This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽബനിസ്‌ ഐസക്ക്‌ (1860 - 1909)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍ബനിസ്‌ ഐസക്ക്‌ (1860 - 1909)

Alabanis Isac

സ്‌പാനിഷ്‌ ഗാനരചയിതാവും പിയാനോവിദഗ്‌ധനും. 1860-ല്‍ കാംപ്രാഡണില്‍ ജനിച്ചു. മാനുവല്‍ ഫ്രാന്‍സിസ്‌കൊ എന്ന പേരിലും അറിയപ്പെടുന്നു. ബാല്യകാലത്തുതന്നെ പിയാനോ വായനയില്‍ അസാധാരണമായ പ്രതിഭാവിലാസം പ്രകടിപ്പിച്ചുവെങ്കിലും പ്രായക്കുറവിനെ പരിഗണിച്ച്‌ പാരീസിലെ സംഗീതവിദ്യാലയത്തില്‍ ഇദ്ദേഹത്തിന്‌ പ്രവേശനം നിഷേധിക്കപ്പെട്ടു. മാഡ്രിഡില്‍ ചെന്ന ആല്‍ബനിസ്‌ അവിടെനിന്നും ഒളിച്ചോടിപ്പോകുകയാണുണ്ടായത്‌. വിവിധ നഗരങ്ങളില്‍ സംഗീതാലാപനങ്ങള്‍ നടത്തിയശേഷം 14-ാമത്തെ വയസ്സില്‍ ലീപ്‌സിഗിലെ സംഗീത കലാവിദ്യാലയത്തില്‍ ചേര്‍ന്ന്‌ അഭ്യസനം ആരംഭിച്ചു. സാമ്പത്തിക വൈഷമ്യത്താല്‍ അഭ്യസനം പൂര്‍ത്തിയാക്കാന്‍ കഴിയാതെവന്ന ആല്‍ബനിസിന്‌ സ്‌പെയിനിലെ രാജാവില്‍നിന്നും ലഭിച്ച ധസഹായത്തോടെ ബ്രസ്സല്‍സില്‍ പഠനം തുടരാന്‍ സാധിച്ചു. 1878-ല്‍ ബുഡാപെസ്റ്റിലെത്തി ലിസ്റ്റിന്റെ ശിഷ്യനായി. സ്‌പെയിനിന്റെ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ഇദ്ദേഹം രചിച്ച പ്രശസ്‌ത ഗാനങ്ങളാണ്‌ "കൊര്‍ദോബ', "തന്‍ഗോ' എന്നിവ.

ആല്‍ബനിസ്‌ ഐസക്ക്‌

1890-ല്‍ പാരീസിലേക്കു താമസം മാറ്റി. വിന്‍സെന്റ്‌ ദ ഇന്‍ദി, പാള്‍ ദുകാസ്‌ എന്നീ ഫ്രഞ്ചുസംഗീതജ്ഞന്മാരുടെ സ്വാധീനത്തിന്‌ വിധേയനായതോടെ സംഗീതരചനയില്‍ ഇദ്ദേഹം കൂടുതല്‍ ഗൗരവം കണ്ടെത്തി. ഈ കാലഘട്ടത്തില്‍ത്തന്നെ ഫ്രാന്‍സിസ്‌ ബര്‍ഡറ്റ്‌ എന്ന ഇംഗ്ലീഷ്‌ ബാങ്കര്‍ താന്‍ രചിച്ച സംഗീതികകളുടെ സംവിധാനം നിര്‍വഹിക്കുവാന്‍ ആല്‍ബനിസിനെ ക്ഷണിക്കുകയും ആകര്‍ഷകമായ പ്രതിഫലം നല്‌കുകയും ചെയ്‌തു. ഇദ്ദേഹത്തിന്റെ പ്രശസ്‌തകൃതികളാണ്‌ ഹെന്‌റി ക്‌ളിഫോര്‍ഡ്‌ (1895), പെപിറ്റാജിമെനസ്‌ (1896) എന്നിവ. സ്‌പെയിനിലെ ജീവിതരംഗങ്ങളെ യഥാതഥമായി പ്രതിപാദിച്ചുകൊണ്ട്‌ 1906-നും 1909-നും ഇടയ്‌ക്ക്‌ രചിച്ച ഐബിരിയ ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതിയായി അറിയപ്പെടുന്നു.

1900-ല്‍ സ്‌പെയിനില്‍ മടങ്ങിയെത്തിയ ആല്‍ബനിസ്‌ ആര്‍തൂറിയന്‍ ഓപറാസംഘത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. 1909 മേയ്‌ 12-ന്‌ കമ്പോ-ലെ-ബെയിന്‍സില്‍വച്ച്‌ ആല്‍ബനിസ്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍