പങ്കെടുത്തുകൊണ്ടും ദമ്പതികള്‍ക്ക്‌ പാരിതോഷികങ്ങള്‍ സമ്മാനിച്ചുകൊണ്ടും അത്തരം വിവാഹങ്ങളെ പ്രാത്സാഹിപ്പിക്കുകയും ചെയ്‌തു. സ്വന്തം കീഴുദ്യോഗസ്ഥന്മാരുടെ ഉപജാപങ്ങള്‍മൂലം 1515-ല്‍ ആല്‍ബുക്കര്‍ക്കിനെ ഇമ്മാനുവല്‍ രാജാവ്‌ തിരിച്ചുവിളിച്ചു. ഗോവയില്‍നിന്നും ഓര്‍മുസിലേക്കുള്ള യാത്രയില്‍ ഈ പോര്‍ച്ചുഗീസ്‌ ഭരണാധികാരി കപ്പലില്‍ വച്ച്‌ 1515 ഡി. 15-ന്‌ അന്തരിച്ചു. ഇദ്ദേഹത്തിന്റെ ജഡം ഗോവയില്‍ സംസ്‌കരിക്കപ്പെട്ടു; എന്നാല്‍ 1566-ല്‍ അത്‌ പോര്‍ച്ചുഗലിലേക്ക്‌ മാറ്റി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍