This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽപ്‌സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍പ്‌സ്‌

Alps

തെക്കേയൂറോപ്പില്‍ വ. അക്ഷാ. 44 ° മുതല്‍ 48 ° വരെയും കി. രേഖാ. 5 ° മുതല്‍ 18 ° വരെയും വ്യാപിച്ചുകിടക്കുന്ന മടക്കുപര്‍വതങ്ങളുടെ ശൃംഖല. സ്വിറ്റ്‌സര്‍ലണ്ട്‌, ഇറ്റലി, ഫ്രാന്‍സ്‌, ആസ്റ്റ്രിയ, പശ്ചിമജര്‍മനി എന്നീ രാജ്യങ്ങളുടെ ഭാഗങ്ങളാണ്‌ ആല്‍പ്‌സ്‌ മേഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്‌. ഇവയില്‍ സ്വിറ്റ്‌സര്‍ലണ്ട്‌ ഒട്ടാകെത്തന്നെ പര്‍വതപ്രദേശങ്ങളാണ്‌. ഇറ്റലിയിലെ ആപ്പിനൈന്‍സ്‌, യൂഗോസ്ലോവിയയിലെ ഡൈനാറിക്‌ നിരകള്‍, ബാള്‍ക്കന്‍ ഉപദ്വീപില്‍ കാര്‍പേത്തിയന്റെ തുടര്‍ച്ചയായി കാണുന്ന മലനിരകള്‍ എന്നിവ ആല്‍പ്‌സിന്റെ ശിഖരങ്ങളായി കരുതപ്പെടുന്നു. ഈ പര്‍വതശൃംഖല ഗ്രീസ്‌, ഏഷ്യാമൈനര്‍ എന്നിവിടങ്ങളിലെ ഉന്നതഭാഗങ്ങള്‍ ഉള്‍ക്കൊണ്ട്‌ ഇറാനിലും മധ്യ-ഏഷ്യയിലുമുള്ള പര്‍വതനിരകളായി സംക്രമിക്കുന്നുവെന്നാണ്‌ ഭൂവിജ്ഞാനികളുടെ അഭിപ്രായം.

ആല്‍പ്‌സ്‌ പര്‍വതനിരകള്‍

കെല്‍റ്റിക്‌ ഭാഷയിലെ "ആല്‍ബ്‌' എന്ന പദത്തില്‍നിന്നാണ്‌ ആല്‍പ്‌സിന്റെ നിഷ്‌പത്തി. "വെളുപ്പ്‌' എന്നും "ഉന്നതി' എന്നും അര്‍ഥമുള്ള "ആല്‍ബ്‌', ഈ പര്‍വതസാനുക്കളെ ആദ്യമായി അധിവസിച്ച ഇടയന്മാര്‍ മലഞ്ചരിവുകളിലെ മേച്ചില്‍പ്പുറങ്ങളെയോ മഞ്ഞുമൂടിയ ഗിരിശൃംഗങ്ങളെയോ സൂചിപ്പിക്കാന്‍ ഉപയോഗിച്ചുപോന്നതാകണം. ഇപ്പോള്‍ സാധാരണവ്യവഹാരത്തില്‍ "ആല്‍പ്‌സ്‌' പര്‍വതപ്രകൃതിയെ വ്യഞ്‌ജിപ്പിക്കുന്ന ഒരു വിശേഷണപദമായിത്തീര്‍ന്നിരിക്കുന്നു.

വിഭാഗങ്ങള്‍. മെഡിറ്ററേനിയന്‍ കടലിന്റെ ശാഖയായ ജനോവാ ഉള്‍ക്കടല്‍ത്തീരത്താരംഭിച്ച്‌ വിയന്ന വരെ നീണ്ടുകാണുന്ന, മലകളും അവയുടെ താഴ്‌വാരങ്ങളും ഇടകലര്‍ന്ന്‌ നിമ്‌നോന്നതമായിക്കിടക്കുന്ന ഭൂഭാഗം മുഴുവന്‍ ആല്‍പ്‌സ്‌ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ഈ മേഖലയെ പശ്ചിമ-മധ്യ-പൂര്‍വ ഭാഗങ്ങളായി വിഭജിക്കാം. പശ്ചിമ ആല്‍പ്‌സിലെ മുഖ്യ പര്‍വതനിരകള്‍ മാരിറ്റൈം, കോട്ടിയന്‍, ഡാഫിന്‍, ഗ്രയാന്‍, പെനൈന്‍ എന്നിവയാണ്‌. ഇറ്റലിയിലെ സമതലത്തിനും റിവേറാതീരത്തിനും വടക്ക്‌ തൂക്കായി എഴുന്നുകാണുന്ന മാരിറ്റൈം നിരയുടെ ഉയരം 3,000 മീറ്ററിലേറെ വരും. ഫ്രാന്‍സിന്റെയും ഇറ്റലിയുടെയും അതിര്‍ത്തി(മൗണ്ട്‌ ബ്ലാങ്ക്‌)യില്‍നിന്നും കിഴക്കോട്ട്‌ 100 കി.മീ. നീളത്തില്‍ കിടക്കുന്ന പെനൈന്‍നിരയാണ്‌ ആല്‍പ്‌സ്‌മേഖലയിലെ ഏറ്റവും ഉയര്‍ന്ന പര്‍വതം. മൗണ്ട്‌ ബ്ലാങ്ക്‌ (4,813 മീ.), മൗണ്ട്‌ റോസ (4,641 മീ.), മാറ്റൈര്‍ഹോണ്‍ (4,508 മീ.) എന്നിവ ഈ ഭാഗത്തുള്ള കൊടുമുടികളാണ്‌. ബേണീസ്‌ ആല്‍പ്‌സ്‌ എന്നറിയപ്പെടുന്ന മധ്യഭാഗത്തും നിരവധി ഉയര്‍ന്ന കൊടുമുടികളുണ്ട്‌. ഫിന്‍സ്റ്റെറാഹോണ്‍ (4,333 മീ.), അലെത്‌ഷോണ്‍ (4,185 മീ.) ജുങ്‌ഫ്ര (4,143 മീ.) എന്നിവയാണ്‌ എടുത്തുപറയാവുന്നവ. ബേണീസ്‌ ആല്‍പ്‌സിലെ സമാന്തരങ്ങളായ ഗിരിശൃംഗങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രകൃതിസൗന്ദര്യത്തിന്‌ മാറ്റുകൂട്ടുന്നു. ലെപ്പന്റൈന്‍, ടാഡി, ഗ്ലാറസ്‌, ബേണീന സ്റ്റെല്‍വിയോ, എന്‍ഗാദിന്‍, അല്‍ബുല, സില്‍വ്‌റെറ്റ, റേഷ്യന്‍ എന്നീ മലനിരകളും മധ്യ ആല്‍പ്‌സിന്റെ ഭാഗങ്ങളാണ്‌. താരതമ്യേന ഉയരംകുറഞ്ഞ പൂര്‍വആല്‍പ്‌സ്‌ നൈസര്‍ഗികസൗന്ദര്യം മുറ്റിനില്‌ക്കുന്ന ഭൂഭാഗമാണ്‌. പൂര്‍വ ആല്‍പ്‌സിലെ ബറേറിയന്‍, റ്റീറോള്‍, ജൂലിയന്‍, കാര്‍ണിക്‌, ഡോളമൈറ്റ്‌ എന്നീ നിരകളെല്ലാം പ്രകൃതിരമണീയങ്ങളാണ്‌; ഡോളമൈറ്റ്‌ ആല്‍പ്‌സ്‌ ജീര്‍ണിച്ച്‌ കടപുഴകി വീഴാവുന്ന അവസ്ഥയിലുള്ള ചുച്ചാമ്പുകല്‍ശൃംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നു. പൂര്‍വആല്‍പ്‌സ്‌ മേഖലയിലെമ്പാടും മലനിരകളെ കീറിമുറിച്ചൊഴുകുന്ന നീര്‍ച്ചാലുകളും അരുവികളും മലനിരകള്‍ക്കു സമാന്തരമായി നീളുന്ന മനോഹരങ്ങളായ താഴ്‌വാരങ്ങളും ദൃശ്യമാണ്‌.

ഹിമാനീഭവ ഭൂപ്രകൃതി. ഹിമരേഖയ്‌ക്കു മുകളില്‍ ഉയര്‍ന്നുകാണുന്ന പര്‍വതശിഖരങ്ങളിലായി മൊത്തം 1,200 ഹിമാനികള്‍ ആല്‍പ്‌സ്‌മേഖലയിലുണ്ട്‌. ഇവയില്‍ ഏറ്റവും വിസ്‌തൃതമായ ആലെഷ്‌ഹിമാനി(130 ചി.കി.മീ.)യുടെ നീളം 25.6 കി.മീ. ആണ്‌. ഈ ഹിമാനികള്‍ ഗിരിശൃംഗങ്ങളുടെ ദിശയില്‍ ക്രമമായി പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നു എന്ന്‌ അവയെ സംബന്ധിച്ച പഠനങ്ങള്‍ തെളിയിക്കുന്നു. വ്യാപകമായ ഹിമനദീയനത്തിന്റെയും പിന്‍വാങ്ങലിന്റെയും ഫലമായുണ്ടായ മൊറേനുകളും ഡ-ആകാരതാഴ്‌വരകളും നിറഞ്ഞ ഹിമാനീഭവ ഭൂപ്രകൃതിയാണ്‌ ആല്‍പ്‌സ്‌മേഖലയിലെ ഉന്നതപ്രദേശങ്ങളിലൊട്ടാകെയുള്ളത്‌. ഹിമാനികളുടെ പ്രവര്‍ത്തനഫലമായുണ്ടായ നിരവധി തടാകങ്ങള്‍ ഈ മേഖലയുടെ പ്രകൃതിസൗന്ദര്യത്തിനു മാറ്റുകൂട്ടുന്നു. മാഗ്‌യരേകോമോ, ജനീവ, ലൂസേണ്‍, കോണ്‍സ്റ്റന്‍സ്‌ തുടങ്ങിയ തടാകങ്ങളുടെ തീരങ്ങള്‍ അന്താരാഷ്‌ട്രപ്രശസ്‌തിയുള്ള ടൂറിസ്റ്റുകേന്ദ്രങ്ങളാണ്‌. സജീവ ഭൂകമ്പമേഖലയായ ആല്‍പ്‌സ്‌പ്രദേശത്തെ ആന്തരാസ്വാസ്ഥ്യങ്ങളോടനുബന്ധിച്ച്‌ ഈ തടാകങ്ങളിലെ ജലനിരപ്പ്‌ ഉയരുന്നത്‌ സാധാരണമാണ്‌. യൂറോപ്പിലെ പ്രധാന നദികളില്‍ പലതും ആല്‍പ്‌സ്‌ മേഖലയിലാണ്‌ ഉദ്‌ഭവിക്കുന്നത്‌. പര്‍വതങ്ങളിലെ മഞ്ഞുരുകി ഈ നദികളെ ജലസമൃദ്ധങ്ങളാക്കുന്നു. നാനാദിശകളിലേക്കായി ഒഴുകുന്ന ഈ നദികളില്‍ റോണ്‍, പോ, റൈന്‍, ഡാന്യൂബ്‌ എന്നിവ ഉള്‍പ്പെടുന്നു. (നോ: ആല്‍പൈന്‍ പര്‍വതനം)

സസ്യജാലം.

ഉയരത്തിനനുസരിച്ച്‌ കാലാവസ്ഥ ക്രമമായി വ്യത്യാസപ്പെടുന്നുതുമൂലം ആല്‍പ്‌സ്‌ മേഖലയിലെ സസ്യജാലം വൈവിധ്യമാര്‍ന്നു കാണുന്നു. ഈ മേഖലയില്‍ 2,100-ലധികമിനം പൂച്ചെടികളുണ്ട്‌. ആല്‍പ്‌സിന്റെ തെക്കേ ചരിവുകളില്‍ ഒലീവ്‌ വൃക്ഷങ്ങളുടെ ബാഹുല്യമുള്ള മെഡിറ്ററേനിയന്‍ മാതൃക സസ്യജാലമാണ്‌ കാണുന്നത്‌. ഇവിടെയുള്ള മലഞ്ചരിവുകള്‍ തട്ടുകളായിത്തിരിച്ച്‌ മുന്തിരിത്തോട്ടങ്ങളാക്കി മാറ്റിയിരിക്കുന്നു. ആല്‍പ്‌സ്‌ താഴ്‌വാരങ്ങളില്‍ പൊതുവേ ഓക്‌, ബീച്ച്‌, മേപ്പിള്‍ തുടങ്ങിയ പത്രപാതി വൃക്ഷങ്ങള്‍ കാണപ്പെടുന്നു. ഉന്നതതടങ്ങളില്‍ കോണിഫറസ്‌ വൃക്ഷങ്ങള്‍ സമൃദ്ധിയായി വളരുന്നു; പൈന്‍, ലാര്‍ച്ച്‌, സ്‌പ്രൂസ്‌ എന്നീയിനങ്ങളാണ്‌ കൂടുതലായുള്ളത്‌. അതിനും മുകളിലായുള്ള പുല്‍മേടുകള്‍ ഒന്നാംതരം മേച്ചില്‍പ്പുറങ്ങളാണ്‌; പുഷ്‌പസമൃദ്ധമായ ഈ പുല്‍പ്രദേശത്ത്‌ ബില്‍ബെറി, ജൂണിപെര്‍, റോഡഡണ്‍ട്രാണ്‍ തുടങ്ങി അധികം ഉയരത്തില്‍ വളരാത്ത വൃക്ഷങ്ങളുമുണ്ട്‌. 2,450 മീറ്ററിനുമുകളില്‍ ഹിമബാധ സാധാരണമാണെങ്കിലും, 3,650 മീ. ഉയരംവരെ സസ്യങ്ങള്‍ വളരുന്നു. അതിനു മുകളിലും ഈഡല്‍വീസ്‌ എന്ന പൂമരം ഹിമപ്പരപ്പിനിടയില്‍ അങ്ങിങ്ങായി തലയുയര്‍ത്തിനില്‌ക്കുന്നത്‌ മനോഹരമായ ഒരു ദൃശ്യമാണ്‌.

ജന്തുജാലം.

ഐബക്‌സ്‌ എന്ന കാട്ടാടും മാന്‍വര്‍ഗത്തില്‍പ്പെട്ട ഷാമീകളും (chamois) ആെണ്‌ ആല്‍പ്‌സ്‌മേഖലയിലെ സവിശേഷമൃഗങ്ങള്‍. മര്‍മത്‌, ലിന്‍ക്‌സ്‌, കുറുനരി, തവിട്ടുനിറത്തിലുള്ള കരടി, വെള്ള മുയല്‍ തുടങ്ങിയവയാണ്‌ വന്യമൃഗങ്ങളായി ശേഷിച്ചിട്ടുള്ളത്‌. മുമ്പ്‌ ഈ മേഖലയില്‍ ധാരാളമായി വിഹരിച്ചുപോന്ന കാട്ടുപോത്ത്‌, ചെന്നായ്‌, കാട്ടുപന്നി, എല്‍ക്‌ തുടങ്ങിയയിനങ്ങള്‍ തികച്ചും ലുപ്‌തമായിട്ടുണ്ട്‌. വിവിധയിനം പക്ഷികളും ധാരാളമായി കാണപ്പെടുന്നു; ഇവയില്‍ സ്വര്‍ണനിറത്തിലുള്ള കഴുകന്മാര്‍ വിശേഷപ്പെട്ടയിനമാണ്‌. കാട്ടുകോഴി, തിത്തിരിപക്ഷി, കുളക്കോഴി തുടങ്ങിയവ സുലഭമാണ്‌. കടുംകറുപ്പായവയും (റേവന്‍) ചുവന്ന കാലുള്ളവയുമായി രണ്ടിനം കാക്കകളും ആല്‍പ്‌സ്‌ മേഖലയിലെ പക്ഷിജാലത്തില്‍പ്പെടുന്നു. ഇവിടെയുള്ള ജലാശയങ്ങളില്‍ ട്രൗട്ട്‌ തുടങ്ങിയ മത്സ്യങ്ങള്‍ സമൃദ്ധമാണ്‌.

ചരിത്രം. ശിലായുഗത്തിന്റെ അന്തിമകാലംമുതല്‍ ആല്‍പ്‌സ്‌ മേഖലയില്‍ ജനവാസം ഉണ്ടായിരുന്നുവെന്നതിന്‌ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. ശത്രുബാധയെ ഭയന്ന്‌ പര്‍വതങ്ങളില്‍ അഭയം തേടിയവരുടെ സന്തതിപരമ്പരകളാണ്‌ ആല്‍പ്‌സ്‌ നിവാസികളെന്ന്‌ കരുതപ്പെടുന്നു. ജലാവൃതമായ ദ്വീപഗേഹങ്ങളില്‍ പാര്‍ത്തുപോന്ന ഇക്കൂട്ടര്‍ തനതായ ഒരു സംസ്‌കാരം വളര്‍ത്തിയെടുത്തു. ആഴംകുറഞ്ഞ ജലാശയങ്ങളില്‍ കഴകള്‍നാട്ടി അവയ്‌ക്കു മുകളിലാണ്‌ വീടുകള്‍ പണിഞ്ഞിരുന്നത്‌. ഈ കഴകള്‍ ചെളിയില്‍ അടിച്ചുതാഴ്‌ത്തിയോ, ചുറ്റും കല്ലുകള്‍ കൂട്ടിയോ ഉറപ്പിക്കപ്പെട്ടിരുന്നു. കോണ്‍സ്റ്റന്‍സ്‌ തടാകത്തിലെ ബോഡ്‌മാന്‍ എന്നറിയപ്പെടുന്ന അധിവാസാവശിഷ്‌ടങ്ങള്‍ ഇമ്മാതിരിയുള്ള 61,500 കഴകള്‍ ഉള്‍ക്കൊള്ളുന്നു. സമൂഹ ജീവിതം നയിച്ചുപോന്ന ഈ പുരാതന മനുഷ്യര്‍ തട്ടികളും പനമ്പുകളും കൊണ്ടാണ്‌ ഭവനങ്ങളുടെ ഭിത്തികളും മേല്‌ക്കൂരകളും നിര്‍മിച്ചിരുന്നത്‌. കുന്തം തുടങ്ങിയ ആയുധങ്ങളും തടി തുരന്നുണ്ടാക്കിയ വള്ളങ്ങളും മീന്‍ പിടിക്കാനുള്ള വലകളും ഇവര്‍ ഉപയോഗിച്ചുപോന്നു; തുണിനെയ്‌ത്തും ഇവര്‍ക്കു വശമുണ്ടായിരുന്നു. മൃഗങ്ങളെ ഇണക്കി വളര്‍ത്തുന്നപതിവും നിലവിലിരുന്നു.

സ്വാതന്ത്യ്രച്ഛുക്കളായിരുന്ന ആല്‍പ്‌സ്‌ നിവാസികള്‍ തങ്ങളുടെ മേഖലയെ അതിലംഘിക്കാന്‍ ശ്രമിച്ചവരെ നിശിതമായി എതിര്‍ത്തുപോന്നതിന്‌ ചരിത്രരേഖകളുണ്ട്‌. ഹന്നിബാല്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്‌. റോമാസാമ്രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നപ്പോള്‍ ആക്രമണകാരികളുടെ പ്രവേശനദ്വാരമെന്നനിലയില്‍ ഈ മേഖലയില്‍ പ്രതിരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം ആല്‍പ്‌സ്‌മേഖലയില്‍ സ്ഥിരമായ അധിവാസങ്ങള്‍ ഉടലെടുത്തു. മധ്യകാലഘട്ടത്തില്‍ യൂറോപ്പില്‍ വിവിധരാഷ്‌ട്രങ്ങള്‍ രൂപമെടുക്കുകയും, മതാധിപത്യത്തിനുള്ള മത്സരങ്ങള്‍ രൂക്ഷമാവുകയും ചെയ്‌തപ്പോള്‍ ആല്‍പ്‌സ്‌മേഖല പലപ്പോഴും യുദ്ധക്കളമായി മാറിയിട്ടുണ്ട്‌. പശ്ചിമ ആല്‍പ്‌സ്‌ പ്രദേശം സവോയ്‌, ഡോഫീനാ എന്നീ ശക്തികളുടെ മത്സരരംഗമായിത്തീര്‍ന്നു; 1860-ല്‍ ഈ പ്രദേശം ഫ്രാന്‍സിന്റെ അധീനതയിലായി. പൂര്‍വആല്‍പ്‌സില്‍ ഹാപ്‌സ്‌ബുര്‍ഗ്‌ വംശം ശക്തിപ്രാപിച്ച്‌, ഒരു സാമ്രാജ്യമായി പരിണമിച്ചിരുന്നു. ഒന്നാം ലോകയുദ്ധത്തോടെ ഈ സാമ്രാജ്യം ക്ഷയിച്ചു. 1919-ലെ സെയ്‌ന്റ്‌ ജെര്‍മെയ്‌ന്‍ സന്ധി പ്രകാരം ഇറ്റലിയുടെ വടക്കുകിഴക്കായുള്ള ട്രന്റീനോ പ്രദേശം ആ രാജ്യത്തോടു കൂട്ടിച്ചേര്‍ക്കപ്പെട്ടു. ആല്‍പ്‌സ്‌മേഖലയിലെ ഭൂരിഭാഗവും സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഉള്‍പ്പെടുന്നു.

മുമ്പ്‌ പരിശുദ്ധ റാമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന സ്വിറ്റ്‌സര്‍ലന്‍ഡ്‌ പ്രദേശം ഹാപ്‌സ്‌ബുര്‍ഗിന്റെ നിരന്തരമായുള്ള ആക്രമണങ്ങള്‍ക്ക്‌ ഇരയായിരുന്നു. 1219-ല്‍ ഈ പ്രദേശത്തെ യൂറി, ഷ്വെറ്റ്‌സ്‌, നിഡാല്‍ ഡെന്‍ എന്ന മൂന്ന്‌ കാന്റണുകള്‍ ഹാപ്‌സ്‌ബുര്‍ഗിനെതിരായി സംഘടിച്ചു; ഇതിന്റെ പര്യവസാനമായി 1815-ല്‍ സ്വിസ്‌ കോണ്‍ഫെഡറസി നിലവില്‍ വന്നു; ഇന്ന്‌ സ്വിറ്റ്‌സര്‍ലന്‍ഡ്‌ സമ്പൂര്‍ണമായ ജനാധിപത്യം നിലവിലുള്ള നിക്ഷ്‌പക്ഷ രാജ്യമായി നിലകൊള്ളുന്നു.

ഗതാഗതം. ആല്‍പ്‌സ്‌മേഖല മുറിച്ചുകടക്കുന്ന അമ്പതിലേറെ മലമ്പാതകളുണ്ട്‌. ഇവയില്‍ മൗണ്ട്‌ ജനീവര്‍ (1,861 മീ.), സിംപ്ലോന്‍ (2,010 മീ.), മൗണ്ട്‌ കെനിസ്‌ (2,083 മീ.) സെയ്‌ന്റ്‌ ബെര്‍ണാഡ്‌ (2,474 മീ.), സെയ്‌ന്റ്‌ ഗോതാഡ്‌ (2,115 മീ.), ബ്രന്നര്‍ (1,371 മീ.) എന്നിവ ചരിത്രപ്രധാനങ്ങളാണ്‌. സെയ്‌ന്റ്‌ ബെര്‍ണാഡിലൂടെയാണ്‌ നെപ്പോളിയന്‍ ഇറ്റലിയിലേക്ക്‌ സൈന്യങ്ങളെ നയിച്ചത്‌. മധ്യകാലഘട്ടത്തിലെ ജര്‍മന്‍ ചക്രവര്‍ത്തിമാര്‍ ഇറ്റലി ആക്രമിച്ചത്‌ ബ്രന്നര്‍ പാതയിലൂടെയായിരുന്നു; ഹിറ്റ്‌ലറും മുസ്സോളിനിയുമായുള്ള ചരിത്രപ്രസിദ്ധമായ കൂടിയാലോചന നടന്നതും ബ്രന്നറിലാണ്‌. സെയ്‌ന്റ്‌ ബെര്‍ണാഡിലെ സന്യാസാശ്രമവും അവിടത്തെ പ്രത്യേക പരിശീലനം നേടിയ വളര്‍ത്തുപട്ടികളും ആതുരസേവനരംഗത്ത്‌ വിശ്വപ്രശസ്‌തിയാര്‍ജിച്ചിരിക്കുന്നു. ആല്‍പ്‌സ്‌മേഖല തരണം ചെയ്യുന്ന ധാരാളം റോഡുകളും റെയില്‍പ്പാതകളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌; പാലങ്ങളും തുരങ്കങ്ങളും ഉള്‍പ്പെടെ ആധുനിക സജ്ജീകരണങ്ങളെല്ലാമുള്ള ഒന്നാന്തരം ഗതാഗതമാര്‍ഗങ്ങളാണിവ. നെപ്പോളിയനാണ്‌ ഈ റോഡുകളുടെ ആദ്യത്തെ സംവിധായകന്‍. ലോകത്തിലെ ഏറ്റവുംനീളം കൂടിയ റെയില്‍വേ തുരങ്കങ്ങളില്‍ ചിലത്‌ ആല്‍പ്‌സ്‌ മേഖലയിലാണ്‌. ഇവിടെയുള്ള വന്‍തടാകങ്ങളില്‍ സ്റ്റീമറുകള്‍ ഉള്‍പ്പെടെയുള്ള ജലയാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പര്‍വതങ്ങള്‍ക്കു കുറുകേയുള്ള വ്യോമഗതാഗതവും വികസിച്ചിരിക്കുന്നു.

സമ്പദ്‌വ്യവസ്ഥ. ധാതുസമ്പന്നമല്ലെങ്കിലും ദുര്‍ലഭമായ ചില ലോഹങ്ങളുടെ സമൃദ്ധ നിക്ഷേപങ്ങള്‍ ഈ മേഖലയില്‍ ഖനനവ്യവസായം വികസിപ്പിച്ചിരിക്കുന്നു. ഇന്ദ്രിയയിലെ രസ (Mercury) നിക്ഷേപവും, ബ്ലെയ്‌ബര്‍ഗിലെ ഈയ (Lead) നിക്ഷേപവുമാണ്‌ എടുത്തുപറയാവുന്നവ. സ്വര്‍ണം, വെള്ളി, നാകം, ചെമ്പ്‌, ഇരുമ്പ്‌ എന്നിവയും കല്ലുപ്പും പരിമിതമായ തോതില്‍ ഖനനം ചെയ്യപ്പെട്ടുവരുന്നു. ആല്‍പ്‌സ്‌ മേഖലയിലെ വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞ്‌ ഒഴുക്കുകൂടിയ നദികളില്‍ ജലവൈദ്യുതി ഉത്‌പാദനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്‌.

ആല്‍പ്‌സ്‌ പര്‍വതാരോഹണം

ഈ പ്രദേശത്തെ ജനങ്ങളുടെ മുഖ്യ തൊഴില്‍ കന്നുകാലി വളര്‍ത്തലാണ്‌. തന്മൂലം ഗവ്യവ്യവസായം അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. താഴ്‌വാരങ്ങളിലും ഉന്നതതടങ്ങിലും ധാന്യങ്ങളും ഫലവര്‍ഗങ്ങളും കൃഷിചെയ്യപ്പെടുന്നു. മുന്തിരിയാണ്‌ പ്രധാന വിള. ദാരുശില്‌പനിര്‍മാണം, തുന്നല്‍പ്പണി, ഘടികാരനിര്‍മാണം എന്നിവയാണ്‌ പ്രധാന വ്യവസായങ്ങള്‍. ഭൂപടനിര്‍മാണം ഒരു വ്യവസായമായി വളര്‍ന്നിരിക്കുന്നു. ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നത്‌ വിനോദസഞ്ചാരമാണ്‌. പര്‍വതാരോഹണത്തിനും ശീതകാലവിനോദങ്ങള്‍ക്കും ആരോഗ്യകരമായ കാലാവസ്ഥയ്‌ക്കും പ്രകൃതിസൗന്ദര്യദര്‍ശനത്തിനുമൊക്കെയായി ലക്ഷക്കണക്കിനു സഞ്ചാരികള്‍ നാനാരാജ്യങ്ങളില്‍ നിന്നായി എല്ലാ വര്‍ഷവും ഇവിടെ എത്തിച്ചേരുന്നു. ആല്‍പ്‌സിലെ ഏറ്റവുമധികം ജനവാസമുള്ള ഗ്രാമം ജഫ്‌ ആണ്‌. ഇറ്റലിയിലെ ആല്‍പ്‌സിലുള്ള ട്രപ്‌ലിയാണ്‌ തൊട്ടുപിന്നില്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍