This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽഫബെത്തം ഗ്രന്ദോണിക്കോ മലബാറിക്കം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍ഫബെത്തം ഗ്രന്ദോണിക്കോ മലബാറിക്കം

മലയാളത്തിലെ ഗ്രന്ഥാക്ഷരമാലയെപ്പറ്റി ലത്തീന്‍ ഭാഷയില്‍ രചിക്കപ്പെട്ടിട്ടുള്ള ഒരു പുസ്‌തകം. പീഡ്‌മോണ്ടുകാരനും 18-ാം ശ.-ത്തില്‍ വരാപ്പുഴ കര്‍മലീത്താ ആശ്രമത്തിലെ ഒരു അംഗവുമായിരുന്ന ക്ലെമന്റ്‌ പാതിരി (ക്ലെമന്റ്‌ പിയാനിയസ്‌ അലക്‌സാണ്ട്രിനസ്‌ എന്നു പൂര്‍ണനാമം) ആണ്‌ ഇതിന്റെ കര്‍ത്താവ്‌. അര്‍ണോസു പാതിരിയുടെയും മറ്റും സഹായത്താല്‍ നാട്ടുഭാഷ പഠിച്ചു പാണ്ഡിത്യം നേടിയ ഈ വൈദികന്‍ മലയാളത്തില്‍ ഒരു നിഘണ്ടുവും കേരളത്തിലെ കത്തോലിക്കരുടെ ഇടയില്‍ കുമ്പേന്തി എന്ന പേരില്‍ പ്രസിദ്ധമായ സംക്ഷേപവേദാര്‍ഥം എന്നൊരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്‌.

ഭാഷാവിഷയകമായി വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കൃതിയാണ്‌ ആല്‍ഫബെത്തം ഗ്രന്ദോണിക്കോ മലബാറിക്കം. ഈ പുസ്‌തകം ക്ലെമന്റ്‌ പാതിരി റോമില്‍ ബഹുഭാഷാമുദ്രണാലയത്തില്‍ (Polygot Press)എ.ഡി. 1772-ല്‍ (കൊ.വ. 947) അച്ചടിപ്പിച്ചു. ഇവയില്‍ അംഗീകരിച്ച മലയാളലിപികളുടെ മാതൃക കണ്ടാണ്‌ ബെയ്‌ലി സായിപ്പ്‌ പിന്നെയും അരശതാബ്‌ദത്തോളം കാലം കഴിഞ്ഞ്‌ കോട്ടയം സി.എം.എസ്‌. മുദ്രാലയത്തിനുവേണ്ടി പുതിയ അച്ചുകള്‍ വാര്‍ത്തുണ്ടാക്കിയത്‌. ആല്‍ഫബെത്തം ഗ്രന്ദോണിക്കോ മലബാറിക്കത്തില്‍ മലയാളഭാഷയെപ്പറ്റി ലത്തീനില്‍ ദീര്‍ഘമായ ഒരു മുഖവുരയുണ്ട്‌. കേരളത്തില്‍ ഗ്രന്ഥം, സംസ്‌കൃതം, മലയാഴ്‌മ എന്നിങ്ങനെ മൂന്നു ഭാഷകള്‍ നടപ്പിലുണ്ടായിരുന്നുവെന്നും അവയില്‍ ഗ്രന്ഥഭാഷയും സംസ്‌കൃതവും ഒന്നുതന്നെയായിരുന്നുവെന്നും ബ്രാഹ്മണര്‍ ഉപയോഗിച്ചിരുന്ന സാഹിത്യഗ്രന്ഥങ്ങളും വേദഗ്രന്ഥങ്ങളും ഈ ഭാഷയിലാണ്‌ എഴുതപ്പെട്ടിരുന്നതെന്നും, എങ്കിലും സാധാരണ വ്യവഹാരത്തില്‍ ബ്രാഹ്മണര്‍പോലും ഉപയോഗിച്ചിരുന്ന ഭാഷ മലയാഴ്‌മയായിരുന്നെന്നും മറ്റും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഗ്രന്ഥഭാഷയ്‌ക്കു ഗ്രന്ദോണിക്ക എന്നും സംസ്‌കൃതത്തിനു സംസ്‌കൃദോണിക്ക എന്നും മിഷനറിമാര്‍ പറഞ്ഞുപോന്നിരുന്നു. ശിവനും പാര്‍വതിയും തമ്മില്‍ നടന്ന സംവാദത്തെ ആസ്‌പദമാക്കി സംസ്‌കൃതത്തിന്റെ ഉത്‌പത്തിയെക്കുറിക്കുന്ന പുരാണകഥയും ക്ലെമന്റുപാതിരി രേഖപ്പെടുത്തിയിട്ടുണ്ട്‌. ആമുഖത്തിലും പുറംകവറിലും ഗ്രന്ഥനാമത്തോടു സിവെ സംസ്‌കൃദോണിക്കം എന്നുകൂടി ചേര്‍ത്തിരിക്കുന്നു. മലയാളത്തിലെ സാഹിത്യഭാഷ സംസ്‌കൃതം തന്നെയാണെന്ന ധാരണ പണ്ടത്തെ മിഷനറിമാര്‍ക്കെല്ലാം ഉണ്ടായിരുന്നു. ചിത്തരുവ (സിദ്ധരൂപ)വും അമരകോശവും മലയാളത്തിന്റെ വ്യാകരണവും നിഘണ്ടുവുമാണെന്ന്‌ ആമുഖത്തില്‍ പറഞ്ഞിരിക്കുന്നു.

കേരളത്തില്‍ മലയാളവും സംസ്‌കൃതവും എഴുതാന്‍ ഉപയോഗിച്ചിരുന്ന ലിപിമാലയെപ്പറ്റിയാണ്‌ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നത്‌. ഇതില്‍ പതിനൊന്ന്‌ അധ്യായങ്ങള്‍ അടങ്ങിയിരിക്കുന്നു. ഓരോന്നിന്റെയും ഉള്ളടക്കം ഇപ്രകാരമാണ്‌: (1) സ്വരങ്ങള്‍; (2) വ്യഞ്‌ജനങ്ങളും അവയോടുചേര്‍ന്നുവരുന്ന സ്വരചിഹ്നങ്ങളും; (3) വ്യഞ്‌ജനസ്വരയോഗത്തിന്റെ പട്ടിക; (4) ക്യ, ക്ര, ക്ല, ക്വ, ര്‍ക്ക മാതൃകയിലുള്ള കൂട്ടക്ഷരങ്ങള്‍; (5) ക്ക, ങ്ക, ങ്ങ മാതൃകയില്‍ മ്മ വരെയും ര്‍, ല്‍, ഴ്‌, ള്‍, ന്‍ എന്നീ ചില്ലുകളും ന്‍റ, ന്‌ദ എന്നിവയും; (6) ല്‍, ര്‍, ള്‍, ഴ്‌, ന്‍, ണ്‍, ന്ന്‌, ം (അനുസ്വാരം) എന്നീ ചില്ലുകള്‍; (7) ക്‌ത, ക്‌ഥ, ക്‌ന, ക്‌സ മുതലായി ഒട്ടേറെ കൂട്ടക്ഷരങ്ങള്‍; (8) ക മുതല്‍ ക്‌ഷ, ഴ, റ വരെ ഓരോന്നിന്റെയും വിവരണം; (9) മലയാളത്തില്‍ F,Q,X,Z മുതലായവയ്‌ക്കു ലിപിയില്ലെന്ന കാര്യം; (10) 1/4, 1/2, 3/4, 1/8 എന്നീ ഭിന്നിതങ്ങളുടെ ലിപികള്‍ (സംഖ്യകളുടെ ലിപി അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്‌); (11) ക്രസ്‌തവപ്രാര്‍ഥനയും സാരോപദേശങ്ങളും.

ലിപിയെയും ഉച്ചാരണത്തെയും സംബന്ധിച്ച്‌ ശ്രദ്ധേയമായ പല സംഗതികളും ഈ ഗ്രന്ഥത്തിലുണ്ട്‌. എ, ഒ എന്നിവയ്‌ക്ക്‌ ഹ്രസ്വദീര്‍ഘഭേദമുണ്ടെങ്കിലും സാമാന്യമായി ലിപിയില്‍ വ്യത്യാസമില്ലെന്നു പറഞ്ഞിരിക്കുന്നു. "ക്ഷത്രം', "ദെവസ്വം', "ഗൊപുരം', "ആലൊചന' എന്നൊക്കെയാണല്ലോ അക്കാലങ്ങളില്‍ എഴുതിവന്നിരുന്നത്‌; ഏ, ഓ എന്ന ദീര്‍ഘലിപികളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്‌. കൗ, കൌ എന്നിങ്ങനെ ഔകാരംചേര്‍ന്ന വ്യഞ്‌ജനങ്ങള്‍ രണ്ടുവിധത്തില്‍ അന്നേ എഴുതിയിരുന്നു. ട്‌ഠ എന്ന കൂട്ടക്ഷരം എഴുതുമ്പോള്‍ ഠ യുടെ മധ്യത്തില്‍ ട എഴുതുകയായിരുന്നു പതിവ്‌. അ (അഥവാ ന) എന്ന പ്രതിഗ്രാഹികാവിഭക്തിപ്രത്യയം അന്നു നിലവിലിരുന്നു എന്ന്‌ 11-ാം അധ്യായത്തിലുള്ള "അപ്പനയും അമ്മനയും ബഹുമാനിച്ചുകൊള്‍ക' എന്ന ഉപദേശവാക്യത്തില്‍ നിന്നും വ്യക്തമാകുന്നു.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍